അവർ ഇപ്പോഴും പറമ്പിൽ കുതിരകളെക്കൊണ്ടു പണിയെടുപ്പിക്കുന്നു
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
ഉയർന്ന സാങ്കേതികവിദ്യയുടെ ഈ യുഗത്തിൽ കുതിരകളെക്കൊണ്ടു പറമ്പിൽ പണിയെടുപ്പിക്കുന്ന കർഷകരുണ്ടെന്നു വിശ്വസിക്കുക പ്രയാസമാണെന്നു ചിലർക്കു തോന്നുന്നുണ്ടാവാം. എന്നാൽ ട്രാക്ടറുകൾക്കുപകരം ഭാരം വലിക്കുന്ന കരുത്തുള്ള കുതിരകളെ ഒന്നിച്ചുപൂട്ടി ഉപയോഗിക്കുന്ന സ്ഥലങ്ങളുണ്ട്.
കുതിരകളെക്കൊണ്ടു പണിയെടുപ്പിക്കുന്ന കൃഷിയിടങ്ങൾ കുറവാണെന്നു സമ്മതിക്കുന്നു. എങ്കിലും, കുതിരകളെ ഉപയോഗിക്കുന്നതിനെക്കുറിച്ചു പറയുന്നതുകൊണ്ടു പ്രയോജനമുണ്ട്.
കൃഷിയിലെ ഉപയോഗം
ആദ്യകാലം മുതലേ ഭാരം വലിക്കുന്ന മൃഗങ്ങളായി കുതിരകളെ ഉപയോഗിച്ചുപോന്നിട്ടുണ്ട്. സുമേറിയന്മാർ, ഹിത്യർ, ഈജിപ്തുകാർ, ചൈനക്കാർ എന്നിവരുടെയൊക്കെ ചരിത്രത്തിൽ അവയെക്കുറിച്ചു പരാമർശമുണ്ട്. എങ്കിലും, നൂറ്റാണ്ടുകളായിട്ട് കൃഷിപ്പണിക്കായി അവയെ പരിമിതമായാണ് ഉപയോഗിച്ചിരുന്നത്. ഇതിന്റെ കാരണം കാളകളെ പരിപാലിക്കാൻ ചെലവു കുറവായിരുന്നുവെന്ന ധാരണയായിരുന്നു. മാത്രമല്ല, പണിയെടുക്കാൻ കഴിയാതെവരുമ്പോൾ അവ ഭക്ഷണമായി ഉതകുകയും ചെയ്തിരുന്നു. എന്നിരുന്നാലും, കാളകൾക്കു കുതിരകളെക്കാൾ വേഗം കുറവാണ്.
19-ാം നൂറ്റാണ്ടായതോടെ, പല പാശ്ചാത്യനാടുകളിലും ഉഴവുവേല കുതിര ഏറ്റെടുത്തുകഴിഞ്ഞിരുന്നു. ഇതിന്റെ കാരണം, ഭാഗികമായി, “സാവധാനം നീങ്ങുന്ന കാളകളെക്കാൾ ചടുലതയുള്ള, സമാനമായി പ്രവർത്തിക്കുന്ന കുതിരയ്ക്കു നന്നായി ഇണങ്ങുന്ന കൂടുതൽ സങ്കീർണമായ കൃഷിയന്ത്രങ്ങൾ കണ്ടുപിടിക്കപ്പെട്ടു”വെന്നതാണ്, ഒരു പ്രസിദ്ധീകരണം പറയുന്നു.
പിൽക്കാലത്ത്, സ്കോട്ട്ലൻഡിലെ ക്ലൈഡ്സ്ഡേൽ, ഇംഗ്ലണ്ടിലെ സഫോക്ക് പഞ്ചും ഷൈയറും, ഫ്രാൻസിൽ പ്രമുഖമായുള്ള പെർച്ചെറോണും പോലുള്ള വർഗങ്ങൾ കാർഷികാവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ടിരുന്നു. വേഗക്കുറവുള്ളതെങ്കിലും നല്ല കായികശക്തിയുള്ള ഈ കുതിരകളെ ചെറുകുതിരകളുമായി ഇണചേർത്ത് അൽപ്പം ശക്തി കുറവുള്ളതെങ്കിലും വേഗക്കൂടുതലുള്ള കുതിരകളെ ഉത്പാദിപ്പിച്ചു. പ്രത്യേകമായി ഉത്പാദിപ്പിച്ചെടുത്ത അത്തരം മൃഗങ്ങളെ ഭാരവണ്ടിക്കുതിരകൾ എന്നു വിളിക്കാനിടയായി, നല്ല ഭാരം വലിക്കാനുള്ള അതിന്റെ പ്രാപ്തിയെയാണ് അതു പരാമർശിക്കുന്നത്.
ട്രാക്ടറിനോടുള്ള താരതമ്യത്തിൽ കുതിര
തീർച്ചയായും, ഒരു ആധുനിക ട്രാക്ടറിന്റെ വലിവുശക്തിക്കു തുല്യമായ ശക്തിയുള്ള ഒരു കുതിരയെയും പ്രജനനം ചെയ്തെടുത്തിട്ടില്ല. എന്നാൽ കുതിരകൾക്ക് എത്രമാത്രം ശക്തിയുണ്ടെന്നു നിങ്ങൾ അതിശയിച്ചിട്ടുണ്ടായിരിക്കാം! 1890-ൽ രണ്ടു ക്ലൈഡ്സ്ഡേൽ ഭാരവണ്ടിക്കുതിരകൾ നിറയെ ഭാരം കയറ്റിയ ഒരു വണ്ടിയുടെ ചക്രങ്ങൾ പൂട്ടിയിട്ടിരുന്നിട്ടും അതു വലിച്ചുകൊണ്ടുപോയി! 1924-ൽ ഒരു ജോടി ഇംഗ്ലീഷ് ഷൈയർ കുതിരകൾ 50 ടൺ ഭാരം വലിച്ചുകൊണ്ടു സമാനമായ ഒരു ഗംഭീര കൃത്യം നിർവഹിക്കുകയുണ്ടായി!
ഭാരവണ്ടിക്കുതിരകൾ ബുദ്ധിയുള്ളവയാണെന്നു മാത്രമല്ല, വിവേകം കാണിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ചാലു കീറാനുള്ള ഒരു നല്ല കുതിരയുണ്ടെങ്കിൽ വയൽ ഉഴുന്ന കുതിരകൾക്കു മാർഗനിർദേശം ആവശ്യമില്ല. ചാലു കീറുന്ന കുതിര സംഘത്തെ നയിച്ചുകൊള്ളും, മുഴുദിവസവും ചാലിൽകൂടി പൊയ്ക്കൊണ്ട്. ട്രാക്ടർ ഉപയോഗിച്ചു പണിയെടുക്കുന്ന ആളുകൾ തിരിഞ്ഞുനോക്കാൻ പ്രവണത കാണിക്കുന്നതുപോലെ കുതിരകൾക്കു തിരിഞ്ഞുനോക്കാൻ സാധിക്കുകയില്ല. കാരണം, അവ കൺമൂടികൾ ധരിച്ചിട്ടുണ്ട്. അതുകൊണ്ട്, കുതിരസംഘങ്ങൾക്ക് അസാധാരണമാംവിധം ഋജുരേഖയിൽ ഉഴാൻ കഴിയുമെന്നു കരുതപ്പെടുന്നു.
മാത്രമല്ല, വിളവെടുപ്പു സമയത്തു ട്രാക്ടറിനെക്കാൾ ബഹുമുഖ ഉപയോഗമുണ്ട് കുതിരകൾക്ക്. കൃത്യം 90 ഡിഗ്രി അക്ഷത്തിൽ—ആവശ്യമായിവരുമ്പോൾ 180 ഡിഗ്രി അക്ഷത്തിലും—തിരിയാൻ അവയ്ക്കു പ്രാപ്തി ഉള്ളതിനാൽ കാർഷികജോലികളിൽ വയലിന്റെ ഒരു ഭാഗവും ഒഴിവാക്കേണ്ടിവരുന്നില്ല.
കുതിരസംഘങ്ങൾ പ്രവർത്തനത്തിൽ
ഒരു സംഘം കുതിരകൾ അവയെ നയിക്കുന്ന ആളുടെ ആജ്ഞകളോടു പ്രതികരിക്കുന്നതു കാണുന്നതു മതിപ്പുളവാക്കുന്ന ഒരു ദൃശ്യമാണ്. നയിക്കുന്ന ആളെ അനുസരിച്ച് കൃത്യമായ ഭാഷയ്ക്കും പ്രയോഗങ്ങൾക്കും വ്യത്യാസം വരുന്നുവെങ്കിലും, പ്രത്യേക ചേഷ്ടകൾകൊണ്ടുള്ള പ്രത്യേക കൽപ്പനകളോടു പ്രതികരിക്കാൻ ഒരു കുതിരസംഘം പരിശീലിപ്പിക്കപ്പെടുന്നു. കുതിരകൾ അവയെ നയിക്കുന്ന ആളുടെ വാക്കുകളും സ്വരവുമായി പരിചയത്തിലാകുന്നു. അയാളുടെ പ്രോത്സാഹജനകമായ വാക്കുകളോടൊപ്പം സഹജമായ ഒരു ചൂളമടി കുതിരകൾക്കു തുടങ്ങുന്നതിനുള്ള ഒരു അടയാളമായിരിക്കാം.
ഓസ്ട്രേലിയയിൽ ഒരു കുതിരസംഘത്തിന്റെ (നയിക്കുന്ന ആളുടെ വീക്ഷണത്തെ അപേക്ഷിച്ച്) വലത്തുള്ള കുതിര ഓഫ്സൈഡ് കുതിര എന്നും ഇടത്തുള്ള കുതിര നിയർസൈഡ് കുതിര എന്നും അറിയപ്പെടുന്നു. പണ്ടുള്ളവർ തങ്ങളുടെ കുതിരസംഘങ്ങളെക്കൊണ്ടു പണിയെടുപ്പിച്ചിരുന്ന രീതിയിൽനിന്നായിരിക്കണം ഈ പേര് ഒരുപക്ഷേ ഉടലെടുത്തത്. അവർ സാധാരണമായി കുതിരകളുടെ ഇടതുവശത്തായി നടന്നിരുന്നു.
നയിക്കുന്ന ആളുടെ ആഹ്വാനമനുസരിച്ച് പത്തു കുതിരകളുടെ ഒരു നിര 90 ഡിഗ്രി അക്ഷത്തിൽ തിരിയുന്നതു നിരീക്ഷിക്കുക എത്ര പുളകപ്രദമാണ്! ഇടത്തേക്കു തിരിയുന്നതിനു നിയർസൈഡ് കുതിരകൾ കാലടികൾ അൽപ്പം പുറകോട്ടു മാറ്റേണ്ടതുണ്ട്. എന്നാൽ മറ്റുള്ളവ അവനു ചുറ്റും ചെറിയൊരു വൃത്താംശത്തിൽ മാർച്ചു ചെയ്യുന്നു. ഇനി, വലത്തോട്ടാണു തിരിയേണ്ടതെങ്കിൽ ഓഫ്സൈഡ് കുതിര അൽപ്പം പുറകോട്ട് കാലടികൾ വെക്കേണ്ടതുണ്ട്. ചൂടു കൂടുതലുള്ള കാലാവസ്ഥകളിൽ ആ സംഘം പൊടിപടലത്തിനുള്ളിലേക്ക് അപ്രത്യക്ഷമാകുന്നതും തിരിവു പൂർത്തിയായശേഷം കുതിരകൾ ഒന്നിച്ചു ചേർന്നു മതിലുപോലെയായി വീണ്ടും പ്രത്യക്ഷപ്പെടുന്നതും കാണേണ്ട കാഴ്ചതന്നെയാണ്!
ഓരോ കുതിരയ്ക്കും ഓരോ പേരുണ്ട്, കുതിരസംഘത്തെ നയിക്കുന്ന ആൾ ഉപയോഗിക്കുന്ന സ്വരമനുസരിച്ച് അതു പ്രതികരിക്കുകയും ചെയ്യുന്നു. ഒരു കുതിരയ്ക്ക് അൽപ്പം വേഗത കുറഞ്ഞാൽ, കടുപ്പത്തിലുള്ള, ശാസനാരൂപത്തിലുള്ള സ്വരമായിരിക്കും സാധാരണമായി ആവശ്യമായിരിക്കുന്നത്. അത്തരം ഒരു സ്വരത്തോടൊപ്പം ഒരു വടിയോ ചാട്ടയോ കൊണ്ടുള്ള ചെറിയൊരു അടിയുമുണ്ടായിരിക്കുമെന്ന് മിക്കപ്പോഴും പരിശീലനത്തിന്റെ ആരംഭത്തിൽ കുതിരകൾ പഠിക്കേണ്ടിവരുന്നു. എങ്കിലും, ആ പാഠം പഠിച്ചുകഴിഞ്ഞാൽപ്പിന്നെ കടുത്ത ശിക്ഷണം ‘ആവശ്യമെങ്കിൽതന്നെ’ അപൂർവമായി മാത്രമേ അതു വേണ്ടിവരുകയുള്ളൂ.
ഒരു സാധാരണ പ്രവൃത്തിദിവസം
കുതിരകൾക്കു തീറ്റ കൊടുക്കാനായി ഒരു കൃഷീവലൻ രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റേക്കാം. കുതിരകൾ തീറ്റ തിന്നുമ്പോൾ അയാളും പ്രഭാതഭക്ഷണം കഴിക്കുന്നു. ദിവസവും ജോലി ആരംഭിക്കുന്നതിനു മുമ്പു ധാരാളം വെള്ളം കുടിക്കാൻ കുതിരകൾ പഠിക്കുന്നു. കാരണം, ഉച്ചഭക്ഷണത്തിനു മുമ്പ് അവയ്ക്കു കുടിക്കാൻ യാതൊന്നും കിട്ടുകയില്ല. കുതിരക്കോപ്പ് അണിയിക്കുന്നതിനു മുമ്പായി ഓരോ കുതിരയെയും ബ്രഷുകൊണ്ടു താഴേക്കു തുടയ്ക്കുന്നു. തൊലിയിൽ അസ്വസ്ഥത ഉണ്ടാകുന്നത് അതു തടയുന്നു. മാത്രമല്ല, സുഖകരമായ ഒരു അനുഭൂതി കൂടിയാണത്. സാധാരണമായി കുതിരകൾ കൃഷിക്കാരനു ചുറ്റും കൂടിനിന്നു തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നു. അതിനുശേഷം, അവയെ കുതിരക്കോപ്പ് അണിയിച്ചു നുകത്തിൽ ബന്ധിക്കുന്നു. ഇതിനെല്ലാം കൂടി ഒരു മണിക്കൂറോ അതിൽ കൂടുതലോ വേണ്ടിവരും, എങ്കിലും അതു കുതിരകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു. കൂടാതെ, കുതിരകളുടെ മധ്യാഹ്ന ഭക്ഷണത്തിനായി മൂക്കുസഞ്ചിയും തയ്യാറാക്കുന്നു. എന്തൊക്കെയാണെങ്കിലും, നയിക്കുന്ന ആൾക്കു മാത്രമല്ലല്ലോ ഉച്ചഭക്ഷണത്തിനുള്ള അർഹതയുള്ളത്!
പരാതിപ്പെടാതെ എട്ടോ പത്തോ മണിക്കൂറുകൾ ഒരു സംഘം കുതിരകൾ ജോലി ചെയ്യുന്നു. ചുമൽപ്പട്ടയും മറ്റ് ഉപകരണങ്ങളും കുതിരകൾക്കു നന്നായി ഇണങ്ങുന്നുവെങ്കിൽ, ചുമൽ പൊട്ടുകയോ നീരുവെക്കുകയോ ചെയ്യുകയില്ല. പ്രദോഷമാകുന്നതോടെ, വീട്ടിലേക്കു പോകാൻ മനുഷ്യനും മൃഗവും വളരെ സന്തോഷം കാണിക്കുന്നു. അവിടെ അവ ശാന്തമായി ഭക്ഷണം ആസ്വദിച്ചു ധാരാളം വെള്ളം കുടിക്കുന്നു, പിന്നെ വിശ്രമിക്കുകയായി.
തങ്ങളുടെ കൃഷിസ്ഥലത്ത് ഇപ്പോഴും കുതിരകളെക്കൊണ്ടു പണിയെടുപ്പിക്കുന്നവർ, ദിവസം മുഴുവൻ യന്ത്രത്തിന്റെ കഠോരശബ്ദം കേൾക്കുന്നതിലും വളരെ ആസ്വാദ്യമാണ് ഇതെന്നു തീർച്ചയായും പറയും. ആ പ്രശാന്തത താൻ കൃഷിഭൂമിയുടെതന്നെ ഭാഗമാണെന്ന തോന്നൽ കർഷകനിലുളവാക്കുന്നു. തനിക്കു ചുറ്റുമുള്ള സൃഷ്ടിയെ അടുത്തു നിരീക്ഷിക്കാൻ അവൻ പ്രാപ്തനായിത്തീരുന്നു—പുതുതായി ഉഴുതുമറിച്ചിട്ട മണ്ണു ചികയുന്ന കിളികളുടെ ആരവം; ചതുപ്പുചെടികളുടെ ഗന്ധം; തണുത്ത പ്രഭാതത്തിൽ തണുത്തുറഞ്ഞു കിടക്കുന്ന മണ്ണിൽ കലപ്പ കീറലുകളുണ്ടാക്കുമ്പോൾ തുഷാരത്തിന്റെ പൊട്ടിപ്പിളരൽ—ഒരു ട്രാക്ടറിന്റെ കഠോരശബ്ദത്തിൽ കൃഷിക്കാരൻ ശ്രദ്ധിക്കാതെപോകുന്ന കൊച്ചുകൊച്ചു കാര്യങ്ങളാണിവ.
ട്രാക്ടറുകൾക്കു ദിവസം 24 മണിക്കൂർ പ്രവർത്തിക്കാൻ കഴിയുമെന്നതു സത്യംതന്നെ. ആ നേട്ടം കൈവരിക്കാൻ കുതിരകൾക്കാവില്ല. ട്രാക്ടറുകൾക്കു കൂടുതൽ സ്ഥലം ഉഴാൻ കഴിയുമെന്നും അവയ്ക്കു കുറഞ്ഞ സംരക്ഷണ ചെലവേ വേണ്ടൂ എന്നതും സത്യമാണ്. എന്നാൽ മനോഹരമായ ഒരു കൊച്ചു സന്താനത്തെ ഒരു ട്രാക്ടറും ഒരിക്കലും ഉളവാക്കിയിട്ടില്ല, കുതിരകളോടൊപ്പം ജോലി ചെയ്യുന്നത് അനുപമമാക്കിത്തീർക്കുന്ന സുഖാനുഭൂതികളിൽ ഒന്നാണത്. കുതിരകളെ നയിക്കുന്ന വ്യക്തിക്ക് ജോലിചെയ്യവേ അവയുമായുള്ള “സംഭാഷണം” ആസ്വദിക്കാൻ കഴിയും. ഓരോ വാക്കും പിടിച്ചെടുക്കാൻ കാതു കൂർപ്പിച്ചിരിക്കുന്ന അവ തങ്ങളുടെ അനുസരണത്താൽ ഉത്തരം നൽകുന്നു.
കൃഷി ചെയ്യുന്നതു കഠിനവേലയാണ്, ചിലപ്പോൾ മുഷിപ്പിക്കുന്ന ഒരു ജോലിയും. എന്നാൽ, ഇന്നും തങ്ങളുടെ വയലുകൾ പഴയ രീതിയിൽ, കുതിരകളെ ഉപയോഗിച്ച്, ഉഴുന്നവരെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ സൃഷ്ടിയായ കരുത്തുറ്റ, കഠിനാധ്വാനികളായ ഈ മൃഗങ്ങളോടൊത്തു പണിയെടുക്കുന്നതിൽനിന്നു ധാരാളം സന്തോഷം ലഭിക്കുന്നു.
[26-ാം പേജിലെ ചിത്രം]
കുതിരകൾക്കു ട്രാക്ടറിനെക്കാൾ ബഹുമുഖ ഉപയോഗമുണ്ടായിരിക്കാവുന്നതാണ്