നോർവേയിലെ സുപ്രീംകോടതി മതാവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്നു
ഒരു കുട്ടിയെ വളർത്തുന്നതിൽ ഒരു മാതാവിനെയോ പിതാവിനെയോ അയോഗ്യനാക്കാൻ ഏതെല്ലാം സാഹചര്യങ്ങൾക്കു കഴിയും? സംരക്ഷണാവകാശം സംബന്ധിച്ചു ലോകമെങ്ങുമുള്ള കേസുകളിൽ ഈ ചോദ്യം സംബന്ധിച്ചു ശക്തമായ വാദപ്രതിവാദങ്ങൾ നടക്കാറുണ്ട്. ഉൾപ്പെടുന്ന മാതാവിന്റെ അല്ലെങ്കിൽ പിതാവിന്റെ ആരോഗ്യം, ജീവിതസാഹചര്യങ്ങൾ, കുട്ടിയോടുള്ള വൈകാരിക അടുപ്പം എന്നിവയുൾപ്പടെ നിരവധി ഘടകങ്ങൾ പരിഗണിക്കപ്പെടുന്നു.
എന്നാൽ മതത്തിന്റെ കാര്യമോ? ഒരു മാതാവിന്റെയോ പിതാവിന്റെയോ വിശ്വാസം മാത്രം കണക്കിലെടുത്ത് അവർ അയോഗ്യരെന്നു തീർത്തുപറയാൻ കഴിയുമോ? ഈ ചോദ്യം സംരക്ഷണാവകാശം സംബന്ധിച്ചു നോർവേയിൽ നടന്ന, ഒരു യഹോവയുടെ സാക്ഷി ഉൾപ്പെട്ട, നിയമയുദ്ധത്തിന്റെ കേന്ദ്രവിഷയമായിത്തീർന്നു. നോർവേ സുപ്രീംകോടതിയിൽ ഈ പ്രശ്നം പരിഹരിക്കപ്പെടാൻ രണ്ടുവർഷത്തിലധികം സമയമെടുത്തെന്നു മാത്രമല്ല, മൂന്നു വിചാരണകളും നടന്നു.
1988-ലായിരുന്നു അതിന്റെ തുടക്കം. 1989 മാർച്ചുമാസത്തോടെ മാതാപിതാക്കൾ പൂർണമായി വേർപിരിഞ്ഞിരുന്നു. അവരുടെ മകളുടെ സംരക്ഷണം മാതാവു തുടർന്നു. പെൺകുട്ടിയുടെ പൂർണസംരക്ഷണച്ചുമതല തനിക്കു വിട്ടുകിട്ടണമെന്നവകാശപ്പെട്ടുകൊണ്ടു പിതാവു കോടതിയെ സമീപിച്ചു. വേണ്ടരീതിയിൽ, ആരോഗ്യകരമായ വിധത്തിൽ കുട്ടിയെ വളർത്തിക്കൊണ്ടുവരാനുള്ള പ്രാപ്തി മാതാവിനില്ലെന്നും, അതുകൊണ്ടു സന്ദർശനാവകാശം മാത്രമേ അവർക്കു കൊടുക്കാവൂ എന്നും അയാൾ തീർത്തുപറഞ്ഞു. അയാളുടെ അവകാശവാദത്തിനുള്ള അടിസ്ഥാനം? അത് അവർ യഹോവയുടെ സാക്ഷികളോടൊത്തു സഹവസിക്കുന്നുണ്ടായിരുന്നു എന്നതായിരുന്നു.
യഹോവയുടെ സാക്ഷികളെ എതിർക്കുന്നവരിൽനിന്ന് “വിദഗ്ധ” സാക്ഷ്യങ്ങൾ അഭ്യർഥിച്ചുകൊണ്ടു പിതാവ് യഹോവയുടെ സാക്ഷികളുടെ ഉപദേശങ്ങളും ജീവിതരീതിയും ഉത്തരവാദിത്വപൂർവം മക്കളെ വളർത്തിക്കൊണ്ടുവരുന്നതിനാവശ്യമായ മനോഭാവങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമാണെന്നു കോടതിയെ ബോധ്യപ്പെടുത്താൻവേണ്ടി തന്നെ തുനിഞ്ഞിറങ്ങി. ഒന്നിനെതിരെ രണ്ടു ജഡ്ജിമാരുടെ അനുകൂലാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ അമ്മയുടെ പരിചരണം ലഭിക്കുന്നതിന് കുട്ടി അമ്മയോടൊപ്പം കഴിയണമെന്നു ജില്ലാക്കോടതി വിധിച്ചു. കോടതി പിതാവിനു സന്ദർശനാവകാശം അനുവദിച്ചുകൊടുത്തു. പിതാവ് ഹൈക്കോടതിയിൽ അപ്പീൽ കൊടുത്തു. പിന്നെയും ഒന്നിനെതിരെ രണ്ടു വോട്ടുകൾക്കു കോടതി കുട്ടിക്ക് അമ്മയുടെ ദൈനംദിനപരിചരണം ആവശ്യമാണെന്ന വസ്തുതയെ ഉയർത്തിപ്പിടിച്ചു. എന്നാലും ഇത്തവണ പിതാവിനു കൂടുതൽ സന്ദർശനാവകാശങ്ങൾ അനുവദിച്ചുകൊടുത്തു. എന്നാൽ പിന്നീട്, മാതാവിനനുകൂലമായി വിധി പ്രഖ്യാപിച്ച ജഡ്ജിമാരെപ്പോലും കുട്ടിയുടെ ഭാവി സംബന്ധിച്ച സംശയങ്ങൾ അലട്ടുന്നതായിത്തോന്നി. അതിന്റെ പിൻബലത്തിൽ പിതാവ് നോർവേയിലെ സുപ്രീംകോടതിയിൽ അപ്പീൽ കൊടുത്തു.
യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളെ താറടിച്ചുകാണിക്കാൻ ആ പിതാവ് ഒരിക്കൽ കൂടി ശ്രമംതുടങ്ങി. തന്റെ മകൾ അത്തരമൊരു സ്വാധീനത്തിൻ കീഴിൽ വളരുന്നത് അവൾക്കു ഹാനികരമായിരിക്കുമെന്ന് അയാൾ അവകാശപ്പെട്ടു.
എന്നാൽ സുപ്രീംകോടതി ഒരു വ്യത്യസ്തവീക്ഷണമാണു സ്വീകരിച്ചത്. 1994 ആഗസ്റ്റ് 26-ാം തീയതി കൈക്കൊണ്ട ഒരു തീരുമാനത്തിന്റെ പിൻബലത്തിൽ പ്രഥമജഡ്ജി ഇങ്ങനെ വിധി പ്രഖ്യാപിച്ചു: “മാതാവിന് യഹോവയുടെ സാക്ഷികളുടെ കൂടെയുള്ള അംഗത്വം കുട്ടിയുടെ ദൈനംദിന പരിചരണം അവർക്കു വിട്ടുകൊടുക്കുന്നതിന് ഒരു തടസ്സമല്ല.” “കുട്ടിക്കു കുഴപ്പമൊന്നുമില്ലെന്നും അവൾ സന്തോഷവതിയാണെന്നും ഞാൻ കാണുന്നു. അവളുടെ മാതാവിനും പിതാവിനും ജീവിതത്തെ സംബന്ധിച്ചു തികച്ചും വ്യത്യസ്ത വീക്ഷണങ്ങളായതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെ അവൾ മെച്ചമായി കൈകാര്യം ചെയ്യുന്നതായി തോന്നുന്നു” എന്നുകൂടി അദ്ദേഹം പറഞ്ഞു. മറ്റു നാലു ജഡ്ജിമാരും ഐകകണ്ഠ്യേന അദ്ദേഹത്തിന്റെ നിഗമനത്തെ പിന്താങ്ങി.
യഹോവയുടെ സാക്ഷികൾക്കെതിരെ കൊണ്ടുവന്ന വ്യാജാരോപണങ്ങളുടെ ആന്തരോദ്ദേശ്യം സുപ്രീംകോടതി ജഡ്ജിമാർ മനസ്സിലാക്കി എന്നതിനെ നോർവേയിലെ സത്യസ്നേഹികൾ വളരെയധികം വിലമതിക്കുന്നു. ഈ തീരുമാനമെടുത്തതുവഴി ദൈവത്തെ ആരാധിക്കാൻ ഓരോ വ്യക്തിക്കുമുള്ള സ്വാതന്ത്ര്യവും തങ്ങളുടെ കുട്ടികളെ ബൈബിൾ തത്ത്വങ്ങളാൽ പരിപോഷിപ്പിക്കപ്പെട്ട സ്നേഹനിർഭരമായ ഒരു വിധത്തിൽ വളർത്തിക്കൊണ്ടുവരാനുള്ള സ്വാതന്ത്ര്യവും കോടതി ഉറപ്പാക്കി.a
[അടിക്കുറിപ്പ്]
a 1990 ഏപ്രിൽ 8 ഉണരുക!യുടെ (ഇംഗ്ലീഷ്) 31-ാം പേജിലും 1993 ഒക്ടോബർ 8 ഉണരുക!യുടെ (ഇംഗ്ലീഷ്) 15-ാം പേജിലും സമാനമായ കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.