യുവജനങ്ങൾ ചോദിക്കുന്നു . . .
മോശമായ കാര്യങ്ങൾ സംഭവിക്കാൻ ദൈവം അനുവദിക്കുന്നതെന്തുകൊണ്ട്?
സ്വരാജ്യത്ത—മുമ്പ് യുഗോസ്ലാവിയ എന്നറിയപ്പെട്ടിരുന്ന രാജ്യത്ത്—യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ലിഡ്യ വെറുമൊരു കൗമാരപ്രായക്കാരിയായിരുന്നു. “അനേകം ദിനരാത്രങ്ങൾ ഞാൻ വെളിച്ചമില്ലാത്ത ഒരു സങ്കേതത്തിൽ ചെലവഴിച്ചു,” അവൾ അനുസ്മരിക്കുന്നു. “കൊല്ലപ്പെടുമെന്ന് അറിയാമായിരുന്നെങ്കിലും പലപ്പോഴും എനിക്കു പുറത്തേക്ക് ഓടിപ്പോകാൻ തോന്നിയതാണ്! യുദ്ധത്തിനു മുമ്പ് ഒന്നിനും കുറവില്ലായിരുന്നു. പക്ഷേ, ഇപ്പോൾ ജീവിച്ചിരിക്കുകയെങ്കിലും ചെയ്യുന്നല്ലോ എന്ന സന്തോഷമാണ്.”
യുദ്ധം നിമിത്തമുള്ള സമ്മർദങ്ങളും പിരിമുറക്കങ്ങളും ലിഡ്യയുടെ ആത്മീയതയെ പ്രതികൂലമായി ബാധിച്ചു. അവൾ പറയുന്നു: “ആഴ്ചകളോളം ഞങ്ങൾക്കു പ്രസംഗവേലയ്ക്കോ യോഗങ്ങൾക്കോ പോകാൻ കഴിഞ്ഞില്ല. യഹോവ ഞങ്ങളെ അവഗണിക്കുകയാണെന്ന് എനിക്കു ശരിക്കും തോന്നി. ‘എന്തുകൊണ്ടാണ് അവൻ ഇപ്പോൾ ഞങ്ങളെ സഹായിക്കാത്തത്?’ ഞാൻ എന്നോടുതന്നെ ചോദിക്കുമായിരുന്നു.”
യുദ്ധങ്ങൾ, കുറ്റകൃത്യങ്ങൾ, അക്രമങ്ങൾ, രോഗങ്ങൾ, വിപത്തുകൾ, അത്യാഹിതങ്ങൾ—ഇങ്ങനെയുള്ള മോശമായ കാര്യങ്ങൾ ചെറിയ കുട്ടികൾക്കുപോലും സംഭവിച്ചേക്കാം. ദുരന്തങ്ങൾ ഒരുവനെ വ്യക്തിപരമായി ബാധിക്കുമ്പോൾ നിങ്ങൾ സ്വാഭാവികമായും ചോദിച്ചേക്കാം, ‘ഇത്തരം മോശമായ കാര്യങ്ങൾ സംഭവിക്കാൻ ദൈവം അനുവദിക്കുന്നതെന്തുകൊണ്ടാണ്?’
പണ്ടുകാലത്തെ, ദൈവത്തിന്റെ ആളുകൾ അത്തരം ചോദ്യങ്ങൾ ചോദിച്ചു. ഉദാഹരണത്തിന്, പ്രവാചകനായ ഹബക്കൂക് ദൈവജനത്തിന്റെ ഇടയിൽ നിലവിലിരുന്ന ഹീനമായ കാര്യങ്ങൾ കണ്ടപ്പോൾ വിലപിച്ചു: “യഹോവേ, എത്രത്തോളം ഞാൻ അയ്യം വിളിക്കയും നീ കേൾക്കാതിരിക്കയും ചെയ്യും? സാഹസംനിമിത്തം ഞാൻ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും? നീ എന്നെ നീതികേടു കാണുമാറാക്കുന്നതും പീഡനം വെറുതെ നോക്കുന്നതും എന്തിനു?” (ഹബക്കൂക് 1:2, 3) ഇന്നു ചില ക്രിസ്തീയ യുവജനങ്ങളും ഇത്തരം വൈകാരിക ക്ലേശം അനുഭവിക്കുന്നു.
തന്റെ പിതാവിന്റെ അവിചാരിതമായ മരണത്തിനുശേഷം ഒരു യുവ ക്രിസ്ത്യാനിക്കുണ്ടായ തോന്നൽ പരിചിന്തിക്കുക. അവൾ പറയുന്നു: “എനിക്കു ഭ്രാന്തു പിടിച്ചതുപോലെയായി, ജന്നലിലൂടെ പുറത്തേക്കു നോക്കി ഞാൻ അലറിവിളിച്ചു, യഹോവയോട് ആക്രോശിച്ചു. . . . എല്ലാറ്റിനും ഞാൻ അവനെ കുറ്റപ്പെടുത്തി. ഇതു സംഭവിക്കാൻ പാടുള്ളതായിരുന്നോ? ഡാഡി വളരെ നല്ല ഒരു പിതാവും സ്നേഹനിധിയായ ഒരു ഭർത്താവുമായിരുന്നു. ഇപ്പോൾ ഇങ്ങനെ സംഭവിച്ചിരിക്കുന്നു—യഹോവ ഞങ്ങളെക്കുറിച്ചു കരുതുന്നില്ലേ?” ഇത്തരമൊരു സാഹചര്യത്തിൽ ചില ആശയക്കുഴപ്പങ്ങൾ തോന്നുന്നത്, വ്രണിതരാകുന്നത് അല്ലെങ്കിൽ ദേഷ്യം തോന്നുന്നത് സ്വാഭാവികം മാത്രമാണ്. ദുഷ്ടത നിലനിൽക്കാൻ അനുവദിക്കപ്പെട്ടതിൽ വിശ്വസ്ത പ്രവാചകനായ ഹബക്കൂക്കിനും മുഷിവു തോന്നിയെന്ന് ഓർക്കുക. എങ്കിലും, ഒരു വ്യക്തി പാരുഷ്യത്തിന്റേതായ തോന്നലുകളെ ഊട്ടിവളർത്തുന്നുവെങ്കിൽ അത് അപകടമാണ്. അവൻ ‘യഹോവയോടുതന്നെ മുഷി’ഞ്ഞേക്കാം.—സദൃശവാക്യങ്ങൾ 19:3.
വിദ്വേഷത്തിന്റെയും പാരുഷ്യത്തിന്റെയും തോന്നലുകൾക്ക് അടിപ്പെടുന്നതു നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാം? ആദ്യമായി, ദുഷ്ടത എവിടെനിന്നു വരുന്നുവെന്നു നിങ്ങൾ മനസ്സിലാക്കണം.
മോശമായ കാര്യങ്ങൾ ദൈവത്തിൽനിന്നു വരുന്നില്ല
നാം ഇതുപോലെ യാതന അനുഭവിക്കാൻ ദൈവം ഉദ്ദേശിച്ചിരുന്നില്ലെന്ന ബൈബിൾ വ്യക്തമാക്കുന്നു. ആദിമ ദമ്പതികളെ അവൻ വേദനയിൽനിന്നും കഷ്ടപ്പാടിൽനിന്നും വിമുക്തമായ ഒരു പറുദീസാഭവനത്തിലാക്കി. (ഉല്പത്തി 1:28) കാര്യങ്ങൾ തെറ്റിപ്പോയത് എങ്ങനെയെന്നു നിങ്ങൾക്ക നന്നായിട്ടറിയാമെന്നതിൽ സംശയമില്ല: പിശാചെന്നും സാത്താനെന്നും പേരുവന്ന ഒരു അദൃശ്യ ആത്മജീവി ദൈവത്തോട് അനുസരണക്കേടു കാട്ടാൻ ആദാമിനെയും ഹവ്വായെയും പ്രേരിപ്പിച്ചു. (ഉല്പത്തി 3-ാം അധ്യായം; വെളിപ്പാടു 12:9) ഇങ്ങനെ ചെയ്യുകവഴി ആദാം തന്റെ സന്താനങ്ങളെയെല്ലാം പാപത്തിലേക്കും വിനാശകരമായ അതിന്റെ ഫലങ്ങളിലേക്കും തള്ളിയിട്ടു.—റോമർ 5:12.
വ്യക്തമായും, മനുഷ്യവർഗത്തിന്റെമേൽ ദുഷ്ടത വരുത്തിവെച്ചതു ദൈവമല്ല, മനുഷ്യൻ തന്നെയാണ്. (ആവർത്തനപുസ്തകം 32:5; സഭാപ്രസംഗി 7:29) തീർച്ചയായും, ആളുകൾ ഇന്ന് അനുഭവിക്കുന്ന മോശമായ കാര്യങ്ങൾ എല്ലാം—രോഗം, മരണം, യുദ്ധങ്ങൾ, അനീതികൾ എന്നിവ—ആദാമിന്റെ മനപ്പൂർവ അനുസരണക്കേടിൽനിന്ന് ഉളവായതാണ്. എന്നുമാത്രമല്ല, “കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളു”മെന്നു ബൈബിൾ വിളിക്കുന്ന കാര്യങ്ങൾക്കു നമ്മളെല്ലാവരും വിധേയരാണ്. (സഭാപ്രസംഗി 9:11, NW) ദുഷ്ടന്മാർക്കും നീതിമാന്മാർക്കും ആകസ്മികമായ അത്യാഹിതങ്ങളും ദുരന്തങ്ങളും സംഭവിക്കുന്നു.
ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നത്
ദുഷ്ടതയുടെ ഉറവിടം ദൈവമല്ലെന്ന് അറിയുന്നത് ആശ്വാസദായകമാണെങ്കിലും നിങ്ങൾ ചിന്തിച്ചേക്കാം, ‘ദുഷ്ടത തുടരാൻ അവൻ അനുവദിക്കുന്നത് എന്തുകൊണ്ടാണ്?’ ഏദെനിൽ ഉന്നയിക്കപ്പെട്ട വാദവിഷയത്തോട് ഇതു വീണ്ടും ബന്ധപ്പെട്ടിരിക്കുന്നു. അനുസരണക്കേടു കാട്ടിയാൽ അവൻ മരിക്കുമെന്നു ദൈവം ആദാമിനോടു പറഞ്ഞിരുന്നു. (ഉല്പത്തി 2:17) എന്നാൽ, വിലക്കപ്പെട്ട വൃക്ഷത്തിൽനിന്നു ഭക്ഷിക്കുകയാണെങ്കിൽ മരിക്കുകയില്ലെന്ന് പിശാച് ഹവ്വായോടു പറഞ്ഞു! (ഉല്പത്തി 3:1-5) ഫലത്തിൽ, സാത്താൻ ദൈവത്തെ നുണയൻ എന്നു വിളിച്ചു. ഇതിനുപുറമേ, എന്തെല്ലാം ചെയ്യണമെന്നു ദൈവം പറയേണ്ടതില്ലാതെ മനുഷ്യൻ തന്നെത്താൻ തീരുമാനങ്ങൾ എടുക്കുകയാണെങ്കിൽ അവനു കൂടുതൽ പ്രയോജനങ്ങളുണ്ടാകുമെന്നും സാത്താൻ സൂചിപ്പിച്ചു!
ഈ ആരോപണങ്ങൾ അവഗണിക്കാൻ ദൈവത്തിനാകുമായിരുന്നില്ല. ഒരു സഹപാഠി അധ്യാപകന്റെ അധികാരത്തെ വെല്ലുവിളിക്കുന്നതു നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അധ്യാപകൻ അവനെ ശിക്ഷിക്കാതെ വിട്ടാൽ മറ്റു കുട്ടികളും വികൃതി കാട്ടാൻ തുടങ്ങും. അതുപോലെതന്നെ, യഹോവ സാത്താന്റെ വെല്ലുവിളി നേരിട്ടില്ലെങ്കിൽ സാർവത്രിക കുഴപ്പം പൊട്ടിപ്പുറപ്പെടുമായിരുന്നു. സാത്താന്റെ വഴിയിലൂടെ കാര്യങ്ങൾ ചെയ്യാൻ മനുഷ്യനെ അനുവദിച്ചുകൊണ്ടാണു യഹോവ അങ്ങനെ ചെയ്തത്. സാത്താൻ വാഗ്ദാനം ചെയ്ത ദൈവസമാനമായ സ്വാതന്ത്ര്യം മനുഷ്യൻ ആസ്വദിക്കുന്നുണ്ടോ? ഇല്ല. സാത്താന്റെ ഭരണം വേദനയും ദുരിതവും കൈവരുത്തിയിരിക്കുന്നു. അങ്ങനെ അവൻ ദുഷ്ടനായ ഒരു നുണയനാണെന്നു തെളിഞ്ഞിരിക്കുന്നു!
ദുഷ്ടത എന്നേക്കും തുടരാൻ ദൈവം അനുവദിക്കുമോ? ഇല്ല. സാത്താൻ ഉന്നയിച്ചിരിക്കുന്ന വാദവിഷയങ്ങൾക്കു തീർപ്പുകൽപ്പിക്കുന്നതിന് ദൈവം ദുഷ്ടതക്കെല്ലാം താമസിയാതെ അറുതിവരുത്തും. (സങ്കീർത്തനം 37:10) പക്ഷേ, അതിനിടയിൽ നമ്മൾ സന്ദർഭത്തിനൊത്തവണ്ണം എങ്ങനെ കരുതലോടെ പെരുമാറും?
നിങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ഒരു വാദവിഷയം
ദൈവവും സാത്താനും തമ്മിലുള്ള ഈ വാദവിഷയത്തിൽ നിങ്ങൾ ഉൾപ്പെട്ടിരിക്കുന്നുവെന്ന് ആദ്യംതന്നെ മനസ്സിലാക്കുക! എങ്ങനെ? ഇയ്യോബ് എന്ന നീതിമാനായ മനുഷ്യന്റെ പേർ ശീർഷകമായി എഴുതപ്പെട്ടിരിക്കുന്ന ബൈബിൾ പുസ്തകത്തെക്കുറിച്ചു പരിചിന്തിക്കുക. വിശ്വസ്ത ആരാധകനുള്ള ഉദാഹരണമെന്ന നിലയിൽ ദൈവം ഇയ്യോബിനെ ചൂണ്ടിക്കാട്ടിയപ്പോൾ സാത്താൻ ഈ വിധത്തിൽ പ്രതികരിച്ചു: “ഒരു പ്രയോജനവും ലഭിക്കാതെ ഇയ്യോബ് നിന്നെ ആരാധിക്കുമോ?” (ഇയ്യോബ് 1:9, ടുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) തീർച്ചയായും, സമ്മർദം ചെലുത്താൻ തന്നെ അനുവദിച്ചാൽ ദൈവത്തെ സേവിക്കുന്നതിൽനിന്ന് ഏതു മനുഷ്യനെയും തനിക്കു പിന്തിരിപ്പിക്കാൻ കഴിയുമെന്നു സാത്താൻ വാദിച്ചു!—ഇയ്യോബ് 2:4, 5.
അതുകൊണ്ട്, ദൈവഭക്തരായ എല്ലാ ആളുകളെയും സാത്താൻ ദുഷിച്ചിരിക്കുന്നു. അവൻ നിങ്ങളെ ദുഷിച്ചിരിക്കുന്നു. എന്നാൽ, സദൃശവാക്യങ്ങൾ 27:11 ഇപ്രകാരം പറയുന്നു: “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.” അതേ, വേദനാജനകമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും നിങ്ങൾ ദൈവത്തെ സേവിക്കുമ്പോൾ സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കാൻ നിങ്ങൾ വാസ്തവത്തിൽ സഹായിക്കുകയാണു ചെയ്യുന്നത്!
മോശമായ കാര്യങ്ങൾ നേരിടുമ്പോൾ ഉൾപ്പെട്ടിരിക്കുന്ന വാദവിഷയങ്ങളെക്കുറിച്ചു ചിന്തിക്കുന്നതൊന്നും എളുപ്പമല്ലെന്നു സമ്മതിക്കുന്നു. അമ്മ മരിക്കുമ്പോൾ വെറും പത്തു വയസ്സുണ്ടായിരുന്ന ഡൈയാൻ പറയുന്നു: “എന്റെ ജീവിതത്തിലുണ്ടായിട്ടുള്ള പരിശോധനകൾ നിമിത്തം ഞാൻ തഴമ്പിച്ച ഹൃദയമുള്ളവളും പരുഷസ്വഭാവമുള്ളവളും ആയിപ്പോകുമോ എന്നു ഞാൻ ഭയന്നു.” എന്നാൽ, ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നതിന്റെ കാരണത്തെ സംബന്ധിച്ച അറിവ്, തന്റെ പ്രശ്നങ്ങളെക്കുറിച്ച് ഉചിതമായ ഒരു വീക്ഷണമുണ്ടായിരിക്കാൻ അവളെ സഹായിച്ചിരിക്കുന്നു. അവൾ ഇപ്പോൾ പറയുന്നത് ഇങ്ങനെയാണ്: “കൈകാര്യം ചെയ്യാൻ പ്രയാസകരമായ കാര്യങ്ങൾ എന്റെ ജീവിതത്തിലുണ്ടെങ്കിലും യഹോവയുടെ കരങ്ങൾ എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നിട്ടുണ്ട്.”
സുപ്രധാനമായ ഒരു യാഥാർഥ്യം ഡൈയാൻ നമ്മെ ഓർമിപ്പിക്കുന്നു: ഈ സമ്മർദങ്ങൾ നാം തന്നെത്താൻ തരണം ചെയ്യാൻ ദൈവം പ്രതീക്ഷിക്കുന്നില്ല. സങ്കീർത്തനം 55:22 നമുക്ക് ഈ ഉറപ്പു നൽകുന്നു: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.” ഇളംപ്രായക്കാരിയായ കോട്ടോയോ ഇതു സത്യമാണെന്നു കണ്ടെത്തി. 1995-ൽ, ജപ്പാനിലെ കോബെയിലുണ്ടായ ഭൂകമ്പത്തിൽ മാതാപിതാക്കൾ മരണമടഞ്ഞപ്പോൾ അവളുടെ അവസ്ഥ പരിതാപകരമായി. തന്നെയും തന്റെ കൂടപ്പിറപ്പുകളെയും സംബന്ധിച്ച് അവൾ ഇപ്രകാരം പറയുന്നു: “യഹോവയിൽ ആശ്രയിക്കാൻ അമ്മ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നതുകൊണ്ടു ഞങ്ങൾക്കു സഹിച്ചുനിൽക്കാൻ സാധിക്കും.”
ആരംഭത്തിൽ പ്രതിപാദിച്ചിരുന്ന ആ കൊച്ചു പെൺകുട്ടി ലിഡ്യയുടെ കാര്യമോ? യഹോവ അവളെ ഉപേക്ഷിച്ചിട്ടേയില്ലെന്നു ക്രമേണ അവൾക്കു മനസ്സിലായി. അവൾ ഇപ്പോൾ പറയുന്നത് ഇങ്ങനെയാണ്: “എപ്പോഴും യഹോവ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അവൻ ഞങ്ങളെ വഴിനടത്തുകയും ഞങ്ങളുടെ കാലടികളെ നയിക്കുകയും ചെയ്തു.”
യഹോവ—കരുതലുള്ള സ്നേഹവാനായ ഒരു ദൈവം
മോശമായ കാര്യങ്ങൾ സംഭവിക്കുമ്പോൾ ദൈവത്തിൽനിന്നുള്ള സഹായം നിങ്ങൾക്കും അനുഭവിച്ചറിയാൻ സാധിക്കും. എന്തുകൊണ്ട്? കാരണം, അവൻ നിങ്ങൾക്കായി കരുതുന്നു! നല്ലയാളുകൾക്കും മോശമായ കാര്യങ്ങൾ സംഭവിക്കാൻ അവൻ അനുവദിക്കുന്നെങ്കിലും സ്നേഹപുരസ്സരമായ ആശ്വാസവും അവൻ പ്രദാനം ചെയ്യുന്നു. (2 കൊരിന്ത്യർ 1:3, 4) അവൻ ഇതു ചെയ്യുന്ന ഒരു വിധം ക്രിസ്തീയ സഭയിലൂടെയാണ്. വിഷമസന്ധികൾ നേരിടുമ്പോൾ നിങ്ങളെ ശക്തിപ്പെടുത്താൻ കഴിവുള്ള ‘സഹോദരനെക്കാളും പററുള്ള സ്നേഹിതന്മാരെ’ നിങ്ങൾക്ക് അവിടെ കണ്ടെത്താൻ കഴിയുന്നു. (സദൃശവാക്യങ്ങൾ 18:24) കോട്ടോയോ അനുസ്മരിക്കുന്നു: “ഭൂകമ്പം ഉണ്ടായതിന്റെ പിറ്റേന്നുമുതൽ സഹോദരങ്ങൾ ഒരുമിച്ചുകൂടിയിരുന്ന സ്ഥലത്തേക്കു ഞങ്ങൾ പോയി. പ്രോത്സാഹനവും ആവശ്യമായ വസ്തുക്കളും ഞങ്ങൾക്കു ലഭിച്ചു. അതെനിക്ക് സുരക്ഷിതത്വബോധം നൽകി. യഹോവയും സഹോദരങ്ങളും നമുക്ക് ഉള്ളടത്തോളം കാലം എന്തും സഹിക്കാൻ കഴിയുമെന്നു ഞാൻ കരുതുന്നു.”
യഹോവയ്ക്കു നിങ്ങളെ വ്യക്തിപരമായി അറിയാവുന്നതുകൊണ്ട് മോശമായ കാര്യങ്ങൾ സംഭവിക്കുമ്പോൾ നിങ്ങളുടെ ആവശ്യങ്ങൾക്കായി കരുതാനും അവനു കഴിയും. ഇപ്രകാരം പറഞ്ഞുകൊണ്ട് തന്റെ പിതാവിന്റെ നഷ്ടത്തെ തരണം ചെയ്ത വിധത്തെക്കുറിച്ച് ഡാന്യൽ വ്യക്തമാക്കുന്നു: “യഹോവ നിങ്ങൾക്കു പിതാവായിത്തീരുന്നു. കൂടാതെ, അനുകരണീയരായ ആത്മീയ പുരുഷന്മാരെ അവന്റെ സ്ഥാപനം പ്രദാനം ചെയ്യുന്നു. സ്വാഭാവികമായും ഞാൻ എന്റെ ഡാഡിയുമായി ചർച്ച ചെയ്യുമായിരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ യഹോവ എപ്പോഴും പ്രദാനം ചെയ്തിട്ടുണ്ട്.” തന്റെ അമ്മയുടെ മരണശേഷം ഡൈയാനും ഇത്തരത്തിൽ യഹോവയുടെ സ്നേഹപുരസ്സരമായ കരുതൽ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അവൾ പറയുന്നു: “പ്രോത്സാഹനവും മാർഗനിർദേശവും ബുദ്ധ്യുപദേശവും പ്രദാനം ചെയ്ത, മുതിർന്ന പക്വതയുള്ള വ്യക്തികളിലൂടെ അവൻ എന്നെ വഴിനടത്തുകയും ഏതു നിരുത്സാഹത്തെയും തരണം ചെയ്യാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്.”
തീർച്ചയായും, മോശമായ കാര്യങ്ങൾ അനുഭവപ്പെടുന്നത് ഒരിക്കലും സുഖപ്രദമല്ല. പക്ഷേ, ഇത്തരം കാര്യങ്ങൾ ദൈവം അനുവദിക്കുന്നതിനുള്ള കാരണങ്ങൾ അറിയുന്നതിൽനിന്ന് ആശ്വാസം കൈക്കൊള്ളുക. ദൈവം താമസിയാതെ പ്രശ്നം പരിഹരിക്കുമെന്നു നിരന്തരം സ്വയം ഓർമപ്പെടുത്തുക. എന്തിന്, നമ്മൾ അനുഭവിച്ചിട്ടുള്ള മോശമായ കാര്യങ്ങളുടെ എല്ലാ കണികയും ഒടുവിൽ തുടച്ചുനീക്കപ്പെടും! (യെശയ്യാവു 65:17; 1 യോഹന്നാൻ 3:8) പ്രശ്നങ്ങൾ തരണം ചെയ്യാൻ ദൈവം ചെയ്യുന്ന എല്ലാ ക്രമീകരണങ്ങളിൽനിന്നും പ്രയോജനം അനുഭവിക്കുമ്പോൾതന്നെ സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കാൻ തക്കവണ്ണം നിങ്ങളുടെ ഭാഗം നിങ്ങൾക്കു ചെയ്യാനാകും. തക്കസമയത്ത്, ‘ദൈവം നിങ്ങളുടെ കണ്ണിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും.’—വെളിപ്പാടു 21:3, 4.
[19-ാം പേജിലെ ചിത്രങ്ങൾ]
താമസിയാതെ യഹോവ മോശമായ കാര്യങ്ങൾക്കെല്ലാം അറുതി വരുത്തും