ബൈബിളിന്റെ വീക്ഷണം
ദൈവത്തിന്റെ നിലവാരങ്ങൾ എത്തിച്ചേരാനാവാത്തവിധം പ്രയാസമേറിയവയോ?
“ദൈവം മനുഷ്യനെ ഇഞ്ചിഞ്ചായി അളക്കുന്നില്ല.”—സ്കോട്ട്ലൻഡിലെ പഴഞ്ചൊല്ല്.
സ്കൂൾ പരീക്ഷകൾ, ജോലിക്കുള്ള ഇന്റർവ്യൂകൾ, മെഡിക്കൽ പരീക്ഷകൾ എന്നിവ ഒരു വ്യക്തിയെ അളക്കുന്ന, ജീവിതത്തിലെ ചില വഴിത്തിരിവുകളാണ്. എന്നാൽ ദൈവത്തിന്റെ നിലവാരങ്ങളനുസരിച്ചു ദിവസവും ജീവിക്കുന്ന കാര്യം വരുമ്പോൾ, അവ എത്തിപ്പിടിക്കുന്നതിൽ തങ്ങൾ എങ്ങനെയെങ്കിലുമൊക്കെ പരാജയപ്പെട്ടേക്കാമെന്നു പലർക്കും തോന്നുന്നു. അതാണോ നിങ്ങളുടെയും വിശ്വാസം? നിങ്ങൾക്കു ദൈവത്തിന്റെ നിലവാരങ്ങളിൽ എത്തിച്ചേരാൻ കഴിയുമോ?
ഉത്തരത്തിനായി, നമുക്ക് ആദ്യംതന്നെ ദൈവം തന്റെ ആരാധകർക്കുവേണ്ടി വെച്ചിരിക്കുന്ന നിലവാരങ്ങൾ നോക്കാം. ജീവിതത്തിലുടനീളം നാം നടക്കേണ്ടിയിരിക്കുന്ന പാതയിലേക്കു ബൈബിൾ വെളിച്ചം വീശുന്നു. (സങ്കീർത്തനം 119:105) “സത്യദൈവത്തെ ഭയപ്പെടുകയും അവന്റെ കൽപ്പനകളനുസരിക്കുകയും ചെയ്യു”ന്നതാണു മനുഷ്യന്റെ “മുഴു കടപ്പാ”ടുമെന്ന് ബൈബിളെഴുത്തുകാരനായ, ജ്ഞാനിയായ ശലോമോൻ രാജാവു നിഗമനം ചെയ്തു. (സഭാപ്രസംഗി 12:13, NW) പ്രവാചകനായ മീഖാ ഇപ്രകാരം അഭിപ്രായപ്പെട്ടു: “ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?”—മീഖാ 6:8.
“നിന്റെ ദൈവമായ യഹോവയെ നിന്റെ മുഴു ഹൃദയത്തോടും മുഴു മനസ്സോടും മുഴു ശക്തിയോടും കൂടെ സ്നേഹിക്കുക”യും “നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക”യും ചെയ്യുക എന്നിവയെക്കാൾ വലുതായ കൽപ്പനയില്ലെന്നു ദൈവത്തിന്റെ സ്വന്തം പുത്രനായ യേശുക്രിസ്തു പ്രഖ്യാപിക്കുകയുണ്ടായി. (മർക്കോസ് 12:30, 31, NW) കൂടാതെ, നാം അവന്റെ കൽപ്പനകളെല്ലാം അനുസരിച്ചുകൊണ്ടു ദൈവത്തെ സ്നേഹിക്കുന്നുവെന്നു പ്രകടമാക്കുന്നു.—1 യോഹന്നാൻ 5:3.
ലളിതമായി പറഞ്ഞാൽ, മനുഷ്യർ ദൈവത്തെ സ്നേഹിക്കുകയും ആദരിക്കുകയും വേണം, അവന്റെ കൽപ്പനകൾ അനുസരിക്കണം, പക്ഷഭേദമില്ലാതെ പ്രവർത്തിക്കണം, എല്ലാവരോടും ദയയുള്ളവരായിരിക്കണം, അഹന്ത ഒഴിവാക്കുകയും ചെയ്യണം. അത്തരം നിലവാരങ്ങൾ നമ്മുടെ എത്തുപാടിലല്ലേ?
ദൈവം വിട്ടുവീഴ്ച ചെയ്യുന്നു
മനുഷ്യർ തന്റെ നിലവാരങ്ങളിൽ എത്തിച്ചേരാൻ ദൈവം ഉചിതമായി പ്രതീക്ഷിക്കുന്നു. എന്നാൽ തികച്ചും സത്യസന്ധമായി പറഞ്ഞാൽ, ഏതെങ്കിലും മനുഷ്യൻ ഈ നിലവാരങ്ങളോട് എല്ലായ്പോഴും പൂർണമായും പറ്റിനിൽക്കുന്നുണ്ടോ? വ്യക്തമായും ഇല്ല, എന്തുകൊണ്ടെന്നാൽ നാം നമ്മുടെ പൂർവപിതാവായ ആദാമിൽനിന്ന് അപൂർണത അവകാശപ്പെടുത്തിയിരിക്കുന്നു. (റോമർ 5:12) അങ്ങനെ നാം തെറ്റു ചെയ്യാൻ പ്രവണതയുള്ളവരാണ്. എന്നാൽ ദൈവത്തെ സ്വീകാര്യമാംവിധം സേവിക്കുന്നതിന് ഇതു നമ്മെ അയോഗ്യരാക്കിത്തീർക്കുന്നില്ല.
ഉദാഹരണത്തിന്, കാർ ഡ്രൈവിങ് അഭ്യസിക്കുന്നതിന്റെ പ്രശ്നങ്ങൾ പരിഗണിക്കുക. ഡ്രൈവിങ് പരീക്ഷ പാസ്സാകത്തക്കവണ്ണം ഓടിക്കുന്നതിനു സ്ഥിരമായ ജാഗ്രതയും സമയവും ആവശ്യമാണ്. ലൈസൻസ് കിട്ടിക്കഴിഞ്ഞാലും തീർച്ചയായും നാം ശ്രമം ചെയ്യേണ്ടതുണ്ട്. അനുഭവപരിചയം നേടുന്നതോടെ നമ്മുടെ വൈദഗ്ധ്യങ്ങൾ മൂർച്ചയേറിയതായിത്തീരുന്നു. എന്നാൽ കുറ്റമറ്റ ഡ്രൈവർമാർ ആരുമില്ല!
ദൈവം നമ്മുടെ പരാജയങ്ങൾക്കു വിട്ടുവീഴ്ച ചെയ്യുന്നുവെന്നതു സന്തോഷകരമാണ്. നമുക്കു ചെയ്യാൻ കഴിയാത്തത് ആവശ്യപ്പെട്ടുകൊണ്ടും തെറ്റു കണ്ടുപിടിച്ചുകൊണ്ടിരുന്നുകൊണ്ടും അവൻ അന്യായമായി പ്രവർത്തിക്കുന്നവനല്ല. അവൻ നമ്മുടെ ചാപല്യങ്ങളും ദൗർബല്യങ്ങളും മനസ്സിലാക്കുന്നു. ഘോരമായി പാപം ചെയ്ത ദാവീദ് ഇങ്ങനെ സമ്മതിച്ചു പറയുകയുണ്ടായി: “അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.” കാരണം? “ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ അവന്റെ [ദൈവത്തിന്റെ] ദയ അവന്റെ ഭക്തന്മാരോടു വലുതായിരിക്കുന്നു.” നാം പാപം ചെയ്യുന്നുവെന്നു യഹോവക്ക് അറിയാമെങ്കിൽപ്പോലും നമ്മുടെ ലംഘനങ്ങളെ “ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ” അകറ്റിനിർത്താൻ അവൻ തയ്യാറാണ്.—സങ്കീർത്തനം 103:10-14.
മടുത്തുപോകരുത്
ആത്മാർഥഹൃദയനായ ഒരു ദൈവാരാധകൻ ഇപ്രകാരം വിശദീകരിച്ചു: “ഒരിക്കലും എനിക്കു ദൈവത്തിന്റെ നിലവാരങ്ങളനുസരിച്ചു ജീവിക്കാൻ കഴിയുകയില്ലെന്നു വിഷണ്ണനായിരിക്കുമ്പോൾ ചിലപ്പോൾ ഞാൻ നിഗമനം ചെയ്യാറുണ്ട്. എന്നാൽ ഞാൻ ഏറെ ക്രിയാത്മകമായ ഒരു വീക്ഷണഗതി വളർത്തിയെടുക്കുമ്പോൾ ദൈവം എന്നിൽനിന്ന് ആഗ്രഹിക്കുന്ന വിധത്തിൽ എനിക്കു ജീവിച്ചുപോകാൻ കഴിയുമെന്നു തോന്നാറുണ്ട്. എന്നാൽ അത് അത്ര എളുപ്പമല്ല!” നിങ്ങൾക്ക് ഈ രീതിയിൽ തോന്നുന്നെങ്കിൽ നിരാശപ്പെടരുത്. ആ വികാരങ്ങൾ ഉണ്ടായിരിക്കുന്ന ആദ്യത്തെ ആളല്ല നിങ്ങൾ, അവസാനത്തെ ആളുമല്ല.
ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് ഇപ്രകാരം തുറന്നു സമ്മതിച്ചു: ‘നന്മ ചെയ്വാൻ ഇച്ഛിക്കുമ്പോൾ തിന്മ എന്റെ പക്കൽ ഉണ്ടു. ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു. അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ!’ എന്നിട്ടും ദൈവം പ്രതീക്ഷിക്കുന്നത് വളരെ പ്രയാസകരമാണെന്ന് അവൻ നിഗമനം ചെയ്തില്ല. എന്തെന്നാൽ അവൻ ഇപ്രകാരം കൂട്ടിച്ചേർക്കുകയുണ്ടായി: “ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും? നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാൻ തന്നേ ബുദ്ധികൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും ജഡംകൊണ്ടു പാപത്തിന്റെ പ്രമാണത്തെയും സേവിക്കുന്നു.” (റോമർ 7:21-25) അങ്ങനെ, പാപിയാണെങ്കിലും തനിക്കു ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുമെന്ന് അവൻ വിചാരിച്ചു.
നമ്മുടെ സ്നേഹവാനാം സ്രഷ്ടാവായ യഹോവ തന്റെ പ്രിയ പുത്രനായ യേശുവിന്റെ മറുവിലയാഗത്തിന്റെ പ്രയോജനത്തിലൂടെ നമ്മുടെ തെറ്റുകളും പിഴവുകളും ക്ഷമിച്ചുതരുന്നു. അപ്പോസ്തലനായ യോഹന്നാൻ ഇപ്രകാരം എഴുതി: “ആരെങ്കിലും ഒരു പാപം തീർച്ചയായും ചെയ്യുന്നുവെങ്കിൽ പിതാവിന്റെ അടുക്കൽ നമുക്കൊരു സഹായിയുണ്ട്. നീതിമാനായ യേശുക്രിസ്തു. അവൻ നമ്മുടെ പാപങ്ങൾക്ക് ഒരു പാപപരിഹാര [മറയ്ക്കൽ] യാഗമാകുന്നു.” (1 യോഹന്നാൻ 2:1, 2, NW) പാപം വരുത്തിവയ്ക്കുന്നതും സൗഹൃദത്തിനുള്ള ദൈവനിലവാരം എത്തിപ്പിടിക്കുന്നതിൽനിന്നു നമ്മെ തടയുന്നതുമായ ആ പ്രതിബന്ധത്തെ ക്രിസ്തുവിന്റെ യാഗത്തിന്റെ ശക്തി നീക്കം ചെയ്യുന്നു അഥവാ തകർത്തുകളയുന്നു. അങ്ങനെ ദൈവവുമായുള്ള സൗഹൃദം പുനഃസ്ഥാപിക്കപ്പെടുന്നു.
സ്നേഹപുരസ്സരമായ ഈ ക്രമീകരണം താഴ്മയോടെ അംഗീകരിക്കുന്നതു ക്ഷമ കൈവരുത്തുന്നു. എന്തുകൊണ്ടെന്നാൽ ദൈവം “മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെ”യാണു വസിക്കുന്നത്. (യെശയ്യാവു 57:15) നമ്മുടെ മനോവീര്യം പുതുക്കുന്നതിനു നമുക്ക് അവനെ ആശ്രയിക്കാൻ കഴിയും. “എളിയവനെ പൊടിയിൽനിന്നു എഴുന്നേല്പി”ക്കുമെന്ന് അവൻ വാഗ്ദാനം ചെയ്യുന്നു. ദൈവത്തെ പൂർണമായി അനുസരിക്കുന്നതിൽ പരാജയപ്പെടുമ്പോൾ മേലാൽ നാം വിഷാദമഗ്നരായി ഇരിക്കേണ്ടതില്ല. പകരം, ദൈവത്തിന്റെ നിലവാരങ്ങളനുസരിച്ചു ജീവിക്കുന്നതിനു നാം ചെയ്യുന്ന ശ്രമങ്ങളെ അവൻ ഒരിക്കലും അവഗണിക്കുകയില്ലെന്നു നമുക്കു ശുഭാപ്തിവിശ്വാസമുള്ളവരായിരിക്കാൻ കഴിയും.—സങ്കീർത്തനം 113:7; എബ്രായർ 6:10-12.
അതൊരു പോരാട്ടമാണ്. എങ്കിലും ദൈവത്തിനു പ്രസാദകരമായതു ചെയ്യുമ്പോൾ നിങ്ങൾ കൂടുതൽ സന്തുഷ്ടരായിരിക്കുന്നതായി നിങ്ങൾ നിരീക്ഷിക്കും. ദൈവഭക്തി നിങ്ങൾക്കും നിങ്ങളുടെ ചുറ്റുമുള്ളവർക്കും ജീവിതം കൂടുതൽ സഹനീയമാക്കിത്തീർക്കുന്നു. കൂടാതെ ഭാവിയെക്കുറിച്ചും ചിന്തിക്കുക. ദൈവത്തിന്റെ നിലവാരങ്ങളനുസരിച്ചു ജീവിക്കാൻ ഇപ്പോൾ കഠിന പ്രയത്നം ചെയ്യുന്നതു പറുദീസാ അവസ്ഥകളിൻകീഴിലെ നിത്യജീവന്റെ പ്രതീക്ഷ കൈവരുത്തുന്നു.—യെശയ്യാവു 48:17; റോമർ 6:23; 1 തിമൊഥെയൊസ് 4:8.
പർവതശൃംഗത്തിൽ എത്തിക്കഴിയുമ്പോൾ തങ്ങൾ പകുതി വഴിയേ ആയിട്ടുള്ളൂ എന്ന് അനുഭവസ്ഥരായ പർവതാരോഹകർ മനസ്സിലാക്കുന്നു. അവർക്കു സുരക്ഷിതമായി താഴെയിറങ്ങേണ്ടതുണ്ട്. സമാനമായി, ദൈവത്തെ ഭയപ്പെടുന്നവർക്കു ദൈവത്തിന്റെ നിലവാരങ്ങൾ എത്തിപ്പിടിക്കുകയും എന്നിട്ട് അവയനുസരിച്ചു ജീവിക്കുന്നതിൽ നിലനിൽക്കുകയും ചെയ്യേണ്ടതുണ്ട്.—ലൂക്കൊസ് 21:19; യാക്കോബ് 1:4.
ദൈവത്തിന്റെ നിലവാരങ്ങൾ എത്തിപ്പിടിക്കാനാവാത്തവിധം പ്രയാസമേറിയവയല്ലെന്നുള്ള പരിജ്ഞാനത്തിൽനിന്ന് ആശ്വാസം നേടുക. അവയോടു പൂർണമായും പറ്റിനിൽക്കുന്നതിൽ ഇടയ്ക്കിടയ്ക്കു പരാജയപ്പെടുമ്പോൾ അവന്റെ ക്ഷമ തേടുക. അവന്റെ സ്നേഹപൂർവകമായ പിന്തുണയിൽ ആശ്രയിക്കുക. (സങ്കീർത്തനം 86:5) അങ്ങനെ യഹോവയുടെയും അവന്റെ പുത്രന്റെയും സഹായത്തോടെ നിങ്ങൾക്കു ദൈവത്തിന്റെ നിലവാരങ്ങൾ എത്തിപ്പിടിക്കാനും അവന്റെ അംഗീകാരം നേടാനും കഴിയും.—സദൃശവാക്യങ്ങൾ 12:2.