യഹോവയുടെ സാക്ഷികൾ മുഖാന്തരം ഹൃദയ ശസ്ത്രക്രിയയിൽ പുരോഗതി
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച് ആഗസ്ററ് 27-ലെ ന്യൂയോർക്ക ഡെയ്ലി ന്യൂസ് അവരുടെ റിപ്പോർട്ടിന് ഇപ്രകാരം തലക്കെട്ടു നൽകി, “രക്തരഹിത ഓപ്പറേഷൻ.” ന്യൂയോർക്ക് ഹോസ്പിറ്റൽ-കോർണൽ മെഡിക്കൽ സെന്റർ, “മുൻ മേയറായ ഡേവിഡ് ഡിക്കിന് അടുത്തയിടെ ആവശ്യമായിരുന്ന അതേ കൊറോണറി ബൈപാസ് ശസ്ത്രക്രിയ ഒരുതുള്ളി രക്തംപോലും നഷ്ടപ്പെടുത്താതെ നടത്തുന്നതിനുള്ള ഒരു വിപ്ലവകരമായ മാർഗം വെളിപ്പെടുത്തി”യിരിക്കുന്നതായി അതു പ്രസ്താവിച്ചു.
“യഹോവയുടെ സാക്ഷികളുടെ താത്പര്യത്താൽ പ്രചോദിപ്പിക്കപ്പെട്ട നൂതന നടപടിക്രമത്തിൻറ അത്ഭുതം . . . ആശുപത്രികൾക്കുണ്ടാകുന്ന ലക്ഷക്കണക്കിനു ഡോളറുകളുടെ ലാഭത്തിലും രോഗികളുടെ രക്തമലിനീകരണത്തിന്റെ അപകടസാധ്യതയിലുള്ള കാര്യമായ കുറവിലും പ്രതിഫലിപ്പിക്കപ്പെടും” എന്നു പ്രസ്തുത പത്രം പറഞ്ഞു. ആ ആശുപത്രിയിലെ രക്തരഹിത ശസ്ത്രക്രിയാപരിപാടിയുടെ ഡയറക്ടറായ ഡോക്ടർ റ്റോഡ് റോസൻഗോർറ്റ് ഇപ്രകാരം പറഞ്ഞു: “ഈ ശസ്ത്രക്രിയയിൽ അത്യാവശ്യമായിവരുന്ന രക്തപ്പകർച്ചയുടെ അളവ് ഒരു രോഗിക്ക് സാധാരണ നൽകുന്ന രണ്ടു മുതൽ നാലു വരെ യൂണിറ്റിൽനിന്ന് പൂജ്യംയൂണിറ്റായി കുറയ്ക്കുവാൻ ഞങ്ങൾ ഇപ്പോൾ പ്രാപ്തരാണ്.”
ആ നടപടിക്രമത്തിനു വഴിയൊരുക്കുന്നതിൽ സഹായിച്ച, പ്രസ്തുത ആശുപത്രിയിലെ ഒരു കാർഡിയാക്ക് സർജനായ ഡോക്ടർ കാൾ ക്രിഗർ ഇങ്ങനെ പറഞ്ഞു: “ദാനരക്തത്തിന്റെയും രക്തോത്പന്നങ്ങളുടെയും ആവശ്യകത ഇല്ലാതാക്കുന്നതിലൂടെ സാധാരണമായി രക്തപ്പകർച്ചയുമായി ബന്ധപ്പെട്ട ചില ശസ്ത്രക്രിയാനന്തര ജ്വരങ്ങളുടെയും രോഗപ്പകർച്ചകളുടെയും അപകടവും കുറയുന്നു.”
“ശസ്ത്രക്രിയക്കു ശേഷം ഇന്റെൻസീവ് കെയർ യൂണിറ്റിൽ ചെലവഴിക്കേണ്ട സമയം രക്തരഹിത ബൈപാസ് 24-ഓ അതിൽ കൂടുതലോ മണിക്കൂറിൽനിന്ന് കേവലം ആറു മണിക്കൂറാക്കി കുറയ്ക്കുന്നു. രക്തരഹിത ശസ്ത്രക്രിയക്കായി തിരഞ്ഞെടുക്കപ്പെട്ട രോഗികൾ രക്തപ്പകർച്ച സ്വീകരിച്ച രോഗികളെക്കാൾ 48 മണിക്കൂർ വരെ വേഗത്തിൽ അവരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും ആശുപത്രി വിട്ടുപോകുന്നതിനും പ്രാപ്തരായിരുന്നു” എന്ന് മററു വിദഗ്ധർ പറയുന്നു. അത് ആശുപത്രികൾക്കും ഗവൺമെൻറിനും ഇൻഷ്വറൻസ് കമ്പനികൾക്കും വലിയ ലാഭത്തെ അർഥമാക്കുന്നു. “ഈ ശസ്ത്രക്രിയയാൽ ഒരു രോഗിക്ക് 1,600 ഡോളർ വീതം ലാഭിക്കുവാൻ കഴിയും” എന്നു ഡോക്ടർ റോസൻഗോർട്ട് കണക്കാക്കി.
ഡെയ്ലി ന്യൂസിന്റെ വിവരണം ഇപ്രകാരം തുടർന്നു:
“വിരോധാഭാസമെന്നു പറയട്ടെ, ഈ നൂതന ശസ്ത്രക്രിയ പ്രചോദിപ്പിക്കപ്പെട്ടതു സാമ്പത്തികമോ വൈദ്യശാസ്ത്രപരമോ പോലുമായ അടിയന്തിരതയാലല്ല, മറിച്ച് മതപരമായ തീക്ഷ്ണതയാലാണ്. വിശ്വാസം രക്തപ്പകർച്ചയെ വിലക്കുന്ന യഹോവയുടെ സാക്ഷികളുടെ സമുദായം . . .ഹൃദ്രോഗത്തിന് ഇരയാകുന്ന പ്രായമായ അംഗങ്ങൾക്കുവേണ്ടി സഹായം തേടുകയായിരുന്നു.
“യഹോവയുടെ സാക്ഷികളുടെ സമുദായത്തിന്റെ ഉദ്ബോധനത്തിങ്കൽ, ഡോക്ടർമാർ തങ്ങളുടെ രക്ഷ പരിരക്ഷണ സാങ്കേതിക വിദ്യകളെ നവീന ഔഷധങ്ങളുമായി സംയോജിപ്പിച്ചു. ഹൃദയശസ്ത്രക്രിയാവേളയിൽ രോഗികളുടെ ജീവൻ നിലനിർത്തുന്ന പരമ്പരാഗത ഹാർട്ട് ആൻറ് ലങ് മെഷീൻ പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു പുതിയ വിധവും അവർ കണ്ടെത്തി.
“പ്രാഥമിക വൈദ്യപഠനത്തിനു വിധേയരായ യഹോവയുടെ സാക്ഷികളായ 40 രോഗികൾക്കു പുറമേ രോഗികളുടെ സാധാരണ സമൂഹത്തിലും ന്യൂയോർക്ക്-കോർണൽ സംഘം ആറുമാസം മുൻപ് ഈ ശസ്ത്രക്രിയ നടത്തി. ‘അന്നുമുതൽ യാതൊരു ജീവനഷ്ടവും കൂടാതെ തുടർച്ചയായ 100 രക്തരഹിത ബൈപാസ് ശസ്ത്രക്രിയകൾ അവർ പൂർത്തീകരിച്ചെന്നു’ ക്രിഗർ പറഞ്ഞു. സാധാരണ ബൈപാസ് ശസ്ത്രക്രിയയുടെ മരണനിരക്ക് ഏകദേശം 2.3% ആണ്.”
ലോകവ്യാപകമായി 102 ആശുപത്രികൾ ഈ സുരക്ഷിത ശസ്ത്രക്രിയാ നടപടിക്രമം ഭൂമിയിലെമ്പാടുമുള്ള രോഗികളുടെ പൊതു സമൂഹത്തിനു ലഭ്യമാക്കിക്കൊണ്ടു രക്തരഹിത ശസ്ത്രക്രിയാ പരിപാടികൾ തങ്ങളുടെ വൈദ്യശാസ്ത്ര സൗകര്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.