സ്നേഹത്തിൽ ഒരുമിച്ചു വസിക്കുന്നു
പ്രിയ വല്ല്യമ്മച്ചിക്കും വല്ല്യപ്പച്ചനും,
നിങ്ങൾക്കു സുഖമാണോ? എനിക്കു ജലദോഷം പിടിക്കുകയാണെന്നു തോന്നുന്നു.
അന്ന് എന്റെ കൂടെ കളിച്ചതിനു നന്ദിയുണ്ട്. നിങ്ങൾ എന്നെ പാർക്കിലും പൊതു കുളിസ്ഥലത്തും കൊണ്ടുപോയി. ഞാൻ അത് വളരെയധികം ആസ്വദിച്ചു.
അടുത്ത വർഷം ഫെബ്രുവരി 11-ന് ഞങ്ങളുടെ സ്കൂളിൽ സംഗീതക്കച്ചേരിയാണ്. നിങ്ങൾക്കു വീണ്ടും വരാൻ കഴിയുമെങ്കിൽ ദയവായി വരണം.
വല്ല്യമ്മച്ചീ വല്ല്യപ്പച്ചാ, നിങ്ങൾ വരുമ്പോൾ ഞങ്ങൾക്കു വളരെ സന്തോഷമാണ്.
ദയവായി ആരോഗ്യം സൂക്ഷിക്കുക. എപ്പോഴും സുഖമായിരിക്കുക. തണുപ്പു തുടങ്ങാൻ പോകുകയാണ്, അതുകൊണ്ട് ജലദോഷം പിടിക്കാതെ സൂക്ഷിക്കണം.
നിങ്ങൾ അടുത്തതവണ വന്ന് എന്റെ കൂടെ കളിക്കുന്നതും കാത്ത് ഇരിപ്പാണു ഞാൻ. യുമിയെയും മസാക്കിയെയും ദയവായി എന്റെ അമ്പേഷണം അറിയിക്കുക.
മികാ (ജപ്പാൻകാരി)
നിങ്ങളുടെ പേരക്കുട്ടി ഇതുപോലൊരു കത്ത് എന്നെങ്കിലും നിങ്ങൾക്ക് എഴുതിയിട്ടുണ്ടോ? ഉണ്ടെങ്കിൽ, അതു ലഭിച്ചപ്പോൾ നിങ്ങൾക്കു വളരെയധികം സന്തോഷം തോന്നിയെന്നതിനു സംശയമില്ല. വല്ല്യമ്മവല്ല്യപ്പൻമാരും പേരക്കുട്ടികളും തമ്മിലുള്ള സുന്ദരവും സ്നേഹപൂർവകവുമായ ബന്ധത്തിന്റെ തെളിവാണ് ഇത്തരം കത്തുകൾ. എന്നാൽ ഇത്തരത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും ഊട്ടിയുറപ്പിക്കുന്നതിനും എന്താണ് ആവശ്യം? മൂന്നു തലമുറകൾക്കും ഇതു പ്രയോജനപ്രദമാണെന്ന് എങ്ങനെ തെളിഞ്ഞേക്കാം?
സ്നേഹം—“ഐക്യത്തിന്റെ ഒരു സമ്പൂർണ ബന്ധം”
ബ്രിട്ടീഷുകാരായ രണ്ടു വല്ല്യമ്മവല്ല്യപ്പൻമാരാണു റോയിയും ജീനും. അവർ ഇപ്രകാരം പറയുന്നു: “ശിരഃസ്ഥാനത്തെ അംഗീകരിക്കുന്നതും പരസ്പരം സ്നേഹത്തിൽ ഒത്തുപോകുന്നതുമാണ് മുഖ്യ തത്ത്വങ്ങളെന്നാണ് ഞങ്ങൾക്കു തോന്നുന്നത്.” ഈ രണ്ട് യഹോവയുടെ സാക്ഷികൾ പ്രത്യേകാൽ കൊലോസ്യർ 3:14-ലെ (NW) തിരുവെഴുത്ത് ഉദ്ധരിച്ചു. അത് ക്രിസ്തീയ സ്നേഹത്തെ “ഐക്യത്തിന്റെ ഒരു സമ്പൂർണ ബന്ധം” എന്നു വർണിക്കുന്നു. സ്നേഹം ആദരവും ചിന്താപൂർവകമായ ശ്രദ്ധയും വാത്സല്യവും കുടുംബൈക്യവും ഉളവാക്കുന്നു. ഡാഡി ജോലികഴിഞ്ഞു വീട്ടിൽ വരുമ്പോൾ അദ്ദേഹത്തെ ഊഷ്മളമായി സ്വാഗതം ചെയ്യാനായി മുഴു കുടുംബവും ഓടിച്ചെല്ലുന്നു. കുടുംബത്തിൽ സ്നേഹമുണ്ടെങ്കിൽ വല്ല്യമ്മവല്ല്യപ്പൻമാർ വന്നെത്തുമ്പോഴും ഇതേ സംഗതിതന്നെ സംഭവിക്കുന്നു. “വല്ല്യമ്മച്ചിയും വല്ല്യപ്പച്ചനും വന്നു!” ആവേശഭരിതനായ ഒരു കുട്ടി വിളിച്ചുകൂവുന്നു. അന്നു വൈകുന്നേരം ആ കൂട്ടു കുടുംബം അത്താഴത്തിനിരിക്കുന്നു. ആ പ്രദേശത്തെ രീതിയനുസരിച്ചു വല്ല്യപ്പച്ചൻ മേശയുടെ തലയ്ക്കൽ അദ്ദേഹത്തിനായി വേർതിരിച്ചുവെച്ചിരിക്കുന്ന സ്ഥാനത്ത് ഇരിക്കുന്നു. നിങ്ങളും കുടുംബവും ഈ സ്നേഹപുരസ്സരമായ രംഗത്തായിരിക്കുന്നതായി നിങ്ങൾക്ക് ഭാവന ചെയ്യാൻ കഴിയുമോ? നിങ്ങൾ ഈ അനുഗ്രഹം ആസ്വദിക്കുന്നുവോ?
“നരച്ച തല ശോഭയുള്ള കിരീടമാകുന്നു”
വല്ല്യമ്മവല്ല്യപ്പൻമാരോടുള്ള സ്നേഹവും ആദരവും ചില പ്രത്യേക സന്ദർഭങ്ങളിൽ മാത്രം പ്രകടിപ്പിച്ചാൽ പോരാ തുടർച്ചയായി പ്രകടിപ്പിക്കേണ്ടതുണ്ട് എന്നതു സ്പഷ്ടമാണ്. ഇക്കാരണത്താൽ, കുട്ടികളെ എപ്പോഴും പഠിപ്പിക്കേണ്ടത് ആവശ്യമാണ്. മാതാപിതാക്കൾ വെക്കുന്ന മാതൃക പിൻപറ്റിക്കൊണ്ട് കുട്ടികൾ ബന്ധുക്കളെയും മറ്റുള്ളവരെയും സ്നേഹിക്കാൻ പഠിക്കുന്നതു കുടുംബത്തിനുള്ളിലാണ്. ഈ വിഷയം സംബന്ധിച്ച് അഭിമുഖം ചെയ്യപ്പെട്ടവരിൽ പലരും ചൂണ്ടിക്കാട്ടിയതുപോലെ അവരുടെ മാതൃകയാണ് അടിസ്ഥാനം. നൈജീരിയായിലെ ബെനിൻ നഗരത്തിലുള്ള ഒരു പിതാവായ മകയ്യാ ഇപ്രകാരം പറയുന്നു: “എന്റെ അമ്മായിയപ്പനെയും അമ്മായിയമ്മയെയും ബഹുമാനിച്ചുകൊണ്ടു ഞാൻ വച്ച മാതൃകയും, താഴ്മയും ബഹുമാനവും ഉള്ളവരായിരിക്കാൻ എന്റെ കുട്ടികളെ സഹായിച്ചു എന്നു ഞാൻ കരുതുന്നു. ഞാൻ എന്റെ അമ്മായിയപ്പനെയും അമ്മായിയമ്മയെയും സംബോധന ചെയ്യുന്നത് ‘ഡാഡി,’ ‘മമ്മി’ എന്നാണ്. ഞാൻ അവരെ എന്റെ സ്വന്തം മാതാപിതാക്കളെപ്പോലെതന്നെ ബഹുമാനിക്കുന്നത് എന്റെ കുട്ടികൾ കേൾക്കുകയും കാണുകയും ചെയ്യുന്നു.”
പേരക്കുട്ടികൾ വല്ല്യമ്മവല്ല്യപ്പൻമാരെ ബഹുമാനിക്കുന്നില്ലെങ്കിൽ അവർക്കു വിഷമം തോന്നുന്നു. കുട്ടികൾ തെറ്റു കാണിക്കുന്നു എന്നതിനെക്കാൾ മാതാപിതാക്കൾ കുട്ടികളെ തിരുത്തുന്നില്ല എന്ന വസ്തുതയാണ് അവരെ കൂടുതൽ വിഷമിപ്പിക്കുന്നത്. ഇറ്റലിയിലെ റോമിലുള്ള ഒരു വല്ല്യപ്പൻ ഡെമെട്രിയോ പറയുന്നു: “ഞങ്ങളെ ആദരിക്കാനും ബഹുമാനിക്കാനും പേരക്കുട്ടികളെ പഠിപ്പിക്കുന്ന രീതിയിലൂടെ എന്റെ മകൾക്കും മരുമകനും ഞങ്ങളോടുള്ള സ്നേഹം എനിക്കു കാണാൻ കഴിയുന്നു.” ഒരേ പ്രായത്തിലുള്ള കളിക്കൂട്ടുകാരോടെന്നപോലെ അല്ലെങ്കിൽ അൽപ്പം വലിയഭാവത്തോടെ ഇടപെട്ടുകൊണ്ടു ചിലപ്പോൾ പേരക്കുട്ടികൾ വല്ല്യമ്മവല്ല്യപ്പൻമാരുടെ അടുത്ത് അമിത സ്വാതന്ത്ര്യത്തോടെ ഇടപെടുന്നു. അത്തരം ഏതു പ്രവണതയെയും തിരുത്തേണ്ടതു മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. നൈജീരിയക്കാരനായ ഒരു സാക്ഷി പോൾ ഇപ്രകാരം പറയുന്നു: “ഏതാണ്ട് ഒരു വർഷം മുമ്പ്, കുട്ടികൾ എന്റെ അമ്മയോടു നിന്ദയോടെ പെരുമാറാൻ തുടങ്ങി. അതു മനസ്സിലാക്കിയപ്പോൾ ഞാൻ അവരെ സദൃശവാക്യങ്ങൾ 16:31 വായിച്ചുകേൾപ്പിച്ചു: “നരച്ച തല ശോഭയുള്ള കിരീടമാകുന്നു.” കൂടാതെ വല്ല്യമ്മച്ചി എന്റെ അമ്മയാണെന്നും എന്നെ ബഹുമാനിക്കുന്ന അതേ വിധത്തിൽത്തന്നെ അവർ അവരെയും ബഹുമാനിക്കണമെന്നും ഞാൻ അവരെ ഓർമിപ്പിച്ചു. നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുകa എന്ന പുസ്തകത്തിലെ ‘നിങ്ങളുടെ മാതാപിതാക്കളെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു?’ എന്ന തലക്കെട്ടോടുകൂടിയ 10-ാമത്തെ അധ്യായവും ഞാൻ അവരെ പഠിപ്പിച്ചു. ഇപ്പോൾ വല്ല്യമ്മയെ ബഹുമാനിക്കുന്ന കാര്യത്തിൽ അവർക്ക് യാതൊരു പ്രശ്നവുമില്ല.”
കുടുംബ ബന്ധങ്ങൾ നട്ടുവളർത്തുന്നതിന്റെ പ്രയോജനങ്ങൾ
കുടുംബാംഗങ്ങൾ അകലെയായിരിക്കുമ്പോൾപ്പോലും പരസ്പര സ്നേഹം നട്ടുവളർത്താൻ കഴിയും. നൈജീരിയയിലുള്ള ഒരു വല്ല്യപ്പനായ സ്റ്റീവൻ ഇപ്രകാരം പറയുന്നു: “ഞങ്ങൾ പേരക്കുട്ടികളിൽ ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം എഴുതാറുണ്ട്. ഈ ജോലി ശ്രമകരമാണ്. എന്നാൽ പേരക്കുട്ടികളുമായി അടുത്ത ബന്ധം വളർത്തിയെടുക്കുന്നതിന്റെയും നിലനിർത്തുന്നതിന്റെയും പ്രതിഫലം വളരെ വലുതായിരുന്നിട്ടുണ്ട്.” ഇക്കാര്യത്തിൽ മാതാപിതാക്കളുടെ ശ്രമങ്ങൾ അനിവാര്യമാണ്. മറ്റുചിലർ സാഹചര്യങ്ങൾ അനുവദിക്കുന്നതനുസരിച്ചു ഫോൺ വഴി ബന്ധം പുലർത്തുന്നു.
തന്റെ ഏറ്റവും അടുത്ത കുടുംബാംഗങ്ങളുമായി ഒരു ഊഷ്മള സൗഹൃദം നട്ടുവളർത്തുന്നതെങ്ങനെയെന്ന് 11 പേരക്കിടാങ്ങളുടെ വല്ല്യപ്പനായ ഇറ്റലിയിലെ ബാരിയിലുള്ള ജ്യൂസെപ്പ് പറയുന്നു: “ഇപ്പോൾ എന്റെ ‘ഗോത്ര’ത്തിലെ ആറു കുടുംബങ്ങളിൽ മൂന്നെണ്ണം ദൂരെയാണു താമസിക്കുന്നത്. എന്നാൽ ഞങ്ങളുടെ ഇടയിലെ സന്തോഷകരമായ ഇടപെടലുകൾക്കും കൂടിവരവുകൾക്കും അതൊരു തടസ്സമല്ല. ഞങ്ങൾ 24 പേരും കുറഞ്ഞത് വർഷത്തിലൊരിക്കലെങ്കിലും കൂടിവരുന്ന രീതിയുണ്ട്.”
വല്ല്യമ്മവല്ല്യപ്പൻമാർ ഒറ്റയ്ക്കു താമസിക്കുമ്പോൾ പരസ്പരമുള്ള സന്ദർശനങ്ങളും ഫോൺ വിളികളും കുടുംബാംഗങ്ങളുമായുള്ള കത്തിടപാടുകളും ക്രമമായി നടത്തുന്നില്ലെങ്കിൽ ബന്ധങ്ങൾക്ക് അകൽച്ച സംഭവിച്ചേക്കാം. സ്നേഹം എപ്പോഴും പ്രകടിപ്പിക്കപ്പെടേണ്ടതുണ്ട്. തങ്ങൾ ഇപ്പോഴും ഊർജസ്വലരും സ്വയംപര്യാപ്തരുമായതുകൊണ്ട് മധ്യവയസ്കരോ നല്ല ആരോഗ്യമുള്ളവരോ ആയ ചില വല്ല്യമ്മവല്ല്യപ്പൻമാർ തനിയെ താമസിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ മറ്റു കുടുംബാംഗങ്ങളിൽനിന്ന് അവർ തങ്ങളെത്തന്നെ തീർത്തും ഒറ്റപ്പെടുത്തുന്നെങ്കിൽ സ്നേഹത്തിനുള്ള ആവശ്യം വലുതാകുമ്പോൾ അത് ഉടനടി ലഭിക്കാത്തതായി അവർ കണ്ടെത്തിയേക്കാം.
നൈജീരിയയിലെ ഒരു വല്ല്യപ്പനായ മൈക്കിൾ പ്രയോജനകരമായ മറ്റൊരു നിർദേശം നൽകുന്നു: “മറ്റുള്ളവർ നിങ്ങൾക്കു ചെയ്യണമെന്ന് നിങ്ങൾ ഇച്ഛിക്കുന്നത് അവർക്കു ചെയ്യുക എന്ന യേശുവിന്റെ സുവർണ നിയമം ഞാൻ ബാധകമാക്കുന്നു. അക്കാരണത്താൽ എന്റെ കുട്ടികൾ എന്നെ വളരെയധികം സ്നേഹിക്കുന്നു. ഞങ്ങൾ നല്ല ആശയവിനിയമം ആസ്വദിക്കുന്നു.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “എന്നെ വിഷമിപ്പിക്കുന്നതെന്തെങ്കിലും എന്റെ പേരക്കുട്ടികളിലാരെങ്കിലും ചെയ്യുന്നപക്ഷം ആവശ്യമെങ്കിൽ ഞാൻ അവരോട് സംസാരിക്കുന്നു. എന്നാൽ അത് അവഗണിക്കാവുന്ന എന്തെങ്കിലുമാണെങ്കിൽ ഞാൻ അതു മറന്നുകളയുന്നു.”
വല്ല്യമ്മവല്ല്യപ്പൻമാരുടെ ചെറിയ സമ്മാനങ്ങളും കുട്ടിക്കളികളുമൊക്കെ ക്രിയാത്മകമായ ഒരു പ്രതികരണം ഉളവാക്കുന്നു. എപ്പോഴും പരാതിപറയുന്നതിനു പകരം ദയാപൂർവകവും പ്രോത്സാഹജനകവുമായ വാക്കുകൾ കുടുംബ ജീവിതത്തെ ആനന്ദപൂർണമാക്കിത്തീർക്കുന്നു. പേരക്കിടാങ്ങൾക്കായി സമയം മാറ്റിവയ്ക്കുന്നതും രസകരമായ കളികളും പ്രയോജനപ്രദമായ ചെറിയ ജോലികളും അവരെ പഠിപ്പിക്കുന്നതും ബൈബിൾ കഥകളും കുടുംബത്തിലെ സംഭവകഥകളും അവരെ പറഞ്ഞുകേൾപ്പിക്കുന്നതും ഊഷ്മളവും നിലനിൽക്കുന്നതുമായ ഓർമകൾ സൃഷ്ടിക്കുന്നു. ചെറുതെങ്കിലും പ്രധാനമായ അത്തരം കാര്യങ്ങൾ ജീവിതത്തെ കൂടുതൽ ആസ്വാദ്യമാക്കിത്തീർക്കുന്നു.
പരസ്പര ആദരവിന്റെ പ്രയോജനങ്ങൾ
“കുട്ടികളെ വളർത്തുന്നതിനുള്ള മാതാപിതാക്കളുടെ അധികാരത്തെ എതിർക്കാതെയോ അതിനോടു മത്സരിക്കാതെയോ ഇരിക്കാൻ വല്ല്യമ്മവല്ല്യപ്പൻമാർ ശ്രദ്ധിക്കേണ്ടതുണ്ട്” എന്ന് ഡോക്ടർ ജാസ്പാരെ പറയുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അല്ലാത്തപക്ഷം അവർ വല്ല്യമ്മവല്ല്യപ്പൻമാർ എന്നനിലയിലുള്ള അവരുടെ പ്രവർത്തന മേഖല കടക്കുകയും മാതാപിതാക്കളുടെ സ്ഥാനം അപഹരിച്ചെടുക്കുകയും ചെയ്യുന്നു.” കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്വം മാതാപിതാക്കൾക്കാണെന്നു തിരുവെഴുത്തുകൾ പറയുന്നതിനോടു ചേർച്ചയിലാണ് ഈ നിർദേശം.—സദൃശവാക്യങ്ങൾ 6:20; കൊലൊസ്സ്യർ 3:20.
ജീവിതത്തിലെ അനുഭവപരിചയം നിമിത്തം ഉപദേശം കൊടുക്കുന്നതു വല്ല്യമ്മവല്ല്യപ്പൻമാർക്ക് എളുപ്പമാണ്. എന്നിരുന്നാലും, അനാവശ്യവും ചിലപ്പോൾ അസ്വീകാര്യവുമായ ഉപദേശം കൊടുക്കാതിരിക്കാൻ അവർ ജാഗ്രത പാലിക്കണം. റോയിയും ജീനും ഇപ്രകാരം പറയുന്നു: “കുട്ടികളെ പരിശീലിപ്പിക്കുകയും അവർക്കു ശിക്ഷണം കൊടുക്കുകയും ചെയ്യേണ്ടതിന്റെ പ്രാഥമിക ഉത്തരവാദിത്വം മാതാപിതാക്കൾക്കാണെന്നു മനസ്സിലാക്കുന്നതു പ്രധാനമാണ്. ചിലപ്പോൾ അവർ അൽപ്പം കൂടുതൽ കർക്കശരാണെന്നോ മറ്റുചില സന്ദർഭങ്ങളിൽ വേണ്ടപോലെ കർക്കശരല്ലെന്നോ ഒരാൾക്കു തോന്നിയേക്കാം. അതുകൊണ്ട് ഇടയ്ക്കു കയറുന്നതിനുള്ള യഥാർഥ പ്രലോഭനത്തോടു പോരാടേണ്ടതിന്റെ ആവശ്യമുണ്ട്.” ബ്രിട്ടീഷുകാരായ മറ്റു രണ്ടു വല്ല്യമ്മവല്ല്യപ്പൻമാരാണ് മൈക്കിളും ഷീനയും. അവർ ഇതേ ആശയം സ്ഥിരീകരിക്കുന്നു: “കുട്ടികൾ ഞങ്ങളോട് ഉപദേശം ചോദിക്കുകയാണെങ്കിൽ ഞങ്ങൾ അതു കൊടുക്കും. എന്നാൽ അവർ അത് തീർച്ചയായും അനുസരിക്കാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല, അനുസരിക്കാത്തപക്ഷം വിഷമിക്കുന്നുമില്ല.” പ്രായംചെന്ന മാതാപിതാക്കൾക്കു തങ്ങളുടെ വിവാഹിതരായ ആൺമക്കളിലും പെൺമക്കളിലും ശുഭാപ്തിവിശ്വാസമുണ്ടായിരിക്കുന്നതു നല്ലതാണ്. അത്തരം ആത്മവിശ്വാസം മൂന്നു തലമുറകളുടെയും ഇടയിലുള്ള ബന്ധങ്ങളെ മെച്ചപ്പെടുത്തുന്നു.
ഇംഗ്ലണ്ടിന്റെ തെക്കു ഭാഗത്തു താമസിക്കുന്ന വിവ്യനും ജെയ്നും തങ്ങളുടെ മകനും മരുമകളും കൊച്ചുമക്കൾക്കു കൊടുക്കുന്ന ശിക്ഷണത്തെ എല്ലായ്പോഴും പിന്തുണയ്ക്കാൻ ശ്രമിക്കുന്നു. അവർ അവരോടൊപ്പമാണു താമസിക്കുന്നത്. “ചിലപ്പോൾ ഭിന്നത തോന്നുമ്പോൾപോലും ഞങ്ങളുടെ സ്വന്തം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുന്നില്ല. അവരുടെ ഡാഡിയെയും മമ്മിയെയും ഞങ്ങൾ പിന്തുണയ്ക്കുന്നു എന്നു മനസ്സിലാക്കുമ്പോൾ ‘ഒരു കൂട്ടരെ മറ്റൊരു കൂട്ടർക്കെതിരായി തിരിക്കാൻ’ കുട്ടികൾ ഒരിക്കലും ശ്രമിക്കില്ല.” മാതാപിതാക്കൾ അടുത്തില്ലാത്തപ്പോൾപോലും പേരക്കുട്ടികൾക്കു ശിക്ഷണം കൊടുക്കുന്നതു സംബന്ധിച്ചു വല്ല്യമ്മവല്ല്യപ്പൻമാർ ജാഗ്രതയുള്ളവരായിരിക്കണം. ബ്രിട്ടനിൽനിന്നുള്ള ഹാരോൾഡ് ഇങ്ങനെ പറയുന്നു: “മാതാപിതാക്കളുടെ അഭാവത്തിൽ ആവശ്യംവന്നേക്കാവുന്നതായി വല്ല്യമ്മവല്ല്യപ്പൻമാർക്കു തോന്നുന്ന ഏതൊരു ശിക്ഷണവും മാതാപിതാക്കളുമായി മുൻകൂട്ടി ചർച്ചചെയ്തിരിക്കണം.” പേരക്കുട്ടികൾക്കു കൊടുക്കുന്ന ദയാപൂർവമെങ്കിലും ഉറച്ചരീതിയിലുള്ള ഒരു വാക്കോ കേവലം “മാതാവോ പിതാവോ ആവശ്യപ്പെടുന്നതിന്റെ” ഒരു ഓർമിപ്പിക്കലോ പലപ്പോഴും മതിയാകും എന്ന് ഹാരോൾഡ് കൂട്ടിച്ചേർക്കുന്നു.
നൈജീരിയായിലെ ഒരു വല്ല്യപ്പനായ ക്രിസ്റ്റഫർ തന്റെ സ്വന്തം മക്കളുടെ ഭാഗത്ത് എന്തെങ്കിലും കുറവു കാണുമ്പോൾ പേരക്കുട്ടികളുടെ മുമ്പിൽവെച്ച് അതിനെക്കുറിച്ചു സംസാരിക്കുന്നത് ഒഴിവാക്കുന്നു: “മാതാപിതാക്കൾ തന്നെയായിരിക്കുമ്പോൾ ഞാൻ ആവശ്യമായിരിക്കുന്ന ഏത് ഉപദേശവും കൊടുക്കുന്നു.” വല്ല്യമ്മവല്ല്യപ്പൻമാരുടെ ഭാഗധേയത്തെ ആദരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായി തിരിച്ചും മാതാപിതാക്കൾ തങ്ങളുടെ പങ്കു ചെയ്യേണ്ടതുണ്ട്. “കുട്ടികളുടെ മുമ്പിൽവെച്ചു വല്ല്യമ്മവല്ല്യപ്പൻമാരുടെയോ മറ്റു കുടുംബാംഗങ്ങളുടെയോ കുറവുകളെക്കുറിച്ച് ഒരിക്കലും പരാതി പറയരുതെന്നുള്ളത് അടിസ്ഥാനകാര്യമാണ്,” ഇറ്റലിയിലെ റോമിൽ താമസിക്കുന്ന ഒരു പിതാവായ കാർലോ പറയുന്നു. ഒരു ജാപ്പനീസ് മാതാവായ ഹിറോക്കോ പറയുന്നു: “എന്റെ ഭർത്തൃബന്ധുക്കളുമായി ഒരു പ്രശ്നം ഉണ്ടാകുമ്പോൾ ഞാനത് ആദ്യം എന്റെ ഭർത്താവുമായി ചർച്ചചെയ്യുന്നു.”
വല്ല്യമ്മവല്ല്യപ്പൻമാരുടെ വിദ്യാഭ്യാസപരമായ പങ്ക്
ഓരോ കുടുംബത്തിനും മറ്റു കുടുംബങ്ങളിൽനിന്ന് അതിനെ വ്യത്യസ്തമാക്കുന്ന തനതായ ചരിത്രവും പതിവുകളും അനുഭവങ്ങളും ഉണ്ട്. സാധാരണമായി, വല്ല്യമ്മവല്ല്യപ്പൻമാർ കുടുംബചരിത്രത്തിന്റെ ഓർമക്കണ്ണിയാണ്. ഒരു ആഫ്രിക്കൻ ചൊല്ല് അനുസരിച്ച്, “മരിച്ചുപോകുന്ന ഓരോ വൃദ്ധനും ചാമ്പലായിപ്പോകുന്ന ഒരു ലൈബ്രറിയാണ്.” ബന്ധുക്കളെക്കുറിച്ചുള്ള ഓർമകളും പ്രധാന കുടുംബ സംഭവങ്ങളും കുടുംബത്തെ മിക്കപ്പോഴും അതിന്റെ വേരുകളിൽ ഒന്നിപ്പിക്കുന്ന കുടുംബ മൂല്യങ്ങളും വല്ല്യമ്മവല്ല്യപ്പൻമാരാണു കൈമാറുന്നത്. ബൈബിൾ പ്രദാനം ചെയ്യുന്ന ധാർമിക മാർഗനിർദേശത്തിന്റെ കാര്യം കണക്കിലെടുക്കാതെ ഒരു വിദഗ്ധൻ ഇങ്ങനെ പറഞ്ഞു: “ചെറുപ്പക്കാർക്കു ചരിത്രപരമായ ഓർമയില്ലെ”ങ്കിൽ “തങ്ങൾക്കു മുമ്പുണ്ടായിരുന്ന അനുഭവങ്ങളുടെ അടിസ്ഥാനമില്ലാതെ, മൂല്യങ്ങളില്ലാതെ, ആത്മവിശ്വാസമില്ലാതെ അഭദ്രമായി അവർ വളരുന്നു.”—ഗെയ്റ്റനൊ ബാർലെറ്റ, നൊന്നി ഏ നിപൊറ്റി (വല്ല്യമ്മവല്ല്യപ്പൻമാരും പേരക്കുട്ടികളും).
മമ്മിയും ഡാഡിയും മറ്റു ബന്ധുക്കളും കൊച്ചായിരുന്നപ്പോഴത്തെ കഥ കേൾക്കാൻ പേരക്കുട്ടികൾക്ക് ഇഷ്ടമാണ്. ഒരു ഫോട്ടോ ആൽബം കാണുന്നതു വളരെ പ്രബോധനാത്മകവും വിനോദാത്മകവുമായിരിക്കാൻ കഴിയും. ഫോട്ടോകളിൽ ചിത്രീകരിച്ചിരിക്കുന്നപ്രകാരം വല്ല്യമ്മവല്ല്യപ്പൻമാർ കഴിഞ്ഞകാല സംഭവങ്ങളുടെ കഥ പറയുമ്പോൾ എന്തോരു ആർദ്രതയും ഊഷ്മളതയും ആണ് ഉളവാകുന്നത്!
ബ്രിട്ടനിലുള്ള യഹോവയുടെ സാക്ഷികളായ രണ്ടു വല്ല്യമ്മവല്ല്യപ്പൻമാർ, റെജും മോളിയും പറയുന്നു: “പേരക്കുട്ടികളുടെ അനേകം ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്തുകൊണ്ടും അവരോടൊന്നിച്ചു കളിച്ചുകൊണ്ടും വായിച്ചുകൊണ്ടും അവരെ എഴുതാൻ പഠിപ്പിച്ചുകൊണ്ടും അവർ വായിക്കുന്നതു കേട്ടുകൊണ്ടും സ്നേഹപൂർവകമായ താത്പര്യത്തോടെ അവരുടെ സ്കൂൾ പഠനത്തിന് അടുത്ത ശ്രദ്ധകൊടുത്തുകൊണ്ടും മമ്മിയും ഡാഡിയുമായുള്ള അവരുടെ അടുത്ത ബന്ധത്തിൽ തലകടത്താതെ അവരൊന്നിച്ചു കഴിയാനും അവരോടൊത്തു കാര്യങ്ങൾ ചെയ്യാനും കഴിയുന്നതിനാൽ ഞങ്ങൾക്കു സന്തോഷം കൈവന്നിരിക്കുന്നു.”
മിക്ക വല്ല്യമ്മവല്ല്യപ്പൻമാരും മാതാപിതാക്കളും ചെയ്യുന്ന ഒരു വലിയ തെറ്റ് കുട്ടികളുടെയും പേരക്കുട്ടികളുടെയും ശാരീരികക്ഷേമത്തെക്കുറിച്ചു മാത്രം ഉത്കണ്ഠപ്പെടുന്നു എന്നതാണ്. മുകളിൽ പരാമർശിച്ച റെജും മോളിയും പറയുന്നു: “ദൈവവചനത്തിന്റെ യഥാർഥ ജ്ഞാനത്തിൽ അവർ വളരുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതാണു നമുക്ക് കുട്ടികൾക്കും പേരക്കുട്ടികൾക്കും നൽകാൻ കഴിയുന്ന ഏറ്റവും മഹത്തായ പൂർവികസ്വത്ത്.”—ആവർത്തനപുസ്തകം 4:9; 32:7; സങ്കീർത്തനം 48:13; 78:3, 4, 6.
ദിവ്യബോധനത്തിനു ചേർച്ചയിൽ പ്രവർത്തിക്കൽ
ദൈവവചനമായ വിശുദ്ധ ബൈബിൾ ആളുകളിൽ “ശക്തി ചെലുത്തുന്നു.” അതിന് സ്വാർഥതയും അഹന്തയും പോലുള്ള വിഭജനാത്മകമായ സ്വഭാവങ്ങളെ നിയന്ത്രിക്കാനും നീക്കംചെയ്യാനും അവരെ സഹായിക്കാനുള്ള പ്രാപ്തിയുണ്ട്. (എബ്രായർ 4:12, NW) അതുകൊണ്ട് അതിന്റെ പഠിപ്പിക്കലുകൾ പ്രാവർത്തികമാക്കുന്നവർ കുടുംബത്തിൽ സമാധാനവും ഐക്യവും ആസ്വദിക്കുന്നു. മൂന്നു തലമുറകൾ തമ്മിലുണ്ടായേക്കാവുന്ന ഏതു വിടവിനെയും നീക്കംചെയ്യാൻ സഹായിക്കുന്ന അസംഖ്യം തിരുവെഴുത്തുകളിലൊന്ന് ഫിലിപ്പിയർ 2:2-4 ആണ്. ‘തങ്ങളുടെ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കിക്കൊണ്ട്’ ഐക്യം നിലനിർത്തുന്നതിനായി സ്നേഹവും മനസ്സിന്റെ താഴ്മയും പ്രകടിപ്പിക്കാൻ അത് എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു.
ദിവ്യബോധനത്തിനു ചേർച്ചയിൽ പ്രവർത്തിച്ചുകൊണ്ട് മാതാപിതാക്കളും പേരക്കുട്ടികളും ഒരുപോലെ ഭൗതികമായും വൈകാരികമായും ആത്മീയമായും “മാതാപിതാക്കൾക്കും വല്യമ്മവല്യപ്പൻമാർക്കും ഉചിതമായ പ്രതിഫലം കൊടുത്തുകൊണ്ടിരി”പ്പാനുള്ള ഉദ്ബോധനം വളരെ ഗൗരവമായി എടുക്കുന്നു. (1 തിമോത്തി 5:4, NW) യഹോവയോടുള്ള ഒരു ആരോഗ്യാവഹമായ ഭയം നിമിത്തം അവന്റെ പിൻവരുന്ന വാക്കുകൾ മനസ്സിൽ പിടിച്ചുകൊണ്ട് അവർ വല്യമ്മവല്യപ്പൻമാരോട് ആഴമായ ബഹുമാനം പ്രകടമാക്കുന്നു: “നരച്ചവന്റെ മുമ്പാകെ എഴുന്നേല്ക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം.” (ലേവ്യപുസ്തകം 19:32) തങ്ങളുടെ പിൻഗാമികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിച്ചുകൊണ്ടു വല്ല്യമ്മവല്ല്യപ്പൻമാർ നന്മ പ്രകടമാക്കണം: “ഗുണവാൻ മക്കളുടെ മക്കൾക്കു അവകാശം വെച്ചേക്കുന്നു.”—സദൃശവാക്യങ്ങൾ 13:22.
ഒന്നിച്ചാണു ജീവിക്കുന്നതെങ്കിലും അല്ലെങ്കിലും വല്ല്യമ്മവല്ല്യപ്പൻമാർക്കും മാതാപിതാക്കൾക്കും പേരക്കിടാങ്ങൾക്കും സ്നേഹത്തിലും ആദരവിലും അധിഷ്ഠിതമായ സ്നേഹപൂർവകമായ ബന്ധങ്ങളിൽനിന്നു പരസ്പര പ്രയോജനമനുഭവിക്കാൻ കഴിയും. സദൃശവാക്യങ്ങൾ 17:6 ഇപ്രകാരം പറയുന്നു: “മക്കളുടെ മക്കൾ വൃദ്ധന്മാർക്കു കിരീടമാകുന്നു; മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നേ.”
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്.
[8-ാം പേജിലെ ചിത്രം]
കുടുംബത്തിന്റെ വീണ്ടുമുള്ള കൂടിവരവിന് കുടുംബ ഐക്യം സംഭാവന ചെയ്യാൻ കഴിയും
[9-ാം പേജിലെ ചിത്രം]
വല്ല്യമ്മവല്ല്യപ്പൻമാർക്കു നിങ്ങൾ കത്തുകൾ എഴുതുമ്പോൾ അവർ പ്രോത്സാഹിപ്പിക്കപ്പെടുന്നു
[10-ാം പേജിലെ ചിത്രം]
നിങ്ങളുടെ പേരക്കുട്ടികളോടൊപ്പമിരുന്നു കുടുംബ ആൽബം കാണുന്നത് ഒരു ധന്യമായ അനുഭവമായിരിക്കാൻ കഴിയും