സ്ഫടികം—അതിന്റെ ആദ്യ നിർമാതാക്കൾ ദീർഘനാൾ മുമ്പേ ഉണ്ടായിരുന്നു
സമുദ്രോപരിതലത്തിൽ പൊന്തിക്കിടക്കുന്ന സൂക്ഷ്മ ഏകകോശ ജീവികളായ ഡയറ്റങ്ങൾ സമുദ്രത്തിലെ പ്ലവ (plankton) ജീവികളുടെ പത്തിലാറു ഭാഗം വരുന്നു. “പ്ലവം” എന്ന പദത്തിന്റെ അർഥം “അലഞ്ഞുതിരിയാൻ നിർമിക്കപ്പെട്ടത്” എന്നാണ്. “യാതൊന്നിനും കഴിവില്ലാത്തവിധം തീരെ ചെറുതും ദുർബല വുമായ” പ്ലവങ്ങൾ “ജലപ്രവാഹങ്ങളുടെ ശക്തിയാൽ ഒഴുകുന്നതായി” പറയപ്പെടുന്നു.
അവ ചെറുതായിരിക്കാം, എന്നാൽ ഒട്ടും ദുർബലമല്ല. ശക്തിയായ കാറ്റടിച്ച് ആഴിയുടെ ആഴങ്ങളിൽനിന്നു പോഷകവസ്തുക്കൾ പതഞ്ഞുപൊന്തുമ്പോൾ ഡയറ്റങ്ങൾ എന്നറിയപ്പെടുന്ന ഈ ഏകകോശ കടൽപ്പോച്ചകൾക്ക് (algae) തീറ്റിഭ്രാന്ത് ആരംഭിക്കുന്നു. രണ്ടു ദിവസംകൊണ്ട് അവയുടെ എണ്ണം ഇരട്ടിക്കുന്നു. എണ്ണം ഇരട്ടിക്കുമ്പോൾ അവ ഉത്പാദിപ്പിക്കുന്ന സ്ഫടികത്തിന്റെ അളവും ഇരട്ടിക്കുന്നു. ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? (ഇംഗ്ലീഷ്) എന്ന പുസ്തകം അത് ഇങ്ങനെ വിശദമാക്കുന്നു:
“ഏകകോശ ജീവികളായ ഡയറ്റങ്ങൾ കടൽവെള്ളത്തിൽനിന്നു സിലിക്കണും ഓക്സിജനും സ്വീകരിച്ചു സ്ഫടികം നിർമിക്കുന്നു. അതുപയോഗിച്ച് അവ ഹരിതകം വെക്കുന്നതിനുള്ള ചെറിയ ‘ഗുളികച്ചെപ്പുകൾ’ ഉണ്ടാക്കുന്നു. അവയുടെ പ്രാധാന്യത്തെയും ഭംഗിയെയുംകുറിച്ച് ഒരു ശാസ്ത്രജ്ഞൻ ഇപ്രകാരം പ്രകീർത്തിച്ചു: ‘രത്നച്ചെപ്പുകളിൽ അടെച്ചുവച്ചിരിക്കുന്ന ഈ പച്ചിലകൾ മുഴു സമുദ്രജീവികൾക്കും ആവശ്യമായ ആഹാര ത്തിന്റെ പത്തിലൊമ്പതു ഭാഗവും പ്രദാനം ചെയ്യുന്ന പുൽമേടുകളാണ്.’ ഡയറ്റങ്ങളുടെ ഭക്ഷണമൂല്യത്തിന്റെ വലിയൊരു ഭാഗം അവ ഉത്പാദിപ്പിക്കുന്ന എണ്ണയിലാണ്. ജലോപരിതലത്തിനടുത്തു മുങ്ങിപ്പോകാതെ അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്നതിനും എണ്ണ അവയെ സഹായിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ അവയിലെ ഹരിതകത്തിന് വെയിൽ കായാനും കഴിയുന്നു.
“‘വൃത്തം, സമചതുരം, പരിചയുടെ ആകൃതി, ത്രികോണം, അണ്ഡാകൃതി, ദീർഘചതുരം എന്നിങ്ങനെ’ അവയുടെ മനോജ്ഞമായ സ്ഫടിക ചെപ്പുകളുടെ ‘ആകൃതി വൈവിധ്യം അമ്പരപ്പിക്കുന്നതാണ്. ഇവ എല്ലായ്പോഴും ജ്യാമിതീയ കൊത്തുപണികൾകൊണ്ട് സുന്ദരമായി അലങ്കരിച്ചിരിക്കും. ഇവ തനി സ്ഫടികത്തിൽ ചെയ്ത സങ്കീർണമായ അലങ്കാരപ്പണിയാണ്. ഈ അടയാളങ്ങൾക്കിടയിൽ മനുഷ്യന്റെ ഒരു തലമുടി ചേർത്തുവയ്ക്കണമെങ്കിൽ അതിനെ നാനൂറു പ്രാവശ്യം നീളത്തിൽ കീറേണ്ടിവരും, അത്രമാത്രം സൂക്ഷ്മ വൈദഗ്ധ്യത്തോടെയാണ് അലങ്കാരപ്പണി തീർത്തിരിക്കുന്നത്’ എന്ന് അതേ ശാസ്ത്രജ്ഞൻ തന്നെ നമ്മോടു പറയുന്നു.”—പേജുകൾ 143-4.a
സമുദ്രത്തിലെ പ്ലവങ്ങളിൽ ഉൾപ്പെടുന്ന തഴച്ചുവളരുന്ന മറ്റൊരു കൂട്ടം കൊച്ചു കലാസൃഷ്ടികളാണ് റേഡിയോലേറിയനുകൾ. 20-ഓ അതിലധികമോ എണ്ണത്തിന് ഒരു മൊട്ടുസൂചിയുടെ മൊട്ടിൽ ഒന്നൊന്നു തൊടാതെ ഇരിക്കാൻ കഴിയത്തക്കവണ്ണം അത്രമാത്രം ചെറിയ പ്രോട്ടോസോവനുകളാണ് ഇവ. സമുദ്രത്തിലെ സിലിക്കണും ഓക്സിജനും ഉപയോഗിച്ച് ഇവയ്ക്കും സ്ഫടികം നിർമിക്കാൻ കഴിയും. ഈ സൃഷ്ടികൾ രചിക്കുന്ന സങ്കീർണമായ സൗന്ദര്യവും വിസ്മയകരമായ ഡിസൈനുകളും വർണനാതീതമാണ്, എന്തെന്നാൽ അവ ഡയറ്റങ്ങളെപ്പോലും കടത്തിവെട്ടുന്നു. റഷ്യൻ പാവകളുടേതുപോലെ മൂന്നു പന്തുകൾ ഒന്നിച്ചു ചേർത്തുള്ള റേഡിയോലേറിയനുകളിലൊന്നിന്റെ, ഇതോടൊപ്പം കൊടുത്തിരിക്കുന്ന, ചിത്രം സൂക്ഷ്മമായി നിരീക്ഷിക്കുക. അതിന്റെ സ്ഫടിക ചട്ടക്കൂടിലുള്ള ദ്വാരങ്ങളിലൂടെ നീണ്ടുനിൽക്കുന്ന പ്രോട്ടോപ്ലാസംകൊണ്ടുള്ള മുള്ളുകൾ ഉപയോഗിച്ച് അവ ഇരയെ പിടിക്കുകയും ദഹിപ്പിക്കുകയും ചെയ്യുന്നു. ഒരു ശാസ്ത്രജ്ഞൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഈ അതിസമർഥനായ ശിൽപ്പിക്ക് ലോലമായ ഒരു താഴികക്കുടം മതിയാവില്ല; ഒന്നിന്റെയുള്ളിൽ മറ്റൊന്നായി വച്ചിരിക്കുന്ന, ലെയ്സ് സമാന കൊത്തുപണിയുള്ള മൂന്നു സ്ഫടിക താഴികക്കുടങ്ങൾ തന്നെ വേണം.”
സ്ഫടികംകൊണ്ടുള്ള ചട്ടക്കൂടുകൾ ഉണ്ടാക്കുന്ന സ്പഞ്ചുകളുമുണ്ട്—ഏറ്റവും വിസ്മയകരമായ ഒന്ന് വീനസിന്റെ പൂക്കൂടയാണ്. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ സ്പഞ്ചുകളെ ആദ്യമായി യൂറോപ്പിലേക്കു കൊണ്ടുവന്നപ്പോൾ ജന്തുശാസ്ത്ര ശേഖരങ്ങളിലെ ചെലവേറിയ നിധികളായി അവയെ സൂക്ഷിക്കത്തക്കവണ്ണം അത്രമാത്രം കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു അവയുടെ ഡിസൈൻ—അവ വിരളമല്ലെന്നും “ഫിലിപ്പീൻസിലെ സെയ്ബുവിന്റെ സമീപപ്രദേശത്തെ കടൽത്തട്ടിലും ജപ്പാൻ കടൽത്തീരങ്ങളിലുടനീളം 200-300 മീ. [700-1,000 അടി] ആഴത്തിലും” ഇവയുടെ “ഒരു പരവതാനി രൂപംകൊണ്ടിട്ടുണ്ടെ”ന്നും കണ്ടുപിടിക്കുന്നതുവരെ അവ ഇപ്രകാരം സൂക്ഷിക്കപ്പെട്ടു.
അതുകണ്ടിട്ട് വളരെയധികം മതിപ്പും അമ്പരപ്പും തോന്നിയ ഒരു ശാസ്ത്രജ്ഞൻ ഇപ്രകാരം പറഞ്ഞു: “[വീനസിന്റെ പൂക്കൂട] എന്നറിയപ്പെടുന്നതുപോലുള്ള, സിലിക്കാ മുകുളങ്ങൾകൊണ്ടു നിർമിതമായ സങ്കീർണമായ സ്പഞ്ച് ചട്ടക്കൂടുകൾ നമ്മുടെ സങ്കൽപ്പത്തെപ്പോലും വെല്ലുന്നതാണ്. ഭാഗികമായി സ്വതന്ത്രമായ ഈ സൂക്ഷ്മ കോശങ്ങൾക്കു കൂട്ടായി പ്രവർത്തിച്ച് ദശലക്ഷക്കണക്കിനു സ്ഫടിക ചീളുകൾ ഉത്പാദിപ്പിക്കാനും സങ്കീർണവും മനോജ്ഞവുമായ വല രൂപീകരിക്കാനും എങ്ങനെ കഴിയും? നമുക്കറിയില്ല.”
സ്പഞ്ചിനും അതറിയില്ല. കാരണം അതിനു തലച്ചോറില്ല. അപ്രകാരം ചെയ്യാൻ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നതിനാലാണ് അതങ്ങനെ ചെയ്യുന്നത്. ആരാണു പ്രോഗ്രാം ചെയ്തത്? മനുഷ്യനല്ല. അവൻ അവിടെയില്ലായിരുന്നു.
സ്ഫടികത്തിന്റെ ചരിത്രത്തിൽ മനുഷ്യന്റെ സ്ഥാനം
എന്നാൽ ഈ രംഗത്തേക്ക് ഇപ്പോൾ മനുഷ്യൻ കടന്നുവന്നിരിക്കുന്നു. സ്ഫടികത്തിന്റെ നിർമാണത്തിലും ഉപയോഗത്തിലും അവൻ പ്രത്യക്ഷത്തിൽ മുഖ്യസ്ഥാനം കയ്യടക്കിയിരിക്കുന്നു. സ്ഫടികം എല്ലായിടത്തുമുണ്ട്; അതു നമുക്കു ചുറ്റുമുണ്ട്. നിങ്ങളുടെ ജനലുകളിലും കണ്ണടകളിലും കമ്പ്യൂട്ടർ സ്ക്രീനിലും തീൻമേശയിലെ ഉപകരണങ്ങളിലും ആയിരക്കണക്കിനു മറ്റുത്പന്നങ്ങളിലും അതു കാണാം.
സ്ഫടികത്തിന്റെ വൈവിധ്യവും ഭംഗിയും അതിന്റെ ജനസമ്മതി നിലനിർത്താൻ സഹായകമായിരിക്കുന്നു. അത് എളുപ്പത്തിൽ പൊട്ടുമെങ്കിലും അതിന് മറ്റുവിധങ്ങളിൽ ബലമുണ്ട്. അതിൽ ഭക്ഷണപദാർഥങ്ങൾ ശേഖരിച്ചുവയ്ക്കാൻ ആളുകൾ ഇപ്പോഴും ഇഷ്ടപ്പെടുന്നു. ഉദാഹരണത്തിന്, ലോഹങ്ങളെപ്പോലെ അതു ഭക്ഷണത്തിന് അരുചി വരുത്തുന്നില്ല. ചില സ്ഫടിക പാത്രങ്ങൾ പാചകത്തിന് ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ പ്രിയപ്പെട്ട റെസ്റ്ററൻറ് പ്ലാസ്റ്റിക് കപ്പുകളിൽ മുന്തിരി വീഞ്ഞു നൽകുന്നത് നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയില്ല.
ഇയ്യോബ് സ്ഫടികത്തിന്റെ മൂല്യത്തെ സ്വർണത്തിന്റേതിനോടുപമിച്ചു. (ഇയ്യോബ് 28:17) അദ്ദേഹത്തിന്റെ നാളിൽ അത് ഇപ്പോഴത്തെപ്പോലെ സാധാരണമല്ലായിരുന്നു. എന്നാൽ സാധ്യതയനുസരിച്ച് അത് അക്കാലത്തുതന്നെ ആയിരത്തിലധികം വർഷമായി ഉപയോഗത്തിലുണ്ടായിരുന്നു.
സ്ഫടിക നിർമാണ കല ഒടുവിൽ ഈജിപ്തിലുമെത്തി. ഈജിപ്തുകാർ ഉൾമൂശയിൽ വാർക്കൽ (core–forming) എന്നു പറയുന്ന ഒരു രീതി അവലംബിച്ചു. ആകൃതിവരുത്തിയ ഉൾമൂശ കളിമണ്ണും ചാണകവും ഉപയോഗിച്ചു നിർമിച്ചതാണ്. ഉരുക്കിയ സ്ഫടികം അതിനു ചുറ്റും ഒഴിക്കുന്നു. എന്നിട്ട് ഒരു മിനുസമുള്ള പ്രതലത്തിൽ ഇട്ട് ഉരുട്ടുമ്പോൾ അതിന് ആകൃതി വരും. അതിനുശേഷം വിവിധ ഡിസൈനുകൾ ഉണ്ടാക്കുന്നതിനുവേണ്ടി വർണപ്പകിട്ടുള്ള സ്ഫടിക നാരുകൾ ഉപരിതലത്തിൽ പാകുന്നു. സ്ഫടികം തണുത്തു കഴിയുമ്പോൾ കളിമൺ ഉൾമൂശ ഒരു കൂർത്ത ഉപകരണം ഉപയോഗിച്ചു പുറത്തെടുക്കുന്നു. പ്രാചീന രീതി വെച്ചുനോക്കുമ്പോൾ അതിശയകരമാംവിധം ആകർഷകമായ ചില സ്ഫടിക വസ്തുക്കൾ ഉത്പാദിപ്പിക്കപ്പെട്ടു.
സ്ഫടിക സ്ഫുടനം (glassblowing) എന്നു പറയുന്ന ഒരു പുതിയ രീതി സ്ഫടിക ഉത്പാദനത്തിൽ വിപ്ലവം സൃഷ്ടിച്ചത് വളരെനാൾ കഴിഞ്ഞായിരുന്നു. ഈ കല കിഴക്കൻ മെഡിറ്ററേനിയൻ തീരത്തുവച്ചു കണ്ടുപിടിച്ചിരിക്കാനാണു സാധ്യത. കരംകൊണ്ടു സ്ഫടികം നിർമിക്കാനുള്ള പ്രഥമ മാർഗം ഇന്നും അതുതന്നെ. ഒരു പൊള്ളയായ കുഴലിലൂടെ ഊതിക്കൊണ്ട്, സ്ഫടിക സ്ഫുടനത്തിൽ പരിചയ സമ്പന്നനായ വ്യക്തിക്ക് ആ കുഴലിന്റെ അറ്റത്തുള്ള ഉരുകിയ സ്ഫടിക “ശേഖര”ത്തിൽനിന്നു സങ്കീർണവും പ്രതിസാമ്യതയുള്ളതുമായ ആകൃതികൾ വേഗത്തിൽ നിർമിക്കാൻ കഴിയും. വ്യത്യസ്ത ആകൃതികൾ വേണമെങ്കിൽ അയാൾക്ക് ഉരുകിയ സ്ഫടികത്തെ ഒരു മൂശയിലേക്ക് ഊതിവീർപ്പിക്കാവുന്നതാണ്. യേശു ഭൂമിയിലായിരുന്ന സമയത്ത് സ്ഫടിക സ്ഫുടനം അതിന്റെ ശൈശവാവസ്ഥയിലായിരുന്നു.
സ്ഫടിക സ്ഫുടനമെന്ന നൂതനവിദ്യയും അതോടൊപ്പം ശക്തിമത്തായ റോമാ സാമ്രാജ്യത്തിന്റെ പിന്തുണയും സ്ഫടിക ഉത്പന്നങ്ങൾ സാധാരണ ജനങ്ങൾക്കു കൂടുതൽ ലഭ്യമാക്കിത്തീർത്തു. സ്ഫടികംകൊണ്ടുള്ള വസ്തുക്കൾ മേലാൽ കുലീനരുടെയും ധനികരുടെയും കുത്തകയായിരുന്നില്ല. റോമൻ സ്വാധീനം വർധിച്ചതോടെ സ്ഫടിക നിർമാണ കല അനേകം രാജ്യങ്ങളിലേക്കു വ്യാപിച്ചു.
15-ാം നൂറ്റാണ്ടായപ്പോഴേക്കും യൂറോപ്പിൽ സ്ഫടിക വസ്തുക്കൾ മുഖ്യമായി ഉത്പാദിപ്പിച്ചിരുന്നത് അതിന്റെ ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്ന വെനീസ് ആയിരുന്നു. വെനീസിലെ സ്ഫടിക വ്യവസായം മുരാനോ കേന്ദ്രീകരിച്ചായിരുന്നു. വെനീസിലെ സ്ഫടിക നിർമാതാക്കൾ വളരെയധികം വിലമതിക്കപ്പെട്ടിരുന്നു. പക്ഷേ അവരുടെ അമൂല്യമായ വ്യാപാര രഹസ്യങ്ങൾ മറ്റുള്ളവർക്കു പിടികിട്ടാതിരിക്കാൻ അവർ മുരാനോ ദ്വീപു വിട്ടുപോകുന്നതു നിരോധിച്ചിരുന്നു.
വെനീസിലെ മനോഹരമായ സ്ഫടിക ഉപകരണങ്ങൾ സ്ഫടികത്തിന്റെ ജനപ്രീതി വർധിപ്പിക്കുന്നതിനു വളരെയധികം സഹായിച്ചു. എന്നാൽ സ്ഫടിക നിർമാണം തീർച്ചയായും എളുപ്പമുള്ള ഒരു ജോലിയല്ലായിരുന്നു. സ്ഫടികത്തിന്റെ ഒരു ഹ്രസ്വ ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകം, സ്ഫടിക നിർമാണം എങ്ങനെയായിരുന്നുവെന്നു വിവരിക്കുന്ന 1713-ലെ ഒരു പ്രസിദ്ധീകരണത്തെ പരാമർശിക്കുന്നു. “ആ പുരുഷൻമാർ മരംകോച്ചുന്ന ശൈത്യകാലത്ത് ചുട്ടു പഴുത്ത ചൂളകൾക്കു സമീപം മണിക്കൂറുകളോളം അർധനഗ്നരായി നിൽക്കുന്നു . . . അവരുടെ ത്വക്കിൽ ചുളിവുകൾ വീഴുന്നു, കാരണം അവരുടെ രൂപംതന്നെ . . . അമിതമായ ചൂടിനാൽ പൊള്ളി നശിക്കുന്നു.” പിൻവന്ന വർഷങ്ങളിൽ സ്ഫടികം മുറിക്കുന്നവർ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ചക്രവും രാകാനുള്ള പൊടിയും ഉപയോഗിച്ചു സ്ഫടികം മിനുസപ്പെടുത്തി.
പിൽക്കാല നവീകരണങ്ങൾ
സ്ഫടികത്തിന്റെ ചരിത്രത്തിൽ ഇംഗ്ലണ്ടിനെ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഇംഗ്ലണ്ടുകാരനായ ഒരു സ്ഫടിക നിർമാതാവ് ലെഡ് സ്ഫടികത്തിന്റെ ഫോർമുല 1676-ൽ മെച്ചപ്പെടുത്തിയെടുത്തു. ലെഡ് ഓക്സൈഡ് ചേർക്കുമ്പോൾ ബലമുള്ളതും വ്യക്തവും വെട്ടിത്തിളങ്ങുന്നതുമായ ഭാരമുള്ള ഒരുതരം സ്ഫടികം ഉത്പാദിപ്പിക്കപ്പെടുന്നു.
വിക്ടോറിയൻ യുഗത്തിൽ ബ്രിട്ടീഷ് സാമ്രാജ്യം ഔന്നത്യത്തിന്റെ കൊടുമുടിയിലായിരുന്നു. ഈ സമയത്ത് ബ്രിട്ടൻ ഒരു മുഖ്യ സ്ഫടിക ഉത്പാദകയും കൂടിയായിരുന്നു. 1851-ൽ ക്രിസ്റ്റൽ പാലസിൽ നടന്ന മഹത്തായ പ്രദർശനം പ്രത്യേകം ശ്രദ്ധേയമായിരുന്നു. ലോകത്തിലെ ആദ്യത്തെ പ്രദർശനമേളയായിരുന്നു അത്. ഏതാണ്ട് 90 രാജ്യങ്ങളിൽനിന്നു വ്യാവസായിക കലയുടെയും കരകൗശലവിദ്യയുടെയും പ്രദർശകരെ അത് ആകർഷിച്ചു. പ്രദർശനങ്ങളിലെ പ്രമുഖ സവിശേഷത സ്ഫടികമായിരുന്നുവെങ്കിലും ക്രിസ്റ്റൽ പാലസും അതിന്റെ മധ്യത്തിലെ 8.2 മീറ്റർ ഉയരമുള്ള സ്ഫടിക ജലധാരയുമായിരുന്നു ശ്രദ്ധ പിടിച്ചെടുത്തത്. ഈ ബൃഹത്തായ ഘടനയ്ക്ക് 400 ടണ്ണോളം സ്ഫടിക ഷീറ്റുകൾ ഉപയോഗിച്ചു. സ്ഫുടനം ചെയ്ത 3,00,000 സ്ഫടിക ഫലകങ്ങൾ അതിലുണ്ട്.
അടുത്തതായി സ്ഫടിക നിർമാണത്തിൽ പ്രമുഖ മാറ്റം സംഭവിച്ചത് ഐക്യനാടുകളിലായിരുന്നു. 1820-കളിൽ ഒരു യാന്ത്രിക സമ്മർദന യന്ത്രം മെച്ചപ്പെടുത്തിയെടുത്തതായിരുന്നു ഈ മാറ്റം. സ്ഫടികത്തിന്റെ ഒരു ഹ്രസ്വ ചരിത്രം എന്ന പുസ്തകം ഇതു സംബന്ധിച്ച് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “സ്ഫടിക സ്ഫുടനം ചെയ്യുന്നതിൽ പരിശീലനം സിദ്ധിച്ച മൂന്നോ നാലോ പേർ ഉണ്ടാക്കുന്നതിന്റെ നാലിരട്ടി സ്ഫടികം, ഒരു സമ്മർദന യന്ത്രത്തിൽ വലിയ പ്രവൃത്തി പരിചയമൊന്നുമില്ലാത്ത രണ്ടു പേർക്ക് ഉണ്ടാക്കാൻ കഴിയും.”
20-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ഐക്യനാടുകളിൽ സ്വയം പ്രവർത്തിക്കുന്ന ഒരു കുപ്പി സ്ഫുടന യന്ത്രം മെച്ചപ്പെടുത്തിയെടുത്തു. 1926-ൽ പെൻസിൽവേനിയയിലെ ഒരു പ്ലാൻറ്, ഒരു മിനിറ്റിൽ 2,000 വൈദ്യുത ബൾബുകൾ ഉത്പാദിപ്പിക്കുന്നതിനായി സ്വയം പ്രവർത്തിക്കുന്ന ഒരു ഉപകരണം ഉപയോഗിക്കുകയുണ്ടായി.
സ്ഫടികത്തിന്റെ കലാപരമായ ഉപയോഗങ്ങൾക്കുള്ള സാധ്യത അനേകം കലാകാരൻമാരെയും രൂപകൽപ്പകരെയും ആകർഷിച്ചിരിക്കുന്നു. ഇത് സ്ഫടിക ഉത്പന്നങ്ങളിലെ നൂതന ഡിസൈനുകൾക്കും സ്ഫടികംകൊണ്ടു കൂടുതൽ കലാസൃഷ്ടികൾ നടത്തുന്നതിനും ഇടയാക്കിയിരിക്കുന്നു.
തീർച്ചയായും സ്ഫടികം ഒരു അത്ഭുതമാണ്. അതിന്റെ എല്ലാവിധ ഗാർഹിക ഉപയോഗങ്ങളെയും കൂടാതെയുള്ള അനേകം മറ്റുപയോഗങ്ങൾ പരിഗണിക്കുക—ഹബിൾ ബഹിരാകാശ ദൂരദർശിനിയിൽ, ക്യാമറ ലെൻസുകളിൽ, ഫൈബർ ഒപ്റ്റിക് വാർത്താവിനിമയ സംവിധാനങ്ങളിൽ, പിന്നെ രസതന്ത്ര പരീക്ഷണശാലയിൽ. അത് എളുപ്പം പൊട്ടുന്നതായിരിക്കാം, എന്നാൽ ബഹുമുഖോപയോഗങ്ങളുള്ളതും മനോഹരവുമാണ്.
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്.
[25-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Top and Bottom: The Corning Museum of Glass
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
The Corning Museum of Glass