മാലിയിൽ ആദ്യത്തേത്
പശ്ചിമാഫ്രിക്കയിലെ ഒരു രാജ്യമായ, അങ്ങിങ്ങായി ആളുകൾ അധിവസിക്കുന്ന മാലിയിൽ യഹോവയുടെ സാക്ഷികളുടെ ഒരു സഞ്ചാരമേൽവിചാരകനായി സേവനമനുഷ്ഠിക്കുകയാണ് എന്റെ ഭർത്താവ്. ആ രാജ്യത്തിന്റെ വടക്കൻ ഭാഗം സഹാറാ മരുഭൂമിയിൽപ്പെട്ടതാണ്. ശേഷിച്ച ഭാഗത്തിലധികവും നിമ്നോന്നതമായ പുൽപ്പുറങ്ങളാണ്. ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ എന്നീ മൂന്നു രാജ്യങ്ങൾ ചേരുന്നതിനെക്കാൾ വലുതാണു മാലി. ആ മൂന്നു രാജ്യങ്ങളിൽ 14 കോടി നിവാസികളുണ്ടെങ്കിലും, മാലിയിലെ ജനസംഖ്യ ഏതാണ്ട് ഒരു കോടിയോടടുത്തേ വരികയുള്ളൂ—അവരിൽ 150 പേർ യഹോവയുടെ സാക്ഷികളാണ്.
അയൽരാജ്യമായ സെനെഗളിലെ സിഗാൻഷോവർ എന്ന ഒരു കൊച്ചുപട്ടണത്തിലാണു ഞങ്ങളുടെ വീട്. 1994 നവംബറിൽ ഞങ്ങൾ അവിടെനിന്നു ഡാക്കറിലേക്കു പറന്നു, തുടർന്ന് മാലിയുടെ തലസ്ഥാനമായ ബാമാക്കോയിലേക്കും. അഞ്ചു ലക്ഷത്തിലധികം ആളുകൾ പാർക്കുന്ന ഒരു വലിയ നഗരമാണു ബാമാക്കോ. അവിടെനിന്നും സേയ്ഗൂ, സാൻ, പ്രാചീന നഗരമായ മോപ്റ്റി തുടങ്ങിയ കൊച്ചു നഗരങ്ങളിലേക്കുള്ള ഞങ്ങളുടെ യാത്ര ബുഷ് ടാക്സി, ബസ്, അല്ലെങ്കിൽ തീവണ്ടി എന്നിവയിലൊക്കെയായിരുന്നു. ആ സ്ഥലങ്ങളിൽ ഓരോന്നിലും, അവിടെയുള്ള ചുരുക്കം സാക്ഷികളുമൊത്തു ക്രിസ്തീയ ശുശ്രൂഷയിൽ പങ്കുപറ്റുന്നതിന് ഏതാണ്ട് ഒരാഴ്ചവീതം തങ്ങി.
ഡിസംബറിൽ ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിക്കുന്നതിനു ഞങ്ങൾ ബാമാക്കോയിലേക്കു മടങ്ങി. ആ കൺവെൻഷനിലെ അത്യുച്ച ഹാജർ 273 ആയിരുന്നു. പുതുതായി 14 പേർ സ്നാപനപ്പെടുന്നതു കണ്ടതിൽ ഞങ്ങൾ എത്ര സന്തോഷപുളകിതരായെന്നോ! കൺവെൻഷന്റെ പിറ്റേ ദിവസം ഞങ്ങൾ സിക്കാസോ എന്ന കൊച്ചുനഗരത്തിലേക്കു ബസിൽ യാത്രയായി. അവിടെ യഹോവയുടെ സാക്ഷികൾ മാലിയിൽ പണിത ആദ്യത്തെ രാജ്യഹാളിന്റെ സമർപ്പണം തുടർന്നുവന്ന വാരാന്തത്തിൽ നടത്താൻ ക്രമീകരിച്ചിരുന്നു.
ശരിക്കും ഒരു വെല്ലുവിളി
സിക്കാസോയിലെ സഭയിൽ 13 സാക്ഷികളുണ്ട്, അവരിൽ 5 പേർ പയനിയർമാർ അഥവാ മുഴുസമയ ശുശ്രൂഷകരാണ്. ഞങ്ങൾ തിങ്കളാഴ്ച അവിടെ എത്തിയപ്പോൾ സമർപ്പണത്തിനു വേണ്ടിയുള്ള അവരുടെ ആസൂത്രണങ്ങൾ അറിയാൻ ആകാംക്ഷാഭരിതരായി. അതിനു വേണ്ടി ക്രമീകരിക്കാൻ അവർ എന്റെ ഭർത്താവ് മൈക്കിനെയാണ് ആശ്രയിക്കുന്നതെന്നു ഞങ്ങളോടു പറഞ്ഞു! അതുകൊണ്ട് ഞങ്ങൾ സാധനങ്ങളെല്ലാം ബാഗിൽനിന്ന് എടുത്തുവെച്ചശേഷം ഉടൻതന്നെ രാജ്യഹാൾ കാണാൻ ഓടുകയായി. അതു കണ്ടപ്പോൾ, ഏതാനും സാക്ഷികൾ ചേർന്ന് അത്തരമൊരു കെട്ടിടം പണിയാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തോഷിച്ചു. എന്നാൽ, പിന്നെയും ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. കർട്ടനുകളുണ്ടായിരുന്നില്ല. പുറംഭാഗം പെയിൻറു ചെയ്തിരുന്നില്ല. “യഹോവയുടെ സാക്ഷികളുടെ രാജ്യഹാൾ” എന്ന ബോർഡും വെച്ചിട്ടുണ്ടായിരുന്നില്ല.
സമർപ്പണത്തിൽ സംബന്ധിക്കാനായി ഏതാനും ദിവസം കഴിയുമ്പോൾ ബാമാക്കോയിൽനിന്നു ചുരുങ്ങിയത് 50 സന്ദർശകരെങ്കിലും വരുമെന്നു ഞങ്ങൾ മനസ്സിലാക്കി. ആ പ്രദേശത്തുള്ള ആളുകളെയും ക്ഷണിച്ചിരുന്നു. ആ സഭയിൽ ഒരു മൂപ്പനേയുള്ളൂ, പേര് പയെർ സേഡിയോ. സമർപ്പണത്തിനു വേണ്ടി നിശ്ചയിച്ചിരുന്ന ദിവസമായ ശനിയാഴ്ചയ്ക്കു മുമ്പ് ഹാൾ പൂർത്തിയാക്കാൻ എങ്ങനെ ഉദ്ദേശിക്കുന്നു എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി കേൾക്കാൻ സ്നേഹിതർ കുറേക്കൂടി അടുത്തുവന്നു. “യഥാസമയംതന്നെ പൂർത്തിയാക്കാൻ യഹോവ നമ്മളെ സഹായിക്കുമെന്നു ഞാൻ വിചാരിക്കുന്നു,” എന്നദ്ദേഹം മറുപടി പറഞ്ഞു.
ചുരുങ്ങിയ സമയംകൊണ്ടു വളരെയധികം കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ടായിരുന്നു! കർട്ടനുകൾ നൽകി സഹായിക്കട്ടേയെന്നു ഞാൻ മടിച്ചുമടിച്ചു ചോദിച്ചു. അപ്പോൾ ആശ്വാസത്തിന്റെ വലിയ ഒരു പുഞ്ചിരി എനിക്കു ചുറ്റും നിന്നവരുടെ മുഖങ്ങളിൽ പ്രകടമായിരുന്നു. ഹാളിന്റെ മുമ്പിൽ വെക്കാൻ ഒരു ബോർഡുണ്ടാക്കണമെന്ന നിർദേശം മൈക്ക് മുന്നോട്ടു വെച്ചു. ഉടൻതന്നെ ഞങ്ങളെല്ലാവരും സംഭാഷണത്തിലേർപ്പെട്ടു. എല്ലാവരും വലിയ സന്തോഷത്തിമർപ്പിലായിരുന്നു. ഹാളിന്റെ അവസാന മിനുക്കുപണികൾ യഥാസമയംതന്നെ പൂർത്തിയാക്കുക എന്നതു ശരിക്കും ഒരു വെല്ലുവിളി തന്നെയായിരുന്നു!
തകൃതിയായ പ്രവർത്തനം
സാധനങ്ങൾ വാങ്ങാനായി ക്രിസ്തീയ സഹോദരിമാരായ ഞങ്ങൾ കമ്പോളത്തിലേക്കു പോയി. പിന്നെ കർട്ടനുകൾ ഉണ്ടാക്കാൻ ഒരു തയ്യൽക്കാരനെയും കണ്ടെത്തി. “പണി പൂർത്തിയാക്കാൻ നിങ്ങൾക്കു നാലു ദിവസമുണ്ട്,” ഞങ്ങൾ അയാളോടു പറഞ്ഞു. ഭംഗിയുള്ള എന്തെങ്കിലും ഉണ്ടാക്കി ഹാളിന്റെ മുൻഭാഗത്തു പിടിപ്പിക്കുന്നതിനു മാക്രാമി ചെടി തൂക്കിയിടാനുള്ള ഒരു ഉറിയുടെ നിർമാണം മൈക്ക് സ്വമേധയാ ഏറ്റെടുത്തു. അതുകൊണ്ട് ഇത്തവണ ആ അലങ്കാര ഡിസൈനു വേണ്ടിയുള്ള ചരടും ഒരു പൂച്ചട്ടിയും വാങ്ങുന്നതിനു ഞങ്ങൾ വീണ്ടും കമ്പോളത്തിലേക്കു പോയി.
ഒരാൾ രാജ്യഹാളിനു വേണ്ടിയുള്ള ബോർഡ് ഉണ്ടാക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തു. ഹാളിനകത്തും പുറത്തും തകൃതിയായ പ്രവർത്തനം നടന്നു. ഇവയെല്ലാം കാണാൻ വേണ്ടി ഒരു കൂട്ടം അയൽക്കാർ കൂടിവന്നു. വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു! 50 സന്ദർശകർക്കു ഞങ്ങൾ എങ്ങനെ ആഹാരം കൊടുക്കും? അവർ എവിടെ കിടന്നുറങ്ങും? എല്ലാ കാര്യങ്ങളും ഒരുക്കാൻ ഞങ്ങൾ ഒരാഴ്ച ഓടിനടന്നു, എന്നാൽ ഒരു കാര്യവും നന്നായി നടക്കാത്തതുപോലെ തോന്നി.
സമർപ്പണത്തിന്റെ തലേ ദിവസമായ വെള്ളിയാഴ്ച ഞങ്ങൾ നേരത്തെ ഉറക്കമുണർന്നു. ആഹ്ലാദത്തിമർപ്പുകൊണ്ട് അന്തരീക്ഷം നിറഞ്ഞുനിന്നിരുന്നു, കാരണം ബാമോക്കോയിൽനിന്നുള്ള സന്ദർശകർ വരാറായിരുന്നു. ഉച്ചയായപ്പോഴേക്കും രാജ്യഹാളിനു വേണ്ടിയുള്ള ബോർഡ് എത്തിച്ചേർന്നു. മൈക്ക് അതിന്റെ മൂടി നീക്കിയപ്പോൾ സഹോദരങ്ങൾ അഭിമാനത്തിന്റെ നെടുവീർപ്പുയിർത്തു. ആകാംക്ഷാഭരിതരായ കാഴ്ചക്കാർ പോലും വിലമതിപ്പുകൊണ്ടു നോക്കിനിന്നു. അതു ഹാളിന്റെ മുൻവശത്തു പിടിപ്പിച്ചുകാണാൻ ഞങ്ങൾ അക്ഷമരായി നോക്കിനിന്നു. അതൊരു സാധാരണ കെട്ടിടമല്ലെന്ന് അപ്പോൾ വ്യക്തമായി. അതു “യഹോവയുടെ സാക്ഷികളുടെ രാജ്യഹാൾ” ആയി മാറി.
അടുത്തുതന്നെയുണ്ടായിരുന്ന ഒരു പയനിയറുടെ വീട്ടിൽ പാചകം ചെയ്യുന്നതിൽ തിരക്കോടെ ഏർപ്പെട്ടിരിക്കുകയായിരുന്നു സഹോദരിമാർ. ഒരു വലിയ കറുത്ത പാത്രത്തിൽ ഭക്ഷണം തിളച്ചുമറിഞ്ഞുകൊണ്ടിരുന്നു. ഞങ്ങൾ പെയിന്റെടുക്കുന്ന തൊട്ടികളും ചൂലുകളും ഹാളിന്റെ ഒരു വശത്തുനിന്നും മാറ്റിയതേ ഉണ്ടായിരുന്നുള്ളൂ, അപ്പോഴേക്കും “ഇതാ, അവരെത്തി! ഇതാ, അവരെത്തി!” എന്ന് ഉച്ചത്തിൽ വിളിച്ചുപറയുന്നതു കേട്ടു. കൂട്ടുകാർ ഹാളിനുള്ളിൽനിന്നും മറ്റുള്ളവർ വീട്ടിനുള്ളിൽനിന്നും ഓടി പുറത്തേക്കു വന്നു. അതെല്ലാം കണ്ട അയൽക്കാർ അമ്പരന്നുനിന്നു. സഹോദരങ്ങൾ സന്തോഷംകൊണ്ടു നൃത്തം ചെയ്തു. കൂട്ടുകാർ ബസിൽനിന്നു പുറത്തിറങ്ങിയപ്പോൾ അവർക്ക് എന്തൊരു വരവേൽപ്പാണു ലഭിച്ചത്! ഒരു യഹോവയുടെ സാക്ഷിയായിരിക്കുന്നതിൽ എനിക്കു വളരെ അഭിമാനം തോന്നി!
ഞാൻ ചുറ്റുമുണ്ടായിരുന്ന സന്ദർശകരെ നോക്കി—അവർ പ്രാദേശിക വർഗക്കാരിൽനിന്നും ബുർക്കിനാ ഫാസോയിൽനിന്നും ടോഗോയിൽനിന്നുമുള്ള സാക്ഷികളായിരുന്നു. അമേരിക്കക്കാരും കാനഡക്കാരും ഫ്രഞ്ചുകാരും ജർമൻകാരുമൊക്കെ എത്തിയിരുന്നു. അന്നു രാത്രി ഞങ്ങൾ വലിയൊരു സദ്യതന്നെ നടത്തി. മുറ്റത്തു വെളിച്ചം കിട്ടാൻ ഞങ്ങൾ ഒരു വലിയ തീ കൂട്ടി. എനിക്കു വാസ്തവത്തിൽ ആ വിശേഷാവസരത്തിൽ ഒരു പങ്കുവഹിക്കാനുള്ള പദവി ലഭിച്ചതിൽ അഭിമാനം തോന്നി. ആ സായാഹ്നം അവസാനിക്കവേ, ഞങ്ങൾ മടിച്ചുമടിച്ച് ഞങ്ങളുടെ താമസസ്ഥലങ്ങളിലേക്കു പോകാൻ തുടങ്ങി.
ഒരു വീട്ടിൽ 20-ഓളം പേരെ താമസിപ്പിച്ചു. അതു ചിലരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടു പിടിച്ചതായിരുന്നു എന്ന് എനിക്കു പറയാൻ കഴിയും. വെളിയിലുള്ള കക്കൂസിൽ പോകാൻ ഫ്രഞ്ചുകാരിയായ ഒരു സന്ദർശകയെ ഒരു സഹോദരി സഹായിക്കുന്നതു ഞാൻ കണ്ടു. ആ സന്ദർശക സാക്ഷിയല്ലായിരുന്നെങ്കിലും മിഷനറിമാരിൽ ഒരാളുടെ ബന്ധുവായിരുന്നു. മടങ്ങിവരവേ, ആ ഫ്രഞ്ചുകാരി ഇങ്ങനെ പറഞ്ഞു: “നിങ്ങൾ വളരെ ദരിദ്രരാണെങ്കിലും, യഥാർഥത്തിൽ വളരെ സ്നേഹവും ദയയും ഉള്ളവരാണ്.” “അല്ല, അവർ ദരിദ്രരല്ല. യഹോവയുടെ ജനമെല്ലാം സമ്പന്നരാണ്!” എന്നു പറയണമെന്ന് എനിക്കു തോന്നിപ്പോയി. പലതരത്തിലുള്ള ആളുകളുടെ കൂട്ടം സമാധാനത്തിലും ഐക്യത്തിലും ജീവിക്കുന്നതു നിങ്ങൾക്കു മറ്റെവിടെയാണു കാണാൻ കഴിയുക?
ഹൃദയസ്പർശിയായ ഒരു സമർപ്പണം
രാത്രിക്കു ദൈർഘ്യം കുറവായിരുന്നു, സമർപ്പണദിവസം പെട്ടെന്നു വന്നെത്തി. രാജ്യഹാളിൽ വെച്ചുള്ള ഒരു വയൽസേവനയോഗത്തിനുശേഷം സാക്ഷികൾ പുറത്തുപോയി സമർപ്പണച്ചടങ്ങിനായി ആ പട്ടണത്തിലെ ആളുകളെ ക്ഷണിച്ചു. പുഷ്പങ്ങളും ചെടികളും ക്രമീകരിക്കാനുണ്ടായിരുന്നതിനാൽ ഞാൻ പോയില്ല. അവിടെയുള്ള സഹോദരിമാർ വൈകുന്നേരത്തേക്കുള്ള പാചകത്തിൽ തകൃതിയായി ഏർപ്പെട്ടിരിക്കുകയായിരുന്നു.
ഒടുവിൽ, നാലു മണിക്ക് സമർപ്പണത്തിനുള്ള സമയം ആഗതമായി. മൊത്തം 92 പേർ ഹാജരായിരുന്നെങ്കിലും ഹാൾ നിറഞ്ഞുകവിഞ്ഞില്ല. അടങ്ങിയിരിക്കാൻ കഴിയാത്തവിധം അത്രയ്ക്ക് ആഹ്ലാദത്തിമർപ്പിലായിരുന്നു ഞാൻ. സിക്കാസോയിലെ പ്രവർത്തനത്തിന്റെ ചരിത്രം പയെർ സെയ്ഡിയോ വിവരിച്ചു. അദ്ദേഹത്തെ ഇവിടേക്കു നിയമിച്ചപ്പോൾ അദ്ദേഹവും ഭാര്യയും അവരുടെ രണ്ടു കുട്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജീവിതം വളരെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു, എന്നാൽ തക്കസമയത്തു യഹോവ അവരുടെ സേവനത്തെ അനുഗ്രഹിച്ചു. സിക്കാസോയിൽ ആദ്യമായി യഹോവയുടെ സാക്ഷിയായിത്തീർന്ന വ്യക്തി ഇപ്പോൾ ഒരു പ്രത്യേക പയനിയറാണ്. അതിനുശേഷം, ആ ചുരുക്കം സാക്ഷികൾക്ക് ആ ഹാൾ എങ്ങനെ പണിയാൻ കഴിഞ്ഞുവെന്ന് അദ്ദേഹം വിശദീകരിച്ചു. അവർ ഒരു കല്ലാശാരിയെ കൂലിക്കു നിർത്തി, എല്ലാ ഞായറാഴ്ചയും സഭയിലുള്ള എല്ലാവരും കെട്ടിടത്തിന്റെ പണിയിൽ മുഴു ദിവസവും ഏർപ്പെട്ടു.
അതിനുശേഷം ഹാളിന്റെ പണിയിൽ ഏർപ്പെട്ട സാക്ഷികളുമായി മൈക്ക് അഭിമുഖം നടത്തി. ഈ ദിവസം എന്നെങ്കിലും വരുമെന്നു വിചാരിച്ചിരുന്നോ എന്നും രാജ്യഹാൾ നിറയെ ആളുകളെ കാണുമ്പോൾ എന്തു തോന്നുന്നുവെന്നും അദ്ദേഹം അവരിൽ ഓരോരുത്തരോടും ചോദിച്ചു. മിക്കവരുടെയും വാക്കുകൾ തൊണ്ടയിൽ തടഞ്ഞുപോയതുകൊണ്ട് തങ്ങളുടെ അഭിപ്രായങ്ങൾ പൂർത്തിയാക്കാൻ അവർക്കു കഴിഞ്ഞില്ല. സന്നിഹിതരായിരുന്ന എല്ലാ സാക്ഷികളുടെയും കണ്ണുകൾ നിറഞ്ഞുപോയി.
പിന്നീട് സമർപ്പണ പ്രസംഗമായിരുന്നു. അതു നടത്തിയതു സെനെഗളിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിൽനിന്നുള്ള റ്റെഡ് പെട്രസ് ആയിരുന്നു. സമർപ്പണ പ്രാർഥന നടത്തിക്കഴിഞ്ഞപ്പോൾ സഹോദരങ്ങൾ ദീർഘനേരം കയ്യടിച്ചുകൊണ്ടിരുന്നു. അതിനുശേഷം ഹാളിന്റെ നിർമാണത്തിൽ സഹായിച്ച എല്ലാവരെയും മുന്നോട്ടു വരാനായി മൈക്ക് ക്ഷണിച്ചു. പ്രകാശം സ്ഫുരിക്കുന്ന കവിളുകളിലൂടെ സന്തോഷാശ്രുക്കൾ ഒഴുകുന്ന മുഖത്തോടെ അവരവിടെ നിന്നു. സമാപന ഗീതം പാടിക്കൊണ്ടിരുന്നപ്പോൾ എനിക്കു വളരെ സന്തോഷം തോന്നി. ഒരു മിഷനറിയായിരിക്കുന്നത് അപൂർവമായ അനുഭവങ്ങളിൽ പങ്കുപറ്റാൻ എന്നെ സഹായിക്കുന്നു. ഞങ്ങൾ സ്വന്തരാജ്യമായ ഐക്യനാടുകളിൽതന്നെ കഴിഞ്ഞിരുന്നെങ്കിൽ അത്തരം പല അനുഭവങ്ങളും ഞങ്ങൾക്കു ലഭിക്കാതെ പോകുമായിരുന്നു.
കൂടുതലായ ഊഷ്മള സഹവാസം
സമർപ്പണത്തിനുശേഷം ലഘുഭക്ഷണങ്ങൾ വിളമ്പി. തണ്ണിമത്തങ്ങ നിറച്ച വലിയ പാത്രങ്ങൾ തലയിലേന്തി സഹോദരിമാർ ഒന്നിനു പുറകെ ഒന്നായി രംഗത്തു വന്നു. അവരുടെ പിന്നാലെ രണ്ടു സഹോദരന്മാർ ഉണ്ടായിരുന്നു. ആ അവസരത്തിനു വേണ്ടി തലയിൽ പാചകക്കാരന്റെ തൊപ്പി ധരിച്ചിരുന്ന അവരുടെ കയ്യിൽ കേക്കുകൾ വച്ചിരുന്ന പ്ലേറ്റുകൾ ഉണ്ടായിരുന്നു. പരന്ന കേക്കുകൾ ഓറഞ്ചിന്റെയും നാരങ്ങയുടെയും കഷണങ്ങൾകൊണ്ട് അലങ്കരിച്ചിരുന്നു. ആകപ്പാടെ ഒരു ഉത്സവപ്രതീതിയായിരുന്നു.
ലഘുഭക്ഷണത്തിനുശേഷം സന്ദർശകർ സ്ഥലംവിട്ടു. അപ്പോൾ, സായാഹ്നഭക്ഷണത്തിനായി സാക്ഷികൾ അടുത്തുള്ള ഒരു വീട്ടിലേക്കു പുറപ്പെട്ടു. പൗർണമി നിലാവിൽ ഞങ്ങളെല്ലാവരും വെളിയിലിരുന്നു, മുറ്റത്തു വെളിച്ചം വിതറിക്കൊണ്ട് ഒരു തീക്കുണ്ഡം ആളിക്കത്തിക്കൊണ്ടിരുന്നു. ഞാൻ വളരെ സന്തോഷവതിയും ആ ദിവസത്തെ പണികൾ നിമിത്തം വല്ലാതെ ക്ഷീണിച്ചവളുമായിരുന്നു. അതുകൊണ്ട് ആഹാരം മുഴുവൻ കഴിച്ചുതീർക്കാൻ എനിക്കു കഴിഞ്ഞില്ല. പകുതി തിന്ന ഒരു കോഴിക്കാല് ഞാൻ ഒരു കൊച്ചു പെൺകുട്ടിക്കു കൊടുത്തു. ആ പ്രദേശത്തെ പയനിയർമാർ ഞങ്ങളുടെ പ്ലേറ്റുകളിലേക്കു നോക്കിനിന്നു. എന്തെങ്കിലും മിച്ചം വന്നാൽ അവർ അതു തീർക്കുമായിരുന്നു. അവിടെ ആഹാരസാധനങ്ങൾ മിച്ചം വരാറില്ല. ഞങ്ങൾ ഐക്യനാടുകളിൽവെച്ചു ചീത്ത ശീലങ്ങൾ കൈമുതലാക്കിയിരുന്നു.
ഞങ്ങളുടെ സായാഹ്നപരിപാടി സമാപിക്കാറായപ്പോൾ, രാവിലെ 9:15-നുള്ള ബസിൽ പോകാമെന്നു ബാമാക്കോയിൽനിന്നു വന്നവരെ ഒരു സഹോദരൻ ഓർമിപ്പിച്ചു. അടുത്ത ദിവസം രാവിലെ ബസ് വരാൻ കാത്ത് സഹോദരങ്ങളെല്ലാം മുറ്റത്തിരിക്കുകയായിരുന്നു. അപ്പോൾ, ഞങ്ങൾ അവസാനമായി “യഹോവെ, നിനക്കു ഞങ്ങൾ നന്ദിപറയുന്നു” എന്ന ഗീതം പാടി. കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. ഞങ്ങൾ പാടിത്തീർന്നതേ ഉണ്ടായിരുന്നുള്ളൂ, അപ്പോഴേക്കും ബസ് വരുന്നതു ദൃഷ്ടിയിൽപ്പെട്ടു. സഹോദരീസഹോദരന്മാർ എല്ലാവരും പരസ്പരം ആലിംഗനം ചെയ്തു.
ബസ് സാവധാനം മുന്നോട്ടു പോകവേ ഞങ്ങൾ കൈ വീശിക്കൊണ്ട് അവിടെത്തന്നെ നിന്നു. ബസ് കാഴ്ചയിൽനിന്നു മറയുന്നതുവരെ എല്ലാവരും കൈ വീശിക്കൊണ്ടിരുന്നു. അതു കഴിഞ്ഞപ്പോൾ അവിടെ ശേഷിച്ചിരുന്ന ഞങ്ങൾ പരസ്പരം നോക്കി. അത് വളരെ നല്ല ഒരു സമർപ്പണമായിരുന്നു, വളരെ നല്ല ഒരു വാരവും.—സംഭാവന ചെയ്യപ്പെട്ടത്.
[15-ാം പേജിലെ ചിത്രം]
മാലിയിൽ യഹോവയുടെ സാക്ഷികൾ പണിത ആദ്യത്തെ രാജ്യഹാൾ
[16-ാം പേജിലെ ചിത്രം]
ഈ സന്തുഷ്ട കൂട്ടമാണ് ബസിൽ എത്തിയത്