ഇന്ത്യയിലെ സ്ത്രീകൾ—21-ാം നൂറ്റാണ്ടിലേക്കു നീങ്ങുന്നു
ഇന്ത്യയിലെ ഉണരുക! ലേഖകൻ
അവരുടെയിടയിൽ പൊക്കമുള്ളവരും പൊക്കം കുറഞ്ഞവരുമുണ്ട്. മെലിഞ്ഞവരും തടിച്ചവരുമുണ്ട്. തമാശക്കാരും മൂശ്ശേട്ടസ്വഭാവക്കാരുമുണ്ട്. ധനാഢ്യരും തീരെ പാവപ്പെട്ടവരുമുണ്ട്. വിദ്യാസമ്പന്നരും തീർത്തും നിരക്ഷരരുമുണ്ട്. ആരാണ് അവർ? ഇന്ത്യയിലെ സ്ത്രീകൾ. അവരെങ്ങോട്ടാണു പോകുന്നത്? 21-ാം നൂറ്റാണ്ടിലേക്കാണ് അവരുടെ നീക്കം.
ഇന്ത്യക്കു പുറത്തുള്ള മിക്ക ആളുകൾക്കും ഇന്ത്യയിലെ സ്ത്രീയെന്നു പറയുമ്പോൾ മനസ്സിൽ വരുന്നത് ആകർഷകമായ സ്വഭാവവും സൗന്ദര്യവും ഒളിഞ്ഞുകിടക്കുന്ന ഗുണങ്ങളും വശ്യതയും ഒത്തിണങ്ങിയ ഒരു മങ്കയെയാണ്. പല പുരുഷന്മാരും ഭാര്യമാർക്കുവേണ്ടി തിരച്ചിൽ നടത്തുന്നത് ഇന്ത്യയിലാണ്. ഇന്ത്യൻ സ്ത്രീകൾ, കീഴ്പെട്ടിരിക്കുന്ന കാര്യത്തിലും ഭർത്താക്കൻമാരെ സന്തോഷിപ്പിക്കുന്ന കാര്യത്തിലും വീടു നന്നായി സൂക്ഷിക്കുന്ന കാര്യത്തിലും പാശ്ചാത്യ നാടുകളിലെ തങ്ങളുടെ ഏറെ സ്വതന്ത്രരായ സഹോദരിമാരെക്കാൾ മെച്ചമായി പ്രവർത്തിക്കുന്നു എന്ന അഭിപ്രായമാണ് ഇതിനു ഭാഗികമായ കാരണം. എന്നിരുന്നാലും, വ്യത്യസ്ത ധാർമിക-മത-സാമൂഹിക ചുറ്റുപാടുകളുടെ വിശാലമായ ഈ ഉരുക്കുകലത്തിൽ കിടക്കുന്ന ഒരു സാധാരണ ഇന്ത്യാക്കാരിയെക്കുറിച്ചു വർണിക്കുന്നതു വഴിതെറ്റിക്കുന്നതാണ്. ഈ വശ്യമനോഹരമായ ദേശത്ത് എല്ലാ തരക്കാരായ സ്ത്രീകളുമുണ്ട്.
സമാധാനപരമായോ ബലംപ്രയോഗിച്ചോ സംയോജിപ്പിച്ച അനേക സംസ്കാരങ്ങളുടെ ഒരു ചരിത്രമാണ് ഇന്ത്യയുടേത്. ഇവിടത്തെ ആദിമ നിവാസികളായ ദ്രാവിഡർ എവിടെനിന്നാണു വന്നത് എന്നതു സംബന്ധിച്ച് ഊഹാപോഹങ്ങളുണ്ട്. അവരുടെ ഉത്ഭവം ഓസ്ട്രേലിയക്കാരുടെയും മെഡിറ്ററേനിയന്റെ തെക്കു ഭാഗത്തു പാർക്കുന്ന ആളുകളുടെയും, പ്രത്യേകിച്ചു ക്രേത്തരുടെയും, ഒരു സങ്കരത്തിൽനിന്നാണെന്നു തോന്നുന്നു. ആര്യൻമാരും പേർഷ്യക്കാരും വടക്കുപടിഞ്ഞാറുനിന്നും മംഗോളിയർ വടക്കുകിഴക്കുനിന്നും ഇന്ത്യയിലേക്കു നീങ്ങിയപ്പോൾ ദ്രാവിഡർ തെക്കുഭാഗത്തേക്കു പിൻവാങ്ങി. അങ്ങനെ, ദക്ഷിണേന്ത്യയിലെ സ്ത്രീകൾക്കു പൊതുവേ, പൊക്കംകുറഞ്ഞ ശരീരഘടനയും ഇരുണ്ട ചർമവുമാണുള്ളത്. എന്നാൽ ഉത്തരേന്ത്യക്കാർക്കു നല്ല പൊക്കവും വെളുത്ത ചർമവുമാണുള്ളത്, എങ്കിലും അവരുടെയും കണ്ണും തലമുടിയും കറുത്തതു തന്നെ. വടക്കുകിഴക്കുള്ള മിക്കവർക്കും പൗരസ്ത്യ സ്വഭാവവിശേഷതകളാണുള്ളത്.
ഇന്ത്യയിലെ സ്ത്രീകളുടെ നിലവാരം സ്ഥാപിക്കുന്നതിൽ മതം ഒരു മുഖ്യ പങ്കുവഹിച്ചിരിക്കുന്നു. ആധുനിക ഇന്ത്യ ഒരു മതേതര രാഷ്ട്രമായതുകൊണ്ട് പുരോഗതിപ്രാപിക്കുന്നതിൽനിന്നു സ്ത്രീകളെ തടഞ്ഞുവെച്ചിരുന്ന പരമ്പരാഗത വീക്ഷണങ്ങൾക്കു മാറ്റംവരുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരുകയാണ്. ധനികരും സ്വാധീനശക്തിയുള്ളവരുമായ സ്ത്രീകൾക്കു മാത്രമല്ല സകല സ്ത്രീകൾക്കും വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ വർധിപ്പിക്കാൻ തക്കവണ്ണം വലിയ പടികൾ സ്വീകരിച്ചു വരുന്നു. പെൺകുട്ടികൾക്കുള്ള സാക്ഷരതാ ക്ലാസ്സുകളും ഗ്രാമങ്ങളിലെ തൊഴിലധിഷ്ഠിത പരിശീലനവും സൗജന്യ വിദ്യാഭ്യാസവും ഇന്ത്യൻ സ്ത്രീത്വത്തിന്റെ മുഖച്ഛായ മാറ്റുകയാണ്.
1994, ജൂൺ 22-ന് മഹാരാഷ്ട്ര സംസ്ഥാനം സ്ത്രീകൾക്കുള്ള ഒരു ഗവൺമെൻറ് നയം പുറത്തുവിട്ടുകൊണ്ട് ഒരു വലിയ പടി മുമ്പോട്ടു വച്ചു. “ചരിത്രപ്രധാന”വൂം “വിപ്ലവാത്മക”വുമെന്ന് ഇന്ത്യൻ വൈസ് പ്രസിഡന്റായ കെ. ആർ. നാരായണൻ വർണിച്ച അത് കൂട്ടുടമസ്ഥതാ അവകാശങ്ങൾ, രക്ഷാകർത്തൃത്വം, വീടുവയ്ക്കുന്നതിനുള്ള സഹായങ്ങൾ, തുല്യ തൊഴിലവസരങ്ങൾ എന്നിങ്ങനെ സ്ത്രീകളുടെ അടിസ്ഥാനപ്രശ്നങ്ങളിലേക്കു ശ്രദ്ധതിരിച്ചു.
മേലാൽ വീട്ടിൽ ഒതുങ്ങിക്കൂടി കഴിയുന്നതിനു പകരം കൂടുതൽ സ്ത്രീകൾ കോളെജിൽ പോകുകയും തൊഴിൽ വിപണിയിൽ ഇറങ്ങുകയും ചെയ്യുന്നതോടെ ധാർമിക രംഗത്തെ മാറ്റങ്ങൾ സംബന്ധിച്ചു ചോദ്യങ്ങളുയർന്നിരിക്കയാണ്. കോളെജുകളിലെ മയക്കുമരുന്നു ദുരുപയോഗത്തെക്കുറിച്ചും ധാർമിക മൂല്യങ്ങളുടെ അധഃപതനത്തെക്കുറിച്ചുമുള്ള റിപ്പോർട്ടുകൾ പ്രത്യക്ഷമാകുന്നു. ചെറുപ്പക്കാരായ ചില ഇന്ത്യൻ സ്ത്രീകളുടെ രൂപാന്തരണത്തിൽ മാധ്യമങ്ങൾ ഒരു മുഖ്യ പങ്കുവഹിക്കുന്നു. 30 വർഷം മുമ്പത്തെ ഇന്ത്യൻ ചലച്ചിത്രങ്ങളെ ഇന്നത്തവയുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകളെക്കുറിച്ചുള്ള ചിത്രീകരണത്തിനു ബൃഹത്തായ മാറ്റം സംഭവിച്ചിരിക്കുന്നതായി അനേകർ കണ്ടെത്തുന്നു. ഒരു ഇന്ത്യാക്കാരി സ്ത്രീ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഞാൻ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന സമയത്തെ ശാലീനരും സൗമ്യരും ആത്മത്യാഗികളുമായ മുൻ ചലച്ചിത്ര നായികമാർ ഇപ്പോൾ, ഇഷ്ടപ്പെടാതെ വരുമ്പോൾ ഭർത്താവിനെയും ഭർത്തൃബന്ധുക്കളെയും ഇട്ടേച്ചുപോകുകയും തന്റെ അവകാശങ്ങൾക്കുവേണ്ടിയും സ്വാതന്ത്ര്യത്തിനുവേണ്ടിയും മല്ലടിക്കുകയും ചെയ്യുന്ന ആധുനിക പെൺകുട്ടിക്കു വഴിമാറിക്കൊടുത്തിരിക്കുന്നു.”
എന്നിരുന്നാലും, മൊത്തത്തിൽ നോക്കുമ്പോൾ ഇന്ത്യാക്കാരുടെ വസ്ത്രധാരണവും സ്വഭാവവും പല രാജ്യങ്ങളെയും അപേക്ഷിച്ചു മിതത്വമുള്ളതാണെന്നു കാണാം. സ്ത്രീകൾ ഏറ്റവും സാധാരണമായി ധരിക്കുന്ന ഭംഗിയുള്ള സാരി ശരീരത്തിന്റെ മിക്ക ഭാഗങ്ങളെയുംതന്നെ മാന്യമായി മറയ്ക്കുന്നു. ചെറുപ്പക്കാരികളുടെയിടയിൽ, പ്രത്യേകിച്ചു വടക്കേ ഇന്ത്യയിൽ, പ്രചാരമാർജിച്ച വസ്ത്രം ഷൽവാർ-കമീസ് ആണ്. പൈജാമാ പോലെയുള്ള പാൻറ്സും അതിനു മേലേ ധരിക്കുന്ന ഒരു അയഞ്ഞ വസ്ത്രവുമുൾപ്പെട്ടതാണ് അത്. ഇവിടത്തെ പാശ്ചാത്യ ഫാഷനുകൾ സാധാരണമായി മാന്യമായ സ്റ്റൈലിലും അളവിലും ഉള്ളതാണ്. ബോംബെയിലും ഗോവയിലും കൽക്കട്ടയിലുമാണ് അതു മുഖ്യമായും കാണുന്നത്.
പുതിയ തൊഴിലവസരങ്ങൾ
21-ാം നൂറ്റാണ്ടിലേക്കു നീങ്ങവേ ഇന്ത്യൻ സ്ത്രീകൾക്ക് ഏതുതരം തൊഴിലാണു ലഭ്യമായിരിക്കുന്നത്? ഇന്ത്യയിലെ ജനസംഖ്യയുടെ ഒരു വലിയ അനുപാതം ഗ്രാമങ്ങളിലാണു താമസിക്കുന്നത്. അവരുടെ തൊഴിൽ കൃഷിയാണ്. കോടിക്കണക്കിനാളുകൾ പാടങ്ങളിൽ പണിയെടുക്കുന്നു. എല്ലാത്തരത്തിലുമുള്ള കൃഷിപ്പണികൾ ചെയ്തുകൊണ്ട് സ്ത്രീകൾ പുരുഷൻമാർക്കൊപ്പം വേലചെയ്യുന്നു. അങ്ങുദൂരെയുള്ള നദികളിൽനിന്നും കിണറുകളിൽനിന്നും അവർ വെള്ളം ചുമന്നുകൊണ്ടുവരികയും ഇന്ധനത്തിനുള്ള വിറക് ബുദ്ധിമുട്ടി ശേഖരിക്കുകയും ചെയ്യുന്നു. ജോലിചെയ്യുന്ന സമയത്ത് കുഞ്ഞുങ്ങളെ എളിയിൽ ഇരുത്തുകയോ വൃക്ഷങ്ങളിൽ കെട്ടിയിട്ട തുണിത്തൊട്ടിലിൽ കിടത്തുകയോ ചെയ്യുന്നു.
20-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഇന്ത്യയിലെ ഗ്രാമീണ കുടുംബങ്ങൾ നഗര പ്രാന്തങ്ങളിലേക്കു തൊഴിൽ തേടി ഒഴുകിയിരിക്കുന്നു. സ്ത്രീകൾ തുണിമില്ലുകളിലും ഫാക്ടറികളിലും വേല ചെയ്തിരിക്കുന്നു. എന്നിരുന്നാലും, വ്യവസായ ആധുനികവത്കരണം പുരുഷൻമാരെക്കാളധികം സ്ത്രീജോലിക്കാരെയാണു ബാധിച്ചിരിക്കുന്നത്. പുരുഷൻമാർക്കു യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ പരിശീലനം ലഭിച്ചു, എന്നാൽ സ്ത്രീകൾക്കു ലഭിച്ചില്ല. ഇത് സ്ത്രീകൾക്കു വളരെയധികം കഷ്ടപ്പാടു വരുത്തിവച്ചു. പണിസ്ഥലങ്ങളിലേക്കു സാധനങ്ങൾ ചുമക്കൽ, ഭാരിച്ച ചാക്കുകൾ നിറച്ച പിടിവണ്ടികൾ വലിക്കൽ, പഴയവസ്ത്രങ്ങൾ വിൽക്കൽ എന്നിവയിലും താഴ്ന്നകൂലി ലഭിക്കുന്ന മറ്റു ജോലികളിലുമായി അവരുടെ പ്രവർത്തനം പരിമിതപ്പെട്ടു.
സ്ത്രീകളുടെ ഭാഗധേയം മെച്ചപ്പെടുത്തുന്നതിനു സാമൂഹിക പരിഷ്കർത്താക്കൾ ശ്രമങ്ങൾ നടത്തി. എസ്ഇഡബ്ലിയുഎ (സ്വയം തൊഴിലുകാരായ സ്ത്രീകളുടെ സംഘടന) പോലെയുള്ള പ്രസ്ഥാനങ്ങൾ മുളച്ചുവന്നു. ജോലിചെയ്യാൻ കഴിയത്തക്കവണ്ണം ആരോഗ്യം സംരക്ഷിക്കുന്നതിനും അഴിമതി നടപടികളിൽ കുടുങ്ങിപ്പോകാതിരിക്കാനാവശ്യമായ സാക്ഷരത ലഭിക്കുന്നതിനും തങ്ങളുടെ ജോലി വൈദഗ്ധ്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സ്വന്തമായി മുതലുണ്ടാക്കാൻ തക്കവണ്ണം പണം സ്വരൂപിക്കാൻ പഠിക്കുന്നതിനും അസാൻമാർഗികളായ പണം പലിശക്കാർ ചുമത്തുന്ന ഉയർന്ന പലിശ നിരക്കുകളിൽ പെട്ടുപോകാതിരിക്കാനും വിദ്യാഭ്യാസമില്ലാത്ത സ്ത്രീ ജോലിക്കാരെ സഹായിക്കുകയെന്നതായിരുന്നു അവയുടെ ലക്ഷ്യം. ഒരു സാമൂഹിക പണിയായുധമായി സ്ത്രീവിമോചന പ്രസ്ഥാനത്തെ ഉപയോഗിക്കുന്നതു സംബന്ധിച്ചു ചോദിച്ചപ്പോൾ പ്രമുഖ സാമൂഹികശാസ്ത്രജ്ഞനായ സരിന ഭട്ടി പറഞ്ഞത് “ഇന്ത്യയിലെ സ്ത്രീവിമോചന പ്രസ്ഥാനമെന്നു പറയുന്നതു സ്ത്രീകളുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കുക, അവരെ സംഘടിപ്പിക്കുക, ആരോഗ്യവും പോഷണവും നൽകുന്നതോടൊപ്പം അവർക്ക് സാങ്കേതിക വിദ്യാഭ്യാസവും നൽകാൻ ശ്രമിക്കുക എന്നിവയൊക്കെ” ആണെന്നാണ്.
അതേസമയം തന്നേ, ഉയർന്ന സാമൂഹിക നിലവാരമുള്ളവരായി കണക്കാക്കപ്പെട്ട സമ്പന്ന കുടുംബങ്ങളിലെ വിദ്യാസമ്പന്നരായ സ്ത്രീകളുടെയും ഇടത്തരം കുടുംബങ്ങളിലെ സ്ത്രീകളുടെയും സാഹചര്യം സംബന്ധിച്ച വീക്ഷണങ്ങൾക്കു മാറ്റം വന്നുകൊണ്ടിരുന്നു. ഇരു പശ്ചാത്തലങ്ങളിൽനിന്നുമുള്ള സ്ത്രീകളെ ഇപ്പോൾ പഠിപ്പിക്കലിലും ചികിത്സയിലും മാത്രമല്ല എല്ലാത്തരം ജോലികളിലും കാണാം. അവർക്കിടയിൽ വിമാനമോടിക്കുന്നവരുണ്ട്, മോഡലുകളുണ്ട്, എയർ ഹോസ്റ്റസ്സുമാരുണ്ട്, പൊലീസുകാരുണ്ട്, ഉന്നത കാര്യനിർവഹണ തസ്തികകളിൽ ജോലിനോക്കുന്നവരുമുണ്ട്. പല വർഷങ്ങളോളം, ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നത് ഒരു സ്ത്രീയായിരുന്നു, അവർ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ സ്ത്രീകൾ സായുധ സൈന്യങ്ങളിൽ ചുമതലകൾ വഹിക്കുന്നു. അഭിഭാഷകരായും ചീഫ് ജസ്റ്റിസുമാരായും അവർ സേവിക്കുന്നു. ആയിരങ്ങൾ വ്യവസായ സംഘാടകരായി ബിസിനസ്സിലേക്കിറങ്ങിയിരിക്കുന്നു.
വിവാഹരംഗത്തെ മാറ്റങ്ങൾ
സ്വതന്ത്രമായ തൊഴിലിനുള്ള ഈ പ്രവണത നിമിത്തം ആധുനിക ഇന്ത്യൻ സ്ത്രീകൾക്കു വിവാഹത്തെക്കുറിച്ച് എന്താണു തോന്നുന്നത്? 19-ഉം 20-ഉം നൂറ്റാണ്ടുകൾ, വിവാഹിതരായ ഇന്ത്യൻ സ്ത്രീകളിൽ വലിയ മാറ്റങ്ങൾ വരുത്തി. ഒരു വിധവ സ്വമനസ്സാലേ തന്റെ ഭർത്താവിന്റെ ചിതയിൽ ചാടി വെന്തുമരിക്കുന്ന സതി എന്നറിയപ്പെടുന്ന പുരാതന ആചാരം ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ നിർത്തലാക്കപ്പെട്ടു. ശൈശവ വിവാഹം നിയമപരമായി നിരോധിക്കപ്പെട്ടു. അങ്ങനെ 18 വയസ്സിനു താഴെ പ്രായമുള്ള ഒരു പെൺകുട്ടിക്ക് ഇപ്പോൾ നിയമപരമായി വിവാഹിതയാകാൻ കഴിയില്ല. ഒരു പെൺകുട്ടിയുടെ കുടുംബത്തിൽനിന്നു സ്ത്രീധനം ആവശ്യപ്പെടുന്നതും നിയമപരമായി നിരോധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഈ തിൻമ ഇന്നും നിലനിൽക്കുന്നു. അനേകായിരം യുവ മണവാട്ടിമാർ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കൊലചെയ്യപ്പെട്ടിരിക്കുന്നു. വേണ്ടത്ര സ്ത്രീധനം കൊടുക്കാൻ അവരുടെ കുടുംബങ്ങൾക്കു കഴിയാഞ്ഞതുകൊണ്ടോ രണ്ടാമതൊരു വിവാഹത്തിൽനിന്നു കൂടുതൽ പണം ലഭിക്കുമായിരുന്നതുകൊണ്ടോ ആയിരുന്നു അത്.
ക്രമേണ, സ്ത്രീധന മരണങ്ങളുടെ അടിസ്ഥാന കാരണങ്ങളിലേക്കു ശ്രദ്ധ തിരിഞ്ഞിരിക്കുന്നു. കല്യാണം കഴിയുമ്പോൾ ഇന്ത്യാക്കാരിയായ ഒരു പെൺകുട്ടി അവളുടെ ഭർത്താവിന്റെ മാതാപിതാക്കളുടെ ഭവനത്തിലേക്കു പോയി മരണം വരെ അവിടെ കഴിയുന്നതാണു പരമ്പരാഗതമായ രീതി. അവളുടെ മാതാപിതാക്കൾ ഒരു കാരണവശാലും അവളെ തങ്ങളുടെ ഭവനത്തിലേക്കു തിരിച്ചെടുക്കുന്ന പ്രശ്നമില്ല. ഔദ്യോഗിക വിദ്യാഭ്യാസമില്ലാഞ്ഞതുനിമിത്തം മിക്ക സ്ത്രീകൾക്കും തങ്ങളുടെ ഭർത്താവിന്റെ വീടു വിട്ടുപോകാനും ജോലിചെയ്തു സ്വയം പുലർത്താനും കഴിയുകയില്ലായിരുന്നു. അങ്ങനെ ചെറുപ്പക്കാരികളായ സ്ത്രീകൾ മിക്കപ്പോഴും പീഡിപ്പിക്കപ്പെട്ടിരുന്നു. മരണ ഭീഷണി അവരുടെ തലയ്ക്കു മീതെ തൂങ്ങിനിന്നിരുന്നു. അവരുടെ മാതാപിതാക്കൾക്ക് അത്യാർത്തിപൂണ്ട ഭർത്തൃബന്ധുക്കളെ തൃപ്തിപ്പെടുത്തുന്നതിനാവശ്യമായ കൂടുതൽ പണവും സാമാനങ്ങളും കൊടുക്കാൻ കഴിയാഞ്ഞപക്ഷം മണവാട്ടിമാർ തങ്ങളുടെ അന്തിമവിധിക്കായി നിശബ്ദം യാതനയിൽ കാത്തിരിക്കുമായിരുന്നു. ഒരു പാചകസ്റ്റൗ പൊട്ടിത്തെറിച്ചോ ലോലമായ ഒരു സാരിക്കു തീ പിടിച്ചോ ഉള്ള, ആസൂത്രണം ചെയ്ത ഒരു മാരക അത്യാഹിതമായിരുന്നു സാധാരണമായി ഈ അന്തിമവിധി.
വിവാഹിതയായ ഒരു സ്ത്രീക്ക് തന്റെ ജീവൻ അപകടത്തിലാണെന്നു തോന്നുന്നപക്ഷം തുണയ്ക്കായി ഇപ്പോൾ നിയമനിർമാണവും സ്ത്രീകളുടെ പൊലീസ് യൂണിറ്റുകളും സ്ത്രീകളുടെ കോടതികളും പിന്തുണാ സംഘങ്ങളും ഉണ്ട്. കൂടുതൽ വിദ്യാഭ്യാസം ലഭ്യമായിരിക്കുന്നതിനാലും തൊഴിലവസരങ്ങൾ തുറന്നു കിട്ടിയിരിക്കുന്നതിനാലും ചിലർ വിവാഹം വേണ്ടന്നു വയ്ക്കുന്നു. അല്ലെങ്കിൽ സ്വന്തമായി ഒരു ജീവിതവൃത്തി കണ്ടെത്തിയിട്ടു വളരെനാൾ കഴിഞ്ഞു വിവാഹം കഴിക്കാമെന്നു വയ്ക്കുന്നു. അങ്ങനെ, ആണുങ്ങളിലുള്ള ആശ്രയമോ പലപ്പോഴും അവരുടെ ക്രൂരമായ ആധിപത്യമോ അത്ര വലുതല്ല.
പെൺകുഞ്ഞുങ്ങൾക്കു കൂടുതൽ ശ്രദ്ധ ലഭിക്കുന്നു
സ്ത്രീകളെ ബാധിക്കുന്നതും 21-ാം നൂറ്റാണ്ട് അടുത്തുവരുന്നതോടെ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ മറ്റൊരു പ്രശ്നം ആൺകുഞ്ഞുങ്ങൾക്കു വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹമാണ്. പുരാതന മത പഠിപ്പിക്കലുകളുടെയും സാമ്പത്തിക പരിഗണനകളുടെയും അടിസ്ഥാനത്തിലുള്ള ഈ ധാരണ മിക്കപ്പോഴും പെൺകുഞ്ഞുങ്ങളെ കൊലചെയ്യുന്നതിലേക്കും ആൺകുഞ്ഞുങ്ങൾക്കു കൊടുക്കുന്നതിനെക്കാൾ കുറച്ചു മാത്രം ആഹാരവും വിദ്യാഭ്യാസവും ആരോഗ്യശ്രദ്ധയും കൊടുത്തുകൊണ്ടു പെൺകുട്ടികളോടു ദുഷിച്ചരീതിയിൽ പെരുമാറുന്നതിലേക്കും നയിച്ചിരിക്കുന്നു.
ഗർഭസ്ഥശിശുവിന്റെ ഭ്രൂണം നിർണയിക്കുന്നതിനുവേണ്ടി ജരായൂദ്രവശേഖരണം (amniocentesis) ഉപയോഗപ്പെടുത്തുന്ന രീതി വ്യാപകമായിത്തീർന്നിരിക്കുന്നു. നിയമപരമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നതെങ്കിലും ഈ നടപടി ഇപ്പോഴും തീർത്തും സാധാരണമായ ഒന്നുതന്നെയാണ്. ആൺകുട്ടിയാണു കൂടുതൽ നല്ലതെന്നുള്ള വീക്ഷണത്തിനു മാറ്റം വരുത്താൻ ആത്മാർഥമായ ശ്രമങ്ങൾ നടത്തിവരുന്നു.
മനുഷ്യനിർമിത തത്ത്വചിന്തകൾ പല വിധങ്ങളിലും സ്ത്രീകളെ താഴ്ത്തിമതിച്ചിരിക്കുന്നു. വിധവമാരോടുള്ള ഇടപെടൽ ഇതിനൊരു ഉദാഹരണമാണ്. പുരാതന ഇന്ത്യയിൽ വിധവമാർക്കു പുനർവിവാഹം അനുവദിച്ചിരുന്നു. എന്നാൽ പൊതുയുഗം ഏതാണ്ട് ആറാം നൂറ്റാണ്ടു തുടങ്ങി നിയമദാതാക്കൾ ഇതിനെ എതിർത്തു. അതോടെ വിധവമാരുടെ വിധി ദയനീയമായിത്തീർന്നു. പുനർവിവാഹം നിഷേധിക്കപ്പെട്ട ഇവരുടെ മരിച്ചുപോയ ഭർത്താക്കൻമാരുടെ വസ്തുവകകൾ പലപ്പോഴും ബന്ധുക്കൾ കൊള്ളയടിച്ചു, കുടുംബത്തിനൊരു ശാപമെന്നപോലെ അവരോട് ഇടപെട്ടു. ദ്രോഹത്തിന്റെയും അവജ്ഞയുടെയും ഈ ജീവിതത്തെക്കാൾ ഭേദമായി അനേക വിധവമാരും തങ്ങളുടെ ഭർത്താക്കൻമാരുടെ ചിതയിലെ ബലിമരണം തിരഞ്ഞെടുത്തു.
19-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ പരിഷ്കർത്താക്കൾ ഈ സ്ത്രീകളുടെ ഭാരം ലഘൂകരിക്കാൻ ശ്രമംതുടങ്ങി. എന്നാൽ ആഴത്തിൽ പതിഞ്ഞിരുന്ന വികാരങ്ങൾ കത്തിയമരാൻ സമയമെടുക്കുമായിരുന്നു. പല സമുദായങ്ങളിലും വിധവയുടെ വിധി, ചിലപ്പോൾ പ്രായംചെന്ന ഭർത്താവു മരിച്ചുപോയ തീരെ ചെറുപ്പക്കാരിയായ ഒരു സ്ത്രീയുടെ വിധി, വാസ്തവത്തിൽ കഷ്ടകരമായ ഒന്നാണ്. വികസന പഠനങ്ങൾക്കുള്ള സ്ഥാപനത്തിലെ ഡോ. സഹരദ ജെയ്ൻ ഇപ്രകാരം പറയുന്നു: “സ്ത്രീകളുടെ മുഴു മനസ്സും ഭർത്താവിന്റെ വ്യക്തിത്വത്തിൽ പണിയപ്പെട്ടതായിരിക്കാൻ സ്ത്രീകൾ വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു എന്ന വസ്തുതയിൽനിന്നാണു വൈധവ്യത്തിന്റെ കഷ്ടത രൂപമെടുക്കുന്നത്.” 21-ാം നൂറ്റാണ്ടിലേക്ക് അന്തസ്സോടെ നീങ്ങാൻ വിധവമാരെ സഹായിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
ഗ്രാമീണ-നാഗരിക വ്യത്യാസങ്ങൾ
നഗരത്തിലെ സ്ത്രീകൾക്കും ഗ്രാമീണ സ്ത്രീകൾക്കുമിടയിൽ ഒരു വലിയ അന്തരം നിലവിലുണ്ട്. ഗ്രാമീണ സ്ത്രീകളുടെ 25 ശതമാനം നിരക്ഷരരായിരിക്കുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു; നഗരങ്ങളിൽ വളരെ വലിയ ശതമാനം സ്കൂളുകളിൽനിന്നും കോളെജുകളിൽനിന്നും പ്രയോജനമനുഭവിക്കുന്നു. ഗ്രാമീണ സ്ത്രീകളെ സഹായിക്കുന്നതിനായി സാമൂഹിക പ്രവർത്തകർ സാക്ഷരതാ ക്ലാസ്സുകളും ആരോഗ്യപരിപാലന പരിശീലനവും തൊഴിൽ പദ്ധതികളും ക്രമീകരിക്കുന്നു. ചില സംസ്ഥാന ഗവൺമെന്റുകൾ പൊതു മേഖലയിലെയും സഹകരണ സ്ഥാപനങ്ങളിലെയും സ്ത്രീകൾക്കുവേണ്ടിയുള്ള പ്രാദേശിക സ്വയം ഭരണകൂടത്തിലെയും തൊഴിലവസരങ്ങളുടെ 30 ശതമാനം സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഇന്ത്യയിലെ കോടികളുടെ വിധിയായിരിക്കുന്ന വേദനയും ദുരിതവും നിർമാർജനം ചെയ്യാൻ വനിതാ പ്രസ്ഥാനങ്ങൾ ശ്രമിക്കുന്നു. ഇവയ്ക്ക് ഒരളവുവരെ വിജയം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട്, ഇന്ത്യയിലെ സ്ത്രീകളുടെ ഭാവിയെക്കുറിച്ച് നമുക്കെന്തു പറയാൻ കഴിയും?
21-ാം നൂറ്റാണ്ടിലേക്കുള്ള നീക്കം!
21-ാം നൂറ്റാണ്ടിലേക്കു നീങ്ങവേ ഇന്ത്യൻ സ്ത്രീകളുടെ സ്ഥാനത്തിന് മാറ്റം സംഭവിക്കുന്നുണ്ടോ? ഉണ്ട്, അതിവേഗത്തിൽ. എന്നാൽ ഇന്ത്യൻ സ്ത്രീകൾ ലോകമെമ്പാടുമുള്ള അവരുടെ സഹോദരിമാരുടേതിനോടു സമാനമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നു. പുരോഗതിയുണ്ട്, എന്നാൽ അതോടൊപ്പം തിരിച്ചടികളുമുണ്ട്. പ്രത്യാശയുണ്ട്, എന്നാൽ നിരാശയുമുണ്ട്. സുന്ദരമായ ഭവനങ്ങളും ആഡംബരപൂർവമായ ജീവിതശൈലികളുമുണ്ട്, എന്നാൽ അതോടൊപ്പം ചേരിപ്രദേശങ്ങളും ഞെരുക്കുന്ന ദാരിദ്ര്യവും കൊല്ലുന്ന വിശപ്പുമുണ്ട്. കോടിക്കണക്കിനാളുകൾക്കു വയറ്റിപ്പിഴപ്പിനപ്പുറം അചിന്തനീയമാണ്. എന്നാൽ മറ്റു ചിലർ ലോകത്തിനു വാഗ്ദാനം ചെയ്യാനുള്ളതെല്ലാം സ്വന്തമാക്കുന്നതുപോലെ തോന്നുന്നു. മിക്കവർക്കും ഭാവി അനിശ്ചിതമാണ്; അവർക്കു സ്വപ്നങ്ങളുണ്ട്, എന്നാൽ ഒപ്പം സംശയങ്ങളും.
എന്നാൽ, ചിലർക്ക് ഭാവി, വാഗ്ദാനത്താൽ പ്രശോഭിതമാണ്, പ്രത്യേകിച്ചു ക്രിസ്തുയേശുവിനാലുള്ള യഹോവയുടെ രാജ്യഭരണത്തിൻകീഴിൽ വരുന്ന പറുദീസാ ഭൂമിയിൽ പ്രത്യാശ വെക്കുന്നവർക്ക്. (വെളിപ്പാടു 21:1, 4, 5) സ്ത്രീകൾ ജീവിതം പൂർണമായി ആസ്വദിക്കുന്ന ഒരു 21-ാം നൂറ്റാണ്ടിലേക്ക് ഇവർ തികഞ്ഞ ആത്മവിശ്വാസത്തോടെ നോക്കിപ്പാർത്തിരിക്കുന്നു.
[16-ാം പേജിലെ ചിത്രം]
പണിസ്ഥലത്തേക്ക് ഇഷ്ടിക ചുമന്നുകൊണ്ടുപോകുന്നു
[17-ാം പേജിലെ ചിത്രം]
വീട്ടാവശ്യത്തിനുള്ള വെള്ളം കോരുന്നു
[18-ാം പേജിലെ ചിത്രം]
കൂടിയാലോചനായോഗത്തിൽ പുരുഷൻമാർക്കൊപ്പം
[18-ാം പേജിലെ ചിത്രം]
കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുന്നു