മരണത്തിന്റെ വക്കോളമെത്തിയ എന്റെ അനുഭവത്തിൽനിന്നു ഡോക്ടർമാർ പഠിച്ചു
ഞാൻ ഞങ്ങളുടെ നാലാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുകയാണെന്ന് 1991, മേയ് മധ്യത്തിൽ ഞങ്ങൾക്കു മനസ്സിലായി. ഞങ്ങളുടെ ഏറ്റവും ഇളയ കുട്ടിയായ മീഖെലിന് ഒൻപതു വയസ്സായിരുന്നു. ഇരട്ട പെൺകുട്ടികളായ മാരിയയ്ക്കും സാറയ്ക്കും 13 വയസ്സും. ഒരു കുഞ്ഞും കൂടെ ഉണ്ടായിരിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെങ്കിലും ആ ആശയവുമായി ഞങ്ങൾ പെട്ടെന്നുതന്നെ പൊരുത്തപ്പെട്ടു.
മൂന്നു മാസം ഗർഭമുള്ളപ്പോൾ ഒരു ദിവസം വൈകുന്നേരം എനിക്ക് ഒരു വശത്തെ ശ്വാസകോശത്തിൽ പെട്ടെന്നൊരു വേദന തോന്നി. പിറ്റേന്ന്, എനിക്കു നടക്കാനേ കഴിയുമായിരുന്നില്ല. ന്യുമോണിയയാണെന്നു പറഞ്ഞ് ഡോക്ടർ എനിക്കു പെൻസിലിൻ തന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ എനിക്കു സുഖം തോന്നി തുടങ്ങി. എന്നാൽ ഞാൻ തീർത്തും ക്ഷീണിതയായിരുന്നു. അങ്ങനെയിരിക്കുമ്പോൾ പെട്ടെന്ന് മറ്റേ വശത്തെ ശ്വാസകോശത്തിലും എനിക്കു വേദന അനുഭവപ്പെട്ടു. അതേ ചികിത്സാരീതിതന്നെ ആവർത്തിച്ചു.
പിന്നീടുള്ള ദിവസങ്ങളിലെല്ലാം ശ്വാസംമുട്ടൽ കാരണം എനിക്കു കിടക്കാൻ കഴിഞ്ഞില്ല. ആദ്യത്തെ വേദനയുണ്ടായി ഒരാഴ്ച പൂർത്തിയായി അൽപ്പം കഴിഞ്ഞപ്പോൾ എന്റെ ഒരു കാൽ കരിവാളിച്ചു നീരുവയ്ക്കാൻ തുടങ്ങി. ഇത്തവണ എന്നെ ആശുപത്രിയിലാക്കി. ശ്വാസകോശങ്ങളിലെ വേദന ന്യുമോണിയ നിമിത്തമല്ല, പിന്നെയോ രക്തം കട്ടപിടിക്കുന്നതുകൊണ്ടാണെന്ന് ഡോക്ടർ എന്നെ അറിയിച്ചു. എന്റെ നാഭിയിലും ഒരിടത്ത് രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. സ്വീഡനിൽ ഗർഭിണികളായ സ്ത്രീകളിലെ മരണ കാരണങ്ങളിൽ ഏറ്റവും സാധാരണമായ ഒന്നാണ് രക്തം കട്ടയാകൽ എന്ന് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ സ്റ്റോക്ക്ഹോമിലെ കാരോലിൻസ്ക ഷൂകൂസെറ്റ് ആശുപത്രിയിലേക്ക് എന്നെ മാറ്റി. സങ്കീർണമായ ഗർഭധാരണങ്ങളുള്ളവർക്കു വേണ്ടിയുള്ള പ്രത്യേക പ്രസവ ക്ലിനിക്ക് അവിടെയുണ്ടായിരുന്നു.
രക്തം നേർപ്പിക്കുന്ന മരുന്നായ ഹെപ്പാരിൻ ഉപയോഗിച്ച് എന്നെ ചികിത്സിക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. ഹെപ്പാരിൻ സ്വീകരിക്കുന്നതുകൊണ്ടുള്ള രക്തസ്രാവ അപകടം ശ്വാസകോശങ്ങളിൽ മറ്റൊരിടത്തുകൂടെ രക്തം കട്ടപിടിക്കുന്നതിലെ അപകടത്തെ അപേക്ഷിച്ച് നിസ്സാരമാണെന്ന് അവർ എനിക്ക് ഉറപ്പുനൽകി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ വീട്ടിലേക്കു മടങ്ങിപ്പോകത്തക്കവണ്ണം ഞാൻ സുഖം പ്രാപിച്ചു. എന്റെയുള്ളിൽ വളരുന്ന കുരുന്നു ജീവനുമായി ജീവനോടിരിക്കുന്നതിൽ എനിക്ക് ഊഷ്മളവും അതിരറ്റതുമായ ആഹ്ലാദം തോന്നി.
പ്രസവത്തിനുള്ള സമയം
പ്രസവം നേരത്തെയാക്കാൻ തീരുമാനിച്ചു. എന്നാൽ അതു തുടങ്ങുന്നതിനായി പടികൾ സ്വീകരിക്കാൻ കഴിയും മുമ്പ് എനിക്ക് അടിവയറ്റിൽ ഭയങ്കര വേദന അനുഭവപ്പെട്ടു. അതുകൊണ്ട് പെട്ടെന്ന് എന്നെ ആശുപത്രിയിലെത്തിച്ചു. എങ്കിലും ഡോക്ടർമാർക്ക് യാതൊരു കുഴപ്പവും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.
പിറ്റേ ദിവസം വൈകുന്നേരമായപ്പോൾ എന്റെ അടിവയറ് വല്ലാതെ വീർത്തു. വേദനയ്ക്കു കുറവുണ്ടായിരുന്നുമില്ല. അർധരാത്രിക്ക്, ഒരു ഡോക്ടർ എന്നെ പരിശോധിക്കുകയും എനിക്കു പ്രസവവേദന തുടങ്ങിയെന്നു കണ്ടെത്തുകയും ചെയ്തു. പിറ്റേന്നു രാവിലെ എന്റെ അടിവയർ പിന്നെയും വീർത്തു, വേദന അസഹനീയമായിരുന്നു. ഡോക്ടറുടെ മുഖത്ത് വിഷമം പ്രകടമായിരുന്നു. കുട്ടിയുടെ അനക്കങ്ങൾ അവസാനമായി ശ്രദ്ധിച്ചതെപ്പോഴായിരുന്നുവെന്ന് എന്നോടു ചോദിക്കുകയും ചെയ്തു. ദീർഘനേരമായി അനക്കമില്ലാതിരുന്ന കാര്യം അപ്പോഴാണു ഞാൻ പെട്ടെന്നു മനസ്സിലാക്കിയത്.
എന്നെ ഉടൻ തന്നെ പ്രസവമുറിയിൽ കയറ്റി. ജോലിക്കാരുടെ സംസാരം എനിക്ക് അകലെനിന്നു കേൾക്കാമായിരുന്നു. “അവർ രക്തപ്പകർച്ച നടത്താൻ വിസമ്മതിക്കുന്നു,” ആരോ പറഞ്ഞു. അപ്പോൾ ഒരു നഴ്സ് എന്റെ നേരെ കുനിഞ്ഞു നിന്നിട്ട് ഉച്ചത്തിൽ പറഞ്ഞു: “നിങ്ങളുടെ കുഞ്ഞ് മരിച്ചുപോയെന്നു നിങ്ങൾക്ക് അറിയാമല്ലോ, അല്ലേ?” ആരോ എന്റെ ഹൃദയത്തിൽ ഒരു കഠാര കുത്തിയിറക്കിയതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.—സദൃശവാക്യങ്ങൾ 12:18.
രക്തം സ്വീകരിക്കുകയില്ലെന്ന ദൃഢമായ തീരുമാനം
എന്റെ അവസ്ഥ അങ്ങേയറ്റം ഗുരുതരമാണെന്ന് ഡോക്ടർ പെട്ടെന്ന് എന്നോടു വന്നു പറഞ്ഞു. രക്തപ്പകർച്ച സ്വീകരിക്കുകയില്ല എന്ന എന്റെ തീരുമാനത്തോട് ഞാൻ അപ്പോഴും പറ്റിനിൽക്കാൻ ആഗ്രഹിക്കുന്നുവോയെന്ന് അദ്ദേഹം ചോദിച്ചു. ഉവ്വ് എന്നു ഞാൻ തറപ്പിച്ചു പറഞ്ഞു. അതു കഴിഞ്ഞു നടന്ന കാര്യങ്ങൾ അധികമൊന്നും ഞാൻ ഓർമിക്കുന്നില്ല. എന്നിരുന്നാലും, രക്തം വർജ്ജിക്കാൻ ക്രിസ്ത്യാനികളോട് കൽപ്പിച്ചിരിക്കുന്നുവെന്നും ദൈവനിയമം അനുസരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നുമുള്ള സംഗതി എന്റെ ഡോക്ടറോടു ഞാൻ വളരെ വ്യക്തമായിപ്പറഞ്ഞിരുന്നു.—പ്രവൃത്തികൾ 15:28, 29; 21:25.
അതിനിടയ്ക്ക് അവർ മറ്റൊരു ഡോക്ടറെ വിളിച്ചു. അവർ ശസ്ത്രക്രിയാ വിദഗ്ധയായ ബാർബ്രൊ ലാർസൊൻ ആയിരുന്നു. അവർ പെട്ടെന്ന് എത്തിച്ചേരുകയും ഉടൻതന്നെ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. എന്റെ അടിവയർ തുറന്നപ്പോൾ, ആന്തരിക രക്തവാർച്ച മൂലം എനിക്ക് മൂന്നു ലിറ്റർ രക്തം നഷ്ടപ്പെട്ടിരിക്കുന്നതായി അവർ കണ്ടെത്തി. എന്നാൽ രക്തപ്പകർച്ച സംബന്ധിച്ച എന്റെ തീരുമാനത്തെ ഡോ. ലാർസൊൻ ആദരിച്ചു.
ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഞാൻ മരിക്കുമെന്ന് അതിനുശേഷം മറ്റൊരു ഡോക്ടർ പറഞ്ഞു. “അവർക്കിപ്പോൾ ജീവനുണ്ടോയെന്നുതന്നെ എനിക്കറിയില്ല,” അദ്ദേഹം അങ്ങനെ പറഞ്ഞതായാണ് റിപ്പോർട്ട്. ഡോക്ടർമാർക്ക് രക്തസ്രാവത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ലെന്നു പിന്നീടു മനസ്സിലായി. അതുകൊണ്ട് അവർ എന്റെ അടിവയറ്റിൽ ഒരു കംപ്രസ് (ശരീരഭാഗത്ത് അമർത്തിവച്ച് രക്തസ്രാവം നിർത്തുന്നതിനുപയോഗിക്കുന്ന ഉപാധി) വെച്ചു. ഞാൻ അതിജീവിക്കുമെന്നുള്ളതിന് ഡോക്ടർമാരും നേഴ്സുമാരും ഒരു പ്രതീക്ഷയും നൽകിയില്ല.
എന്റെ കുട്ടികൾ ആശുപത്രിയിൽവന്ന് എന്റെ സ്ഥിതി മനസ്സിലാക്കിയപ്പോൾ, അർമഗെദോൻ പെട്ടെന്നു തന്നെ വരുമെന്നും അതിനുശേഷം പുനരുത്ഥാനത്തിൽ അവർക്ക് എന്നെ തിരിച്ചുകിട്ടുമെന്നും അവരിലൊരാൾ പറഞ്ഞു. പുനരുത്ഥാനം എത്ര അത്ഭുതകരവും നീതിപൂർവകവുമായ ക്രമീകരണമാണ്!—യോഹന്നാൻ 5:28, 29; 11:17-44; പ്രവൃത്തികൾ 24:15; വെളിപ്പാടു 21:3, 4.
ജീവൻ തുലാസിൽ
എന്റെ രക്തത്തിലെ ഹീമോഗ്ലോബിൻ ഡെസിലിറ്ററിന് 4 ഗ്രാമായി കുറഞ്ഞിരുന്നു. എന്നാൽ രക്തസ്രാവം നിലച്ചതായി കാണപ്പെട്ടു. 1991, നവംബർ 22-ലെ ഉണരുക! (ഇംഗ്ലീഷ്) മാസികയുടെ ഒരു പ്രതി ഞാൻ എന്റെ രോഗവിവര രേഖയിൽ നേരത്തെതന്നെ വെച്ചിട്ടുണ്ടായിരുന്നു. ഡോ. ലാർസൊൻ അതു കണ്ടെത്തുകയും “രക്തപ്പകർച്ച കൂടാതെ രക്തസ്രാവത്തെ പ്രതിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യൽ” എന്ന തലക്കെട്ടു ശ്രദ്ധിക്കുകയും ചെയ്തു. എന്റെ ജീവൻ രക്ഷിക്കുന്നതിന് ഉപയോഗിക്കാൻ പറ്റിയ വല്ലതും ഉണ്ടോയെന്നറിയാൻ അവർ അത് ആകാംക്ഷയോടെ അരിച്ചുപെറുക്കി പരിശോധിച്ചു. അവരുടെ കണ്ണുകൾ “എരിത്രോപോയെറ്റിൻ” എന്ന വാക്കിൽ ഉടക്കിനിന്നു. ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്നതിന് ശരീരത്തെ ഉത്തേജിപ്പിക്കുന്ന ഒരു ഔഷധമാണ് അത്. അവർ അത് എനിക്കു തന്നു. എന്നാൽ ഈ മരുന്നിന്റെ ഫലം ലഭിക്കാൻ സമയമെടുക്കും. അതുകൊണ്ട്, എരിത്രോപോയെറ്റിൻ വേണ്ടത്ര വേഗതയിൽ പ്രവർത്തിക്കുമോ എന്നതായിരുന്നു പ്രശ്നം.
പിറ്റേന്ന് ഹീമോഗ്ലോബിന്റെ അളവ് 2.9 ആയി കുറഞ്ഞു. ഞാൻ ഉണർന്നപ്പോൾ എന്റെ മുഴു കുടുംബവും കിടക്കയ്ക്കരുകിൽ ഉണ്ടായിരുന്നു, എന്താണു സംഭവിച്ചതെന്ന് ഞാൻ അതിശയിച്ചു. കൃത്രിമ ശ്വസനസഹായി കാരണം എനിക്കു സംസാരിക്കാൻ കഴിഞ്ഞില്ല. ദുഃഖംകാരണം എനിക്ക് ഏതാണ്ട് ഭ്രാന്തുപിടിച്ചതായി തോന്നി. എന്നാൽ എനിക്കു കരയാൻപോലും കഴിഞ്ഞില്ല. അതിജീവിക്കണമെങ്കിൽ ശക്തി സംഭരിക്കേണ്ടതുണ്ടെന്ന് എല്ലാവരും എന്നോടു പറഞ്ഞു.
അടിവയറ്റിൽനിന്ന് എടുക്കാൻ വിട്ടുപോയിരുന്ന കംപ്രസ് മൂലമുണ്ടായ വീക്കം നിമിത്തം പിറ്റേന്ന് എനിക്കു പനിയുണ്ടായിരുന്നു. ഹീമോഗ്ലോബിന്റെ അളവ് 2.7 ആയി താഴ്ന്നു. ആ അവസ്ഥയിൽ ഒരു വ്യക്തിയെ ബോധംകെടുത്തുന്നത് വളരെ അപകടകരമാണെങ്കിലും കംപ്രസ് നീക്കം ചെയ്യുന്നതിനായി അപകടസാധ്യത ഗണ്യമാക്കാതെ വീണ്ടും ശസ്ത്രക്രിയ നടത്താൻ തങ്ങൾ നിർബന്ധിതരാണെന്ന് ഡോ. ലാർസൊൻ വിശദീകരിച്ചു.
ശസ്ത്രക്രിയയ്ക്കു മുമ്പ് അകത്തു വന്ന് എന്നെ കാണാൻ കുട്ടികളെ അനുവദിച്ചു. എല്ലാവരും വിചാരിച്ചത് അതു വിടചൊല്ലൽ ആണെന്നാണ്. മെഡിക്കൽ ഉദ്യോഗസ്ഥരിൽ പലരും കരയുകയായിരുന്നു. ഞാൻ രക്ഷപ്പെടുമെന്ന വിശ്വാസം അവർക്കില്ലായിരുന്നു. ഞങ്ങളുടെ കുട്ടികൾ വളരെ ധൈര്യമുള്ളവരായിരുന്നു. അത് എന്നെ ശാന്തയും ഉറപ്പുള്ളവളും ആക്കിത്തീർത്തു.
ബോധംകെടുത്താനായി ഉപയോഗിച്ച ഔഷധം കുറവായിരുന്നതിനാൽ ജോലിക്കാർ അന്യോന്യം പറയുന്ന കാര്യങ്ങൾ ചില സമയത്ത് എനിക്കു കേൾക്കാൻ കഴിഞ്ഞു. അതിനോടകം തന്നെ എന്റെ കഥ കഴിഞ്ഞതുപോലെയായിരുന്നു ചിലരുടെ സംസാരം. ശസ്ത്രക്രിയയുടെ സമയത്തു കേട്ടതിനെക്കുറിച്ച് ഞാൻ പിന്നീടു വിവരിച്ചപ്പോൾ ഒരു നേഴ്സ് എന്നോടു ക്ഷമപറഞ്ഞു. എന്നാൽ ഞാൻ മരിക്കുമെന്നു തനിക്ക് ഉറപ്പായിരുന്നെന്നും ഞാൻ എങ്ങനെയാണ് അതിജീവിച്ചതെന്ന് ഇപ്പോഴും തനിക്ക് അറിയാൻ പാടില്ലെന്നും അവർ പറഞ്ഞു.
പിറ്റേ ദിവസം എനിക്ക് അൽപ്പം സുഖം തോന്നി. എന്റെ ഹീമോഗ്ലോബിന്റെ അളവ് 2.9 ആയിരുന്നു, ഹെമാറ്റോക്രിറ്റിന്റെ അളവ് 9-ഉം. എന്റെ ക്രിസ്തീയ സഹോദരീ സഹോദരൻമാർ സന്ദർശനങ്ങൾ നടത്തുകയും എന്റെ കുടുംബാംഗങ്ങൾക്കുവേണ്ടി ഭക്ഷണവും കാപ്പിയും കൊണ്ടുവന്നു തരുകയും ചെയ്തു. അവരുടെ സ്നേഹത്തിനും വാത്സല്യത്തിനും ഞങ്ങൾ നന്ദിയുള്ളവരായിരുന്നു. വൈകുന്നേരമായപ്പോൾ എന്റെ അവസ്ഥ നിർണായകമായിരുന്നെങ്കിലും സ്ഥിരമായ നിലയിലായിരുന്നു. എന്നെ മറ്റൊരു വാർഡിലേക്കു മാറ്റി.
ഡോക്ടർമാർ പഠിക്കുന്നു
മെഡിക്കൽ ഉദ്യോഗസ്ഥരിൽ പലരും എന്നെക്കുറിച്ച് ജിജ്ഞാസയുള്ളവരായിരുന്നു. അവരിൽ മിക്കവരും വളരെ ദയാമനസ്കരുമായിരുന്നു. ഒരു നേഴ്സ് ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ ദൈവമായിരിക്കണം നിങ്ങളെ രക്ഷിച്ചത്.” മറ്റൊരു വാർഡിൽനിന്നുള്ള ഒരു ഡോക്ടർ വന്ന് ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഹീമോഗ്ലോബിന്റെ അളവ് അത്രമാത്രം കുറഞ്ഞ ഒരാൾ എങ്ങനെയാണിരിക്കുന്നതെന്ന് എനിക്കു കണ്ടേ തീരൂ. നിങ്ങൾക്ക് ഇത്രയും ഉണർവോടെയിരിക്കാൻ കഴിയുന്നതെങ്ങനെയാണെന്ന് എനിക്കു മനസ്സിലാകുന്നേയില്ല.”
പിറ്റേന്ന് തന്റെ ഒഴിവു ദിവസമായിരുന്നിട്ടും എന്റെ ഡോക്ടർ എന്നെ കാണാനായി വന്നു. സംഭവിച്ച സംഗതികൾ നിമിത്തം തനിക്കു വിനയം തോന്നിയെന്ന് അവർ എന്നോടു പറഞ്ഞു. ഞാൻ പരിപൂർണമായി സുഖംപ്രാപിച്ചാൽ, രക്തപ്പകർച്ചാ ചികിത്സയല്ലാതെയുള്ള മാർഗങ്ങൾ ഉപയോഗിച്ച് രോഗികളെ ചികിത്സിക്കുന്നതിനെക്കുറിച്ച് തങ്ങൾ പുതിയ ഗവേഷണം തുടങ്ങാൻ പോകുകയാണെന്ന് അവർ പറഞ്ഞു.
എന്റെ സുഖംപ്രാപിക്കൽ നാടകീയമായിരുന്നു. എന്റെ ദാരുണമായ പ്രസവം കഴിഞ്ഞ് രണ്ടര ആഴ്ച കഴിഞ്ഞപ്പോൾ ഹീമോഗ്ലോബിന്റെ അളവ് 8-ൽ അൽപ്പം അധികമായി വർധിച്ചു. അതുകൊണ്ട് എന്നെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തു. മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് യഹോവയുടെ സാക്ഷികളുടെ വാർഷിക സർക്കീട്ട് സമ്മേളനമുണ്ടായിരുന്നു. ഞാൻ അതിൽ പങ്കെടുത്തു. ഞങ്ങളുടെ അഗ്നിപരീക്ഷയുടെ സമയത്ത് വളരെയധികം പിന്തുണ നൽകിയ ഞങ്ങളുടെ ക്രിസ്തീയ സഹോദരീ സഹോദൻമാരെ വീണ്ടും കാണുന്നത് എത്ര പ്രോത്സാഹജനകമായിരുന്നു.—സദൃശവാക്യങ്ങൾ 17:17.
ഡോ. ലാർസൊൻ എന്നോടു വാഗ്ദാനം ചെയ്തതുപോലെതന്നെ, എനിക്കു സംഭവിച്ചതിനെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് സ്വീഡനിലെ ലകാർറ്റിനിൻഞ്ചെൻ എന്ന മെഡിക്കൽ ജേർണലിൽ “രക്തപ്പകർച്ചക്കു പകരം എരിത്രോപൊയറ്റിൻ” എന്ന തലക്കെട്ടിൽ പിന്നീടു പ്രസിദ്ധീകരിക്കുകയുണ്ടായി. അത് ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സാക്ഷിയായ 35 വയസ്സുള്ള ഒരു സ്ത്രീക്ക് പ്രസവത്തോടനുബന്ധിച്ച് തീവ്രവും വലിയതോതിലുള്ളതുമായ രക്തസ്രാവം ഉണ്ടായി. അവർ രക്തപ്പകർച്ച നിരസിക്കുകയും എരിത്രോപോയറ്റിൻ ചികിത്സ സ്വീകരിക്കുകയും ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞുള്ള ഒൻപതു ദിവസം ഉയർന്ന അളവിൽ എരിത്രോപോയറ്റിൻ ഉപയോഗിച്ച് ചികിത്സ നടത്തിക്കഴിഞ്ഞപ്പോൾ ഡെസിലിറ്ററിന് 2.9 ഗ്രാമായിരുന്ന ഹീമോഗ്ലോബിന്റെ അളവ് പാർശ്വഫലങ്ങളൊന്നും കൂടാതെ, 8.2 ഗ്രാമായി വർധിച്ചു.”
ലേഖനം ഇപ്രകാരം ഉപസംഹരിച്ചു: “തുടക്കത്തിൽ രോഗി വളരെ ക്ഷീണിതയായിരുന്നു. എന്നാൽ അവർ അതിശയകരമായ വേഗതയിൽ സുഖം പ്രാപിച്ചു. മാത്രമല്ല, ശസ്ത്രക്രിയാനന്തര നടപടികൾ മുഴുവനും യാതൊരു കുഴപ്പങ്ങളുമില്ലാതെ നടന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ രോഗിയെ ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്യാൻ കഴിഞ്ഞു.”
ഈ അനുഭവം ഞങ്ങൾക്ക് കഠിനമായ ഒരു ആഘാതമായിരുന്നെങ്കിലും അതിന്റെ ഫലമായി ചില ഡോക്ടർമാർ രക്തപ്പകർച്ചയ്ക്കു പകരമുള്ള മാർഗങ്ങളെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയിരിക്കാമെന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. വിജയകരമെന്നു തെളിഞ്ഞ ചികിത്സാരീതികൾ പരീക്ഷിച്ചു നോക്കാൻ അവർ സജ്ജരായിരിക്കുമെന്നു പ്രത്യാശിക്കാം.—ആൻ യിപ്സ്യോറ്റിസ് പറഞ്ഞപ്രകാരം.
[26-ാം പേജിലെ ചിത്രം]
സഹായമനസ്ഥിതിയുള്ള എന്റെ സർജനോടൊപ്പം