ലോകത്തെ വീക്ഷിക്കൽ
പുരാവസ്തു കണ്ടുപിടിത്തം
1922-ൽ ടൂട്ടൻഖമോൺ രാജാവിന്റെ നിധി നിറഞ്ഞ ശവകുടീരം കണ്ടെത്തിക്കഴിഞ്ഞപ്പോൾ ഈജിപ്തിലെ രാജാക്കൻമാരുടെ താഴ്വരയിൽ വലിയ കണ്ടുപിടിത്തങ്ങളൊന്നും ഇനി നടത്താനില്ലെന്നു പുരാവസ്തുഗവേഷകർ ദീർഘനാളായി വിചാരിച്ചിരുന്നു. എന്നാൽ ഒരു പുതിയ ശവകുടീരം കണ്ടെത്തപ്പെട്ടു. അത് താഴ്വരയിൽ ഉള്ളതിൽവെച്ച് ഏറ്റവും വലുതും സങ്കീർണവുമായിരിക്കാം. അതിനു കുറഞ്ഞത് 67 അറകളുണ്ട്, ഭൂമിക്കടിയിൽ ഒരു നിലയും ഉള്ളതായി സംശയിക്കപ്പെടുന്നു. ഭൂമിക്കടിയിലുള്ള നിലയിലെ അറകളും കൂടി കൂട്ടിയാൽ ആകെ അറകളുടെ എണ്ണം 100-ലധികം ആയിത്തീരാനിടയുണ്ട്. റാംസെസ് രണ്ടാമൻ ആ ശവസംസ്കാര സ്ഥലം തന്റെ പുത്രൻമാർക്കുവേണ്ടി പണിതതായിരുന്നുവെന്നു തോന്നുന്നു. റാംസെസ് രണ്ടാമൻ പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്) 13-ാം നൂറ്റാണ്ടിൽ 66 വർഷക്കാലം ഭരിച്ചു. അദ്ദേഹത്തിന് 52 പുത്രൻമാരുൾപ്പെടെ നൂറിലധികം മക്കളുണ്ടായിരുന്നു. രണ്ടു പുത്രൻമാരുടെ ശവകുടീരങ്ങൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവരെ പുതുതായി കണ്ടെത്തിയ ഈ ശവകുടീരത്തിൽ അടക്കം ചെയ്തിരിക്കുമെന്നു വിചാരിക്കപ്പെടുന്നു. അവിടെ അദ്ദേഹത്തിന്റെ ആദ്യജാതനായ ആമെൻ-ഹിർ-കോപ്ഷെഫിന്റേതുൾപ്പെടെ നാലു പുത്രൻമാരുടെ പേരുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് മതപണ്ഡിതൻമാരുടെ താത്പര്യമുണർത്തിയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ ഇസ്രായേലിന്റെ പുറപ്പാടിന്റെ സമയത്ത് ഈജിപ്റ്റിലെ ഫറവോൻ റാംസെസ് രണ്ടാമൻ ആയിരുന്നതായി ചിലർ ഊഹിച്ചിട്ടുണ്ട്. എന്നാൽ പുറപ്പാടിന്റെ സമയം പൊ.യു.മു. 1513 ആയിരുന്നുവെന്നാണു മറ്റു പണ്ഡിതന്മാർ പറയുന്നത്.
“അപകടകരമായ ബിസിനസ്”
“ഖനനം സ്വതവേതന്നെ ആപത്കരമായ ഒരു ബിസിനസാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥക്കു മർമപ്രധാനമായ ഒന്നാണ് അത്” എന്നു ജൊഹാന്നസ്ബർഗിലെ വീക്കെൻഡ്സ്റ്റാർ അഭിപ്രായപ്പെടുന്നു. ദക്ഷിണാഫ്രിക്കയിലെ ഒരു സ്വർണഖനിയിലെ 12 ടൺ ഭാരമുള്ള ഒരു ഭൂഗർഭ ലോക്കോമോട്ടീവ് മേയിൽ “മൂന്നിലധികം സുരക്ഷാ സംവിധാനങ്ങൾ ഇടിച്ചുതകർക്കുകയും 2,103 മീറ്ററുള്ള [6,900 അടി] ഷാഫ്റ്റുകൾ വീഴ്ത്തുകയും” 104 ഖനിത്തൊഴിലാളികളുണ്ടായിരുന്ന “ലിഫ്റ്റ് മുറി പതുക്കിക്കളയുകയും” ചെയ്തപ്പോൾ അത് എത്രമാത്രം അപകടകരമാണെന്നുള്ളത് വ്യക്തമാക്കപ്പെട്ടു. അവരിലാരും അതിജീവിച്ചില്ല. “അത്തരം ദുരന്തങ്ങൾ ദക്ഷിണാഫ്രിക്കയുടെ ഭൂപ്രദേശത്തു ദീർഘകാലമായുള്ള ഒരു പ്രത്യേകതയാണെന്നുള്ളത് ദൗർഭാഗ്യകരമായ സംഗതിയാണ്. ഈ ശതകത്തിന്റെ ആദ്യത്തെ 93 വർഷക്കാലത്ത് ഞങ്ങളുടെ ഖനികളിൽ വെച്ച് 69,000-ത്തിലധികം തൊഴിലാളികൾ കൊല്ലപ്പെടുകയും പത്തുലക്ഷത്തിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു,” വീക്കെൻഡ്സ്റ്റാർ പറയുന്നു.
യുദ്ധത്തിന്റെയും അശാന്തതയുടെയും യുഗം
“അന്യാദൃശമായ കിരാതത്വത്തിന്റെ ഒരു കാലഘട്ടമായി 20-ാം നൂറ്റാണ്ടിനെ കണക്കാക്കുമെന്നു ചില ചരിത്രകാരൻമാർ വിശ്വസിക്കുന്നു. രണ്ടു മഹായുദ്ധങ്ങളും ശീതസമരവും ഉൾപ്പെട്ട 1914 മുതൽ 1989 വരെയുള്ള 75 വർഷ കാലയളവിനെ ചരിത്രകാരൻമാർ കൂടുതലും ഒറ്റപ്പെട്ടതും വിഭിന്നവുമായ ഒരു യുഗമായിട്ടാണു കാണുന്നത്, ലോകത്തിലുള്ളവരിൽ സിംഹഭാഗവും യുദ്ധം ചെയ്യുകയും യുദ്ധത്തിൽനിന്നു വിടുതൽ പ്രാപിക്കുകയും യുദ്ധത്തിനുവേണ്ടി സജ്ജമാകുകയും ചെയ്ത വ്യതിരിക്തമായ ഒരു കാലഘട്ടമായി തന്നെ” എന്ന് ദ ന്യൂയോർക്ക് ടൈംസ് പറയുന്നു. ദ വാഷിങ്ടൺ പോസ്റ്റിലെ ഒരു ലേഖനം ഈ അഭിപ്രായത്തോടു യോജിക്കുന്നു: “നമ്മുടെ 20-ാം നൂറ്റാണ്ടിലെ യുദ്ധങ്ങൾ യോദ്ധാക്കളെയും പൗരൻമാരെയും ഒരുപോലെ ആക്രമിക്കുന്ന ‘സമഗ്ര യുദ്ധങ്ങൾ’ ആയിരുന്നിട്ടുണ്ട്” എന്ന് അതു പറയുന്നു. “യഹൂദൻമാരുടെ വംശവിച്ഛേദനമുൾപ്പെടെ മരണങ്ങളുടെ എണ്ണം കോടികൾ വരുന്നു. നൂറ്റാണ്ടുകൾ മുമ്പത്തെ പ്രാകൃത യുദ്ധങ്ങൾ ഇതിനോടുള്ള താരതമ്യത്തിൽ നിസ്സാരമാണ്.” ആഭ്യന്തര കലാപങ്ങൾ ഈ കൂട്ടക്കുരുതിക്ക് ആക്കം കൂട്ടി. എത്രപേർക്കു ജീവഹാനി സംഭവിച്ചു? “സൂബിഗ്നെവ് ബ്രെഷിൻസ്കിയുടെ കണക്കുകൂട്ടലനുസരിച്ച് 1914 മുതലുള്ള ‘കൂട്ടമരണങ്ങൾ’ മൊത്തം 19 കോടി 70 ലക്ഷം ആയിത്തീർന്നിട്ടുണ്ട്, ‘1900-ത്തിലെ മൊത്തം ലോക ജനസംഖ്യയുടെ പത്തിലൊന്നിലധികത്തിനു തുല്യം” എന്ന് പോസ്റ്റ് പറയുന്നു. “ഭീകര പ്രവർത്തനവും കൊലയുടെ അഴിഞ്ഞാട്ടവും ഈ നൂറ്റാണ്ടിന്റെ സംസ്കാരത്തിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നു”വെന്നും “ഈ നൂറ്റാണ്ടിലെ യാതൊരു രാഷ്ട്രീയ, സാമ്പത്തിക വ്യവസ്ഥയും അശാന്തരായ കോടിക്കണക്കിനാളുകളെ ഇതുവരെ ശാന്തമാക്കുകയോ അവർക്കു സംതൃപ്തിനൽകുകയോ ചെയ്തിട്ടില്ലെ”ന്നും “ഉള്ളത് അവിതർക്കിതമായ സംഗതിയാണെ”ന്ന് അതു കൂട്ടിച്ചേർക്കുന്നു.
ലോകാരോഗ്യ സർവേ
ഏതു നിർദിഷ്ട സമയത്തും ലോകജനസംഖ്യയുടെ ഏതാണ്ട് 40 ശതമാനം—200 കോടിയിലധികം പേർ—രോഗികളാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ) ആഗോള ആരോഗ്യം സംബന്ധിച്ച അതിന്റെ ആദ്യത്തെ വാർഷിക സർവേയിൽ റിപ്പോർട്ടു ചെയ്യുന്നു. രോഗങ്ങളിലും അസുഖങ്ങളിലും മിക്കവയും വരുത്തിക്കൂട്ടുന്നതും തടയാവുന്നതുമാണെന്ന് അവർ പറയുന്നു. അടിസ്ഥാനമായ ഏറ്റവുംവലിയ കാരണം ദാരിദ്ര്യമാണ്, ലോകത്തിലെ 560 കോടി ജനങ്ങളിൽ പകുതിയിലധികം പേർക്ക് ഏറ്റവും അത്യാവശ്യമായ മരുന്നുകൾ വാങ്ങാൻ നിവൃത്തിയില്ല. ലോകത്തിലെ കുട്ടികളുടെ മൂന്നിലൊന്നു വികലപോഷിതരാണ്. ലോകത്തിലെ ആളുകളുടെ അഞ്ചിലൊന്നിലധികം പേർക്കു രോഗങ്ങളെ തടയാനോ അവയെ ചികിത്സിക്കാനോ ഉള്ള വിഭവങ്ങൾ വളരെ കുറച്ചേ ഉള്ളൂ, അല്ലെങ്കിൽ ഒട്ടുംതന്നെയില്ല. ഹൃദ്രോഗങ്ങൾ, ആഘാതങ്ങൾ, ശ്വാസകോശ രോഗം, ക്ഷയരോഗം, മലമ്പനി, ശ്വസന സംബന്ധമായ രോഗബാധകൾ അതുപോലെതന്നെ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളെ ബാധിക്കുന്ന അതിസാരം എന്നിങ്ങനെയുള്ള ഏറ്റവും മാരകമായ രോഗങ്ങൾ ഓരോ വർഷവും ലക്ഷങ്ങളെ കൊന്നൊടുക്കുന്നു. എന്നിരുന്നാലും, കഴിഞ്ഞ 25 വർഷത്തിൽ ആയുർപ്രതീക്ഷ 61 വയസ്സിൽനിന്ന് 65 ആയി വർധിച്ചുവെന്നു റിപ്പോർട്ടു സൂചിപ്പിക്കുന്നു. “അതിജീവനം ഒരു ദൈനംദിന പോരാട്ടമായിരിക്കുന്ന ദശലക്ഷക്കണക്കിനാളുകൾക്ക് കൂടുതൽ ദീർഘമായ ജീവിതത്തിന്റെ പ്രതീക്ഷ ഒരു സമ്മാനമെന്നതിലധികം ശിക്ഷയായി തോന്നിയേക്കാം” എന്ന് ഡബ്ലിയുഎച്ച്ഒ-യുടെ ഡയറക്ടർ ജനറലായ ഡോ. ഹിറോഷി നാകാജിമ പറഞ്ഞു.
അർമഗെദോൻ വീക്ഷണങ്ങൾ
മാർച്ചിൽ ടോക്കിയോയിലെ ഭൂഗർഭ പാതകളിലുണ്ടായ മാരകമായ സരിൻ വാതക ആക്രമണവുമായി ബന്ധപ്പെട്ട് ഒം ഷിൻരിക്യോ മതം ജനശ്രദ്ധ പിടിച്ചെടുത്തപ്പോൾ ജപ്പാനിലെ മതങ്ങൾ അർമഗെദോൻ സംബന്ധിച്ച് തങ്ങളുടെ വീക്ഷണങ്ങൾ വെളിപ്പെടുത്താൻ പ്രോത്സാഹിപ്പിക്കപ്പെട്ടു. “ലോകം അർമഗെദോനു സാക്ഷ്യം വഹിക്കുമെന്ന് . . . വ്യക്തിപൂജാപ്രസ്ഥാന നേതാവായ ഷോക്കോ ആസാഹാറാ വർഷങ്ങളായി പ്രവചിച്ചിരിക്കുന്നു”വെന്ന് ദ ഡെയ്ലി യോമിയുരി റിപ്പോർട്ടു ചെയ്യുന്നു. ഒം പേരുകൊണ്ടു ബുദ്ധമതക്കാരാണെങ്കിലും “അർമഗെദോൻ എന്ന ആശയം ബുദ്ധമതത്തിന് അജ്ഞാതമാണെ”ന്ന് രണ്ടു ബുദ്ധമത സ്ഥാപനങ്ങൾ പറഞ്ഞതായി മൈനിച്ചി ഡെയ്ലി ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. “സർവേ ചെയ്യപ്പെട്ട രണ്ടു മുഖ്യധാരാ ക്രിസ്തീയ വിഭാഗങ്ങളും . . . അർമഗെദോൻ ആസന്നമാണെന്നുള്ള ഒം വിശ്വാസം തള്ളിക്കളഞ്ഞു. വ്യക്തിപൂജാപ്രസ്ഥാനം ‘അർമഗെദോൻ’ എന്ന പദം ഉപയോഗിക്കരുതായിരുന്നെന്നും അങ്ങനെ ചെയ്തപ്പോൾ ‘ഒരു ബൈബിൾ പദം സന്ദർഭത്തിൽനിന്നും മാറ്റി ഉപയോഗിച്ചുവെന്നും’ പ്രൊട്ടസ്റ്റൻറ് സംഘടന പറഞ്ഞപ്പോൾ ആ വിശ്വാസം കത്തോലിക്കർക്കു പരിചിതമല്ലെന്ന് കത്തോലിക്കാ വിഭാഗം പറയുകയുണ്ടായി. ‘പൊതു ഭീതി ഇളക്കിവിടുന്ന മതപ്രചരണ രീതികൾ അനഭിലഷണീയമാണെ’ന്ന് ഏകീകരണ സഭ പ്രസ്താവിച്ചു. എന്തെങ്കിലുമൊരു വീക്ഷണം വളരെ ശക്തമായി പിന്താങ്ങപ്പെടുന്നപക്ഷം ആളുകൾക്കു ഭീഷണി തോന്നുമെന്ന് ഷിൻയോൺ പ്രസ്താവിച്ചു.” ഒം സ്ഥാപകൻ സ്വന്തം പ്രവചനത്തെക്കുറിച്ചു സന്ദേഹം പ്രകടിപ്പിച്ചതായി കാണുന്നു. വ്യക്തിപൂജാപ്രസ്ഥാനത്തിന്റെ ഉന്നത നേതാക്കൻമാരിൽ ഒരാൾ ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടു: “ഗുരുവിന്റെ പ്രവചനം സത്യമായി ഭവിക്കുന്നതിനുവേണ്ടിയാണ് സരിൻ പദ്ധതിക്കു തുടക്കമിട്ടതെന്നു ഞാൻ ഊഹിക്കുന്നു.”
മതവും രോഗശാന്തിയും
“തങ്ങളുടെ മതപരമായ വീക്ഷണത്തിൽനിന്നു ശക്തിയും ആശ്വാസവും കണ്ടെത്താൻ കഴിഞ്ഞ” രോഗികളുടെ “അതിജീവന നിരക്ക് മതവിശ്വാസത്തിൽ ശമനൗഷധമൊന്നും കണ്ടെത്താൻ കഴിയാഞ്ഞവരുടേതിനെക്കാളും മൂന്നു മടങ്ങായിരുന്നു”വെന്ന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്കു വിധേയരായ പ്രായംചെന്ന 232 രോഗികളെക്കുറിച്ചു നടത്തിയ ഒരു പഠനം പ്രകടിപ്പിച്ചതായി പാരീസിലെ ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ പറയുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായുള്ള അടുത്ത ബന്ധങ്ങളും അവരിൽനിന്നുള്ള പിന്തുണയും ഉണ്ടായിരിക്കുന്നതിന്റെ ആരോഗ്യപരമായ പ്രയോജനങ്ങൾ മുൻ ഗവേഷണം ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും “ഗുരുതരമായ രോഗം ബാധിച്ചവരുടെയിടയിൽ മതവിശ്വാസത്തിന്റെ അത്തരം ശക്തമായ ആരോഗ്യ സംബന്ധമായ പ്രയോജനം പ്രകടിപ്പിക്കുന്ന” ആദ്യത്തെ പഠനമായിരുന്നു ഇതെന്ന് ട്രിബ്യൂൺ പറഞ്ഞു. പഠനത്തിന്റെ ഡയറക്ടറായ ഡോ. തോമസ് ഓക്സ്മൻ ഇപ്രകാരം നിരീക്ഷിച്ചു: “അപകടകരവും ജീവനു ഭീഷണിയുയർത്തുന്നതുമായ ഒരു സാഹചര്യത്തിന് അർഥം നൽകാൻ കഴിയുന്നത്—വലിയ ഒരു പൊരുളോ ശക്തിയോ പ്രവർത്തിക്കുന്നുവെന്ന വിശ്വാസം ഉണ്ടായിരിക്കുന്നത്—വൈദ്യപരമായി സഹായകമായിരിക്കുന്നതായി തോന്നുന്നു.”
മന്ദഗതിയിലുള്ള തപാൽ സേവനം
തപാൽ സേവനത്തിന്റെ കാര്യക്ഷമതയില്ലായ്മയെക്കുറിച്ചു പരാതിപ്പെടാൻ കാരണമുണ്ടായിരുന്നിട്ടുള്ള ഏതൊരാൾക്കും ഇറ്റലിയിലെ വിസെൻസയിലുള്ള ഒരു ദമ്പതികളുടെ അനുഭവത്തിൽനിന്ന് ആശ്വാസം കണ്ടെത്താൻ കഴിയും. 1944-ൽ വടക്കൻ യൂറോപ്പിലെ നാസി തടങ്കൽപ്പാളയത്തിൽ തടവിലായിരിക്കുമ്പോൾ ഇറ്റലിക്കാരനായ ഒരു ഭർത്താവു തന്റെ ഭാര്യക്ക് ഇങ്ങനെയെഴുതി: “എന്നിൽനിന്നുള്ള വാർത്തകൾ അവിടെയെത്താൻ ദീർഘനാൾ എടുക്കുന്നെങ്കിൽ ഉത്കണ്ഠപ്പെടരുത്.” “ഏറെക്കുറെ ഒരു പ്രവചനംതന്നെ,” ലാ റിപ്പബ്ലിക്ക എന്ന പത്രം പറയുന്നു. എന്തുകൊണ്ടെന്നാൽ സന്ദേശം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നത് 51 വർഷം കഴിഞ്ഞാണ്. ഇപ്പോൾ 80-കളിലായിരിക്കുന്ന ആ ദമ്പതികൾ ആ കത്തിന്റെ വരവിൽ ആനന്ദ വിസ്മയം പൂണ്ടു. ആ സന്ദർഭം കൊണ്ടാടുന്നതിനുവേണ്ടി അവർ തങ്ങളുടെ സുഹൃത്തുക്കളെ വിളിച്ച് ഒരു പാർട്ടി സംഘടിപ്പിച്ചു. എന്നാൽ കത്ത് ഏതുവഴിയെല്ലാം പോയിട്ടാണ് ഒടുവിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നത് എന്നത് ഒരു ഗൂഢരഹസ്യമായിത്തന്നെ അവശേഷിക്കുന്നു.
വെർച്ച്വൽ റിയാലിറ്റിയുടെ സ്വാധീനം
വെർച്ച്വൽ റിയാലിറ്റിക്ക് (വിആർ) “ഈ നൂറ്റാണ്ടിന്റെ അവസാനമായതോടെ ഭവന വീഡിയോ-വിനോദ വിപണിയിൽ മൂന്നിലൊന്നിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിഞ്ഞുവെന്ന്” കാനഡയിലെ ദ ഗ്ലോബ് ആൻഡ് മെയിൽ പത്രത്തിലെ ഒരു റിപ്പോർട്ട് അവകാശപ്പെടുന്നു. അത്തരം കളികളിൽ കളിക്കാർ ഇയർഫോണുകളും ഓരോ കണ്ണിന്റെയും മുമ്പിൽ ഒരു പ്രദർശന സ്ക്രീനും ഉൾപ്പെട്ട ഒരു ഹെൽമറ്റ് ധരിക്കുന്നു. വയറുകൾ ഘടിപ്പിച്ച കയ്യുറകൾ കമ്പ്യൂട്ടർ സൃഷ്ടിച്ച ലോകത്തിൽ ചലന സൂചനകൾ പ്രേഷണം ചെയ്യാനും പ്രതിപ്രവർത്തിക്കാനും കളിക്കാരനെ സഹായിക്കുന്നു. എന്നാൽ അത്തരം കളികളുടെ ജീവൻ തുടിക്കുന്ന ഗ്രാഫിക്സിനോടൊപ്പം “സൈബർസിക്ക്നസ്” എന്ന അസ്വസ്ഥതയെക്കുറിച്ചുള്ള റിപ്പോർട്ടുകളും എത്തുന്നുണ്ട്. സാധ്യതയനുസരിച്ച് ഇതുണ്ടാകുന്നത് കമ്പ്യൂട്ടർ ഉണ്ടാക്കുന്ന പ്രതിബിംബങ്ങൾ ശരീര ചലനങ്ങളുമായി ദീർഘനേരം പ്രതിപ്രവർത്തിക്കുന്നതുകൊണ്ടാണ്. സ്ഥലകാലബോധം നശിക്കൽ, ഓക്കാനം, തലവേദന, നേത്രായാസം, ഏകോപനത്തകരാറുകൾ, പെട്ടെന്നുള്ള ഗതകാല ഓർമകൾ എന്നിവ അതിന്റെ പ്രത്യാഘാതങ്ങളിൽ ഉൾപ്പെടുന്നു. “സൈബർസിക്ക്നസ് കേസുകൾ വർധിക്കുന്നതുകൊണ്ട് എന്നെങ്കിലുമൊരിക്കൽ, ആർക്കെങ്കിലും കുഴപ്പം സംഭവിച്ച് വിആർ കോടതികയറുമെന്ന് നിരീക്ഷകർ പ്രവചിക്കുന്ന”തായി ദ ഗ്ലോബ് പറയുന്നു. ആളുകളുടെ പ്രതികരണങ്ങൾക്കൊപ്പം അനുകരണങ്ങളുടെ വേഗത കൂട്ടുന്നതുവരെ, “അത്ര യഥാർഥമല്ലാത്ത ഗ്രാഫിക്സും കുറഞ്ഞ ചലനവും ആകർഷകത്വം കുറഞ്ഞ അനുകരണങ്ങളും യന്ത്രങ്ങളിലെ സമയ പരിധികളും സഹായകമായിരുന്നേക്കാ”മെന്ന് ആ റിപ്പോർട്ട് നിർദേശിക്കുന്നു.
മത വിഗ്രഹങ്ങൾ വിൽക്കുന്നതിന് നാണയമിട്ടു പ്രവർത്തിക്കുന്ന യന്ത്രങ്ങൾ
പരമ്പരാഗത കത്തോലിക്കാ രാജ്യങ്ങളിൽ മത വിഗ്രഹങ്ങൾ “പാലക പുണ്യവാളൻമാരോടും വിശുദ്ധ സ്ഥലങ്ങളുടെ സംരക്ഷകരോടുമുള്ള പൊതുജന ഭക്തി”യുടെ ഏറ്റവും ദൃശ്യമായ സൂചനകളാണെന്ന് ഇറ്റാലിയൻ ദിനപ്പത്രമായ ലാ റിപ്പബ്ലിക്ക എഴുതുന്നു. മതപരമായ ഈ വസ്തുക്കളുടെ തഴച്ചുവളരുന്ന വ്യാപാരത്തിലേക്ക് ഇപ്പോൾ സാങ്കേതികവിദ്യ കടന്നുചെന്നിരിക്കുന്നു. “ഐക്കോമാറ്റിക്” എന്നു പേരുള്ള, നാണയമിടുമ്പോൾ സ്വയംപ്രവർത്തിക്കുന്ന, ഒരു വിഗ്രഹ വിൽപ്പന യന്ത്രത്തിൽ ഒരു പ്രത്യേക ടോക്കൺ ഇടുമ്പോൾ മത വിഗ്രഹങ്ങൾ പുറത്തേക്കു വരുന്നു. “സ്വയംസേവന വ്യവസ്ഥ, തിരഞ്ഞെടുപ്പിൽ വിവേചന ഉറപ്പുവരുത്തുകയും ക്യൂ ഒഴിവാക്കുകയും എല്ലാവർക്കും ഒരു മത വിഗ്രഹം ഉറപ്പുനൽകുകയും ചെയ്യു”മെന്ന് ആ പത്രം പറയുന്നു.