നീർപോത്ത്—വിശ്വസ്തനും ഉപകാരിയും
ബ്രസീലിലെ ഉണരുക! ലേഖകൻ
‘ഓടിക്കോ, ഓടിക്കോ! അതാ ഒരു കടുവാ!’ ആൺകുട്ടികൾ നിലവിളിക്കുന്നു. അവർ അവരുടെ പോത്തുകളുടെ അടുത്തേക്കു പാഞ്ഞുചെന്ന് അവയുടെ പുറത്തു ചാടിക്കയറി കുതിച്ചുപായുന്നു. പെട്ടെന്ന് സെയ്ഡ്ജാ എന്ന കുട്ടി സമനില തെറ്റി നെൽവയലിലേക്കു വീഴുന്നു—അടുത്തുവരുന്ന കടുവക്ക് തീർച്ചയായും ഇര തന്നെ. എന്നാൽ, സെയ്ഡ്ജായുടെ പോത്ത് ഇതു കാണുന്നു. അതു തിരിഞ്ഞുവന്നു വീതിയുള്ള അതിന്റെ ശരീരം തന്റെ കൊച്ചു സുഹൃത്തിന്റെമേൽ മേൽക്കൂരപോലെ വെച്ചിട്ടു കടുവായെ നേരിടുന്നു. ആ വലിയ പൂച്ച ആക്രമിക്കുന്നു, പക്ഷേ പോത്ത് ഉറച്ചുനിന്നു സെയ്ഡ്ജായെ രക്ഷിക്കുന്നു.
പത്തൊൻപതാം നൂറ്റാണ്ടിൽ ഏഷ്യയിൽ ജീവിച്ചിരുന്ന ഒരു എഴുത്തുകാരനായ എഡ്വേർഡ് ഡൗവിസ് ഡെക്കെർ വർണിച്ച ഈ ഏറ്റുമുട്ടൽ നീർപോത്തിന്റെ ആകർഷകമായ ഒരു സവിശേഷത പ്രകടമാക്കുന്നു: വിശ്വസ്തത. വിശ്വസ്തത ഇന്നും അതിന്റെ മുഖമുദ്രയാണ്. ഒരു വിദഗ്ധൻ ഇപ്രകാരം പറയുന്നു: “നീർപോത്ത് ഒരു ഓമനപ്പട്ടിയെപ്പോലെയാണ്. നന്നായി പരിരക്ഷിക്കുകയാണെങ്കിൽ അത് അതിന്റെ ആയുഷ്കാലം മുഴുവൻ നിങ്ങൾക്കു സ്നേഹം നൽകുന്നു.”
ഏഷ്യയിലെ വെറും നാലു വയസ്സുള്ള കുട്ടികൾക്കുപോലും അവയെ നോക്കേണ്ടതെങ്ങനെയെന്നറിയാം. എല്ലാ ദിവസവും അവർ തങ്ങളുടെ തടിമാടൻ സുഹൃത്തുക്കളെ നദിയിലേക്കു കൊണ്ടുപോകുന്നു. അവിടെ അവർ അവയെ മൊത്തം കുളിപ്പിക്കുന്നു. തങ്ങളുടെ കൊച്ചു കൈകൾക്കൊണ്ട് അവർ മൃഗങ്ങളുടെ ചെവിയും കണ്ണും മൂക്കുമെല്ലാം വൃത്തിയാക്കുന്നു. പ്രതികരണമായി, പോത്ത് സംതൃപ്തിയോടെ ദീർഘശ്വാസം വിടുന്നു. അതിന്റെ ഇരുണ്ട ചർമം വളരെയധികം ചൂട് ആഗിരണം ചെയ്യുന്നു, സ്വേദഗ്രന്ഥികൾ വളരെ കുറവാണു താനും. അതുകൊണ്ട് ശരീരം തണുപ്പിക്കുന്നതു സംബന്ധിച്ച് അതിനു പ്രശ്നമുണ്ട്. എന്നുമുള്ള ഈ മുക്കലുകൾ അവ ഇഷ്ടപ്പെടുന്നതിൽ അതിശയിക്കാനില്ല! “കണ്ണുകൾ പകുതി അടച്ച് അയവിറക്കിക്കൊണ്ടു വെള്ളത്തിലോ ചെളിയിലോ മുങ്ങിക്കിടക്കുന്ന” നീർപോത്തുകൾ “അകമഴിഞ്ഞ ആനന്ദത്തിന്റെ ഒരു ചിത്രമാണ്.”
എന്നിരുന്നാലും, വെള്ളത്തോടുള്ള ആഗ്രഹം അവയുടെ സ്വഭാവഗുണങ്ങളിൽ ഒന്നുമാത്രമാണ്. മറ്റെന്തു സ്വഭാവഗുണങ്ങളാണ് അവയ്ക്കുള്ളത്? എന്തുകൊണ്ടാണ് അവ ഉപകാരികളായിരിക്കുന്നത്? ഒന്നാമതായി, അവയുടെ ആകാരം എന്താണ്?
ഗോളത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന പേശീപുഷ്ടിയുള്ള മൃഗം
നീർപോത്തിനെ (ബൂബലസ് ബൂബലിസ്) കണ്ടാൽ കൂറ്റൻ കാളയെപ്പോലെയിരിക്കും. അതിന് 900 കിലോഗ്രാമും അതിലധികവും തൂക്കം വരും. ഒട്ടുംതന്നെ രോമമില്ലാത്ത, സ്ലേറ്റുകല്ലിന്റേതുപോലെ ചാരനിറമുള്ള ചർമമാണ് അതിനുള്ളത്. തോൾവരെ 1.8 മീറ്റർ ഉയരവും നീണ്ടു വളഞ്ഞ കൊമ്പുകളും വളവില്ലാത്ത മുതുകും നീണ്ട ശരീരവും കുനിഞ്ഞ കഴുത്തും നല്ല പേശീഘടനയുമുള്ള അത് ശക്തിയുടെ ചിത്രമാണ്. അതിന്റെ ബലിഷ്ഠമായ കാലുകളിൽ ചെളിയിലൂടെ നടക്കാൻ ഏറ്റവും പറ്റിയ തരത്തിലുള്ള പാദരക്ഷയുണ്ട്: അവയാണ് എത്രവേണമെങ്കിലും വളയുന്ന ചേർപ്പുകളോടു ബന്ധിപ്പിച്ചിരിക്കുന്ന വലിയ പെട്ടിപോലെയുള്ള കുളമ്പുകൾ. ഈ അയവു നിമിത്തം പോത്തിന് അതിന്റെ കുളമ്പുകൾ പിറകോട്ടു വളയ്ക്കാനും പ്രതിബന്ധങ്ങളെ തരണം ചെയ്യാനും കന്നുകാലികൾ തെന്നിവീഴുന്ന ചെളിവയലുകളിലൂടെ മെല്ലെ നീങ്ങാനും കഴിയുന്നു.
ലോകത്തിലെ 15 കോടി വരുന്ന വളർത്തു നീർപോത്തുകൾ രണ്ടു തരമുണ്ട്: ചതുപ്പിൽ വളരുന്നവയും നദിയിൽ വളരുന്നവയും. 1.2 മുതൽ 1.8 വരെ മീറ്റർ നീളമുള്ള, പുറകോട്ടു വളഞ്ഞിരിക്കുന്ന കൊമ്പുകളോടുകൂടിയ ചതുപ്പു പോത്ത് ഫിലിപ്പൈൻസ്മുതൽ ഇന്ത്യവരെ പ്രിയങ്കരമായ പോസ്റ്റ്കാർഡ് മാതൃകയാണ്. ഫോട്ടോയ്ക്കുവേണ്ടി പോസ് ചെയ്യുന്നതൊഴിച്ചുള്ള സമയത്തു നോക്കിയാൽ അത് നെൽപ്പാടങ്ങളിലൂടെ മുട്ടറ്റം ചെളിയിൽ നീങ്ങുകയോ ഏതൊരു ട്രക്ക് ഡ്രൈവറെയും വിറപ്പിക്കുന്ന പാതകളിലൂടെ വണ്ടിവലിക്കുകയോ ആയിരിക്കും.
നദികളിലെ പോത്ത് ചതുപ്പിലേതിനെപ്പോലെ തന്നെയാണ്. എന്നാൽ അതിന്റെ ശരീരം അൽപ്പംകൂടെ വലിപ്പംകുറഞ്ഞതും കൊമ്പുകൾ കുറച്ചുകൂടെ ചെറുതുമാണ്—അവ നന്നായി പിരിഞ്ഞവയോ നേരെ കുനിഞ്ഞവയോ ആണ്. 900 കിലോഗ്രാം തൂക്കമുള്ള അതും കാഴ്ചയ്ക്കു സുന്ദരൻ തന്നേ. അറബി വ്യാപാരികൾ പണ്ട് ഈ ഇനത്തെ ഏഷ്യയിൽനിന്നും മധ്യപൂർവ ദേശത്തേക്കു കൊണ്ടുവന്നു; പിന്നീട്, യുദ്ധം കഴിഞ്ഞു മടങ്ങിയ കുരിശുയോദ്ധാക്കൾ അതിനെ യൂറോപ്പിനു പരിചയപ്പെടുത്തി. അവിടെ അത് ഇപ്പോഴും പെരുകുന്നു.
നീർപോത്തുകൾ വേഗത്തിൽ സഞ്ചരിക്കില്ല. എന്നാൽ മണിക്കൂറിൽ മൂന്നു കിലോമീറ്റർ എന്ന സ്ഥിരമായ വേഗതയിൽ അതിനു സഞ്ചരിക്കാൻ കഴിയും. ചതുപ്പു പോത്തും നദീ പോത്തും ലോകമെമ്പാടും കാണപ്പെടുന്നു. ഓസ്ട്രേലിയയുടെ വടക്കേ തീരത്തും പസഫിക് ദ്വീപുകളിലും അവയുണ്ട്. എന്തിന്, ആമസോൺ വനത്തിൽപോലും അവയുണ്ട്. ആമസോണിലോ?
തഴച്ചുവളരുന്ന കുടിയേറ്റക്കാർ
ആമസോണിലേക്കു സ്ഥിരം പൊയ്ക്കൊണ്ടിരിക്കുന്ന ജീവശാസ്ത്ര വിനോദയാത്രികർ മിക്കപ്പോഴും പിടികിട്ടാത്ത അമേരിക്കൻ പുള്ളിപ്പുലിയെയും തെക്കേ അമേരിക്കയിലെ രാജ ജലസർപ്പങ്ങളെയും തേടി നദീതീരങ്ങൾ അരിച്ചു പരിശോധിക്കുന്നു. എന്നാൽ, കാട്ടിലെ നവാഗതരെ കാണാൻ അവർക്ക് ബൈനോക്കുലേഴ്സിന്റെയോ കണ്ണടയുടെ പോലുമോ ആവശ്യമില്ല—അവരാണ് ആയിരങ്ങൾ വരുന്ന നീർപോത്തുകൾ.
ആമസോണിലൂടെ വിഹരിക്കുന്ന ഈ ഏഷ്യൻ അഭയാർഥികൾ പരിസ്ഥിതിവ്യവസ്ഥക്കു ഭീഷണിയാണെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നദീമുഖതുരുത്തിലെ ഒരു ദ്വീപായ മാരജോയിലെ പൊലീസിനോടു നിങ്ങളുടെ എതിർപ്പു പ്രകടിപ്പിക്കുന്നതു സൂക്ഷിച്ചുവേണം! പൊലീസ് സ്റ്റേഷനിൽ എത്തുമ്പോൾ നിങ്ങൾ പറയുന്നതു നിഷ്പക്ഷമായി കേൾക്കാൻ ആരുമുണ്ടാവില്ല. എന്തുകൊണ്ടെന്നാൽ ഡ്യൂട്ടിയിലുള്ള ജോലിക്കാരൻ റോന്തുചുറ്റാനായി, ഭീതിപ്പെടുത്തുന്നതെങ്കിലും ഇണക്കമുള്ള ഒരു ജോലിക്കാരന്റെ പുറത്തേറി പോകാൻ തുടങ്ങുകയായിരിക്കും. അത് ഒരു നീർപോത്താണെന്നുള്ള നിങ്ങളുടെ ഊഹം ശരിയാണ്—അതും ചതുപ്പുനിലത്തെ ഇനം! പിന്നെ ആരു പരാതിപറയാനാണ്?
നീർപോത്തുകൾ വാസ്തവത്തിൽ ആമസോൺ മേഖലയ്ക്ക് ഒരു സ്വത്താണെന്ന് ബ്രസീലിലുള്ള രണ്ടു നീർപോത്തു ഗവേഷണ കേന്ദ്രങ്ങളിലൊന്നിൽ ജോലിചെയ്യുന്ന മൃഗഡോക്ടർ ഡോ. പൈട്രോ ബരൂസെല്ലി പറയുന്നു. പോത്തുകൾക്ക് ഒന്നാന്തരം ദഹനവ്യവസ്ഥയാണുള്ളതെന്ന് അദ്ദേഹം ഉണരുക!യോടു പറഞ്ഞു. അതുകൊണ്ട് സാധാരണ കന്നുകാലികൾ ശോഷിച്ചുപോകാൻ ഇടയാക്കുന്ന പുൽമേടുകളിൽ ഇവയ്ക്കു പുഷ്ടിപ്പെടാൻ കഴിയുന്നു. കന്നുകാലി വളർത്തലുകാർക്കു പുതിയ പുൽമേട് ഉണ്ടാക്കുന്നതിനുവേണ്ടി തുടരെത്തുടരെ കാടു വെട്ടിത്തെളിക്കേണ്ടതുണ്ട്, എന്നാൽ പോത്തുകൾക്കു പുഷ്ടിപ്രാപിക്കാൻ ഇപ്പോഴുള്ള പുൽമേടുകൾത്തന്നെ മതി. “മഴക്കാടിന്റെ സംരക്ഷണത്തിന്” നീർപോത്തുകൾ “സഹായകമാണ്” എന്ന് ഡോ. ബരൂസെല്ലി പറയുന്നു.
എന്നിരുന്നാലും, കാട്ടിൽ അതിജീവിക്കുന്നതിനു പോത്തുകൾക്കു ഞൊടിയിടയിൽ പ്രവർത്തിക്കാൻ കഴിവുണ്ടായിരിക്കണം. ആ കഴിവ് അതിനുണ്ടുതാനും. മഴക്കാലത്ത് ആമസോൺ നദി പുൽമേടുകളെ മുക്കുമ്പോൾ പോത്തുകൾ അതിന്റെ നനഞ്ഞ ചുറ്റുപാടുകളോട് ഇണങ്ങുന്നു എന്ന് നീർപോത്ത്: പൂർണമായും ഉപയോഗപ്പെടുത്താതിരുന്ന മൃഗത്തിന്റെ പുതിയ സാധ്യതകൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. തരിശായ ഉയർന്ന തുണ്ടുഭൂമികളിൽ പോകാൻ നിർബന്ധിതരായിരിക്കുന്ന വയറു കാലിയായ കന്നുകാലികൾ, വെള്ളത്തിലൂടെ നടന്ന് അതിൽ പൊങ്ങിക്കാണുന്ന ചെടികൾ മൂക്കറ്റം തിന്നുകയും വെള്ളത്തിനടിയിൽ പോലും മേയുകയും ചെയ്യുന്ന തങ്ങൾക്കു ചുറ്റുമുള്ള പോത്തുകളെ അസൂയപൂണ്ട നേത്രങ്ങളോടെ നോക്കുന്നു. പുൽമേടുകൾ വീണ്ടും ഉണ്ടാകുമ്പോൾ പോത്തുകൾ മുമ്പായിരുന്നതുപോലെതന്നെ കൊഴുത്തിരിക്കുന്നതു കാണാം.
രാജ്ഞിത്തള്ള
ബ്രസീലിന്റെ മറ്റു ഭാഗങ്ങളിലുള്ള നീർപോത്തുകളും നന്നായി വളരുന്നു. 1980-കളുടെ ആദ്യം മുതൽ രാജ്യത്തെ മൃഗപ്പറ്റങ്ങൾ നാലു ലക്ഷത്തിൽനിന്ന് 30 ലക്ഷത്തിലധികമായി കുതിച്ചുയർന്നിരിക്കുന്നു. യഥാർഥത്തിൽ കന്നുകാലികളെക്കാളും വളരെയധികം വേഗത്തിലാണു പോത്തുകളുടെ വർധനവ്. എന്തുകൊണ്ട്?
പോത്ത് രണ്ടാം വയസ്സിൽ ഇണചേരാൻ തയ്യാറാണെന്ന് ബ്രസീലിലെ ഒരു പോത്തു വളർത്തലുകാരനായ വാണ്ടെർലി ബെർനാർഡ്സ് വിശദീകരിക്കുന്നു. ചിനപിടിച്ച് പത്തുമാസം കഴിയുമ്പോൾ എരുമ അതിന്റെ ആദ്യത്തെ കിടാവിനെ പ്രസവിക്കുന്നു. ഏതാണ്ട് 14 മാസം കഴിയുമ്പോൾ രണ്ടാമത്തെ കിടാവ് ഉണ്ടാകുന്നു. കിടാവുകളുടെ താഴ്ന്ന മരണനിരക്കും രോഗങ്ങളോടുള്ള നല്ല ചെറുത്തുനിൽപ്പും നിമിത്തം പോത്ത് നല്ല പുനരുൽപ്പാദനശേഷിയോടുകൂടിയ ദീർഘകാലത്തെ ജീവിതം ആസ്വദിക്കുന്നു. എത്രകാലം? ശരാശരി 20-ലധികം വർഷങ്ങൾ. അതിന്റെ പുനരുൽപ്പാദനശേഷിയോ?
“ഞാൻ കാണിച്ചുതരാം,” സാവോ പൗലോക്ക് ഏതാണ്ട് 160 കിലോമീറ്റർ പടിഞ്ഞാറായുള്ള തന്റെ 750 ഏക്കർ കൃഷിയിടത്തിലെ നിമ്നോന്നതമായ പുൽമേടുകളിലേക്കു കാലുനീട്ടിവച്ചു നടക്കവേ ശ്രീ. ബെർനാർഡ്സ് പറയുന്നു. “ഇതാണ് റെയ്നാ (രാജ്ഞി)” ഒരു മൃഗത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം സ്നേഹത്തോടെ പറയുന്നു. അതിന്റെ തേയ്മാനം സംഭവിച്ച ചർമവും പൊട്ടിയ കൊമ്പുകളും പോത്തുകളുടെ ദീർഘായുസ്സിനെ പ്രകടിപ്പിക്കുന്നു. “25 വയസ്സുള്ള ഇവൾ പല തലമുറകളുടെ വല്യമ്മയാണ്. എന്നാൽ അവൾ 20-ാമത്തെ കിടാവിന് ജൻമം നൽകിയതേയുള്ളൂ,” അദ്ദേഹം പുഞ്ചിരിയോടെ കൂട്ടിച്ചേർക്കുന്നു. റെയ്നായെപ്പോലെയുള്ള വല്യമ്മമാരുള്ള സ്ഥിതിക്ക്, അടുത്ത നൂറ്റാണ്ടിൽ ലോകത്തിലെ ഏറ്റവും വലിയ പോത്തിൻപറ്റം മേയുന്നതു ബ്രസീലിലായിരിക്കും എന്നു ചില വിദഗ്ധർ പ്രവചിക്കുന്നതിൽ അതിശയമില്ല!
ജീവനുള്ള ഒരു ട്രാക്ടറും അതിലധികവും
എന്നാൽ, ഇപ്പോൾ ആ പേര് ലോകത്തിലെ പോത്തുകളുടെ ഏതാണ്ട് പകുതിയുടെയും പാർപ്പിടമായ ഇന്ത്യക്കാണുള്ളത്. അവിടെയും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും ദരിദ്രരായ കോടിക്കണക്കിനു കർഷക കുടുംബങ്ങൾക്ക് പോത്തുള്ളതുമൂലം കുറച്ചു കൃഷിഭൂമികൊണ്ടു കഴിഞ്ഞുകൂടാൻ കഴിയുന്നു. ഡീസലിന്റെയോ സ്പെയർ പാർട്സിന്റെയോ ആവശ്യമില്ലാത്ത അവരുടെ “ജീവനുള്ള ട്രാക്ടർ” വലിക്കുകയും ഉഴുകയും കട്ട പൊടിച്ചുനിരത്തുകയും വണ്ടിവലിക്കുകയും 20-ലധികം വർഷങ്ങളോളം കുടുംബത്തെ പുലർത്തുകയും ചെയ്യുന്നു. ഒരു പ്രായംചെന്ന ഏഷ്യാക്കാരി ഇപ്രകാരം പറഞ്ഞു: “എന്റെ കുടുംബത്തിൽ എന്നെക്കാളും പ്രധാനമാണു പോത്ത്. ഞാൻ മരിക്കുമ്പോൾ അവർ കരയും; എന്നാൽ ഞങ്ങളുടെ പോത്ത് ചാകുമ്പോഴോ അവർ പട്ടിണിയായേക്കാം.”
കൃഷിയിൽ സഹായിക്കുന്നതുകൂടാതെ പോത്ത് ഒരു ഭക്ഷണോത്പാദകൻ കൂടെയാണ്. ഇന്ത്യയിലെ പാലിന്റെ ഏതാണ്ട് 70 ശതമാനം ഉത്പാദിപ്പിക്കുന്നതു നദിയിൽ വളരുന്ന എരുമയാണ്. എരുമപ്പാലിനു വലിയ ഡിമാൻഡാണ്. അതുകൊണ്ട് ഇപ്പോൾ പശുവിൻ പാൽ വിൽക്കാൻ പ്രയാസമാണ്. എന്തുകൊണ്ടാണ് പലരും അത് കൂടുതൽ ഇഷ്ടപ്പെടുന്നത്? നീർപോത്ത്: പൂർണമായും ഉപയോഗപ്പെടുത്താതിരുന്ന മൃഗത്തിന്റെ പുതിയ സാധ്യതകൾ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം വിശദീകരിക്കുന്നു: “എരുമപ്പാലിൽ പശുവിൻ പാലിൽ ഉള്ളതിനെക്കാൾ കുറച്ചു വെള്ളവും കൂടുതൽ പൂർണഖരങ്ങളും കൂടുതൽ കൊഴുപ്പും അൽപ്പം കൂടുതൽ ലാക്റ്റോസും കൂടുതൽ മാംസ്യവും അടങ്ങിയിരിക്കുന്നു.” അത് വളരെയധികം ഊർജം നൽകുന്നതും രുചികരവുമാണ്. മൊസരെല്ലയും റിക്കൊട്ടയും രുചികരമായ മറ്റുപല പാൽക്കട്ടികളും ഉണ്ടാക്കാൻ അവ ഉപയോഗിക്കുകയും ചെയ്യുന്നു.
പോത്തിറച്ചിയോ? “ഞങ്ങൾക്കു ഡിമാൻഡനുസരിച്ചു തൃപ്തിപ്പെടുത്താൻ കഴിയുന്നില്ല,” റാഞ്ചെർ ബെർനാർഡ്സ് പറയുന്നു. ആളുകൾക്കു കൂടുതൽ ഇഷ്ടമുള്ള സ്വാദിനെക്കുറിച്ച് ഓസ്ട്രേലിയയിലും വെനെസ്വേലയിലും ഐക്യനാടുകളിലും മറ്റു രാജ്യങ്ങളിലും നടത്തിയ പരിശോധനകളിൽ കന്നുകാലിയിറച്ചിയെക്കാളും ആളുകൾക്ക് ഇഷ്ടം പോത്തിറച്ചിയായിരുന്നു. വാസ്തവത്തിൽ, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകൾ കൊഴുപ്പൂറുന്ന കാളയിറച്ചിയുടെ സ്വാദുമാത്രം നോക്കുമ്പോൾ പോത്തിറച്ചി കിട്ടിയാൽ മിക്കവാറും വെട്ടിവിഴുങ്ങുന്നു. “പലപ്പോഴും ആളുകൾക്ക് ഒരു മുൻവിധിയുണ്ട്. എന്നാൽ പോത്തിറച്ചി കാളയിറച്ചിപോലെതന്നെ നല്ലതാണ്, പലപ്പോഴും അത് കൂടുതൽ മെച്ചമാണ്,” ഡോ. ബരൂസെല്ലി നിരീക്ഷിക്കുന്നു.
പോത്തിന്റെ വലിപ്പം കുറയുന്നു
പോത്തുകളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും അതു കുഴപ്പത്തിലാണ്. എർത്ത്സ്കാൻ ബുള്ളെറ്റിൻ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “ഇണചേർക്കാൻ ഏറ്റവും പറ്റിയ വലിയ പോത്തുകളെ പലപ്പോഴും വണ്ടിമൃഗങ്ങളായി തിരഞ്ഞെടുത്ത് അവയുടെ വൃഷണം നീക്കംചെയ്യുകയോ കൊല്ലാനയയ്ക്കുകയോ ചെയ്യുന്നു.” അങ്ങനെ വലിയ മൃഗങ്ങളുടെ പാരമ്പര്യഗുണങ്ങൾ നഷ്ടപ്പെട്ടു പോത്തുകളുടെ വലിപ്പം കുറയുന്നു. “പത്തു വർഷം മുമ്പ് തായ്ലൻഡിൽ 1,000 കി.ഗ്രാം തൂക്കമുള്ള [2,200 പൗണ്ട്] പോത്തുകളെ കാണുക സാധാരണമായിരുന്നു; ഇപ്പോൾ 750 കി.ഗ്രാം [1,700 പൗണ്ട്] ഉള്ളവയെപ്പോലും കാണുക പ്രയാസമാണ്.” ഈ പ്രശ്നം പരിഹരിക്കാനാകുമോ?
ആകുമെന്ന് 28 മൃഗശാസ്ത്രജ്ഞൻമാർ ശേഖരിച്ച ഒരു റിപ്പോർട്ടു പറയുന്നു. എന്നാൽ “വിശേഷപ്പെട്ട പോത്തിനങ്ങളെ കാത്തുസൂക്ഷിക്കാനും സംരക്ഷിക്കാനുമുള്ള . . . അടിയന്തിര പ്രവർത്തനം ആവശ്യമാണ്.” ഇത്രയും നാൾ പോത്തുകൾ അവഗണിക്കപ്പെട്ടിരുന്നുവെന്ന് അവർ സമ്മതിക്കുന്നു. എന്നാൽ “നീർപോത്തുകളെക്കുറിച്ചുള്ള മെച്ചമായ ഗ്രാഹ്യം പല വികസ്വര രാജ്യങ്ങൾക്കും മൂല്യവത്തായിരിക്കാൻ കഴിയും.” അതിന്റെ “യഥാർഥ ഗുണങ്ങൾ വെളിപ്പെടാൻ” കൂടുതലായ ഗവേഷണം സഹായിക്കുമെന്ന് അവർ പറയുന്നു.
ഏഷ്യയിലെ കർഷകർക്ക് നൂറ്റാണ്ടുകളായി അറിയാമായിരുന്നത് ഒടുവിലതാ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞൻമാർ കണ്ടെത്തുന്നു: വിശ്വസ്തരും ഉപകാരികളുമായ നീർപോത്ത് മനുഷ്യന്റെ ഏറ്റവും നല്ല മിത്രങ്ങളിലൊന്നാണെന്ന്.
[27-ാം പേജിലെ ചതുരം]
തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വം
“നീർപോത്ത് ഹീനസ്വഭാവമുള്ളവനും വൈരാഗ്യബുദ്ധിയുള്ളവനുമായി വ്യാപകമായി വിശ്വസിക്കപ്പെടുന്നു. എൻസൈക്ലോപീഡിയ ഈ ധാരണയെ സ്ഥിരീകരിക്കുകയും ചെയ്യുന്നു” എന്ന് നീർപോത്ത്: പൂർണമായും ഉപയോഗപ്പെടുത്താതിരുന്ന മൃഗത്തിന്റെ പുതിയ സാധ്യതകൾ എന്ന പുസ്തകം അഭിപ്രായപ്പെടുന്നു. എന്നാൽ, വാസ്തവത്തിൽ, വളർത്തുമൃഗമായ ഈ നീർപോത്ത് “എല്ലാ കൃഷിമൃഗങ്ങളിലുംവെച്ച് ഏറ്റവും സൗമ്യമായ ഒന്നാണ്. പേടിതോന്നിക്കുന്ന ആകാരമുണ്ടെങ്കിലും അത് കൂടുതലും വീട്ടിൽ വളർത്തുന്ന ഒരു ഓമനമൃഗത്തെപ്പോലെയാണ്—അത് സാമൂഹ്യജീവിയും സൗമ്യവും ശാന്തവുമായ പ്രകൃതക്കാരനുമാണ്.” അപ്പോൾപ്പിന്നെയെങ്ങനെയാണ് നീർപോത്തിന് അത് അർഹിക്കാത്ത ഈ പേരു ലഭിച്ചത്? ഒരുപക്ഷേ ഇതിനെ ഇതിന്റെ ഒരു അകന്ന ബന്ധുവായ ദുസ്വഭാവക്കാരൻ ആഫ്രിക്കൻ കേപ് പോത്തിൽനിന്ന് (സൈൻസെറോസ് കാഫെർ) വേർതിരിച്ചറിയാൻ കഴിയാതെ വന്നേക്കാം. എന്നാൽ നീർപോത്ത് അവയുമായി ഇണചേരില്ല. അരക്കിറുക്കരായ അത്തരം ബന്ധുക്കാരെ ഒരകലത്തിൽ നിർത്താനാണ് അവർക്ക് ഇഷ്ടം.