യുവജനങ്ങൾ ചോദിക്കുന്നു. . .
ദൈവത്തിന്റെ സുഹൃത്തായിരിക്കുന്നത് എന്നെ സഹായിക്കുമോ?
ഒരു തലമുറയ്ക്കു മുമ്പായിരുന്നെങ്കിൽ വിശ്വസിക്കാൻപോലും പറ്റാത്ത തരത്തിലുള്ള സമ്മർദങ്ങൾ അനുഭവിച്ചാണ് ഇന്നത്തെ ചെറുപ്പക്കാരിലനേകരും വളരുന്നത്. 1,60,000 ചെറുപ്പക്കാരെ ഉൾപ്പെടുത്തിയ ഒരു ദേശീയസർവേയുടെ സംഘാടകർ പറയുന്നതിതാണ്: “സമർഥമായി കൈകാര്യം ചെയ്യാൻ സാധിക്കുകയില്ലെന്ന് തങ്ങൾക്കു തോന്നുന്ന പ്രശ്നഭാരങ്ങൾ, ആത്മവിശ്വാസം കെടുത്തുന്ന നിരുത്സാഹവും ദുഃഖവും, പ്രശ്നങ്ങളിൽ സഹാനുഭൂതി കാണിക്കാത്ത മാതാപിതാക്കൾ എന്നീ ഘടകങ്ങളിൽനിന്നാണ് തങ്ങൾക്കുണ്ടാകുന്ന കുഴപ്പങ്ങളിലധികവും ഉടലെടുക്കുന്നതെന്നു കൗമാരപ്രായക്കാർ ഞങ്ങളോടു പറയുന്നു.” സമാനമായി, ഒരു ചെറുപ്പക്കാരനു ജീവിതം ചിലപ്പോഴൊക്കെ എത്ര വേദനാകരമായിരുന്നേക്കാമെന്നു മറ്റുള്ളവർ മനസ്സിലാക്കുന്നേയില്ലെന്നു നിങ്ങൾക്കു തോന്നാനിടയുണ്ട്.
വൈകാരിക പിന്തുണക്കായി നിങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന ഒരു സുഹൃത്തു നിങ്ങൾക്കുണ്ടായിരിക്കാമെന്നതു ശരിതന്നെ, അത് അല്പം ആശ്വാസം തരികയും ചെയ്തേക്കാം. എന്നാൽ നിങ്ങൾ തനിച്ചു നേരിടേണ്ട അതിയായി വേദനിപ്പിക്കുന്ന വിഷമഘട്ടങ്ങൾ ഉണ്ടെന്നുള്ളതു വാസ്തവമല്ലേ? ചില അവസരങ്ങളിൽ നിങ്ങളുടെ “ഹൃദയം” മാത്രം “സ്വന്തദുഃഖത്തെ അറിയുന്നു” എന്നുള്ളത് എത്ര സത്യമാണ്. (സദൃശവാക്യങ്ങൾ 14:10) എന്നാൽ നിങ്ങളെ പൂർണമായി മനസ്സിലാക്കുന്ന ഒരാളുണ്ട്, അവൻ തന്റെ സൗഹൃദം വെച്ചുനീട്ടുകയും ചെയ്യുന്നു. ഏറ്റവും വേദനാകരമായ സന്ദർഭങ്ങളിൽപോലും അദ്ദേഹത്തിന്റെ സൗഹൃദം വലിയ സഹായമാണെന്ന് അനേകം ചെറുപ്പക്കാർ കണ്ടെത്തിയിരിക്കുന്നു.
ദൈവവുമായുള്ള സൗഹൃദം
ഒരു ചെറുപ്പക്കാരിയോട്, അവൾ യഹോവയാം ദൈവത്തിന് ഏറ്റവുമധികം നന്ദി കൊടുക്കുന്നത് എന്തിനുവേണ്ടിയാണെന്നു ചോദിച്ചു. അവളുടെ മറുപടി: “നമുക്ക് അവനെ അറിയാനും അവന്റെ ഉറ്റസുഹൃത്തുക്കളായിരിക്കാനും കഴിയും, അതിന്.” അതേ, പ്രപഞ്ചത്തിലെ ഏറ്റവും മികച്ച സുഹൃദ്ബന്ധത്തിലേക്കു പ്രവേശിക്കുക സാധ്യമാണ്! “യഹോവയുമായുള്ള ഉറ്റബന്ധം അവനെ ഭയപ്പെടുന്നവർക്കുള്ളതാണ്” എന്നു സങ്കീർത്തനക്കാരൻ എഴുതി.—സങ്കീർത്തനം 25:14, NW.
“യഹോവയുമായുള്ള ഉറ്റബന്ധം”—എത്ര വിലയേറിയ അവസരം! അടുത്ത സുഹൃത്തായ ഒരാളോടുള്ള തുറന്ന സ്വകാര്യസംഭാഷണം എന്ന ആശയമാണ് മൂല എബ്രായ പദം നൽകുന്നത്. അതുകൊണ്ട് സ്നേഹത്തിൽ അധിഷ്ഠിതമായ ഒരടുത്ത ബന്ധമാണത്, പരസ്പരവിശ്വാസത്തിൽനിന്ന് ഉരുത്തിരിയുന്ന സവിശേഷമായ ഒരു അടുപ്പം. ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങൾക്കുള്ള യഥാർഥ വില, നിങ്ങളെ നന്നായി മനസ്സിലാക്കുന്ന ആ ഒരുവനു മാത്രമേ കണക്കാക്കാൻ സാധിക്കുകയുള്ളൂ എന്ന വസ്തുത ദൈവത്തിന്റെ സ്നേഹിതനെന്ന നിലക്കു നിങ്ങൾ അനുഭവിച്ചറിയുന്നു. എന്നാൽ ഈ സുഹൃദ്ബന്ധത്തിന്റെ പ്രയോജനങ്ങൾ എന്തെല്ലാമാണ്?
‘ബാല്യംമുതൽ എന്റെ ആശ്രയം’
മിക്ക യുവജനങ്ങൾക്കും, ഒരു പുറംമോടിയല്ലാതെ ആത്മവിശ്വാസമില്ല. “ഞാൻ എന്റെ അഭിപ്രായങ്ങൾ പറയുമ്പോൾ ആരെങ്കിലും അവരുടേതുമായി കടന്നുവന്ന് എന്റേതിനു പൂർണമായി മാറ്റം വരുത്തുന്നു” എന്നു 13-കാരി ജൂഡി വിലപിക്കുന്നു. “എന്റെ അഭിപ്രായങ്ങളെപ്പറ്റി എനിക്കു തന്നെ അത്ര ഉറപ്പില്ല” എന്നവൾ പറഞ്ഞു. എന്നാൽ, നമ്മുടെ സ്വർഗീയസുഹൃത്ത് തന്റെ എഴുതപ്പെട്ട വചനമായ ബൈബിളിൽ, വിജയകരമായ ജീവിതം നയിക്കുന്നതിനുള്ള വിശിഷ്ട മാർഗനിർദേശം പ്രദാനം ചെയ്യുന്നു. വാസ്തവത്തിൽ, സദൃശവാക്യങ്ങൾ എന്ന ബൈബിൾപുസ്തകത്തിലുള്ള ഉപദേശങ്ങൾ “ബാലന്നു പരിജ്ഞാനവും വകതിരിവും” നൽകി അവന്റെ വഴികൾ നേരെയാക്കാൻ അവനെ പ്രാപ്തനാക്കാൻ വേണ്ടി തയ്യാറാക്കിയിട്ടുള്ളവയാണ്. (സദൃശവാക്യങ്ങൾ 1:1-4; 3:1-6) അതിനു നിങ്ങൾക്ക് ആത്മവിശ്വാസം തരാൻ കഴിയും! ജീവിക്കേണ്ട ഏറ്റവും മെച്ചമായ വിധം നിങ്ങൾക്ക് അറിയാൻ കഴിയും.
ബൈബിളും ഈ മാസിക പോലെയുള്ള ബൈബിൾപഠന സഹായികളും സുഹൃത്തുക്കളെ എങ്ങനെ തിരഞ്ഞെടുക്കണം എന്നതുമുതൽ മാതാപിതാക്കളോടു കാണിക്കേണ്ട ശരിയായ മനോഭാവംവരെയുള്ള ജീവിതത്തിന്റെ എല്ലാ വശങ്ങളെപ്പറ്റിയും സൂക്ഷ്മമായ ഉപദേശങ്ങൾ നൽകുന്നു. (സദൃശവാക്യങ്ങൾ 1:8, 9; 13:20) ഈ നിർദേശങ്ങൾ അനുസരിക്കുന്നവർക്ക് അങ്ങനെ “മരണത്തിന്റെ കെണികളെ ഒഴിഞ്ഞുപോകാ”ൻ കഴിയും. (സദൃശവാക്യങ്ങൾ 14:27) ഉദാഹരണത്തിന്, മേയ് എന്ന പെൺകുട്ടി തന്റെ സഹോദരി ബൈബിൾ തത്ത്വങ്ങളെ ധിക്കരിക്കുന്നതു നിരീക്ഷിച്ചു. ആ സഹോദരിക്ക് അവളുടെ വഷളായ ജീവിതരീതി മൂലം ദാരുണമായ ഒരു വിധത്തിൽ അകാലമരണം സംഭവിച്ചു. അത്തരം അധാർമികതയെ ചെറുത്തുനിൽക്കാൻ തനിക്കു സാധിച്ചതെങ്ങനെയെന്നു മേയ് വിവരിച്ചു: “യഹോവയുടെ ധാർമികനിയമങ്ങളെപ്പറ്റി നന്നായി ധ്യാനിക്കാൻ എനിക്കു കഴിയും, അതെനിക്കു ശക്തിപകരുന്നു. ഈ തത്ത്വങ്ങൾ യഹോവ എത്ര യാഥാർഥ്യമാണെന്നും അവന്റെ വഴികൾ ഏറ്റവും മികച്ചവയാണെന്നും മനസ്സിലാക്കാൻ എന്നെ സഹായിക്കുന്നു.”
ഒരു സുഹൃത്തായി യഹോവ ഉണ്ടായിരിക്കുക എന്നതിൽ അവന്റെ നിലവാരങ്ങൾ കേവലം പഠിക്കുക എന്നതിനെക്കാളധികം ഉൾപ്പെടുന്നുണ്ട്. നിങ്ങളുടെ ജീവിതത്തിൽ അവൻ കാണിക്കുന്ന വ്യക്തിപരമായ താത്പര്യം നിങ്ങൾക്ക് അനുഭവിച്ചറിയാൻ കഴിയും. ബാല്യംമുതൽ യഹോവയാൽ പഠിപ്പിക്കപ്പെട്ട ദാവീദുരാജാവിനെപ്പറ്റി ബൈബിൾ പറയുന്നു. ദാവീദ് ദൈവത്തിന്റെ ഒരു സ്നേഹിതനായിത്തീർന്നു. അവൻ ജീവിതത്തിൽ “അനവധി കഷ്ടങ്ങൾ” അനുഭവിച്ചെങ്കിലും തന്റെ ജീവിതത്തിൽ യഹോവ പ്രവർത്തിക്കുന്നത് അവൻ വ്യക്തമായി കണ്ടു. ദൈവം തനിക്കുവേണ്ടി ചെയ്ത “അത്ഭുതപ്രവൃത്തികളെ”യും തന്റെ ജീവിതത്തിൽ പ്രയോഗിച്ച അവന്റെ “ഭുജത്തെ”യും അഥവാ ശക്തിയെയും കുറിച്ചു ദാവീദ് പറയുന്നു. സ്വന്തമായ അത്തരം അനുഭവങ്ങളുടെ വെളിച്ചത്തിൽ ദാവീദ് എഴുതുന്നു: “യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (സങ്കീർത്തനം 71:5, 17, 18, 20) നിങ്ങളുടെ ജീവിതത്തിൽ യഹോവയുടെ അനുഗ്രഹങ്ങൾ തിരിച്ചറിയുമ്പോൾ നിങ്ങൾക്കും ഇതേ ആത്മവിശ്വാസം ഉണ്ടായിരിക്കാൻ കഴിയും. വെല്ലുവിളികൾക്കിടയിലും യഹോവയുടെ മാർഗനിർദേശങ്ങൾ അനുസരിക്കാൻ നിങ്ങൾ കഠിനശ്രമം ചെയ്യുമ്പോൾ ദൈവത്തോട് ഒരമൂല്യബന്ധം സ്ഥാപിച്ച് അവനോടൊപ്പം നടക്കുകയായിരിക്കും നിങ്ങൾ ചെയ്യുക.—ഉല്പത്തി 6:9 താരതമ്യം ചെയ്യുക.
ശരിയായ മാർഗത്തിൽ പോകാൻ ദൈവം നമ്മെ സഹായിക്കുന്നു
ജീവിതത്തിലെ അനേകം പ്രലോഭനങ്ങൾക്കും പ്രശ്നങ്ങൾക്കും ഇടയ്ക്കു ദൈവത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിക്കുന്നത് എളുപ്പമല്ല. ഒരു യുവതിയായിരിക്കെ, മയക്കുമരുന്നാസക്തയും വേശ്യയുമായിരുന്ന പെഗ്ഗിയുടെ കാര്യത്തിൽ ഇതു വിശേഷിച്ചും സത്യമായിരുന്നു. ബൈബിൾ പഠിച്ചതുവഴി ആസക്തിയെ തരണംചെയ്യാനും സദാചാരപരമായ മാറ്റങ്ങൾ വരുത്താനും അവൾക്കു കഴിഞ്ഞു. അങ്ങനെ അവൾ ദൈവവുമായി ഒരു സൗഹൃദം വളർത്തി. എന്നാൽ, മയക്കുമരുന്നിൽകൂടി മോചനം നേടാൻ അവളെ പ്രേരിപ്പിച്ച അതേ സമ്മർദങ്ങൾ തന്നെ അവൾക്കു വീണ്ടും അഭിമുഖീകരിക്കേണ്ടതായി വന്നു. എങ്ങനെ ചെറുത്തുനിന്നു എന്ന ചോദ്യത്തിന് അവളുടെ മറുപടി ഇതായിരുന്നു: “അത് യഹോവയുടെ ആത്മാവിന്റെ സഹായത്താലാണെന്നു മാത്രമേ എനിക്കു പറയാനാവൂ.”
ദൈവം തന്റെ സുഹൃത്തുക്കൾക്കു തന്റെ പരിശുദ്ധാത്മാവ് അഥവാ പ്രവർത്തനനിരതമായ ശക്തി കൊടുക്കുന്നുവെന്നും അവന്റെ നിലവാരങ്ങൾക്കൊത്തു ജീവിക്കാൻ അവരെ സഹായിക്കാൻ അതിനു കഴിയുമെന്നും പെഗ്ഗിക്കറിയാമായിരുന്നു. (പ്രവൃത്തികൾ 5:32; 1 കൊരിന്ത്യർ 6:9-11) “ആ പഴയ വികാരങ്ങൾ തിരികെവരുന്ന ചിലയവസരങ്ങൾ ഇപ്പോഴുമുണ്ട്, പ്രത്യേകിച്ചും തനിച്ചായിരിക്കുമ്പോൾ,” പെഗ്ഗി സമ്മതിക്കുന്നു. “എന്നാൽ അപ്പോൾതന്നെ ഞാൻ പ്രാർഥിച്ചുതുടങ്ങും. ജീവിതത്തിൽ ഞാൻ നേടിയിട്ടുള്ള എന്തിനെക്കാളും എന്നെ ഉത്സാഹഭരിതയാക്കുന്നത് ഈ പ്രശ്നങ്ങൾ തരണം ചെയ്യാനുള്ള പ്രാപ്തിയാണ്.” ഒരു സുഹൃത്തെന്ന നിലയിൽ ദൈവത്തിന് “നാം ചോദിക്കുന്നതിലും നിനക്കുന്നതിലും അത്യന്തം പരമായി ചെയ്വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ” നമ്മെ സഹായിക്കാൻ കഴിയും എന്നത് എത്ര പ്രോത്സാഹജനകമാണ്.—എഫേസ്യർ 3:20.
ദീർഘക്ഷമ, സൗമ്യത, ആത്മനിയന്ത്രണം എന്നിവപോലുള്ള ഗുണങ്ങൾ വികസിപ്പിക്കാൻ ദൈവത്തിന്റെ ആത്മാവു നമ്മെ സഹായിക്കുന്നു. (ഗലാത്യർ 5:22, 23) കൂടാതെ, പ്രായോഗികസഹായം നൽകുന്നതിനുവേണ്ടി യഹോവയുടെ സാക്ഷികളുടെ സഭകളിൽ പരിശുദ്ധാത്മാവിനാൽ നിയോഗിക്കപ്പെടുന്ന മൂപ്പന്മാരെ അഥവാ ഇടയന്മാരെ ദൈവം നൽകിയിട്ടുണ്ട്. പെഗ്ഗി ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “എനിക്കു സഭയിൽനിന്ന്, പ്രത്യേകിച്ചു മൂപ്പന്മാരിൽനിന്ന് വളരെയധികം പിന്തുണ ലഭിച്ചിട്ടുണ്ട്. അതൊരു വലിയ സഹായമായിരുന്നു.”
“എന്റെ ഹൃദയത്തിന്റെ പാറ”
“സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു” എന്നു സദൃശവാക്യങ്ങൾ 17:17 പറയുന്നു. “അനർത്ഥകാലത്ത്” ആണ് വിശേഷാൽ ഒരു സ്നേഹിതന്റെ ആവശ്യമുള്ളത്. സങ്കീർത്തനക്കാരനായ ആസാഫ് കഠിനമായ വികാരസംക്ഷോഭം അനുഭവിച്ചുവെങ്കിലും അവൻ ഒരു സുഹൃത്തെന്നപോലെ ദൈവത്തിന്റെ അടുത്തേക്കു ചെന്നു. മനോവേദനയാൽ അവന്റെ “ഹൃദയം വ്യസനിച്ചിരുന്നു” എങ്കിലും അവൻ പറഞ്ഞു: ‘ദൈവം എന്റെ ഹൃദയത്തിന്റെ പാറയാകുന്നു.’ (സങ്കീർത്തനം 73:21, 26, 28) ആസാഫിന്റെ വികാരമെന്തെന്നു നന്നായി മനസ്സിലാക്കിയ യഹോവ അവനു വൈകാരികപിന്തുണ നൽകി. ആസാഫിന് പ്രത്യാശയും ധൈര്യവും നഷ്ടപ്പെടാതിരിക്കത്തക്കവിധം യഹോവ അവന്റെ മേൽ സ്ഥിരപ്പെടുത്തുന്ന ഒരു സ്വാധീനമായിരുന്നു.
അതുപോലെ നമ്മുടെ സ്വർഗീയസ്നേഹിതന് പ്രതികൂലസാഹചര്യങ്ങളിൽ പാറപോലുള്ള ഒരു അടിസ്ഥാനമായിരിക്കാൻ കഴിയും. ഒരു കൗമാരപ്രായക്കാരി ഇതു സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കി. ബോണിക്ക് 13 വയസ്സുണ്ടായിരുന്നപ്പോൾ നാട്ടിൻപുറത്തെ അവളുടെ കൊച്ചുവിദ്യാലയത്തിലെ പെൺകുട്ടികൾ അവളെപ്പറ്റി ഹീനവും അപകീർത്തികരവുമായ ഒരു കിംവദന്തി പറഞ്ഞുപരത്തിത്തുടങ്ങി. എല്ലാവരും ആ നുണ വിശ്വസിച്ചെന്നു ബോണിക്കു തോന്നി. അവളുടെ സഹപാഠികൾ അനേകരും ഒരു തണുപ്പൻ മട്ടിലാണ് അവളോടു പെരുമാറിയത്; അവർ അവളെ ചീത്തപ്പേരുകൾ വിളിക്കുകപോലും ചെയ്തു. “അനേകം രാത്രികളിൽ ഞാൻ വീട്ടിൽ വന്നു കരയുമായിരുന്നു. എനിക്കു ഹൃദയത്തിൽ അത്രയധികം മുറിവേറ്റിരുന്നതുകൊണ്ടു സ്വയമങ്ങു മരിച്ചാലോ എന്നുപോലും തോന്നിപ്പോയി,” ബോണി പറഞ്ഞു. അവൾ സഹായത്തിനായി ചില സുഹൃത്തുക്കളിലേക്കു തിരിഞ്ഞു. “ഞാൻ ആളുകളോടു സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവർക്കു മനസ്സിലാകുന്നതായി തോന്നിയില്ല. എന്റെ പ്രശ്നത്തിൽ കഴമ്പൊന്നുമില്ലെന്ന് അവർ കരുതി. ചിലപ്പോഴൊക്കെ എനിക്കു വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടു.” ഇത്തരം കുഴപ്പങ്ങൾക്കു നടുവിലും പ്രത്യാശ നഷ്ടപ്പെടാതെ അവളെ നിലനിർത്തിയത് എന്തായിരുന്നു? അവൾ തുടരുന്നു: “യഹോവക്കുവേണ്ടി മാത്രമാണു ഞാൻ ആത്മഹത്യ ചെയ്യാതിരുന്നത്. ഞാൻ അവനെ അത്രയധികം സ്നേഹിക്കുന്നു. അവൻ എന്റെ ഉത്തമ സുഹൃത്താണ്.” വൈകാരികമായി തകർത്തുകളയുന്ന ആ അനുഭവത്തിൽ സഹിച്ചുനിൽക്കാൻ അവളെ സഹായിച്ചത് ദൈവവുമായുള്ള സൗഹൃദമായിരുന്നുവെന്ന് ഇപ്പോൾ അവൾക്കറിയാം.
മറ്റുള്ളവർ നാം പ്രതീക്ഷിച്ചേക്കാവുന്ന സഹാനുഭൂതി കാണിക്കാത്തപ്പോൾ, നമ്മുടെ സാഹചര്യങ്ങൾ യഹോവ മനസ്സിലാക്കുന്നുവെന്നും യഥാർഥത്തിൽ സംഭവിച്ചതെന്താണെന്ന് അവനറിയാമെന്നും തിരിച്ചറിയുന്നത് ഒരു വലിയ ആശ്വാസം തന്നെയാണ്. മാത്രമല്ല, മറ്റുള്ളവർ നമ്മോടു ദയാരഹിതമായി പെരുമാറുകയോ നമ്മെ ദ്രോഹിക്കുക പോലുമോ ചെയ്യുമ്പോൾ നമ്മുടെ സുഹൃത്ത് “മനസ്സലിവുള്ള പിതാവ്” ആണെന്നറിയുന്നത് ഒരു വലിയ സഹായമാണ്. ചിലപ്പോഴൊക്കെ നമ്മുടെതന്നെ ഹൃദയം നമ്മെ കുറ്റപ്പെടുത്തിയേക്കാം, എന്നാൽ “ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനു”മാണ്. (2 കൊരിന്ത്യർ 1:3, 4; 1 യോഹന്നാൻ 3:20) ഒരു പ്രശ്നത്തെപ്പറ്റി യഹോവക്കുള്ള അതേ വീക്ഷണമുണ്ടായിരിക്കുന്നത് തീർച്ചയായും ആശ്വാസദായകമായിരിക്കും. ഉദാഹരണത്തിന് 13 വയസ്സുള്ള ഒരാൺകുട്ടി മൂന്നു പുരുഷന്മാരുടെ ക്രൂരമായ ലൈംഗികദ്രോഹത്തിനു വിധേയനായി. “അതിനുശേഷം, എനിക്കു നേരിട്ടതിൽ എനിക്കു ലജ്ജ തോന്നുകയും ഞാൻ സ്വയം കുറ്റപ്പെടുത്തുകയും ചെയ്തു” എന്നവൻ സമ്മതിച്ചു പറഞ്ഞു. “ഞാൻ വളരെയധികം വിഷണ്ണനായി.” പിന്നീടവൻ ബലാത്സംഗം എന്ന വിഷയത്തെപ്പറ്റി വാച്ച് ടവർ സൊസൈറ്റിയുടെ ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം ചെയ്യാൻ തുടങ്ങി. “ഈ വിവരം വായിച്ചപ്പോൾ ഞാൻ നിയന്ത്രണം വിട്ടു കരഞ്ഞുപോയി. എന്റെ ചുമലിൽനിന്നു കനത്ത ഒരു ഭാരം ഇറക്കിവെച്ചതുപോലെ എനിക്കു തോന്നി. ഞാൻ ഒരു ബലിയാടായിരുന്നു. യഹോവയിലും കുടുംബത്തിലും സുഹൃത്തുക്കളിലും ആശ്രയിച്ചുകൊണ്ട് ഈ പ്രക്ഷുബ്ധകാലത്ത് ആ പ്രശ്നം പരിഹരിക്കാൻ എനിക്കു കഴിഞ്ഞു.” ബൈബിളധിഷ്ഠിതമായ ആ വാക്കുകൾ എന്തൊരു സഹായമാണു നൽകിയത്!
ദൈവവുമായുള്ള സുഹൃദ്ബന്ധത്തിനു പലവിധങ്ങളിൽ സഹായിക്കാൻ കഴിയും! അതുമൂലം നമുക്ക് ജീവിതത്തിൽ യഥാർഥ ആത്മവിശ്വാസം ഉണ്ടായിരിക്കും, ദൈവവചനത്തിന്റെ മാർഗത്തിൽ ചരിക്കാനുള്ള ആന്തരികശക്തി വികസിപ്പിക്കാനാകും, പ്രതികൂലസാഹചര്യങ്ങളിൽ പാറയ്ക്കു സമാനമായ പിന്തുണ ലഭിക്കുകയും ചെയ്യും. പക്ഷേ അത്തരമൊരു സൗഹൃദം എങ്ങനെ വളർത്തിയെടുക്കാം? ഈ പരമ്പരയിലെ ഒരു ഭാവിലേഖനം അതു വിശദീകരിക്കും.
[13-ാം പേജിലെ ചിത്രം]
ദൈവത്തിനു ‘നിങ്ങളുടെ ഹൃദയത്തിന്റെ പാറ’യാകാൻ കഴിയും