സിഗരറ്റുകൾ—നിങ്ങൾ അവയെ നിരസിക്കുന്നുവോ?
ലോകത്തു പുകയില അവതരിപ്പിക്കാൻ സഹായിച്ച ഒരു രാഷ്ട്രം അതിന്റെ അപകടങ്ങളെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നതിൽ നേതൃത്വമെടുക്കുന്നു.
“പുകയിലയ്ക്ക് അമേരിക്കയുടെ കണ്ടുപിടിത്തത്തിനു മുമ്പു യാതൊരു ചരിത്രവുമില്ലെന്ന് ഒരു ചരിത്രകാരൻ എഴുതി” കരീബിയൻ തദ്ദേശവാസികൾ അതു കൊളമ്പസിനു നൽകി. അതിന്റെ കയറ്റുമതി വടക്കെ അമേരിക്കയിലെ ആദ്യത്തെ ബ്രിട്ടീഷ് സ്ഥിരവാസസ്ഥലമായ ജെയിംസ്ടൗണിന്റെ അതിജീവനം ഉറപ്പുവരുത്തി. അമേരിക്കൻ വിപ്ലവത്തിനു സാമ്പത്തിക സഹായം നൽകുന്നതിന് അതിന്റെ വിൽപ്പന സഹായിച്ചു. ആദ്യകാല യു.എസ്. പ്രസിഡൻറുമാരായിരുന്ന ജോർജ് വാഷിങ്ടണും തോമസ് ജാഫേഴ്സണും പുകയില കൃഷിക്കാരായിരുന്നു.
വളരെ അടുത്ത കാലങ്ങളിൽ, സിഗരറ്റുകളെ പ്രേമാകർഷണം, വശ്യസൗന്ദര്യം, പുരുഷത്വം എന്നിവയുടെ പ്രതീകമായി ഹോളിവുഡ് ഉപയോഗിച്ചു. അമേരിക്കൻ ഭടൻമാർ തങ്ങൾ യുദ്ധം ചെയ്ത രാജ്യങ്ങളിൽ കണ്ടുമുട്ടിയ ആളുകൾക്ക് അവ നൽകി. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് “പാരീസ്മുതൽ പീക്കിങ്വരെ” കൈമാറ്റ മാധ്യമമായി സിഗരറ്റുകൾ ഉപയോഗിച്ചിരുന്നുവെന്നു പറയപ്പെടുന്നു.
എന്നാൽ സാഹചര്യം മാറി. പുകവലിയെ എംഫിസിമാ, ശ്വാസകോശ കാൻസർ, മറ്റു ഗുരുതര രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെടുത്തിക്കൊണ്ട് 1964 ജനുവരി 11-ന് യു.എസ്. സർജൻ ജനറൽ 387 പേജുള്ള ഒരു റിപ്പോർട്ടു പുറത്തിറക്കി. “മുന്നറിയിപ്പ്: സിഗരറ്റുവലി നിങ്ങളുടെ ആരോഗ്യത്തിന് അപകടകരമായിരുന്നേക്കാം” എന്ന മുന്നറിയിപ്പ് ഐക്യനാടുകളിൽ വിൽക്കപ്പെടുന്ന എല്ലാ സിഗരറ്റു പായ്ക്കറ്റുകളിലും ഉണ്ടായിരിക്കണമെന്നു പെട്ടെന്നുതന്നെ ഫെഡറൽ നിയമം അനുശാസിച്ചു. ഐക്യനാടുകളിലെ വർഷംതോറുമുള്ള, കണക്കാക്കപ്പെട്ട 4,34,000 മരണങ്ങൾക്കു കാരണം പുകവലിയാണെന്ന് ഇപ്പോൾ പറയപ്പെടുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട എല്ലാ അമേരിക്കക്കാരുടെയും എണ്ണത്തെക്കാൾ കൂടുതലാണ് അത്!
നിയന്ത്രണങ്ങൾ ഏർപ്പെടുത്തപ്പെട്ടു
പത്തു വർഷം മുമ്പ്, കൊളറാഡോയിലെ ജനസമ്മതിയുള്ള ഒരു ശൈത്യകാല സുഖവാസ കേന്ദ്രമായ അസ്പൻ അതിലെ റെസ്റ്ററൻറുകളിൽ പുകവലി നിരോധിച്ചു. അന്നു മുതൽ റെസ്റ്ററൻറുകളിലും ജോലിസ്ഥലത്തും മറ്റു പൊതു സ്ഥലങ്ങളിലും പുകവലിരഹിത ഭാഗങ്ങൾ കൂടുതൽ സാധാരണമായിത്തീർന്നു. പല വർഷങ്ങൾക്കു മുമ്പ് ഒരു കാലിഫോർണിയക്കാരൻ, ഒരു വെർജീനിയ റെസ്റ്ററൻറിലെ പുകവലിരഹിത ഭാഗം എവിടെയാണെന്നു തന്റെ പുത്രിയോടു ചോദിച്ചു. “ഡാഡ്, ഇതൊരു പുകയില രാജ്യമാണ്!,” എന്ന് അവൾ പ്രതിവചിച്ചു. അദ്ദേഹത്തിന്റെ അടുത്ത സന്ദർശസമയമായപ്പോഴേക്കും, ആ റെസ്റ്ററൻറിന്റെ പകുതി പുകവലിക്കാത്തവർക്കു വേണ്ടി സംവരണം ചെയ്തിരുന്നു. അടുത്തകാലത്ത്, അവിടെ ആരും പുകവലിക്കുന്നില്ലെന്ന് അദ്ദേഹം കണ്ടു.
പുകവലിക്കുന്നവർക്കു വേണ്ടി പ്രത്യേക ഭാഗങ്ങൾ ഉള്ളത് പ്രശ്നം പരിഹരിച്ചിട്ടില്ല. കാലിഫോർണിയയിലെ പ്രധാന ഹൈവേകളിലുള്ള രാഷ്ട്രപ്രായോജിതമായ വലിയ പരസ്യപ്പലകകൾ ചോദിച്ചു: “പുകവലി അനുവദിച്ചിട്ടുള്ള ഭാഗത്തു മാത്രമേ നിൽക്കാവൂ എന്നു പുകയ്ക്ക് അറിയാമെന്നു നിങ്ങൾ വിചാരിക്കുന്നുവോ?”
ന്യൂയോർക്കു സിറ്റി അതിലെ വലിയ റെസ്റ്ററൻറുകളിൽ പുകവലി നിരോധിച്ചപ്പോൾ, ഇത് യൂറോപ്പിൽ നിന്നുള്ള വിനോദസഞ്ചാരികളെ അകറ്റുമെന്നു പറഞ്ഞ് ഉടമകൾ പ്രതിഷേധിച്ചു, പുകവലിയെ നിയന്ത്രിക്കാൻ കാര്യമായ നിയമങ്ങൾ യൂറോപ്പിൽ ഇല്ലെന്ന് അവർ പറഞ്ഞു. എന്നാൽ, അമേരിക്കക്കാരിൽ 56 ശതമാനം പുകവലിരഹിത റെസ്റ്ററൻറിൽ പോകാനാണു കൂടുതൽ സാധ്യതയെന്നും 26 ശതമാനം മാത്രമാണ് അപ്രകാരം ചെയ്യാൻ മടിയുള്ളവരെന്നും നേരത്തെയുള്ള ഒരു സർവേ കണ്ടെത്തിയിരുന്നു.
ന്യൂയോർക്കു സിറ്റിയിലെ ഭൂഗർഭ ട്രെയിനുകളിലെ ഒരു പരസ്യം പറയുന്നു: “ഏതു ഭാഷയിലും സന്ദേശം ഒന്നുതന്നെയാണ്: ഞങ്ങളുടെ സ്റ്റേഷനുകളിലോ ഞങ്ങളുടെ ട്രെയിനുകളിലൊ, യാതൊരു സമയത്തും യാതൊരു സ്ഥലത്തും പുകവലി പാടില്ല. നിങ്ങൾക്കു നന്ദി.” പ്രസ്തുത പരസ്യം ഈ സന്ദേശം പ്രസ്താവിക്കുന്നതു കേവലം ഇംഗ്ലീഷിൽ മാത്രമല്ല, മറ്റു 15 ഭാഷകളിലുമുണ്ട്.
സംഗതി വാസ്തവത്തിൽ അത്ര ഗുരുതരമാണോ? അതേ. ഒരു വലിയ വിപത്തിൽ 300 പേർ മരിക്കുന്നുവെങ്കിൽ അതു ദിവസങ്ങളോളം, ഒരുപക്ഷേ ആഴ്ചകളോളം പോലും വാർത്തയിൽ സ്ഥാനം പിടിച്ചിരിക്കും. എന്നാൽ, മറ്റ് ആളുകളുടെ സിഗരറ്റുകളിൽനിന്നുള്ള പുക ശ്വസിക്കുന്നതിന്റെ ദീർഘകാല ഫലങ്ങളിൽനിന്ന് ഓരോ വർഷവും 53,000 അമേരിക്കക്കാർ മരിക്കുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നുവെന്ന് ദ ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷനിലെ ഒരു ലേഖനം പറയുന്നു. അത്, പുകവലിക്കാർ വലിച്ചുവിടുന്ന അല്ലെങ്കിൽ പാരിസ്ഥിതിക സിഗരറ്റുപുക ശ്വസിക്കുന്നതിനെ, “സജീവ പുകവലിക്കും മദ്യപാനത്തിനും ശേഷമുള്ള തടയാനാവുന്ന മൂന്നാമത്തെ പ്രധാന മരണകാരണമാക്കുമെ”ന്ന് അതു പറഞ്ഞു.
കുട്ടികൾ—നിസ്സഹായരായ ഇരകൾ
ഭവനത്തിലെ പുകവലി സംബന്ധിച്ചോ? “അകാല മരണം, അനാവശ്യ രോഗം, അംഗവൈകല്യം” എന്നിവ കുറയ്ക്കുന്നതിനു ലക്ഷ്യമിട്ടിരിക്കുന്ന യു. എസ്. ഗവൺമെൻറ് പ്രസിദ്ധീകരണമായ ഹെൽത്തി പീപ്പിൾ 2000 ഇങ്ങനെ പറഞ്ഞു: “ഐക്യനാടുകളിലെ ഓരോ ആറു മരണങ്ങളിൽ ഒന്നിലധികത്തിനും കാരണം പുകയിലയുടെ ഉപയോഗമാണ്. നമ്മുടെ സമൂഹത്തിലെ തടയാനാവുന്ന മരണത്തിന്റെയും രോഗത്തിന്റെയും ഏറ്റവും പ്രധാന ഏക കാരണവും അതാണ്.”
അതു കൂട്ടിച്ചേർത്തു: “ജനനസമയത്തു കുറഞ്ഞ ഭാരമുള്ള ശിശുക്കളുടെ 20 മുതൽ 30 ശതമാനത്തിനും 14 ശതമാനത്തോളം അകാല പ്രസവങ്ങൾക്കും ഏതാണ്ട് 10 ശതമാനം ശിശുമരണങ്ങൾക്കും നിദാനം ഗർഭകാലത്തെ സിഗരറ്റുവലിയാണ്.” പുകവലിക്കുന്ന അമ്മമാർക്ക്, ശിശുവിനെ മുലയൂട്ടുന്നതിനാലോ ശിശുവിന്റെ സമീപത്തുവെച്ച് പുകവലിക്കുന്നതിനാലോ മാത്രമല്ല “അടുത്തയിടെ പുകവലിനടന്ന ഒരു മുറിയിൽ ശിശുവിനെ കിടത്തുന്നതി”ലൂടെയും പുകയിലപ്പുകയുടെ ഘടകങ്ങൾ കൈമാറാനാവുമെന്ന് അതു പ്രസ്താവിച്ചു.
പിതാക്കൻമാരും ഉൾപ്പെട്ടിരിക്കുന്നു. അതേ പ്രസിദ്ധീകരണം ഇങ്ങനെ ഉപദേശിച്ചു: “കുട്ടികളുമായി ബന്ധപ്പെടുന്ന ആളുകൾക്കു പുകവലിക്കണമെങ്കിൽ, വീടിനുവെളിയിലോ ശിശു ഉണ്ടായിരുന്നേക്കാവുന്ന സ്ഥലങ്ങളിലേക്കു വായു വ്യാപിക്കുകയില്ലാത്ത സ്ഥലങ്ങളിലോവെച്ചു പുകവലിക്കണം.” ഒരേ മുറിയിൽവെച്ചു പുകവലിക്കുന്ന മുതിർന്നവരുടെ എണ്ണവും പുകയ്ക്കുന്ന സിഗരറ്റുകളുടെ എണ്ണവും വർധിക്കുന്നതനുസരിച്ച് അപകടസാധ്യത വർധിക്കുന്നു. അതുകൊണ്ട്, മുൻ യു.എസ്. സർജൻ ജനറലായിരുന്ന ജാസ്ലിൻ എൽഡഴ്സ് പറഞ്ഞു: “നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ ആസക്തിയുടെ നിർദോഷ ഇരകളാണ്.”
മറ്റാളുകൾക്കും അപകടസാധ്യതയുണ്ട്. കാലിഫോർണിയയിലെ രാഷ്ട്രപ്രായോജിതമായ ഒരു ടെലിവിഷൻ പരസ്യ പ്രക്ഷേപണം ഒരു വൃദ്ധൻ ഏകനായി ഇരിക്കുന്നതു കാണിച്ചു. തന്റെ ഭാര്യ എല്ലായ്പോഴും പുകവലിയുടെ ‘കാര്യം എടുത്തിടു’മായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “ഞാൻ നിർത്തുന്നില്ലെങ്കിൽ എന്നെ ചുംബിക്കുന്നതു നിർത്തുമെന്നുപോലും അവൾ ഭീഷണിപ്പെടുത്തി. ഇത് എന്റെ ശ്വാസകോശമാണ്, എന്റെ ജീവനാണ് എന്നു ഞാൻ പറഞ്ഞു. എന്നാൽ എന്റെ ആശയം തെറ്റായിരുന്നു. ഞാൻ നിർത്തിയില്ല. ഞാൻ കളഞ്ഞുകുളിക്കുമായിരുന്ന ജീവിതം എന്റെതായിരുന്നില്ലെന്നു ഞാൻ അറിഞ്ഞിരുന്നില്ല . . . അത് അവളുടെതായിരുന്നു.” ദുഃഖത്തോടെ അവളുടെ ചിത്രം നോക്കിക്കൊണ്ട് ആ വൃദ്ധൻ കൂട്ടിച്ചേർത്തു: “എന്റെ ഭാര്യ എന്റെ ജീവനായിരുന്നു.”
മാറ്റംഭവിച്ച വീക്ഷണം
അത്തരം മുന്നറിയിപ്പുകൾ ഐക്യനാടുകളിൽ പുകവലിയുടെ കാര്യത്തിൽ വലിയൊരു കുറവിനു സംഭാവന ചെയ്തിരിക്കുന്നു. അതിശയകരമായി, കണക്കാക്കപ്പെട്ടപ്രകാരം 4 കോടി 60 ലക്ഷം അമേരിക്കക്കാർ, അതായത് എന്നെങ്കിലും പുകവലിച്ചിട്ടുള്ളവരുടെ 49.6 ശതമാനം, പുകവലി നിർത്തിയിരിക്കുന്നു!
എന്നിരുന്നാലും, പുകയില കമ്പനികൾ പരസ്യത്തിനായി ഭീമമായ തുകകൾ നീക്കിവെച്ചുകൊണ്ടു ചെറുത്തുനിൽക്കുന്നു. പുകവലിയിലെ കുറവ് മന്ദഗതിയിലായിരിക്കുന്നു. ന്യൂയോർക്കിലെ കൊളമ്പിയാ സർവകലാശാലയുടെ അഡിക്ഷൻ ആൻഡ് സബ്സ്റ്റാൻസ് അബ്യൂസ് സെന്ററിലെ, ജോസഫ് എ. കാലഫാനോ ജൂനിയർ ഇങ്ങനെ പറഞ്ഞു: “പൊതുജനാരോഗ്യത്തിനു പുകയില വ്യവസായത്തിൽനിന്നുള്ള ഏറ്റവും വലിയ ഭീഷണി, അതിന്റെ മരണകരമായ ഉത്പന്നങ്ങളിൽ ആസക്തരായവരുടെ ഒരു പുതിയ സംഘത്തെ രൂപീകരിക്കുന്ന കുട്ടികളെയും കൗമാരപ്രായക്കാരെയും ലക്ഷ്യമാക്കിയുള്ള അതിന്റെ പരസ്യങ്ങളും വിപണനവുമാണ്.”
“കണക്കാക്കപ്പെട്ട 3,000 യുവജനങ്ങൾ—ഭൂരിഭാഗവും കുട്ടികളും കൗമാരപ്രായക്കാരും—ഓരോ ദിവസവും പതിവു പുകവലിക്കാരായിത്തീരുന്നു. ഓരോ വർഷവും പുകവലി നിർത്തുകയോ മരിക്കുകയോ ചെയ്യുന്ന ഏതാണ്ട് 20 ലക്ഷം പുകവലിക്കാരെ ഭാഗികമായി പ്രതിസ്ഥാപിക്കുന്ന ഓരോ വർഷവുമുള്ള ഏകദേശം 10 ലക്ഷം പുതിയ പുകവലിക്കാരെ ഇതു പ്രതിനിധാനം ചെയ്യുന്നു” എന്ന് ദ ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പറഞ്ഞു.
യു.എസ്. പുകവലിക്കാരിൽ പകുതിയിലധികവും 14-ാം വയസ്സോടെ പുകവലി ആരംഭിക്കുന്നു. ഓരോ ദിവസവും പുകവലി തുടങ്ങുന്ന 3,000 കുട്ടികളിൽ ഏകദേശം 1,000 പേർ ഒടുവിൽ പുകവലിയോടു ബന്ധപ്പെട്ട രോഗങ്ങളാൽ മരിക്കുമെന്ന് യു.എസ്. ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ കമ്മീഷണറായ ഡേവിഡ് കെസ്ലർ പറഞ്ഞു.
അത്തരം കണക്കുകൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുവെങ്കിൽ, നമ്മുടെ കുട്ടികൾ പിൻപറ്റുന്നതു നമ്മുടെ മാതൃകയായിരിക്കുമെന്ന് ഓർമിക്കുന്നതു നന്നായിരിക്കും. അവർ പുകവലിക്കാൻ നാം ആഗ്രഹിക്കുന്നില്ലെങ്കിൽ നാമും അങ്ങനെ ചെയ്യരുത്.
വിദേശ വിൽപ്പന
യു.എസ്. സിഗരറ്റ് ഉപഭോഗം താഴ്ന്നുവെങ്കിലും വിദേശ വിപണി വളരുന്നു. “കയറ്റുമതി മൂന്നിരട്ടിയിലധികമാകുകയും യു.എസ്. പുകയിലച്ചെടിയിൽനിന്നുള്ള വിദേശ വിൽപ്പന കുതിച്ചുയരുകയും ചെയ്തിരിക്കുന്നു”വെന്നു ലോസാഞ്ചലസ് ടൈംസ് റിപ്പോർട്ടു ചെയ്തു. വികസ്വര രാഷ്ട്രങ്ങളിൽ “പുകവലിയുടെ അപകടങ്ങൾക്കു കാര്യമായ ഊന്നൽ കൊടുക്കുന്നില്ല,” ഇത് “ദ്രുതഗതിയിൽ വിദേശ വിപണിയിൽ കടന്നുകയറാൻ” പുകയില കമ്പനികളെ അനുവദിക്കുന്നുവെന്ന് ദ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ പ്രസ്താവിച്ചു.
എന്നാൽ, ഐക്യനാടുകളിലെ 5 മരണങ്ങളിൽ 1 വീതം സംഭവിക്കുന്നതു പുകവലി നിമിത്തമാണെന്ന്, ആർ. ജെ റെയ്നോൾഡ്സ് ജൂനിയറിന്റെ പുത്രനും ക്യാമൽ ആൻഡ് വിൻസ്റ്റൺ സിഗരറ്റുകൾ ഉത്പാദിപ്പിക്കുന്ന കമ്പനിയുടെ സ്ഥാപകന്റെ പിൻഗാമിയുമായ പാട്രിക് റെയ്നോൾഡ്സ് പറഞ്ഞു. കൊക്കെയ്ൻ, മദ്യം, ഹെറോയിൻ, അഗ്നി, ആത്മഹത്യ, കൊലപാതകം, എയിഡ്സ്, മോട്ടോർ വാഹന അപകടങ്ങൾ എന്നിവയെല്ലാം സംയോജിക്കുമ്പോൾ ഉള്ളതിനെക്കാൾ കൂടുതൽ മരണങ്ങൾക്കു പുകവലി വർഷംതോറും ഇടയാക്കുന്നുവെന്നും അതു നമ്മുടെ കാലഘട്ടത്തിലെ മരണം, രോഗം, ആസക്തി എന്നിവയുടെ തടയാനാവുന്ന ഏറ്റവും വലിയ ഏക കാരണമാണെന്നും റെയ്നോൾഡ്സ് പറഞ്ഞതായും റിപ്പോർട്ടു ചെയ്യപ്പെട്ടു.
പുകവലിക്കാൻ പഠിക്കുന്നതിനു ലോകത്തെ സഹായിച്ച രാഷ്ട്രം പുകയിലയോടു വളർന്നുവരുന്ന ദേശീയ എതിർപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നതു വിചിത്രമായി തോന്നുന്നുവോ? അങ്ങനെയെങ്കിൽ നമ്മോടുതന്നെ ഇങ്ങനെ ചോദിക്കുന്നത് നല്ലതായിരിക്കും, ‘ആരാണ് അത് അറിയേണ്ടത്?’
50-ലധികം വർഷം പുകവലിച്ച ഒരു സ്ത്രീയെക്കുറിച്ചു മോഡേൺ മച്യൂരിറ്റി മാഗസിൻ പറഞ്ഞു. “നിങ്ങൾ ആസക്തനായപ്പോൾ നിങ്ങൾ കുരുക്കിലകപ്പെട്ടു,” എന്ന് അവൾ പറഞ്ഞു. എന്നാൽ പുകവലി ആരംഭിക്കാൻ അവളെ പ്രേരിപ്പിച്ച ആദ്യ ഹരത്തിൽനിന്ന് അവൾ സ്വതന്ത്രയായി. തുടരുന്നതിനുള്ള തന്റെ ന്യായീകരണങ്ങൾ വിശകലനം ചെയ്തിട്ട് അവൾ പുകവലി നിർത്തി.
“അതൊന്നു നിർത്തി നോക്കുക,” അവൾ എഴുതി. “അതു വിസ്മയാവഹമായി തോന്നുന്നു.”
[21-ാം പേജിലെ ആകർഷകവാക്യം]
“1990-കളിൽ വികസിത രാജ്യങ്ങളിലെ 35-ഉം 69-ഉം വയസ്സിനിടയ്ക്കുള്ളവരുടെ എല്ലാ മരണങ്ങളുടെയും ഏകദേശം 30 ശതമാനത്തിനും കാരണം പുകയില ആയിരിക്കുമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു, അതിനെ വികസിത രാജ്യങ്ങളിലെ അകാല മരണത്തിന്റെ ഏറ്റവും വലിയ ഏക കാരണമാക്കിക്കൊണ്ടുതന്നെ.”—ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ
[22-ാം പേജിലെ ചതുരം/ചിത്രം]
കാൻസർ മുന്നറിയിപ്പുകൾ
പിൻവരുന്ന മുന്നറിയിപ്പുകൾ അമേരിക്കൻ കാൻസർ സൊസൈററി പ്രസിദ്ധീകരിക്കുന്ന, ശ്വാസകോശ കാൻസർ സംബന്ധിച്ച യാഥാർഥ്യങ്ങൾ, കാൻസർ വസ്തുതകളും കണക്കുകളും—1995 (ഇംഗ്ലീഷ്) എന്നീ ലഘുപത്രികകളിൽ നിന്നുള്ളതാണ്:
• “ഭർത്താക്കൻമാർ പുകവലിക്കുന്നവരാണെങ്കിൽ പുകവലിക്കാത്ത ഭാര്യമാർക്കു ശ്വാസകോശ കാൻസറിന് 35% ഉയർന്ന സാധ്യതയുണ്ട്.”
• “പുരുഷൻമാരിൽ കണക്കാക്കപ്പെട്ട 90%-ത്തിനും സ്ത്രീകളിൽ 79%-ത്തിനും ശ്വാസകോശ കാൻസറുകൾക്ക് ഇടയാക്കുന്നതു സിഗരറ്റുവലിയാണ്.”
• “പ്രതിദിനം 2 പായ്ക്കറ്റു വീതം, 40 വർഷത്തിലധികം പുകവലിച്ചിട്ടുള്ള ഒരുവന്, ശ്വാസകോശ കാൻസറിന്റെ ഫലമായുള്ള മരണനിരക്കു പുകവലിക്കാത്ത ഒരുവനെക്കാൾ 22 ഇരട്ടി കൂടുതലാണ്.”
• “ശ്വാസകോശ കാൻസറിനെതിരായുള്ള ഏറ്റവും മെച്ചപ്പെട്ട സംരക്ഷണം ഒരിക്കലും പുകവലി തുടങ്ങാതിരിക്കുക, അല്ലെങ്കിൽ ഉടൻതന്നെ നിർത്തുക എന്നതാണ്.”
• “സുരക്ഷിത സിഗരറ്റ് എന്ന ഒന്നില്ല.”
• “പുകയിലയോ പുകയിലപ്പൊടിയോ ചവയ്ക്കുന്നത് വായ്, സ്വനപേടകം, തൊണ്ട, അന്നനാളം എന്നിവിടങ്ങളിലെ കാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു. കൂടാതെ ഇത് അത്യന്തം ആസക്തിയുളവാക്കുന്ന സ്വഭാവമാണ്.”
• “ദീർഘകാലമായി പുകയിലപ്പൊടി ഉപയോഗിക്കുന്നവർക്കിടയിൽ കവിളിലെയും മോണയിലെയും കാൻസറിന്റെ കൂടുതലായ സാധ്യത ഏതാണ്ട് അമ്പതു മടങ്ങുവരെ എത്തിയേക്കാം.”
• “പ്രായഭേദമന്യേ, പുകവലിനിർത്തുന്നവർ പുകവലി തുടരുന്നവരെക്കാൾ കൂടുതൽകാലം ജീവിക്കുന്നു. 50 വയസ്സിനു മുമ്പ് പുകവലി നിർത്തുന്നവർക്ക് പുകവലി തുടരുന്നവരോടുള്ള താരതമ്യത്തിൽ അടുത്ത 15 വർഷത്തിനുള്ളിൽ മരിക്കുന്നതിനു പകുതി സാധ്യതയേ ഉള്ളൂ.”
[24-ാം പേജിലെ ചതുരം/ചിത്രം]
കർഷകന്റെ ധർമസങ്കടം
മറ്റൊരു വിളകൊണ്ടും മതിയായ ജീവിത വേതനം പ്രദാനംചെയ്യാൻ കഴിയാത്തത്ര ചെറിയ കൃഷിയിടങ്ങളുള്ള കുടുംബങ്ങളെ പുകയില കൃഷി തലമുറകളായി നിലനിർത്തിപ്പോരുന്നു. ഈ യാഥാർഥ്യം അനേകമാളുകൾക്കു സ്പഷ്ടമായും ഒരു മനസ്സാക്ഷി പ്രശ്നത്തിനിടയാക്കുന്നു. ഒരു പുകയില മുതലാളി സ്ഥാപിച്ച ഡ്യൂക് യൂണിവേഴ്സിറ്റിയിലെ ദൈവശാസ്ത്രപരമായ സദാചാരനിയമങ്ങളുടെ പ്രൊഫസറായ സ്റ്റാൻലി ഹൗർവസ് പറഞ്ഞു: “പുകയില കൃഷിചെയ്യുന്ന ആളുകളുടെ വലിയ മനോവ്യസനം, . . . അവർ അതു കൃഷിചെയ്യാൻ തുടങ്ങിയപ്പോൾ അത് ആരെയെങ്കിലും കൊല്ലുമെന്ന് അവർ അറിഞ്ഞിരുന്നില്ല എന്നതാണെന്നു ഞാൻ വിചാരിക്കുന്നു.”
[23-ാം പേജിലെ ചിത്രം]
പുകവലി അനുവദിച്ചിട്ടുള്ള ഭാഗത്തു പുക നിൽക്കുന്നില്ല
[23-ാം പേജിലെ ചിത്രം]
എല്ലാ ശിശുമരണങ്ങളുടെയും 10 ശതമാനത്തിനു കാരണം ഗർഭകാലത്തെ പുകവലിയാണ്