ശിശുക്കളെ കൊണ്ടുപോകുന്നതിനുള്ള ആഫ്രിക്കൻ, വടക്കേ അമേരിക്കൻ രീതികൾ
നൈജീരിയയിലെ ഉണരുക! ലേഖകൻ
ലോകത്തുടനീളമുള്ള ആളുകൾക്ക് കുട്ടികളെ കൊണ്ടുപോകുന്നതിനു നിരവധി വിധങ്ങളുണ്ട്. വടക്കേ അമേരിക്കയിലെയും ആഫ്രിക്കയിലെയും വിധങ്ങൾ തികച്ചും വൈരുദ്ധ്യമാർന്നവയാണ്.
വ്യത്യസ്തങ്ങളായ ഈ വൻകരകളിൽ സാമ്പത്തിക അവസ്ഥകൾ തീർത്തും വിഭിന്നമാണ്. അതുകൊണ്ട് കുട്ടികളെ കൊണ്ടുപോകുന്ന രീതികളിലും സാരമായ വ്യത്യാസം നാം പ്രതീക്ഷിക്കണം. ആദ്യമായി വടക്കേ അമേരിക്കയിലെ ആളുകൾ ഈ പ്രശ്നം പൊതുവേ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നു നോക്കാം.
വടക്കേ അമേരിക്കൻ രീതി
ഐക്യനാടുകളിലും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും കുട്ടികളെ ഇരുത്തി തള്ളിക്കൊണ്ടുപോകാനുള്ള നാലു ചക്രങ്ങളുള്ള വണ്ടികളോ (സ്ട്രോളറുകൾ) ശിശുവാഹനങ്ങളോ ഉപയോഗിക്കുന്നത് ഒരു സാധാരണ രീതിയാണ്. അവ ഉപയോഗിക്കാൻ എളുപ്പമുള്ളതും കൂടുതൽ ഭംഗിയുള്ളതും കുട്ടിക്കു കൂടുതൽ സുഖപ്രദവുമാക്കുക എന്നതാണ് ഈ അടുത്ത വർഷങ്ങളിലായി കാണുന്ന പ്രവണത. മിക്കതിനും മൃദുവായ കുഷനുകളും കഴുകാവുന്ന ചെറുമെത്തകളും ഉയർന്ന സീറ്റുകളുമുണ്ട്.
സ്ട്രോളറുകൾ കുട്ടികൾക്ക് അവരിഷ്ടപ്പെടുന്ന ഒരു വിശ്രമസ്ഥലമായിരിക്കും, അവർക്ക് ഒരു വ്യത്യസ്തത അനുഭവപ്പെടും, വേദനിക്കുന്ന കാലുകൾക്കു വിശ്രമവും നൽകും. ഉറക്കക്കാരനായ ഒരു കുട്ടിക്ക് സ്ട്രോളർ ചക്രങ്ങളുള്ള ഒരു കിടക്ക പോലെയായിരിക്കും. നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു സ്ട്രോളറിന്റെ ചലനം ക്ഷീണിതനും ശുണ്ഠിക്കാരനുമായ ഒരു കുട്ടിയെ ആശ്വസിപ്പിക്കുകയും ശാന്തനാക്കുകയും ചെയ്യും.
സ്ട്രോളറുകൾക്ക് മാതാപിതാക്കളുടെ ജീവിതവും കൂടുതൽ ആയാസരഹിതമാക്കാൻ കഴിയും. ഒരു മാതാവിന്റെ അഭിപ്രായം ഇതാണ്: “കുട്ടിയെ എല്ലായിടത്തും എടുത്തുകൊണ്ടു പോകുന്നതിനെക്കാൾ എളുപ്പമാണത്.” ഒരു കുട്ടി ചെറുതായിരിക്കുമ്പോൾ അതിനെ എടുത്തുകൊണ്ടു നടക്കാൻ എളുപ്പമായിരിക്കാം. പക്ഷേ അവർക്കു രണ്ടോ മൂന്നോ ഇരട്ടി തൂക്കം കൂടിക്കഴിയുമ്പോൾ കഥമാറും. മാത്രവുമല്ല, മാതാപിതാക്കൾ, അവർക്കു നിയന്ത്രിക്കാവുന്ന സ്ട്രോളറിൽ കുഞ്ഞുങ്ങൾ സുരക്ഷിതരാണെന്നറിയുന്നതിൽ സന്തോഷിക്കുന്നു.
ഐക്യനാടുകളിൽ സ്ട്രോളറുകൾ സുരക്ഷിതമാക്കാൻ ശ്രദ്ധിക്കുന്നു. വേഗത്തിൽ മറിഞ്ഞുപോകാതിരിക്കാൻ അടിഭാഗം വിസ്താരം കൂടിയതും ഗുരുത്വകേന്ദ്രം തറയോടു ചേർന്നുള്ളതുമായിട്ടാണ് അവയുണ്ടാക്കുന്നത്. ബ്രേക്കുകൾ ഉറപ്പുള്ളതും സ്ട്രോളറിലിരിക്കുന്ന കുട്ടിക്കു വേർപെടുത്താൻ സാധിക്കാത്ത സ്ഥാനത്തും ആയിരിക്കണം. അപ്രതീക്ഷിതമായി സ്ട്രോളർ മടങ്ങിപ്പോകാതിരിക്കാൻ കൊളുത്തുകൾ പിടിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ വിരലുകൾ ഞെങ്ങിപ്പോകാൻ സാധ്യതയുള്ള സ്ഥലങ്ങളൊന്നും ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുന്നു. സീറ്റ്ബൽറ്റുകൾ കൂടുതൽ സുരക്ഷിതത്വം നൽകുന്നു.
സ്ട്രോളറുകൾക്ക് ഏതാണ്ട് 20 ഡോളർമുതൽ അതിന്റെ എട്ടോ പത്തോ ഇരട്ടിവരെ വിലവരാം. കൂടുതൽ സാധനങ്ങൾ കൊണ്ടുപോകാൻ സാധിക്കുന്ന ഒരു വലിയ സഞ്ചി, മൃദുവായ ഉൾഭാഗം, കാലാവസ്ഥയെ ചെറുത്തുനിൽക്കുന്ന ഉപരിഭാഗം പല ദിശകളിലേക്കു തിരിക്കാവുന്ന ചക്രങ്ങൾ, വേഗത്തിൽ മടക്കാവുന്ന ഭാരം കുറഞ്ഞ ഉടൽ എന്നിവയാണ് അത്യാഡംബരപൂർവം തയ്യാറാക്കിയിരിക്കുന്ന 300 ഡോളർ വിലവരുന്ന ഒരു സ്ട്രോളറിന്റെ സവിശേഷതകൾ. മന്ദമായി ഓടാൻ പോകുമ്പോൾ (ജോഗിംഗ്) അമ്മക്കോ അച്ഛനോ കുഞ്ഞിനെ ഇരുത്തി ഉരുട്ടിക്കൊണ്ടു പോകാൻ വേണ്ടി പ്രത്യേകം തയ്യാറാക്കപ്പെട്ടിരിക്കുന്ന “ജോഗറുടെ സ്ട്രോളർ” വിൽക്കുന്നത് ഏകദേശം 380 ഡോളർ വിലയ്ക്കാണ്.
ആഫ്രിക്കൻ രീത
ആഫ്രിക്കയിലും, ഏഷ്യയിലെ പല രാജ്യങ്ങളിലും മിക്ക അമ്മമാരും തങ്ങളുടെ അമ്മമാരും മുത്തശ്ശിമാരും ചെയ്തിരുന്നതുപോലെതന്നെ കുട്ടികളെ തങ്ങളുടെ പുറത്തേറ്റിയാണു കൊണ്ടുപോകുന്നത്. “ബേബി ബാക്കിങ്”—മിക്ക ആഫ്രിക്കക്കാരും അതിനെ അങ്ങനെയാണു വിളിക്കുന്നത്—ഏറ്റവും ചെലവു കുറഞ്ഞതും സൗകര്യപ്രദവുമായ രീതിയാണ്. റാപ്പർ എന്നു വിളിക്കപ്പെടുന്ന ചതുരാകൃതിയിൽ കട്ടിയുള്ള ഒരു തുണിക്കഷണമാണ് ആകെ ആവശ്യമുള്ള ഉപകരണം. ലളിതവും സുരക്ഷിതവുമായ ഒരു രീതിയിൽ അമ്മ തന്റെ ശരീരം വളച്ച് കുട്ടിയെ പുറത്തെടുത്തുവച്ചിട്ട് തുണികൊണ്ട് ഇരുവരെയും ചുറ്റിയശേഷം തുണി കെട്ടിവയ്ക്കുന്നു.
ഇങ്ങനെ കെട്ടുന്ന സമയത്തു കുട്ടികൾ എപ്പോഴെങ്കിലും താഴെ വീഴുമോ? അത് ഒരിക്കലും സംഭവിക്കുകയില്ലെന്നുതന്നെ പറയാം. ഒരു ശിശുവിനെ പുറത്തു കെട്ടിവയ്ക്കുന്ന സമയത്ത് ഒരു കൈകൊണ്ട് കെട്ടു ഭദ്രമാക്കുമ്പോൾ മറുകൈകൊണ്ട് അമ്മ കുഞ്ഞിനെ താങ്ങുന്നു. അല്പം മുതിർന്ന കുട്ടികളെപ്പറ്റി ഒരു നൈജീരിയൻ വനിതയായ ബ്ലെസിങ് ഇങ്ങനെ പറഞ്ഞു: “കുട്ടികൾ എതിർപ്പുകാട്ടാറില്ല; അവർ മുറുകെ പിടിച്ചിരിക്കും. തങ്ങളുടെ അമ്മയുടെ പുറത്തിരിക്കാൻ അവർ ഇഷ്ടപ്പെടുന്നു. ചിലപ്പോഴൊക്കെ അവിടെയിരിക്കാൻവേണ്ടി അവർ കരയാറുണ്ട്. അഥവാ പിടഞ്ഞാൽതന്നെ റാപ്പർ ശരിയായി കെട്ടിത്തീരുന്നതുവരെ അമ്മക്ക് അതിന്റെ ഒരു കൈയോ അല്ലെങ്കിൽ ഇരുകൈകളുമോ തന്റെ കക്ഷത്തിൽ അമർത്തി പിടിക്കാൻ കഴിയും.”
തീരെ ചെറിയ കുഞ്ഞുങ്ങളുടെ കഴുത്തുതാങ്ങുന്നതിന് അമ്മമാർ മറ്റൊരു ചെറിയകഷണം തുണികൂടി ഉപയോഗിക്കുന്നു. മുഖ്യ റാപ്പർ കെട്ടുന്നതുപോലെ തന്നെയാണ് ഇതും കെട്ടുന്നത്. ചെറിയ കുട്ടികളുടെയും ഉറങ്ങുന്ന കുട്ടികളുടെയും കൂടുതൽ സുരക്ഷിതത്വത്തിനുവേണ്ടി അവരുടെ കൈകൾ റാപ്പർകൊണ്ടു പൊതിയുന്നു. അല്പം മുതിർന്ന കുട്ടികൾക്ക് അവരുടെ കൈകൾ സ്വതന്ത്രമായി കിടക്കുന്നതാണിഷ്ടം.
ആഫ്രിക്കൻ അമ്മമാർ തങ്ങളുടെ കുട്ടികളെ എത്രകാലത്തേക്കു പുറത്തു വഹിച്ചുകൊണ്ടു നടക്കും? മുൻകാലങ്ങളിൽ നൈജീരിയയിലെ യൊരൂബാ പോലുള്ള ചില പ്രത്യേകവർഗക്കാർ മൂന്നു വയസ്സുവരെ കുട്ടികളെ ഇങ്ങനെ കൊണ്ടുനടക്കുമായിരുന്നു. എന്നാൽ ഇക്കാലത്ത് ഏതാണ്ടു രണ്ടുവയസ്സാകുന്നതുവരെ കുട്ടിക്ക് അമ്മയുടെ പുറത്തിരുന്നു സ്വതന്ത്രമായി യാത്രചെയ്യാം. അതിനുമുമ്പ് അതിന്റെ സ്ഥാനം തട്ടിയെടുക്കാൻ അമ്മ മറ്റൊരു കുഞ്ഞിനു ജന്മം നൽകിയില്ലെങ്കിൽ.
അമ്മയുടെ പുറത്തു സുഖപ്രദമായി കെട്ടിവയ്ക്കപ്പെട്ടനിലയിൽ കുഞ്ഞുങ്ങൾക്ക് അമ്മ പോകുന്നിടത്തെല്ലാം പോകാം—നടകൾ കയറിയിറങ്ങാം, നിരപ്പല്ലാത്ത പ്രദേശങ്ങളിൽകൂടി പോകാം, വാഹനങ്ങളിലും അല്ലാതെയും സഞ്ചരിക്കാം. ചെലവില്ലാത്ത ഒരു ശിശുവാഹനരീതി എന്നതിലപ്പുറം ബേബി ബാക്കിങ് മുഖേന ആശ്വസിപ്പിക്കൽ പോലെയുള്ള വൈകാരിക ആവശ്യങ്ങളും സാധിക്കുന്നു. കരയുന്ന ഒരു കുട്ടിയെ അമ്മയുടെ പുറത്തേക്കെടുത്തു വയ്ക്കുന്നു; കുട്ടി ഉറങ്ങാൻ തുടങ്ങുന്നു, അമ്മ തന്റെ ജോലി തുടരുന്നു.
മിക്ക കുട്ടികളും ഉറക്കം തടസ്സപ്പെടുന്നത് ഇഷ്ടപ്പെടാത്തതുകൊണ്ട് ഉറങ്ങുന്ന ഒരു കുട്ടിയെ അമ്മയുടെ പുറത്തുനിന്നു മാറ്റി കിടക്കയിലേക്കു കിടത്തുന്നതു വളരെ മെല്ലെയായിരിക്കണം. അതിനുവേണ്ടി അമ്മ ചരിഞ്ഞു കിടന്ന് മെല്ലെ റാപ്പർ അഴിക്കുന്നു. അപ്പോൾ അതുപയോഗിക്കുന്നത് ഒരു പുതപ്പായിട്ടാണ്. അമ്മയുടെ പുറത്തിന്റെ സുരക്ഷിതത്വം കുട്ടിക്കു തോന്നാൻവേണ്ടി കുട്ടിയുടെ മുമ്പിൽ തലയണ തടയായി വയ്ക്കും.
ബേബി ബാക്കിങിനു മറ്റു പ്രയോജനങ്ങളും ഉണ്ട്. തന്റെ കുട്ടിയുടെ ആവശ്യങ്ങൾ എപ്പോഴും അറിയാൻ അത് അമ്മയെ സഹായിക്കുന്നു. കുട്ടി ആലസ്യത്തിലായിരിക്കുകയോ അസ്വസ്ഥനായിരിക്കുകയോ, കുട്ടിക്കു പനിയുണ്ടായിരിക്കുകയോ മൂത്രമൊഴിക്കുകയോ ചെയ്താൽ അമ്മക്ക് ഉടനെതന്നെ അതു മനസ്സിലാകും. ബേബി ബാക്കിങിന് ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രയോജനങ്ങളുമുണ്ട്. വളർച്ചയും വികാസവും (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നതു ശ്രദ്ധിക്കൂ: “കുഞ്ഞിന്റെ ശൈശവത്തിൽ അമ്മയും കുഞ്ഞും തമ്മിലുള്ള ഉറ്റ ശാരീരിക അടുപ്പം അവർക്കിടയിൽ സുദൃഢവും സ്നേഹമസൃണവുമായ ഒരു ബന്ധം സൃഷ്ടിക്കുന്നു. ഇത് പിൽക്കാലവർഷങ്ങളിൽ വ്യക്തിബന്ധങ്ങൾക്കുള്ള അടിത്തറപാകുന്നു. അമ്മയോടു കൂടുതൽ ചേർന്നിരിക്കുന്ന ഒരു കുഞ്ഞിന് ഗർഭാശയത്തിലായിരുന്നപ്പോഴെന്നപോലെതന്നെ അമ്മയുടെ ഹൃദയമിടിപ്പിന്റെ താളം അനായാസം തിരിച്ചറിയാൻ കഴിയും എന്നതാണ് ഈ ബന്ധത്തിലെ ഒരടിസ്ഥാനഘടകം എന്നു കരുതപ്പെടുന്നു.”
ബേബി ബാക്കിങ് മൂലം ലഭിക്കുന്ന അടുത്ത സമ്പർക്കം ശിശുക്കൾ ഇഷ്ടപ്പെടുന്നു. ആഫ്രിക്കയിൽ, അമ്മമാരുടെ പുറത്ത് കൃതാർഥരായിരിക്കുന്ന കുഞ്ഞുങ്ങൾ ഒരു സാധാരണ കാഴ്ചയാണ്. ചിലർ സ്വസ്ഥമായി മയങ്ങുന്നു. മറ്റു ചിലർ അമ്മയുടെ മുടിയിലോ ചെവികളിലോ മാലയിലോ പിടിച്ചു കളിച്ചുകൊണ്ടിരിക്കുന്നു. ഇനിയും വേറേ ചിലർ സംതൃപ്തിനിറഞ്ഞ സ്വരങ്ങൾ കേൾപ്പിച്ചുകൊണ്ട് അമ്മ തന്റെ കാലടികളുടെ താളത്തിനൊപ്പിച്ചു മൂളുന്ന ഗാനത്തിൽ പങ്കുചേരുന്നു.
അതേ, ശിശുക്കളെ കൊണ്ടുപോകുന്നതിനുള്ള ആഫ്രിക്കൻരീതി പൊതുവേ വടക്കേ അമേരിക്കൻരീതിയിൽനിന്നു വളരെ വ്യത്യസ്തമാണ്. എന്നാൽ ഓരോന്നും അതാതിന്റെ സംസ്കാരത്തിനു ചേർന്നതും അതാതിന്റെ ഉദ്ദേശ്യം പൂർത്തീകരിക്കുന്നതുമാണ്.