യുവജനങ്ങൾ ചോദിക്കുന്നു. . .
ലൈംഗികോപദ്രവം—എനിക്ക് സ്വയം എങ്ങനെ സംരക്ഷിക്കാനാവും?
സദാ പുഞ്ചിരിതൂകുന്ന 16 വയസ്സുകാരിയായ ഒരു ചുണക്കുട്ടിയാണ് അനീറ്റ. എന്നിരുന്നാലും, തന്റെ സ്കൂളിൽ അടുത്തകാലത്തു നടന്ന സംഭവങ്ങൾ വിവരിക്കുമ്പോൾ അവൾ അമർഷത്തോടെ നെറ്റി ചുളിക്കുന്നു. അവൾ ഇപ്രകാരം അനുസ്മരിക്കുന്നു: “വളരെ പ്രശസ്തനായ ഒരു ആൺകുട്ടി എന്നെ ഇടനാഴിയിലെ മൂലയോടു ചേർത്തുനിർത്തി അനുചിതമായി സ്പർശിക്കാൻ തുടങ്ങി. മറ്റനേകം പെൺകുട്ടികളുടെയടുത്ത് അവന്റെ ഈ പണി നടന്നുപോയിരുന്നു—അവൻ ശ്രദ്ധിച്ചപ്പോൾ അവർ പൊങ്ങിപ്പോയിരുന്നു. എന്നാൽ ഞാൻ അങ്ങനെയായിരുന്നില്ല! ഒന്നു വെറുതെയിരിക്കാൻ ഞാൻ അവനോടു നല്ല രീതിയിൽ ആവശ്യപ്പെട്ടെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. ഞാൻ അത് യഥാർഥത്തിൽ അർഥമാക്കിയെന്ന് അവൻ വിചാരിച്ചില്ല.”
അനീറ്റയുടെ വിഷമാവസ്ഥ ഒട്ടും അസാധാരണമല്ല. ബൈബിൾ കാലങ്ങളിൽ ലൈംഗികോപദ്രവം സാധാരണമായിരുന്നതായി തെളിവുകൾ പ്രകടമാക്കുന്നു. (രൂത്ത് 2:8, 9, 15 താരതമ്യം ചെയ്യുക.) ഇന്ന് ഇത് ഞെട്ടിക്കുംവിധം വ്യാപകമാണ്. “ജോലിസ്ഥലത്തെ ചില പുരുഷൻമാർ എന്റെ ശരീരത്തെക്കുറിച്ച് അശ്ലീല അഭിപ്രായങ്ങൾ പറഞ്ഞു,” ഒരു കൗമാരപ്രായക്കാരി പറയുന്നു. എന്നാൽ മിക്കപ്പോഴും ഈ ഉപദ്രവം കേവലം വാക്കുകൾക്കതീതമായി പോകുന്നു. “ചിലർ എന്നെ തൊടാനും കടന്നുപിടിക്കാനും ശ്രമിച്ചിട്ടുണ്ട്,” അവൾ കൂട്ടിച്ചേർക്കുന്നു. റെനെ എന്നു പേരുള്ള ഒരു കൗമാരപ്രായക്കാരി ഉണരുക!യോട് ഇപ്രകാരം പറഞ്ഞു: “എനിക്കു ജോലി ഉപേക്ഷിക്കേണ്ടിവരത്തക്കവിധം ജോലിസ്ഥലത്ത് ഉപദ്രവം അത്ര മോശമായിത്തീർന്നു.”
8 മുതൽ 11 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികളുടെ 81 ശതമാനം കുറഞ്ഞത് ഒരിക്കലെങ്കിലും തങ്ങൾ ലൈംഗികോപദ്രവം സഹിച്ചിട്ടുണ്ടെന്നു പറഞ്ഞതായി അടുത്തകാലത്തെ ഒരു സർവേ റിപ്പോർട്ടു ചെയ്തു. “തങ്ങളെ സ്പർശിക്കുകയോ കടന്നുപിടിക്കുകയോ ലൈംഗികമായ രീതിയിൽ നുള്ളുകയോ ചെയ്തതായി അവരിൽ 65 ശതമാനം പെൺകുട്ടികളും 42 ശതമാനം ആൺകുട്ടികളും പറഞ്ഞു” എന്ന് യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് പ്രസ്താവിക്കുന്നു. അതേ, ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ ലക്ഷ്യമാക്കപ്പെടുന്നു. ഒരു കൗമാരപ്രായക്കാരന്റെ പിതാവ് അനുസ്മരിക്കുന്നതുപോലെ: “എന്റെ മകന്റെ സ്കൂളിലെ പെൺകുട്ടികളുടെ ധൈര്യം എന്നെ ഞെട്ടിപ്പിച്ചിരിക്കുന്നു. അവന് ഏതാണ്ട് 12 വയസ്സുള്ളപ്പോൾമുതൽ ഞങ്ങൾക്ക് സ്ഥിരമായ ഫോൺവിളികളും ഡേറ്റിങ്ങിനുള്ള ക്ഷണങ്ങളും അശ്ലീല നിർദേശങ്ങളും അങ്ങനെ പലതും ലഭിച്ചിട്ടുണ്ട്.”
അസഹ്യമായ ഈ സ്വഭാവത്തെ നിസ്സാരമായി എടുക്കാനെളുപ്പമാണ്. ഒരു യുവതി ഇപ്രകാരം അഭിപ്രായപ്പെട്ടു: “ചിലപ്പോൾ ഒരു തമാശാ രൂപത്തിലാണ് ഇതു ചെയ്യുന്നത്.” എന്നാൽ ക്രിസ്ത്യാനികൾക്ക് അതു തമാശയല്ല! ലൈംഗികോപദ്രവം പലപ്പോഴും ഒരാളെ ലൈംഗിക അധാർമികതയിലേക്കു വശീകരിക്കുന്നതിനുള്ള ഒരു ശ്രമമാണെന്ന്, യഹോവയാം ദൈവം കുറ്റംവിധിക്കുന്ന ഒന്നാണെന്ന്, അവർക്ക് അറിയാം. (1 കൊരിന്ത്യർ 6:9, 10) കൂടാതെ, ഇളയ സ്ത്രീകളോട് “പൂർണ്ണനിർമ്മലതയോടെ” ഇടപെടണമെന്നു ദൈവവചനം കൽപ്പിക്കുന്നു. (1 തിമൊഥെയൊസ് 5:2) അത് “അശ്ലീലതമാശ”യും വിലക്കുന്നു. (എഫേസ്യർ 5:3, 4, NW) അതുകൊണ്ട് ക്രിസ്തീയ യുവാക്കൾ ലൈംഗികോപദ്രവം അനുവദിച്ചുകൊടുക്കരുത്! ചോദ്യമിതാണ്, അതിനു ലക്ഷ്യമാക്കപ്പെടുന്നതിൽനിന്ന് നിങ്ങൾക്കു സ്വയം എങ്ങനെ സംരക്ഷിക്കാനാവും? നമുക്ക് പ്രതിരോധ നടപടികളെക്കുറിച്ചു സംസാരിക്കാം.
ഉപദ്രവം ഒഴിവാക്കാനുള്ള മാർഗങ്ങൾ
ക്രിസ്തീയ നടത്തയുടെ ഒരു സൽപ്പേര് വളർത്തിയെടുക്കുക. ‘നിങ്ങളുടെ വെളിച്ചം മനുഷ്യരുടെ മുമ്പിൽ പ്രകാശിക്കട്ടെ’ എന്ന് യേശു ഉദ്ബോധിപ്പിച്ചു. (മത്തായി 5:16) ഇതുചെയ്യാനുള്ള ഒരു മാർഗം നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ സഹപാഠികളോടും സഹജോലിക്കാരോടും പങ്കുവയ്ക്കുക എന്നതാണ്. ഉറച്ച വിശ്വാസവും ഉയർന്ന ധാർമിക നിലവാരങ്ങളും ഉള്ളയാളായി നിങ്ങൾ അറിയപ്പെടുമ്പോൾ നിങ്ങളെ ഉപദ്രവിക്കാനുള്ള സാധ്യത കുറവായിരിക്കും.
നിങ്ങളുടെ വസ്ത്രധാരണവും ചമയവും സൂക്ഷിക്കുക. ബൈബിൾ കാലങ്ങളിൽ പ്രത്യേക ചില വസ്ത്രങ്ങൾ ഒരുവളെ അധാർമിക സ്ത്രീയായി തിരിച്ചറിയിച്ചിരുന്നു. (സദൃശവാക്യങ്ങൾ 7:10 താരതമ്യം ചെയ്യുക.) അതുപോലെതന്നെ ഇന്ന്, ലൈംഗിക വികാരമുണർത്തുന്ന ശൈലികൾ സമപ്രായക്കാരുടെയിടയിൽ നിങ്ങളെ പ്രസിദ്ധയാക്കിത്തീർത്തേക്കാം. എന്നാൽ അവയ്ക്ക് തെറ്റായ സന്ദേശം നൽകാൻ കഴിയും. നിങ്ങൾ വിപരീത ലിംഗവർഗക്കാരിൽനിന്നു തെറ്റായ രീതിയിൽ ശ്രദ്ധയാകർഷിക്കുന്നതായി കണ്ടെത്തിയേക്കാം. യഥാർഥത്തിലുള്ളതിനെക്കാൾ കൂടുതൽ പ്രായം തോന്നിക്കത്തക്കരീതിയിൽ ഒരു പെൺകുട്ടി സൗന്ദര്യവർധകവസ്തുക്കൾ ഇടുമ്പോഴും സമാനമായ ഒരു പ്രശ്നം ഉടലെടുത്തേക്കാം. “യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം” എന്നതാണ് ബൈബിളിന്റെ ഉപദേശം.—1 തിമൊഥെയൊസ് 2:9.
നിങ്ങളുടെ സുഹൃത്തുക്കളെ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക. (സദൃശവാക്യങ്ങൾ 13:20) എന്തായാലും, നിങ്ങളുടെ കൂട്ടുകാരെ നോക്കിയാണ് ആളുകൾ നിങ്ങളെ വിലയിരുത്തുന്നത്. നിങ്ങളുടെ കൂട്ടുകാർ എതിർലിംഗവർഗത്തിലുള്ളവരെക്കുറിച്ചു സംസാരിച്ചുകൊണ്ടു വളരെയധികം സമയം ചെലവഴിക്കുന്നതായി അറിയപ്പെടുന്നവരാണെങ്കിൽ ആളുകൾക്ക് നിങ്ങളെക്കുറിച്ചു തെറ്റായ ധാരണ ലഭിച്ചേക്കാം.—ഉല്പത്തി 34:1, 2 താരതമ്യം ചെയ്യുക.
പ്രേമ സല്ലാപം ഒഴിവാക്കുക. സൗഹൃദത്തിലായിരിക്കുന്നതിൽ ഒരു തെറ്റുമില്ല എന്നതു സത്യംതന്നെ. എന്നിരുന്നാലും കണ്ണുപറിക്കാതെയുള്ള നോട്ടവും സ്പർശനവും എതിർലിംഗവർഗത്തിൽപ്പെട്ടവരിൽ എളുപ്പം തെറ്റിദ്ധാരണയുളവാക്കിയേക്കാം. ഒരു സംഭാഷണം തുടർന്നുകൊണ്ടുപോകാൻ ഒരാളെ സ്പർശിക്കേണ്ടതില്ല. സുവർണനിയമം ആചരിക്കുകയും നിങ്ങളോടു പെരുമാറണമെന്നു നിങ്ങൾ ആഗ്രഹിക്കുന്ന അതേ രീതിയിൽ വിപരീത ലിംഗവർഗത്തിലുള്ളവരോട് ഇടപെടുകയും ചെയ്യുക—അതായത് ചാരിത്രശുദ്ധിയോടും ആദരവോടും കൂടി. (മത്തായി 7:12) വെറും കളിതമാശക്കുവേണ്ടി മാത്രം എതിർലിംഗവർഗത്തിൽപ്പെട്ടവരുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കാതിരിക്കുക. അപ്രകാരം ചെയ്യുന്നതു ദയാരഹിതവും വഴിതെറ്റിക്കുന്നതുമായിരിക്കാമെന്നു മാത്രമല്ല, അപകടകരവുമായിരിക്കാം. “ഒരു മനുഷ്യന്നു തന്റെ വസ്ത്രം വെന്തുപോകാതെ മടിയിൽ തീ കൊണ്ടുവരാമോ?” എന്ന് സദൃശവാക്യങ്ങൾ 6:27-ൽ ബൈബിൾ ചോദിക്കുന്നു.
നിങ്ങൾ ബലിയാടാക്കപ്പെടുന്നെങ്കിൽ
തീർച്ചയായും, നിങ്ങളുടെ വസ്ത്രധാരണത്തിലും ചമയത്തിലും നടത്തയിലും ഉള്ള ചില മാറ്റങ്ങൾ ഉചിതമാണെങ്കിൽപ്പോലും നിങ്ങളുടെമേൽ കൈവെക്കാനോ നിങ്ങൾക്ക് അശ്ലീല നിർദേശങ്ങൾ നൽകാനോ ഉള്ള അവകാശം മറ്റുള്ളവർക്കില്ല. ആകാരത്തിലും സ്വഭാവത്തിലും അനുകരണീയരായിരുന്നിട്ടുള്ളവർ പോലും ബലിയാടുകളായിത്തീർന്നിട്ടുണ്ട്. ഇതു നിങ്ങൾക്കു സംഭവിക്കുന്നെങ്കിൽ നിങ്ങളെന്തു ചെയ്യണം? ഇതാ ചില നിർദേശങ്ങൾ.
ശക്തമായി നിരസിക്കുക. ലൈംഗികമായ മുന്നേറ്റങ്ങൾ യഥാർഥത്തിൽ വേണമെന്ന് അർഥമാക്കുമ്പോൾപ്പോലും ചിലർ വേണ്ടെന്നു പറയുമെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ട് മറിച്ചു ബോധ്യപ്പെടുത്തുന്നതുവരെ അർധ മനസ്സോടെ വേണ്ടാ എന്നു പറയുന്നതിന്റെ അർഥം വാസ്തവത്തിൽ വേണമെന്നാണെന്ന്—അല്ലെങ്കിൽ കുറഞ്ഞപക്ഷം ആയാലും കുഴപ്പമില്ലെന്നാണെന്ന്—അക്രമികൾ ഊഹിച്ചെടുത്തേക്കാം. നിങ്ങളുടെ ഇല്ല, ഇല്ല എന്നായിരിക്കട്ടെ എന്ന യേശുവിന്റെ ഉപദേശം ഈ സംഗതിയിൽ തികച്ചും പ്രായോഗികമാണ്. (മത്തായി 5:37) കുണുങ്ങിച്ചിരിക്കുകയോ കൊഞ്ചിക്കുഴയുകയോ ചെയ്യരുത്. നിങ്ങളുടെ ആംഗ്യഭാഷയോ സ്വരമോ മുഖഭാവമോ നിങ്ങളുടെ വാക്കുകൾക്കു വിപരീതമാകാൻ അനുവദിക്കുകയുമരുത്.
രംഗം സൃഷ്ടിക്കുക. ലൈംഗിക ഇരപിടിയൻമാർ മിക്കവാറും ആശ്രയിക്കുന്നത് ഇരകളുടെ ചെറുക്കാനുള്ള വിസമ്മതത്തെയാണ്. എന്നിരുന്നാലും ബൈബിൾ കാലങ്ങളിൽ ലൈംഗിക ആക്രമണത്തെ ചെറുക്കാനുള്ള അവകാശം, വാസ്തവത്തിൽ കടപ്പാട് ഇസ്രയേല്യരായ സ്ത്രീകൾക്കു നൽകിയിരുന്നു. (ആവർത്തനപുസ്തകം 22:23, 24) അതുപോലെതന്നെ ഇന്ന്, അനുചിതമായി സ്പർശിക്കുകയോ തലോടുകയോ ചെയ്യുന്നത് അത്ര വലിയ കാര്യമല്ല എന്ന് ഒരു ക്രിസ്ത്യാനി വിചാരിക്കരുത്. അതു തെറ്റാണ്, ഒരു വ്യക്തി എന്നനിലയിലും ഒരു ക്രിസ്ത്യാനി എന്നനിലയിലുമുള്ള നിങ്ങളുടെ മാന്യതയിൻമേലുള്ള ആക്രമണമാണ് അത്. നിങ്ങളത് അംഗീകരിക്കേണ്ടതില്ല! “തീയതിനെ വെറു”ക്കാൻ ബൈബിൾ ഉദ്ബോധിപ്പിക്കുന്നു!—റോമർ 12:9.
ദുഷ്പെരുമാറ്റത്തിനു വിരാമമിടാനുള്ള ഫലപ്രദമായ മറ്റൊരു മാർഗം ഒരു രംഗം സൃഷ്ടിച്ചു നിങ്ങളുടെ ഉപദ്രവിയെ നാണിപ്പിക്കുക എന്നതാണ്; ഒരുപക്ഷേ അവൻ നിർത്തിയേക്കാം. തുടക്കത്തിൽ പ്രതിപാദിച്ച അനീറ്റയുടെ അനുഭവം അനുസ്മരിക്കുക. തന്നെ തൊടരുതെന്നു മര്യാദയോടെ അവൾ അക്രമിയോടു പറഞ്ഞപ്പോൾ അതു ഫലിച്ചില്ല. അനീറ്റ നമ്മോടിങ്ങനെ പറയുന്നു: “എന്നെ അങ്ങനെ തൊടരുതെന്ന് ഉച്ചത്തിൽ പറഞ്ഞുകൊണ്ട് എനിക്ക് അവനെ അവന്റെ കൂട്ടുകാരുടെ മുമ്പിൽ വച്ചു നാണിപ്പിക്കേണ്ടിവന്നു!” ഫലമോ? “എല്ലാവരും അവനെ കളിയാക്കിച്ചിരിച്ചു. കുറേ സമയത്തേക്ക് അവൻ വളരെ തണുപ്പൻ പ്രകൃതം കാണിച്ചു. എന്നാൽ ഏതാനും ദിവസം കഴിഞ്ഞപ്പോൾ തന്റെ പെരുമാറ്റത്തിന് അവൻ ക്ഷമയാചിച്ചു. പിന്നീടു മറ്റാരോ എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ അവൻ എനിക്കനുകൂലമായി പ്രവർത്തിക്കുകപോലും ചെയ്തു.”
വാക്കുകൾ ഫലപ്രദമാകുന്നില്ലെങ്കിൽ ആക്രമണത്തിൽനിന്നു നിങ്ങൾക്കു നടന്നകലുകയോ ഓടിയകലുകയോ പോലും ചെയ്യാവുന്നതാണ്. രക്ഷപ്പെടുക സാധ്യമല്ലാത്തപക്ഷം ലൈംഗിക അതിക്രമത്തെ തടുക്കുന്നതിന്, ആവശ്യമായ ഏതു മാർഗവും ഉപയോഗിക്കുന്നതിനുള്ള അവകാശം നിങ്ങൾക്കുണ്ട്. ഒരു ക്രിസ്തീയ പെൺകുട്ടി അതിങ്ങനെ തുറന്നു പറഞ്ഞു: “ഒരു ആൺകുട്ടി എന്നെ കടന്നുപിടിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ എന്റെ ശക്തി മുഴുവൻ എടുത്ത് അവനെ മുഷ്ടി ചുരുട്ടി ഇടിച്ചിട്ട് ഓടിക്കളഞ്ഞു!” ഉപദ്രവി വീണ്ടും ശ്രമം നടത്തുകയില്ലെന്ന് ഇത് തീർച്ചയായും അർഥമാക്കുന്നില്ല. അതുകൊണ്ട് ഒരുപക്ഷേ നിങ്ങൾക്കു കുറച്ചു സഹായം ആവശ്യമായി വന്നേക്കാം.
ആരോടെങ്കിലും പറയുക. 16 വയസ്സുകാരിയായ ഏഡ്രീൻ ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “ഒടുവിൽ എനിക്കു ചെയ്യേണ്ടിവന്നത് അതായിരുന്നു. നല്ലൊരു സുഹൃത്താണെന്നു ഞാൻ വിചാരിച്ച ഒരു ആൺകുട്ടി എന്നെ വെറുതെ വിടാതായപ്പോൾ ഈ സാഹചര്യം സംബന്ധിച്ചു ഞാൻ മാതാപിതാക്കളുടെ ഉപദേശം ആരാഞ്ഞു. ഞാനെത്ര എതിർത്തുവോ അത്ര കൂടെക്കൂടെ അവൻ എന്നെ ഉപദ്രവിച്ചുകൊണ്ടിരുന്നു. ഏതാണ്ട് ഒരു മത്സരക്കളിപോലെയായിരുന്നു അത്.” പ്രശ്നത്തെ മെച്ചമായി തരണംചെയ്യാൻ അവളെ സഹായിച്ച പ്രായോഗിക ഉപദേശം ഏഡ്രീന്റെ മാതാപിതാക്കൾക്കുണ്ടായിരുന്നു.
നാണക്കേട്, ഭയം, ലജ്ജ എന്നിവപോലെ ബലിയാടാക്കപ്പെടുന്നതിന്റെ ഫലമായുണ്ടാകുന്ന വൈകാരിക പരിണതഫലങ്ങളെ കൈകാര്യം ചെയ്യാനും നിങ്ങളുടെ മാതാപിതാക്കൾക്കു നിങ്ങളെ സഹായിക്കാനാവും. ആക്രമണം നിങ്ങളുടെ തെറ്റായിരുന്നില്ലെന്നു നിങ്ങൾക്ക് ഉറപ്പുതരാൻ അവർക്കു കഴിയും. കൂടാതെ ഭാവിയിൽ സംരക്ഷണം നൽകുന്നതിനുവേണ്ടി നടപടികൾ സ്വീകരിച്ചുകൊണ്ട് അവർ നിങ്ങളെ സഹായിച്ചേക്കാം.
ഉദാഹരണത്തിന്, പ്രശ്നത്തെപ്പറ്റി നിങ്ങളുടെ അധ്യാപകനെയോ സ്കൂൾ അധികാരികളെയോ അറിയിക്കുന്നതു പ്രയോജനകരമാണെന്ന് അവർ തീരുമാനിച്ചേക്കാം. ഐക്യനാടുകളിലെ മിക്ക സ്കൂളുകളും പരാതികൾ തികച്ചും ഗൗരവമായി എടുക്കുന്നു. അവയ്ക്ക് വിദ്യാർഥികളുടെയിടയിലെ ലൈംഗികോപദ്രവം കൈകാര്യം ചെയ്യുന്നതിനു വ്യക്തമായി പ്രസ്താവിക്കപ്പെട്ട നയങ്ങളുമുണ്ട്.
എല്ലാ സ്കൂൾ അധികാരികളും അനുകമ്പയുള്ളവരല്ലെന്നുള്ളതു സത്യമാണ്. 14 വയസ്സുകാരിയായ അർലീഷ ഇപ്രകാരം പറയുന്നു: “എന്റെ സ്കൂളിലെ അധ്യാപകർ ചിലപ്പോൾ പ്രാകുകയും കുട്ടികളെക്കാൾ മോശമായി പെരുമാറുകയും ചെയ്യുന്നു. സഹായത്തിനായി എങ്ങോട്ടു തിരിയണമെന്നു നിങ്ങൾക്കറിയില്ല.” തന്നെ ഉപദ്രവിച്ചതായി അവൾ റിപ്പോർട്ടു ചെയ്തപ്പോൾ അമിതതൊട്ടാവാടിയായി അവളെ കുറ്റപ്പെടുത്തിയത് അപ്പോൾ അതിശയമല്ല. എങ്കിലും അർലീഷ വിട്ടുകൊടുത്തില്ല. ഒരേ ആൺകുട്ടിതന്നെ നുള്ളുകയും തലോടുകയും ചെയ്ത വേറെ ആറു പെൺകുട്ടികളുമായി അവൾ ഒത്തുചേർന്നു. “ഒരു യഥാർഥ പ്രശ്നമുണ്ടായിരുന്നുവെന്നു പ്രിൻസിപ്പലിനെ ബോധ്യപ്പെടുത്താൻ ഞങ്ങൾ ആറുപേർ വേണ്ടിവന്നു,” അവൾ പറയുന്നു. ഒടുവിൽ ദുഷ്പെരുമാറ്റത്തിനു വിരാമമിടീക്കാൻ അവൾക്കു കഴിഞ്ഞു.
സഹായത്തിനായി ദൈവത്തിലേക്കു തിരിയുക. സ്കൂളിൽ ആയിരിക്കുമ്പോൾ ചിലപ്പോൾ സിംഹക്കുഴിയിൽ അകപ്പെട്ടിരിക്കുന്നതുപോലെ തോന്നുന്നെങ്കിൽ അക്ഷരീയമായ ഒരു സിംഹക്കുഴിയിൽ യഹോവയാം ദൈവം ദാനിയേൽ പ്രവാചകനെ സംരക്ഷിച്ചുവെന്ന് ഓർമിക്കുക. (ദാനീയേൽ 6:16-22) യഹോവക്ക് നിങ്ങളെയും സഹായിക്കാനാവും. സ്കൂളിൽ നിങ്ങൾ നേരിടുന്ന സമ്മർദങ്ങൾ അവൻ മനസ്സിലാക്കുന്നു. സ്ഥിതിവിശേഷം ദുഷ്കരമായിത്തീരുന്നെങ്കിൽ സഹായത്തിനായി നിങ്ങൾക്ക് അവനെ വിളിച്ചപേക്ഷിക്കാൻ കഴിയും—ആവശ്യമെങ്കിൽ ഉച്ചത്തിൽ തന്നെ! സത്യദൈവത്തിന്റെ ദാസനായി അറിയപ്പെടുന്നതിൽ ഭയമോ ലജ്ജയോ തോന്നരുത്. യഹോവയുടെ വിശ്വസ്ത ദാസൻമാരോട് ബൈബിൾ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “അവൻ തന്റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽനിന്നു അവരെ വിടുവിക്കുന്നു.”—സങ്കീർത്തനം 97:10.
ഇത് അത്ഭുതകരമായ വിടുവിക്കൽ ഉറപ്പുവരുത്തുന്നില്ല. നിങ്ങളുടെ സംരക്ഷണത്തിനു നിങ്ങൾക്കു ചെയ്യാൻ കഴിയുന്നതു നിങ്ങൾ ചെയ്തേ മതിയാകൂ. ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുക. സംസാരത്തിലും ആകാരത്തിലും മിതത്വമുള്ളവരായിരിക്കുക. എതിർലിംഗവർഗത്തിൽപ്പെട്ടവരോടുള്ള ഇടപെടലിൽ ജാഗ്രത പുലർത്തുക. ഇപ്രകാരം ചെയ്യുക വഴി ഉപദ്രവത്തിൽനിന്നു നിങ്ങളെത്തന്നെ സംരക്ഷിക്കുന്നതിനു നിങ്ങൾക്കു വളരെയധികം ചെയ്യാൻ കഴിയും.
[18-ാം പേജിലെ ചിത്രം]
അനുചിതമായ മുന്നേറ്റങ്ങളെ അർധ മനസ്സോടെ നിരസിക്കരുത്; നിങ്ങളുടെ ഇല്ല ഇല്ല എന്നായിരിക്കട്ടെ!