ഔഷധങ്ങൾ ബുദ്ധിപൂർവം ഉപയോഗിക്കുക
നൈജീരിയയിലെ ഉണരുക! ലേഖകൻ
തനിക്കു തലവേദനയും വയറുവേദനയും ഉള്ളതായി ഒരു സ്ത്രീ പറഞ്ഞു. ഡോക്ടർ അവരുമായി അൽപ്പനേരം സംസാരിച്ചു. എന്നിട്ട് അദ്ദേഹം മലമ്പനിക്കുള്ള മൂന്നു ദിവസത്തേക്കുവേണ്ട കുത്തിവെപ്പും തലവേദന മാറാൻവേണ്ടി പാരസിറ്റെമോളും (അസിറ്റൈമനൊഫെൻ) ആമാശയ വ്രണമായിരിക്കാവുന്നതു സൗഖ്യമാകാൻ രണ്ടു മരുന്നുകളും അവരുടെ ഉത്കണ്ഠയ്ക്കു ശമനൗഷധവും എല്ലാറ്റിനുംപുറമേ മൾട്ടിവിറ്റാമിൻ ഗുളികകളും കുറിച്ചുകൊടുത്തു. പണം വളരെയേറെ നൽകേണ്ടിവന്നു. പക്ഷേ സ്ത്രീ തടസ്സമൊന്നും പറഞ്ഞില്ല. ഔഷധങ്ങൾ തന്റെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന വിശ്വാസത്തിൽ അവർ സന്തോഷത്തോടെ അവിടം വിട്ടു.
ഡോക്ടർമാരുമായുള്ള ഇത്തരം കൂടിക്കാഴ്ചകൾ പശ്ചിമാഫ്രിക്കയിൽ അസാധാരണമല്ല. പൊതു ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപരിപാലകർ ഓരോ സന്ദർശനത്തിലും ഓരോ രോഗിക്കും ശരാശരി 3.8 വ്യത്യസ്ത ഔഷധങ്ങൾ കുറിച്ചുകൊടുക്കുന്നുണ്ടെന്ന് അവിടത്തെ ഒരു വലിയ രാഷ്ട്രത്തിൽ നടത്തിയ ഒരു സർവേ വെളിപ്പെടുത്തി. അനേകരെ സംബന്ധിച്ചിടത്തോളം ധാരാളം ഔഷധങ്ങൾ കുറിച്ചുകൊടുക്കുന്നവനാണ് ഒരു നല്ല ഡോക്ടർ.
അവിടത്തെ ആരോഗ്യസ്ഥിതി എപ്രകാരമായിരുന്നുവെന്നു പരിചിന്തിക്കുമ്പോൾ ഔഷധങ്ങളിലുള്ള പശ്ചിമാഫ്രിക്കക്കാരുടെ വിശ്വാസം മനസ്സിലാക്കാവുന്നതാണ്. 40-ലേറെ വർഷം മുമ്പു ഗ്രന്ഥകാരനായ ജോൺ ഗന്തർ മുൻകാലങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതി: “ഈ സ്ലേവ് കോസ്റ്റ് കറുത്തവരെ മാത്രമല്ല . . . കൊന്നത്; വെള്ളക്കാരെയും കൊന്നു. ഐതിഹ്യത്തിൽ ‘വെള്ളക്കാരന്റെ ശവക്കുഴി’ എന്നറിയപ്പെടുന്ന ആഫ്രിക്കയുടെ ഭാഗം ഇതുതന്നെ. നൂറ്റാണ്ടുകളോളം ഗിനി തീരപ്രദേശത്തിൽ കൊടികുത്തിവാണിരുന്ന രാജാവ് കൊതുകായിരുന്നു. മഞ്ഞപ്പനി, ബ്ലാക്ക്വാട്ടർ ഫീവർ, മലമ്പനി എന്നിവയായിരുന്നു ഈ രാജാവിന്റെ തിരഞ്ഞെടുക്കപ്പെട്ടതും മാരകവുമായ ആയുധങ്ങൾ. വെസ്റ്റ് കോസ്റ്റിന്റെ മാരകമായ സ്ഥിതിവിശേഷം വളരെ പണ്ടു നടന്ന ഒരു സംഗതിയല്ല, പക്ഷേ അതു ജീവത്തായ ഒരോർമയാണ്. കുറച്ചുനാൾമുമ്പു നൈജീരിയയിലേക്കു നിയമനം ലഭിച്ച ഒരു സ്ഥാനപതിയെക്കുറിച്ചു പ്രസിദ്ധമായ ഒരു സംഭവചരിത്രം വിവരിക്കുന്നു. തന്റെ പെൻഷനെക്കുറിച്ച് അദ്ദേഹം അന്വേഷിച്ചു. ‘പെൻഷനോ?’ കൊളോണിയൽ ഓഫീസിലെ അദ്ദേഹത്തിന്റെ മേലധികാരി പ്രതിവചിച്ചു. ‘പ്രിയ സുഹൃത്തേ, നൈജീരിയയിലേക്കു പോകുന്ന ആരും ജോലിയിൽനിന്നു വിരമിക്കുന്നതുവരെ ഒരിക്കലും ജീവിച്ചിരിക്കാൻ പോകുന്നില്ല.’”
കാലം മാറിയിരിക്കുന്നു. കൊതുകു പരത്തുന്ന രോഗങ്ങളെ മാത്രമല്ല മറ്റു പല രോഗങ്ങളെയും ചെറുക്കാനുള്ള ഔഷധങ്ങൾ ഇന്നുണ്ട്. പ്രതിരോധ കുത്തിവെപ്പുകൾതന്നേ അഞ്ചാംപനി, വില്ലൻചുമ, റ്റെറ്റനസ്, തൊണ്ടമുള്ള് എന്നീ രോഗങ്ങൾ മൂലമുണ്ടാകുന്ന മരണനിരക്ക് അത്ഭുതം ജനിപ്പിക്കുന്ന വിധത്തിൽ കുറച്ചിരിക്കുന്നു. പ്രതിരോധ കുത്തിവെപ്പുകൾകൊണ്ടു വസൂരിയെ തുടച്ചു നീക്കിയിരിക്കുന്നു. പിള്ളവാതവും താമസിയാതെതന്നെ ഒരു കഴിഞ്ഞകാല രോഗമായിത്തീർന്നേക്കാം.
ഔഷധമൂല്യത്തിലുള്ള ആഫ്രിക്കക്കാരുടെ ആഴമായ വിശ്വാസത്തിൽ അതിശയിക്കാനില്ല. തീർച്ചയായും ഇത്തരം വിശ്വാസം പശ്ചിമാഫ്രിക്കയിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. ഐക്യനാടുകളിൽ, വർഷംതോറും ഡോക്ടർമാർ 5,500 കോടി കുറിപ്പുകൾ എഴുതുന്നു. ഫ്രാൻസിൽ ആളുകൾ വർഷംതോറും ശരാശരി 50 പെട്ടി ഗുളികകൾ വാങ്ങുന്നു. ജപ്പാനിൽ സാധാരണക്കാരനായ ഒരു വ്യക്തി ഔഷധങ്ങൾക്കായി പ്രതിവർഷം 400 ഡോളറിലേറെ (യു.എസ്.) ചെലവഴിക്കുന്നു.
പ്രയോജനങ്ങൾക്കെതിരെ അപകടങ്ങൾ
മനുഷ്യവർഗത്തെ സഹായിക്കാൻ ആധുനിക ഔഷധങ്ങൾ ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ശരിയായി ഉപയോഗിച്ചാൽ അവ നല്ല ആരോഗ്യം പ്രദാനം ചെയ്യുന്നു. എന്നാൽ തെറ്റായി ഉപയോഗിച്ചാൽ അവയ്ക്കു ദോഷം ചെയ്യാൻ, എന്തിന്, കൊല്ലാൻ പോലും കഴിയും. ഉദാഹരണത്തിന്, ഐക്യനാടുകളിൽ വർഷംതോറും ഔഷധങ്ങളോടുള്ള ശരീരത്തിന്റെ വിപരീത പ്രതികരണങ്ങളുടെ ഫലമായി ഏതാണ്ട് 3,00,000 ആളുകളെ ആശുപത്രികളിൽ ആക്കുന്നു, 18,000 പേർ മരണമടയുന്നു.
ഔഷധങ്ങൾ ബുദ്ധിപൂർവം ഉപയോഗിക്കാൻ, എപ്പോഴും അപകടത്തിന്റേതായ ഒരു ഘടകമുണ്ടെന്നു മനസ്സിലാക്കുന്നത് പ്രധാനമാണ്. ഏത് ഔഷധമായാലും, ആസ്പിരിനായാൽപോലും പാർശ്വഫലങ്ങൾ ഉളവാക്കാൻ കഴിയും. ഒരേ സമയം നിങ്ങൾ പല ഔഷധങ്ങൾ കഴിക്കുകയാണെങ്കിൽ പാർശ്വഫലങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. ഭക്ഷണപാനീയങ്ങളും ഔഷധങ്ങൾ നിങ്ങളുടെ ശരീരത്തിൽ പ്രവർത്തിക്കുന്ന വിധത്തെ ബാധിക്കുന്നു. മാത്രമല്ല, അതിന്റെ ഫലത്തെ വർധിപ്പിക്കാനോ നിർവീര്യമാക്കാനോ അതിനു കഴിയും.
മറ്റ് അപകടങ്ങളുമുണ്ട്. പ്രത്യേകതരം ഔഷധത്തോടു നിങ്ങൾക്ക് അലർജിയുണ്ടായിരിക്കാം. കുറിച്ചു തന്നതുപോലെ നിങ്ങൾ ഔഷധങ്ങൾ—വേണ്ടുവോളം കാലം ശരിയായ അളവിൽ—കഴിച്ചില്ലെങ്കിൽ, അവ നിങ്ങളെ സഹായിക്കാനുള്ള സാധ്യതയില്ലെന്നു മാത്രമല്ല, നിങ്ങൾക്കു ദോഷംപോലും ചെയ്തേക്കാം. നിങ്ങളുടെ ഡോക്ടർ തെറ്റായ അല്ലെങ്കിൽ അനാവശ്യമായ ഔഷധം കുറിച്ചു തന്നാലും ഫലം ഇതുതന്നെ. കാലാവധി കഴിഞ്ഞതോ നിലവാരം കുറഞ്ഞതോ വ്യാജമോ ആയ ഔഷധങ്ങൾ കഴിക്കുകയാണെങ്കിലും നിങ്ങൾ ദോഷം വിളിച്ചുവരുത്തും.
അപകടങ്ങൾ കുറയ്ക്കാൻ, നിങ്ങൾ കഴിക്കുന്ന മരുന്നിനെക്കുറിച്ചു സാധിക്കുന്നിടത്തോളം കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം. യാഥാർഥ്യങ്ങൾ അറിയുകവഴി നിങ്ങൾക്ക് ഏറെ പ്രയോജനം നേടാൻ കഴിയും.
ആൻറിബയോട്ടിക്കുകൾ—ഗുണങ്ങളും ദോഷങ്ങളും
50 വർഷം മുമ്പ് ആൻറിബയോട്ടിക്കുകൾ വികസിപ്പിച്ചെടുത്തതുമുതൽ അവ കോടിക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. മാരകരോഗങ്ങളായ കുഷ്ഠം, ക്ഷയരോഗം, ന്യൂമോണിയ, സ്കാർലറ്റ് ഫീവർ, സിഫിലിസ് എന്നിവയെ അവ നിയന്ത്രണാധീനമാക്കിയിട്ടുണ്ട്. മറ്റു സാംക്രമിക രോഗങ്ങളെ സുഖപ്പെടുത്തുന്നതിലും അവ ഒരു സുപ്രധാന പങ്കു വഹിക്കുന്നു.
ടഫ്റ്റ്സ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിലെ വൈദ്യശാസ്ത്ര പ്രൊഫസറായ ഡോ. സ്റ്റുവാർട്ട് ലീവി പറഞ്ഞു: “[ആൻറിബയോട്ടിക്കുകൾ] വൈദ്യശാസ്ത്രത്തിൽ സമൂലപരിവർത്തനം വരുത്തിയിരിക്കുന്നു. വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തെ ഏറ്റവുമധികം മാറ്റിമറിച്ചിരിക്കുന്ന ഏക ഘടകം അവയാണ്.” വൈദ്യശാസ്ത്രരംഗത്തെ മറ്റൊരു വിദഗ്ധൻ പറയുന്നു: “ആധുനിക വൈദ്യശാസ്ത്രം പണിയപ്പെട്ടിരിക്കുന്ന മൂലക്കല്ലാണ് അവ.”
എങ്കിലും, നിങ്ങളുടെ ഡോക്ടറുടെയടുക്കൽ ഓടിച്ചെന്നു മരുന്ന് ആവശ്യപ്പെടുന്നതിനുമുമ്പ് ദൂഷ്യവശത്തെക്കുറിച്ചു ചിന്തിക്കുക. അനുചിതമായ രീതിയിൽ ഉപയോഗിക്കുന്നപക്ഷം ആൻറിബയോട്ടിക്കുകൾ ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ആൻറിബയോട്ടിക്കുകൾ, ശരീരത്തിലെ ബാക്ടീരിയയെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ടു പ്രവർത്തിക്കുന്നതാണ് ഇതിനു കാരണം. പക്ഷേ, എപ്പോഴും ദോഷകരമായ എല്ലാ ബാക്ടീരിയയെയും അവ നശിപ്പിക്കുന്നില്ല; ചില പ്രത്യേകതരം ബാക്ടീരിയകൾ ആക്രമണത്തെ ചെറുത്തുനിൽക്കുന്നു. പ്രതിരോധ ശക്തിയാർജിച്ച ഈ ബാക്ടീരിയകൾ അതിജീവിക്കുന്നെന്നു മാത്രമല്ല, ഒരാളിൽനിന്നു മറ്റൊരാളിലേക്കു പകരുകയും ചെയ്യുന്നു.
ഉദാഹരണത്തിന്, രോഗബാധ ചികിത്സിച്ചു മാറ്റുന്നതിനു പെനിസിലിൻ ഒരുകാലത്തു വളരെയേറെ ഫലപ്രദമായിരുന്നു. ഇപ്പോൾ, പ്രതിരോധ ശക്തിയാർജിക്കുന്ന ബാക്ടീരിയകൾ വർധിക്കുന്നതുമൂലം ഔഷധ കമ്പനികൾ വിവിധ തരത്തിലുള്ള നൂറുകണക്കിനു പെനിസിലിൻ വിപണിയിലിറക്കുന്നു.
പ്രശ്നങ്ങൾ ഒഴിവാക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? നിങ്ങൾക്കു തീർച്ചയായും ആൻറിബയോട്ടിക്കുകൾ ആവശ്യമാണെങ്കിൽ, അവ യോഗ്യത നേടിയ ഒരു ഡോക്ടർ കുറിച്ചു തന്നതാണെന്നും അധികൃത ഉറവിൽ നിന്നു ലഭിച്ചതാണെന്നും ഉറപ്പുവരുത്തുക. ആൻറിബയോട്ടിക്കുകൾ വേഗത്തിൽ കുറിച്ചു നൽകാൻ ഡോക്ടറുടെമേൽ നിർബന്ധം ചെലുത്തരുത്—കുറിച്ചു തന്നതു നിങ്ങളുടെ അസുഖത്തിനുള്ളതുതന്നെയാണോ എന്ന് ഉറപ്പുവരുത്താൻ ചില ലബോറട്ടറി പരിശോധനകൾക്കു നിങ്ങളെ വിധേയമാക്കാൻ ഡോക്ടർ ആഗ്രഹിച്ചേക്കാം.
വേണ്ടുവോളം കാലം ശരിയായ അളവിൽ നിങ്ങൾ മരുന്നു കഴിക്കുന്നതും പ്രധാനമാണ്. കഴിച്ചു തീരുന്നതിനു മുമ്പു സുഖമായെന്നു തോന്നുന്നെങ്കിൽപോലും ഒരു തവണ കുറിച്ചു തന്ന ആൻറിബയോട്ടിക്ക് മുഴുവനും നിങ്ങൾ കഴിക്കേണ്ടതാണ്.
കുത്തിവെപ്പ് ഗുളികകളെക്കാൾ ഗുണമുള്ളതോ?
“എനിക്ക് ഒരു കുത്തിവെപ്പു വേണം!” വികസ്വര രാജ്യങ്ങളിലെ പല ചികിത്സകരും കേൾക്കുന്ന വാക്കുകളാണിവ. മരുന്നു നേരിട്ടു രക്തത്തിലേക്കു കുത്തിവെക്കുന്നുവെന്നും ഗുളികകളെക്കാൾ വീര്യമുള്ളതാണെന്നും ഉള്ള വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ അഭ്യർഥന. ചില രാജ്യങ്ങളിൽ ചന്തസ്ഥലത്തു ലൈസൻസില്ലാത്ത കുത്തിവെപ്പു ഡോക്ടർമാരെ കാണുന്നതു സാധാരണമാണ്.
ഗുളികകൾക്കില്ലാത്ത തരം അപകടങ്ങൾ കുത്തിവെപ്പുകളിലുണ്ട്. കുത്തിവെപ്പിനുപയോഗിക്കുന്ന സൂചി ശുചിയായതല്ലെങ്കിൽ രോഗിക്കു കരൾ വീക്കവും ഹെപ്പറ്റൈറ്റിസും റ്റെറ്റനസും എന്തിന് എയ്ഡ്സ് പോലും പിടിപെടാനുള്ള സാധ്യതയുണ്ട്. രോഗാണുനശീകരണം വരുത്താത്ത സൂചി വേദനയേറിയ പരുവും ഉളവാക്കിയേക്കാം. യോഗ്യത നേടാത്ത ഒരു വ്യക്തിയാണു കുത്തിവെക്കുന്നതെങ്കിൽ അപകടങ്ങൾ വർധിക്കുന്നു.
നിങ്ങൾക്കു വാസ്തവത്തിൽ കുത്തിവെപ്പ് ആവശ്യമാണെങ്കിൽ വൈദ്യശാസ്ത്രപരമായി യോഗ്യത നേടിയിട്ടുള്ള ഒരു വ്യക്തിയാണു കുത്തിവെക്കുന്നതെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ സംരക്ഷണത്തിനായി സൂചിയും സിറിഞ്ചും അണുനശീകരണം വരുത്തിയതാണെന്ന് എപ്പോഴും ഉറപ്പുവരുത്തുക.
വ്യാജ ഔഷധങ്ങൾ
ആഗോള ഔഷധ വ്യവസായം ഒരു വൻ ബിസിനസാണ്. ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ) പറയുന്നതനുസരിച്ച് വർഷംതോറും ഏതാണ്ട് 17,000 കോടി ഡോളർ (യു.എസ്.) ഇതു വാരിക്കൂട്ടുന്നു. ഈ അവസരത്തെ മുതലെടുക്കാനായി മനസ്സാക്ഷിക്കുത്തില്ലാത്ത ആളുകൾ വ്യാജ ഔഷധങ്ങൾ നിർമിച്ചിരിക്കുന്നു. വ്യാജ ഔഷധങ്ങളെ കണ്ടാൽ യഥാർഥ ഔഷധങ്ങളെപ്പോലെതന്നെ തോന്നും—അവയുടെ ലേബലുകളും പൊതിഞ്ഞിരിക്കുന്ന കവറുകളും അങ്ങനെതന്നെ—എന്നാൽ അവ പ്രയോജനശൂന്യമാണ്.
വ്യാജ ഔഷധങ്ങൾ എല്ലായിടത്തുമുണ്ടെന്നുവരികിലും വികസ്വര രാജ്യങ്ങളിൽ അവ സർവസാധാരണമാണ്. അവ ദുരന്തപൂർണമായ ഭവിഷ്യത്തുകൾ ഉളവാക്കുന്നു. വ്യാവസായിക ലായകം അടങ്ങിയ വേദനസംഹാരി സിറപ്പ് കഴിച്ചതിനുശേഷമുണ്ടായ വൃക്ക സ്തംഭനം മൂലം 109 കുട്ടികളാണ് നൈജീരിയയിൽ മരിച്ചത്. മെക്സിക്കോയിലാകട്ടെ പൊള്ളലിന് ഇരയായവർ, അറക്കപ്പൊടിയും കാപ്പിപ്പൊടിയും അഴുക്കും അടങ്ങിയ ഔഷധങ്ങളിൽനിന്ന് അതിയായ വേദനയുളവാക്കുന്ന ത്വഗ്രോഗങ്ങൾ മൂലം ക്ലേശമനുഭവിച്ചു. ബർമയിൽ, മലമ്പനിയെ ചെറുക്കാൻ കഴിയാത്ത വ്യാജ ഔഷധം കഴിച്ചതിന്റെ ഫലമായി നിരവധി ഗ്രാമീണർ മരിച്ചിരിക്കാനിടയുണ്ട്. “ഏറ്റവും അപകടത്തിലായിരിക്കുന്നത്, വീണ്ടും ദരിദ്രരാണ്. പേരുകേട്ട ഒരു കമ്പനി നിർമിക്കുന്ന ഫലപ്രദമായ ഔഷധം പോലെ തോന്നിക്കുന്ന ഒന്നു വാങ്ങുമ്പോൾ അത് ഒരു നല്ല ആദായമാണെന്ന് അവർ കരുതുന്നു,” ഡബ്ലിയുഎച്ച്ഒ പറയുന്നു.
വ്യാജ ഔഷധങ്ങളിൽനിന്നു നിങ്ങൾക്കെങ്ങനെ സ്വയം സംരക്ഷിക്കാനാകും? നിങ്ങൾ വാങ്ങിക്കുന്ന ഔഷധം ഒരു ആശുപത്രിയിലെ ഔഷധക്കട പോലെ സത്കീർത്തിയുള്ള ഒരിടത്തുനിന്നാണെന്ന് ഉറപ്പുവരുത്തുക. തെരുവു വിൽപ്പനക്കാരുടെ പക്കൽനിന്നു വാങ്ങരുത്. നൈജീരിയയിലെ ബെനിൻ നഗരത്തിലുള്ള ഒരു മരുന്നുകടക്കാരൻ മുന്നറിയിപ്പു നൽകുന്നു: “തെരുവു വിൽപ്പനക്കാരെ സംബന്ധിച്ചിടത്തോളം ഔഷധങ്ങൾ വിൽക്കുന്നത് ഒരു ബിസിനസ് മാത്രമാണ്. മധുരപലഹാരങ്ങളോ ബിസ്ക്കറ്റുകളോ പോലെയാണ് അവർ ഔഷധങ്ങൾ വിതരണം ചെയ്യുന്നത്. അവർ വിൽക്കുന്ന ഔഷധങ്ങൾ മിക്കപ്പോഴും കാലാവധി തീർന്നതും വ്യാജവുമാണ്. തങ്ങൾ വിൽക്കുന്ന ഔഷധങ്ങളെക്കുറിച്ച് അവർക്കു യാതൊന്നും അറിയില്ല.”
ദാരിദ്ര്യപ്രശ്നം
ഒരു വ്യക്തിക്കു ലഭിക്കുന്ന വൈദ്യചികിത്സ അയാളുടെ പക്കൽ എത്രത്തോളം പണമുണ്ടെന്നതിനെ ആശ്രയിച്ചിരിക്കുന്നു. പണവും സമയവും ലാഭിക്കാനായി വികസ്വര രാജ്യങ്ങളിലെ ആളുകൾ ഡോക്ടർമാരെ മറികടന്ന്, നിയമാനുസൃതമായി കുറിപ്പുവേണ്ട ഔഷധങ്ങൾ വാങ്ങാൻ നേരെ ഔഷധശാലകളിലേക്കു പോകുന്നു. തങ്ങൾ മുമ്പ് ആ ഔഷധം ഉപയോഗിച്ചുട്ടുള്ളതുകൊണ്ടോ സുഹൃത്തുക്കൾ ശുപാർശ ചെയ്തിരിക്കുന്നതുകൊണ്ടോ തങ്ങളുടെ അസുഖത്തിനുവേണ്ടത് എന്തെന്ന് അവർക്ക് അറിയാം. എന്നാൽ അവർ വാങ്ങാൻ ആഗ്രഹിക്കുന്നത് അവർക്ക് ആവശ്യമുള്ളതായിരിക്കണമെന്നില്ല.
മറ്റു വിധങ്ങളിലും പണം ലാഭിക്കാൻ ആളുകൾ ശ്രമിക്കുന്നു. ലബോറട്ടറി പരിശോധനയ്ക്കു വിധേയമാക്കിയശേഷം ഡോക്ടർ ഒരു പ്രത്യേക മരുന്നു കുറിച്ചുകൊടുത്തുവെന്നിരിക്കട്ടെ. കുറിപ്പുംകൊണ്ട് ഔഷധശാലയിലേക്കു ചെന്നപ്പോൾ വില കൂടുതലാണെന്നു രോഗി കണ്ടെത്തുന്നു. അങ്ങനെ, ആവശ്യമായ പണത്തിനായി ശ്രമിക്കുന്നതിനുപകരം ആളുകൾ പലപ്പോഴും വിലകുറഞ്ഞ ഔഷധങ്ങളോ കുറിച്ചുകൊടുത്തിരിക്കുന്നതിൽ ചില മരുന്നുകൾ മാത്രമോ വാങ്ങുന്നു.
നിങ്ങൾക്കു യഥാർഥത്തിൽ ഔഷധം ആവശ്യമോ?
നിങ്ങൾക്കു യഥാർഥത്തിൽ മരുന്ന് ആവശ്യമാണെങ്കിൽ നിങ്ങൾ കഴിക്കുന്ന മരുന്ന് ഏതാണെന്നു കണ്ടുപിടിക്കുക. കുറിച്ചുതന്നിരിക്കുന്ന മരുന്നിനെക്കുറിച്ചു ഡോക്ടറോടോ മരുന്നെടുത്തുതരുന്ന ആളോടോ ചോദിക്കുന്നതിൽ ജാള്യം തോന്നേണ്ടതില്ല. നിങ്ങൾക്ക് അതറിയാൻ അവകാശമുണ്ട്. എന്തൊക്കെയായാലും, യാതന അനുഭവിച്ചേക്കാവുന്നതു നിങ്ങളുടെ ശരീരമാണല്ലോ.
ഔഷധങ്ങൾ ശരിയായി ഉപയോഗിക്കുന്നില്ലെങ്കിൽ നിങ്ങൾ സുഖം പ്രാപിക്കാതെ വന്നേക്കാം. എത്രമാത്രം, എപ്പോൾ, എത്രനാളത്തേക്ക്, കഴിക്കണമെന്നതു നിങ്ങൾ അറിഞ്ഞിരിക്കണം. മാത്രമല്ല, അതു കഴിക്കുമ്പോൾ ഏതെല്ലാം ഭക്ഷണപാനീയങ്ങളും മറ്റ് ഔഷധങ്ങളും അല്ലെങ്കിൽ പ്രവർത്തനങ്ങളും ഒഴിവാക്കേണ്ടതുണ്ടെന്നും നിങ്ങൾ അറിഞ്ഞിരിക്കണം. കൂടാതെ, സാധ്യതയുള്ള പാർശ്വഫലങ്ങളെക്കുറിച്ചും അവ ഉളവായാൽ എന്തു ചെയ്യണമെന്നതിനെക്കുറിച്ചും നിങ്ങൾ ബോധവാനായിരിക്കണം.
വൈദ്യശാസ്ത്രപരമായ എല്ലാ പ്രശ്നങ്ങൾക്കും ഔഷധങ്ങൾ ഉത്തരം നൽകുകയില്ലെന്നുള്ളതും മനസ്സിൽ പിടിക്കുക. നിങ്ങൾക്ക് ഔഷധങ്ങളേ ആവശ്യമില്ലായിരിക്കാം. ഒരു ഡബ്ലിയുഎച്ച്ഒ പ്രസിദ്ധീകരണമായ വേൾഡ് ഹെൽത്ത് മാഗസിൻ പറയുന്നു: “ആവശ്യമുള്ളപ്പോൾ മാത്രം മരുന്നു കഴിക്കുക. ഒരു വ്യക്തിയെ സുഖപ്പെടുത്താൻ വിശ്രമവും നല്ല ഭക്ഷണവും ധാരാളം പാനീയവും മാത്രം മതിയാകും.”
[12-ാം പേജിലെ ചതുരം/ചിത്രം]
“ആയിരം അസുഖത്തിന് ആയിരം ചികിത്സാമുറകൾ വേണം,” ഏതാണ്ട് 2,000 വർഷം മുമ്പ് ഒരു റോമൻ കവി എഴുതി. ഇന്നായിരുന്നെങ്കിൽ, ‘ആയിരം അസുഖങ്ങൾക്ക് ആയിരം ഗുളികകൾ വേണം’ എന്ന് ആ കവി എഴുതുമായിരുന്നു! തീർച്ചയായും യഥാർഥമോ സാങ്കൽപ്പികമോ ആയ എല്ലാ അസുഖത്തിനും ഓരോ ഗുളികയുള്ളതായി തോന്നുന്നു. ലോക ബാങ്ക് പറയുന്നതനുസരിച്ച്, ലോകവ്യാപകമായി 5,000 ഉത്തേജിത വസ്തുക്കളിൽനിന്നു നിർമിച്ച ഏതാണ്ട് 1,00,000 ഔഷധങ്ങളുണ്ട്.
[13-ാം പേജിലെ ചതുരം/ചിത്രം]
ഔഷധങ്ങളുടെ ബോധപൂർവമായ ഉപയോഗം
1. കാലാവധി തീർന്ന ഔഷധങ്ങൾ ഉപയോഗിക്കാതിരിക്കുക.
2. സത്കീർത്തിയുള്ള ഒരിടത്തുനിന്നു വാങ്ങുക. തെരുവു വിൽപ്പനക്കാരുടെ പക്കൽനിന്നു വാങ്ങാതിരിക്കുക.
3. നിർദേശങ്ങൾ മനസ്സിലായെന്നും പിൻപറ്റുന്നുവെന്നും ഉറപ്പുവരുത്തുക.
4. മറ്റൊരാൾക്കു കുറിച്ചുകൊടുത്ത ഔഷധങ്ങൾ ഉപയോഗിക്കാതിരിക്കുക.
5. കുത്തിവെപ്പിനായി നിർബന്ധം പിടിക്കരുത്. വായിലൂടെ കഴിക്കുന്ന മരുന്നുകളും ഒരുപോലെ പ്രയോജനം ചെയ്യും.
6. മരുന്നുകൾ തണുപ്പുള്ള, കുട്ടികൾക്കു കൈയെത്താത്ത ഇടങ്ങളിൽ വെക്കുക.