നിങ്ങൾ മതസ്വാതന്ത്ര്യത്തെ വിലമതിക്കുന്നുവോ?
ഈസ്റ്റോണിയായിലെ ഉണരുക! ലേഖകൻ
സോവിയറ്റ് യൂണിയന്റെ ഒരു മുൻ റിപ്പബ്ലിക്കായിരുന്ന ഈസ്റ്റോണിയായിലെ ഒരു ചെറിയ ബാൾട്ടിക്ക് രാഷ്ട്രത്തിലുള്ള ഒരു തുറമുഖപട്ടണവും ഒഴിവുകാല സന്ദർശനകേന്ദ്രവുമാണ് പാർണു. ആ നഗരത്തിന് 50,000-ത്തിലേറെ വരുന്ന ജനസംഖ്യയുണ്ട്. തിരഞ്ഞെടുത്ത മതം ആചരിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങൾ ഇപ്പോൾ ആസ്വദിക്കുന്നു—ഏതാനും വർഷങ്ങൾക്കുമുമ്പ് അവർക്കില്ലാതിരുന്ന ഒരു സ്വാതന്ത്ര്യം. 1995 ജൂൺ 17-ന്, പ്രദേശത്തെ ഒരു വർത്തമാനപത്രമായ പാർണു ലെറ്റ്, പാർണുവിൽ 11 മതങ്ങളുള്ളതായും അവയെക്കുറിച്ച് പത്രം ഒരു ലേഖനപരമ്പര പ്രസിദ്ധീകരിക്കാൻ ആസൂത്രണം ചെയ്തിരിക്കുന്നതായും പ്രസ്താവിച്ചു.
ആദ്യത്തെ ലേഖനം ഇപ്രകാരം വിവരിച്ചു: “നമ്മെയേവരേയും വ്യക്തമായും ബാധിച്ച ഒരു സഭയുടെ പ്രവർത്തനത്തോടെയാണു ഞങ്ങൾ ആരംഭിക്കുന്നത്, ഇപ്പോൾ വാറ്റുശാലയിലെ ഒരു ഹാളിൽ തങ്ങളുടെ യോഗങ്ങൾ നടത്തുന്ന യഹോവയുടെ സാക്ഷികൾ. . . . 1931-ൽ ബൈബിൾ വിദ്യാർഥികൾ തങ്ങളെത്തന്നെ യഹോവയുടെ സാക്ഷികളെന്നു വിളിക്കാൻ തുടങ്ങി. ആ പേരുതന്നെയാണ് അവർക്കിന്നും ഉള്ളത്. ലോകവ്യാപകമായി ഏതാണ്ട് 50 ലക്ഷത്തിലേറെ യഹോവയുടെ സാക്ഷികളുണ്ട്. ഈസ്റ്റോണിയായിലെ യഹോവയുടെ സാക്ഷികളുടെ ആസ്ഥാനം ടാലിനിലാണ്.”
ലേഖനം ഇപ്രകാരം തുടരുന്നു: “ഒന്നര വർഷംമുമ്പാണ് പാർണുവിൽ യഹോവയുടെ പ്രഘോഷകരുടെ സഭ സ്ഥാപിക്കപ്പെട്ടത്. ആരംഭത്തിൽ 25 അംഗങ്ങളുണ്ടായിരുന്നു; ഇപ്പോൾ അത് 120 ആയി വർധിച്ചിരിക്കുന്നു. . . .
“പ്രഥമദൃഷ്ട്യാ അവരെക്കുറിച്ചുള്ള ധാരണ തികച്ചും നല്ലതാണ്. ആളുകൾ—ഏറെയും യുവദമ്പതികൾ—സൗഹൃദമുള്ളവരും വൃത്തിയായി വസ്ത്രധാരണം ചെയ്തവരും തുറന്ന മനസ്കരും ആണ്. കുട്ടികൾ ഏറെ അച്ചടക്കമുള്ളവരായിരുന്നു എന്നത് വിസ്മയിപ്പിക്കത്തക്കതാണ്, കാരണം ഒന്നര മണിക്കൂറോളം ഒരിടത്ത് ഇരിക്കുക എന്നത് ഒരു കുട്ടിയെസംബന്ധിച്ചിടത്തോളം എളുപ്പമല്ല—എന്നാൽ അവർ ചെയ്തു.”
മറ്റു മതങ്ങളിൽനിന്നും യഹോവയുടെ സാക്ഷികൾ എപ്രകാരമാണ് വ്യത്യസ്തരായിരിക്കുന്നതെന്നും പത്രം വിവരിച്ചു: “തൊട്ടു മുന്നിലുള്ള പറുദീസയ്ക്ക് അവർ ഊന്നൽ നൽകുന്നു. കൂടാതെ സഭയ്ക്കു ബൈബിൾ എത്ര നന്നായി അറിയാമെന്നതും ശ്രദ്ധേയമാണ്, സാധ്യമായ ഓരോ നിമിഷത്തിലും അവർ അത് ഉദ്ധരിക്കുന്നു.” ഉപസംഹാരത്തിൽ ലേഖനം ഇപ്രകാരം പറഞ്ഞു: “യഹോവയുടെ പ്രഘോഷകരായ ആ 120 ആളുകളും തങ്ങളുടെ തീരുമാനമെടുത്തുകഴിഞ്ഞിരിക്കുന്നു, ശരിയായ തീരുമാനമാണെന്ന ഉറപ്പും അവർക്കുണ്ട്. തങ്ങളുടെ വിശ്വാസവും അതിന്റെ പ്രഘോഷണവുമാണ് അവരുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദു.”
പട്ടണത്തിലെ മതങ്ങളെക്കുറിച്ചുള്ള ഒരു നിർദിഷ്ട ലേഖനപരമ്പരയിൽ ഇത് ആദ്യം വന്നത് പർണുവിലെ ചിലർക്ക് അത്ര രസിച്ചില്ല. 1995 ജൂലൈ 8-ന്, പാർണു ലെറ്റ് ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “പുതിയ എഴുത്തുപംക്തിയോടുള്ള ബന്ധത്തിൽ നാലു സഭകളിൽനിന്നു ലഭിച്ച ഒരു നിവേദനം പ്രസിദ്ധീകരിക്കാൻ ഞങ്ങൾ താത്പര്യപ്പെടുന്നു.” വർത്തമാനപത്രത്തിനുള്ള ഈ നിവേദനം, അല്ലെങ്കിൽ എഴുത്ത്, ഈസ്റ്റോണിയായിലെ ഓർത്തഡോക്സ് സഭ, ഈസ്റ്റോണിയൻ ഇവാഞ്ചലിക്കൽ ലുഥറൻ സഭ, ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികളുടെയും ബാപ്റ്റിസ്റ്റുകാരുടെയും ഈസ്റ്റോണിയൻ യൂണിയൻ, ഈസ്റ്റോണിയൻ മെഥഡിസ്റ്റ് സഭ എന്നിവയുടെ പ്രതിനിധികൾ ഒപ്പിട്ടതായിരുന്നു.
ഈ നാലു മത പ്രതിനിധികളും ഇപ്രകാരം പരാതിപ്പെട്ടു: “യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള ഒരു ലേഖനത്തോടെ നിങ്ങൾ ഈ പരമ്പര ആരംഭിച്ചത് ഞങ്ങൾക്ക് ഏറെ വിചിത്രമായി തോന്നുന്നു.” സർവോപരി അവർ ഇപ്രകാരം പറഞ്ഞു: “ഈ പരമ്പരയോടുള്ള ബന്ധത്തിൽ പാർണു ലെറ്റിന് ഒരു അഭിമുഖം നൽകാൻ സാധ്യമല്ലെന്നു ഞങ്ങൾ കരുതുന്നതായി പ്രസ്താവിച്ചുകൊള്ളട്ടെ.”
മതപ്രതിനിധികൾ ഇപ്രകാരം ഉപസംഹരിച്ചു: “‘ആത്മീയത’ പ്രചരിപ്പിക്കുന്ന വിവിധതരത്തിലുള്ള പുതിയ മതങ്ങളിൽനിന്നും മതവിഭാഗങ്ങളിൽനിന്നുമുള്ള നുഴഞ്ഞുകയറ്റ സമ്മർദങ്ങൾ നിമിത്തം പലരും ആശയക്കുഴപ്പത്തിലായിരിക്കുന്ന ഒരു സമുദായത്തിൽ, പ്രസിദ്ധീകരണങ്ങൾ സ്ഥലത്തെ മതസാഹചര്യം കണക്കിലെടുക്കേണ്ടതിന്റെയും ചരിത്രപ്രധാനമായ സഭകളെ, മതവിഭാഗങ്ങളിൽനിന്നും വിപ്ലവപ്രസ്ഥാനങ്ങളിൽനിന്നും തിരിച്ചറിയേണ്ടതിന്റെയും ആവശ്യകത ഞങ്ങൾ കാണുന്നു. ഒരു സഭൈക്യപ്രസ്ഥാന സഹകരണം ആസ്വദിക്കുന്ന ക്രിസ്തീയ സഭകളെ പ്രതിനിധാനം ചെയ്യുന്ന സഭകളുടെ ഈസ്റ്റോണിയൻ സമിതിയംഗങ്ങളാണ്, ഇതിനുവേണ്ട വ്യക്തമായ മാർഗനിർദേശം പ്രദാനം ചെയ്യേണ്ടത്.”
എന്നിരുന്നാലും, ഈ കത്തിനെത്തുടർന്ന് പാർണു ലെറ്റിനുവേണ്ടിയുള്ള എഴുത്തുകാരൻ സംയമനപൂർവകമായ ഈ ആശയങ്ങൾ പ്രദാനം ചെയ്തു: “നമ്മൾ ശരിയെന്നു വിചാരിക്കുന്നതേതും ശരിയായിക്കൊള്ളണമെന്നില്ല. കൂടാതെ, വിവിധ സഭകളെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണഗതിയും അഭിപ്രായങ്ങളും, ഈ നാലു ബഹുമാനപ്പെട്ട സഭകളുടെ വീക്ഷണഗതികളോടു സമമായിരിക്കണമെന്നില്ല, മറിച്ചും അങ്ങനെതന്നെ. നമ്മിലാരും അപ്രമാദിത്വം ഉള്ളവരല്ല, നൂറ്റാണ്ടുകളോളം പഴക്കംചെന്ന പാരമ്പര്യമുള്ള സഭകൾ പോലും.”
സോവിയറ്റ് യൂണിയന്റെ മുൻ റിപ്പബ്ലിക്കുകളിൽ, മതത്തിനുനേരെയുള്ള മനോഭാവങ്ങളിൽ വന്ന മാറ്റത്തെക്കുറിച്ചു നിങ്ങൾക്കെന്തു തോന്നുന്നു? എല്ലായിടത്തുമുള്ള സത്യാന്വേഷികളായ ആളുകൾ, അവിടെ ആസ്വദിക്കുന്ന മതസ്വാതന്ത്ര്യത്തെ വിലമതിക്കുമെന്ന ദൃഢവിശ്വാസം ഞങ്ങൾക്കുണ്ട്.
[23-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഫിൻലൻഡ്
ഹെൽസിങ്കി
ബാൾട്ടിക് കടൽ
ടാലിൻ
ഈസ്റ്റോണിയ
പാർണു
റഷ്യ
റീഗ
ലാറ്റ്വിയ
വിൽനിയസ്
ലിത്വേനിയ
സെൻറ് പീറ്റേർസ്ബർഗ്
മോസ്ക്കോ
ബിലാറസ്
മിൻസ്ക്
[24-ാം പേജിലെ ചിത്രങ്ങൾ]
പാർണുവിലെ യഹോവയുടെ സാക്ഷികളുടെ സഭ