പെൺ മുഷ്കരസംഘങ്ങൾ—ഭീതിജനകമായ ഒരു പ്രവണത
“നിർദയരും പൊട്ടിത്തെറിക്കുന്നവരും മൃഗീയരും,” കാനഡയിലെ ഹൈസ്കൂളുകളിൽ വേരുകൾ ഉറപ്പിച്ചിരിക്കുന്ന പെൺകുട്ടികളുടെ സംഘങ്ങളെ വർണിക്കാൻ ഗ്ലോബ് ആൻഡ് മെയിൽ ഉപയോഗിച്ച വാക്കുകളാണിവ. ആൺ സംഘങ്ങളുടെ ഭാഗമായിരിക്കുന്നതു മടുത്തുകഴിഞ്ഞ പെൺകുട്ടികൾ തങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി സ്വരമുയർത്തുന്നതു വർധിച്ചുവരുന്നു. യുവമുഷ്കരസംഘങ്ങൾക്കായുള്ള ഒരു ടൊറൊന്റോ പൊലീസ് കുറ്റാന്വേഷകൻ, പെൺകുട്ടികൾ “അക്രമാസക്തമായ രീതിയിലാണു പ്രതിഷേധിക്കുന്നത്” എന്നു പറഞ്ഞു. അവർക്ക്, “ആയുധങ്ങളും ‘സർവ’ ശക്തിയും പ്രയോഗിക്കാ”നുള്ള ഒരു ആഗ്രഹമുണ്ടെന്നും “തങ്ങളുടെ പുരുഷ പകർപ്പുകളെ അപേക്ഷിച്ച് അവർ മിക്കപ്പോഴും കൂടുതൽ നിർദയരും അക്രമവാസനയുള്ളവരു”മാണെന്നും ഡോ. ഫ്രെഡ് മാത്യൂസ് ഗ്ലോബിൽ പറഞ്ഞു. കാരണം? ഒരു പൊലീസ് കോൺസ്റ്റബിൾ പറയുന്നതനുസരിച്ച്, തങ്ങൾ “പിടിക്കപ്പെട്ടാലും കുറച്ചുകാലത്തേക്കുള്ള ജയിൽശിക്ഷയേ ലഭിക്കുകയുള്ളൂ” എന്ന അറിവ് അധർമികളായ യുവജനങ്ങൾക്കിടയിൽ പ്രചരിച്ചിരിക്കുന്നു. “11 വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടികൾ ചെറിയ കുറ്റകൃത്യങ്ങളിലും ഹൈസ്കൂളുകളിലുള്ള മയക്കുമരുന്ന്, ആയുധ, കച്ചവടങ്ങളിലും ഏർപ്പെടുന്ന”തായി ഒരു പൊലീസ് വക്താവ് ഗ്ലോബിനോടു പറഞ്ഞു.
ഒരു മനശ്ശാസ്ത്രജ്ഞനും ഇത്തരം അക്രമങ്ങളെക്കുറിച്ച് ആധികാരികമായി പറയാൻ കഴിവുള്ളയാളുമായ ഡോ. മാത്യൂസ് പത്തു വർഷത്തിലേറെ പെൺ സംഘങ്ങളിലെ അംഗങ്ങളുമായി അഭിമുഖം നടത്തി. “മോശമായതും ക്രമംകെട്ടതുമായ കുടുംബങ്ങൾ കാരണമാണ് അവർ വിദ്വേഷികളും മത്സരികളുമായതെന്ന്” കണ്ടെത്തി. ഇത്തരം യുവതികളെ സംഘങ്ങളിലേക്ക് ആകർഷിക്കുന്നത് എന്താണ്? “ഒരു സമുദായത്തിൽ ഉൾപ്പെട്ടിരിക്കുന്നതിന്റെ സുരക്ഷിതത്വബോധം” സംഘങ്ങൾ നൽകുന്നതായി ഒരു മുൻ അംഗം പറയുന്നു. എങ്കിലും വർത്തമാനപത്രം നടത്തിയ ഒരു അഭിമുഖത്തിൽ, സംഘത്തിൽനിന്നു രക്ഷപ്പെടാൻ രണ്ടു പ്രാവശ്യം ആത്മഹത്യയ്ക്കു ശ്രമിച്ചതായി അവൾ സമ്മതിച്ചു. കൂടാതെ അവൾ ഇങ്ങനെയും കൂട്ടിച്ചേർത്തു: “നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ യാദൃച്ഛിക മരണങ്ങൾ, ആത്മഹത്യകൾ എന്നൊക്കെ വിളിക്കപ്പെടുന്നവ സംഘങ്ങൾ നടത്തുന്ന ഹത്യകളല്ലാതെ മറ്റൊന്നുമല്ല. ഒരു സംഘത്തിലായിരിക്കുമ്പോൾ മറ്റു സംഘങ്ങളുടെ ആക്രമണങ്ങളിൽനിന്നു നിങ്ങൾ പരസ്പരം സംരക്ഷിക്കുന്നു. ആക്രമണം സംഘാംഗങ്ങളിൽനിന്നാകുമ്പോൾ അതു സാധിക്കുകയില്ലെന്നതാണു പ്രശ്നം.”
ഉത്കണ്ഠാകുലയായ ഒരു ഹൈസ്കൂൾ അധ്യാപിക പറഞ്ഞു: “ഞങ്ങൾ കൈകാര്യം ചെയ്യുന്ന അക്രമകാരികളായ പെൺകുട്ടികളുടെ കാര്യമൊന്നും മുൻകൂട്ടിപ്പറയുക സാധ്യമല്ല. അവർക്കു ദേഷ്യം വന്നാൽ എങ്ങനെ തിരിച്ചടിക്കുമെന്നു നിങ്ങൾക്ക് അറിയാൻ കഴിയില്ല. നിങ്ങൾ ഒരു അധ്യാപകനാണെങ്കിൽ അതു തീർത്തും ഭയാനകംതന്നെ.” യുവജനങ്ങൾ ഉൾപ്പെടെ ആളുകൾ “അജിതേന്ദ്രിയന്മാരും ഉഗ്രന്മാരു”മായിരിക്കുമെന്നതുകൊണ്ട്, കാലം ‘ഇടപെടാൻ പ്രയാസമുള്ള’തായിരിക്കുമെന്ന് ‘അന്ത്യനാളുക’ളെക്കുറിച്ചു ബൈബിൾ മുൻകൂട്ടിപ്പറയുകയുണ്ടായി.—2 തിമൊഥെയൊസ് 3:1-5.