ബൈബിളിന്റെ വീക്ഷണം
നിങ്ങൾ എന്തു വിശ്വസിക്കുന്നു എന്നതു പ്രാധാന്യമർഹിക്കുന്നുവോ?
“സത്യമായിരിക്കാൻ താൻ ഇഷ്ടപ്പെടുന്നതു വിശ്വസിക്കാൻ മനുഷ്യൻ ഇഷ്ടപ്പെടുന്നു.”—ഫ്രാൻസിസ് ബേക്കൻ, 1561-1626, ആംഗലേയ ഉപന്യാസകർത്താവും രാജ്യതന്ത്രജ്ഞനും.
‘മുകളിൽ ഒരുവനുണ്ടെന്ന്’ ആത്മാർഥമായി വിശ്വസിക്കുകയും സഹമനുഷ്യനെ സ്നേഹിക്കുകയും ചെയ്യുന്നിടത്തോളംകാലം ഒരുവൻ എന്തു വിശ്വസിക്കുന്നു എന്നത് വാസ്തവത്തിൽ പ്രധാനമല്ലെന്നു മതപരമായ പഠിപ്പിക്കലുകളുടെ കാര്യത്തിൽ പലർക്കും തോന്നാറുണ്ട്. ദൈവത്തെയും അവന്റെ ഉദ്ദേശ്യത്തെയും അവനെ ആരാധിക്കുന്ന വിധത്തെയും സംബന്ധിച്ച് മതവിഭാഗങ്ങൾ ശുപാർശ ചെയ്യുന്ന പരസ്പര വിരുദ്ധമായ ആശയങ്ങളിലേക്ക് ഒരുവൻ നോക്കുമ്പോൾ ഇങ്ങനെ നിഗമനം ചെയ്യുന്നു, ഈ വ്യത്യാസങ്ങളെല്ലാം കേവലം ഉപരിപ്ലവമാണ്, ഒരേ മനുഷ്യൻതന്നെ വ്യത്യസ്ത സ്റ്റൈലുകളിലുള്ള വസ്ത്രം ധരിക്കുന്നതുപോലെ. അത്തരം വ്യത്യാസങ്ങളെ വലിയ വിവാദമാക്കുന്നവർക്ക് യഥാർഥ ക്രിസ്ത്യാനിത്വത്തിന്റെ ആത്മാവു തീർത്തും നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവർ വിചാരിക്കുക പോലും ചെയ്തേക്കാം.
മതപരമായ പഠിപ്പിക്കലുകളുടെ എല്ലാ ചർച്ചകളും മൂല്യവത്തല്ലെന്നു തിരുവെഴുത്തുകൾ സമ്മതിക്കുന്നു. ഉദാഹരണത്തിന്, തിമോത്തിക്കുള്ള തന്റെ നിശ്വസ്ത ലേഖനങ്ങളിൽ അപ്പോസ്തലനായ പൗലോസ്, “നിസ്സാരമായ കാര്യങ്ങളെച്ചൊല്ലി ഉഗ്രമായ തർക്കങ്ങൾ” പ്രോത്സാഹിപ്പിച്ച പുരുഷൻമാരെക്കുറിച്ചു പരാമർശിക്കുകയുണ്ടായി. പൗലോസ് അവരെ വർണിച്ചത്, “വാക്കുകളെ സംബന്ധിച്ച ചോദ്യങ്ങളാലും തർക്കങ്ങളാലും മാനസികമായി രോഗം പിടിപെട്ടവർ” എന്നാണ്. (1 തിമോത്തി 6:4, 5) “മൗഢ്യവും അറിവില്ലാത്തതുമായ ചോദ്യങ്ങളെ, അവ തർക്കങ്ങൾ ഉളവാക്കുന്നു എന്നറിഞ്ഞുകൊണ്ട്, തള്ളിക്കളയാ”നും “യാതൊരു പ്രയോജനവും ഇല്ലാത്ത ഒരു സംഗതിയായ വാക്കുകളെ സംബന്ധിച്ച തർക്കം ഒഴിവാക്കാൻ” സഭകളെ പ്രബോധിപ്പിക്കാനും അവൻ തിമോത്തിയെ ഉദ്ബോധിപ്പിച്ചു. (2 തിമോത്തി 2:14, 23) നമ്മുടെ നാളിലെ മതപരമായ അനേകം സംവാദവും ഈ വർണനയോടു യോജിക്കുന്നു, അവ അർഥശൂന്യമായ സമയത്തിന്റെ പാഴാക്കലാണെന്നു തെളിയുകയും ചെയ്തിരിക്കുന്നു.
എന്നാൽ അതിന്റെ അർഥം മതവിശ്വാസങ്ങളെ സംബന്ധിച്ച എല്ലാ ചർച്ചകളും അർഥശൂന്യമാണെന്നാണോ? ചില വസ്ത്രങ്ങൾ ധരിക്കാൻ കൊള്ളാത്തവയാണെന്നുവെച്ചു വസ്ത്രധാരണം നാം പാടേ ഉപേക്ഷിക്കുകയില്ല, ഉവ്വോ? അതുകൊണ്ട്, പഠിപ്പിക്കൽ സംബന്ധമായ ചില വിവരങ്ങൾ പരിചിന്തനത്തിന് അർഹമല്ലാത്തതുകൊണ്ട് മതവിശ്വാസങ്ങൾ എന്ന വിഷയത്തെ ഒന്നാകെ അപ്രധാനമായി തള്ളിക്കളയുന്നത് എന്തിനാണ്? പഠിപ്പിക്കലുകളുടെ സംഗതി ജീവത്പ്രധാനമായ ഒന്നായി താൻ കരുതിയെന്ന് പൗലോസിന്റെ മേലുദ്ധരിച്ച വാക്കുകളുടെ സന്ദർഭം പ്രകടമാക്കുന്നു. വ്യാജ പഠി പ്പിക്കലുകൾ വിശ്വാസത്തിൽനിന്ന് ഒരുവൻ വഴിതെറ്റിക്കപ്പെടുന്നതിലേക്കു നയിക്കുമെന്ന് അവൻ ആവർത്തിച്ചാവർത്തിച്ച് മുന്നറിയിപ്പു നൽകി. “മറ്റൊരു ഉപദേശം പഠിപ്പിക്കാതിരിപ്പാൻ ചിലരോടു കൽപ്പിക്കാൻ” അവൻ തിമോത്തിയെ ഉദ്ബോധിപ്പിച്ചു. (1 തിമോത്തി 1:3-7; 4:1; 6:3-5; 2, തിമൊഥെയൊസ് 2:14-18, 23-26; 4:3, 4) തീർച്ചയായും, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ വിശ്വസിച്ചത് അപ്രധാനമായിരുന്നുവെങ്കിൽ ഊന്നിപ്പറയുന്ന അത്തരം പ്രസ്താവനകൾ അദ്ദേഹം നടത്തുമായിരുന്നില്ല.
അങ്ങനെയാണെങ്കിൽ, പഠിപ്പിക്കൽ സംബന്ധിച്ച ചോദ്യങ്ങളെ മറിച്ചിടാനുള്ള ഉപദേശമോ? അതിന്റെ കാരണം, പൗലോസിന്റെ നാളിൽ ചില പുരുഷൻമാർ—‘ദുർബുദ്ധികളും സത്യത്യാഗികളും’ എന്ന് അവൻ വിവരിച്ചവർ—മറ്റുള്ളവരുടെ വിശ്വാസത്തെ മറിച്ചിടാനുള്ള ഏക ഉദ്ദേശ്യത്തോടെ പഠിപ്പിക്കൽ സംബന്ധമായ വിവാദങ്ങൾ ഉയർത്തിവിട്ടിരുന്നു. (1 തിമൊഥെയൊസ് 6:5) ആ ദുഷിച്ച മനുഷ്യർ ഉയർത്തിയ ചോദ്യങ്ങളോടുള്ള ബന്ധത്തിൽ മാത്രമാണു മതപരമായ വിശ്വാസങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഒഴിവാക്കാൻ പൗലോസ് തിമോത്തിയെ ബുദ്ധ്യുപദേശിച്ചത്.
വിശ്വാസങ്ങൾ നടത്തയെ ബാധിക്കുന്നുവോ?
നാം ഏതുതരം വ്യക്തികളായിത്തീരുന്നുവെന്നതിന്റെമേൽ—നമ്മുടെ വ്യക്തിപരമായ ഗുണങ്ങളുടെയും നടത്തയുടെയും മേൽ—മതപരമായ വിശ്വാസങ്ങൾക്ക് ഏറെ സ്വാധീനമുണ്ടോ എന്നു ചിലർ ചോദിച്ചേക്കാം. വിശ്വാസങ്ങളും നടത്തയും വ്യത്യസ്തമായ, പരസ്പര ബന്ധമില്ലാത്ത രണ്ടു കാര്യങ്ങളാണെന്ന്, ധരിക്കുന്ന ആളുടെ ഇഷ്ടപ്രകാരം ഒന്നിച്ചിടാവുന്ന അഥവാ മാച്ച് ചെയ്യാവുന്ന ഒരു കോട്ടും കുട്ടിനിക്കറും പോലെയാണെന്നു ചിലർ വീക്ഷിച്ചേക്കാം. എന്നിരുന്നാലും, ബൈബിളിൽ വിശ്വാസങ്ങളും നടത്തയും ഏറെയും പരസ്പരം ചേർച്ചയുള്ള ഒരു സൂട്ട് സെറ്റ് പോലെയാണ്.
നാം വിശ്വസിക്കുന്ന കാര്യങ്ങൾക്കും നാം എങ്ങനെയുള്ള വ്യക്തികളായിത്തീരുന്നു എന്നതിനും തമ്മിൽ നേരിട്ടു ബന്ധമുണ്ടെന്നു ബൈബിൾ വെളിപ്പെടുത്തുന്നു. യേശുവിന്റെ നാളിലെ സ്വയനീതിക്കാരായ പരീശന്മാർ, നടത്തയെ ബാധിക്കുന്ന വഴിതെറ്റിക്കപ്പെട്ട വിശ്വാസങ്ങളുടെ ഒരു ഉദാഹരണമായിരുന്നു. (മത്തായി 23:1-33; ലൂക്കൊസ് 18:9-14) നേരേമറിച്ച്, കൊലോസ്യർ 3:10 (NW) ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “അതു സൃഷ്ടിച്ചവന്റെ പ്രതിച്ഛായപ്രകാരം സൂക്ഷ്മപരിജ്ഞാനത്തിലൂടെ പുതുക്കപ്പെടുന്ന പുതിയ വ്യക്തിത്വം ധരിച്ചുകൊൾവിൻ.” ദൈവിക ജീവിതം നയിക്കുന്നതിനുള്ള ശക്തി ദൈവത്തെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം ഉണ്ടായിരിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായി ശ്രദ്ധിക്കുക.
“സൂക്ഷ്മപരിജ്ഞാനം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ 20 പ്രാവശ്യം കാണപ്പെടുന്നു. കൃത്യമായ, സൂക്ഷ്മമായ, അഥവാ പൂർണമായ അറിവിനെയാണ് അതു പരാമർശിക്കുന്നത്. “ഞാൻ മുമ്പ് അറിഞ്ഞിരുന്ന ഒരു കാര്യവുമായി കൂടുതൽ പരിചയത്തിലായിത്തീരുക; മുമ്പ് ദൂരെനിന്നു കണ്ട ഒരു വസ്തുവിന്റെ കൂടുതൽ കൃത്യമായ വീക്ഷണ”മാണ് അതെന്ന് ഗ്രീക്കു പണ്ഡിതനായ നഥനയേൽ കൾവെർവെൽ വിവരിക്കുന്നു. വിലയേറിയ ഒരു രത്നത്തിന്റെ ഗുണങ്ങളും മൂല്യവും കണക്കാക്കാൻ ഒരു രത്നവ്യാപാരി അതു പരിശോധിക്കുന്ന വിധത്തിൽ, ഒരു ക്രിസ്ത്യാനി താൻ സേവിക്കുന്ന ദൈവത്തെക്കുറിച്ചുള്ള കൃത്യവും സൂക്ഷ്മവും പൂർണവുമായ അറിവിലെത്താൻ ദൈവവചനം പരിശോധിക്കേണ്ടതുണ്ട്. ദൈവത്തിന്റെ വ്യക്തിത്വവും അവന്റെ ഉദ്ദേശ്യങ്ങളും അവന്റെ നിലവാരങ്ങളും “ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക”യിൽ ഉൾപ്പെടുന്ന എല്ലാ പഠിപ്പിക്കലുകളും അറിയുന്നത് ഇതിൽ ഉൾപ്പെടുന്നു—‘മുകളിൽ ഒരുവനുണ്ടെന്ന്’ കേവലം വിശ്വസിക്കുന്നതിൽനിന്നു വളരെ വ്യത്യസ്തം.—2 തിമോത്തി 1:13.
ദൂരെനിന്നു മാത്രം ഒരുവൻ ദൈവത്തെ അറിയുമ്പോഴുണ്ടാകുന്നതരം ഫലത്തിന്റെ ഒരു ദൃഷ്ടാന്തം റോമർക്കുള്ള നിശ്വസ്ത ലേഖനത്തിന്റെ ഒന്നാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അവിടെ ചില പ്രത്യേക പുരുഷൻമാരെ പരാമർശിച്ചിരിക്കുന്നു, “അവർ ദൈവത്തെ അറിഞ്ഞുവെങ്കിലും . . . സൂക്ഷ്മപരിജ്ഞാനത്തിൽ അവനെ പിടിച്ചുകൊള്ളാൻ അവർ സമ്മതിച്ചില്ല.” അവരുടെ തെറ്റായ വിശ്വാസങ്ങളുടെ അനന്തരഫലങ്ങൾ അപ്പോസ്തലനായ പൗലോസ് ഇപ്രകാരം വിവരിക്കുകയുണ്ടായി: “ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു. അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബുദ്ധിയും നിറഞ്ഞവർ; അസൂയ, കുല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവർ, കുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ, ബുദ്ധിഹീനർ, നിയമലംഘികൾ, വാത്സല്യമില്ലാത്തവർ, കനിവറ്റവർ.”—റോമർ 1:21 (NW), 28-31.
നിസ്സംശയമായും, ആ പുരുഷൻമാർ വെച്ചുപുലർത്തിയ വിശ്വാസങ്ങൾ ക്രിസ്തീയ ജീവിതം നയിക്കാനുള്ള അവരുടെ പ്രാപ്തിയെ നേരിട്ടു ബാധിക്കുകയുണ്ടായി. സമാനമായി ഇന്ന്, വിശ്വാസങ്ങളെയും നടത്തയെയും തയ്ച്ചുചേർക്കാത്ത ഒരു കുപ്പായത്തോടു താരതമ്യം ചെയ്യാവുന്നതാണ്, അതായത് അത് അവിഭജിതമായി ഒന്നിച്ചു തുന്നിച്ചേർക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, ദൈവപ്രീതി ലഭിക്കാനാഗ്രഹിക്കുന്ന എല്ലാവരും തങ്ങളുടെ മതവിശ്വാസങ്ങൾ യഥാർഥമായും സത്യമാണെന്ന്, ദൈവവചനത്തിൽ സമ്പൂർണമായി അധിഷ്ഠിതമാണെന്ന് ഉറപ്പുവരുത്തേണ്ടതു വളരെ അനിവാര്യമാണ്. എന്തെന്നാൽ, “[ദൈവം] സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ [“സൂക്ഷ്മപരിജ്ഞാനത്തിൽ,” NW] എത്തുവാനും ഇച്ഛിക്കുന്നു.”—1 തിമൊഥെയൊസ് 2:4.
[25-ാം പേജിലെ ചിത്രം]
പരീശന്റെ സ്വയനീതി അവന്റെ വിശ്വാസങ്ങളെയാണു പ്രതിഫലിപ്പിച്ചത്