ലോകത്തെ വീക്ഷിക്കൽ
“നിശബ്ദ കട്ടക്കൊല”
പ്രമുഖ വികസന ജീവകാരുണ്യ സംഘടനയായ ഓക്സ്ഫാമിന്റെ വീക്ഷണത്തിൽ ലോകത്തിലെ ദരിദ്രരുടെ കഷ്ടപ്പാടുകൾ “നിശബ്ദ കൂട്ടക്കൊല”യെന്നു നാമകരണം ചെയ്യത്തക്കവിധം അത്ര രൂക്ഷമാണെന്നു ബ്രിട്ടീഷ് വർത്തമാനപത്രമായ ഗാർഡിയൻ വീക്ക്ലി പറയുന്നു. ലോകത്തിലെ ദരിദ്രരെ സഹായിക്കുന്നതിനുള്ള ഒരു പഞ്ചവത്സര സംഘടിത പ്രവർത്തനത്തിനു തുടക്കംകുറിക്കുന്ന റിപ്പോർട്ടിൽ ലോക ജനസംഖ്യയുടെ അഞ്ചിലൊന്ന് 50 അതിദരിദ്ര രാഷ്ട്രങ്ങളിലായിട്ടാണു ജീവിക്കുന്നതെന്ന് ഓക്സ്ഫാം കണ്ടെത്തി. ലോകവരുമാനത്തിന്റെ വെറും 2 ശതമാനം മാത്രമാണ് ആ രാഷ്ട്രങ്ങൾ പങ്കുവയ്ക്കുന്നത്. രാജ്യങ്ങൾക്കുള്ളിലുള്ള ധനികരുടെയും ദരിദ്രരുടെയും ഇടയിലെ വിടവും വർധിച്ചുകൊണ്ടിരിക്കുന്നു. ഉദാഹരണമായി, മെക്സിക്കോ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വിപുലവ്യാപകമായ ദാരിദ്ര്യവും അനുഭവിച്ചിരിക്കുന്നു. എന്നാൽ അതേ സമയംതന്നെ കോടീശ്വരന്മാരുടെ എണ്ണത്തിൽ ഏറ്റവും വേഗതകൂടിയ വളർച്ചയും കണ്ടിരിക്കുന്നു. ഓക്സ്ഫാമിന്റെ ഒരു വക്താവ് ഇപ്രകാരം പ്രസ്താവിക്കുന്നു: “ലോക നേതാക്കൾക്കും യു.എൻ.-നും വഴിതെറ്റിയിരിക്കുന്നുവെന്ന തോന്നലുണ്ട്. രണ്ടായിരാം ആണ്ടുമുതൽ മുന്നോട്ട് നമുക്ക് ഒരു നവീന സമീപനം ആവശ്യമാണ്.”
സിഗരറ്റുകളെക്കാൾ അപകടകരം
ദരിദ്രമനുഷ്യന്റെ സിഗരറ്റെന്നും അറിയപ്പെടുന്ന ബീഡിയെക്കുറിച്ചുള്ള ഇന്ത്യയിലെ ഒരു പാർലിമെന്ററി കമ്മിറ്റിയുടെ നിഗമനം അതാണ്. 40 ലക്ഷത്തിലധികം വരുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും ചേർന്നു പുകയിലപ്പൊടി ബീഡിയിലയിൽ പൊതിഞ്ഞു ചെറിയ ചുരുളുകളാക്കുകയും അതിനെ നൂലുകൊണ്ടുകെട്ടുകയും ചെയ്തുകൊണ്ടു പ്രതിദിനം 30 കോടിയിലധികം ബീഡികൾ നിർമിക്കുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ദ ടൈംസ് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, കാൻസർ വരുത്തുവാൻ സിഗരറ്റിനെ അപേക്ഷിച്ചു രണ്ടര മടങ്ങു കൂടുതൽ പ്രാപ്തിയുള്ള ബീഡി സിലിക്കോസിസിനും ക്ഷയരോഗത്തിനും ഇടയാക്കുന്നതായി അടുത്തകാലത്തെ റിപ്പോർട്ടു കാണിക്കുന്നു. കൂടാതെ, നിലവാരമുള്ള ഇന്ത്യൻ സിഗരറ്റ് 36 ശതമാനം ടാറും 1.9 ശതമാനം നിക്കോട്ടിനും ഉൾക്കൊള്ളുമ്പോൾ ബീഡിയിൽ 47 ശതമാനം ടാറും 3.7 ശതമാനം നിക്കോട്ടിനുമുണ്ട്. പുകവലിക്കാർക്കു മാത്രമല്ല അപകട സാധ്യതയുള്ളത്. ശരിയായ വായു സഞ്ചാരമില്ലാത്ത കുടിലുകളിൽ പുകയിലപ്പൊടി ശ്വസിച്ചുകൊണ്ടു ബീഡി നിർമാതാക്കളായ ലക്ഷക്കണക്കിനാളുകൾ അനാരോഗ്യകരമായ അവസ്ഥകളിൽ നീണ്ട മണിക്കൂറുകൾ ജോലി ചെയ്യുന്നു. വിശേഷിച്ചും കഷ്ടപ്പെടുന്നത് ഇതേ ജോലി ചെയ്യുന്ന കുട്ടികളാണ്.
സാക്ഷരതയ്ക്ക് അമ്മമാരുടെമേലുള്ള ഫലം
വികസ്വരരാജ്യങ്ങളിലെ കുട്ടികൾക്ക് അവരുടെ അമ്മമാർ സാക്ഷരരാണെങ്കിൽ അതിജീവനത്തിനുള്ള മെച്ചമായ സാധ്യതയുണ്ടെന്നു വളരെക്കാലമായി പൊതുജനാരോഗ്യ വിദഗ്ധർ വിശ്വസിക്കുന്നു. എന്നാൽ അവർക്കൊരിക്കലും വായനയെ ഒരു നിർണായക ഘടകമെന്ന നിലയിൽ വേർതിരിച്ചു നിർത്തുവാൻ കഴിഞ്ഞിട്ടില്ല. “സ്ത്രീകളെ വിദ്യ അഭ്യസിപ്പിക്കുന്നതിന് അവരുടെ കുട്ടികളുടെ ആരോഗ്യത്തിന്മേൽ ഒരു നേരിട്ടുള്ള ഫലമുണ്ടെന്ന് ആദ്യമായി പ്രകടമാക്കിയതു” നിക്കരാഗ്വയിൽ നടത്തപ്പെട്ട ഒരു പഠനമാണെന്ന് ന്യൂ സയൻറിസ്റ്റ് മാസിക പറയുന്നു. 1979 മുതൽ 1985 വരെയുള്ള കാലയളവിൽ നടത്തപ്പെട്ട നിക്കരാഗ്വയുടെ വമ്പിച്ച സാക്ഷരതാ പരിപാടിയിൽ പങ്കെടുത്ത പ്രായപൂർത്തിയായ നിരക്ഷര സ്ത്രീകളെക്കുറിച്ചു പ്രസ്തുത പഠനം സൂക്ഷ്മമായ അവലോകനം നടത്തി. 1970-കളുടെ അവസാനം നിരക്ഷര അമ്മമാർക്കുണ്ടായ കുഞ്ഞുങ്ങളുടെ മരണനിരക്ക് 1,000 ജീവനുള്ള ജനനങ്ങൾക്ക് ഏകദേശം 110 മരണങ്ങൾ എന്ന തോതിലായിരുന്നു. 1985 ആയതോടെ പ്രസ്തുത പരിപാടിയിൽ വായിക്കുവാൻ പഠിച്ച അമ്മമാർക്കുണ്ടായ കുട്ടികളുടെ മരണനിരക്ക് ആയിരത്തിന് 84 ആയി കുറഞ്ഞു. അവരുടെ കുട്ടികൾ മെച്ചമായി പോഷിപ്പിക്കപ്പെട്ടവരായിരുന്നു. സാക്ഷര അമ്മമാരുടെ കുട്ടികൾ വളരെയധികം നന്നായിരിക്കുന്നത് എന്തുകൊണ്ടാണെന്നു വിദഗ്ധന്മാർക്ക് ഇപ്പോഴും നിശ്ചയമില്ല.
താറുമാറാക്കപ്പെട്ട വിശ്വാസം
കുട്ടികൾക്കു നേരെയുള്ള വിപുലവ്യാപകമായ ദുഷ്പെരുമാറ്റം സംബന്ധിച്ച കുറ്റാരോപണങ്ങളാൽ കാനഡയുടെ ഉത്തര പശ്ചിമ പ്രദേശങ്ങളിലെ ഹുഡ്സൺ ഉൾക്കടലിങ്കൽ ഉള്ള ചെസ്റ്റർ ഫീൽഡ് ഇൻലറ്റ് എന്ന ചെറുപട്ടണം കിടിലം കൊണ്ടു. ഗവണ്മെൻറ് പുറത്തിറക്കിയ ഒരു സ്വതന്ത്ര റിപ്പോർട്ട്, സർ ജോസഫ് ബെർനിയൻ ഫെഡറൽ ഡേ സ്കൂളിലും കത്തോലിക്കാ സഭ നടത്തുന്ന സമീപസ്ഥ താമസസ്ഥലത്തുമായി 1950-കളിലും 1960-കളിലുമായി ഏതാണ്ടു 17-ലധികം വർഷം സ്വദേശികളായ ഇൻന്യൂട്ട് കുട്ടികൾ ലൈംഗികവും ശാരീരികവുമായ ദുഷ്പെരുമാറ്റത്തിനു വിധേയരായ സംഭവങ്ങൾ കണ്ടെത്തിയതായി മക്ലിയൻസ മാഗസിൻ പറയുന്നു. ദുഷ്പെരുമാറ്റം സംബന്ധിച്ച 236 ആരോപണങ്ങളെക്കുറിച്ച് 21 മാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയ പൊലീസ് കുറ്റപത്രം തയ്യാറാക്കേണ്ടതില്ലെന്നു തീരുമാനിച്ചു. എന്തുകൊണ്ടെന്നാൽ, കാലവിളംബം നിമിത്തം ചില കേസുകൾക്കു നിയമ സാധുത നഷ്ടപ്പെട്ടിരുന്നു. മറ്റു ചിലവയിൽ ആരോപണ വിധേയരായ കുറ്റവാളികൾ വൃദ്ധരോ മരിച്ചുപോയവരോ ആയിരുന്നു. ഇനിയും ചില കേസുകളിൽ പൂർവ വിദ്യാർഥികൾക്കു കുറ്റക്കാരായവരെ അസന്ദിഗ്ധമായി തിരിച്ചറിയാൻ കഴിഞ്ഞില്ല. “സമയം കടന്നുപോയത് ആരോപണ വിധേയരായവരെ ശിക്ഷിക്കുന്നതു നിശ്ചയമായും വിഷമകരമാക്കിത്തീർത്തുവെങ്കിലും അതു ബലിയാടുകളായവരുടെ വേദന തുടച്ചുനീക്കിയില്ല” എന്നു മക്ലിയൻസ കുറിക്കൊണ്ടു.
കുടുംബജീവിതം അധഃപതിക്കുന്നു
ഈ നാളുകളിൽ കുടുംബജീവിതം മുന്നോട്ടു പോകുന്നത് എങ്ങനെയാണ്? ഐക്യരാഷ്ട്രങ്ങളുടെ പൊതുവിവര വിഭാഗം പറയുന്നതനുസരിച്ച്, ലോകവ്യാപകമായി പിതാക്കന്മാർ ഒരു ദിവസം തങ്ങളുടെ കുട്ടികളുമായി തനിച്ചു ചെലവഴിക്കുന്ന ശരാശരി സമയം ഒരു മണിക്കൂറിൽ താഴെയാണ്. ഹോങ്കോങ്ങിൽ ശരാശരി ആറു മിനിറ്റാണ്. മാതാവോ പിതാവോ മാത്രമുള്ള കുടുംബങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. ഉദാഹരണമായി, യുണൈറ്റഡ് കിങ്ഡത്തിൽ 1990-ൽ നടന്ന ജനനങ്ങളിൽ പകുതിയും അവിവാഹിത സ്ത്രീകൾക്കായിരുന്നു. കുടുംബത്തിലെ അക്രമവും വർധിച്ചുവരുന്നു. ഐക്യനാടുകളിലും പശ്ചിമ യൂറോപ്പിലും വസിക്കുന്ന കുട്ടികളിൽ നാലു ശതമാനം ഓരോ വർഷവും ഭവനത്തിനുള്ളിൽനിന്നുള്ള ഗുരുതരമായ അക്രമത്തിനു വിധേയരാകുന്നതായി കണക്കാക്കപ്പെടുന്നു. പ്രായമായവർക്കും പ്രശ്നങ്ങളുണ്ട്. യുഎൻ റിപ്പോർട്ട് ഇപ്രകാരം പ്രസ്താവിക്കുന്നു: “‘വികസിത’മെന്നു വിളിക്കപ്പെടുന്ന യൂറോപ്യൻ യൂണിയനിൽ (EU) ഉള്ള രാജ്യങ്ങളിൽ പോലും പ്രായമായവരിൽ അഞ്ചിലൊന്നു മിക്കപ്പോഴും കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പിന്തുണയില്ലാതെ നഗരചേരികളിൽ ഒറ്റപ്പെട്ടു താരതമ്യേന ദാരിദ്ര്യത്തിൽ ജീവിക്കുന്നു.”
സാർവദേശീയ വിവാഹ നടത്തിപ്പിന്റെ അപകടങ്ങൾ
പൂർവ യൂറോപ്പിൽനിന്നു പശ്ചിമ യൂറോപ്പിലേക്കു യാത്ര ചെയ്യുന്നതിനു ലഭിച്ച സ്വാതന്ത്ര്യത്തോടൊപ്പം ഒരു അരുചികരമായ ഉപോത്പന്നവും കൂടി എത്തിയിരിക്കുന്നു, സാർവദേശീയ വിവാഹ നടത്തിപ്പ്. 1991 മുതൽ കണക്കാക്കപ്പെട്ട പ്രകാരം 15,000 സ്ത്രീകൾ പൂർവയൂറോപ്പിൽനിന്നു പശ്ചിമയൂറോപ്പിലേക്കു തപാൽ മാർഗം വിളിക്കപ്പെട്ട മണവാട്ടികളെന്ന നിലയിൽ പോയിരിക്കുന്നു. അനേകം സ്ത്രീകൾ ദാരിദ്ര്യത്തിൽ ജീവിക്കുകയും ഒരു മെച്ചപ്പെട്ട ജീവിതം സ്വപ്നം കാണുകയും ചെയ്യുന്നു. അതുകൊണ്ട് അവർ ഒരു വിവാഹ നടത്തിപ്പ് ഏജൻസിയുടെ പരസ്യത്തിനു മറുപടിനൽകുന്നു. ഒരു സ്ത്രീ ഒരു വിദേശനാട്ടിൽ തനിച്ചാക്കപ്പെടുകയും നിഷ്ഠൂരനായ ഒരു ഭർത്താവിന്റെ അധികാരത്തിനു കീഴ്പെട്ടു ജീവിക്കേണ്ടിവരികയും ചെയ്യുമ്പോൾ ഒട്ടുമിക്കപ്പോഴും ആ സ്വപ്നം ഒരു പേക്കിനാവായി മാറുന്നു. ജർമനിയിലുള്ള ഭർത്താവിനാൽ വളരെ ക്രൂരമായി മർദിക്കപ്പെട്ട പോളണ്ടുകാരിയായ ഒരു വധു വനത്തിലേക്ക് ഒളിച്ചോടി. മരംകോച്ചുന്ന തണുപ്പിൽ രണ്ടു ദിവസം അവിടെ കഴിഞ്ഞുകൂടുകയും ചെയ്തു. ശീതാധിക്യത്താലുണ്ടായ തരിപ്പു നിമിത്തം അവളുടെ ഇടതു കാൽപാദവും വലതു കാലും ഛേദിച്ചുകളയേണ്ടിവന്നു. ഇംഗ്ലീഷ് വർത്തമാനപ്പത്രമായ ഗാർഡിയൻ വീക്ക്ലി ഇപ്രകാരം കുറിക്കൊള്ളുന്നു: “വിവാഹ നടത്തിപ്പ് ഏജൻസികളിൽ മിക്കവയും വ്യഭിചാര സംഘങ്ങളെപ്പോലെ തന്നെ തികച്ചും കുടിലമാണ്. അവർ സ്ത്രീകളെ വിദേശത്തേക്കു പ്രലോഭിപ്പിച്ചുകൊണ്ടുപോവുകയും പിന്നെ ബലം പ്രയോഗിച്ച് അവരെ വ്യഭിചാരശാലകളിൽ ആക്കുകയും ചെയ്യുന്നു. ചെറുത്തുനിൽക്കുന്നവർ പതിവായി കൊല്ലപ്പെടുന്നു.”
യാത്രയിലെ രോഗം
നിങ്ങൾക്കു യാത്രയിലെ രോഗം ഉണ്ടാകാറുണ്ടോ? അങ്ങനെയാണെങ്കിൽ നിങ്ങൾ തനിച്ചല്ല. 10-ൽ 9-പേരും വ്യത്യസ്ത നിലകളിൽ യാത്രാരോഗത്തിനു ചായ്വുള്ളവരാണെന്ന് ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ റിപ്പോർട്ടു ചെയ്യുന്നു. നായ്ക്കളും പ്രത്യേകിച്ചു നായ്ക്കുട്ടികളും ബാധിക്കപ്പെടുന്നു. ക്ഷുബ്ധ സമുദ്രത്തിലൂടെ ബോട്ടിൽ കൊണ്ടുപോകുന്ന മത്സ്യങ്ങൾക്കുപോലും സമുദ്ര രോഗം പിടിപെട്ടേക്കാം! എന്താണു പരിഹാരം? മിക്കവാറും എല്ലാ മരുന്നുകടകളിൽനിന്നും വാങ്ങുവാൻ കഴിയുന്ന ചില മരുന്നുകളിലാണ് അനേകരും ആശ്രയിക്കുന്നത്. സഹായകരമായിരുന്നേക്കാവുന്ന മറ്റുചില നിർദേശങ്ങളിതാ: സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വാഹനത്തിൽവെച്ചു വായിക്കരുത്. ഏറ്റവും കുറച്ചു കുലുക്കമനുഭവപ്പെടുന്ന സ്ഥലത്തിരിക്കുക. ഉദാഹരണത്തിന്, കാറിന്റെ മുൻസീറ്റിൽ അല്ലെങ്കിൽ ഒരു വിമാനത്തിന്റെ ചിറകിനടുത്ത്. ചക്രവാളംപോലെ വളരെ ദൂരത്തിലുള്ള വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അങ്ങനെ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ കണ്ണടച്ചിരിക്കുക.
ഫ്രാൻസിൽ വായു മലിനീകരണം വഷളാകുന്നു
തടുക്കുവാനുള്ള കൂട്ടായ ശ്രമം ഉണ്ടായിരുന്നിട്ടും വായു മലിനീകരണം കൂടുതൽ വഷളായി തീരുകയും പാരീസിലും മറ്റു ഫ്രഞ്ചു നഗരങ്ങളിലും വസിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തിനു ഭീഷണി ഉയർത്തുകയും ചെയ്യുന്നു. കഴിഞ്ഞ കാലത്തു പ്രാഥമിക കാരണം ഘനവ്യവസായങ്ങളായിരുന്നു. എന്നാൽ ഇന്ന് 80 ശതമാനം വായു മലിനീകരണത്തിന്റെയും നിദാനം മോട്ടോർ വാഹനങ്ങളാണ്. 1 കോടി 20 ലക്ഷത്തിൽനിന്നും 2 കോടി 40 ലക്ഷത്തിലേക്കു കുതിച്ചുയർന്നുകൊണ്ട് 1970 മുതൽ ഫ്രാൻസിലെ വാഹനങ്ങളുടെ എണ്ണം ഇരട്ടിയായിരിക്കുന്നു. പാരീസ് പ്രവിശ്യയിൽ മാത്രം 32 ലക്ഷം വാഹനങ്ങളുണ്ട്. പാരീസ് പ്രവിശ്യയിലെ വിഷവാതക കേന്ദ്രീകരണത്തിന്റെ ഓരോ വർധനവിലും തത്തുല്യമായ വർധനവു മരണത്തിന്റെയും ശ്വസന സംബന്ധമായ രോഗങ്ങളുടെ ഫലമായുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കലിന്റെയും എണ്ണത്തിലുണ്ടെന്ന് അടുത്തകാലത്തെ ഒരു ഗവണ്മെൻറു പഠനം കാണിച്ചതായി പാരീസ് വർത്തമാന പത്രമായ ലാ മൊണ്ട പറയുന്നു. കാര്യമായൊരു പ്രത്യക്ഷ നടപടിയും ഇതുവരെ എടുത്തിട്ടില്ല. ഫലപ്രദമായ ഏതൊരു കടുത്ത നടപടിയും മോട്ടോർവാഹനങ്ങൾ ഓടിക്കുന്ന തങ്ങളുടെ വോട്ടർമാരെ അസംതൃപ്തരാക്കുമെന്നാണു രാഷ്ട്രീയക്കാരുടെ ഭയം.
കുട്ടികളിലെ സംസാര വൈകലങ്ങൾ
സ്കൂൾ പ്രായത്തിനു മുമ്പുള്ള കുട്ടികളിൽ നാലിൽ ഒരാൾക്കു വീതം സംസാരവൈകല്യമുണ്ടെന്നു ജർമനിയിലെ മെയിൻസിലുള്ള ആശയവിനിമയ വൈകല്യങ്ങൾക്കുവേണ്ടിയുള്ള യൂണിവേഴ്സിറ്റി ക്ലിനിക്കിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. “എനിക്ക് അക്കങ്ങളെ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നു” ക്ലിനിക്ക് ഡയറക്ടറായ പ്രൊഫസർ മാൻഫ്രറ്റ് ഹിനിമാൻ സമ്മതിച്ചു പറഞ്ഞു. വൈദ്യശാസ്ത്ര രംഗത്തുള്ള ഉദ്യോഗസ്ഥന്മാർ മൂന്നും നാലും വയസ്സുള്ള കുട്ടികളെ പരിശോധിക്കുകയും 18 മുതൽ 34 വരെ ശതമാനത്തിനു സംസാര വൈകല്യങ്ങൾ ഉണ്ടായിരുന്നുവെന്നു കണ്ടെത്തുകയും ചെയ്തു. 1982-ൽ ഈ സംഖ്യ കേവലം നാലു ശതമാനം മാത്രമായിരുന്നു. എന്തുകൊണ്ടാണ് ഈ വർധനവ്? “കുടുംബങ്ങൾ വളരെയേറെ സമയം ടെലിവിഷൻ വീക്ഷിക്കുകയും വളരെ കുറച്ചു സമയം സംസാരിക്കുകയും ചെയ്യുന്നുവെന്നു” ജർമൻ വർത്തമാന പത്രമായ ഡെർ ഷ്റ്റീഗർവാൾട്ട് ബോട്ടേ റിപ്പോർട്ടു ചെയ്യുന്നു. മിക്ക കുടുംബങ്ങളിലും മാതാപിതാക്കളുടെ സ്ഥാനം വീഡിയോയും ടിവി-യും കമ്പ്യൂട്ടർ കളികളും ഏറ്റെടുക്കുന്നതായി കാണുന്നു. ഒട്ടുംതന്നെ സംസാരിക്കാതിരുന്ന ചില കുട്ടികൾ കമ്പ്യൂട്ടർ കളികളിൽ ഏർപ്പെട്ടപ്പോൾ അവരെല്ലാം “മിന്നൽ വേഗത”യിലായിരുന്നുവെന്നു ഗവേഷകർ നിരീക്ഷിച്ചു.