ലോകത്തെ വീക്ഷിക്കൽ
ടിബി—ഒരു “ആഗോള അടിയന്തിരത”
എല്ലാ വർഷവും എയ്ഡ്സ്, മലേറിയ, ഉഷ്ണമേഖലാ രോഗങ്ങൾ എന്നിവ മൂലം മരിക്കുന്ന മൊത്തം പ്രായപൂർത്തിയായവരെക്കാളധികം പേർ ക്ഷയരോഗം (ടിബി) മൂലം മരിക്കുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ളിയുഎച്ച്ഒ) പ്രസ്താവിക്കുന്നു. ഓരോ സെക്കൻഡിലും ആരെയെങ്കിലും എവിടെയെങ്കിലുംവെച്ച് ടിബി പിടികൂടുന്നു. ചുമയിലൂടെയോ തുമ്മലിലൂടെയോ ടിബി രോഗാണു പകർന്നേക്കാം. അടുത്ത പത്തുവർഷത്തിനുള്ളിൽ 30 കോടി ആളുകളെ ടിബി പിടികൂടുമെന്നും മൂന്നു കോടി ആളുകൾ അതുമൂലം മരിക്കുമെന്നും ഡബ്ളിയുഎച്ച്ഒ പ്രതീക്ഷിക്കുന്നു. ഇതിലും വഷളായി, ഔഷധ പ്രതിരോധശക്തിയാർജിച്ച പുതിയതരം ടിബികൾ, അസുഖം ചികിത്സിച്ചുമാറ്റാൻ സാധിക്കില്ലെന്ന ഭീഷണിയുയർത്തിയിരിക്കുന്നു. ഡബ്ളിയുഎച്ച്ഒ പറയുന്നതനുസരിച്ച്, “രോഗാണു ശരീരത്തിൽ കടന്നുകൂടുന്ന ആളുകളിൽ 5 മുതൽ 10 വരെ ശതമാനം മാത്രമേ രോഗികളോ രോഗം പകർത്തുന്നവരോ ആയിത്തീരുന്നുള്ളൂ. പ്രതിരോധ വ്യവസ്ഥ ടിബി രോഗാണുക്കളുടെ ‘പ്രവർത്തനം തടയുന്ന’താണു കാരണം.” എങ്കിലും പകർച്ചവ്യാധി അത്രയ്ക്കു ഗുരുതരമായിരിക്കുന്നതുമൂലം ഡബ്ളിയുഎച്ച്ഒ ഒരു “ആഗോള അടിയന്തിരത”യായി അതിനെ പ്രഖ്യാപിച്ചിരിക്കുന്നു—ഡബ്ളിയുഎച്ച്ഒ-യുടെ ചരിത്രത്തിലെ അത്തരത്തിലുള്ള ആദ്യത്തെ പ്രഖ്യാപനം.
സോദോമിനും ഗൊമോറയ്ക്കും വേണ്ടിയുള്ള കുഴിക്കൽ
പുരാതന സോദോമും ഗൊമോറയും കണ്ടെത്തിയതായി സ്വീഡിഷ് പുരാവസ്തുഗവേഷകർ അവകാശപ്പെടുന്നു. അമ്മാൻ ഡിപ്പാർട്ട്മെൻറ് ഓഫ് ആൻറിക്വിറ്റീസുമായി സഹകരിച്ച്, ജോർദാനിലെ ചാവുകടലിനു കിഴക്കുവശത്തുള്ള ഏൽ ലീസേനിൽ ശാസ്ത്രജ്ഞന്മാർ തങ്ങളുടെ കണ്ടെത്തലുകൾ നടത്തി. ക്രിസ്തുവിന് ഏതാണ്ട് 1,900 വർഷങ്ങൾക്കുമുമ്പു നശിപ്പിക്കപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ഇന്നും കാണാൻ കഴിയുന്നുവെന്നതു വിസ്മയാവഹമാണെന്നു സ്വീഡിഷ് വർത്തമാനപത്രമായ ഓയിസ്റ്റ്ജോയിറ്റ-കോറസ്പോണ്ടെൻറൻ വിശദീകരിക്കുന്നു. പുരാവസ്തുഗവേഷകർ, തങ്ങൾ സോദോമും ഗൊമോറയും കണ്ടെത്തിയിരിക്കുന്നുവെന്ന ബോധ്യത്തിലാണ്. കളിമൺപാത്രങ്ങൾ, ചുവരുകൾ, ശവക്കുഴി, തീക്കല്ല് എന്നിവ സൂക്ഷ്മപരിശോധന നടത്തിയശേഷം, നഗരങ്ങൾ ഒരു പ്രകൃതിവിപത്തുമൂലം നശിപ്പിക്കപ്പെട്ടതാണെന്നായിരുന്നു അവരുടെ നിഗമനം. എന്നാൽ, ആ നഗരങ്ങളുടെ കൊടും അധാർമികത നിമിത്തം ദൈവം തന്നെയാണ് നാശം വരുത്തിയതെന്നു ബൈബിൾ വെളിപ്പെടുത്തുന്നു.
ഉച്ചത്തിലുള്ള സംഗീതത്തിന്റെ അപകടം
റോക്ക് സംഗീതക്കച്ചേരികൾ സ്ഥിരമായ ബധിരത വരുത്തിയേക്കാമെന്ന് ന്യൂ സയൻറിസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. ഫ്രഞ്ച് കർണരോഗ വിദഗ്ധനായ ക്രീസ്റ്റ്യൻ മൈയെർ ബീഷ്, 14-നും 40-നും ഇടയ്ക്ക് പ്രായമുള്ള 1,364 പേരിൽ പഠനം നടത്തിയപ്പോൾ, റോക്ക് സംഗീതക്കച്ചേരിക്കു പതിവായി പോകുന്ന വലിയൊരു ശതമാനം താത്കാലിക കേൾവിക്കുറവുമൂലം ക്ലേശിച്ചിരുന്നതായി കണ്ടെത്തി. റോക്ക് സംഗീതക്കച്ചേരികളുടെ പ്രചാരംമൂലം ഈ കേടുപാടുകൾ “വ്യക്തിയെ സംബന്ധിച്ച പ്രശ്നമല്ല പിന്നെയോ പൊതുജനാരോഗ്യത്തെ സംബന്ധിച്ച ഒരു പ്രശ്നമാണ്” എന്ന് മൈയെർ ബീഷ് മുന്നറിയിപ്പു നൽകുന്നു.
സ്ത്രീകൾക്കിടയിൽ ദുർന്നടപ്പിന്റെ വർധനവ്
• ഓസ്ട്രേലിയയിൽ അസഭ്യ ഭാഷ ഉപയോഗിക്കുന്ന ചെറുപ്പക്കാരികളുടെ എണ്ണം വർധിച്ചുവരുന്നതായി ബ്രിസ്ബേൻ സൺഡേ മെയിൽ റിപ്പോർട്ടു ചെയ്യുന്നു. ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോഡേൺ ലാങ്ഗ്വേജസിന്റെ ഡയറക്ടറായ പ്രൊഫസർ മാക്സ് ബ്രാൻഡൽ വിവരിക്കുന്നു: “സ്ത്രീകൾ മുമ്പത്തെക്കാൾ കൂടുതൽ—പുരുഷന്മാരോടുള്ള താരതമ്യത്തിൽ—മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നതായി നിങ്ങൾ കണ്ടെത്തുന്നു. അവർ കൂടുതൽ അസഭ്യഭാഷ ഉപയോഗിക്കുകയും ചെയ്യുന്നു. ഖേദകരമെന്നു പറയട്ടെ, പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിലുള്ള പരമ്പരാഗത മര്യാദകൾ ഇല്ലാതായിരിക്കുന്നു എന്നതാണ് ഒരു പരിണതഫലം. ഇരുലിംഗവർഗത്തിൽപ്പെട്ടവരും അസഭ്യഭാഷ ഉപയോഗിക്കുമ്പോൾ, കഴിഞ്ഞകാല പ്രേമഭാവം സത്വരം അപ്രത്യക്ഷമാകുന്നു. മുൻ തലമുറകൾ ഉപയോഗിച്ചിരുന്ന ശൃംഗാരരസം പുരണ്ട ഭാഷയ്ക്ക് ഇക്കാലത്തു സമൂഹത്തിൽ യാതൊരു സ്ഥാനവുമില്ല. ഇക്കാലത്തെ ചെറുപ്പക്കാർക്കിടയിൽ അസഭ്യഭാഷ വളരെ സാധാരണമാണെന്നു ഞാൻ കാണുന്നു.”
• ബ്രസീലിൽ സ്ത്രീകൾ നടത്തിയ കുറ്റകൃത്യങ്ങളുടെ എണ്ണം 1995-ൽ ഇരട്ടിച്ചു. പൊലീസ് ഉദ്യോഗസ്ഥനായ ഫ്രാൻസീസ്ക്യൂ ബാസീലേ പറയുന്നതനുസരിച്ച്, കൂടുതൽ സ്ത്രീകൾ കയ്യേറ്റങ്ങൾ, മോഷണങ്ങൾ, മയക്കുമരുന്നിടപാട് തുടങ്ങിയ കാര്യങ്ങളിൽ ഉൾപ്പെടുന്നതായി ഓ എസ്റ്റാഡോ ദെ സാവുൻ പൗലോ എന്ന വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. ഒട്ടേറെ സ്ത്രീകൾ, മയക്കുമരുന്ന് ഇടപാടുകാർ പാർട്ടികളിൽ വിതരണം ചെയ്യുന്ന ക്രാക്കുകൾ പുകച്ചുകൊണ്ടാണു തങ്ങളുടെ കുറ്റകൃത്യ ജീവിതത്തിന് ആരംഭം കുറിക്കുന്നത്. സ്ത്രീകൾ ഒരു മയക്കുമരുന്ന് ആസക്തി വളർത്തിയെടുക്കുന്നെന്നു മാത്രമല്ല, പലപ്പോഴും സ്വയം മയക്കുമരുന്ന് ഇടപാടുകാരാവുന്നു. വർത്തമാനപത്രം പറയുന്നതനുസരിച്ച്, പൊലീസ് ചീഫ് ആന്റോണ്യൂ വീലെലാ ഇപ്രകാരം വിവരിക്കുന്നു: “മയക്കുമരുന്നുകൾ വിൽക്കുന്ന സ്ത്രീകളുടെ എണ്ണം വിസ്മയാവഹമാംവിധം വർധിച്ചിരിക്കുന്നു. . . . മാത്രമല്ല, ഇതിനു പ്രത്യേകിച്ചു പ്രായപരിധിയില്ല.” ഒട്ടേറെപ്പേർ, 20-കളിലുള്ളവരാണ്, ചിലരാകട്ടെ 50-കളിലുള്ളവരും.
പള്ളിയിൽ പോകാത്ത ചിലർ സ്വകാര്യമായി പ്രാർഥിക്കുന്നു
ദ സിഡ്നി മോർണിങ് ഹെറാൾഡ് പറയുന്നതനുസരിച്ച്, ഓസ്ട്രേലിയ, വർഷംതോറും പള്ളി ഹാജർ അസാധാരണമാംവിധം കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു മതേതര സമൂഹമായി പൊതുവേ കരുതപ്പെടുന്നു. എന്നിരുന്നാലും, ചില ഓസ്ട്രേലിയക്കാർ പതിവായി പ്രാർഥിക്കാറുണ്ടെന്ന് ഒരു സമീപകാല പഠനം വെളിപ്പെടുത്തുകയുണ്ടായി. മുതിർന്നയാളുകളിൽ 5-ൽ 1 വെച്ച് ദിവസത്തിൽ ഒരിക്കലെങ്കിലും 11 ശതമാനം ആഴ്ചയിൽ ഒരിക്കലെങ്കിലും പ്രാർഥിക്കുന്നുണ്ടെന്നു സർവേ വെളിപ്പെടുത്തി. പള്ളി ഹാജർ സംഭ്രമിപ്പിക്കുന്നവിധം കുറഞ്ഞുകൊണ്ടിരിക്കെ, “ഒട്ടേറെ ആളുകൾക്കു തങ്ങളുടെ ജീവിതത്തിൽ നിലനിന്നുപോരുന്ന ഒരു ആത്മീയവശം ഉള്ള”തായി ക്രിസ്റ്റ്യൻ റിസേർച്ച് അസോസിയേഷൻ 1990-കളിലെ മതത്തെക്കുറിച്ചുള്ള അതിന്റെ ഒരു റിപ്പോർട്ടിൽ വിശദീകരിക്കുന്നുവെന്ന് ഹെറാൾഡ് പറയുന്നു.
ലോകത്തിലെ രണ്ടാമത്തെ വലിയ “വ്യവസായം”
40,000 കോടി ഡോളറിലേറെ (യു.എസ്.) വാർഷിക ആദായം കൊയ്തുകൊണ്ടു നിയമവിരുദ്ധമായ മയക്കുമരുന്നു കച്ചവടം തഴച്ചുവളരുന്നതായി ലോകാരോഗ്യ സംഘടനയുടെ മാഗസിനായ വേൾഡ് ഹെൽത്ത് പ്രസ്താവിക്കുന്നു. ഇത് അതിനെ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന “വ്യവസായ”മാക്കിത്തീർത്തിരിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ വ്യവസായം കൂടിയാണിത്—ആയുധവ്യാപാരത്തിനു പിന്നിൽ എന്നാൽ എണ്ണ വ്യവസായത്തിനു മുന്നിൽ. കഴിഞ്ഞ 30 വർഷത്തോളമായി നിയമവിരുദ്ധമായ മയക്കുമരുന്നുകളുടെ ലഭ്യത ആറു മടങ്ങു വർധിച്ചിരിക്കുന്നു. ലായകങ്ങൾ, കുറിപ്പുപ്രകാരം ലഭിക്കുന്ന ഔഷധങ്ങൾ, ആൽക്കഹോൾ എന്നീ നിയമസമ്മതിയുള്ള വസ്തുക്കളുടെ ദുരുപയോഗവും വർധിച്ചുകൊണ്ടിരിക്കുകയാണ്.
സ്നാപനം വിൽപ്പനയ്ക്ക്
300 വർഷത്തിലേറെയായി സ്വീഡിഷ് ലൂഥറൻ സഭ ഗവൺമെൻറുമായി ഒരു സഭാ-രാഷ്ട്ര ബന്ധം ആസ്വദിച്ചിട്ടുണ്ട്. എന്നിരുന്നാലും, 2000 ജനുവരി 1-ഓടെ ഈ സഭാ-രാഷ്ട്ര ബന്ധം ഫലത്തിൽ അവസാനിക്കുമെന്നു സഭാ അധികാരികൾ സമീപകാലത്ത് അറിയിച്ചു. നൂറ്റാണ്ടുകളായി, സ്വീഡിഷുകാരെല്ലാം ജനനസമയത്തുതന്നെ സ്വാഭാവികമായി സഭയിലെ അംഗമാക്കപ്പെടുന്നു. എന്നിരുന്നാലും, 1996-ന്റെ ആരംഭത്തോടെ, സഭാ അംഗത്വം സ്നാപനത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കുന്നു. ‘സ്നാപനം വിൽക്കുന്ന’ പുരോഹിത വർഗത്തിന്റെ ഭവന സന്ദർശനം ഉൾപ്പെടുന്ന ക്ലേശകരമായ ഒരു വിപണന പദ്ധതി, ആർച്ച്ബിഷപ്പ് പ്രഖ്യാപിച്ചിരിക്കുന്നതായി ഡാജെൻസ് ഇൻഡുസ്റ്റ്ട്രീ എന്ന വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. സ്റ്റോക്ക്ഹോമിൽ, പുരോഹിത വർഗത്തിൽപെട്ട ഒരു വനിത, “കടന്നുകയറിയുള്ള ഒരു വാണിഭ പ്രവർത്തനപരിപാടി” കൊണ്ടുനടക്കുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടു. അതിൽ അവർ “ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന വസ്തു സ്നാപനമാ”ണത്രെ. സ്നാപനത്തിനു കൊണ്ടുവരുന്ന ഓരോ ശിശുവിനും, 100 സ്വീഡിഷ് ക്രോണൊർ (15 യു.എസ്. ഡോളർ) നിക്ഷേപത്തോടുകൂടിയ അക്കൗണ്ട്ബുക്ക് ഒരു ഇടവക നൽകുമെന്ന് മോ ബ്രാ എന്ന മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു.
അകാല മാതൃത്വം
ബ്രസീലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഗ്രഫി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് പറയുന്നതനുസരിച്ച്, 1994-ൽ ബ്രസീലിൽ, 15 വയസ്സിനു താഴെയുള്ള 11,457 പെൺകുട്ടികൾ ശിശുക്കൾക്കു ജന്മമേകി. കഴിഞ്ഞ 18 വർഷംകൊണ്ട് ഇത്തരത്തിലുള്ള അകാല മാതൃത്വം 391 ശതമാനം വർധിച്ചിരിക്കുന്നു. എന്നാൽ, ഇതേ കാലഘട്ടത്തിൽ ജനസംഖ്യയിൽ 42.5 ശതമാനം മാത്രമേ വർധനവുണ്ടായിട്ടുള്ളൂ. ജന്മമേകുന്ന, 15-നും 19-നും ഇടയ്ക്കു പ്രായമുള്ള പെൺകുട്ടികളുടെ എണ്ണം 60 ശതമാനം വർധിച്ചിട്ടുണ്ട്. “ചുറ്റുപാടുകൾ, ടെലിവിഷൻ, പുസ്തകങ്ങൾ, മാസികകൾ തുടങ്ങിയവയാണ് അകാല ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന”തെന്നു റിയോ ഡി ജെനിറോ ഫെഡറൽ യൂണിവേഴ്സിറ്റിയിലെ റീകാർഡ്യൂ റേഗോ ബേറോസ് വിശദീകരിക്കുന്നുവെന്ന് വേഴാ മാഗസിൻ പറയുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ചു കുട്ടികൾക്കു ശിക്ഷണം നൽകുന്നതിൽ മാതാപിതാക്കൾക്കും സ്കൂളുകൾക്കും ഇപ്പോഴും ബുദ്ധിമുട്ടുള്ളതായി മറ്റൊരു വിദഗ്ധൻ അഭിപ്രായപ്പെട്ടു.
ടിവി നിലവാരം കുറയുന്നു
ടെലിവിഷൻ നിരീക്ഷകർ, ടിവി ലൈംഗികതയോടും നഗ്നതയോടും പത്തുവർഷം മുമ്പുണ്ടായിരുന്നതിനെക്കാൾ കൂടുതൽ ആസക്തിയുള്ളവരാണെന്നു ലണ്ടന്റെ ഇൻഡിപ്പെൻഡൻഡ് വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷനുവേണ്ടിയുള്ള ഒരു സർവേ പറയുന്നതനുസരിച്ച്, ടിവി ലൈംഗികതയോടും നഗ്നതയോടുമുള്ള മധ്യവയസ്കരായ സ്ത്രീകളുടെ സമ്മതം വർധിച്ചിരിക്കുന്നു. പ്രായംചെന്ന ഏതാണ്ട് 41 ശതമാനം സ്ത്രീകൾ ഇത്തരം ടിവി പരിപാടികൾ കുഴപ്പമില്ലാത്തതായി കരുതുന്നു. ഒരു ദശകം മുമ്പത്തെ 69 ശതമാനവുമായി തട്ടിച്ചുനോക്കുമ്പോൾ ഏതാണ്ട് 75 ശതമാനം ചെറുപ്പക്കാർ അസഭ്യ ഭാഷയോട് എതിർപ്പു കാണിക്കുന്നില്ല. മനോഭാവത്തിലുള്ള ഏറ്റവും വലിയ മാറ്റം സ്വവർഗസംഭോഗത്തിനുനേരെ ഉണ്ടായിട്ടുള്ളതാണ്. 55 വയസ്സിനു മേലുള്ള 40 ശതമാനം സ്ത്രീകളും 35-നും 55-നും ഇടയ്ക്കു പ്രായമുള്ള 56 ശതമാനം പുരുഷന്മാരും 18-നും 34-നും ഇടയ്ക്കു പ്രായമുള്ള 70 ശതമാനം പുരുഷന്മാരും ഇപ്പോൾ ടെലിവിഷനിലുള്ള സ്വവർഗസംഭോഗ ജീവിതരീതി തെറ്റല്ലാത്തതായി കാണുന്നു—കഴിഞ്ഞ പത്തു വർഷത്തിൽ 20 ശതമാനം വർധനവ്.
ബിഷപ്പ് ബൈബിൾ ജ്ഞാനത്തെ ചോദ്യം ചെയ്യുന്നു
“ക്രിസ്ത്യാനികൾക്കിടയിലെ വിവാഹത്തെയും വിവാഹമോചനത്തെയും ഭരിക്കുന്ന നിയമങ്ങ”ളെ സംബന്ധിച്ച ഒരു സെമിനാറിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ, നെസ്തോറിയൻ ബിഷപ്പായ പൗലോസ് മാർ പൗലോസ്, ഒരുവനു ധാർമിക മൂല്യങ്ങളുടെ സംഹിത എന്ന നിലയിൽ ബൈബിളിനെ കരുതാനാവില്ലെന്നു പ്രസ്താവിക്കുകയുണ്ടായി. ഇന്ത്യൻ എക്സ്പ്രസിൽ റിപ്പോർട്ടു ചെയ്തിരുന്നപ്രകാരം, വിവാഹമോചനത്തെസംബന്ധിച്ചുള്ള ബൈബിൾ പഠിപ്പിക്കലുകൾ മാറ്റിക്കൂടാനാവാത്തതാണെന്നു ശഠിക്കുന്നത്, ഭർത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആധുനിക മനുഷ്യൻ നേടിയിട്ടുള്ള കാഴ്ചപ്പാടിലെ പുരോഗതിയെ നിരാകരിക്കുന്നതായിരിക്കും എന്നു ബിഷപ്പ് പറഞ്ഞു. തിരുവെഴുത്തുകൾക്കെല്ലാം രണ്ടു വശങ്ങളുണ്ട്: ഒന്ന്, അവ എഴുതപ്പെട്ട കാലഘട്ടത്തിലെ ആളുകൾക്കും ആശയങ്ങൾക്കും അവർ വസിച്ചിരുന്ന രാജ്യത്തിനും ചേർന്നത്, താത്കാലികവും നശ്വരവുമായത്; മറ്റേത്, നിത്യവും അനശ്വരവുമായത്, എല്ലാ കാലത്തിനും രാജ്യങ്ങൾക്കും പ്രയുക്തമായത്, എന്ന് ഒരു ഹൈന്ദവ പണ്ഡിതനെ ഉദ്ധരിച്ചുകൊണ്ട് ബിഷപ്പ് പ്രസ്താവിച്ചതായി എക്സ്പ്രസ് റിപ്പോർട്ടു ചെയ്തു. ‘നാം ബൈബിളിലെ സാരാംശം വേർതിരിച്ചു കാണണം. ശാശ്വതമായ സത്യവും സാംസ്കാരിക ചായ്വും . . . നമ്മുടെ ജീവിതത്തിന്റെ ഗതിയും നാം തന്നെ തീരുമാനിക്കണം’ എന്ന് ആ ബിഷപ്പ് പറഞ്ഞു.