യഹോവയുടെ ശക്തിയാൽ ദുരന്തത്തെ തരണംചെയ്യൽ
സ്പെയിനിലെ ഉണരുക! ലേഖകൻ
ഈ വർഷം ഫെബ്രുവരിയിൽ സ്പെയിനിലെ യഹോവയുടെ സാക്ഷികളുടെ ബൈലെൻ സഭയിലുള്ള പലരും സമീപത്തുള്ള സിയെറ നെവാഡ മലനിരകളിൽ ഒരു സുന്ദരമായ ദിനം ഒരുമിച്ചാസ്വദിച്ചു. എന്നാൽ സ്വന്തപട്ടണത്തിനു വെറും അഞ്ചു കിലോമീറ്റർ അകലെവച്ച്, എതിരെ വരികയായിരുന്ന ഒരു കാർ അവരുടെ ബസ്സ് സഞ്ചരിച്ചുകൊണ്ടിരുന്ന നിരത്തിലേക്കു കടന്നുവരുകയും ബസ്സുമായി മുഖാമുഖം കൂട്ടിയിടിക്കുകയും ചെയ്തു. ഒരു സ്ഫോടനം ഉണ്ടാകുകയും ബസ്സ് തീജ്ജ്വാലകളിൽ അമരുകയും ചെയ്തു. ചില യാത്രക്കാർക്കു തക്കസമയത്തു പുറത്തിറങ്ങാൻ കഴിഞ്ഞു, എന്നാൽ ബസ്സിന്റെ പിൻഭാഗത്തുണ്ടായിരുന്ന പലരെയും പുക ഗ്രസിച്ചു, അവർ മരണമടഞ്ഞു.
നാലു മുഴു സമയ ശുശ്രൂഷകരും പല കുട്ടികളും ഉൾപ്പെടെ മൊത്തത്തിൽ 26 സാക്ഷികൾ മരണമടഞ്ഞു—ബൈലെൻ സഭയുടെ ഏതാണ്ടു കാൽഭാഗം തന്നെ. സ്പെയിനിലെ രാജാവായ ക്വാൻ കാർലോസ് ബൈലെനിലെ മേയർക്കുള്ള ടെലഗ്രാമിൽ ഇങ്ങനെ എഴുതിയപ്പോൾ അദ്ദേഹം മിക്ക സ്പെയിൻകാരുടെയും വികാരങ്ങൾത്തന്നെയാണു പ്രകടിപ്പിച്ചത്: “ദുരന്തപൂർണമായ അത്യാഹിതം വല്ലാതെ ഞെട്ടിച്ചു. ഞങ്ങളുടെ ആത്മാർഥമായ അനുശോചനങ്ങൾ സംബന്ധിച്ച് ഉറപ്പുള്ളവരായിരിക്കുക. ഈ വേദനാനിർഭരമായ നിമിഷങ്ങളിൽ ദുരന്തത്തിന് ഇരകളായവരുടെ കുടുംബങ്ങൾക്കു ഞങ്ങളുടെ അഗാധമായ സഹതാപങ്ങളും പിന്തുണയും ദയവായി കൈമാറുക.”
ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത ആയിരങ്ങളിൽ ചിലരുടെ മനസ്സിൽ ഉദിച്ച ഒരു ചോദ്യമിതായിരുന്നു, അത്തരം ദുരന്തങ്ങൾ എന്തുകൊണ്ടു സംഭവിക്കുന്നു? സ്പഷ്ടമായും, “സമയവും മുൻകൂട്ടിക്കാണാത്ത സംഭവങ്ങളും” മൂലമുണ്ടാകുന്ന അപകടങ്ങൾ മറ്റെല്ലാവരെയും പോലെതന്നെ യഹോവയുടെ ജനത്തെയും ബാധിക്കാവുന്നതാണ്. (സഭാപ്രസംഗി 9:11, 12, NW) എന്നിരുന്നാലും, പെട്ടെന്നുതന്നെ അത്തരം ദുരന്തങ്ങൾ ഇല്ലാതാകുമെന്ന് യഹോവ തീർച്ചയായും വാഗ്ദാനം ചെയ്യുന്നു.—വെളിപ്പാടു 21:4, 5.
സ്പെയിനിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് കുടുംബത്തിലെ അനേകം അംഗങ്ങളും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു സാക്ഷികളും ബൈലെനിലെ സഹോദരങ്ങൾക്ക് ആശ്വാസവും പിന്തുണയും നൽകുന്നതിനായി അവിടേക്കു യാത്രചെയ്തു. ബൈലെനിലെ ജനങ്ങളും പ്രാദേശിക-മേഖലാ അധികൃതരും സാക്ഷിക്കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു. വിരഹാർത്തരായ സാക്ഷികളുടെ ഉൾക്കരുത്തിൽ പല നിരീക്ഷകർക്കും മതിപ്പുതോന്നി.
“എനിക്കു സാക്ഷികളെ പല വർഷങ്ങളായി അറിയാം. ഞാൻ വ്യക്തിപരമായി ഒരു അജ്ഞേയവാദിയാണെങ്കിലും എനിക്കു നിങ്ങളുടെ വിശ്വാസത്തോടു മതിപ്പുണ്ട്. നിങ്ങളുടെ മതപരവും മാനുഷികവുമായ ഐക്യം മറ്റു വിഭാഗങ്ങളെക്കാൾ മെച്ചമായി ദുരന്തത്തെ തരണം ചെയ്യാൻ നിങ്ങളെ പ്രാപ്തരാക്കുമെന്നു ഞാൻ ഉടൻതന്നെ ഓർത്തു. മുഴു പട്ടണവും ദുഃഖാർത്തരായ കുടുംബങ്ങൾക്കു സഹായം നൽകിയിരിക്കുന്നതെങ്ങനെയെന്നു ഞാൻ കണ്ടു. നിങ്ങളുടെ നിലപാടു സംബന്ധിച്ചു മുമ്പ് ഒരുപക്ഷേ ആളുകൾക്കു തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നിരിക്കാം, എന്നാൽ അവ അപ്രത്യക്ഷമായിരിക്കുന്നു എന്നു പറയാൻ എനിക്കു സന്തോഷമുണ്ട്. സാക്ഷിയല്ലാത്ത ഒരാൾക്കു മനസ്സിലാക്കാൻ പ്രയാസമായ ആന്തരിക ശക്തി നിങ്ങൾക്കുണ്ട്,” ബൈലെനിലെ മേയറായ ആന്റോൺയോ ഗോമെസ് അഭിപ്രായപ്പെട്ടു.
സ്പാനിഷ് ഗവൺമെൻറിന്റെ പ്രതിനിധിയെന്ന നിലയിൽ ശവസംസ്കാരചടങ്ങിൽ പങ്കെടുത്ത പൊതുമരാമത്തു വകുപ്പു മന്ത്രി ഹോസേ ബോറെൽ ഇപ്രകാരം സമ്മതിച്ചു പറഞ്ഞു: “ഫലത്തിൽ മുഴു കുടുംബത്തെയും ഒറ്റയടിക്കു നഷ്ടമായിരിക്കുന്നവരോട് എന്തു പറയാൻ കഴിയും? അവർ തങ്ങളുടെ വിശ്വാസത്തിൽ കണ്ടെത്തിയിരിക്കുന്നതിലധികം ആശ്വാസം ഒരാൾക്കു നൽകാൻ കഴിയില്ല. . . . നിങ്ങൾക്ക് അത്ഭുതകരമായ ഒരു വിശ്വാസമാണുള്ളത്.”
‘അന്യോന്യം ആശ്വസിപ്പിച്ചുകൊണ്ടിരിക്കുക’
“അവർ തങ്ങളുടെ വിശ്വാസത്തിൽ” എന്താണ് “കണ്ടെത്തി”യത്? സർവോപരി, അവർ “നമ്മുടെ എല്ലാ കഷ്ടതയിലും നമ്മെ ആശ്വസിപ്പിക്കുന്ന സർവാശ്വാസത്തിന്റെയും ദൈവമായ” യഹോവയിൽനിന്നുള്ള ആശ്വാസം കണ്ടെത്തി. (2 കൊരിന്ത്യർ 1:3, 4, NW) ദുഃഖമുണ്ടായിരുന്നിട്ടും അവർ, “അന്യോന്യം ആശ്വസിപ്പിക്കുകയും പരസ്പരം കെട്ടുപണിചെയ്യുകയും ചെയ്തുകൊണ്ടിരിക്കുക” എന്ന തെസലോനിക്യർക്കുള്ള പൗലോസിന്റെ വാക്കുകൾ ഗൗരവമായെടുത്തുകൊണ്ട് അന്യോന്യം ആശ്വസിപ്പിക്കാനുള്ള ശക്തി കണ്ടെത്തി.—1 തെസ്സലൊനീക്യർ 5:11.
ക്രിസ്തീയ സഹോദരീസഹോദരൻമാർ—അവരിൽ ചിലർക്ക് എട്ടു ബന്ധുക്കൾവരെ നഷ്ടമായിരുന്നു—സഭയിലെ വിരഹാർത്തരായ മറ്റംഗങ്ങളെ സന്ദർശിക്കുന്നതു കാണുന്നതു ഹൃദയസ്പർശിയായ ഒരു അനുഭവമായിരുന്നു. “ഞങ്ങൾ തമ്മിൽത്തമ്മിൽ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു. എന്നാൽ കണ്ണീരിലൂടെ ഞങ്ങൾ പുനരുത്ഥാന പ്രത്യാശയെക്കുറിച്ചു ഞങ്ങളെത്തന്നെ ഓർമിപ്പിച്ചു, ഞങ്ങൾക്ക് ആശ്വാസം തോന്നി,” തനിക്കാകെയുണ്ടായിരുന്ന രണ്ടു കുട്ടികളെ നഷ്ടമായ അധ്യക്ഷ മേൽവിചാരകൻ ഫ്രാൻസിസ്ക്കോ സായെസ് വിശദീകരിച്ചു.
“ഞങ്ങൾ പ്രസംഗ വേല അവഗണിച്ചിട്ടില്ല. നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രിക ഉപയോഗിച്ചുകൊണ്ടു മരിച്ചവരുടെ സാക്ഷികളല്ലാത്ത ബന്ധുക്കളെ സന്ദർശിക്കുന്നതിനു ഞങ്ങൾ ഒരു പ്രത്യേക ശ്രമംതന്നെ നടത്തിയിരിക്കുന്നു.” ഫ്രാൻസിസ്ക്കോ തുടർന്നു: “വ്യക്തിപരമായി, ഞാൻ പ്രസംഗിക്കാൻ ആഗ്രഹിച്ചു, എന്തുകൊണ്ടെന്നാൽ മറ്റുള്ളവരോടു പ്രസംഗിക്കുന്നതുകൊണ്ട് എനിക്കു മെച്ചം തോന്നുമെന്ന് എനിക്കറിയാമായിരുന്നു. ഞാൻ കരഞ്ഞുകൊണ്ടു പുറത്തേക്കു പോയെങ്കിലും ആശ്വാസിതനായി വീട്ടിൽ മടങ്ങിയെത്തിയെന്നുള്ളതു തീർച്ചയാണ്.”
ബൈലെനിലെ ജനങ്ങൾ ഈ സാക്ഷ്യവേലയോടു വളരെ അനുകൂലമായി പ്രതികരിച്ചു. അത്യാഹിതം നടന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ, രണ്ടു പുത്രിമാരുടെയും നാലു പേരക്കുട്ടികളുടെയും നഷ്ടത്തിൽ ദുഃഖിക്കുന്ന എൻകാർനാ താൻ അടുത്തയിടെ ബൈബിളധ്യയനം ആരംഭിച്ചിരുന്ന ഒരു വനിതയെ സന്ദർശിച്ചു. നാലു മാസം മുമ്പു ഭർത്താവു മരിച്ചുപോയ ഈ സ്ത്രീക്ക് എൻകാർനാ തിരുവെഴുത്തുപരമായ ആശ്വാസം പ്രദാനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. “ഇപ്പോൾ നാം അന്യോന്യം ആശ്വസിപ്പിക്കേണ്ടിയിരിക്കുന്നു,” നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രികയുടെ പരിചിന്തനം തുടരവേ അവർ പറഞ്ഞു.
ലോകവ്യാപക സഹോദരവർഗത്തിൽനിന്നുള്ള സഹായവും ഉടൻതന്നെ വന്നുതുടങ്ങി. “ഞങ്ങൾക്കു ലഭിച്ചിരിക്കുന്ന ആയിരക്കണക്കിന് എഴുത്തുകളും ടെലഗ്രാമുകളും നിമിത്തം മുഴു സഭയ്ക്കും വളരെയധികം പ്രോത്സാഹനം തോന്നുന്നു. അവയെല്ലാം എത്തിക്കുന്നതിനായി പോസ്റ്റ് ഓഫീസിന് ദിവസവും ഞങ്ങളുടെ വീട്ടിലേക്കായിത്തന്നെ ഒരു വാൻ അയക്കേണ്ടതുണ്ട്. സഹോദരങ്ങളുടെ സ്നേഹപൂർവകമായ കരുതലിനു ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്,” സഭാ സെക്രട്ടറിയായ ഫ്രാൻസിസ്ക്കോ കാപീയാ വിശദീകരിച്ചു.
ദുരന്തത്തിൽനിന്നു പ്രത്യാശ
അത്തരമൊരു ദുരന്തത്തിൽനിന്ന് എന്തെങ്കിലും നൻമ വരുമോ? “ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തിൽ ഇരിക്കുന്നു” എന്ന് പുരാതന രാജാവായ ശലോമോൻ എഴുതി. (സഭാപ്രസംഗി 7:4) ഈ തത്ത്വത്തോടുള്ള ചേർച്ചയിൽ ബൈലെനിലെ ദുരന്തം ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തെക്കുറിച്ചു കൂടുതൽ ഗൗരവമായി ചിന്തിക്കാൻ ചില ആളുകളെ പ്രേരിപ്പിച്ചിരിക്കുന്നു. അത്യാഹിതത്തിൽ തന്റെ ആറു കുട്ടികളിൽ രണ്ടുപേരെ നഷ്ടമായ ഫൗസ്റ്റിനോ എന്ന ഒരു അവിശ്വാസിയായ ഭർത്താവ് ഭാര്യ ഡോളോറേസിനോട് ഇങ്ങനെ പറഞ്ഞു: “എനിക്കു നിന്നോട് ഒരു നല്ല വാർത്ത പറയാനുണ്ട്. എന്റെ കുട്ടികളെ പുതിയ ലോകത്തിൽ കാണാൻ ആഗ്രഹിക്കുന്നതിനാൽ ഞാൻ ബൈബിൾ പഠനം തുടങ്ങാൻ പോകുകയാണ്.”
ബൈലെനിലെ നമ്മുടെ സഹോദരീസഹോദരൻമാർ അവരുടെ ദുഃഖം പെട്ടെന്നു തരണം ചെയ്യുകയില്ലെങ്കിലും അവർ മറ്റുള്ളവരെ ആശ്വസിപ്പിക്കുകയും ആശ്വസിപ്പിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. യഹോവ തന്റെ ആത്മാവിനാലും സ്നേഹമുള്ള അനേകം സഹോദരീസഹോദരൻമാരുടെ പിന്തുണയാലും അവരെ ശക്തീകരിച്ചുകൊണ്ടിരിക്കുന്നു. നമുക്കു തുടർന്നും അവർക്കുവേണ്ടി നമ്മുടെ സ്വർഗീയ പിതാവിനോടു പ്രാർഥിക്കാം.
[26-ാം പേജിലെ ചിത്രങ്ങൾ]
മരണമടഞ്ഞവരിൽ നാലു പേർ