മോട്ടോർവാഹനങ്ങളില്ലാത്ത ഒരു ലോകമോ?
മോട്ടോർവാഹനങ്ങളില്ലാത്ത ഒരു ലോകത്തെക്കുറിച്ചു നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുമോ? അല്ലെങ്കിൽ മോട്ടോർവാഹനങ്ങളെപ്പോലെ, കഴിഞ്ഞ നൂറ്റാണ്ടിൽ ആളുകളുടെ ജീവിതശൈലികൾക്കും സ്വഭാവത്തിനും അടിസ്ഥാനപരമായ മാറ്റം വരുത്തിയ ഒരു കണ്ടുപിടിത്തത്തിന്റെ പേരു നിങ്ങൾക്കു പറയാമോ? മോട്ടോർവാഹനങ്ങൾ ഇല്ലെങ്കിൽ മോട്ടലുകളോ ഡ്രൈവ്-ഇൻ റസ്റ്ററന്റുകളോ ഡ്രൈവ്-ഇൻ തിയേറ്ററുകളോ ഉണ്ടായിരിക്കുകയില്ല. ഏറെ പ്രധാനമായി, ബസുകളോ ടാക്സികളോ കാറുകളോ ട്രക്കുകളോ ഇല്ലാതെ നിങ്ങൾ എങ്ങനെ ജോലിക്കെത്തും? സ്കൂളിൽ പോകും? കർഷകരും നിർമാതാക്കളും തങ്ങളുടെ ഉത്പന്നങ്ങൾ എങ്ങനെ കമ്പോളത്തിലെത്തിക്കും?
“ഓരോ ആറു യു.എസ്. ബിസിനസുകളിലും ഒരെണ്ണം മോട്ടോർവാഹനങ്ങളുടെ നിർമാണത്തെയോ വിതരണത്തെയോ സർവീസിങ്ങിനെയോ ഉപയോഗത്തെയോ ആശ്രയിച്ചാണിരിക്കുന്നത്” എന്ന് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. അതിങ്ങനെ കൂട്ടിച്ചേർക്കുന്നു: “മോട്ടോർവാഹന കമ്പനികളുടെ വിൽപ്പനകളും വരവുതുകകളും രാജ്യത്തെ മൊത്തവ്യാപാരത്തിന്റെ അഞ്ചിലൊന്നിലധികത്തെയും ചില്ലറവ്യാപാരത്തിന്റെ നാലിലൊന്നിലധികത്തെയും പ്രതിനിധാനം ചെയ്യുന്നു. മറ്റു രാജ്യങ്ങളിൽ ഈ അനുപാതങ്ങൾ ഏറെക്കുറെ ചെറുതാണ്, എന്നാൽ ജപ്പാനും പശ്ചിമ യൂറോപ്യൻ രാജ്യങ്ങളും യു.എസ്.-ന്റെ നിലവാരത്തോട് അതിവേഗം അടുത്തുവരികയാണ്.”
എന്നാൽ, മോട്ടോർവാഹനങ്ങളില്ലാത്ത ഒരു ലോകം മെച്ചമായ ഒന്നായിരിക്കുമെന്നു ചില ആളുകൾ പറയുന്നു. അവർ അങ്ങനെ പറയുന്നതിന് അടിസ്ഥാനപരമായി രണ്ടു കാരണങ്ങളാണുള്ളത്.
ലോകവ്യാപക ഗതാഗതക്കുരുക്ക്
കാറുകൾ പ്രയോജനകരമെങ്കിലും ഇടതിങ്ങിയ പ്രദേശത്ത് അവ വളരെയധികം ഉള്ളതു നല്ലതല്ല എന്ന് പാർക്കുചെയ്യാനുള്ള സ്ഥലം തേടി നിങ്ങൾ എന്നെങ്കിലും തെരുവിൽക്കൂടി വളരെനേരം ചുറ്റിക്കറങ്ങിയിട്ടുണ്ടെങ്കിൽ ആരും പറയാതെതന്നെ നിങ്ങൾക്കു മനസ്സിലാകും. അല്ലെങ്കിൽ എന്നെങ്കിലും നിങ്ങൾ ഭയങ്കരമായ ഒരു ഗതാഗതക്കുരുക്കിൽ അകപ്പെട്ടിട്ടുണ്ടെങ്കിൽ, പോകാൻ ഉദ്ദേശിക്കപ്പെട്ടിരിക്കുന്ന ഒരു വാഹനം നിർബന്ധിതമായി നിർത്തിയിട്ടിരിക്കുമ്പോൾ അതിനകത്തു കുടുങ്ങിയിരിക്കുന്നത് എത്ര നിരാശാജനകമാണെന്നു നിങ്ങൾക്കറിയാം.
1950-ൽ 4 പേർക്ക് 1 കാർവീതം ഉണ്ടായിരുന്നത് ഐക്യനാടുകൾക്കു മാത്രമായിരുന്നു. 1974 ആയപ്പോൾ ഇറ്റലി, ഗ്രേറ്റ് ബ്രിട്ടൻ, ജർമനി, നെതർലൻഡ്സ്, ഫ്രാൻസ്, ബെൽജിയം, സ്വീഡൻ എന്നീ രാജ്യങ്ങളും ഐക്യനാടുകൾക്കൊപ്പമെത്തി. അപ്പോഴേക്കും യു.എസ്. കണക്ക് മിക്കവാറും രണ്ടു പേർക്ക് 1 കാർവീതം എന്നായി വർധിച്ചിരുന്നു. ഇപ്പോൾ ജർമനിയിലും ലക്സംബർഗിലും രണ്ടു നിവാസികൾക്ക് ഏതാണ്ട് 1 മോട്ടോർവാഹനം വീതമുണ്ട്. ഇറ്റലിയും ഗ്രേറ്റ് ബ്രിട്ടനും നെതർലൻഡ്സും ഫ്രാൻസും ബെൽജിയവും തീരെ പുറകിലല്ല.
വൻ നഗരങ്ങൾ മിക്കവയും—അവ ലോകത്തിലെവിടെയായിരുന്നാലും ശരി—വൻ പാർക്കിങ് സ്ഥലങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ഉദാഹരണമായി, 1947-ൽ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച സമയത്ത് തലസ്ഥാനമായ ന്യൂഡൽഹിയിൽ 11,000 കാറുകളും ട്രക്കുകളും ഉണ്ടായിരുന്നു. 1993 ആയപ്പോൾ ആ സംഖ്യ 22,00,000 കവിഞ്ഞു! ഒരു ഭീമമായ വർധനവ്—എന്നാൽ “ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇരട്ടിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ഒരു സംഖ്യയാണിത്” എന്ന് ടൈം മാസിക പറയുന്നു.
അതേസമയം, പൂർവ യൂറോപ്പിൽ, പശ്ചിമ യൂറോപ്പിലെപ്പോലെ ആളോഹരിക്കു നാലിലൊന്നു മോട്ടോർവാഹനങ്ങൾ മാത്രമേയുള്ളൂ. എന്നാൽ അവിടെ വാങ്ങാൻ സാധ്യതയുള്ളവർ ഏതാണ്ട് 40 കോടിയുണ്ട്. 40 കോടി സൈക്കിളുകൾ ഉള്ളതായി ഇതുവരെ അറിയപ്പെടുന്ന ചൈനയിലെ സ്ഥിതി ഏതാനും വർഷങ്ങൾക്കുള്ളിൽ മാറിയിരിക്കും. 1994-ൽ റിപ്പോർട്ടു ചെയ്യപ്പെട്ടതനുസരിച്ച്, “ഗവൺമെൻറ് മോട്ടോർവാഹന ഉത്പാദനം ത്വരിതഗതിയിൽ വർധിപ്പിക്കാനുള്ള പദ്ധതികൾ ഇടുകയാണ്.” കാറുകളുടെ എണ്ണം വർഷംതോറുമുള്ള 13 ലക്ഷത്തിൽനിന്നും ഈ നൂറ്റാണ്ടിന്റെ അവസാനം 30 ലക്ഷമാക്കി മാറ്റാനുള്ള പദ്ധതികളാണത്.
മലിനീകരണ ഭീഷണി
“ബ്രിട്ടനിൽ ശുദ്ധവായു ഉപയോഗിച്ചുതീർന്നിരിക്കുന്നു” എന്ന് 1994 ഒക്ടോബർ 28-ലെ ദ ഡെയ്ലി ടെലഗ്രാഫ് പറഞ്ഞു. ഒരുപക്ഷേ അതിശയോക്തിയായിരിക്കാമെങ്കിലും ഉത്കണ്ഠപ്പെടാൻ തക്കവണ്ണം സത്യമാണിത്. ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫെസറായ സ്റ്റ്വാർട്ട് പെൻകെറ്റ് ഇപ്രകാരം മുന്നറിയിപ്പു നൽകി: “മോട്ടോർ കാറുകൾ നമുക്കു ചുറ്റുമുള്ള മുഴു അന്തരീക്ഷത്തിന്റെയും രസതന്ത്രം മാറ്റുകയാണ്.”
കാർബൺ മോണോക്സൈഡ് മലിനീകരണത്തിന്റെ ഉയർന്ന ഗാഢത “ഓക്സിജനെ ഇല്ലാതാക്കുകയും ഗ്രഹണപ്രാപ്തിയെയും ചിന്തയെയും വികലമാക്കുകയും അനൈച്ഛിക ചേഷ്ടകളെ മന്ദഗതിയിലാക്കുകയും ആലസ്യമുളവാക്കുകയും ചെയ്യുന്നു” എന്ന് ഗ്രഹത്തെ രക്ഷിക്കാൻ 5000 ദിവസങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. “യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും മൊത്തം നഗരവാസികളുടെ പകുതിയോളം കാർബൺ മോണോക്സൈഡിന്റെ അസ്വീകാര്യമായ ഉയർന്ന അളവുകൾക്കു വിധേയരാണെന്ന്” ലോകാരോഗ്യ സംഘടന പറയുന്നു.
മോട്ടോർവാഹനങ്ങളിൽനിന്നുള്ള ഉത്സർജനങ്ങൾ ചില സ്ഥലങ്ങളിൽ, പരിസ്ഥിതിക്കു ഹാനി വരുത്തിവെച്ചുകൊണ്ടു ശതകോടിക്കണക്കിനു ഡോളറുകൾ നശിപ്പിക്കുന്നതുകൂടാതെ, ഓരോവർഷവും അനേകമാളുകളെ കൊല്ലുകയും ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു. കാറിൽനിന്നുള്ള വായു മലിനീകരണം ഹേതുവായി ഓരോ വർഷവും ഏതാണ്ട് 11,000 ബ്രിട്ടൻകാർ മരണമടയുന്നതായി 1995 ജൂലൈയിൽ ഒരു ടെലിവിഷൻ വാർത്താ റിപ്പോർട്ടു പറഞ്ഞു.
1995-ൽ ഐക്യരാഷ്ട്ര കാലാവസ്ഥാ സമ്മേളനം ബെർലിനിൽവെച്ചു നടന്നു. എന്തെങ്കിലും ചെയ്യേണ്ടത് ആവശ്യമാണെന്ന് 116 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ സമ്മതിച്ചു. എന്നാൽ പലരെയും നിരാശരാക്കിക്കൊണ്ട്, നിശ്ചിത ലക്ഷ്യങ്ങൾ സ്വീകരിക്കുകയും നിയതമായ നിയമങ്ങൾ ഏർപ്പെടുത്തുകയും കൃത്യമായ പരിപാടികളുടെ ബാഹ്യരേഖ തയ്യാറാക്കുകയും ചെയ്യുകയെന്ന കൃത്യം മാറ്റിവയ്ക്കപ്പെട്ടു.
ഗ്രഹത്തെ രക്ഷിക്കാൻ 5000 ദിവസങ്ങൾ എന്ന പുസ്തകം അന്ന് 1990-ൽ പറഞ്ഞതു പരിഗണനയിലെടുക്കുമ്പോൾ പുരോഗതിയുടെ ഈ അഭാവം ഒരുപക്ഷേ പ്രതീക്ഷിക്കേണ്ടതുതന്നെയായിരുന്നു. “പരിസ്ഥിതി വിനാശത്തോടു പോരാടാനുള്ള നടപടികൾ സമ്പദ്സ്ഥിതിയുടെ പ്രവർത്തനങ്ങളിൽ കൈകടത്തുന്നില്ലെങ്കിൽ മാത്രമേ അവ സ്വീകാര്യമാക്കി നടപ്പാക്കുകയുള്ളൂവെന്നതാണ് ആധുനിക വ്യാവസായിക സമൂഹത്തിലെ രാഷ്ട്രീയവും സാമ്പത്തികവുമായ ശക്തിയുടെ സ്വഭാവം” എന്ന് അതു ചൂണ്ടിക്കാട്ടി.
“അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെയും മറ്റു ഹരിതഗൃഹ വാതകങ്ങളുടെയും വർധനവു ഗോളത്തെ ക്രമേണ ചൂടുപിടിപ്പിക്കാനുള്ള സാധ്യത”യെക്കുറിച്ച് ടൈം അടുത്തകാലത്തു മുന്നറിയിപ്പു നൽകി. “പല ശാസ്ത്രജ്ഞന്മാരും പറയുന്നതനുസരിച്ച് അതിന്റെ ഫലമായി വരൾച്ചകൾ, മഞ്ഞു മലകൾ ഉരുകൽ, സമുദ്ര നിരപ്പുകൾ ഉയരൽ, തീരപ്രദേശ വെള്ളപ്പൊക്കം, ശക്തിയേറിയ കൊടുങ്കാറ്റുകൾ, മറ്റു കാലാവസ്ഥാ വിപത്തുകൾ എന്നിവ സംഭവിക്കാം.”
മലിനീകരണ പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ എന്തെങ്കിലും ചെയ്യേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു. എന്നാൽ എന്താണു ചെയ്യേണ്ടത്?