ഭക്ഷ്യജന്യ രോഗത്തിൽനിന്നു സ്വയം സംരക്ഷിക്കുക
ബെക്കി പറയുന്നു: “12 മണിക്കൂർ നേരത്തേക്ക് എനിക്കു ബാത്ത്റൂമിൽനിന്ന് ഇറങ്ങാനേ കഴിഞ്ഞില്ല. വയറ്റിലെ വേദന അസഹനീയമായിരുന്നു. എന്റെ ശരീരത്തിലെ ജലാംശം വളരെയധികം നഷ്ടപ്പെട്ടു. അത്യാഹിതവിഭാഗത്തിൽ കിടത്തി എന്റെ ശരീരത്തിലേക്കു ദ്രാവകങ്ങൾ കുത്തിവയ്ക്കേണ്ടതായി വന്നു. ഞാൻ സാധാരണനിലയിലേക്കു മടങ്ങിവരാൻ രണ്ടുമൂന്നാഴ്ച എടുത്തു.”
ബെക്കി കഷ്ടപ്പെട്ടത് ഒരു ഭക്ഷ്യജന്യരോഗമായ ഭക്ഷ്യവിഷബാധ മൂലമായിരുന്നു. രോഗത്തിനിരയാകുന്ന മിക്കവരെയും പോലെ അവളും മരണത്തിൽനിന്നു രക്ഷപ്പെട്ടു. പക്ഷേ താൻ നേരിട്ട അഗ്നിപരീക്ഷയുടെ ഓർമകൾ അവളെ വിട്ടുമാറുന്നില്ല. “ഭക്ഷ്യവിഷബാധക്കു നമ്മെ ഇത്രയധികം രോഗഗ്രസ്തരാക്കാൻ കഴിയുമെന്നു ഞാനൊരിക്കലും മനസ്സിലാക്കിയിരുന്നില്ല,” അവൾ പറയുന്നു.
ഇതുപോലെയുള്ളതോ ഇതിലും മോശമായതോ ആയ അനുഭവങ്ങൾ ഉത്കണ്ഠാജനകമാംവിധം സാധാരണമാണ്. ഡസൻകണക്കിനു ബാക്ടീരിയകളും വൈറസുകളും പരാദങ്ങളും പ്രോട്ടോസോവകളും നമ്മുടെ ആഹാരത്തെ ദുഷിപ്പിക്കുമെന്ന ഭീഷണി ഉയർത്തുന്നു. അടുത്തകാലത്തു വ്യവസായവൽകൃത രാജ്യങ്ങളിൽ, ചിലതരം ഭക്ഷ്യജന്യരോഗങ്ങളിൽ ഒരു കുറവു കാണുന്നുണ്ടെങ്കിലും, “സാൽമണല്ലോസിസും മറ്റുചില രോഗങ്ങളും അവയെ നിയന്ത്രിക്കാൻ നടത്തിയ എല്ലാ ശ്രമങ്ങളെയും ചെറുത്തുനിന്നിട്ടുണ്ട്” എന്നു ലോകാരോഗ്യ മാസിക റിപ്പോർട്ടു ചെയ്യുന്നു.
മിക്ക കേസുകളും റിപ്പോർട്ടു ചെയ്യപ്പെടാതെ പോകുന്നതുകൊണ്ട് ഭക്ഷ്യവിഷബാധ കണ്ടുപിടിക്കുക എളുപ്പമല്ല. “പ്രശ്നത്തിന്റെ കേവലമൊരു തുമ്പുമാത്രമേ നമുക്കറിയാവൂ,” എന്ന് യു.എസ്. രോഗനിയന്ത്രണകേന്ദ്രങ്ങൾ എന്ന സംഘടനയിലെ ഡോ. ജെയിൻ കോയ്ളെർ പറയുന്നു.
ഭക്ഷ്യജന്യരോഗങ്ങളുണ്ടാകാനുള്ള കാരണമെന്താണ്? മിക്കപ്പോഴും ഭക്ഷ്യവസ്തുക്കൾ വിപണിയിലെത്തു ന്നതിനു വളരെ മുമ്പുതന്നെ പ്രശ്നം ഉടലെടുക്കുന്നുവെന്നറിയുമ്പോൾ നിങ്ങൾ അതിശയിച്ചുപോയേക്കാം.
ഒരു സാംക്രമികരോഗത്തെ നട്ടുവളർത്തുന്നു
ആധുനിക കാർഷിക സാങ്കേതികവിദ്യകൾ ഉറപ്പുതരുന്നത് വളർത്തുമൃഗങ്ങളുടെ ഇടയിൽ രോഗകാരികളുടെ ശീഘ്രഗതിയിലുള്ള സംക്രമണം മാത്രമാണ്. ഉദാഹരണത്തിന്, ഐക്യനാടുകളിലെ മാട്ടിറച്ചി വ്യവസായമെടുക്കുക. ഏതാണ്ട്, 9,00,000 ഫാമുകളിൽ നിന്നുള്ള കന്നുകുട്ടികളെയെല്ലാംകൂടി ഒരുമിച്ച് എണ്ണത്തിൽ നൂറിൽ താഴെമാത്രം വരുന്ന അറവുശാലകളിലേക്ക് കൊണ്ടുവരുന്നു. ഇങ്ങനെ ഇടകലർത്തുന്നതുമൂലം ഏതെങ്കിലും ഒരു ഫാമിലെ മാലിന്യത്തിന് ഒരു സാംക്രമികരോഗത്തിനു തുടക്കമിടാൻ സാധിക്കും.
അതുമാത്രമല്ല, ഐക്യനാടുകളിൽ “മൃഗങ്ങൾക്കുള്ള ആഹാരത്തിന്റെ മുപ്പതു ശതമാനമോ അതിലധികമോ രോഗകാരികളാൽ മാലിന്യപ്പെട്ടതാണ്” എന്ന് സംയുക്ത മൃഗചികിത്സക ദേശീയസംഘത്തിന്റെ ഡയറക്ടറായ ഡോ. എഡ്വേർഡ് എൽ. മെനിങ് തീർത്തുപറയുന്നു. ചിലപ്പോഴൊക്കെ കൂടുതൽ പ്രോട്ടീൻ നൽകാൻ വേണ്ടി മൃഗങ്ങളുടെ തീറ്റയിൽ അറവുശാലയിലെ അവശിഷ്ടങ്ങൾ ചേർക്കാറുണ്ട്—സാൽമൊണെല്ലയുടെയും മറ്റു രോഗാണുക്കളുടെയും വ്യാപനത്തിനിടയാക്കുന്ന ഒരു രീതിയാണിത്. വളർച്ച കൂട്ടാൻവേണ്ടി മൃഗങ്ങൾക്ക് ആൻറിബയോട്ടിക്കുകളുടെ ശക്തികുറഞ്ഞ ഡോസുകൾ കൊടുക്കുമ്പോൾ രോഗാണുക്കൾ അതിൽനിന്നു മരുന്നുകൾക്കെതിരെ പ്രതിരോധം നേടിയെടുത്തേക്കാം. “ആൻറിബയോട്ടിക്കുകൾക്കെതിരെ കൂടുതൽ പ്രതിരോധശക്തിയുള്ളതായിത്തീരുന്ന സാൽമൊണെല്ല ഇതിനൊരു നല്ല ഉദാഹരണമാണ്,” എന്നു രോഗനിയന്ത്രണ കേന്ദ്രത്തിലെ ഡോ. റോബർട്ട് വി. ടോക്സ് പറയുന്നു. “ഭക്ഷ്യ ആവശ്യങ്ങൾക്കുവേണ്ടി വളർത്തുന്ന മൃഗങ്ങൾക്ക് ആൻറിബയോട്ടിക്കുകൾ കൊടുക്കുന്നതാണിതിനു കാരണമെന്നു ഞങ്ങൾ വിചാരിക്കുന്നു. മറ്റു ബാക്ടീരിയകളുടെ കാര്യത്തിലും വസ്തുത ഇങ്ങനെതന്നെയാവാം,” അദ്ദേഹം പറഞ്ഞു.
ഐക്യനാടുകളിൽ, ഫാമിൽനിന്ന് അറവുശാലയിലേക്കു പോകുന്ന സമയത്തു കോഴികളിൽ വളരെ ചുരുങ്ങിയ ശതമാനത്തിനു മാത്രമേ അവയുടെ ഉള്ളിൽ സാൽമൊണെല്ല ഉള്ളു. എന്നാൽ സൂക്ഷ്മാണുജീവി ശാസ്ത്രജ്ഞനായ നെൽസൺ കോക്സ് അവകാശപ്പെടുന്നതനുസരിച്ച് കൊണ്ടുപോകുന്ന വഴിക്ക് ഇത് അതിശീഘ്രം ഇരുപതുമുതൽ ഇരുപത്തഞ്ചു ശതമാനംവരെയാകുന്നു.” ചെറിയ കൂടുകൾക്കുള്ളിൽ തിങ്ങിഞെരുങ്ങിയിരിക്കുന്ന കോഴികൾക്ക് അനായാസേന രോഗം പിടിപെടാം. അതിവേഗത്തിലുള്ള കശാപ്പും സംസ്കരണവും അപകടസാധ്യത വർധിപ്പിക്കുന്നു. “അവസാനഘട്ടത്തിൽ ഈ പക്ഷികൾ അവയെ ഒരു വൃത്തികെട്ട കക്കൂസിൽ മുക്കിയെടുത്താലുള്ളതിനെക്കാൾ ഒട്ടും കൂടുതൽ വൃത്തിയുള്ളതായിരിക്കുകയില്ല,” ജെറാൾഡ് കെസ്റ്റർ എന്ന സൂക്ഷ്മാണുജീവി ശാസ്ത്രജ്ഞൻ തീർത്തുപറയുന്നു. “അവയെ കഴുകിയതായിരിക്കാം, പക്ഷേ അണുക്കളെല്ലാം അവിടെത്തന്നെയുണ്ട്.”
അതുപോലെതന്നെ വൻതോതിലുള്ള മാംസസംസ്കരണവും അപകടകരമാകാം. “ആധുനിക സംസ്കരണശാലകളിൽ ഓരോ തവണയും സംസ്കരിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ അളവു വളരെ വലുതാണ്. അതുകൊണ്ട് ഉള്ളിലേക്കു പോകുന്ന ഭക്ഷ്യവസ്തുക്കളിൽ അണുബാധയുള്ള വെറും ഒന്നോ രണ്ടോ തുണ്ടുകൾക്കുപോലും ടൺകണക്കിനു സംസ്കരിച്ച ഉത്പന്നത്തെ മലിനമാക്കാൻ കഴിയും,” എന്ന് സാധാരണരോഗങ്ങളുടെ വിജ്ഞാനകോശം പറയുന്നു. ഉദാഹരണത്തിന് മലിനമായ വെറും ഒരുതുണ്ടു മാട്ടിറച്ചിക്ക് ആ ഗ്രൈൻഡറിൽനിന്നു പുറത്തേക്കുവരുന്ന ഓരോ ഇറച്ചിക്കേക്കിനേയും (ഹാംബർഗർ) മലിനപ്പെടുത്താൻ കഴിയും. ഇതിനുംപുറമേ ഒരു കേന്ദ്രസ്ഥാനത്തു തയ്യാറാക്കിയശേഷം കടകളിലേക്കും റെസ്റ്ററന്റുകളിലേക്കും കൊണ്ടുപോകുന്ന ആഹാരസാധനങ്ങൾ അവ കൊണ്ടുപോകുന്ന സമയത്ത് അനുയോജ്യമായ ഊഷ്മാവു നിലനിർത്തിയില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും മലിനപ്പെടാം.
വിപണിയിലെത്തുന്ന എത്രമാത്രം ആഹാരസാധനങ്ങൾ സ്ഥിരമായി ഭീഷണി ഉയർത്തുന്നവയാണ്? “ചില്ലറവില്പന നടത്തുന്ന എല്ലാത്തിന്റെയും കുറഞ്ഞത് 60 ശതമാനമെങ്കിലും,” ഐക്യനാടുകളെപ്പറ്റി സംസാരിക്കവേ ഡോ. മെനിങ് ഉറപ്പിച്ചുപറയുന്നു. എഫ്ഡിഎ ഉപഭോക്തൃ (FDA Consumer) മാസിക ഇങ്ങനെ അഭിപ്രായപ്പെടുന്നു: “അത്തരം രോഗങ്ങളിൽ 30 ശതമാനവും ഉണ്ടാകുന്നതു വീടുകളിൽ ആഹാരസാധനങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യാത്തതുകൊണ്ടാണ്.” അതുകൊണ്ടു നിങ്ങൾക്കു ഭക്ഷ്യജന്യരോഗങ്ങളിൽനിന്നു സ്വയം സംരക്ഷിക്കാൻ കഴിയും. നിങ്ങൾക്ക് എന്തൊക്കെ മുൻകരുതലുകളെടുക്കാൻ സാധിക്കും?
വാങ്ങുന്നതിനു മുമ്പ് . . .
ലേബൽ വായിച്ചുനോക്കുക. അതിലെ ചേരുവകൾ എന്തൊക്കെയാണ്? സാലഡിന്റെ കൂട്ടുകൾ, മുട്ടയുടെ മഞ്ഞക്കരു ചേർത്തുണ്ടാക്കുന്ന മേയനെയ്സ് തുടങ്ങിയവയിലുള്ളതുപോലെ പച്ചമുട്ട ഉപയോഗിച്ചിട്ടുണ്ടെങ്കിൽ സൂക്ഷിക്കുക. പാലും പാൽക്കട്ടിയും “പാസ്ചറൈസ് ചെയ്തത്” എന്ന ലേബലുള്ളവയായിരിക്കണം. “വില്പനയുടെ കാലാവധി” അല്ലെങ്കിൽ “ഉപയോഗത്തിനുള്ള കാലാവധി” എന്നിങ്ങനെയുള്ള മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. പൂർണമായും രാസവസ്തുവിമുക്തമെന്നവകാശപ്പെടുന്ന ഉത്പന്നങ്ങൾ തീർത്തും സുരക്ഷിതമായിരിക്കുമെന്നു കരുതരുത്; അവ നിങ്ങളെ സംവർധിനികൾ ഉപയോഗിച്ചു തടയേണ്ട അപകടങ്ങൾക്കിരയാക്കിയേക്കാം.
ഭക്ഷണപദാർഥവും അതിന്റെ പൊതിച്ചിലും നന്നായി പരിശോധിക്കുക. ഭക്ഷണപദാർഥം പുതിയതല്ലെന്നു തോന്നുന്നെങ്കിൽ അതു വാങ്ങരുത്. മത്സ്യത്തിന്റെ കാര്യത്തിലാണെങ്കിൽ, മുഴുവനായിട്ടുള്ള മത്സ്യത്തിനു തെളിച്ചമുള്ള കണ്ണുകളും ചുവന്ന ചെകിളപ്പൂക്കളും കേടുപറ്റാത്ത ഉറച്ച ദശയും ഉണ്ടായിരിക്കണം. തുണ്ടങ്ങളോ ചെറിയ കഷണങ്ങളോ ആണെങ്കിൽ കടുത്ത അസുഖകരമായ മണമില്ലാത്തതും ശുചിയായതും നിറംമങ്ങാത്തതും ആയിരിക്കണം. മത്സ്യം ഐസ് നിരത്തി അതിനു മുകളിലോ ശീതീകരിച്ച ഒരു പെട്ടിക്കുള്ളിലോ ആയിരിക്കണം. പച്ചമത്സ്യവും പാകംചെയ്ത മത്സ്യവുംകൂടി ഒരുമിച്ചു വെച്ചിരിക്കുമ്പോൾ അവയ്ക്കു പരസ്പരം ദുഷിപ്പിക്കാൻ കഴിയും. ഇതിനെല്ലാംപുറമേ, ചോരുന്നതോ പുറത്തേക്കു തള്ളിനിൽക്കുന്നതോ മറ്റേതെങ്കിലും തരത്തിൽ കേടുപറ്റിയതോ ആയ ടിന്നുകൾക്കും ഭരണികൾക്കും കേന്ദ്രനാഡീവ്യവസ്ഥയെ ബാധിക്കുന്ന വിരളമെങ്കിലും ചിലപ്പോഴൊക്കെ മാരകമായ ബോട്ടുലിസം എന്ന വിഷബാധക്കുള്ള കാരണമായിത്തീരാൻ കഴിയും.
കഴിക്കുന്നതിനു മുമ്പ് . . .
നന്നായി വേവിക്കുക. ഇത് അണുബാധക്കെതിരെ നിങ്ങൾക്കുള്ള ഏറ്റവും മികച്ച പ്രതിരോധമാർഗങ്ങളിലൊന്നാണ്. “മാംസം അടങ്ങിയിട്ടുള്ള ഏതുല്പന്നവും മലിനമാണെന്നു വിചാരിച്ച് അത് ആവിധത്തിൽ കൈകാര്യം ചെയ്യുക” എന്നു ഡോ. കോഹെൻ ഉപദേശിക്കുന്നു. മുട്ടകൾ മഞ്ഞക്കരുവും വെള്ളക്കരുവും അയഞ്ഞപരുവത്തിലായിരിക്കാതെ നന്നായി ഉറയ്ക്കുന്നതു വരെ വേവിക്കണം. 4 ഡിഗ്രി സെൽഷ്യസിനും 60 ഡിഗ്രി സെൽഷ്യസിനും ഇടയ്ക്കുള്ള ഊഷ്മാവിൽ ബാക്ടീരിയകൾക്കു വളരാൻ സാധിക്കുന്നതുകൊണ്ട് സാധാരണമാംസം ഉൾഭാഗം 71 ഡിഗ്രി സെൽഷ്യസ് എത്തുന്നതുവരെയും പക്ഷികളുടെ മാംസം 82 ഡിഗ്രി സെൽഷ്യസ് എത്തുന്നതുവരെയും വേവിക്കണം.
വൃത്തിയുള്ള പാചകം ശീലിക്കുക. ഉപയോഗത്തിനുശേഷം എല്ലാ പാചകോപകരണങ്ങളും നന്നായി വൃത്തിയാക്കണം. മുറിക്കാനുള്ള ബോർഡുകൾ തടികൊണ്ടുള്ളവയാണെങ്കിൽ അതു ബാക്ടീരിയകളുടെ താവളമായിരിക്കുമെന്നു ചിലർ വാദിക്കുന്നു. എങ്കിലും അവ പ്ലാസ്റ്റിക് ബോർഡുകളെക്കാൾ മെച്ചമാണെന്നാണ് ഒരു പഠനം വെളിപ്പെടുത്തുന്നത്.a നിങ്ങൾ ഏതുതരം ബോർഡുപയോഗിച്ചാലും അതു ചൂടുവെള്ളവും സോപ്പുമുപയോഗിച്ചു നന്നായി കഴുകിവയ്ക്കണം. ബ്ലീച്ചുപയോഗിക്കാനും ചിലർ നിർദേശിക്കുന്നു. സാധാരണമാംസമോ പക്ഷിമാംസമോ കൈകാര്യംചെയ്തു കഴിഞ്ഞാൽ നിങ്ങൾ തൊടുന്ന എന്തും മലിനമാകാനുള്ള സാധ്യതയുള്ളതുകൊണ്ട് ഉടനെ കൈകൾ കഴുകുക.
ഒന്നിനും വൈകാതിരിക്കുക. പലവ്യഞ്ജനങ്ങൾ എത്രയുംവേഗം വീട്ടിലെത്തിക്കുക. “പാകംചെയ്തതോ ചെയ്യാത്തതോ ആയ ഒരു സാധനവും രണ്ടുമണിക്കൂറിൽ കൂടുതൽനേരം റെഫ്രിജറേറ്ററിനു വെളിയിൽ ഇരിക്കരുത്,” പോഷകാഹാരവിദഗ്ധയായ ഗയിൽ എ. ലിവി പറയുന്നു. “പുറത്തെ ഊഷ്മാവ് 32 ഡിഗ്രി സെൽഷ്യസിലും കൂടുതലാണെങ്കിൽ ആ സമയം ഒരു മണിക്കൂറാക്കി കുറക്കുക,” എന്നവർ കൂട്ടിച്ചേർക്കുന്നു.
സംഭരിച്ചു സൂക്ഷിക്കുന്നതിനുമുമ്പ് . . .
ആവശ്യത്തിനു പാത്രങ്ങൾ ഉപയോഗിക്കുക. ചൂടുള്ള ഭക്ഷണപദാർഥങ്ങൾ റഫ്രിജറേറ്ററിലിരുന്നു വേഗത്തിൽ തണുക്കത്തക്കവിധം ഭാഗിച്ചു ചെറിയ പാത്രങ്ങളിലാക്കുക. നിങ്ങളുടെ റഫ്രിജറേറ്ററിലെയോ ഫ്രീസറിലെയോ ഊഷ്മാവ് ഉയരാതിരിക്കുന്നതിന് പാത്രങ്ങൾക്കു ചുറ്റും വായുപ്രവാഹമുണ്ടായിരിക്കാൻ അവസരം കൊടുക്കുക. മാലിന്യങ്ങൾ ഒന്നിൽനിന്നു മറ്റൊന്നിലേക്കു പകരുന്നതു തടയാൻവേണ്ടി എല്ലാ പാത്രങ്ങളും അടച്ചുസൂക്ഷിക്കണം.
നിങ്ങളുടെ റഫ്രിജറേറ്റർ പരിശോധിക്കുക. ഫ്രീസറിന്റെ ഊഷ്മാവ് മൈനസ് 18 ഡിഗ്രി സെൽഷ്യസിൽ ഒട്ടും ഉയർന്നതാകരുത്, റഫ്രിജറേറ്ററിന്റേത് നാലു ഡിഗ്രി സെൽഷ്യസിൽ താഴെയായിരിക്കുകയും വേണം. സാധാരണമാംസവും പക്ഷിമാംസവും ഫ്രീസറിൽ മാസങ്ങളോളം സൂക്ഷിച്ചുവെക്കാം. അതേസമയം റഫ്രിജറേറ്ററിലാണെങ്കിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ അവ കേടാകാൻ തുടങ്ങിയേക്കാം. മുട്ടകൾ മൂന്നാഴ്ചകൾക്കുള്ളിൽ ഉപയോഗിക്കണം. പൊട്ടാതിരിക്കുന്നതിനും ആവശ്യത്തിനു തണുപ്പിച്ചു സൂക്ഷിക്കുന്നതിനും വേണ്ടി അവ റഫ്രിജറേറ്ററിലെ ചൂടുകൂടിയ ഭാഗങ്ങളിലൊന്നായ, ഡോറിന്റെ ഉൾവശത്തെ മുട്ട വയ്ക്കാനുള്ള ട്രേയിൽ വയ്ക്കുന്നതിനുപകരം കൊണ്ടുവന്ന കാർട്ടനിൽതന്നെ വച്ച് റഫ്രിജറേറ്ററിന്റെ പ്രധാനഭാഗത്തെവിടെയെങ്കിലും സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.
ഈ മുൻകരുതലെല്ലാമുണ്ടെങ്കിലും, ഭക്ഷണപദാർഥം കാഴ്ചയിലോ മണത്തിലോ സംശയകരമായി തോന്നിയാൽ അതു കളയുക! മിക്കപ്പോഴും ഭക്ഷ്യജന്യരോഗങ്ങൾ കടുത്ത പ്രത്യാഘാതങ്ങളൊന്നുമുണ്ടാക്കാതെ വന്നുപോയേക്കാമെങ്കിലും, ചിലപ്പോൾ—പ്രത്യേകിച്ചും കുട്ടികളിലും വൃദ്ധരിലും പ്രതിരോധശക്തി കുറവുള്ളവരിലും—അതു മാരകമാകാനുള്ള സാധ്യതയുണ്ട്.b
ദൈവം നോഹയോട് “എല്ലാ മൃഗങ്ങളും പക്ഷികളും മത്സ്യങ്ങളും. . . അവയെല്ലാം ഞാൻ നിങ്ങൾക്ക് ആഹാരമായി തരുന്നു” എന്നു പറഞ്ഞതു സഹസ്രാബ്ദങ്ങൾക്കു മുമ്പായിരുന്നു. (ഉല്പത്തി 9:3, റ്റുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) വൻതോതിലുള്ള വിതരണത്തോടൊപ്പം വിവിധഘട്ടങ്ങൾ ശ്രേണിയായി നിർവഹിക്കുന്ന കശാപ്പ്, കേന്ദ്രീകൃതസംസ്കരണം ഇവയെല്ലാം ഒത്തുചേർന്ന് ആ വാക്കുകൾക്ക് അശുഭകരമായ ഒരു വ്യാഖ്യാനം കൊടുക്കുന്നു. അതുകൊണ്ട് ഒരു ഉപഭോക്താവെന്നനിലയിൽ നിങ്ങളുടെ പങ്കു നിർവഹിക്കുക. നിങ്ങൾ ആഹാരസാധനങ്ങൾ വാങ്ങുമ്പോഴും പാകംചെയ്യുമ്പോഴും സൂക്ഷിച്ചുവെക്കുമ്പോഴും ശ്രദ്ധയുള്ളവരായിരിക്കുക.
[അടിക്കുറിപ്പുകൾ]
a 1993 ഡിസംബർ 8-ലെ ഉണരുക!യുടെ (ഇംഗ്ലീഷ്) 28-ാം പേജ് കാണുക.
b നിങ്ങൾക്ക് ഒരു ഭക്ഷ്യജന്യരോഗബാധയുണ്ടായാൽ, നല്ല വിശ്രമമെടുക്കുക, പഴച്ചാറ്, സൂപ്പ്, വീര്യംകുറഞ്ഞ സോഡ തുടങ്ങിയ ദ്രാവകങ്ങൾ കുടിക്കുക. നാഡീസംബന്ധമായ രോഗലക്ഷണങ്ങൾ ഉണ്ടാവുകയോ പനി, മയക്കം, ഛർദി, രക്തം കലർന്ന മലം, നീണ്ടുനിൽക്കുന്ന കടുത്ത വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാവുകയോ ചെയ്താൽ, അല്ലെങ്കിൽ നിങ്ങൾ കൂടുതൽ അപകടസാധ്യതയുള്ളവരുടെ വിഭാഗത്തിലുള്ള ഒരാളാണെങ്കിൽ ഒരു ഡോക്ടറെ സമീപിക്കുന്നത് ഉചിതമായിരിക്കും.
[23-ാം പേജിലെ ചതുരം]
വീടിനുവെളിയിൽവച്ചു ഭക്ഷണം കഴിക്കുമ്പോൾ
പിക്നിക്കുകൾ. ഐസുകൊണ്ടു പൊതിഞ്ഞ നന്നായി താപനിബദ്ധമാക്കിയ ഒരു കൂളർ ഉപയോഗിക്കുക. അതു കാറിന്റെ ഡിക്കിയിൽ വെക്കുന്നതിനുപകരം നിങ്ങളിരിക്കുന്നിടത്തുതന്നെ സൂക്ഷിക്കുകയായിരിക്കും ഉത്തമം. നിങ്ങൾ പിക്നിക്കു നടത്തുമ്പോൾ കൂളർ അടച്ചു തണലുള്ളിടത്തു സൂക്ഷിക്കണം. വേവിക്കാത്ത ഏതു ഭക്ഷണപദാർഥവും മറ്റുള്ളവയിൽനിന്നു മാറ്റിസൂക്ഷിക്കുക. പൂർണമായി വേകാത്ത ഭക്ഷണത്തിൽ ബാക്ടീരിയ വളരാൻ സാധ്യതയുള്ളതുകൊണ്ട് വീട്ടിൽ വച്ച് ഭാഗികമായും പിന്നീട് ഒരു ഗ്രില്ലിൽ വച്ചു പൂർണമായും വേവിച്ചെടുക്കുന്ന രീതി നന്നല്ല.
റെസ്റ്ററന്റുകൾ. “വൃത്തിഹീനമെന്നു തോന്നുന്ന റെസ്റ്ററന്റുകൾ ഒഴിവാക്കുക. ഭക്ഷണം കഴിക്കുന്ന സ്ഥലം വൃത്തിഹീനമാണെങ്കിൽ, അടുക്കളയും മിക്കവാറും അങ്ങനെതന്നെയായിരിക്കും,” ഡോ. ജോനാഥാൻ എഡ്ലോ മുന്നറിയിപ്പു നൽകുന്നു. “ചൂടുള്ളത്” എന്ന പേരിൽ തരുന്ന ചൂടില്ലാത്ത ഏതാഹാരവും നന്നായി വേവിക്കാത്തതും തിരികെ കൊടുത്തയയ്ക്കുക. അല്പമെങ്കിലും ഇളംചുവപ്പു കലർന്ന പക്ഷിമാംസം കഴിക്കരുത്. പൊരിച്ച മുട്ടകൾ ഇരുവശവും നന്നായി വെന്തതായിരിക്കണം. “മഞ്ഞക്കരു എത്ര അയഞ്ഞതാണോ അപകടസാധ്യത അത്രതന്നെ കൂടുതലാണ്,” എഫ്ഡഎ ഉപഭോക്തൃ മാസിക ഓർമപ്പെടുത്തുന്നു.
സാലഡ് ബാറുകൾ. ഇവിടെ പലപാകത്തിൽ വേവിച്ചതും ശീതീകരിച്ചതുമായ ഭക്ഷണപദാർഥങ്ങൾ ഒരുമിച്ചു വെക്കുന്നതുകൊണ്ട് ന്യൂസ്വീക്ക മാസിക പറയുന്നതുപോലെ സാലഡ് ബാറുകൾ “സൂക്ഷ്മാണുക്കൾക്ക് ഒരുത്തമ കളിക്കളം” ഒരുക്കുന്നു. സാലഡ് ബാറുകൾ വൃത്തിയുള്ളതാണോ എന്നു പരിശോധിക്കുക. തണുത്തു ദൃഢതയുള്ളതായിരിക്കേണ്ട ഭക്ഷണപദാർഥങ്ങൾ ഐസു നിരത്തി അതിനു മുകളിലാണു സൂക്ഷിച്ചിരിക്കുന്നതെന്നുറപ്പു വരുത്തുക. സാലഡ് ബാറുകൾ വൃത്തിയായി സൂക്ഷിച്ചിട്ടുള്ളവയാണെങ്കിലും രോഗാണുക്കൾക്ക് ഉപയോക്താക്കളിൽ ഒരാളിൽനിന്ന് അടുത്തയാളിലേക്കു പകരാൻ കഴിയും. സൂക്ഷ്മാണുജീവിശാസ്ത്രജ്ഞനായ മൈക്കേൽ പോരിറ്റ്സാ പറഞ്ഞതുപോലെ “സാലഡ് കൂട്ടിന്റെ ഉള്ളിൽകിടക്കുന്ന കോരിക നിങ്ങൾക്കുമുമ്പ് ഉപയോഗിച്ചതാരാണെന്നു നിങ്ങൾക്കറിയില്ലല്ലോ.”
സാമൂഹിക കൂട്ടങ്ങൾ. ബഫേ രീതിയിൽ ഭക്ഷണം വിളമ്പുമ്പോൾ ആതിഥേയൻ “തീൻമേശയിൽ ആദ്യം കുറച്ചു ഭക്ഷണം മാത്രമേ വെക്കാവൂ. ഭക്ഷണം അന്തരീക്ഷ ഊഷ്മാവിൽ അധികസമയം തുറന്നിരിക്കാനനുവദിക്കുന്നതിനു പകരം കൂടുതലായി വേണ്ടിവരുന്ന ഭക്ഷണം ശീതീകരിച്ചതോ ചൂടാക്കിയതോ ആയ ഒരു സ്ഥലത്തു സൂക്ഷിച്ച് അവിടെനിന്നു വിളമ്പുക.” തണുപ്പിച്ചു കഴിക്കുന്ന ആഹാരപദാർഥങ്ങൾ നാലു ഡിഗ്രി സെൽഷ്യസിനു താഴെയും ചൂടോടെ കഴിക്കുന്നവ 60 ഡിഗ്രി സെൽഷ്യസിനു മുകളിലും സൂക്ഷിക്കുക. പിന്നീടുപയോഗിക്കുന്നതിനു വേണ്ടി പാകംചെയ്ത മാംസം ഉടൻതന്നെ റഫ്രിജറേറ്ററിൽ വയ്ക്കണമെന്നു മാത്രമല്ല, അവിടെനിന്ന് എടുക്കാറാകുന്നതുവരെ അങ്ങനെതന്നെയിരിക്കുകയും വേണം. കഴിക്കുന്നതിനു മുമ്പ് അതു വീണ്ടും നന്നായി ചൂടാക്കാം.
[20-ാം പേജിലെ ചിത്രം]
പുതിയതല്ലെന്നു തോന്നിയാൽ വാങ്ങരുത്
[22-ാം പേജിലെ ചിത്രം]
നിങ്ങൾ ഭക്ഷണം കഴിക്കുന്ന റസ്റ്ററൻറിലെ അടുക്കള വൃത്തിയുള്ളതാണോ?