അപകടം!—എനിക്കു വിഷമുണ്ട്
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
വിഷപ്പാമ്പുകളും വിഷച്ചിലന്തികളും വിസ്തൃതമായ ആ രാജ്യത്ത് എല്ലായിടത്തുംതന്നെ ഉണ്ടെന്ന് ഓസ്ട്രേലിയയിലേക്കു വരുന്ന കുടിയേറ്റക്കാരോടും സന്ദർശകരോടും പലപ്പോഴും പറയാറുണ്ട്. എങ്കിലും, ചിലന്തികളുടെ അറിയപ്പെട്ടിട്ടുള്ള വർഗങ്ങളിലെ ഏതാണ്ട് 1,700 എണ്ണത്തെ മാത്രമേ ഇവിടെ കാണുന്നുള്ളൂ. തീർച്ചയായും അവയിൽ കുറെയെണ്ണത്തിന് “അപകടം! എനിക്കു വിഷമുണ്ട്” എന്ന മുഖമുദ്ര വഹിക്കാൻ കഴിയും, എന്നാൽ ഭൂരിപക്ഷവും ഉപദ്രവരഹിതമാണ്.
ഭൗമ ഗ്രഹത്തിൽ നമ്മോടൊപ്പം ഏകദേശം 2,500 പാമ്പു വർഗങ്ങൾ വസിക്കുന്നുണ്ട്. ഇവയിൽ ഏകദേശം 140 എണ്ണത്തെ ഓസ്ട്രേലിയയിൽ കാണാം, ഏതാണ്ട് 20 എണ്ണത്തിനു മാത്രമേ വിഷമുള്ളൂ. ഈ വിഷജീവികളിൽ ഒന്നിനെ കണ്ടുമുട്ടാൻ യഥാർഥത്തിൽ സാധ്യതയുണ്ടോ?
നഗരങ്ങളിലോ?
വിഷപ്പാമ്പുകളുടെയും ചിലന്തികളുടെയും ഗണ്യമായ ഭൂരിപക്ഷം നാട്ടിൻപുറങ്ങളിലോ കുറ്റിക്കാട്ടിലോ ആണ് കഴിയുന്നത്. എന്നിരുന്നാലും ചില തീരദേശ നഗരവാസികൾ ന്യായമായ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്, പ്രത്യേകിച്ച് ചിലന്തികളുടെ കാര്യത്തിൽ. ഉദാഹരണത്തിന്, പേരു സൂചിപ്പിക്കുന്നതുപോലെതന്നെ സിഡ്നി ഫണൽ-വെബ് ചിലന്തി ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്നിയുടെ അകത്തും ചുറ്റിനും പാർക്കുന്നു. തള്ളിനിൽക്കുന്ന കറുത്ത ദംശനാവയവങ്ങളോടുകൂടിയ അതിന് ആരുടെയും പേക്കിനാവുകളിൽ ഒരു ഗംഭീര പ്രകടനം നടത്താൻ കഴിയും.
രണ്ടാമത്തെ കാലിൽ വ്യക്തമായി കാണാവുന്ന കുതിമുള്ളു മുഖാന്തരമാണ് ആൺ ഫണൽ-വെബ്ബിനെ തിരിച്ചറിയുന്നത്, പെണ്ണിന്റേതിലും അഞ്ചിരട്ടി തീവ്രതയേറിയ വിഷമുള്ള അവൻ അപകടകാരിയാണ്. ഈ ചിലന്തിക്കു നൽകിയിരിക്കുന്ന ഔദ്യോഗിക ലാറ്റിൻ പേര് അട്രാക്സ് റോബസ്റ്റസ് ആണ്. “ഫണൽവെബ് ചിലന്തികളുടെ കടിയേറ്റ് കഴിഞ്ഞ എഴുപതു വർഷങ്ങളിൽ ഏതാണ്ട് പത്തൊൻപതു പേർ മരണമടഞ്ഞതായി അറിയപ്പെടുന്നു” എന്ന് 1980-ൽ ദ ഫണൽവെബ് എന്ന പുസ്തകം പ്രസ്താവിച്ചു. ഫണൽ-വെബ് കടിക്കുവേണ്ടിയുള്ള വിജയകരമായ ആദ്യത്തെ പ്രതിവിഷം 1980-ൽ വികസിപ്പിക്കപ്പെട്ടു.
റെഡ്ബാക്കാണു സൂക്ഷിച്ചിടപെടേണ്ട മറ്റൊരു ചിലന്തി, സാറ്റിൻപോലെയുള്ള കറുത്ത ഉദരത്തിൽ വിലങ്ങനെ ഓറഞ്ചു കലർന്ന ചെമപ്പു വരയുള്ളതുകൊണ്ടാണ് അതിന് ഈ പേരുള്ളത്. ചിലപ്പോൾ ഈ വരയ്ക്ക് പിങ്ക് നിറമോ ഇളം ചാരനിറം പോലുമോ ആണ്. പെൺ റെഡ്ബാക്കാണ് അപകടകാരി. മാരകമായിരിക്കാൻ കഴിയുന്ന അതിന്റെ കടിക്കുള്ള പ്രതിവിഷം 1956-ൽ ലഭ്യമായിത്തീർന്നു. ഓസ്ട്രേലിയയിലെമ്പാടും കണ്ടുവരുന്ന റെഡ്ബാക്കിനു പ്രസിദ്ധമായ ബ്ലാക്ക് വിഡോ ചിലന്തിയോടു ബന്ധമുണ്ട്.
സൂക്ഷിക്കൂ! പാമ്പുകൾ!
പ്രത്യേകിച്ചു രാത്രിയിൽ നഗരപ്രാന്തങ്ങളിലുള്ള വീടുകളുടെ പുൽത്തകിടികളിലോ പൊന്തക്കാട്ടിലോ പാമ്പുകളെ കണ്ടിട്ടുണ്ട്. കടുവാ പാമ്പ്, ഡെത്ത് ആഡർ, ടൈപൻ എന്നിങ്ങനെ വിരലിൽ എണ്ണാവുന്നവ അപകടകാരികളാണ്. കടുവാ പാമ്പിന് ഏതാണ്ട് 1.5 മീറ്റർ നീളമുണ്ട്. അതിന്റെ പുറത്തു കുറുകെയുള്ള ഇരുണ്ട വരകൾമൂലം അതിനെ തിരിച്ചറിയാൻ കഴിയും. ദേഷ്യം വരുമ്പോൾ അത് ഉച്ചത്തിൽ ചുമയോടുകൂടിയ സീത്കാരം പുറപ്പെടുവിച്ചേക്കാം.
ഡെത്ത് ആഡർ പല നിറങ്ങളിലുണ്ട്. അതിന്റെ വാലറ്റത്തു മഞ്ഞ കലർന്ന വെള്ള നിറത്തോടുകൂടിയ ഒരു ഉപാവയവം ഉണ്ട്. ഇരപിടിക്കുന്നതിനായി അത് ഈ ഭാഗം പെട്ടെന്നു ചലിപ്പിക്കുന്നു. അതിനെ പലപ്പോഴും കാണാറുള്ളതു മണൽ പ്രദേശങ്ങളിലാണ്, അവിടെ അതു കുതിരലാടാകൃതിയിൽ കിടക്കുന്നു. ഡെത്ത് ആഡറിന് ഏകദേശം 60 സെൻറിമീറ്റർ നീളവും വണ്ണവുമുണ്ട്.
അതേസമയം ടൈപൻ മൂന്നു മീറ്റർ നീളം വയ്ക്കുന്നു! തവിട്ടു നിറമുള്ള അതിന്റെ മൂക്കിന് ഇളം നിറമാണ്. അതിനു വലിയ വിഷ ഗ്രന്ഥികളുണ്ട്, ചില ഇനങ്ങളുടെ വിഷപ്പല്ലുകൾക്ക് ഏകദേശം ഒരു സെൻറിമീറ്ററിലധികം നീളമുണ്ട്. ടൈപന്റെ കടിയേറ്റ് അഞ്ചു മിനിറ്റിനുള്ളിൽ ഒരു കുതിര ചത്തുപോയി!
എനിക്കു ദംശനമേൽക്കുന്നെങ്കിലെന്ത്?
എട്ടുകാലികടിക്കും പാമ്പുകടിക്കും ഉള്ള പ്രതിവിഷം ലഭ്യമാണ്. വിഷ വിജ്ഞാന കേന്ദ്രങ്ങൾ ഓസ്ട്രേലിയയിലെമ്പാടും ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്നു. പാമ്പുകടിക്കുള്ള ചികിത്സാരീതികൾ മെച്ചപ്പെട്ടിട്ടുണ്ട്. വ്രണത്തിൽ ഉടൻതന്നെ മുറിവുണ്ടാക്കുകയും വിഷം വലിച്ചുകളയുകയും ചെയ്യണമെന്നുള്ള ആശയത്തെ പഴഞ്ചനായി മാത്രമല്ല, ഉപദ്രവകരമായും അനേകർ കരുതുന്നു. രോഗിയെ അനങ്ങാതെ ശാന്തനായി നിലനിർത്തുകയും കടിയേറ്റ ഭാഗത്തിനും ഹൃദയത്തിനും ഇടയിലായി ടൂർണിക്കേയോ ബാൻഡേജോ കെട്ടുകയും ചെയ്യണമെന്നാണു വൈദ്യ അധികൃതരുടെ ഇപ്പോഴത്തെ ഉപദേശം. പിന്നെ ഒരു സമ്മർദ ബാൻഡേജ് വെക്കുകയും കടിയേറ്റ കാല് ഒരു മരക്കഷണം ഉപയോഗിച്ച് അനക്കാതെ വെക്കുകയും ചെയ്യണം. അതിനുശേഷം എത്രയും വേഗം രോഗി ഒരു ഡോക്ടറെ കാണുകയോ അയാളെ ആശുപത്രിയിൽ എത്തിക്കുകയോ ചെയ്യണം.
ഫണൽ-വെബ് ചിലന്തിയെയും റെഡ്ബാക്ക് ചിലന്തിയെയും അപൂർവമായേ വീട്ടിനകത്തു കാണുന്നുള്ളൂ. റെഡ്ബാക്ക് ഗരാജുകളുടെയോ ഷെഡ്ഡുകളുടെയോ മൂലകളിലോ പഴയ കാർ, ചവറ്റു കൂന, അല്ലെങ്കിൽ വീടിനു വെളിയിലുള്ള കക്കൂസ് എന്നിങ്ങനെയുള്ള ശാന്തവും ആൾശല്യമില്ലാത്തതുമായ സ്ഥലങ്ങളിലോ പതുങ്ങി നടക്കുന്നു. അബദ്ധവശാൽ അവ വീടിനകത്തേക്കു വരാതിരിക്കാൻ ശ്രദ്ധിക്കണം.
അപകടം എത്ര വലുതാണ്?
മിക്ക ഓസ്ട്രേലിയക്കാരും ഒരു റെഡ്ബാക്കിനെയോ ഡെത്ത് ആഡറിനെയോ ഒരിക്കൽപ്പോലും കണ്ടിട്ടില്ല, ഇവയിലൊന്നിന്റെ കടിയേറ്റിട്ടുള്ള ആരെയെങ്കിലും അവർക്കു വ്യക്തിപരമായി അറിയാനും പാടില്ല. ന്യായമായ ശ്രദ്ധ ചെലുത്തുന്നപക്ഷം ഒരു വിഷച്ചിലന്തിയോ പാമ്പോ കടിക്കുന്നതിനുള്ള സാധ്യത വാസ്തവത്തിൽ ഇല്ലെന്നുള്ളതാണു സത്യം. മിക്ക വിഷജീവികളും നിങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനാണു ശ്രമിക്കുന്നത്, ഉപദ്രവിക്കപ്പെടുകയോ രക്ഷപ്പെടാനാവാത്ത വിഷമസ്ഥിതിയിലാകുകയോ ചെയ്യുമ്പോൾ മാത്രമേ അവ അക്രമസ്വഭാവമുള്ളവയായിത്തീരുന്നുള്ളൂ.
എന്നിരുന്നാലും, ജാഗ്രത പുലർത്തുന്നതു ബുദ്ധിയാണ്. വിഷജീവി വിദഗ്ധനായ ഓസ്ട്രേലിയയിലെ ഒരു ശാസ്ത്രജ്ഞൻ “കയ്യുറകൾ ധരിച്ചുകൊണ്ടു പൂന്തോട്ടം നിർമിക്കുന്നതും ബൂട്ട്സ് ധരിച്ചുകൊണ്ടു മത്സ്യബന്ധനം നടത്തുന്നതും ശ്രദ്ധയോടെ യാത്രചെയ്യുന്നതും” ആസ്വദിക്കുന്നു. എന്തിനാണു ബൂട്ട്സ് ധരിക്കുന്നത്? ഒരുപക്ഷേ ഇത് വിഷമുള്ള നാനാതരത്തിലുള്ള നീരാളിയും ജെല്ലി മത്സ്യവും സ്റ്റോൺ മത്സ്യവും നിമിത്തമായിരിക്കാം.
ഒരുപക്ഷേ പിന്നെയൊരിക്കൽ ഞങ്ങൾ അവയെക്കുറിച്ചു നിങ്ങളോടു കൂടുതലായി പറയാം.
[24-ാം പേജിലെ ചിത്രം]
പെൺ റെഡ്ബാക്ക് ചിലന്തി
[കടപ്പാട്]
Top: By courtesy of Australian International Public Relations
[24-ാം പേജിലെ ചിത്രം]
വടക്കൻ ഡെത്ത് ആഡർ
[കടപ്പാട്]
By courtesy of Ross Bennett, Canberra, Australia
[25-ാം പേജിലെ ചിത്രം]
ഫണൽ-വെബ് ചിലന്തി
[കടപ്പാട്]
By courtesy of Australian International Public Relations
[25-ാം പേജിലെ ചിത്രം]
ടൈപൻ
[കടപ്പാട്]
By Courtesy of J. C. Wombey, Canberra, Australia