ബൈബിളിന്റെ വീക്ഷണം
വ്യഭിചാരം—ക്ഷമിക്കണമോ വേണ്ടയോ?
“സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങൾക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ.” (മർക്കൊസ് 11:25) വ്യഭിചാരത്തിന്റെ ഫലമായി ആടിയുലഞ്ഞ ഒരു വിവാഹത്തിന്റെ കാര്യത്തിൽ ആ വാക്കുകൾ വെല്ലുവിളിപൂർവകമായ ചില ചോദ്യങ്ങൾ ഉയർത്തുന്നു: നിഷ്കളങ്കയായ ക്രിസ്ത്യാനി അവളുടെ ഇണയോടു ക്ഷമിക്കുകയും അങ്ങനെ വിവാഹത്തെ ഭദ്രമായി നിലനിർത്തുകയും വേണമോ?a വിവാഹമോചനം നടത്താൻ തീരുമാനിക്കുന്നെങ്കിൽ ദൈവവുമായുള്ള തന്റെ സ്വന്തം നിലപാടിനെ അവൾ അപകടത്തിലാക്കുകയാണോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ബൈബിൾ എങ്ങനെ സഹായിക്കുന്നുവെന്നു നമുക്കു നോക്കാം.
എല്ലായ്പോഴും നിങ്ങൾ ക്ഷമിക്കണമോ?
“നിങ്ങൾക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ” എന്ന യേശുവിന്റെ വാക്കുകൾ, ഒരു ഇണ വ്യഭിചാരം ചെയ്യുമ്പോഴുൾപ്പെടെ, എല്ലാ സാഹചര്യങ്ങളിലും ഒരു ക്രിസ്ത്യാനി ക്ഷമിക്കാൻ കടപ്പെട്ടിരിക്കുന്നു എന്നർഥമാക്കുന്നുണ്ടോ? ക്ഷമയെക്കുറിച്ചു യേശു നൽകിയ മറ്റ് അഭിപ്രായങ്ങളുടെ വെളിച്ചത്തിൽ വേണം അവന്റെ പ്രസ്താവന മനസ്സിലാക്കാൻ.
ഉദാഹരണത്തിന്, “സഹോദരൻ പിഴെച്ചാൽ അവനെ ശാസിക്ക; അവൻ മാനസാന്തരപ്പെട്ടാൽ അവനോടു ക്ഷമിക്ക. ദിവസത്തിൽ ഏഴുവട്ടം നിന്നോടു പിഴെക്കയും ഏഴുവട്ടവും നിന്റെ അടുക്കൽ വന്നു: ഞാൻ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താൽ അവനോടു ക്ഷമിക്ക” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) എന്നു ലൂക്കൊസ് 17:3, 4-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകളിൽനിന്നു നാം ക്ഷമ സംബന്ധിച്ച ഒരു പ്രധാന തത്ത്വം പഠിക്കുന്നു. ഗുരുതരമായി പാപം ചെയ്ത കേസുകളിൽ, ആത്മാർഥമായ അനുതാപം ഉണ്ടായിരിക്കുന്നപക്ഷം ക്ഷമിക്കാൻ ശ്രമം നടത്തുന്നതിനു വ്രണിതനായ വ്യക്തിയെ ഇവിടെ തീർച്ചയായും പ്രോത്സാഹിപ്പിക്കുകയാണ്. യഹോവയും കാര്യങ്ങളെ ഈ രീതിയിലാണു വീക്ഷിക്കുന്നത്; ദിവ്യക്ഷമ ലഭിക്കാൻ നാം ആത്മാർഥമായ അനുതാപമുള്ളവരായിരിക്കണം.—ലൂക്കൊസ് 3:3; പ്രവൃത്തികൾ 2:38; 8:22.
എന്നിരുന്നാലും, തന്റെ പാപത്തിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാൻ വിസമ്മതിച്ചുകൊണ്ടു വ്യഭിചാരിയായ ഒരു ഇണ അനുതാപമില്ലാത്തവനാണെങ്കിൽ, നമുക്കു മനസ്സിലാക്കാവുന്നതുപോലെ, നിരപരാധിയായ ഇണ ക്ഷമിക്കാതിരുന്നേക്കാം എന്നും ഇതു കാണിക്കുന്നു.—1 യോഹന്നാൻ 1:8, 9 താരതമ്യം ചെയ്യുക.
ക്ഷമ—പരിണതഫലങ്ങൾ സംബന്ധിച്ചെന്ത്?
എന്നാൽ വ്യഭിചാരി അനുതാപമുള്ളവനാണെങ്കിലെന്ത്? അനുതാപമുള്ളപ്പോൾ ക്ഷമിക്കുന്നതിന് ഒരു അടിസ്ഥാനമുണ്ട്. എന്നാൽ തെറ്റുകാരൻ തന്റെ തെറ്റായ ഗതിയുടെ എല്ലാ പരിണതഫലങ്ങളിൽനിന്നും ഒഴിവാക്കപ്പെടുന്നു എന്ന് ക്ഷമയ്ക്ക് അർഥമുണ്ടോ? യഹോവയുടെ ക്ഷമയുടെ ചില ഉദാഹരണങ്ങൾ പരിചിന്തിക്കുക.
കനാൻ ദേശത്തെക്കുറിച്ചു മോശമായ റിപ്പോർട്ടു നൽകിയ പത്ത് ഒറ്റുകാരെ ശ്രദ്ധിച്ചശേഷം ഇസ്രായേല്യർ മത്സരിച്ചപ്പോൾ മോശ യഹോവയോട് ഇങ്ങനെ അപേക്ഷിച്ചു: “ഈ ജനത്തിന്റെ അകൃത്യം ക്ഷമിക്കേണമേ.” യഹോവ ഇങ്ങനെ പ്രതികരിച്ചു: “നിന്റെ അപേക്ഷപ്രകാരം ഞാൻ ക്ഷമിച്ചിരിക്കുന്നു.” തങ്ങളുടെ പ്രവർത്തനങ്ങളുടെ ഏതു പരിണതഫലങ്ങളിൽനിന്നും അപരാധികൾ ഒഴിവാക്കപ്പെട്ടുവെന്ന് ഇത് അർഥമാക്കിയോ? യഹോവ ഇപ്രകാരം തുടർന്നു: ‘എന്റെ വാക്കു കൂട്ടാക്കാതിരുന്ന എല്ലാവരും അവരുടെ പിതാക്കന്മാരോടു ഞാൻ സത്യം ചെയ്തിട്ടുള്ള ദേശം കാൺകയില്ല.’ (സംഖ്യാപുസ്തകം 14:19-23) യഹോവ പറഞ്ഞതുപോലെതന്നെ ചെയ്തു. യോശുവയും കാലേബും ഒഴികെ ആ പ്രായംചെന്നവരുടെ തലമുറ വാഗ്ദത്തദേശം കണ്ടില്ല.—സംഖ്യാപുസ്തകം 26:64, 65.
സമാനമായി, ബെത്ത്-ശേബയുമായുള്ള പാപത്തിന് നാഥാൻ പ്രവാചകൻ ദാവീദ് രാജാവിനെ ശാസിച്ചപ്പോൾ അനുതാപമുള്ള ദാവീദ് “ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു” എന്നു സമ്മതിച്ചുപറഞ്ഞു. “യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു” എന്ന് അപ്പോൾ നാഥാൻ ദാവീദിനോടു പറഞ്ഞു. (2 ശമൂവേൽ 12:13) യഹോവ ദാവീദിനോടു ക്ഷമിച്ചുവെങ്കിലും തന്റെ ശേഷിച്ച ജീവിതകാലത്ത് ദാവീദ് തന്റെ പാപത്തിന്റെ പരിണതഫലങ്ങളിൽനിന്നു കഷ്ടമനുഭവിച്ചു.—2 ശമൂവേൽ 12:9-14; 2 ശമൂവേൽ 24-ാം അധ്യായം കൂടെ കാണുക.
ദിവ്യക്ഷമയുടെ ഈ ഉദാഹരണങ്ങൾ ഒരു പ്രധാന പാഠം വിശേഷവത്കരിക്കുന്നു: ശിക്ഷ അനുഭവിക്കാതെ പാപം ചെയ്യുക സാധ്യമല്ല. (ഗലാത്യർ 6:7, 8) അനുതാപമുള്ള ഒരു പാപിക്കു ക്ഷമ ലഭിച്ചേക്കാമെങ്കിലും തന്റെ തെറ്റായ ഗതിയുടെ പരിണതഫലങ്ങളിൽനിന്ന് അയാൾ ഒഴിവാക്കപ്പെടണമെന്നു നിർബന്ധമില്ല. നിരപരാധിയായ ഇണ കടുത്ത നീരസം ഒഴിവാക്കുന്നുവെന്ന അർഥത്തിലെങ്കിലും വ്യഭിചാരിയോടു ക്ഷമിച്ചിട്ട് അയാളെ വിവാഹമോചനം നടത്താൻതന്നെ തീരുമാനിച്ചേക്കാമെന്ന് ഇത് അർഥമാക്കുന്നുണ്ടോ?
ക്ഷമയും വിവാഹമോചനവും
തന്റെ ശുശ്രൂഷയുടെ കാലത്ത് മൂന്നു സന്ദർഭങ്ങളിൽ യേശു വിവാഹമോചനത്തെക്കുറിച്ചു സംസാരിച്ചു. (മത്തായി 5:32; 19:3-9; ലൂക്കൊസ് 16:18) രസകരമെന്നു പറയട്ടെ, ഈ ചർച്ചകളിൽ ഒന്നിൽപ്പോലും യേശു ക്ഷമയെക്കുറിച്ചു പരാമർശിച്ചില്ല. ഉദാഹരണത്തിന്, മത്തായി 19:9-ൽ (NW) അവൻ ഇങ്ങനെ പറഞ്ഞതായി നാം കാണുന്നു: “പരസംഗം എന്ന കാരണത്താലല്ലാതെ തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്യുന്ന ആരും വ്യഭിചാരം ചെയ്യുന്നു.” “പരസംഗം എന്ന കാരണത്താലല്ലാതെ” എന്നു പറഞ്ഞുകൊണ്ട് ലൈംഗിക അധാർമികത വിവാഹമോചനം നടത്തുന്നതിനുള്ള അവകാശം അല്ലെങ്കിൽ ‘കാരണം’ നിരപരാധിയായ ഇണയ്ക്കു പ്രദാനം ചെയ്യുന്നുവെന്നു യേശു സമ്മതിച്ചു പറഞ്ഞു. എന്നാൽ നിരപരാധിയായ വ്യക്തി വിവാഹമോചനം നടത്തണം എന്ന് യേശു പറഞ്ഞില്ല. എന്നിരുന്നാലും അവൾക്ക് അത് ആകാം എന്ന് അവൻ വ്യക്തമായി സൂചിപ്പിച്ചു.
രണ്ടാളുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ചരടാണു വിവാഹം. (റോമർ 7:2) എന്നാൽ അവരിലൊരാൾ അവിശ്വസ്തത കാട്ടുമ്പോൾ ഈ ബന്ധം അറ്റുപോയേക്കാം. അത്തരം സാഹചര്യങ്ങളിൽ നിരപരാധിയായ ഇണ വാസ്തവത്തിൽ രണ്ടു തീരുമാനങ്ങളെ അഭിമുഖീകരിക്കുന്നു. ഒന്ന്, അവൾ ക്ഷമിക്കണമോ? എന്നതാണ്. നാം കണ്ടതുപോലെ, വ്യഭിചാരി ആത്മാർഥമായ അനുതാപം ഉള്ളവനാണോ അല്ലയോ എന്നതാണ് ഇതിലെ പ്രധാന ഘടകം. അനുതാപമുള്ളപ്പോൾ നിരപരാധിയായ ഇണ ക്രമേണ ക്ഷമ പ്രകടമാക്കിയേക്കാം—കുറഞ്ഞത് നീരസം പോകാനനുവദിക്കുന്നതിന്റെ അർഥത്തിലെങ്കിലും.
രണ്ടാമത്തെ തീരുമാനം അവൾ ഒരു വിവാഹമോചനം തേടണമോ എന്നതാണ്? അയാളോട് അവൾ ക്ഷമിച്ചെങ്കിൽപ്പിന്നെ ഈ ചോദ്യത്തിന്റെ പ്രസക്തി എന്താണ്?b കൊള്ളാം, തന്റെയും കുട്ടികളുടെയും സുരക്ഷിതത്ത്വത്തെക്കുറിച്ച് അവൾക്ക് ഉചിതമായ ഉത്കണ്ഠകൾ ഉണ്ടെങ്കിലെന്ത്, പ്രത്യേകിച്ച് കഴിഞ്ഞകാലത്തു ഭർത്താവ് ദുഷ്പെരുമാറ്റമുള്ള ആളായിരുന്നെങ്കിൽ? ലൈംഗികമായി പകരുന്ന രോഗം പിടിപെടുന്നതിന്റെ ഭയമുണ്ടെങ്കിൽ എന്ത്? അല്ലെങ്കിൽ അയാളുടെ വഞ്ചന നിമിത്തം ഒരു ഭാര്യാ-ഭർത്തൃ ബന്ധത്തിൽ മേലാൽ അയാളെ ആശ്രയിക്കാൻ കഴിയാത്തതായി അവൾക്ക് ഉള്ളിന്റെ ഉള്ളിൽ തോന്നുന്നെങ്കിലെന്ത്? അത്തരം സാഹചര്യങ്ങളിൽ, നിരപരാധിയായ ഇണയ്ക്കു തന്റെ തെറ്റുകാരനായ ഇണയോടു ക്ഷമിക്കാനും (നീരസം ഉപേക്ഷിക്കുന്നതിന്റെ അർഥത്തിൽ) എന്നാൽ അയാളുടെകൂടെ തുടർന്നു ജീവിക്കാൻ ആഗ്രഹിക്കാത്തതുകൊണ്ട് അവൾക്ക് അയാളെ വിവാഹമോചനത്തിലൂടെ ഉപേക്ഷിക്കാൻ കഴിയുമെന്നതു നന്നായി മനസ്സിലാക്കാവുന്നതാണ്. നീരസം ഉപേക്ഷിക്കുന്നത് തന്റെ ജീവിതവുമായി മുമ്പോട്ടു പോകാൻ അവളെ സഹായിച്ചേക്കാം. ഭാവിയിൽ വ്യഭിചാരിയുമായി ആവശ്യമായിവന്നേക്കാവുന്ന ഏത് ഇടപാടുകളും കൂടുതൽ മര്യാദപൂർവം നടത്താനും അതു സഹായിച്ചേക്കാം.
അവിശ്വാസിയായ ഇണയിൽനിന്നു വിവാഹമോചനം നേടണമോ എന്നത് ഒരു വ്യക്തിപരമായ തീരുമാനമാണ്. ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഘടകങ്ങളും ശ്രദ്ധാപൂർവവും പ്രാർഥനാപൂർവവും തൂക്കിനോക്കിയശേഷം നിരപരാധിയായ ഇണ എടുക്കേണ്ട ഒരു തീരുമാനമാണത്. (സങ്കീർത്തനം 55:22) വിവാഹമോചനം നടത്തണമോ വേണ്ടയോ എന്നതു സംബന്ധിച്ചു നിരപരാധിയായ ഇണയെ അനുശാസിക്കാനോ അവളിൽ സമ്മർദം ചെലുത്താനോ ശ്രമിക്കുന്നതിനുള്ള അവകാശം മറ്റുള്ളവർക്കില്ല. (ഗലാത്യർ 6:5 താരതമ്യം ചെയ്യുക.) നിരപരാധിയായ ഇണ എന്തു ചെയ്യണമെന്ന് യേശു പറഞ്ഞില്ല. അപ്പോൾ ഉചിതമായ തിരുവെഴുത്തടിസ്ഥാനത്തിൽ വിവാഹമോചനം നേടാൻ തീരുമാനിക്കുന്നവരിൽ യഹോവ അപ്രീതിപ്പെടുന്നില്ല എന്നതു വ്യക്തമാണ്.
[അടിക്കുറിപ്പുകൾ]
a ഇവിടെ നാം നിരപരാധിയായ ഇണയെ “അവൾ” എന്നു പരാമർശിക്കുന്നുവെങ്കിലും ചർച്ചചെയ്യപ്പെടുന്ന തത്ത്വങ്ങൾ, നിരപരാധിയായ ഇണ ക്രിസ്തീയ പുരുഷനാണെങ്കിലും ഒരുപോലെ ബാധകമാകുന്നു.
b ലൈംഗികബന്ധങ്ങൾ പുനരാരംഭിക്കുന്നതുവഴി നിരപരാധിയായ ഇണ, താൻ തെറ്റുകാരനായ ഇണയോട് അനുരഞ്ജനപ്പെടാൻ തീരുമാനിച്ചിരിക്കുന്നുവെന്നു സൂചിപ്പിക്കുകയായിരിക്കും ചെയ്യുന്നത്. അങ്ങനെ വിവാഹമോചനത്തിനുള്ള ഏതൊരു തിരുവെഴുത്ത് അടിസ്ഥാനത്തെയും അവൾ അസാധുവാക്കുന്നു.
[10-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Life