ദേശാന്തരഗമനത്തിന്റെ നിഗൂഢതകൾ ചികഞ്ഞെടുക്കുന്നു
സ്പെയിനിലെ ഉണരുക! ലേഖകൻ
യു.എസ്.എ.-യിലെ കാലിഫോർണിയയിലുള്ള സാൻ ജുവാൻ ക്യാപിസ്ട്രാനോ നഗരത്തിലെ പഴയ സാൻ ജുവാൻ ക്യാപിസ്ട്രാനോ ആശ്രമത്തിലേക്കു മീവൽപക്ഷികൾ മടങ്ങിയെത്തുന്നതിനെപ്പറ്റി പഴയൊരു ഗാനമുണ്ട്. യാതൊരു മുടക്കവും കൂടാതെ എല്ലാ വർഷവും മാർച്ച് 19-ാം തീയതി അവിടെയുള്ള തങ്ങളുടെ കൂടുകളിലേക്ക് അവ മടങ്ങിയെത്തുന്നുവെന്നു പറയപ്പെടുന്നു.
യൂറോപ്യൻ മീവൽപക്ഷിയും സമാനമായൊരു സമയപ്പട്ടികയാണു പിന്തുടരുന്നത്. മാർച്ച് 15-ാം തീയതിയോടുകൂടി മീവൽപക്ഷിയുടെ പാട്ടു വീണ്ടും കേൾക്കുമെന്ന് ഒരു സ്പാനിഷ് ചൊല്ലു മുൻകൂട്ടിപ്പറയുന്നു.
ഉത്തരാർധഗോളത്തിൽ, തലമുറകളായി വസന്തത്തിന്റെ ആഗമനത്തെ വിളിച്ചോതുന്ന മീവൽപക്ഷിയുടെ പ്രത്യാഗമനത്തെ നാട്ടിൻപുറങ്ങളിലുള്ളവർ എന്നും സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ മഞ്ഞുകാലത്ത് അവ എവിടെയായിരുന്നുവെന്ന് ജിജ്ഞാസുക്കളായ ചിലർ അതിശയിച്ചിട്ടുമുണ്ട്. ശിശിര നിദ്രയിലായിരുന്നുവെന്നു ചിലർ വിചാരിച്ചു. ചന്ദ്രനിൽ പോയിട്ടുണ്ടാകുമെന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം—അവയ്ക്കവിടെ രണ്ടു മാസംകൊണ്ടു പറന്നെത്താൻ കഴിയുമെന്ന് ആരോ കണക്കു കൂട്ടി. മീവൽപക്ഷികൾ വെള്ളത്തിനടിയിൽ, തടാകങ്ങളുടെയും ചതുപ്പുനിലങ്ങളുടെയും അടിത്തട്ടിൽ കൂട്ടമായി ചേർന്നിരുന്നാണ് മഞ്ഞുകാലം ചെലവഴിക്കുന്നതെന്നാണ് 16-ാം നൂറ്റാണ്ടിലെ ഒരു സ്വീഡിഷ് ആർച്ചുബിഷപ്പ് അവകാശപ്പെട്ടത്. മുക്കുവർ ഒരു വല നിറയെ മീവൽപക്ഷികളെ വലിച്ചു കയറ്റുന്നതായി ചിത്രീകരിക്കുന്ന ഒരു ചിത്രവും അദ്ദേഹത്തിന്റെ പ്രബന്ധത്തിലുണ്ടായിരുന്നു. ഈ ആശയങ്ങൾ ഇപ്പോൾ അസാധാരണമായിത്തോന്നാമെങ്കിലും, ഇതു സംബന്ധിച്ച യാഥാർഥ്യം ഏതാണ്ടൊരു കെട്ടുകഥ പോലെ വിചിത്രമാണെന്നു തെളിഞ്ഞിരിക്കുന്നു.
ഈ ഒരു നൂറ്റാണ്ടുകാലത്തു പക്ഷിശാസ്ത്രജ്ഞന്മാർ ആയിരക്കണക്കിനു മീവൽപക്ഷികളുടെ കാലിൽ, അവയെ തിരിച്ചറിഞ്ഞ് അവയുടെ നീക്കങ്ങൾ പഠിക്കുന്നതിനു വേണ്ടി വളയങ്ങളിട്ടു. അടയാളമിടപ്പെട്ട ഈ പക്ഷികളിൽ ചെറുതെങ്കിലും നല്ലൊരു ശതമാനത്തെ അവയുടെ മഞ്ഞുകാലവസതികളിൽ കണ്ടെത്തി. അവിശ്വസനീയമെന്നു തോന്നാമെങ്കിലും, ബ്രിട്ടനിൽ നിന്നും റഷ്യയിൽ നിന്നുമുള്ള മീവൽപക്ഷികൾ മാതൃരാജ്യത്തുനിന്ന് ആയിരക്കണക്കിനു കിലോമീറ്ററുകൾ അകലെ—ദക്ഷിണപൂർവ ആഫ്രിക്കയുടെ അങ്ങേയറ്റത്ത്—ഒരുമിച്ചു മഞ്ഞുകാലം ചെലവഴിക്കുന്നതായി കണ്ടെത്തി. ഇവയ്ക്കു സമാനരായി വടക്കേ അമേരിക്കയിലുള്ളവ അർജന്റീനയോ ചിലിയോ പോലെ ഏറ്റവും തെക്കേയറ്റത്തുള്ള രാജ്യങ്ങൾ വരെ പറന്നെത്തുന്നു. ഇത്തരം ഐതിഹാസിക യാത്രകൾ നടത്തുന്നതു മീവൽപക്ഷികൾ മാത്രമല്ല. ഉത്തരാർധഗോളത്തിലുള്ള കോടിക്കണക്കിനു പക്ഷികൾ മഞ്ഞുകാലം ചെലവഴിക്കുന്നതു ദക്ഷിണാർധഗോളത്തിലാണ്.
മീവൽപക്ഷിയെപ്പോലെ വലിപ്പം കുറഞ്ഞ ഒരു പക്ഷിക്ക് അടുത്ത വസന്തകാലത്ത് തന്റെ സ്വന്തം കൂട്ടിൽ തിരിച്ചെത്തുന്നതിനു മുൻപ് 22,500 കിലോമീറ്റർ ചുറ്റിസഞ്ചരിക്കുവാൻ കഴിയുമെന്നു കണ്ടെത്തിയതു പക്ഷിശാസ്ത്രജ്ഞന്മാരെ ആശ്ചര്യപ്പെടുത്തി. മീവൽപക്ഷികൾ എവിടെ പോയിരുന്നു എന്നറിഞ്ഞതു കൂടുതൽ കുഴപ്പിക്കുന്ന ചോദ്യങ്ങൾ ഉയർത്തിയതേയുള്ളു.
“മീവൽപക്ഷീ, നീ കൂടു വിടുന്നതെന്തിനാണ്?”
ഒരു പക്ഷി ഗോളത്തിന്റെ മറുവശത്തേക്കു സഞ്ചരിക്കാനുള്ള കാരണമെന്താണ്? അല്ലെങ്കിൽ, ഒരു സ്പാനിഷ് ചൊല്ലു പറയുന്നതു പോലെ, “മീവൽപക്ഷീ, നീ കൂടു വിടുന്നതെന്തിനാണ്?” തണുപ്പു കൊണ്ടാണോ അതോ ആഹാരം തേടിയോ? ശൈത്യമേറിയ മഞ്ഞുകാലത്തെ അതിജീവിക്കാൻ ബുദ്ധിമുട്ടുള്ള നിരവധി ചെറിയ പക്ഷികൾ ദേശാന്തരഗമനം നടത്തുന്നില്ലെന്നുള്ളതു കൊണ്ട്, നിസ്സംശയമായും, ശൈത്യകാലാരംഭം എന്നതിനെക്കാളുപരിയായി ഭക്ഷണലഭ്യത ഉറപ്പാക്കുക എന്നത് അവയുടെ ആവശ്യമാണെന്നതാണ് അതിനുള്ള ഉത്തരം. എന്നാൽ പക്ഷികളുടെ ദേശാന്തരഗമനം കേവലം ഇര തേടി അലയുകയെന്നതല്ല. ദേശാടനം നടത്തുന്ന മനുഷ്യരെപ്പോലെ, സാഹചര്യങ്ങൾ മോശമാകുമ്പോൾ പോകാൻ വേണ്ടി പക്ഷികൾ കാത്തിരിക്കാറില്ല.
ദൈർഘ്യം കുറഞ്ഞ പകലുകളാണ് ദേശാന്തരഗമനം നടത്തുന്നതിനുള്ള പ്രേരണയെ ഉദ്ദീപിപ്പിക്കുന്നതെന്നു ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചിട്ടുണ്ട്. ശരത്കാലത്ത് പകലിനു ദൈർഘ്യം കുറയുമ്പോൾ കൂട്ടിലടയ്ക്കപ്പെട്ട പക്ഷികൾ അസ്വസ്ഥരാകുന്നു. കൃത്രിമമായി പ്രകാശമുണ്ടാക്കിയാലും, പരീക്ഷണങ്ങൾ നടത്തുന്നവർ ഈ പക്ഷികളെ പോറ്റി വളർത്തിയാൽ പോലും ഇതങ്ങനെ തന്നെയാണ്. കൂട്ടിലടയ്ക്കപ്പെട്ട പക്ഷി ദേശാടനപ്പറക്കലിന്റെ സമയത്ത് താൻ പോകുമെന്നു സഹജജ്ഞാനത്താൽ അതിനറിയാവുന്ന ദിശയിലേക്കു തന്നെ തിരിഞ്ഞിരിക്കുക പോലും ചെയ്യും. തെളിവനുസരിച്ച്, ഒരു വർഷത്തിലെ ഏതെങ്കിലും പ്രത്യേക സമയത്ത് ഒരു പ്രത്യേക ദിശയിലേക്കു ദേശാന്തരഗമനം നടത്താനുള്ള പ്രേരണ തികച്ചും ജന്മസിദ്ധമാണ്.
വളരെയധികം ദൂരം സഞ്ചരിക്കേണ്ടി വരുമ്പോൾ പക്ഷികൾ വിജയകരമായി ദിശ നിർണയിക്കുന്നതെങ്ങനെയാണ്? മിക്കവയും അനന്തമായ സമുദ്രങ്ങളുടെയും മരുഭൂമികളുടെയും മുകളിൽ കൂടെയാണു സഞ്ചരിക്കുന്നതെന്നു മാത്രമല്ല, അവ രാവും പകലും സഞ്ചരിക്കുന്നു. ചിലയിനങ്ങളുടെയിടയിൽ പക്ഷിക്കുഞ്ഞുങ്ങൾ അനുഭവസമ്പന്നരായ മുതിർന്നവരുടെ സഹായം കൂടാതെ തനിയെ സഞ്ചരിക്കുന്നു. കൊടുങ്കാറ്റുകളോ പാർശ്വവാതങ്ങളോ ഉണ്ടായാലും ഏതുവിധേനയും അവ തങ്ങൾക്കു പോകേണ്ട മാർഗത്തിൽ തന്നെ സഞ്ചരിക്കുന്നു.
ദിശാനിർണയനം—പ്രത്യേകിച്ചും വിശാലമായ സമുദ്രങ്ങൾക്കും മരുഭൂമികൾക്കും കുറുകെ—തീരെ എളുപ്പമല്ല. മനുഷ്യർ അതിൽ വൈദഗ്ധ്യം നേടാൻ ആയിരക്കണക്കിനു വർഷങ്ങളെടുത്തു. വടക്കുനോക്കിയന്ത്രം, താരാലംബകം (astrolabe) എന്നിവ പോലുള്ള ദിശാനിർണയനോപാധികളുടെ സഹായമില്ലായിരുന്നെങ്കിൽ ക്രിസ്റ്റഫർ കൊളംബസ് സമുദ്രത്തിൽ കൂടി ധീരസാഹസികമായി അത്ര ദൂരം ഒരിക്കലും സഞ്ചരിക്കുകയില്ലായിരുന്നു.a എന്നിട്ടുപോലും, തന്റെ സാഹസികയാത്രയുടെ അവസാനത്തോടടുത്തപ്പോൾ അദ്ദേഹത്തിനു ബഹാമാസിലേക്കുള്ള വഴി കാണിച്ചു കൊടുത്തതു പക്ഷികളായിരുന്നു. ദേശാന്തരഗമനം നടത്തുന്ന കരപ്പക്ഷികൾ തെക്കുപടിഞ്ഞാറോട്ടു പറക്കുന്നതു ശ്രദ്ധയിൽപെട്ടപ്പോൾ പുരാതന നാവികരുടെ രീതി പിന്തുടർന്ന് അദ്ദേഹം തന്റെ ഗതി ആ ദിശയിലേക്കു തിരിച്ചു വിട്ടു.
വിജയകരമായി ദിശ നിർണയിക്കുന്നതിന് സ്ഥിരമായ ഒരു ഗതി നിലനിർത്താനുള്ള സംവിധാനം കൂടാതെ ഒരു സ്ഥാനനിർണയന ഉപാധി കൂടി ആവശ്യമാണ്. ലളിതമായി പറഞ്ഞാൽ, ലക്ഷ്യസ്ഥാനത്തോടുള്ള ബന്ധത്തിൽ നിങ്ങൾ എവിടെയാണെന്നും അവിടെയെത്താൻ ഏതു ദിശയിൽ സഞ്ചരിക്കണമെന്നും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഉപകരണങ്ങളില്ലാതെ അത്തരമൊരു ദുഷ്കരമായ ജോലി ഏറ്റെടുക്കാൻ മനുഷ്യരായ നമ്മൾ സജ്ജരല്ല—എന്നാൽ പക്ഷികൾ തികച്ചും സജ്ജരാണ്. പക്ഷികൾ തങ്ങൾക്കു പറക്കേണ്ട കൃത്യമായ ദിശ നിർണയിക്കുന്നതെങ്ങനെയാണെന്നുള്ളതിലേക്കു വെളിച്ചം വീശുന്ന വിവരങ്ങൾ ശാസ്ത്രജ്ഞന്മാർ സമാഹരിച്ചിട്ടുണ്ട്.
ചില ഉത്തരങ്ങൾ
പക്ഷികളുടെ സഞ്ചാര ദിശാനിർണയനത്തെ സംബന്ധിച്ച നിഗൂഢതകളുടെ ചുരുളഴിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന ശാസ്ത്രജ്ഞന്മാർ പരീക്ഷണം നടത്താനുപയോഗിക്കുന്ന പക്ഷികളാണ് സ്വന്തസ്ഥലത്തു തന്നെ മടങ്ങിയെത്തുന്ന പ്രാവുകൾ. വളരെയധികം സഹനശക്തിയുള്ള പ്രാവുകളെ, സ്ഥാനീയ അടയാളങ്ങൾ അവയ്ക്കു കാണാൻ സാധിക്കാത്ത വിധം പോറലുകൾ വീഴ്ത്തിയ സ്ഫടിക“ക്കണ്ണടകൾ” ധരിപ്പിച്ചിരുന്നു. മറ്റു ചിലവയുടെ പുറത്ത് അവ ഭൂമിയുടെ കാന്തികക്ഷേത്രത്തിന്റെ സഹായത്താൽ ദിശ കണ്ടുപിടിക്കാതിരിക്കാൻ കാന്തശക്തിയുള്ള ഉപകരണങ്ങൾ ഘടിപ്പിച്ചിരുന്നു. അവയെ സ്വതന്ത്രരാക്കാനുള്ള സ്ഥാനത്തേക്കു കൊണ്ടുപോകുന്നതിനിടയിൽ, പുറത്തേക്കുള്ള വഴി മനസ്സിലാക്കാൻ അവയ്ക്കു യാതൊരു മാർഗവുമില്ലെന്നുറപ്പു വരുത്തുന്നതിനു വേണ്ടി ചിലതിനെ മയക്കുമരുന്നുകൾ കൊടുത്തു മയക്കുക പോലും ചെയ്തു. ചില തടസ്സങ്ങൾ ഒരുമിച്ചു വന്നപ്പോൾ അവയ്ക്കു വിജയകരമായി തിരിച്ചെത്താൻ കഴിഞ്ഞില്ലെങ്കിലും, സമർഥരായ പ്രാവുകൾ ഓരോ പ്രതിബന്ധങ്ങളെയും പ്രത്യേകം പ്രത്യേകമായി തരണം ചെയ്തു. പക്ഷികൾ ഒരേയൊരു ദിശാനിർണയനോപാധിയെ മാത്രമല്ല ആശ്രയിക്കുന്നത് എന്നു വ്യക്തമാണ്. എന്തൊക്കെ മാർഗങ്ങളാണ് അവ ഉപയോഗിക്കുന്നത്?
കൃത്രിമ സൂര്യനെ ഉപയോഗിച്ചോ രാത്രിയിലെ ആകാശത്തിന്റെ രൂപം കൃത്രിമമായി സൃഷ്ടിച്ചുകൊണ്ടോ നടത്തിയ പരീക്ഷണങ്ങൾ പക്ഷികൾക്ക് പകൽസമയത്തു സൂര്യനെ ആശ്രയിച്ചും രാത്രിയിൽ നക്ഷത്രങ്ങളെ ആശ്രയിച്ചും ദിശ നിർണയിക്കാൻ കഴിയുമെന്നു തെളിയിക്കുന്നു. ആകാശം മേഘാവൃതമാണെങ്കിലോ? പക്ഷികൾക്ക് അവയുടെ ഉള്ളിൽ തന്നെ ഒരു കാന്തസൂചിയുണ്ടെന്നു തോന്നിപ്പോകും വിധം, അവയ്ക്കു ഭൂമിയുടെ കാന്തിക ക്ഷേത്രത്തിന്റെ സഹായത്താൽ ദിശ നിർണയിക്കാൻ കഴിയും. പുറപ്പെട്ട അതേ വാസസ്ഥാനങ്ങളിലോ പ്രാവിൻകൂടുകളിലോ തിരിച്ചെത്തണമെങ്കിൽ അവയ്ക്കു പരിചിതമായ സ്ഥാനീയ അടയാളങ്ങൾ തിരിച്ചറിയാനുള്ള കഴിവുകൂടി ഉണ്ടായിരിക്കണം. ശബ്ദങ്ങളോടും ഗന്ധങ്ങളോടും മനുഷ്യരെക്കാൾ വളരെയധികം സംവേദകത്വം പക്ഷികൾക്കുണ്ടെന്നു ഗവേഷകർ കണ്ടെത്തിയിരിക്കുന്നു—ഈ പ്രാപ്തി ദിശ നിർണയിക്കാൻ എത്രത്തോളം ഉപയോഗിക്കുന്നുവെന്ന് അവർക്കറിയില്ലെങ്കിലും.
“പക്ഷിഭൂപട”ത്തിന്റെ രഹസ്യം
പക്ഷികൾക്ക് ഒരു നിശ്ചിത ദിശയിൽ പറക്കാൻ സാധിക്കുന്നതെങ്ങനെയെന്നതു സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ഈ ഗവേഷണങ്ങളെല്ലാം വളരെ ദൂരം പിന്നിട്ടെങ്കിലും, ഒരു കുഴപ്പിക്കുന്ന പ്രശ്നം ഇപ്പോഴും നിലനിൽക്കുന്നു. ആശ്രയയോഗ്യമായ ഒരു ദിശാ നിർണയന ഉപകരണം ഉണ്ടായിരിക്കുക എന്നതൊരു സംഗതിയാണ്, എന്നാൽ വീട്ടിലെത്താൻ നിങ്ങൾക്കൊരു ഭൂപടം കൂടി വേണം—ഒന്നാമതായി നിങ്ങൾ നിൽക്കുന്ന സ്ഥാനം നിർണയിക്കാനും പിന്നീട് നിങ്ങൾക്കു പോകേണ്ട ഏറ്റവും മെച്ചപ്പെട്ട വഴിയേതെന്നു തിട്ടപ്പെടുത്താനും.
പക്ഷികൾ ഏതുതരം “പക്ഷിഭൂപട”മാണ് ഉപയോഗിക്കുന്നത്? സ്വന്തം വാസസ്ഥലങ്ങളിൽനിന്നു നൂറു കണക്കിനു കിലോമീറ്ററുകൾ അകലെ ഒരജ്ഞാത സ്ഥലത്തു കൊണ്ടുപോയി വിട്ടാലും തങ്ങളെവിടെയാണെന്നു തിരിച്ചറിയാൻ അവയ്ക്കു കഴിയുന്നതെങ്ങനെയാണ്? പ്രത്യക്ഷത്തിൽ അവയെ സഹായിക്കാൻ ഭൂപടങ്ങളോ വഴികാട്ടിസ്തംഭങ്ങളോ യാതൊന്നും ഇല്ലാതിരിക്കെ, അവ ഏറ്റവും മെച്ചമായ വഴി കണ്ടുപിടിക്കുന്നതെങ്ങനെയാണ്?
ഒരു പക്ഷിയുടെ “ഭൂസ്ഥിതിബോധം ജന്തുസ്വഭാവത്തിലെ തീർത്തും പിടികിട്ടാത്തതും അമ്പരപ്പിക്കുന്നതുമായ രഹസ്യമായി തുടരുന്നുവെന്നു തോന്നുന്നു” എന്ന് ജെയിംസ് എൽ. ഗോൾഡ് എന്ന ജീവശാസ്ത്രജ്ഞൻ പറയുന്നു.
രഹസ്യത്തിനു പിന്നിലെ മനസ്സ്
തികച്ചും വ്യക്തമായ ഒരു സംഗതി ദേശാന്തരഗമനം ഒരു ജന്മസ്വഭാവമാണെന്നുള്ളതാണ്. ഒട്ടനവധിയിനം പക്ഷികളിൽ വർഷത്തിലെ ഒരു പ്രത്യേക സമയത്തു ദേശാന്തരഗമനം നടത്താനുള്ള വിവരങ്ങൾ ജീനുകൾക്കുള്ളിൽ തന്നെ പ്രോഗ്രാം ചെയ്തു വച്ചിരിക്കുകയാണ്. അവയെല്ലാം ജനിച്ചിരിക്കുന്നതു തന്നെ വിജയകരമായി ദിശ നിർണയിക്കാനുള്ള പ്രാപ്തികളും ഇന്ദ്രിയജ്ഞാനവും സഹിതമാണ്. ജന്മസിദ്ധമായ ഈ കഴിവ് എവിടെ നിന്നാണു വന്നത്?
പക്ഷികളുടെ ജനിതക സംജ്ഞ “പ്രോഗ്രാം ചെയ്യാൻ” കഴിവുള്ള, ജ്ഞാനിയായ ഒരു സ്രഷ്ടാവിൽനിന്നു മാത്രമേ ഈ സഹജജ്ഞാനത്തിന് ഉത്ഭവിക്കാൻ സാധിക്കൂ എന്നതു തികച്ചും ന്യായയുക്തമാണ്. ദൈവം ഗോത്രപിതാവായ ഇയ്യോബിനോട് പ്രസക്തമായ ഈ ചോദ്യം ചോദിച്ചു: “പരുന്തു തന്റെ ചിറകു തെക്കോട്ടു വിടർത്തുമ്പോൾ അതു എങ്ങനെ പറക്കണമെന്നറിയുന്നതു നിന്നിൽ നിന്നാണോ?”—ഇയ്യോബ് 39:26, ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ.
പക്ഷികളുടെ ദേശാടനത്തെപ്പറ്റി നൂറു വർഷത്തെ തീവ്രമായ ഗവേഷണങ്ങൾക്കു ശേഷം ശാസ്ത്രജ്ഞന്മാർ പക്ഷികളുടെ മസ്തിഷ്കത്തെ ആദരിക്കാൻ ഇടവന്നിരിക്കുന്നു. ദേശാടനക്കിളികൾ സഞ്ചരിക്കുന്ന പ്രധാനപ്പെട്ട പാതകൾ രേഖപ്പെടുത്തിയതിനു ശേഷം ചില പക്ഷികൾ സഞ്ചരിക്കുന്ന അവിശ്വസനീയ ദൂരം കണ്ട് അതിശയിക്കാനല്ലാതെ മറ്റൊന്നിനും ശാസ്ത്രജ്ഞർക്കു കഴിയുന്നില്ല. തലമുറകളായി, കോടിക്കണക്കിനു ദേശാടനക്കിളികൾ വസന്തകാലത്തും ശരത്കാലത്തും ഗോളം ചുറ്റി സഞ്ചരിക്കുന്നു. പകൽ സൂര്യന്റെ സഹായത്താലും രാത്രി നക്ഷത്രങ്ങളുടെ സഹായത്താലും അവ ദിശ നിർണയിക്കുന്നു. ഇരുണ്ട കാലാവസ്ഥയുള്ളപ്പോൾ അവ ഭൂമിയുടെ കാന്തിക ക്ഷേത്രം ഉപയോഗിക്കുകയും അതിവേഗം പരിചിതമായ പ്രദേശങ്ങൾ തിരിച്ചറിയാൻ പഠിക്കുകയും ചെയ്യുന്നു. സാധ്യതയനുസരിച്ചു ഗന്ധത്തിന്റെയോ ഇൻഫ്രാസോണിക് തരംഗങ്ങളുടെയോ സഹായത്താൽ അവ പോകേണ്ട ദിശയിൽ സ്വയം വിന്യസിക്കുന്നു.
അവ തങ്ങളുടെ യാത്രയ്ക്കു വേണ്ട “ഭൂപടം” തയ്യാറാക്കുന്ന വിധം ഒരു രഹസ്യമായിത്തന്നെ അവശേഷിക്കുന്നു. മീവൽപക്ഷികളെല്ലാം എങ്ങോട്ടാണു പോകുന്നതെന്നു നമുക്കറിയാം; എന്നാൽ അവ എങ്ങനെയാണവിടെയെത്തുന്നതെന്നു നമുക്കറിയില്ല. എങ്കിലും ശരത്കാലത്തു മീവൽപക്ഷികളെ കൂട്ടമായി കാണുമ്പോൾ അവയുടെ ദേശാന്തരഗമനത്തിനു സാധ്യതയൊരുക്കിയ ദൈവത്തിന്റെ ജ്ഞാനത്തിൽ അതിശയിച്ചു നിൽക്കാനല്ലാതെ മറ്റെന്തിനാണു നമുക്കാവുക.
[അടിക്കുറിപ്പുകൾ]
a താരാലംബകം അക്ഷാംശം കണക്കാക്കുന്നതിന് ഉപയോഗിച്ചിരുന്നതായിരുന്നു.
[18-ാം പേജിലെ ചതുരം]
ലോകചാമ്പ്യന്മാരായ ദേശാടനക്കിളികൾ
ദൂരം. 1966-ലെ വടക്കൻ വേനൽക്കാലത്ത് ഗ്രേറ്റ് ബ്രിട്ടനിലെ നോർത്ത് വെയിൽസിൽവെച്ച് ഒരു ആർട്ടിക് ടേണിന്റെ കാലിൽ അടയാളവളയമിട്ടു. അതേ വർഷംതന്നെ ഡിസംബറിൽ അത്—യഥോചിതം ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ പ്രത്യക്ഷപ്പെട്ടു. ആറു മാസത്തിനുള്ളിൽ അത് 18,000 കിലോമീറ്ററിലധികം പറന്നു കഴിഞ്ഞിരുന്നു. അത്തരമൊരു സാഹസകൃത്യം ആർട്ടിക് ടേണുകളെ സംബന്ധിച്ചു തികച്ചും സാധാരണ സംഗതിയാണ്. ഒരു വർഷക്കാലത്തിനിടക്ക് ഈ പക്ഷികളിൽ ചിലതു പതിവായി ഭൂഗോളം മുഴുവനും ചുറ്റിസഞ്ചരിക്കുന്നു.
വേഗത. അമേരിക്കൻ ഗോൾഡൻ പ്ലോവേഴ്സ് ആയിരിക്കും ഒരുപക്ഷേ ദേശാടനപ്പക്ഷികളിൽ ഏറ്റവും വേഗതയേറിയത്. ഇവയിൽ ചിലത് അലാസ്കയിലെ അലൂഷ്യൻ ദ്വീപുകളിൽനിന്നു ഹവായിയെ വേർതിരിക്കുന്ന 3,200 കിലോമീറ്റർ വരുന്ന സമുദ്രം വെറും 35 മണിക്കൂറുകൾ കൊണ്ടു കുറുകെ കടന്നിട്ടുണ്ട്—മണിക്കൂറിൽ ശരാശരി 91 കിലോമീറ്റർ വേഗതയിൽ!
സഹനശക്തി. 20 ഗ്രാം മാത്രം ഭാരമുള്ള, വടക്കേ അമേരിക്കയിലെ ബ്ലാക്ക്പോൾ വാർബ്ലറുകളാണ് ഏറ്റവും വലിയ മാരത്തോൺ പറക്കൽ വിദഗ്ധർ. തെക്കേ അമേരിക്കയിലേക്കുള്ള യാത്രാമധ്യേ അവ വെറും മൂന്നര ദിവസം കൊണ്ട് അറ്റ്ലാൻറിക് സമുദ്രത്തിനു കുറുകെ 3,700 കിലോമീറ്റർ തുടർച്ചയായി പറക്കുന്നു. അസാധാരണമായ സഹനശക്തിയുടെ ഈ പരീക്ഷണം ഒരു മനുഷ്യൻ നാലു മിനിറ്റുകൊണ്ട് ഒരു കിലോമീറ്റർ എന്ന കണക്കിൽ 1,900 കിലോമീറ്റർ നിർത്താതെ ഓടുന്നതിനോടു താരതമ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഈ യാത്ര തൂക്കം സംബന്ധിച്ചു ജാഗ്രതയുള്ളവരുടെ സ്വപ്നമാണ്—വാർബ്ലറിനു തന്റെ ശരീരഭാരത്തിന്റെ പകുതിയോളം നഷ്ടമാകുന്നു.
സമയനിഷ്ഠ. മീവൽപക്ഷിയെ കൂടാതെ ഞാറപ്പക്ഷികളും (മുകളിൽ കാണിച്ചിരിക്കുന്നു) സമയനിഷ്ഠയ്ക്കു പേരു കേട്ടവരാണ്. യിരെമ്യാ പ്രവാചകൻ ഞാറപ്പക്ഷിയെ തന്റെ “കാലം അറിയുന്ന”തും “മടങ്ങിവരവിന്നുള്ള” സമയം അറിയുന്നതുമായ ഒരു പക്ഷിയായി വർണിച്ചു. (യിരെമ്യാവു 8:7) ഓരോ വസന്തകാലത്തും ഏതാണ്ട് അഞ്ചു ലക്ഷത്തോളം ഞാറപ്പക്ഷികൾ ഇപ്പോഴും ഇസ്രായേലിൽ കൂടി കടന്നുപോകാറുണ്ട്.
ദിശാ നിർണയന പാടവം. മാൻക്സ് ഷിയർവാട്ടറുകൾക്കു തങ്ങളുടെ ഭവനം പോലെ മറ്റൊരു സ്ഥലവുമില്ല. ബ്രിട്ടനിലുള്ള കൂട്ടിൽനിന്ന് ഒരു പെൺപക്ഷിയെ എടുത്ത് 5,000 കിലോമീറ്റർ അകലെ യു.എസ്.എ.-യിലെ ബോസ്റ്റണിൽ കൊണ്ടുപോയി വിട്ടു. അവൾ 12 1/2 ദിവസം കൊണ്ട് അറ്റ്ലാൻറിക് മുറിച്ചു കടന്ന് അവളെ പുറത്തു വിട്ടതിനെ സംബന്ധിച്ച വിവരങ്ങളടങ്ങുന്ന എയർമെയിൽ എത്തുന്നതിനു മുൻപു നാട്ടിലെത്തിച്ചേർന്നു. ഈ യാത്ര ഏറ്റവും ആശ്ചര്യകരമായിരിക്കുന്നതിന്റെ കാരണം ഈ പക്ഷികൾ തങ്ങളുടെ ദേശാന്തര യാത്രക്കിടയിൽ ഒരിക്കൽ പോലും ഉത്തര അറ്റ്ലാൻറിക്കിനു കുറുകെ സഞ്ചരിച്ചിട്ടില്ലെന്നുള്ളതാണ്.
[16-ാം പേജിലെ ചിത്രം]
ഞാറപ്പക്ഷി ഓരോ വർഷവും കൃത്യമായി തന്റെ കൂട്ടിൽ തിരിച്ചെത്തുന്നു
[17-ാം പേജിലെ ചിത്രം]
ദേശാടനക്കൊക്കുകൾ V എന്ന അക്ഷരത്തിന്റെ രൂപത്തിൽ
[15-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Photo: Caja Salamanca y Soria