തീച്ചൂടിൽ ഞെളിപിരികൊള്ളുന്ന പുകയിലക്കമ്പനികൾ
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റഞ്ചു ജൂലൈ 26-ലെ ദി ന്യൂയോർക്ക് ടൈംസ്-ൽ പ്രത്യക്ഷപ്പെട്ട ഒരു റിപ്പോർട്ടനുസരിച്ചു “സിഗരറ്റുകളിൽ അടങ്ങിയിരിക്കുന്നതിനെക്കുറിച്ചും അവയുടെ ദോഷഫലങ്ങളെക്കുറിച്ചും പുകയിലക്കമ്പനികൾ ഫെഡറൽ അധികൃതരെ തെറ്റിദ്ധരിപ്പിച്ചോയെന്ന് അന്വേഷിക്കാൻ നീതിന്യായവകുപ്പ് ന്യൂയോർക്കിൽ ഒരു മഹാജൂറി വിളിച്ചുകൂട്ടി. കമ്പനി എക്സിക്യൂട്ടിവുകൾ പുകയില ഉത്പന്നങ്ങളെക്കുറിച്ചു കോൺഗ്രസ്സിനോടു കള്ളംപറഞ്ഞോയെന്ന് അന്വേഷിക്കാൻ ഡിപ്പാർട്ടുമെൻറ് ഇവിടെ രണ്ടാമതൊരു സമിതിയെ വിളിച്ചുകൂട്ടാൻ സാധ്യതയുണ്ട്.”
ഇതിന്റെ അടിസ്ഥാനമെന്തായിരുന്നു? ഒരു റിപ്പോർട്ടിൽ അതിനെ വ്യക്തമാക്കിയിട്ടുണ്ട്. 1994 ഏപ്രിലിൽ ഐക്യനാടുകളിലെ ഏഴു പ്രമുഖ പുകയിലക്കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥർ “നിക്കോട്ടിൻ ആസക്തിയുണ്ടാക്കുന്നതായിരുന്നെന്നും സിഗരറ്റുകൾ രോഗത്തിനു കാരണമായെന്നും അല്ലെങ്കിൽ തങ്ങളുടെ കമ്പനികൾ പുകയില ഉത്പന്നങ്ങളിലെ നിക്കോട്ടിന്റെ അളവിൽ കൃത്രിമം കാട്ടിയെന്നും തങ്ങൾ ചിന്തിച്ചിരുന്നില്ല” എന്ന് ഒരു കോൺഗ്രസ്സ് കമ്മിറ്റിയുടെ മുമ്പാകെയുള്ള പ്രതിജ്ഞയിൽ സാക്ഷ്യപ്പെടുത്തി.
അതിനുശേഷം എല്ലാം നിലംപതിച്ചു. അതായത്, 1995 ജൂണിൽ രണ്ടായിരം കുറ്റാരോപണ രേഖകൾ വെളിച്ചത്തു വന്നപ്പോൾ നിരപരാധിത്വത്തെക്കുറിച്ചുള്ള അവരുടെ അവകാശവാദങ്ങൾ തകർന്നുതരിപ്പണമായി. പുകവലിക്കാരുടെ ശരീരത്തിലും മസ്തിഷ്ക്കത്തിലും സ്വഭാവത്തിലുമുള്ള നിക്കോട്ടിന്റെ “ഔഷധശാസ്ത്രപരമായ” ഫലങ്ങളെക്കുറിച്ചു പഠിക്കുന്നതിനു പുകയില ഗവേഷകർ 15 വർഷം ചെലവഴിച്ചിരുന്നുവെന്ന് ഈ രേഖകൾ കാണിക്കുന്നു. കമ്പനികളിലൊന്നിലെ ഒരു മുൻ ഗവേഷണ ശാസ്ത്രജ്ഞനായ ഡോ. വിക്ടർ ഡീനോബിൾ ഗവേഷണത്തിന്റെ അടിസ്ഥാന കണ്ടെത്തലിനെ വിവരിക്കുന്നു: “തങ്ങൾക്കു ടാർ കുറയ്ക്കാനും എന്നാൽ നിക്കോട്ടിൻ കൂട്ടാനും സാധിക്കുമെന്നും അപ്പോൾപോലും പുകവലിക്കാരനു സിഗരറ്റു സ്വീകാര്യമാണെന്നും കമ്പനി തിരിച്ചറിയാൻ തുടങ്ങി. നിക്കോട്ടിൻ കേവലം ശാന്തമാക്കുകയോ ഉത്തേജിപ്പിക്കുകയോ അല്ല, മറിച്ച് അതിന്റെ ഫലം കേന്ദ്രഭാഗത്തുതന്നെ, മസ്തിഷ്കത്തിൽത്തന്നെയാണെന്നും അതിനായിട്ടാണു ജനങ്ങൾ പുകവലിച്ചുകൊണ്ടിരുന്നതെന്നും കണ്ടെത്തി.”
ദി ന്യൂയോർക്ക് ടൈംസ് പറയുന്ന പ്രകാരം, “ഏതു തരം സിഗരറ്റുകൾ ജനങ്ങൾ വലിച്ചാലും, ഉള്ളിലേക്ക് ആഴത്തിൽ ശ്വാസംവലിച്ചും പുക ദീർഘനേരം വായിൽ പിടിച്ചുനിർത്തിയും അല്ലെങ്കിൽ കൂടുതൽ സിഗരറ്റുകൾവലിച്ചും തങ്ങൾക്കാവശ്യമായത്രയും നിക്കോട്ടിൻ എടുക്കാനാണ് അവരുടെ പ്രവണത”യെന്നു കമ്പനി പഠനങ്ങൾ കാണിച്ചു. പുകവലിക്കാരനു സംതൃപ്തി നൽകുവാൻ പര്യാപ്തമായ നിക്കോട്ടിൻ അളവുള്ളതും ടാർ കുറഞ്ഞതുമായ സിഗരറ്റുണ്ടാക്കാൻ കമ്പനി ഗവേഷകർ ശ്രമിച്ചു.
പുകയില കമ്പനി അതിന്റെ ഉപഭോക്താക്കളിൽ അതീവ താത്പര്യം പ്രദർശിപ്പിച്ചുവെന്നു രേഖകൾ കൂടുതലായി വെളിപ്പെടുത്തി. 15 വർഷത്തിലധികമായി കോളെജ് വിദ്യാർഥികളായിരുന്നു അതിന്റെ സൂക്ഷ്മപരിശോധനയുടെ വിഷയം. 14 വയസ്സുള്ള ചില പുകവലിക്കാരുൾപ്പെടെ ഒരു അയ്യോവ ടൗണിലെ ആളുകളിൽനിന്ന് അവരുടെ പുകവലി ശീലത്തെക്കുറിച്ചുള്ള വിവരങ്ങൾ തേടുകയുണ്ടായി.
ഏഴു പുകയിലക്കമ്പനികൾക്കെതിരെ കൂട്ടായ നിയമനടപടികൾ ആരംഭിച്ചിരുന്ന അഭിഭാഷകസംഘത്തിന് ഈ ഗവേഷണരേഖകൾ പുറത്തായതു വലിയൊരനുഗ്രഹമായി തോന്നി. പുകയിലക്കമ്പനികൾ നിക്കോട്ടിന്റെ ആസക്തിയുളവാക്കുന്ന ഗുണങ്ങളെക്കുറിച്ചുള്ള അറിവു മറെച്ചുവെച്ചുവെന്നും ആസക്തി വർധിപ്പിക്കാൻ നിക്കോട്ടിന്റെ അളവിൽ കൃത്രിമം കാണിച്ചുവെന്നും അവർ ആരോപിക്കുന്നു. ഈ കമ്പനികൾ ഒരു വിനോദമെന്ന നിലയിൽ ഈ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നെന്നു ലോകത്തിലെ ഒരു ജൂറിയും വിശ്വസിക്കുകയില്ലെന്ന് ഒരു നിയമജ്ഞൻ പറഞ്ഞു.
വികസിത രാജ്യങ്ങളിൽ അഗ്നിക്കൊടുങ്കാറ്റ് കൂടുതൽ ചൂടുപിടിക്കുന്നതോടെ പുകയിലപ്പുക വികസ്വര രാജ്യങ്ങളിലേക്കു കൂടുതലായി പടരുന്നു. നാൽപ്പതു വർഷങ്ങൾക്കു മുമ്പ് ദക്ഷിണരാജ്യങ്ങളിൽ അഥവാ വികസ്വര രാജ്യങ്ങളിൽ, സ്ത്രീകളിൽ മിക്കവാറും ആരുംതന്നെ പുകവലിച്ചിരുന്നില്ല. പുരുഷൻമാരിൽ ഏതാണ്ട് 20 ശതമാനം മാത്രമേ പുകവലിച്ചിരുന്നുള്ളൂ. എന്നാൽ ഇന്നു വികസ്വര രാജ്യങ്ങളിലെ മൊത്തം സ്ത്രീകളുടെ 8 ശതമാനവും മൊത്തം പുരുഷൻമാരുടെ 50 ശതമാനവും പുക വലിക്കുന്നവരാണ്. ആ എണ്ണം കൂടിക്കൊണ്ടുമിരിക്കുന്നു. “പുക ദക്ഷിണരാജ്യങ്ങളെ വീശിയടിച്ചുകൊണ്ടിരിക്കുന്നു”വെന്നു ഗവേഷകർ പറയുന്നു.
ഈ പ്രവണതയെക്കുറിച്ച് ഉണരുക! ലേഖകൻ റിപ്പോർട്ടുചെയ്യുന്നു
ബ്രസീലിലുള്ള ഞങ്ങളുടെ ലേഖകൻ ദക്ഷിണരാജ്യങ്ങളിലെ അവസ്ഥയെക്കുറിച്ചു ചില പൊതുവായ അഭിപ്രായങ്ങൾ പറയുന്നു. വ്യാവസായിക ലോകത്തിലെ ഗവേഷണം പുകവലിക്കാരനു പൂർവാധികം മാരകമായ ഒരു ചിത്രമാണു നൽകുന്നത്. അതിന് അതിന്റെ ഫലമുണ്ട്. “പൊതുബോധനത്തിന്റെ പരമ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടുള്ള രാജ്യങ്ങളിൽ ഇപ്പോൾ പുകയില ഉപഭോഗം കുറഞ്ഞുകൊണ്ടിരിക്കുന്നതു കാണുകയാണ്” എന്നു ലോകാരോഗ്യ സംഘടന (WHO) റിപ്പോർട്ടു ചെയ്യുന്നു. “ഉത്തരരാജ്യങ്ങളിൽ അനേക ഭവനങ്ങളിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും പുകവലി മേലാൽ സാമൂഹികമായി സ്വീകാര്യമല്ലെ”ന്നും “പുകവലിക്കു തങ്ങളെ കൊല്ലാൻ കഴിയു”മെന്നു ജനങ്ങളിൽ ഏറിയപങ്കും ഇപ്പോൾ തിരിച്ചറിയുന്നുവെന്നും ലണ്ടൻ അടിസ്ഥാനമായുള്ള വാർത്താ സംഘടനയായ പനോസ് കൂട്ടിച്ചേർക്കുന്നു. “പുകയില വ്യവസായം ദക്ഷിണരാജ്യങ്ങളിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു.”
വിപരീതമായി, ദക്ഷിണരാജ്യങ്ങളിൽ ഒരു പുതിയ വിപണി തുടങ്ങുകയെന്നതു സിഗരറ്റുകളുടെ ഒരു പായ്ക്കറ്റു തുറക്കുന്ന അത്രതന്നെ എളുപ്പമാണെന്നു തെളിയുന്നു. പുകയില വ്യവസായത്തെ മോഹിപ്പിക്കുന്ന പരിതഃസ്ഥിതികളാണു വികസ്വര രാജ്യങ്ങളിലുള്ളത്. വികസ്വര രാജ്യങ്ങളിൽ 4-ൽ 3-ലും പരസ്യത്തിന്മേൽ നിരോധനങ്ങളില്ല. അതേസമയം പുകവലിയുടെ അപകടങ്ങളെക്കുറിച്ചു പൊതുജനങ്ങൾക്കു കാര്യമായ അറിവുമില്ല. “അപകട സാധ്യതയെക്കുറിച്ച് അവരോടു പറയാത്തതുനിമിത്തം അവർ അതു സംബന്ധിച്ചു ബോധമുള്ളവരല്ലെ”ന്ന് പനോസ് പറയുന്നു.
യുവതികളെ—വ്യവസായത്തിന്റെ പ്രമുഖ ലക്ഷ്യങ്ങളിലൊന്ന്—തങ്ങളുടെ ആദ്യ സിഗരറ്റിനു തീകൊളുത്താൻ പ്രേരിപ്പിക്കുന്ന പരസ്യങ്ങൾ, പുകവലിയെ “സ്വതന്ത്രസ്ത്രീകൾ ആസ്വദിക്കുന്ന പകിട്ടാർന്ന, രസകരമായ ഒരു പ്രവൃത്തിയായാണു ചിത്രീകരിക്കുന്നത്.” വ്യാവസായിക ലോകത്തിൽ അരനൂറ്റാണ്ടുമുമ്പ് ഉപയോഗിച്ചിരുന്നവയുമായി കുറച്ചൊക്കെ ഈ പുകയില പരസ്യങ്ങൾക്കു സാമ്യമുള്ളതായി തോന്നുന്നു. അന്ന് ആ പരസ്യങ്ങൾക്കു വിജയമുണ്ടായി. ഏറെത്താമസിയാതെ, 3 സ്ത്രീകളിൽ ഒരാൾ വീതം “പുരുഷതുല്യ ആവേശത്തോടെ പുകവലിക്കുകയായിരുന്നു”വെന്ന് ഒരു ഉറവിടം പറയുന്നു.
ഇന്ന്, വികസ്വര രാജ്യങ്ങളിലെ ബോധവതികളല്ലാത്ത സ്ത്രീകളെ ലക്ഷ്യമാക്കിയുള്ള അതിതീവ്രമായ വിപണനം, 1920-കളിലെയും 1930-കളിലെയും ഈ പരസ്യ “വിജയം” ആവർത്തിക്കപ്പെടാൻ പോവുകയാണെന്ന് ഉറപ്പുനൽകുന്നു. അതുകൊണ്ടു ലോകത്തിന്റെ ദരിദ്രരാഷ്ട്രങ്ങളിലെ ലക്ഷക്കണക്കിനു ചെറുപ്പക്കാരികളെക്കുറിച്ച് ഇരുളടഞ്ഞ വീക്ഷണമാണുള്ളത്. കാരണം അവർ ഇപ്പോൾ, ഒരു നിരീക്ഷകൻ രേഖപ്പെടുത്തിയ പ്രകാരം, “തങ്ങളുടെ പ്രാരംഭ നിക്കോട്ടിനിൽ അഴകുള്ള ചെറുപ്പക്കാരിക”ളായിത്തീരുന്നതിന്റെ അപകടത്തിലാണ്.
പ്രഥമലക്ഷ്യം
പുകയില വ്യവസായത്തിന്റെ പ്രമുഖ ലക്ഷ്യങ്ങളിലൊന്നു സ്ത്രീകളാണെങ്കിലും യുവജനങ്ങളാണ് അതിന്റെ പ്രഥമ ലക്ഷ്യം. കാർട്ടൂൺ രീതിയിലുള്ള പരസ്യങ്ങളും കളിപ്പാട്ടങ്ങളിന്മേലുള്ള സിഗരറ്റ് ആപ്തവാക്യങ്ങളും ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുന്നു, കൂടാതെ, കായിക വിനോദങ്ങൾ ഏറ്റെടുത്തു നടത്തുന്നതിലും അങ്ങനെതന്നെയാണ്.
ചൈനയിൽ ചെറുപ്പക്കാർ “ഒരു വലിയ അളവിൽ സിഗരറ്റ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നു”വെന്ന് പനോസ്ക്കോപ്പ് മാസിക റിപ്പോർട്ടു ചെയ്യുന്നു. 12 മുതൽ 15 വരെ പ്രായമുള്ളവരിൽ ഏതാണ്ട് 35 ശതമാനവും 9 മുതൽ 12 വരെ പ്രായമുള്ളവരിൽ 10 ശതമാനവും പുകവലിക്കാരാണ്. ബ്രസീലിൽ ഒരുകോടി യുവാക്കൾ പുകവലിക്കാരാണെന്നു കണക്കാക്കപ്പെടുന്നതായി ഫോൾയോ ഡി എസ്. പൗലൊ എന്ന ദിനപ്പത്രം റിപ്പോർട്ടു ചെയ്യുന്നു. അവർ അപകടങ്ങളെക്കുറിച്ചു ബോധമില്ലാത്തവരാണോ? “സിഗരറ്റു വലിക്കുന്നതു ഹാനികരമാണെന്ന് എനിക്കറിയാം, എന്നുവരികിലും അതിനു വളരെ സുഖമുണ്ട്” എന്ന് ഒരു ദിവസം ഒന്നര പായ്ക്കറ്റ് സിഗരറ്റു വലിക്കുന്ന റോഫോൾ എന്ന 15 വയസ്സുകാരൻ ബ്രസീലിയൻ കുട്ടി പറയുന്നു. യാതൊരു അല്ലലുമില്ലാത്ത ഈ ന്യായവാദത്തിന്റെ ഫലമോ? “ഓരോ ദിവസവും ഏറ്റവും കുറഞ്ഞത് വേറൊരു 4,000 യുവജനങ്ങൾ പുകവലി ആരംഭിക്കുന്നു”വെന്ന് പനോസ് റിപ്പോർട്ടു ചെയ്യുന്നു.
ഉത്തരരാജ്യങ്ങളിൽ വിൽക്കപ്പടുന്ന ഇനത്തെക്കാൾ കൂടിയ അളവിൽ ടാറും നിക്കോട്ടിനുമടങ്ങിയ ചില ഉത്പന്നങ്ങൾ പുകയില വ്യവസായികൾ ദക്ഷിണരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നതിന്റെ കാരണം വ്യക്തമാണ്. “നിക്കോട്ടിൻ ഹേതുവായി ഞാൻ ക്ഷമായാചനം നടത്തുന്നില്ല” എന്ന് ഏതാനും വർഷങ്ങൾക്കു മുമ്പ് ഒരു പുകയിലവ്യവസായ ഉദ്യോഗസ്ഥൻ പറഞ്ഞു. “വീണ്ടും വീണ്ടും ബിസിനസുണ്ടാക്കുന്നത് അതാണ്. ജനങ്ങൾ തിരികെ വരാൻ അത് ഇടയാക്കുന്നു.” അതു ഫലപ്രദമാണ്. “നിക്കോട്ടിന്റെ ഉയർന്ന അളവുകൾ മൂലം, കൂടുതൽ വേഗത്തിൽ അടിമയാക്കുകയും ക്രമേണ ആ അളവുകൾ കുറയ്ക്കുന്നത് ഉപയോഗവും വിൽപ്പനയും വർധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ തുറന്നുതരുകയും ചെയ്യുന്നു”വെന്നു ഡച്ച് പ്രസിദ്ധീകരണമായ റൂക്കെൻ വെൽബെസ്ക്കോട്ട് (പുകവലി—എല്ലാ സംഗതികളും പരിചിന്തിക്കപ്പെടുന്നു) സ്ഥിരീകരിക്കുന്നു.
“വ്യവസായത്തെ ബിസിനസിൽ നിലനിർത്തിക്കൊണ്ടുപോകുന്ന ഒരു വിപണിയായിട്ടാണു ദക്ഷിണരാജ്യങ്ങളെ പുകയില വ്യവസായം വീക്ഷിക്കുന്ന”തെന്നു പനോസ് ഉപസംഹരിക്കുന്നു.
പുകയ്ക്കുന്നോ അതോ ജീവിക്കുന്നോ?
നിങ്ങൾ ഒരു വികസ്വര രാജ്യത്താണു ജീവിക്കുന്നതെങ്കിൽ, നിങ്ങളെന്തുചെയ്യും? വസ്തുതകൾ വ്യക്തമാണ്. 1950 വരെ പുകവലിയോടു ബന്ധപ്പെട്ട രോഗങ്ങളാലുള്ള മരണങ്ങൾ അവഗണിക്കത്തക്കതായിരുന്നു. എന്നാൽ ഇന്നു ദക്ഷിണരാജ്യങ്ങളിൽ ഓരോ വർഷവും പത്തുലക്ഷം ആളുകൾ പുകവലിയോടു ബന്ധപ്പെട്ട രോഗങ്ങളാൽ മരിക്കുന്നുണ്ട്. എങ്കിലും, മൂന്നു ദശകങ്ങൾക്കുള്ളിൽ വികസ്വര രാജ്യങ്ങളിലെ പുകവലിയോടു ബന്ധപ്പെട്ട മരണങ്ങളുടെ വാർഷിക സംഖ്യ 70 ലക്ഷമായി ഉയരുമെന്ന് WHO മുന്നറിയിപ്പു നൽകുന്നു. പുകയിലപ്പരസ്യങ്ങൾ നിങ്ങളോടു പറയുന്നതിനു വിരുദ്ധമായി, സിഗരറ്റുകൾ ആത്യന്തികമായി മാരകമായതാണ്.
അപകടങ്ങളെപ്പറ്റി ബോധവാനാണെന്നു നിങ്ങൾ പറയുന്നെങ്കിലോ? വളരെ നല്ലത്. ആ അറിവുകൊണ്ടു നിങ്ങളെന്തുചെയ്യും? പുകവലിയെക്കുറിച്ചുള്ള ഭയജനകമായ അനേകം കാര്യങ്ങൾ വായിക്കുകയും തന്മൂലം വായന ഉപേക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്ത ഒരു പുകവലിക്കാരനെപ്പോലെയായിരിക്കുമോ നിങ്ങൾ? അതോ പുകയിലപ്പരസ്യങ്ങൾ സൃഷ്ടിക്കുന്ന പുകമറയ്ക്കുള്ളിലേക്കു നോക്കി പുകവലിയോട് ഇല്ല എന്നു പറയാൻ തക്കവണ്ണം നിങ്ങൾ സാമർഥ്യമുള്ളവനായിരിക്കുമോ? പുകയിലപ്പുക ദക്ഷിണ രാജ്യങ്ങളിലേക്കു വീശിയടിച്ചുകൊണ്ടിരിക്കുന്നുവെന്നതു സത്യമാണ്—എന്നാൽ അതു നിങ്ങളുടെ വഴിയിലേക്കു വീശേണ്ടതില്ല!
[19-ാം പേജിലെ ചതുരം]
ചൈന—ഒന്നാംസ്ഥാനത്ത്
ചൈനയിലെ 35 വയസ്സുകാരനായ ജോങ് ഹോൻമിൻ ഒരു സിഗരറ്റെടുത്തു തീ കൊളുത്തുന്നു. “സത്യം പറഞ്ഞാൽ, പലതും ഇല്ലാതെ എനിക്കു പിടിച്ചുനിൽക്കാൻ കഴിയും. പക്ഷേ, സിഗരറ്റുകൾ അവയിലൊന്നല്ല” എന്ന് അദ്ദേഹം പറയുന്നു. ജോങിന്റെ സ്വന്ത രാജ്യക്കാരായ 30 കോടി മറ്റുള്ളവരെക്കുറിച്ചും ഇതുതന്നെ പറയാമെന്നു തോന്നുന്നു. 1980-കൾ മുതൽ ചൈന “മറ്റേതൊരു രാജ്യത്തെക്കാളും മുന്തിയ പുകയില ഉത്പാദനവും അതിന്റെ മുന്തിയ വിൽപ്പനയും മുന്തിയതോതിൽ പുകവലിയും” നടത്തിയിട്ടുണ്ട്. ചൈനയെ “ലോകത്തിലെ ഒന്നാംകിട പുകയില രാഷ്ട്ര”മാക്കി മാറ്റിക്കൊണ്ട് ഒരു സമീപ വർഷത്തിൽ “തഴമ്പിച്ച പുകവലിക്കാർക്കു കോടിക്കണക്കിനു സിഗരറ്റുകൾ വിറ്റഴിക്കപ്പെടുകയുണ്ടായി.”—പാനോസ്ക്കോപ്പ് മാസിക.
[20-ാം പേജിലെ ചതുരം]
ഒരു “വാറണ്ടി”യോടു കൂടിയ സിഗരറ്റുകളോ?
പുകയിലയോടു ബന്ധപ്പെട്ട രോഗങ്ങൾ നിമിത്തം ഓരോ വർഷവും 30 ലക്ഷം ആളുകൾ മരിക്കുന്നുവെങ്കിലും, പരസ്യങ്ങൾ പുകവലിക്കാരോട് അവരുടെ ശീലം സുരക്ഷിതമായതാണെന്നു പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഉദാഹരണത്തിന്, ഒരു ബ്രസീലിയൻ മാസികയിലെ അടുത്തകാലത്ത ഒരു പരസ്യം “ഒരു ഫാക്ടറി വാറണ്ടിയോടു കൂടി വരുന്ന” ഒരു സിഗരറ്റ് ബ്രാൻഡിന്റെ എത്തിച്ചേരലിനെ കൊട്ടിഘോഷിച്ചു. “നിങ്ങളുടെ കാറിനൊരു വാറണ്ടിയുണ്ട്; നിങ്ങളുടെ ടിവി-ക്കു വാറണ്ടിയുണ്ട്; നിങ്ങളുടെ വാച്ചിനു വാറണ്ടിയുണ്ട്. നിങ്ങളുടെ സിഗരറ്റിനും” എന്നു പരസ്യം ഉറപ്പുനൽകുന്നു. എന്നിരുന്നാലും, പരസ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നതുപോലെയും പഴക്കംചെന്ന പുകവലി രോഗികൾക്കു സാക്ഷ്യപ്പെടുത്താൻ കഴിയുന്നതുപോലെയും ഒരേയൊരു വാറണ്ടിയുള്ളതു “പുകവലി ആരോഗ്യത്തിനു ഹാനികരമാണ്” എന്നതിനാണ്.
[19-ാം പേജിലെ ചിത്രം]
ഒരു മുഖ്യലക്ഷ്യം—വികസ്വര രാജ്യങ്ങളിലെ സ്ത്രീകൾ
[കടപ്പാട്]
WHO photo by L. Taylor
[20-ാം പേജിലെ ചിത്രം]
അപകടങ്ങളെക്കുറിച്ച് അജ്ഞരോ?
[കടപ്പാട്]
WHO