ബൈബിളിന്റെ വീക്ഷണം
മറിയ “ദൈവമാതാ”വോ?
“അല്ലയോ ദൈവമാതാവേ, ഞങ്ങൾ നിന്റെ കരുണയിൻ കീഴിൽ അഭയം തേടുന്നു; അദ്വിതീയ അനുഗൃഹീതയേ, കഷ്ടകാലത്തെ ഞങ്ങളുടെ യാചന തള്ളിക്കളയരുതേ, നിത്യനാശത്തിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ.”
യേശുക്രിസ്തുവിന്റെ അമ്മയായ മറിയയുടെ ഭക്തരായ, കോടിക്കണക്കിന് ആളുകളുടെ ചേതോവികാരങ്ങളെ അത്തരമൊരു പ്രാർഥന ക്രോഡീകരിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം മറിയ, തങ്ങൾക്കുവേണ്ടി ദൈവമുമ്പാകെ മധ്യസ്ഥത വഹിക്കുന്നതിനും തങ്ങളുടെ നേർക്കുള്ള അവന്റെ ന്യായവിധികൾ ഏതെങ്കിലും വിധേന ലഘൂകരിക്കുന്നതിനും കഴിവുള്ള ദയാപുരസ്സരയായ ഒരു മാതാവാണ്.
എന്നിരുന്നാലും, മറിയ വാസ്തവമായും “ദൈവമാതാ”വാണോ?
മറിയ—ദൈവത്താൽ “അത്യന്തം പ്രീതി ലഭിച്ചവൾ”
മറിയ “അത്യന്തം പ്രീതിലഭിച്ചവൾ”—വാസ്തവത്തിൽ, ഇന്നേവരെ ജീവിച്ചിരുന്നിട്ടുള്ള ഏതൊരു സ്ത്രീയെക്കാളുമേറെ പ്രീതി ലഭിച്ചവൾ—ആയിരുന്നുവെന്നതിൽ യാതൊരു സംശയവുമില്ല. (ലൂക്കോസ് 1:28, ദ ജറുസലേം ബൈബിൾ) ഗബ്രിയേൽ ദൂതൻ അവൾക്കു പ്രത്യക്ഷനായി, അവൾ എത്രമാത്രം പദവി ലഭിച്ചവളായിരിക്കുമെന്നു വിശദീകരിച്ചു. “ശ്രദ്ധിക്കൂ! നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും, നീ അവന് യേശു എന്നു പേരിടണം. അവൻ വലിയവനായിരിക്കും, കൂടാതെ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും” എന്നു ദൂതൻ പറഞ്ഞു. അത്ഭുതകരമായ ഈ സംഭവം എങ്ങനെ സാധ്യമാകുമായിരുന്നു? ഗബ്രിയേൽ ഇങ്ങനെ തുടർന്നു: “പരിശുദ്ധാത്മാവു നിന്റെമേൽ വരും, . . . അത്യുന്നതന്റെ ശക്തി നിന്നിൽ അതിന്റെ നിഴലോടെ ആവസിക്കും. അതുകൊണ്ട്, ശിശു പരിശുദ്ധനായിരിക്കും, കൂടാതെ ദൈവപുത്രൻ എന്നും വിളിക്കപ്പെടും.”—ലൂക്കോസ് 1:31, 32, 35, JB.
“‘ഞാൻ കർത്താവിന്റെ ദാസി,’ മറിയ പറഞ്ഞു, ‘നീ പറഞ്ഞതുപോലെ എനിക്കു ഭവിക്കട്ടെ.’” (ലൂക്കോസ് 1:38, JB) അങ്ങനെ, മറിയ വിനയാന്വിതയായി ഈ ദിവ്യ മാർഗനിർദേശം സ്വീകരിക്കുകയും തക്കസമയത്ത് യേശുവിനു ജന്മമേകുകയും ചെയ്തു.
എന്നിരുന്നാലും, അതേത്തുടർന്നുവന്ന പല നൂറ്റാണ്ടുകളിലായി മറിയയുടെ ഭക്തർ അവളെ, “കർത്താവിന്റെ ദാസി”യെന്ന ഒരു എളിയ സ്ഥാനത്തുനിന്നു സ്വർല്ലോകങ്ങളിൽ അസീമമായ സ്വാധീനമുള്ള “അമ്മരാജ്ഞി”യായി ഉയർത്തി. പൊ.യു. (പൊതുയുഗം) 431-ൽ എഫേസൂസിലെ സുനഹദോസിൽവെച്ച് സഭാനേതാക്കന്മാർ, മറിയ “ദൈവമാതാവ്” ആണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ പരിവർത്തനത്തിനു തിരികൊളുത്തിയതെന്താണ്? ജോൺ പോൾ II-ാമൻ പാപ്പ ഒരു വസ്തുത വിശദീകരിക്കുന്നു: “ദൈവമാതാവിനോടുള്ള യഥാർഥ ഭക്തി . . . പുണ്യ ത്രിത്വത്തിന്റെ മർമത്തിൽ ആഴത്തിൽ വേരൂന്നിയതാണ്.”—പ്രത്യാശയുടെ കവാടം കടക്കൽ (ഇംഗ്ലീഷ്).
അതുകൊണ്ട്, മറിയയെ “ദൈവമാതാവ്” ആയി അംഗീകരിക്കുന്നതു ത്രിത്വവിശ്വാസത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ, ത്രിത്വം ഒരു ബൈബിൾ ഉപദേശമാണോ?a അപ്പോസ്തലനായ പത്രോസ് ബൈബിളിൽ എഴുതിയിരിക്കുന്നത് എന്താണെന്നു ദയവുചെയ്തു പരിശോധിക്കുക. “വ്യാജോപദേഷ്ടാക്കൾ . . . അപകടകരമായ വേദവൈരുദ്ധ്യങ്ങൾ തന്ത്രപൂർവം പ്രചരിപ്പിക്കും, [കൂടാതെ] തങ്ങളുടെ പൊള്ളയായ വാദപ്രതിവാദങ്ങളാൽ നിങ്ങളെയും ചൂഷണം ചെയ്യും” എന്ന് അവൻ മുന്നറിയിപ്പു നൽകി. (2 പത്രോസ് 2:1, 3, ദ ന്യൂ ടെസ്റ്റമെൻറ് ഇൻ മോഡേൺ ഇംഗ്ലീഷ്, ജെ. ബി. ഫിലിപ്പ്സിനാലുള്ളത്) അത്തരമൊരു വേദവൈരുദ്ധ്യമായിരുന്നു ത്രിത്വോപദേശം. ഒരിക്കൽ അതു സ്വീകാര്യമായതോടെ, മറിയ “ദൈവമാതാവ്” (ഗ്രീക്ക്: തിയോറ്റോക്കോസ്, “ദൈവത്തെ വഹിച്ചവൾ” എന്നർഥം) ആയിരുന്നുവെന്ന ആശയം തികച്ചും യുക്തിസഹമായിത്തീർന്നു. ത്രിത്വവാദികൾ ന്യായവാദം ചെയ്തപ്രകാരം, “ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയായ ദൈവമായിരുന്നു ക്രിസ്തു എങ്കിൽ, അവനു മനുഷ്യ ജന്മം നൽകിയ അവന്റെ മാതാവ് ദൈവമാതാവ് ആയിരുന്നിരിക്കണം” എന്നു കന്യക (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിൽ ജെഫ്രി ആഷ് പ്രസ്താവിക്കുന്നു.
പുതിയ കത്തോലിക്കാ സഭയുടെ വേദപാഠം പ്രതിപാദിക്കുന്ന പ്രകാരം യേശു “സമസ്ത, സമ്പൂർണ ദൈവം” ആയിരുന്നു എങ്കിൽ മറിയയെ ന്യായമായും “ദൈവമാതാവ്” എന്നു വിളിക്കാവുന്നതാണ്. എങ്കിലും, ആ ഉപദേശം ആദ്യമായി നിർദേശിക്കപ്പെട്ടപ്പോൾ, ആദ്യകാല ത്രിത്വവാദികളിൽ അനേകരും അതു സ്വീകരിക്കുന്നതു ബുദ്ധിമുട്ടുള്ളതായി കണ്ടെത്തിയെന്നു പറഞ്ഞേ മതിയാവൂ. ത്രിത്വവാദികളായ പ്രൊട്ടസ്റ്റന്റുകാരുടെ ഇടയിൽ ഇന്നും അതാണു സ്ഥിതിവിശേഷം. “‘സ്വർഗത്തിന് ഉൾക്കൊള്ളാൻ കഴിയാത്തവനെ അവളുടെ ഉദരത്തിൽ ഉൾക്കൊണ്ടുവെന്നത്’ ഭക്തി സംബന്ധമായ വിരോധാഭാസ”മായി വിളിക്കപ്പെടുന്നു. (കന്യക)—1 രാജാക്കന്മാർ 8:27 താരതമ്യം ചെയ്യുക.
എന്നാൽ, യേശുക്രിസ്തു വാസ്തവത്തിൽ “സമസ്ത, സമ്പൂർണ ദൈവ”മാണോ? അല്ല, അവൻ ഒരിക്കലും അങ്ങനെയൊരു അവകാശവാദം ഉന്നയിച്ചിട്ടില്ല. മറിച്ച്, തന്റെ സ്ഥാനം പിതാവിന്റെ സ്ഥാനത്തിനു കീഴിലാണെന്ന് അവൻ എല്ലായ്പോഴും അംഗീകരിച്ചിരുന്നു.—മത്തായി 26:39; മർക്കൊസ് 13:32; യോഹന്നാൻ 14:28; 1 കൊരിന്ത്യർ 15:27, 28 എന്നിവ കാണുക.
‘ചിന്താപ്രാപ്തിയുള്ളവർക്കു യോഗ്യമാം വിധം ആരാധിക്കുവിൻ’
എന്നിരുന്നാലും, ആരാധനയുടെ കാര്യത്തിൽ തങ്ങളുടെ ന്യായയുക്തമായ ചിന്താശക്തി ഉപയോഗിക്കാൻ ക്രിസ്ത്യാനികളെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. മർമമായി കപടവേഷമണിഞ്ഞ ഒന്നിൽ അന്ധമായ വിശ്വാസം പ്രകടമാക്കാൻ നമ്മോട് ആവശ്യപ്പെടുന്നില്ല. മറിച്ച്, നാം ‘ചിന്താപ്രാപ്തിയുള്ളവർക്കു യോഗ്യമാം വിധം ആരാധിക്ക’ണമെന്നു പൗലോസ് അപ്പോസ്തലൻ പറയുന്നു.—റോമർ 12:1, JB.
“അതേപ്പറ്റി ചിന്തിക്കാൻ ഞങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ല,” കത്തോലിക്കയായി വളർത്തപ്പെട്ട ആൻ പറയുന്നു. “ഞങ്ങൾ ഒരിക്കലും അതേപ്പറ്റി ചോദ്യം ചെയ്തില്ല. യേശു ദൈവമാണെന്നും തന്മൂലം മറിയ ‘ദൈവമാതാവ്’ ആണെന്നും ഞങ്ങൾ വെറുതെയങ്ങു വിശ്വസിച്ചുവെന്നത് ഏറ്റവും വിചിത്രംതന്നെ!” “ദിവ്യ ഏകത്വ”ത്തിലെ ഓരോ അംഗങ്ങളും “സമസ്ത, സമ്പൂർണ ദൈവം” ആണെന്നു കത്തോലിക്കാ സഭയുടെ വേദപാഠം പറയുന്നുവെന്നത് ഓർമിക്കുക. മൂന്നു വ്യത്യസ്ത ദൈവങ്ങളില്ലെന്ന് അതു പ്രസ്താവിക്കുന്നു. അപ്പോൾ, മറിയയുടെ ഗർഭാശയത്തിലെ ജീവകോശങ്ങൾ വിഭജിക്കുകയും പുനർവിഭജിക്കുകയും ചെയ്യവേ, അവളുടെ ഗർഭധാരണത്തിന്റെ ആദ്യമാസം ഒരിഞ്ചിന്റെ നാലിലൊന്നിൽ കുറഞ്ഞ വലിപ്പത്തിൽ, പുഷ്ടിപ്പെടാത്ത കണ്ണുകളും ചെവികളും സഹിതം വളർന്നുവന്ന ഒരു ഭ്രൂണമായി “സമസ്ത, സമ്പൂർണ ദൈവം” അവളുടെ ഉദരത്തിൽ ഉൾക്കൊണ്ടുവെന്നു നാം വിശ്വസിക്കണമോ?
മറിയയുടെ കുട്ടി “പുത്രനാം ദൈവം” എന്നല്ല “അത്യുന്നതന്റെ പുത്രൻ,” “ദൈവപുത്രൻ” എന്നിങ്ങനെ വിളിക്കപ്പെടും എന്നു ഗബ്രിയേൽ ദൂതൻ അവളോടു പറഞ്ഞുവെന്നതു മനസ്സിൽപിടിക്കുക. വാസ്തവത്തിൽ, യേശു സർവശക്തനായ ദൈവമായിരുന്നെങ്കിൽ ഇന്നു ത്രിത്വവാദികൾ ഉപയോഗിക്കുന്ന, “പുത്രനാം ദൈവം” എന്ന പദപ്രയോഗം ഗബ്രിയേൽ ദൂതൻ എന്തുകൊണ്ടാണ് ഉപയോഗിക്കാഞ്ഞത്? ആ ഉപദേശം ബൈബിളിൽ കണ്ടെത്താത്തതിനാലാണു ഗബ്രിയേൽ അത് ഉപയോഗിക്കാഞ്ഞത്.
ദൈവത്തിന്റെ വേലകൾ സംബന്ധിച്ചുള്ള നമ്മുടെ ഗ്രാഹ്യം തീർച്ചയായും പരിമിതമാണ്. എന്നാൽ, സർവശക്തനായ, സകല ജീവന്റെയും സ്രഷ്ടാവായ ദൈവത്തിന് തന്റെ പ്രിയ പുത്രനായ യേശുക്രിസ്തുവിന്റെ ജീവനെ മറിയയുടെ ഗർഭാശയത്തിലേക്ക് അത്ഭുതകരമായി മാറ്റാനും മറിയ, യേശുവിന്റെ—ദൈവപുത്രന്റെ—അമ്മയാകുന്നതുവരെ തന്റെ പ്രവർത്തനനിരതമായ ശക്തി, അഥവാ പരിശുദ്ധാത്മാവു മുഖാന്തരം അതിന്റെ വളർച്ചയെ സംരക്ഷിക്കാനും ശക്തിയുണ്ടായിരുന്നുവെന്നു വിശ്വസിക്കാൻ തിരുവെഴുത്തുകളെക്കുറിച്ചുള്ള കൃത്യമായ ഗ്രാഹ്യം നമ്മെ സഹായിക്കുന്നു.
അതേ, ക്രിസ്തുവായിത്തീർന്നവന്റെ അമ്മയെന്ന നിലയിൽ മറിയ അത്യന്തം അനുഗൃഹീതയായിരുന്നു. ബൈബിളിലെ വ്യക്തമായ പഠിപ്പിക്കലുകൾ—മറിയയുടെതന്നെയും താഴ്മ സംബന്ധിച്ച വിവരണം ഉൾപ്പെടെ—മറിയയ്ക്ക് “ദൈവമാതാവ്” എന്ന സ്ഥാനപ്പേരു നൽകുന്നതിനെ നിരാകരിക്കുന്നുവെന്ന് അംഗീകരിക്കുന്നതു യാതൊരു വിധത്തിലും അവളോടുള്ള അനാദരവല്ല.
[അടിക്കുറിപ്പ്]
a ദയവുചെയ്ത്, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? എന്ന ലഘുപത്രിക കാണുക.
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Museo del Prado, Madrid