പ്രകൃതിയുടെ കണ്ണീർ
അതിരാവിലെ വായു ശീതളവും നിശ്ചലവുമായിരിക്കുന്നു. തുഷാരമുത്തുകൾ അണിഞ്ഞ് ഓരോ ഇലയും പുൽക്കൊടിയും ആടുന്നു, പകലിന്റെ കന്നിവെളിച്ചത്തിൽ അവ വെട്ടിത്തിളങ്ങുന്നു. ഒരുതരത്തിൽ പറഞ്ഞാൽ, സൂര്യോദയത്തെ അഭിവാദ്യം ചെയ്തുകൊണ്ട് ഹരിതസസ്യങ്ങൾ ആനന്ദാശ്രുക്കൾ പൊഴിച്ചിരിക്കുന്നതുപോലെ തോന്നും. മഞ്ഞുകണികകൾ കവികളെയും ഫോട്ടോഗ്രാഫർമാരെയും പ്രചോദിപ്പിച്ചിരിക്കുന്നത് വെറുതെയല്ല.
എന്നാൽ, മഞ്ഞുകണികകൾ മനുഷ്യമനസ്സിന് നവോൻമേഷം പകരുന്നതിലധികം ചെയ്യുന്നു. ധ്രുവമേഖലകളിലൊഴിച്ച് ഗ്രഹത്തിന്റെ എല്ലാ ഭാഗത്തും സാധാരണമായിരിക്കുന്ന ഈ അന്തരീക്ഷ പ്രതിഭാസം ജീവൻ നിലനിർത്തുന്ന ഈർപ്പത്തിന്റെ ഒരു പുതപ്പാണ്. പ്രത്യേക ചില സാഹചര്യങ്ങളാൽ രാത്രിസമയത്ത് അന്തരീക്ഷം തണുക്കുമ്പോൾ അത് ഹിമാങ്കം എന്നറിയപ്പെടുന്ന ഘട്ടത്തിൽ എത്തിച്ചേരത്തക്കവിധമാണ് യഹോവയാം ദൈവം അതിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ താപനിലയിൽ വായുവിന് അതിന്റെ ഈർപ്പം താങ്ങാനാവില്ല. അങ്ങനെ ചുറ്റുമുള്ള വായുവിനെ അപേക്ഷിച്ച് തണുപ്പു കൂടുതലുള്ള ഉപരിതലത്തിലേക്ക് അത് ഈർപ്പം നിക്ഷേപിക്കുന്നു. ദാഹിച്ചിരിക്കുന്ന സസ്യങ്ങൾ ഇലയിലൂടെ അവയുടെ ഭാരത്തിന്റെയത്രയും അളവിൽ മഞ്ഞുവെള്ളം വലിച്ചെടുക്കുന്നതായി അറിയപ്പെടുന്നു. ഇതിന്റെ ഭൂരിഭാഗവും അവ മണ്ണിൽ ശേഖരിക്കാനായി വേരുകളിൽക്കൂടെ പുറന്തള്ളുന്നു.
നീണ്ട ഉണക്കുകാലമുള്ള ബൈബിൾ ദേശങ്ങളിൽ ചിലപ്പോൾ മഞ്ഞാണ് യഥാർഥത്തിൽ സസ്യങ്ങൾക്കുള്ള ഏക ജലസ്രോതസ്സ്. അങ്ങനെ ബൈബിളിൽ മഞ്ഞ് പലപ്പോഴും വിളകളുടെ ഉത്പാദനവുമായും—മഞ്ഞിന്റെ അഭാവം ക്ഷാമവുമായും ബന്ധപ്പെട്ടിരിക്കുന്നു.
മഞ്ഞിന് കൂടുതൽ വ്യക്തിപരമായ ഒരു അർഥം ഉണ്ടായിരിക്കാനും കഴിയും. ദൈവജനത്തോടുള്ള തന്റെ വിടപറയൽ ഗീതത്തിൽ മോശ ഇപ്രകാരം പറഞ്ഞു: “മഴപോലെ എന്റെ ഉപദേശം പൊഴിയും; എന്റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിന്മേൽ പൊടിമഴപോലെയും സസ്യത്തിന്മേൽ മാരിപോലെയും ചൊരിയും.” (ആവർത്തനപുസ്തകം 32:2) മഞ്ഞുപോലെ ജീവദായകമായ വാക്കുകളാണ് മോശ സംസാരിച്ചത്. അവൻ എല്ലാ മനുഷ്യരിലുംവെച്ച് ഏറ്റവും സൗമ്യതയുള്ളവനായിരുന്നതുകൊണ്ട് സംസാരത്തിലും അവൻ സൗമ്യ പ്രകൃതിയുള്ളവനും പരിഗണനയുള്ളവനുമായിരുന്നെന്ന് ഉറപ്പാണ്. (സംഖ്യാപുസ്തകം 12:3) മഞ്ഞ് അല്ലെങ്കിൽ പൊടിമഴ പോലെ അവന്റെ വാക്കുകൾ ക്ഷതമേൽപ്പിക്കാതെ പുഷ്ടിവരുത്തി.
പ്രഭാതമഞ്ഞിന്റെ അതായത്, പ്രകൃതിയുടെ സ്വന്തം കണ്ണീരിന്റെ സൗമ്യ സൗന്ദര്യത്തിൽ നിങ്ങൾ അടുത്തതവണ അത്ഭുതംകൂറുമ്പോൾ ഒപ്പം മഞ്ഞിന്റെ സ്രഷ്ടാവിന്റെ ഭയങ്കര ജ്ഞാനത്തെക്കുറിച്ച് ധ്യാനിക്കാനും ആഗ്രഹിച്ചേക്കാം.