ലോകത്തിലെ ഏറ്റവും ഏകാന്തനായ പക്ഷി
ബ്രസീലിലെ ഉണരുക! ലേഖകൻ
പുള്ളിക്കുത്തുള്ള മൂങ്ങയും വെള്ളത്തലയൻ കഴുകനും വംശനാശത്തിന്റെ അപകടത്തിലാണെന്നു നിങ്ങൾ കരുതുന്നുണ്ടാവാം. എങ്കിൽ, നിങ്ങൾ ഷ്പിക്സസ് മാക്കതത്തയുടെ കഥ കേട്ടിട്ടുണ്ടാവില്ല. ബ്രസീലിലെ ഈ പക്ഷി “അപകടത്തിലായ വർഗങ്ങൾ” എന്ന പ്രയോഗത്തിനു തികച്ചും പുതിയ ഒരു അർഥം പകരുന്നു. പക്ഷേ, ലോകത്തിലെ ഏറ്റവും ഏകാന്തനായ പക്ഷിയെക്കുറിച്ചുള്ള മുഴു കഥയും പറയുന്നതിനു നമുക്ക് 17-ാം നൂറ്റാണ്ടിൽ തുടങ്ങാം.
അക്കാലത്ത്, ബ്രസീലിൽ താമസിച്ചിരുന്ന ഒരു ഡച്ചു കുടിയേറ്റക്കാരനായ ജോർജ് മാർക്ക് ഗ്രാവാണ് ആദ്യമായി ഈ പക്ഷിയുടെ അസ്തിത്വത്തെയും പ്രത്യേകതകളെയും കുറിച്ചു രേഖപ്പെടുത്തിയത്. താമസിയാതെ, അവിടത്തുകാർ അതിനെ ആരാരിന്യാ ആസൂൾ അഥവാ നീലനിറമുള്ള കൊച്ചു മാക്കതത്ത എന്നു വിളിച്ചു—ലളിതമെങ്കിലും അനുയോജ്യമായ ഒരു പേരുതന്നെയായിരുന്നു അത്. ഈ പക്ഷിക്ക് ചാരവർണം കലർന്ന നീലനിറമാണുള്ളത്. 35 സെൻറിമീറ്റർ നീളമുള്ള വാൽ ഉൾപ്പെടെ 55 സെൻറിമീറ്റർ നീളംവരുന്ന അതു ബ്രസീലിലെ നീല മാക്കതത്തകളിൽ ഏറ്റവും ചെറുതാണ്.
“പിൽക്കാലത്ത്, അതായത് 1819-ൽ, ശാസ്ത്രജ്ഞർ ഈ പക്ഷിക്ക് ഔദ്യോഗിക നാമധേയം നൽകി: സയാനോപ്സിറ്റാ ഷ്പിക്സൈ,” എന്നു ബ്രസീലിലെ ഏറ്റവും പ്രമുഖ തത്തവിദഗ്ധനായ കാർലോസ് യാമാഷിറ്റ എന്ന ജീവശാസ്ത്രജ്ഞൻ വിവരിക്കുന്നു. സയാനോ എന്നതിനർഥം “നീല” എന്നാണ്, പ്സിറ്റാ എന്നതു “തത്ത”യ്ക്കുള്ള പദമാണ്. അപ്പോൾ ഷ്പിക്സൈ? ആ കൂട്ടിച്ചേർപ്പ്, ജർമൻ പ്രകൃതിശാസ്ത്രജ്ഞനായ യോഹാൻ ബാപ്റ്റിസ്റ്റ് ഷ്പിക്സിനെ ആദരിച്ചുകൊണ്ടുള്ളതാണ്. അദ്ദേഹമായിരുന്നു ആ പക്ഷിവർഗത്തിന്റെ സ്വാഭാവിക വാസസ്ഥലത്തുവെച്ച്, അതായത് വടക്കുകിഴക്കൻ ബ്രസീലിലെ ഓരങ്ങളിൽ വൃക്ഷങ്ങൾ നിൽക്കുന്ന ഏതാനും അരുവികളുള്ള സ്ഥലത്തുവെച്ച്, അതിനെക്കുറിച്ച് ആദ്യമായി പഠിച്ചത്.
വംശനാശം തുടങ്ങുന്നു
ഷ്പിക്സസ് മാക്കതത്ത ഒരിക്കലും വളരെയധികം വർധിച്ചു പെരുകിയിരുന്നില്ല എന്നു സമ്മതിക്കുന്നു. ഷ്പിക്സസിന്റെ നാളുകളിൽപോലും കണക്കാക്കിയിട്ടുള്ള അതിന്റെ എണ്ണം 180 മാത്രമായിരുന്നു. എന്നാൽ, അന്നുമുതൽ അവയുടെ അവസ്ഥ അടിക്കടി മോശമായി. കുടിയേറ്റക്കാർ, ഈ പക്ഷികൾ പാർത്തിരുന്ന വനങ്ങളുടെ നല്ലൊരു ഭാഗം നശിപ്പിച്ചു. അങ്ങനെ 1970-കളുടെ മധ്യഘട്ടമായപ്പോഴേക്കും അതിജീവിച്ച മാക്കതത്തകൾ 60-ലും കുറവായിരുന്നു. അതു പരിതാപകരമായിരുന്നെങ്കിലും വംശനാശം തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ.
കുടിയേറ്റക്കാർക്കു മൂന്നു ശതകംകൊണ്ടു കഴിയാതിരുന്നത് പക്ഷിപിടുത്തക്കാർക്ക് ഏതാനും വർഷംകൊണ്ടു കഴിഞ്ഞു—അതായത്, ക്രമേണ ഷ്പിക്സസ് മാക്കതത്തകളെ അവർ ഒന്നടങ്കം തുടച്ചുനീക്കി. 1984-ൽ, ഈ 60 പക്ഷികളിൽ നാലെണ്ണം മാത്രമേ വനത്തിലുണ്ടായിരുന്നുള്ളൂ. എന്നാൽ ആ സമയമായപ്പോഴേക്കും “ഒരിനത്തിലെ അവസാനത്തെ പക്ഷിക്ക് നിശ്ചയിക്കാറുള്ള വില”—ഒരെണ്ണത്തിന് 50,000 ഡോളർവരെ—കൊടുക്കാൻ പക്ഷിവളർത്തുന്നവർ സന്നദ്ധരായിരുന്നു. സ്വതന്ത്രമായി വിഹരിച്ചുനടക്കുന്ന ഇത്തരം പക്ഷിയെ ഗവേഷകർ കണ്ടിട്ട് ഒരു വർഷം പിന്നിട്ടെന്ന് 1989 മേയിൽ മൃഗലോകം (ഇംഗ്ലീഷ്) എന്ന മാസിക അറിയിച്ചതിൽ തെല്ലും അതിശയമില്ല. ഏതാനും മാസത്തിനുശേഷം, പക്ഷിപിടുത്തക്കാർ ശേഷിക്കുന്ന പക്ഷികളെയെല്ലാം തട്ടിയെടുത്തതായി റിപ്പോർട്ടു ചെയ്യപ്പെട്ടു. ഷ്പിക്സസ് മാക്കതത്തയ്ക്ക് “ദാരുണമായ അന്തിമ ആഘാതം” ഏറ്റതായി മൃഗലോകം മാസിക വിലപിച്ചു.
ആശ്ചര്യവും പ്രതീക്ഷയും
ജീവശാസ്ത്രജ്ഞർ ഷ്പിക്സസ് മാക്കതത്തയെക്കുറിച്ചുള്ള അധ്യായം മിക്കവാറും അടച്ചുകഴിഞ്ഞു. എങ്കിലും അധികം താമസിയാതെ, ഈ പക്ഷികളുടെ വാസസ്ഥലത്തിനടുത്തു താമസിക്കുന്ന ആളുകൾ ഒരു ആരാരിന്യാ ആസൂളിനെ കണ്ടതായി പറഞ്ഞു. അതിനെ കണ്ടതായുള്ള കൂടുതൽ റിപ്പോർട്ടുകൾ ലഭിച്ചുതുടങ്ങി. ഇപ്പോഴും അത്തരമൊരു പക്ഷി ജീവിച്ചിരിക്കുന്നുണ്ടാവുമോ? അതു കണ്ടുപിടിക്കാൻ 1990-ൽ അഞ്ചു ഗവേഷകർ ക്യാമ്പടിക്കുന്നതിനുള്ള സാമഗ്രികളും ബൈനോക്കുലറുകളും നോട്ടുപുസ്തകങ്ങളും സഹിതം ഷ്പിക്സസ് മാക്കതത്തയുടെ നാട്ടിലേക്കു തിരിച്ചു.
വിജയമൊന്നും കാണാതെ രണ്ടു മാസം ആ പ്രദേശം അരിച്ചുപെറുക്കിയശേഷം, ആ ഗവേഷകർ പച്ച നിറത്തിലുള്ള പാപ്പാഗൈയോസ് മാരാകാനാസിനെ അഥവാ ഇല്ലിങ്ങേഴ്സ് മാക്കതത്തയെ കാണുകയുണ്ടായി. എന്നാൽ അസാധാരണമായ ഒരു സംഗതി അവർ ശ്രദ്ധിച്ചു. ആ കൂട്ടത്തിലുണ്ടായിരുന്ന ഒരെണ്ണം വ്യത്യസ്തമായിരുന്നു—വലിപ്പം കൂടിയതും നീലനിറത്തിലുള്ളതും. അതു വനത്തിലെ ഷ്പിക്സസ് മാക്കതത്തകളിൽ അവസാനത്തേതായിരുന്നു! അവർ അതിനെ ഒരാഴ്ചയോളം നിരീക്ഷിച്ചു. ആ ഷ്പിക്സസ് പ്രകൃത്യാതന്നെ അടുത്തിടപഴകുന്ന സ്വഭാവക്കാരനാണെന്നും തന്റെ ഏകാന്തത ദൂരീകരിക്കാനും ഒരു ഇണയെ കണ്ടെത്താനും ഇല്ലിങ്ങേഴ്സിന്റെ കൂടെ ഓരോ സ്ഥലത്തും ചുറ്റിനടക്കുകയാണെന്നും അവർ മനസ്സിലാക്കി. വിട്ടുമാറാത്ത നീല സഹകാരിയെ ഒരു സുഹൃത്തായി സ്വീകരിക്കാൻ പച്ചക്കിളികൾക്കു പ്രശ്നമൊന്നുമുണ്ടായിരുന്നില്ല—എന്നാൽ അവനുമായി ഇണചേരുന്ന കാര്യമോ? തീർച്ചയായും, മര്യാദക്കാരായ ഇല്ലിങ്ങേഴ്സ് മാക്കതത്ത സമൂഹത്തിനു കാക്കുന്ന ചില പരിധികൾ ഉണ്ട്!
അങ്ങനെ, തഴയപ്പെട്ടുപോയ ഷ്പിക്സസ് മാക്കതത്ത ഓരോ ദിവസവും സൂര്യാസ്തമയത്തിങ്കൽ തന്റെ സഹചാരികളിൽനിന്നു വിട്ടുമാറി, താനും തന്റെ മുൻ ഇണയായിരുന്ന ഷ്പിക്സസ് മാക്കതത്തയും വർഷങ്ങളായി ഒന്നിച്ചു ചേക്കേറിയിരുന്ന—അത് 1988 വരെ മാത്രമായിരുന്നു, ആ വർഷം അവന്റെ ജീവിതപങ്കാളിയെ പക്ഷിപിടുത്തക്കാർ കെണിവെച്ചു പിടിച്ച് കൂട്ടിലിടാനായി വിറ്റു—മരത്തിലേക്കു പറന്നുപോകുമായിരുന്നു. അന്നുമുതൽ അവൻ തനിച്ചാണ് അവിടെ ഉറങ്ങുന്നത്—ഉയരത്തിൽ ഇലകളില്ലാത്ത ശിഖരത്തിൽ ഏകാന്തനായ ആ കൊച്ചു നീലപ്പക്ഷി ചേക്കേറിയിരുന്നു. ഇനി, എന്തെങ്കിലും അത്ഭുതം സംഭവിക്കാത്തപക്ഷം—ആരെങ്കിലും അവന് ഒരു ഇണയെ കണ്ടെത്താത്തപക്ഷം—വനത്തിൽ എങ്ങനെ അതിജീവിക്കാമെന്നറിയാവുന്ന ഷ്പിക്സസ് മാക്കതത്ത ക്രമേണ വംശനാശം വന്ന ഡോഡോയെപ്പോലെ ആയിത്തീരും. അതിന് ഒരു ഇണയെ കണ്ടെത്തുക എന്ന ആശയം അംഗീകാരം പിടിച്ചുപറ്റി, അങ്ങനെ 1991-ൽ പ്രൊജെറ്റോ ആരാരിന്യാ ആസൂൾ (ഷ്പിക്സ്-മാക്കതത്ത പദ്ധതി) ആരംഭിക്കുകയും ചെയ്തു. അതിന്റെ ഉദ്ദേശ്യമോ? ശേഷിക്കുന്ന ആൺപക്ഷിയെ സംരക്ഷിക്കുകയും അതിന് ഒരു പങ്കാളിയെ കണ്ടെത്തി ഇണചേർക്കുകയും ചെയ്യുക. അങ്ങനെ ചുറ്റുപാടും അവ വീണ്ടും പെരുകുമെന്നു പ്രത്യാശിക്കുക. അതു ഫലിക്കുന്നുണ്ടോ?
പുരോഗതി ഉണ്ടായിട്ടുണ്ട്. ബ്രസീലിലെ തപാൽവിഭാഗം, ലോകത്തിൽ ഏറ്റവുമധികം അപകടത്തിലായ ഈ പക്ഷിയെ ആദരിച്ചുകൊണ്ട് ഒരു സ്റ്റാമ്പ് പുറത്തിറക്കുകവഴി അതിന്റെ ഭാഗധേയത്തെ ജനശ്രദ്ധയിൽ കൊണ്ടുവന്നു. അതേസമയംതന്നെ, ജീവനോടിരിക്കുന്ന ഷ്പിക്സസ് മാക്കതത്തക്കുവേണ്ടി പോരാട്ടം കഴിക്കാൻ വടക്കൻ ബഹിയായിലെ ഈ പക്ഷിയുടെ വാസസ്ഥലത്തിനടുത്തുള്ള കെരാസാ പട്ടണത്തിലെ 8,000 നിവാസികളെ ജീവശാസ്ത്രജ്ഞർ വിജയകരമായി തങ്ങളോടൊപ്പം അണിനിരത്തിയിരിക്കുകയാണ്. പട്ടണത്തിലെ ആളുകൾ സെവെറിനോ എന്ന് ഓമനപ്പേരിട്ടിരിക്കുന്ന “തങ്ങളുടെ” പക്ഷിയെ സംരക്ഷിക്കുന്നതുകൊണ്ട് ഇപ്പോൾ പക്ഷിപിടുത്തക്കാരെ കയ്യോടെ പിടികൂടാനുള്ള സാധ്യതയുണ്ട്. ഈ വിദ്യ ഫലിക്കുന്നുണ്ട്. സെവെറിനോ ഇപ്പോഴും അവിടെങ്ങും വിഹരിച്ചുനടക്കുന്നു. അതുപോലെതന്നെ അടുത്ത തടസ്സവും തരണം ചെയ്തിരിക്കുകയാണ്, അതായത് ബ്രസീലിൽ ഇപ്പോഴും ജീവനോടുള്ളതും കൂട്ടിൽ പിടിച്ചിട്ടിരിക്കുന്നതുമായ ഇത്തരം ആറ് പക്ഷികളിൽ ഒന്നിനെ വിട്ടുകൊടുക്കാൻ അതിനെ പ്രജനനം ചെയ്യിക്കുന്നവരെ സ്വാധീനിക്കുന്ന കാര്യം. (ചതുരം കാണുക.) ഒരു ഉടമ അതു സമ്മതിച്ചു. അങ്ങനെ 1994 ആഗസ്റ്റിൽ പ്രായം കുറഞ്ഞ ഒരു പെൺപക്ഷിയെ—ഒരു കുഞ്ഞായിരിക്കെതന്നെ കെണിവെക്കുന്നവർ അതിനെ കൂട്ടിൽനിന്നു പിടിച്ചതായിരുന്നു—കെരാസായിലേക്കു വിമാനത്തിൽ കൊണ്ടുവന്നു വീണ്ടും അവളുടെ സ്വാഭാവിക വാസസ്ഥാനത്തു ജീവിക്കാൻ വിട്ടു.
പരുവപ്പെടലും പരസ്പരം ബന്ധപ്പെടലും
ഈ പെൺ മാക്കതത്തയെ ആൺപക്ഷിയുടെ വാസസ്ഥാനത്തുള്ള ഒരു വലിയ പക്ഷിക്കൂട്ടിൽ ആക്കിയിട്ട്, കാട്ടിൽ മാക്കതത്തകൾ തിന്നുന്ന ഭക്ഷ്യസാധനങ്ങൾ കൊടുത്തുതുടങ്ങി. സ്വാഭാവിക ചുറ്റുപാടുകളിലുള്ള ജീവിതത്തിന് അവളെ പരുവപ്പെടുത്തിയെടുക്കുന്നതിന് അവളുടെ പരിപാലകർ, കൂട്ടിൽ പിടിച്ചിട്ടിരുന്നപ്പോൾ കൊടുത്തിരുന്ന സൂര്യകാന്തി വിത്തുകൾക്കു പകരം, പൈൻ വിത്തുകളും അവിടത്തെ വനത്തിൽ വളരുന്ന മുള്ളൻ ഫലങ്ങളും കൊടുക്കാൻ തുടങ്ങി. അവളുടെ വയറ് അതുമായി പൊരുത്തപ്പെട്ടു.
ആരോഗ്യം മെച്ചപ്പെടുത്താൻ ദിവസേനയുള്ള അഭ്യസനം അവളുടെ പരിശീലനത്തിന്റെ ഭാഗമായി—അതും നല്ല കാരണത്താൽ. ദിവസവും 50 കിലോമീറ്റർ പറക്കാൻ ഇഷ്ടപ്പെടുന്ന ഒരു പങ്കാളിയോടൊപ്പം, കൂട്ടിൽ വളർത്തിയ ഒരു പക്ഷി നാൾതോറും അത്രയും ദൂരം പറക്കാൻ പ്രതീക്ഷിക്കുന്നതു ടിവി കണ്ടു വളരെയധികം സമയം കൊല്ലുന്ന ഒരു മനുഷ്യനോടു മാരത്തോൺ ഓടാൻ പറയുന്നതുപോലെയായിരിക്കും. കൂട്ടിലിട്ടു വളർത്തിയ പക്ഷിയുടെ പേശികൾക്കു ബലം ലഭിക്കാൻ, കൂടിനു ചുറ്റുമുള്ള സ്ഥലങ്ങളിൽ സാധ്യമായിരിക്കുന്നിടത്തോളം പറക്കാൻ അതിനെ പരിപാലിക്കുന്ന ജീവശാസ്ത്രജ്ഞർ പ്രോത്സാഹിപ്പിച്ചു.
സെവെറിനോ ഈ കൂടു കണ്ടെത്താൻ അധികകാലമെടുത്തില്ല. പെൺപക്ഷിയെ കണ്ടപ്പോൾ അവൻ ആനന്ദാതിരേകത്തിൽ അവളെ വിളിച്ചു, കൂടിന്റെ 30 മീറ്റർ ദൂരത്തിനുള്ളിൽ വരികയും ചെയ്തു. പ്രതികരിച്ച “പെൺപക്ഷി” തന്റെ ആൺ സന്ദർശകനെ കണ്ടപ്പോൾ “വലിയ ആവേശം കാട്ടി” എന്ന് ഈ പദ്ധതിയിൽ പ്രവർത്തിക്കുന്ന ഡാ-റേയ് എന്ന ജീവശാസ്ത്രജ്ഞൻ പറയുന്നു. അവളുടെ ഉത്സാഹം “ഞങ്ങൾക്കു പ്രത്യാശ പകർന്നു” എന്ന് അയാൾ പറയുന്നു.
ഗുരുവും പിതാവും . . .
ഒടുവിൽ, ആ മഹാ ദിവസം വന്നെത്തി: കൂടിന്റെ വാതിൽ തുറന്നുകിടന്നു. അര മണിക്കൂറോളം മടിച്ചുനിന്നശേഷം, പെൺപക്ഷി പുറത്തേക്കു പറന്ന് അതിന്റെ കൂട്ടിൽനിന്നും ഏതാണ്ട് 300 മീറ്റർ അകലെയുള്ള ഒരു മരത്തിൽ ചെന്നിരുന്നു. എന്നാൽ സെവെറിനോ എവിടെയായിരുന്നു? അവൻ 30 കിലോമീറ്റർ അകലെ ഇല്ലിങ്ങേഴ്സ് മാക്കതത്തകളുടെ പിന്നാലെ പാഞ്ഞുനടക്കുകയായിരുന്നു. എന്തുകൊണ്ടാണ് അവൻ വിട്ടുപോയത്? കൊള്ളാം, അവൻ മാസങ്ങളോളം കാത്തിരുന്നു, ഒടുവിൽ ഇണചേരുന്നതിനുള്ള സമയം വന്നെത്തിയപ്പോഴും അവന്റെ ഭാവി ഇണ കൂട്ടിലായിരുന്നു. “സ്വതന്ത്രമായ ഒരു മാരാകാനാ ആണ് കൂട്ടിൽ കിടക്കുന്ന ആരാരിന്യായെക്കാൾ മെച്ചം” എന്ന് അവൻ വിചാരിച്ചിരിക്കാം എന്നു ജീവശാസ്ത്രജ്ഞനായ ഡാ-റേയ് ഫലിതരൂപത്തിൽ പറയുന്നു. ഇത്തവണ സെവിറിനോയുടെ സ്ഥിരോത്സാഹത്തിനു ഫലമുണ്ടായി. ഒരു പെൺ ഇല്ലിങ്ങേഴ്സ് മാക്കതത്ത വഴങ്ങുകയും അവനെ ഇണയായി സ്വീകരിക്കുകയും ചെയ്തു.
എന്നിരുന്നാലും, ഇണചേരുന്ന കാലം കഴിയുമ്പോൾ സെവെറിനോ പ്രേമബന്ധം അവസാനിപ്പിച്ച് തന്റെ വാസസ്ഥലത്തേക്കു മടങ്ങിവരുമെന്നും സ്വതന്ത്രയായ ഷ്പിക്സസ് മാക്കതത്തയെ കണ്ടെത്തി തന്റെ ഇണയായി അവളെ സ്വീകരിക്കുമെന്നും ജീവശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. അതിനുശേഷം, ഒരു ഗുരുവും പിതാവുമെന്ന നിലയിൽ, അവൻ ഇരട്ട ധർമം സ്വീകരിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. വനത്തിൽ അതിജീവിക്കാനറിയാവുന്ന ലോകത്തിലെ ഒരേയൊരു ഷ്പിക്സസ് മാക്കതത്ത അവനായതുകൊണ്ട്, എങ്ങനെ ഭക്ഷണം തേടാമെന്നും പാർപ്പിടം കണ്ടെത്താമെന്നും ബ്രസീലിലെ ഏറ്റവും ഊഷരമായ പ്രദേശങ്ങളിലൊന്നിൽ എങ്ങനെ ജീവിക്കാമെന്നും അവൻ തന്റെ സഖിയെ പഠിപ്പിക്കേണ്ടതുണ്ട്.
. . . കൂടാതെ ചരിത്രം കുറിച്ചവനും
വീണ്ടും പ്രജനനകാലം ആരംഭിക്കുമ്പോൾ സെവെറിനോ ഇല്ലിങ്ങേഴ്സ്, മാക്കതത്തകളുടെ പിന്നാലെയുള്ള പാച്ചൽ നിർത്തി തന്റെ കൂട്ടാളിക്ക് ഒരു കൂടായി ഉതകുന്ന ഒരു പോതുവൃക്ഷം കണ്ടെത്തുന്നതിൽ ശ്രദ്ധിക്കും എന്ന് ഷ്പിക്സസ്-മാക്കതത്ത പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന ജീവശാസ്ത്രജ്ഞർ അഭിലഷിക്കുന്നുണ്ടാവും. എല്ലാം ഭംഗിയായി പോകുന്നപക്ഷം, ഷ്പിക്സസ്-മാക്കതത്ത പെൺപക്ഷി രണ്ടു മുട്ടകളിടും. പിന്നെ ഏതാനും മാസങ്ങൾക്കുശേഷം, സെവെറിനോ മൂന്നു പേരടങ്ങുന്ന ക്ലാസ്സിന് അതിജീവന വിദ്യകൾ പഠിപ്പിക്കും. സംഗതി അത്രത്തോളമെത്തുമോ?
“അതിനുള്ള ഉത്തരം അറിയുന്നതിനു സമയമെടുക്കും. എന്നാൽ വനത്തിലെ ഷ്പിക്സസ് മാക്കതത്ത, ചരിത്രത്തിലെ അടഞ്ഞ ഒരു അധ്യായം ആയിത്തീരുന്നത് ഒഴിവാക്കാനുള്ള ഒരേ ഒരു മാർഗമായിരിക്കാം ഈ പദ്ധതി” എന്നു ജീവശാസ്ത്രജ്ഞനായ യാമാഷിറ്റ പറയുന്നു. ഈ അവസരം പ്രയോജനപ്പെടുത്തി ഒരു പുതിയ അധ്യായം എഴുതിച്ചേർക്കാനുള്ള ഉത്തരവാദിത്വം ഇനി സെവെറിനോയുടെ തോളിൽ ആണ്. ഈ സംയോഗം വിജയിക്കുന്നപക്ഷം, പ്രകൃതിസ്നേഹികൾ—ഒപ്പം ഇല്ലിങ്ങേഴ്സ് മാക്കതത്തകളും—ആശ്വാസത്തിന്റെ നെടുവീർപ്പുതിർക്കും.
[24-ാം പേജിലെ ചതുരം]
കൂട്ടിലടച്ച കിളികൾ
കണക്കനുസരിച്ച്, 30 ഷ്പിക്സസ് മാക്കതത്തകൾ കൂടുകളിൽ കഴിയുന്നു. ഈ ബ്രസീലിയൻ പക്ഷികളിൽ ഒരു ഡസ്സനിലധികത്തെ ഫിലിപ്പീൻസിലെ ഒരു പക്ഷിവളർത്തലുകാരൻ പ്രജനനം ചെയ്തെടുത്തതാണ്, അവ ഇപ്പോഴും ആ ഏഷ്യൻ രാജ്യത്തു വസിക്കുന്നു. കൂട്ടിലടച്ച അത്തരം ശേഷിക്കുന്ന പക്ഷികൾ ബ്രസീലിലും സ്പെയിനിലും സ്വിററ്സർലൻഡിലുമാണ്. എന്നിരുന്നാലും, കൂട്ടിലടച്ച ഈ പക്ഷികൾക്കൊന്നിനും സെവെറിനോയ്ക്കുള്ള ഒരു മേന്മ ഇല്ല—അതായത്, കാട്ടിൽ ജീവിക്കാനുള്ള അറിവ് അവയ്ക്കില്ല.
[25-ാം പേജിലെ ചിത്രം]
സംരക്ഷിക്കപ്പെട്ടിരിക്കുന്നു—ചുരുങ്ങിയപക്ഷം ഒരു സ്റ്റാമ്പിലെങ്കിലും
[കടപ്പാട്]
Empresa Brasileira de Correios e Telégrafos