യുവജനങ്ങൾ ചോദിക്കുന്നു. . .
ഞാൻ റോക്ക് സംഗീതക്കച്ചേരികളിൽ സംബന്ധിക്കണമോ?
വളരെ പ്രസിദ്ധമായ ഒരു ഗായകസംഘം നിങ്ങളുടെ പ്രദേശത്തു വരുന്നുണ്ട്. ടിക്കറ്റുകൾ ചൂടപ്പംപോലെ വിറ്റഴിയുകയാണ്, അതുകൊണ്ട് നിങ്ങൾ ഇപ്പോൾതന്നെ തീരുമാനിച്ചേ പറ്റൂ. നിങ്ങൾ അതിൽ സംബന്ധിക്കുമോ?
അനുയോജ്യമായ ഒരു പശ്ചാത്തലത്തിലുള്ള ആരോഗ്യാവഹമായ സംഗീതം നല്ലതുതന്നെയാണ്. എന്തൊക്കെയാണെങ്കിലും, സംഗീതം ആസ്വദിക്കാനുള്ള പ്രാപ്തിയോടെയാണല്ലോ യഹോവയാം ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. മാത്രമല്ല പല തരത്തിലുള്ള സംഗീതം അവനു സ്വീകാര്യമാണുതാനും.
സാധാരണ ഇന്നത്തെ യുവജനങ്ങളുടെ ഇടയിൽ പ്രിയങ്കരം പല രൂപത്തിലുള്ള റോക്ക് സംഗീതമാണ്. നേരിട്ട് അവതരിപ്പിച്ചുകാണുമ്പോൾ അതു പലരും വളരെയധികം ആസ്വദിക്കുന്നു. എന്നിരുന്നാലും, ദൈവഭയമുള്ള യുവജനങ്ങളെ സംബന്ധിച്ചിടത്തോളം റോക്ക് സംഗീതക്കച്ചേരികളിലെ അനാവശ്യമായ അക്രമവും അനിയന്ത്രിതമായ പെരുമാറ്റവും സംബന്ധിച്ച റിപ്പോർട്ടുകളും മറ്റും ഗൗരവാവഹമായ ചോദ്യങ്ങൾ ഉയർത്തിവിടുന്നു. വാസ്തവത്തിൽ, റോക്ക് സംഗീതക്കച്ചേരികളിൽ എന്താണ് അരങ്ങേറുന്നത്? അതിലൊന്നിൽ സംബന്ധിക്കുന്നതു നല്ലതായിരിക്കുമോ?
സംഗീതത്തെ പരിശോധിക്കൽ
നമുക്ക് ആദ്യംതന്നെ സംഗീതത്തെ ഒന്നു പരിശോധിച്ചുനോക്കാം. പല തരത്തിലുള്ള വികാരങ്ങൾ പ്രകടിപ്പിക്കാൻ, അല്ലെങ്കിൽ അവയെ ഉണർത്താൻ, സംഗീതത്തിനു സാധിക്കും. ബൈബിൾകാലങ്ങളിൽ ദൈവജനം ദൈവത്തോടുള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാൻ സംഗീതത്തെ ഉപയോഗിച്ചിരുന്നു. (സങ്കീർത്തനം 149:3; 150:4) സന്തോഷം, ആഹ്ലാദത്തിമർപ്പ്, ദുഃഖം എന്നിവ പ്രകടിപ്പിക്കാനും സംഗീതം ഉപയോഗിച്ചിരുന്നു. (ഉല്പത്തി 31:27; ന്യായാധിപന്മാർ 11:34; 1 ശമൂവേൽ 18:6, 7; മത്തായി 9:23, 24) എന്നിരുന്നാലും ദുഃഖകരമെന്നേ പറയേണ്ടൂ, ബൈബിൾകാലങ്ങളിൽ പോലും സംഗീതം എപ്പോഴും ആരോഗ്യപ്രദമായിരുന്നില്ല. ഇസ്രായേൽ ജനത സീനായ് പർവതത്തിങ്കൽ പാളയമടിച്ചപ്പോൾ ചില ഇസ്രായേല്യർ പാപം ചെയ്യാൻ പ്രേരിപ്പിക്കപ്പെട്ടതിൽ വന്യവും ഭോഗാസക്തി ഉളവാക്കുന്നതുമായ സംഗീതം ഒരു പങ്കു വഹിച്ചിരിക്കാം.—പുറപ്പാടു 32:1-6, 17, 18, 25.
അതുപോലെ റോക്ക് സംഗീതത്തിലധികവും മോശമായ കാര്യങ്ങളെ—ലൈംഗിക അധാർമികത, മയക്കുമരുന്നുകൾ, മത്സരം, ആത്മവിദ്യ തുടങ്ങിയ കാര്യങ്ങളെ—പ്രോത്സാഹിപ്പിക്കുന്നു എന്നതു സത്യമാണ്. അതിന്റെ അർഥം സംഗീതം കേൾക്കുകയില്ലെന്നു നിങ്ങൾ പ്രതിജ്ഞയെടുക്കണമെന്നല്ല. പിന്നെയോ ‘കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊള്ളുക’ എന്നു ബൈബിൾ ക്രിസ്ത്യാനികളോടു പറയുന്നു. (എഫെസ്യർ 5:9) അതുകൊണ്ട് സംഗീതത്തിന്റെ കാര്യത്തിൽ, നിങ്ങൾ തിരഞ്ഞെടുപ്പുമനോഭാവവും വിവേചനയും ഉള്ളവരായിരിക്കണം.a
സംഗീതം സംബന്ധിച്ച തിരഞ്ഞെടുപ്പ് നിങ്ങളെ എങ്ങനെയാണു ബാധിക്കുന്നത്? അതു നിങ്ങൾക്കു സന്തോഷവും ശാന്തിയും സമാധാനവും തോന്നാൻ സഹായിക്കുന്നുവോ? അതോ അതു നിങ്ങളെ കോപിഷ്ഠനോ മത്സരിയോ വിഷാദമഗ്നനോ ആക്കുന്നുവോ? ഒരുതരം റോക്ക് സംഗീതമായ ഹെവി മെറ്റലിന്റെ ആരാധകനായിരുന്ന നാളുകളെക്കുറിച്ചു ഡെൻമാർക്കിലെ ഒരു ക്രിസ്ത്യാനി ഓർമിക്കുന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു: “ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഞാനതു ശ്രദ്ധിക്കുമായിരുന്നു. ഞാനൊരു പിശകു വരുത്തിയാൽ ഒരുതരം ഭ്രാന്തു പിടിച്ച് ഉഗ്രമായ കോപത്തിൽ ഞാൻ പണിതുകൊണ്ടിരുന്ന സാധനം വലിച്ചെറിയുമായിരുന്നു!” മറ്റൊരു യുവാവ് സമ്മതിച്ചു പറയുന്നത് ഇങ്ങനെയാണ്: “ലൈംഗികതയെയും ലൗകിക ജീവിതരീതിയെയും പ്രകീർത്തിച്ച വളരെയധികം റാപ്പ്, ഹെവി മെറ്റൽ സംഗീതം ഞാൻ ശ്രവിക്കുകയുണ്ടായി. സംഗീതംകൊണ്ടു ഞാൻ എന്റെ മനസ്സിനെ നിറച്ചു. അവർ പാടിയ കാര്യങ്ങൾക്കു വേണ്ടിയുള്ള തൃഷ്ണയായിരുന്നു ഫലം.” കേവലമൊരു റെക്കോർഡിങ്ങിന് അത്തരമൊരു ഫലമുണ്ടായിരിക്കാൻ കഴിയുമെങ്കിൽ, അത് അവതരിപ്പിച്ചുകാണുന്നതിൽ എത്രമാത്രം ശക്തിയുണ്ടെന്ന് ഒന്നാലോചിച്ചു നോക്കൂ!
ഇക്കാര്യവും പരിചിന്തിക്കുക: ആ സംഗീതം എത്ര ഉച്ചത്തിലുള്ളതായിരിക്കും? ഇക്കാര്യത്തിൽ ആളുകൾക്കു വ്യത്യസ്തമായ അഭിരുചികളാണുള്ളത് എന്നു സമ്മതിക്കുന്നു. സാമാന്യം ഉച്ചത്തിലുള്ള സംഗീതം കേൾക്കുന്നതിനെതിരെ ബൈബിൾ വിലക്കു കൽപ്പിക്കുന്നില്ല. എന്തിന്, ശലോമോന്റെ ആലയത്തിന്റെ സമർപ്പണസമയത്ത് കാഹളമൂത്തുകാരുടെ മാത്രം എണ്ണം 120 ആയിരുന്നത്രേ! (2 ദിനവൃത്താന്തം 5:12) അതു മതിപ്പുളവാക്കുംവിധം ഉച്ചത്തിലുള്ളതായിരുന്നിരിക്കണം! എന്നിരുന്നാലും, ദൈവത്തിനു നൽകുന്ന ഉച്ചത്തിലുള്ള സ്തുതിഘോഷവും കർണകഠോരമായ റോക്ക് സംഗീതവും തമ്മിൽ അജഗജാന്തരമുണ്ട്. അത്യുച്ചത്തിലുള്ള റോക്ക് സംഗീതം ആൾക്കൂട്ടത്തിൽ വന്യമായ ഒരു ഉന്മാദം ഉണർത്തിവിടാനാണ് ഉപകരിക്കുന്നത്. എന്നാൽ, ബൈബിൾ “മദിരോത്സവ”ങ്ങളെ അഥവാ “വന്യമായ മേളക”ളെ കുറ്റംവിധിക്കുന്നു. (ഗലാത്യർ 5:21; ബയിങ്ടൺ) നിങ്ങളുടെ ശരീരത്തോട് ആദരവുണ്ടെങ്കിൽ, കേൾവിശക്തിയെ അപകടപ്പെടുത്താവുന്ന അത്രയും ഉച്ചത്തിലുള്ള ഒരളവിൽ സംഗീതം ശ്രവിക്കുന്നതു നിങ്ങൾ തള്ളിക്കളയും.—റോമർ 12:1.
പരിഗണനയിലെടുക്കേണ്ട മറ്റൊരു ഘടകം ഇയ്യോബ് 12:11-ൽ നൽകിയിരിക്കുന്നു. അവിടെ ബൈബിൾ ഇങ്ങനെ ചോദിക്കുന്നു: “ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ? അണ്ണാക്കു ഭക്ഷണം രുചിനോക്കുന്നില്ലയോ?” അതിനോടുള്ള ചേർച്ചയിൽ നിങ്ങൾ ഗാനത്തിന്റെ വരികൾ ‘പരിശോധിച്ചുനോക്കണം!’ ഒരു ക്രിസ്തീയ യുവാവ് ഇപ്രകാരം സമ്മതിച്ചുപറയുന്നു: “ഇഷ്ടപ്പെട്ട ചില ഗാനങ്ങളുടെ വരികൾ ഞാൻ ശ്രവിക്കാൻ തുടങ്ങി. എന്നാൽ അവ ഒരു ക്രിസ്ത്യാനിക്കു കേൾക്കാൻ കൊള്ളുന്നതായിരുന്നില്ല, അതെന്നെ അമ്പരപ്പിച്ചുകളഞ്ഞു. ആ സംഗീതം ഒഴിവാക്കേണ്ടത് ആവശ്യമാണെന്നു ഞാൻ കണ്ടെത്തി.” (1 കൊരിന്ത്യർ 14:20; എഫെസ്യർ 5:3, 4) സംഗീതം അവതരിപ്പിക്കുന്ന പലരും സംഗീതക്കച്ചേരികളെ ഉപയോഗിക്കുന്നത് തങ്ങളുടെ ഏറ്റവും പുതിയ റിലീസുകൾക്കു പ്രചാരം കിട്ടാൻ വേണ്ടിയാണെന്ന മുന്നറിയിപ്പു മനസ്സിൽ പിടിക്കുക—ഒരുപക്ഷേ അവരുടെതന്നെ പഴയ, കുറേക്കൂടെ ആരോഗ്യാവഹമായ സംഗീതത്തിൽനിന്നു വളരെയധികം വിഭിന്നമായിരിക്കാം പുതിയത്.
മാത്രമല്ല, നിങ്ങൾ തിരഞ്ഞെടുക്കുന്ന സംഗീതത്തിൽ പല തരത്തിലുള്ള ഹെവി-മെറ്റൽ സംഗീതത്തിലും പ്രത്യേകിച്ചും പ്രമുഖമായിട്ടുള്ള ഭൂതസംബന്ധമായ ധ്വനികൾ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഭൂതസംബന്ധമായ മുദ്രകൾകൊണ്ടും സാത്താന്യ ഉപാധികൾകൊണ്ടും തങ്ങളെത്തന്നെയും തങ്ങളുടെ ആൽബത്തെയും അലങ്കരിക്കുന്നതിൽ കുപ്രസിദ്ധരാണ് ഹെവി-മെറ്റൽ ഗായകസംഘങ്ങൾ. (യാക്കോബ് 3:15) അത്തരത്തിലുള്ള ഒരു ഗായകസംഘം നടത്തുന്ന സംഗീതക്കച്ചേരിയിൽ സംബന്ധിക്കുന്നത്, “പിശാചിനോടു എതിർത്തുനില്പിൻ” എന്നു നമ്മോടു കൽപ്പിക്കുന്ന ദൈവത്തിന് ഒട്ടും പ്രസാദകരമായിരിക്കില്ല!—യാക്കോബ് 4:7.
നിയന്ത്രണാതീതം
സംഗീതക്കച്ചേരിയിൽതന്നെ എന്തു സംഭവിച്ചേക്കാം? താരതമ്യേന നിരുപദ്രവകരമായ ഗാനങ്ങൾ പാടുന്നുവെന്നു തങ്ങൾ വിചാരിച്ച ഒരു ഗായകസംഘത്തിന്റെ പരിപാടിയിൽ സംബന്ധിക്കാൻ കൗമാരപ്രായക്കാരിയായ സ്റ്റേയ്സിയും കൂട്ടരും പോയി. എന്നാൽ കച്ചേരി പകുതിയായപ്പോൾ ഗായകസംഘത്തിന്റെ മുഖ്യ ഗായകൻ ഒരു ആത്മവിദ്യാചടങ്ങു നടത്തുകയും ആത്മലോകവുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതിൽ ചേരാൻ സദസ്യരെ ക്ഷണിക്കുകയും ചെയ്തു! അതു കേവലം ഒരു വിദ്യ മാത്രമായിരുന്നോ? ഒരുപക്ഷേ ആയിരുന്നിരിക്കാം. എല്ലാത്തരത്തിലുള്ള ആത്മവിദ്യയെയും ബൈബിൾ കുറ്റംവിധിക്കുന്നതുകൊണ്ട് സ്റ്റേയ്സിയും കൂട്ടരും അവിടെനിന്ന് ഇറങ്ങിപ്പോരാൻ നിർബന്ധിതരായി.—ലേവ്യപുസ്തകം 19:31; ആവർത്തനപുസ്തകം 18:10-13; വെളിപ്പാടു 22:15.
മറ്റു യുവാക്കൾക്കും സമാനമായി ഞെട്ടിക്കുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കാരണം, റോക്ക് സംഗീതക്കച്ചേരികളിൽ പ്രത്യക്ഷമായ ആത്മവിദ്യ താരതമ്യേന അപൂർവമാണെങ്കിലും, നിയന്ത്രണാതീതമായ പെരുമാറ്റം സാധാരണമാണ്. ഒരു സംഗീതക്കച്ചേരിയിൽ ഗായകസംഘം, 60 പേർക്കു പരിക്കേൽക്കുന്നതിലും 2,00,000 ഡോളറിന്റെ നാശനഷ്ടം ഉണ്ടാകുന്നതിലും കലാശിച്ച ഒരു ലഹളയ്ക്കു കളമൊരുക്കി! ഇനിയും മറ്റൊരു സംഗീതക്കച്ചേരിയിൽ മൂന്നു യുവാക്കൾ ഞെരിഞ്ഞമർന്നു കൊല്ലപ്പെട്ടു. മിക്ക റോക്ക് സംഗീതക്കച്ചേരികളും ലഹളയിലോ അപകടങ്ങളിലോ മരണങ്ങളിലോ കലാശിക്കുന്നില്ല എന്നതു സത്യംതന്നെ. എന്നാൽ ജാഗ്രത പുലർത്തേണ്ട സ്പഷ്ടമായ ആവശ്യമുണ്ട്. സദൃശവാക്യങ്ങൾ 22:3 ഇപ്രകാരം പറയുന്നു: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.”
അതുകൊണ്ട് ഒരു സംഗീതക്കച്ചേരിക്കു പോകുന്നതിനെക്കുറിച്ചു നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ വസ്തുതകൾ ശേഖരിക്കുക. അനിയന്ത്രിതമായ പെരുമാറ്റം ഇളക്കിവിടുന്നു എന്ന പേര് ആ ഗായകസംഘത്തിനുണ്ടോ? ഏതു തരത്തിലുള്ള സദസ്സിനെ ആയിരിക്കും ഗായകസംഘം ആകർഷിക്കുക? (1 കൊരിന്ത്യർ 15:33) മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം എത്രത്തോളമുണ്ട്? കച്ചേരി നടക്കുന്ന ഹാൾതന്നെ എങ്ങനെയുള്ളതാണ്? മുമ്പ് അവിടെ സുരക്ഷിതത്വ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ? ഇരിപ്പിട ക്രമീകരണങ്ങൾ എങ്ങനെയുള്ളതായിരിക്കും? ആർക്കും എവിടെയും ഇരിക്കാമെന്നുള്ളപ്പോൾ ആർക്കെങ്കിലും പരിക്കു പറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്.
റോക്ക് സംഗീതക്കച്ചേരികളിൽ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ദുരുപയോഗം വ്യാപകമാണ്. ഒരു പരമ്പരാഗത റോക്ക് ഗായകസംഘം നടത്തിയ സംഗീതക്കച്ചേരിയിൽ ചെറുപ്പകാലത്തു സംബന്ധിച്ച, ഇപ്പോൾ അതിലുള്ള താത്പര്യം നഷ്ടപ്പെട്ടുപോയ, ഒരു ക്രിസ്ത്യാനി ഇങ്ങനെ പറഞ്ഞു: “ആളുകൾ വരുന്നതു സംഗീതം ശ്രവിക്കാനല്ല. കുടിച്ചു മത്തരാകാനാണ് അവർ വരുന്നത്.” അത് തന്റെ അവസാനത്തെ റോക്ക് സംഗീതക്കച്ചേരിയായിരിക്കുമെന്ന് അദ്ദേഹം ഉറച്ചു. ഒരു കൗമാരപ്രായക്കാരി സമാനമായി ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ഒരു ‘അഭിവർധക’ ഗായകസംഘം നടത്തിയ കച്ചേരിക്കു പോയതു ഞാനോർക്കുന്നു. ഓ, അതു ഭയങ്കരമായിരുന്നു! ആളുകൾ മാരിജ്വാന വലിക്കുന്നുണ്ടായിരുന്നു. ഭാഷയോ ഭയങ്കരമായിരുന്നു, വസ്ത്രം ധരിച്ചിരുന്ന രീതി നോക്കിയാൽ പലരും സാത്താന്റെ ആരാധകരെപ്പോലെ തോന്നിച്ചു.” മയക്കുമരുന്നും മദ്യവും ശക്തമായി വിലക്കിയിരിക്കുന്നിടത്തുപോലും, സദസ്സിലുള്ള പലരും പൂസായശേഷം വരുക അസാധാരണമല്ല. സാധ്യതയനുസരിച്ച് അത്തരമൊരു കാര്യത്തിൽ സംബന്ധിക്കുന്നത്, “ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോ”ടെ ജീവിക്കാനുള്ള ബൈബിളിന്റെ കൽപ്പനയ്ക്കു ചേർച്ചയിൽ ആയിരിക്കുമോ?—തീത്തൊസ് 2:13.
ചുറ്റുപാടിന്റെ സ്വാധീനം
എന്നിരുന്നാലും, അനാവശ്യമായ അക്രമത്തിൽ നിങ്ങൾ ചേരാത്തിടത്തോളംകാലം നിങ്ങൾക്കു ചുറ്റുമുള്ളവർ എങ്ങനെ പെരുമാറുന്നു എന്നതു സംബന്ധിച്ചു നിങ്ങൾ ഉത്കണ്ഠപ്പെടേണ്ടതില്ല എന്ന് ഒരുപക്ഷേ നിങ്ങൾ വിചാരിക്കുന്നുണ്ടാവും. എന്നാൽ, നിങ്ങളുടെ ചുറ്റുപാടുകൾ നിങ്ങളെ തീർച്ചയായും ബാധിക്കും. “അനുസരണക്കേടിന്റെ പുത്രന്മാരിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്റെ, വായുവിന്റെ അധികാര”ത്തെക്കുറിച്ച് എഫേസ്യർ 2:2-ൽ [NW] ബൈബിൾ പറയുന്നു. ഈ ലോകത്തിന് ‘ആത്മാവ്’ അഥവാ സ്വാധീനം ചെലുത്തുന്നതരം മനോഭാവം ഉള്ളതായി ശ്രദ്ധിക്കുക. വായു വ്യാപകമായിരിക്കുന്നതുപോലെതന്നെ അത് എല്ലായിടത്തുമുണ്ട്. നിങ്ങൾ നിങ്ങളെത്തന്നെ ഏൽപ്പിച്ചുകൊടുക്കുന്നുവെങ്കിൽ, ഈ ആത്മാവിന് അഥവാ മനോഭാവത്തിന്, ‘അധികാരം’ അതായത് നിങ്ങളുടെ ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റത്തെയും മാറ്റിമറിക്കാനുള്ള ശക്തി, ഉണ്ടെന്നു ശ്രദ്ധിക്കുക! വളരെ സ്വാധീനശക്തിയുള്ള ഈ വായു ശ്വസിച്ചിട്ട് അതിനാൽ ബാധിക്കപ്പെടാതിരിക്കാൻ നിങ്ങൾക്കാവില്ല.
മിക്ക സന്ദർഭങ്ങളിലും റോക്ക് സംഗീതക്കച്ചേരികൾ വലിയ അളവിൽ ലോകത്തിന്റെ ആത്മാവിലേക്കു നയിക്കുന്ന വാതായനങ്ങളാണ്. സാധാരണമായി നിലനിന്നുകാണാറുള്ള റൗഡിത്തരത്തിന്റെ ചുറ്റുപാടുകളിലേക്ക്—അല്ലെങ്കിൽ പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് ആരാധനാപരമായ ആദരവ് കൊടുക്കുന്നതിനു തുല്യമായി ആർപ്പുവിളിക്കുന്നതിലേക്കും കൈ വീശുന്നതിലേക്കും—വശീകരിക്കപ്പെടുക എളുപ്പമാണ്. അമിതമായ അത്തരം ഭക്ത്യാദരവ് ദൈവത്തിന് ഉചിതമായി കൊടുക്കേണ്ട ഭക്ത്യാദരവിനെ ഇല്ലാതാക്കുന്നു. അതു തിരുവെഴുത്തുകളിൽ വ്യക്തമായും കുറ്റംവിധിക്കപ്പെട്ടിരിക്കുന്ന ഒന്നായ വിഗ്രഹാരാധനയ്ക്കു തുല്യമാണ്. (1 കൊരിന്ത്യർ 10:14; 1 യോഹന്നാൻ 5:21) അത്തരമൊന്നിൽ ഉൾപ്പെടാൻ നിങ്ങൾ മുതിരുമോ?
മിക്ക റോക്ക് സംഗീതക്കച്ചേരികളിലും സംബന്ധിക്കുന്നതിൽനിന്നു കിട്ടുന്ന എന്തെങ്കിലും പ്രയോജനങ്ങളെ മൂടിക്കളയുന്ന അപകടങ്ങൾ നിറഞ്ഞവയാണ് അത്തരം പരിപാടികളെന്നു പറയുന്നതു തർക്കമറ്റ സംഗതിയാണ്. ഏതെങ്കിലും ഒരു പ്രത്യേക കച്ചേരിയിൽ സംബന്ധിക്കാൻ അനുവദിക്കണോ വേണ്ടയോ എന്നു പറയുന്നതിനുള്ള അന്തിമ അവകാശം തീർച്ചയായും നിങ്ങളുടെ മാതാപിതാക്കൾക്കാണുള്ളത്. എന്നാൽ, അത്തരമൊരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ടെങ്കിൽ ജ്ഞാനപൂർവം തിരഞ്ഞെടുക്കുക. റോക്ക് സംഗീതക്കച്ചേരികളിൽ സംബന്ധിക്കുന്നതിന്റെ ആപത്തുകൾ വിളിച്ചുവരുത്താതെതന്നെ ആരോഗ്യാവഹമായ വിധങ്ങളിൽ സന്തോഷം അനുഭവിക്കുന്നതിനുള്ള ധാരാളം മാർഗങ്ങളുണ്ട്.
[അടിക്കുറിപ്പ്]
a 1993-ലെ ഫെബ്രുവരി 8, ഫെബ്രുവരി 22, മാർച്ച് 22 എന്നീ ഉണരുക! (ഇംഗ്ലീഷ്) ലക്കങ്ങളിൽ സംഗീതത്തെക്കുറിച്ചു വന്നിട്ടുള്ള “യുവജനങ്ങൾ ചോദിക്കുന്നു . . .” ലേഖനങ്ങൾ കാണുക.
[18-ാം പേജിലെ ചിത്രം]
മദ്യം, മയക്കുമരുന്നുകൾ, അനിയന്ത്രിതമായ പെരുമാറ്റം തുടങ്ങിയവ റോക്ക് സംഗീതക്കച്ചേരികളിൽ സാധാരണമാണ്