വികലാംഗൻ—എങ്കിലും വാഹനം ഓടിക്കാൻ പ്രാപ്തൻ
“എനിക്കു കാർ ഓടിക്കാൻ കഴിയും!” ഈ വാക്കുകൾ അപ്രധാനമായി നിങ്ങൾക്കു തോന്നിയേക്കാം, എന്നാൽ അവയ്ക്ക് എന്റെമേൽ ഒരു ആഴമായ ഫലമുണ്ടായിരുന്നു. അതു പറഞ്ഞ 50 വയസ്സുകാരൻ എന്റെ മുമ്പാകെ നിലത്തായിരുന്നു. ശൈശവത്തിൽതന്നെ അദ്ദേഹത്തിനു പോളിയോ പിടിപെട്ടിരുന്നതിനാൽ കാലുകൾ വളരുകയേചെയ്തില്ല. ചെറുതും ഉപയോഗശൂന്യവുമായ അവ ശരീരത്തിനു കീഴെ കുറുകെ വെച്ചിരുന്നു. എന്നാൽ വർഷങ്ങളായി കൈകളിലൂന്നി നീങ്ങിയതിനാൽ അദ്ദേഹത്തിനു ശക്തമായ കൈകളും തോളുകളും ഉണ്ടായിരുന്നു. അദ്ദേഹത്തിനു തന്നോടുതന്നെ അൽപംപോലും പരിതാപംതോന്നിയിരുന്നില്ലെന്നത്, പ്രത്യേകിച്ചും വാഹനമോടിക്കാൻ പ്രാപ്തനാണെന്നു പറഞ്ഞപ്പോഴുള്ള ശബ്ദത്തിലെ സന്തുഷ്ട അഭിമാനം, എന്നെ ലജ്ജിപ്പിച്ചു.
നിങ്ങൾക്കറിയാമോ, 28-ാം വയസ്സിൽ എനിക്കും പോളിയോ പിടിപെട്ടു. ഊന്നുവടി കൂടാതെ എനിക്കു മേലാൽ നടക്കാൻ കഴിയില്ലെന്നുള്ള വാർത്ത എന്നെയാകെ തകത്തുകളഞ്ഞു. ഈ മമനുഷ്യന്റെ ലളിതമായ വാക്കുകൾ എന്റെ വിഷാദത്തെ തരണംചെയ്യാൻ എന്നെ സഹായിച്ചു. എന്നെക്കാൾ ഗുരുതരമായ വൈകല്യമുള്ള അദ്ദേഹത്തിനു തന്റെ ദുരവസ്ഥയെ അതിജീവിക്കാൻ കഴിഞ്ഞെങ്കിൽ എനിക്കെന്തുകൊണ്ട് അപ്രകാരം ചെയ്യാൻ കഴിയില്ലെന്നു ഞാൻ സ്വയം ന്യായവാദം ചെയ്തു. ഞാനും വീണ്ടും കാർ ഓടിക്കുമെന്ന് അവിടെവെച്ചുതന്നെ തീരുമാനിച്ചു!
അത്ര എളുപ്പമല്ല
അത് ഏകദേശം 40 വർഷം മുമ്പായിരുന്നു. അക്കാലത്ത്, കാറോടിക്കുന്നതിന് ഒരു വികലാംഗനു ധൈര്യം ആവശ്യമായിരുന്നു. എന്റെ പരിഷ്ക്കരിച്ച കാർ വളരെ വിദഗ്ധമായ ഒരു യന്ത്രമായിരുന്നു! എന്റെ ഇടതു കക്ഷത്തിനു കീഴെ, ക്ലച്ച് പെഡൽ വരെയെത്തുന്ന ഒരു ഊന്നുവടി ഉണ്ടായിരുന്നു. ഇടതു തോൾ മുമ്പോട്ടു ചലിപ്പിച്ചുകൊണ്ടു ഞാൻ ക്ലച്ച് ഘടിപ്പിച്ചു. ആദിമ മോഡൽ ടി ഫോർഡിലെ, കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന ഒരു ലിവറായിരുന്നു ആക്സലറേറ്റർ. ബ്രേക്കിട്ടിരുന്നതും കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന ഒരു ലിവർ ഉപയോഗിച്ചായിരുന്നു. ഞാൻ വാഹനമോടിക്കുന്നതു നിങ്ങൾക്കു വിഭാവന ചെയ്യാൻ കഴിയുമോ? എന്റെ തോൾ മുന്നോട്ടും പിന്നോട്ടും ചലിക്കുകയായിരുന്നു, ഇടതു കൈകൊണ്ടു സ്റ്റിയറിങ് പിടിക്കുകയും ബ്രേക്കുചെയ്യുകയും ചെയ്തിരുന്നു, വലതുകൈ സ്റ്റിയറിങ്പിടിക്കൽ, വേഗതകൂട്ടൽ, കൈകൊണ്ടുള്ള സിഗ്നൽ നൽകൽ എന്നിവയിൽ വ്യാപൃതമായിരുന്നു! (ഓസ്ട്രേലിയയിൽ വഴിയുടെ ഇടതു വശത്തുകൂടിയാണു വാഹനമോടിക്കുന്നത്.) അന്നു കാറുകൾക്കു മിന്നികത്തുന്ന ട്രാഫിക്ക് ഇൻഡിക്കേറ്ററുകൾ ഉണ്ടായിരുന്നില്ല.
ക്ലേശകരമായ സംവിധാനങ്ങളോടുകൂടിയ ഡ്രൈവിങിന്റെ ആ കാലം പൊയ്പ്പോയിരിക്കുന്നു എന്നതിൽ ഞാൻ നന്ദിയുള്ളവനാണ്. ഓട്ടോമാറ്റിക്ക് സംവിധാനങ്ങളും വിരൽത്തുമ്പത്തുള്ള വളവു തിരിയൽ ഇൻഡിക്കേറ്ററുകളും ഉള്ളതുകൊണ്ട് ഇന്നു ഡ്രൈവിങ് വളരെയധികം ലളിതമായിരിക്കുന്നു. സാങ്കേതിക പുരോഗതി അനേകം വികലാംഗകരെ വാഹനം ഓടിക്കാൻ പ്രാപ്തരാക്കിയിരിക്കുന്നു. സാധാരണമായി ഉപയോഗിക്കുന്ന ചില ഉപാധികൾ 14-ാം പേജിലെ ചതുരത്തിൽ വിവരിച്ചിരിക്കുന്നു.
എന്റെ വ്യക്തിഗത ശുപാർശകൾ
ഡ്രൈവ് ചെയ്യാൻ കഴിയേണ്ടതിന് ഒരു വാഹനം പരിഷ്ക്കരിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്ന വികലാംഗനാണു നിങ്ങളെങ്കിൽ, ഈ രംഗത്തുള്ള ഒരു വിദഗ്ധനെ സമീപിക്കാൻ ഞാൻ ശക്തമായി ശുപാർശ ചെയ്യുന്നു. ഡ്രൈവറെന്ന നിലയിൽ നിങ്ങളെയും നിങ്ങളുടെ യാത്രക്കാരെയും സംരക്ഷിക്കുന്നതിന് എല്ലാ യന്ത്രസംവിധാനവും പരിശോധിക്കുന്നതിനു ക്രമീകരണം ചെയ്യാൻ അദ്ദേഹത്തിനു കഴിയും. അപകട സാധ്യത നിമിത്തം, ഒരു അംഗീകൃത ഇൻഷ്വറൻസ് കമ്പനിയിൽനിന്ന് ഒരു സർവതോൻമുഖ ഇൻഷ്വറൻസ് എടുക്കുന്നതു പ്രധാനമാണ്.
വാഹനമോടിക്കുമ്പോൾ ഒരു സുഹൃത്തിനെ ഒപ്പം കൊണ്ടുപോകുന്നതു പൊതുവേ ഒരു ജ്ഞാനപൂർവകമായ മുൻകരുതലായിരിക്കാം. ഒരു പുരാതന പഴമൊഴി വിവേകത്തോടെ ഇപ്രകാരം ഉപദേശിക്കുന്നു: “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; അവർക്കു തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു. വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിപ്പാൻ ആരുമില്ലായ്കകൊണ്ടു അവനു അയ്യോ കഷ്ടം!” (സഭാപ്രസംഗി 4:9, 10) ഒരു അപകടമോ യന്ത്രത്തകരാറോ നേരിടുകയോ ടയർ പഞ്ചറാകുകയോ ചെയ്താൽ സുഹൃത്തിന് ഒരു വലിയ സഹായമായിരിക്കാൻ കഴിയും. ചില വികലാംഗ ഡ്രൈവർമാർ കാറിൽ സെല്ലുലാർ ഫോൺ സൂക്ഷിക്കുന്നു. അത്യാവശ്യമെങ്കിൽ, അവർക്ക് അങ്ങനെ ഒറ്റക്കു വർധിച്ച ആത്മവിശ്വാസത്തോടെ വാഹനമോടിക്കാൻ കഴിയും.
സഹായത്തിനായി വിളിച്ചാൽ പകലോ രാത്രിയിലോ പെട്ടെന്നു പ്രതികരണം ലഭിക്കേണ്ടതിനു വികലാംഗ ഡ്രൈവർ മോട്ടോർ വാഹനക്കാരുടെ വഴിയോര സഹായ സംഘടനയിൽ ചേരുന്നതും ബുദ്ധിപൂർവകമാണ്. സാധാരണമായി വാർഷിക ഫീസ് മിതമാണ്—അതു നൽകുന്ന മനഃസമാധാനത്തിനുള്ള ഒരു ചെറിയ വില.
വികലാംഗ ഡ്രൈവർമാരായ നാം നമ്മുടെ പരിമിതികൾ അംഗീകരിച്ചു തദനുസരണം വാഹനം ഓടിക്കണം എന്നതു പറയേണ്ടതില്ലല്ലോ. മറ്റുള്ളവരെപ്പോലെതന്നെ നന്നായി നമുക്കും വാഹനമോടിക്കാൻ കഴിയുമെന്നു തെളിയിക്കാൻ നാം മത്സരോത്മുഖമായി വാഹനം ഓടിക്കേണ്ടതില്ല. മറിച്ച്, അനേകം വികലാംഗ ഡ്രൈവർമാർക്കു തങ്ങളുടെ വാഹനങ്ങളിൽ, “വികലാംഗ ഡ്രൈവർ—ജാഗ്രത”എന്നോ സമാനമായ വാക്കുകളോടുകൂടിയതോ ആയ നോട്ടീസുകൾ ഉണ്ട്. വികലാംഗ ഡ്രൈവർ ജാഗ്രതപാലിക്കേണ്ടതിനും മറ്റുള്ളവരെക്കാൾ അൽപം വേഗതകുറച്ച് ഓടിക്കേണ്ടതിനുമുള്ള വെറുമൊരു നോട്ടീസാണ് ഇത്. മറ്റുള്ളവർ സാധാരണയിൽ കവിഞ്ഞ അകലത്തിൽ വാഹനം ഓടിക്കേണ്ടതുണ്ടെന്ന് ഇതർഥമാക്കുന്നില്ല. എന്റെ അനുഭവത്തിൽ, ഒരു വികലാംഗൻ ബ്രേക്കുചെയ്യുന്നതിനു വൈകല്യരഹിതനായ ഡ്രൈവറെക്കാൾ കൂടുതൽ സമയം എടുക്കാറില്ല, പ്രത്യേകിച്ചും ആധുനിക ബന്ധിപ്പിക്കലുകളുടെ ആഗമനം മുതൽ.
വാഹനമോടിക്കണമോ വേണ്ടയോ—ഉത്തരവാദിത്വമുള്ള ഒരു തീരുമാനം
നിങ്ങൾ കാർ ഓടിക്കാൻ ആഗ്രഹിക്കുന്ന ഒരു വികലാംഗനാണെങ്കിൽ, പ്രസ്തുത സംഗതിയെ അങ്ങേയറ്റം ഗൗരവത്തോടെ ആയിരിക്കണം സമീപിക്കേണ്ടത്. ഒന്നാമത്, നിങ്ങളുടെ ഡോക്ടറുടെയും കുടുംബാംഗങ്ങളുടെയും ഉപദേശം തേടുക. നിങ്ങൾ ഇതുപോലുള്ള ചോദ്യങ്ങളും പരിഗണിച്ചേക്കാം: ഞാൻ വാഹനം ഓടിക്കേണ്ടത് അത്യാവശ്യമാണോ? എനിക്ക് ഒരു അപകട സാധ്യതയെ കൈകാര്യം ചെയ്യാനാവുമോ? എനിക്ക് ഉണ്ടായേക്കാവുന്ന ഭയത്തെ തരണം ചെയ്യാനാവുമോ? പ്രയോജനങ്ങൾ എന്തെല്ലാമാണ്? വാഹനം ഓടിക്കാനുള്ള കഴിവു തൊഴിലാളി ഗണത്തിലേക്കു തിരികെവരാൻ എന്നെ പ്രാപ്തനാക്കുമോ? മറ്റുള്ളവരുമായി കൂടുതൽ ഇഴുകിച്ചേരാൻ അതെന്നെ സഹായിച്ചേക്കുമോ?
എപ്പോൾ ഡ്രൈവിങ് അവസാനിപ്പിക്കണമെന്ന് അറിയുന്നതും മർമപ്രധാനമാണ്. വികലാംഗനാണെങ്കിലും അല്ലെങ്കിലും ഏതു ഡ്രൈവർക്കും, കുറഞ്ഞുവരുന്ന നിർണയപ്രാപ്തിയും മന്ദഗതിയിലാകുന്ന പ്രതികരണപ്രാപ്തിയും നിമിത്തം അത്തരത്തിലുള്ള ഒരു തീരുമാനം ചെയ്യേണ്ടത് അത്യാവശ്യമായിത്തീരുന്ന ദിനം ആഗതമായേക്കാം. നിങ്ങൾക്ക് ആ സമയമായെങ്കിൽ, നിങ്ങൾ പരിഗണിക്കേണ്ടതു നിങ്ങളെ മാത്രമല്ലെന്ന് ഓർമിക്കുക. നിങ്ങൾ സ്നേഹിക്കുന്നവരെ—നിങ്ങളുടെ കുടുംബം, അയൽക്കാരൻ, വഴിയിലുള്ള നിങ്ങളുടെ സഹമനുഷ്യൻ—സംബന്ധിച്ചെന്ത്? നിങ്ങളുടെ വികലമായ ഡ്രൈവിങ് അയാൾക്ക് ഒരു യഥാർഥ അപകടം വരുത്തിക്കൂട്ടുമോ?
എന്റെ മാതൃദേശമായ ഓസ്ട്രേലിയ പോലുള്ള ചില രാജ്യങ്ങളിൽ 65 വയസിനുമേലുള്ള ഓരോ വികലാംഗ ഡ്രൈവർക്കും തന്റെ ഡ്രൈവിങ് ലൈസൻസ് ഒരു തവണ ഒരു വർഷത്തേക്കു മാത്രമേ പുതുക്കാൻ കഴിയൂ. അതും ഡ്രൈവിംങ് പ്രാപ്തിയെ കൂടുതൽ ക്ഷയിപ്പിക്കുന്ന വൈദ്യശാസ്ത്ര പ്രശ്നങ്ങൾ അയാൾക്കില്ലെന്നു പ്രസ്താവിക്കുന്ന ഡോക്ടറുടെ ഒരു സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം.
എന്റെ കാറും ശുശ്രൂഷയും
ത്വരിതഗമനം ചെയ്യുന്ന ഈ യുഗത്തിൽ, ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം മോട്ടോർവാഹനം ചില പ്രദേശങ്ങളിൽ ഫലത്തിൽ ഒരു അവശ്യസംഗതിയായി തീർന്നിരിക്കുന്നു. ആയിരക്കണക്കിന്, ഒരു പക്ഷേ ലക്ഷക്കണക്കിന്, ആളുകളുടെ പക്കൽ ദൈവരാജ്യത്തിന്റെ സുവാർത്ത എത്തിക്കാൻ കാറുകൾ അവരെ സഹായിച്ചിരിക്കുന്നു. (മത്തായി 24:14) എന്നെപ്പോലെയുള്ള വികലാംഗർക്ക് ഇതു പ്രത്യേകിച്ചും അങ്ങനെ തന്നെയാണ്. അപകടങ്ങളിൽനിന്നും രോഗങ്ങളിൽനിന്നും എല്ലാ വൈകല്യങ്ങളിൽനിന്നും വിമുക്തമായ ഒരു പുതിയ ലോകം വരാൻ പോകുന്നുവെന്നുള്ള എന്റെ ബോധ്യത്തെക്കുറിച്ചു മറ്റുള്ളവരോടു പറയാൻ, എന്റെ വ്യക്തിഗത ആവശ്യങ്ങൾക്ക് അനുസരിച്ചു പരിഷ്ക്കരിച്ച വാഹനം എന്നെ പ്രാപ്തനാക്കുന്നു. (യെശയ്യാവു 35:5, 6) ചില വികലാംഗർ മുഴുസമയ സുവിശേഷകരായി സേവിക്കാൻ പോലും പ്രാപ്തരായിട്ടുണ്ട്.
യു.എസ്.എ-യിലെ അയേവായിലുള്ള വീൽചെയർ ഉപയോഗിക്കേണ്ടിവരുന്ന യഹോവയുടെ സാക്ഷികളിൽ ഒരാൾക്ക് അനേക വർഷമായി ഇതു ചെയ്യാൻ കഴിഞ്ഞിരിക്കുന്നു. അവളുടെ വാൻ അവളെ വളരെയധികം സഹായിച്ചിരിക്കുന്നുവെന്ന് അവൾ പറയുന്നു. അവളെ വാനിലേക്കു എടുത്തുകയറ്റുന്ന ഒരു ലിഫ്റ്റ് പോലുള്ള അതിന്റെ സവിശേഷ നിയന്ത്രകങ്ങൾ ഒരു സഹസാക്ഷി രൂപകല്പന ചെയ്തു. അകത്തെത്തിയാൽപ്പിന്നെ അവൾ വീൽചെയറിൽനിന്നു ഡ്രൈവറുടെ ഇരിപ്പിടത്തിലേക്കു നീങ്ങുന്നു. “ഈ വിധത്തിൽ പുറത്തുപോയി ആളുകളെ അവരുടെ ഭവനങ്ങളിൽ പതിവായി സന്ദർശിക്കാൻ എനിക്കു കഴിയുന്നുണ്ട്, സാധാരണമായി പല ബൈബിളധ്യയനങ്ങൾ നടത്താൻ എനിക്കു കഴിയുന്നു” എന്ന് അവൾ പറയുന്നു.
എന്റെ കാര്യത്തിൽ, ശുശ്രൂഷയിൽ മുഴുസമയം പ്രവർത്തിക്കാൻ എനിക്കു കഴിയില്ലെങ്കിലും, എന്റെ പരിഷ്ക്കരിച്ച വാഹനം പ്രസംഗവേലയിൽ ഒരു അമൂല്യ മുതൽക്കൂട്ടായിരുന്നിട്ടുണ്ട്. അനേക വർഷങ്ങളായി ഞാൻ ഊന്നുവടിയുടെ സഹായത്തോടെയാണു വാതിൽതോറും പോയിരുന്നത്. എന്നാൽ കാലം കടന്നുപോയതോടെ അതെന്റെ കൈകളേയും തോളുകളേയും മോശമായി ബാധിക്കാൻ തുടങ്ങി. അതുകൊണ്ട് ആയാസം കുറഞ്ഞ ഒരു മാർഗം ഞാൻ കണ്ടെത്തേണ്ടിയിരുന്നു. ഞാൻ പ്രവർത്തിക്കുന്നതു പട്ടണത്തിലായിരുന്നാലും നാട്ടിൻപുറത്തായിരുന്നാലും വാതിലിന് അടുത്തേക്കു വാഹനമോടിച്ചുപോവാൻ എന്നെ അനുവദിക്കുന്ന വഴികളുള്ള വീടുകൾ തിരഞ്ഞെടുക്കുന്നു.
എന്റെ ആദ്യ സന്ദർശനത്തിൽ, ഞാൻ കാറിൽനിന്നിറങ്ങി ഊന്നുവടി കുത്തി മുൻവാതിൽക്കലേക്കു ചെന്ന്, സന്ദർശന ഉദ്ദേശ്യം ചുരുക്കമായി വിവരിക്കുന്നു. വീട്ടുകാരൻ സന്ദേശത്തിൽ കുറച്ചു താത്പര്യം കാണിക്കുന്നെങ്കിൽ, പിൻവരുന്ന സന്ദർശനങ്ങളിൽ എന്റെ സാന്നിധ്യം അറിയിക്കുന്നതിനു കാറിന്റെ ഹോൺ മുഴക്കുന്നതിനും—അപ്പോൾ അത് എന്റെ അടുത്തേക്കു ഇറങ്ങി വരാനുള്ള അവരുടെ ഊഴമാണ്—സ്വാതന്ത്ര്യം കാട്ടാൻ അവരുമായി സൗഹൃദത്തിലാകുന്നതിനും ഞാൻ ശ്രമിക്കുന്നു.
ഈ സമീപനം നന്നായി ഫലിക്കുന്നു. കാലാവസ്ഥയിൽനിന്നു സംരക്ഷിതരായി, സുഖപ്രദമായി ഞങ്ങൾക്കു സംസാരിക്കാൻ കഴിയേണ്ടതിന്, എന്നോടൊപ്പം അൽപ്പസമയം കാറിൽ ഇരിക്കാൻ അസൗകര്യമെന്നു വിചാരിക്കാതെ അനേകം വീട്ടുകാരും സമ്മതിക്കുന്നു. മിക്കപ്പോഴും പല വീട്ടുകാരും എന്റെ സന്ദർശനത്തെ സ്വാഗതം ചെയ്യുകയും പ്രോത്സാഹജനകമായ ഒരു ബൈബിൾ സന്ദേശം ചർച്ചചെയ്യാൻ കാത്തിരിക്കുകയും ചെയ്യുന്നു. ഒപ്പം അവർ ഏറ്റവും പുതിയ വീക്ഷാഗോപുര, ഉണരുക! മാസികകൾ സ്വീകരിക്കുകയും ചെയ്യുന്നു.
തീർച്ചയായും ഓരോ വികലാംഗന്റെയും സാഹചര്യം വിഭിന്നമാണ്. എന്നാൽ പുത്തൻ ആത്മവിശ്വാസം, സ്വാതന്ത്ര്യം, മറ്റുള്ളവരെ സഹായിക്കാനുള്ള അവസരം, “ഞാൻ വാഹനമോടിക്കാൻ പോവുകയാണ്” എന്നു പറയാൻ കഴിയുന്നതിലെ വലിയ ആഹ്ലാദം എന്നിങ്ങനെ ഡ്രൈവിങ് എനിക്കു കൈവരുത്തിയ അതേ പ്രയോജനങ്ങൾ ഒരുപക്ഷേ നിങ്ങൾക്കും കൈവരുത്തിയേക്കാം!—സെസിൽ ഡബ്ലിയൂ. ബ്രൂൺ പറഞ്ഞ പ്രകാരം.
[14-ാം പേജിലെ ചതുരം]
വികലാംഗർക്കു വേണ്ടി കാറുകൾ പരിഷ്ക്കരിക്കുന്നവിധം
ഭൂരിഭാഗം വികലാംഗ ഡ്രൈവർമാരും അവരുടെ കാലുകൾക്കു കഴിയാത്തതു ചെയ്യാൻ അവരുടെ കൈകൾ ഉപയോഗിക്കുന്നു. ഒരു മാതൃകയിലുള്ള ഹസ്തനിയന്ത്രിതസംവിധാനം വിശേഷാൽ സൗകര്യപ്രദമാണ്. സ്റ്റിയറിങ് വളയത്തിന്റെ അടിയിൽ ഭംഗിയായി ചേരുന്ന, സ്റ്റിയറിങ് തണ്ടിൽനിന്നു തള്ളിനിൽക്കുന്ന ഒരു ലിവറാണ് ഇത്. ഈ ലിവറിൽനിന്ന് ഒരു ഉരുക്കു ദണ്ഡു താഴെ ബ്രേക്ക് പെഡലിലേക്കു പോകുന്നു. ലിവർ മുന്നോട്ടു തള്ളുമ്പോൾ ബ്രേക്കു വീഴുന്നു.
ഇതേ യൂണിറ്റിൽനിന്നുതന്നെ ആക്സലറേറ്ററിലേക്ക് ഒരു കേബിൾ ബന്ധിച്ചിരിക്കുന്നു. ഈ ലിവർ രണ്ടു വശങ്ങളിലേക്കു നീക്കാവുന്നതാണ്. ബ്രേക്ക് ചെയ്യുന്നതിനു മുന്നോട്ടും വേഗത കൂട്ടുന്നതിനു മുകളിലേക്കും. ഇതിനു കുറെ ബലം ആവശ്യമാണ്. പ്രസ്തുത വാഹനം സാധാരണ രീതിയിൽ ഓടിക്കുന്നതിൽനിന്ന് ഇത് ഒരു പ്രകാരത്തിലും മറ്റുള്ളവരെ തടസ്സപ്പെടുത്തുന്നില്ലെന്നുള്ളതാണ് ഇത്തരം ഹസ്തനിയന്ത്രിതസംവിധാനത്തിന്റെ ഒരു കാര്യമായ നേട്ടം. കൂടുതലായി, ഈ യൂണിറ്റ് മറ്റു കാറുകളിലേക്ക് എളുപ്പം മാറ്റുകയും ചെയ്യാം.
കൈകൾക്കു ബലം കുറഞ്ഞവർക്കായി വ്യത്യസ്തതരത്തിലുള്ള ഇത്തരം ഹസ്തനിയന്ത്രിതസംവിധാനം ലഭ്യമാണ്. ബ്രേക്ക് ചെയ്യുന്നതിനു മുന്നോട്ടു ചലിപ്പിക്കുന്നതിനാൽ ഇതു സമാനമായി പ്രവർത്തിക്കുന്നു. എന്നാൽ വേഗത കൂട്ടുന്നതിനു താഴേക്ക് അമർത്തണം, കേവലം കൈയുടെ ഭാരം മതി ആക്സലറേറ്ററിനെ പ്രവർത്തിപ്പിക്കാൻ.
വീൽചെയറുകളുടെ കാര്യമോ?
ഒരു വികലാംഗ ഡ്രൈവർ നേരിടുന്ന കൂടുതലായൊരു പ്രശ്നം: വീൽചെയർ അയാൾ എന്തു ചെയ്യണം? പ്രായക്കുറവുള്ള അനവധി ഡ്രൈവർമാർ ഡ്രൈവർമാരുടെ സീറ്റിനു പിന്നിലുള്ള സ്ഥലത്തേക്കു വീൽചെയർ ഉയർത്താൻ അവരെ അനുവദിക്കുന്ന രണ്ടുവാതിലുള്ള കൂപ്പേകൾ വാങ്ങിക്കുന്നു. ഇതു ചെയ്യുന്നതിനു തീർച്ചയായും കൈകൾക്കും തോളുകൾക്കും നല്ല ബലം ആവശ്യമാണ്. വേണ്ടത്ര ശക്തി ഇല്ലാത്തവർ അവരുടെ ചെയർ വണ്ടിയിലേക്കു കയറ്റിവെക്കാൻ സൗഹൃദമുള്ള ഒരു വഴിപോക്കനു വേണ്ടി കാത്തിരിക്കണം.
വീൽചെയർ ലോഡർ ആണ് ഒരു പകരക്രമീകരണം. കാറിന്റെ മുകളിൽ കയറ്റിവച്ചിരിക്കുന്ന ഒരു വലിയ ഫൈബർ ഗ്ലാസ് പെട്ടിയാണ് ഇത്. ഒരു ബട്ടൺ അമർത്തുമ്പോൾ പ്രസ്തുത പെട്ടിയിലേക്കു കപ്പികൾകൊണ്ടു വീൽചെയർ കയറ്റുന്നതിനായി ഒരു ചെറിയ മോട്ടോർ സാവധാനം പെട്ടിയെ ഉയർത്തുന്നു. ഒരിക്കൽ കയറ്റിക്കഴിഞ്ഞാൽ പെട്ടി വീണ്ടും ഉറച്ചിരിക്കുന്നു. ഓസ്ട്രേലിയയിൽ ലഭ്യമായ ഇത്തരം ഒരു ലോഡർ കാറിന്റെ സിഗരറ്റ് ലൈറ്ററിനോടു സൗകര്യപ്രദമായി ബന്ധിപ്പിക്കാൻ കഴിയും.
വീൽചെയർ ലോഡറിന്റെ ഒരു ദോഷഫലം കാറിനു കാറ്റുപിടിക്കും എന്നതാണ്. ഇത് ഇന്ധന ഉപഭോഗം 15 മുതൽ 20 വരെ ശതമാനം വർധിപ്പിക്കുന്നു. കൂടാതെ ഈ യന്ത്രത്തിന്റെ വിലതന്നെ ഭയങ്കരമായിരിക്കാം. എങ്കിലും, അതു വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യം നിമിത്തം ലോഡിങ് യന്ത്രങ്ങൾ മൂല്യവത്താണെന്ന് ഒട്ടേറെപ്പേർ കരുതുന്നു. ഒരു വികലാംഗ ഇപ്രകാരം അഭിപ്രായപ്പെട്ടു: “എന്നോടൊപ്പം ആരുമില്ലെങ്കിലും അഥവാ വീൽചെയർ ഇറക്കാൻ എന്റെ ലക്ഷ്യസ്ഥാനത്ത് ആരുമില്ലെങ്കിലും ഇപ്പോൾ എനിക്ക് എവിടെയും തന്നെത്താൻ പോകാനാവും.”
[13-ാം പേജിലെ ചിത്രം]
എന്റെ കാറിൽനിന്ന് എനിക്കു സാക്ഷീകരിക്കാൻ കഴിയുന്നു