അത്യാഗ്രഹംപൂണ്ട ഒരു ലോകത്തിലെ അതിജീവനം
“എനിക്കെങ്ങനെ അതിജീവിക്കാനാവും?” ഹിമാലയ സാനുക്കളിൽ പ്രതീക്ഷയ്ക്കു വകയില്ലാതെ വഴിതെറ്റി നടക്കുമ്പോൾ ജെയിംസ് സ്കോട്ട് ഈ ചോദ്യത്തെ അഭിമുഖീകരിക്കുകയുണ്ടായി. തണുത്തു മരവിച്ച് അല്ലെങ്കിൽ പട്ടിണികിടന്ന് മരിക്കുമെന്ന നിലയിലായിരുന്നു അദ്ദേഹം. കരാട്ടേ മത്സരങ്ങളിൽ ആളുകൾ “ക്രമേണ തറപറ്റുന്നതും ഓരോ പ്രഹരവും അവരുടെ ആവേശത്തെ ചോർത്തിക്കളയുന്നതും ഒടുവിൽ . . . ചെറുത്തുനിൽപ്പിന്റെ അവസാന കണികയും വറ്റിത്തീരുന്നതും” കണ്ടിട്ടുള്ളതായി അദ്ദേഹം അനുസ്മരിച്ചു. അദ്ദേഹം പറഞ്ഞു: “എന്റെ ശയനസഞ്ചിയുടെ സിപ്പ് ഇട്ട് തളർന്നവശനായി അൽപ്പം മഞ്ഞു വാരിത്തിന്നപ്പോൾ എനിക്ക് അനുഭവപ്പെട്ടത് അങ്ങനെയാണ്. എന്റെ മനസ്സ് തകർന്നിരുന്നു. ജീവിക്കാനുള്ള ആഗ്രഹമെല്ലാം എന്നെ വിട്ടുപോയി. മുമ്പൊരിക്കലും ഞാൻ ഇത്രയും പരാജിതനായിട്ടില്ല.”—ലോസ്റ്റ് ഇൻ ദ ഹിമാലയാസ്.
ഒരർഥത്തിൽ ഇന്നു പലരും അദ്ദേഹത്തെപ്പോലെയാണ്—അത്യാഗ്രഹം കൊടികുത്തി വാഴുന്ന ഒരു ലോകത്തിൽ അവർ കുരുങ്ങിപ്പോയിരിക്കുന്നു. ക്രമേണ തറപറ്റിക്കൊണ്ടിരിക്കുന്നതായും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നതായും നിങ്ങൾക്കു തോന്നുന്നുണ്ടായിരിക്കാം. അത്യാഗ്രഹത്തിന്റെ നേരിട്ടുള്ള ഫലങ്ങളിൽനിന്നും പൂർണമായി രക്ഷപ്പെടാൻ കഴിയുന്ന ആളുകൾ നന്നേ ചുരുങ്ങും. ലോകത്തിന്റെ ഏതു ഭാഗത്തു നിങ്ങൾ ജീവിക്കുന്നു എന്നതനുസരിച്ച് നേരിടുന്ന പ്രശ്നങ്ങൾ ഗണനാതീതമായി മാറിക്കൊണ്ടിരിക്കും—സമ്പന്ന രാഷ്ട്രങ്ങളിലെ ആളുകളെ ബാധിക്കുന്നതിൽനിന്നു വളരെ വ്യത്യസ്തമായിട്ടാണ് അത്യാഗ്രഹം വികസ്വര രാഷ്ട്രങ്ങളിലെ ആളുകളെ ബാധിക്കുന്നത്. എങ്കിലും, ബുദ്ധിമുട്ടുകൾ എന്തുതന്നെയായിക്കൊള്ളട്ടെ, രക്ഷ കൈവരുന്നതുവരെ ശാരീരികവും വൈകാരികവും ആത്മീയവുമായി ഒരുപരിധിവരെ എങ്ങനെ അതിജീവിക്കണമെന്നു നിങ്ങൾക്കു പഠിക്കാവുന്നതാണ്. എങ്ങനെ? അതിജീവന വിദഗ്ധരുടെ അടിസ്ഥാന ഉപദേശങ്ങൾ പിൻപറ്റിക്കൊണ്ട്.
അവരുടെ ഉപദേശങ്ങളിൽ രണ്ട് ആശയങ്ങൾ മുന്തിനിൽക്കുന്നു. പ്രയാസകരമായ സാഹചര്യത്തെ കൂടുതൽ വഷളാക്കാതിരിക്കുന്നതാണ് ഒന്നാമത്തേത്. “അനാവശ്യ അപകടങ്ങൾ ഒഴിവാക്കുന്നതിലും . . . ഒഴിവാക്കാനാവാത്ത അപകടങ്ങളിൽനിന്നുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കുന്നതിലുമായിരിക്കണം നിങ്ങളുടെ കഴിവ്,” ദി അർബൻ സർവൈവൽ ഹാൻഡ്ബുക്ക് പറയുന്നു. ഒരുപക്ഷേ ഏറ്റവും പ്രധാനമായത്—മനോഭാവത്തോടു ബന്ധപ്പെട്ടതാണ്. “അതിജീവനം, ശാരീരികമായ സഹനവും അറിവുംപോലെതന്നെയുള്ള ഒരു മാനസികഭാവമാണ്,” ദി എസ്എഎസ് സർവൈവൽ ഹാൻഡ്ബുക്ക് പറയുന്നു.
സാഹചര്യങ്ങളിൻകീഴിൽ നിങ്ങളാൽ കഴിയുന്നതു ചെയ്യുക
“ഐക്യനാടുകളിൽ ഓരോ 22 മിനിറ്റിലും ആരെങ്കിലും വധിക്കപ്പെടുന്നു, ഓരോ 47 സെക്കൻറിലും ആരെങ്കിലും കൊള്ളയടിക്കപ്പെടുന്നു, ഓരോ 28 സെക്കൻഡിലും ഗുരുതരമായി ആക്രമിക്കപ്പെടുന്നു,” ജീവനോടെയിരിക്കൽ—നിങ്ങളുടെ കുറ്റകൃത്യനിവാരണ വഴികാട്ടി (ഇംഗ്ലീഷ്) എന്ന പുസ്തകം റിപ്പോർട്ടു ചെയ്യുന്നു. അത്തരം അവസ്ഥകളിൽ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? കുറഞ്ഞപക്ഷം, അക്രമിയുടെ ലക്ഷ്യമായിത്തീരുന്നത് അല്ലെങ്കിൽ എളുപ്പത്തിൽ ഇരയായിത്തീരുന്നത് ഒഴിവാക്കാൻ നിങ്ങൾക്കു ശ്രമിക്കാവുന്നതാണ്. ജാഗ്രതയും വിവേകവുമുള്ളവനായിരിക്കുക. അപകടം കുറയ്ക്കുന്നതിന് നിങ്ങളാലാകുന്നതു ചെയ്യുക.a
എളുപ്പത്തിൽ കബളിപ്പിക്കപ്പെടാവുന്നവനായിരുന്നുകൊണ്ട് നിങ്ങളുടെ അവസ്ഥയെ വഷളാക്കരുത്. തങ്ങൾ തട്ടിപ്പിനിരയായിട്ടുണ്ടെന്ന്—എളുപ്പത്തിൽ കുടുക്കാവുന്ന ഇരകൾക്കായി വലവീശുന്ന തത്ത്വദീക്ഷയില്ലാത്ത ആളുകളാൽ വഞ്ചിക്കപ്പെട്ട് ആയിരക്കണക്കിനു ഡോളർ നഷ്ടമായിട്ടുണ്ടെന്ന്—18 ശതമാനം അമേരിക്കക്കാർ സമ്മതിച്ചതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. മിക്കപ്പോഴും തട്ടിപ്പിനിരയാകുന്നതു വൃദ്ധജനങ്ങളാണ്. 68 വയസ്സായ ഒരു വിധവയുടെ പക്കൽനിന്ന് 40,000 ഡോളറാണു മോഷ്ടിക്കപ്പെട്ടത്. അവരുടെ ഈ അനുഭവം പിൻവരുന്ന തലക്കെട്ടോടെ അച്ചടിക്കപ്പെട്ടു: “തല നരച്ചതെങ്കിൽ തട്ടിപ്പുകാർക്കു ചാകര [ഗ്രീൻബേക്സ് അല്ലെങ്കിൽ ഡോളർ എന്നർഥം].”
എങ്കിലും, നിങ്ങൾ ചൂഷണം ചെയ്യപ്പെടാൻ കാത്തുനിൽക്കുന്ന നിഷ്കളങ്കനും നിസ്സഹായനുമായ മറ്റൊരു ഇരയായിത്തീരേണ്ടതില്ല. ജീവനോടെയിരിക്കൽ ഇപ്രകാരമുള്ള മുന്നറിയിപ്പു നൽകുന്നു: “ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളെ സൂക്ഷിക്കുക.” 70 വയസ്സുള്ള ഒരു മുത്തശ്ശി ഈ ബുദ്ധ്യുപദേശം സ്വീകരിച്ചു. പ്രതിമാസം വെറും 10 ഡോളർവീതം നൽകിയാൽ ചികിത്സാ ചെലവിനുള്ള ഇൻഷ്വറൻസ് ലഭിക്കുമെന്ന വാഗ്ദാനം അവർക്കു ലഭിച്ചു. “മുത്തശ്ശി ആകെ ചെയ്യേണ്ടിയിരുന്നത് വിൽപ്പനക്കാരന് 2,500 ഡോളർ മുൻകൂറായി നൽകുക മാത്രമായിരുന്നു,” റിപ്പോർട്ടു പറയുന്നു. അവർ അതു ചെയ്തില്ല. ഇൻഷ്വറൻസ് കമ്പനിയിലേക്കു ഫോൺചെയ്തു ചോദിച്ചപ്പോൾ ആ മനുഷ്യൻ ഒരു തട്ടിപ്പുകാരനാണെന്ന് അവർക്കു വിവരം ലഭിച്ചു. “വിൽപ്പനക്കാരനു രണ്ടാം തവണയും കപ്പിലേക്കു ചായ ഒഴിച്ചുകൊടുക്കവെ പൊലീസ് എത്തി അയാളെ പിടിച്ചുകൊണ്ടുപോയി.”
സ്വയം രക്ഷിക്കാൻ നിങ്ങൾക്കു ചെയ്യാവുന്ന സംഗതി ബൈബിളിൽ നൽകിയിരിക്കുന്ന ബുദ്ധ്യുപദേശത്തിൽ അടങ്ങിയിരിക്കുന്നു. “അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.” (സദൃശവാക്യങ്ങൾ 14:15; 27:12) പഴഞ്ചനും പ്രായോഗികമല്ലാത്തതും ആണെന്നു പറഞ്ഞ് പലരും ബൈബിളിനെ തള്ളിക്കളയുന്നു. എന്നാൽ, അതിലെ പ്രായോഗിക ബുദ്ധ്യുപദേശം നിങ്ങളെ അതിജീവിക്കാൻ സഹായിക്കും. ജ്ഞാനിയായ ശലോമോൻ രാജാവ് ഇങ്ങനെ എഴുതി: “[ബൈബിളിൽ കണ്ടെത്തുന്നതുപോലെയുള്ള] ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം; ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു.”—സഭാപ്രസംഗി 7:12.
ഉണരുക!യുടെ പല വായനക്കാരും ഇതു സത്യമാണെന്നു കണ്ടിട്ടുണ്ട്. ഉദാഹരണത്തിന്, ബലാൽസംഗം ചെയ്യപ്പെടുമെന്നോ ആക്രമിക്കപ്പെടുമെന്നോ ഉള്ള ഭീഷണിയിലാകുമ്പോൾ, ആവർത്തനപുസ്തകം 22:23, 24-ൽ പ്രതിപാദിച്ചിരിക്കുന്നതിനു ചേർച്ചയിൽ, ഉറക്കെ നിലവിളിക്കുകവഴി ഒരു പരിധിവരെ ചിലർക്കു സംരക്ഷണം ലഭിച്ചിട്ടുണ്ട്. മറ്റുചിലരാകട്ടെ, ‘ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കാനുള്ള’ ബൈബിളിന്റെ ബുദ്ധ്യുപദേശം ചെവിക്കൊണ്ടിരിക്കുന്നു. (2 കൊരിന്ത്യർ 7:1) അങ്ങനെ, ജനങ്ങളുടെ ആരോഗ്യത്തെ ചൂഷണം ചെയ്തു സമ്പന്നരാകുന്ന, പുകയില, മയക്കുമരുന്ന് വിൽപ്പനക്കാരിൽനിന്നു അവർ തങ്ങളെതന്നെ സംരക്ഷിച്ചിരിക്കുന്നു. പല വായനക്കാരും, പണം പിടുങ്ങുന്ന ടിവി പ്രസംഗകരുടെയും അധികാരമോഹികളായ രാഷ്ട്രീയക്കാരുടെയും കെണികളെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. (7-ാം പേജിലുള്ള ചതുരം കാണുക.) ബൈബിൾ വായിക്കുക. എത്രമാത്രം പ്രായോഗികമായ ബുദ്ധ്യുപദേശമാണ് അതു നൽകുന്നതെന്നു കാണുമ്പോൾ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം.
അത്യാഗ്രഹം പിടികൂടുന്നത് ഒഴിവാക്കുക
തീർച്ചയായും, അത്യാഗ്രഹംകൊണ്ടു മറ്റൊരു അപകടമുണ്ട്—നിങ്ങൾതന്നെ ഒരു അത്യാഗ്രഹിയായിത്തീർന്നേക്കാം. മൃഗങ്ങളിൽനിന്നു നിങ്ങളെ വേർതിരിച്ചുകാണിക്കുന്ന വിശിഷ്ടമായ ധാർമിക ഗുണങ്ങൾ ഇത് ഇല്ലാതെയാക്കിയേക്കാം. ബിസിനസുകാർ അത്യാർത്തിയോടെ സകലതും വാരിക്കൂട്ടിയ ഒരു വാണിജ്യരംഗത്തെക്കുറിച്ചു വിവരിക്കുന്ന സന്ദർഭത്തിൽ ഒരു നിരീക്ഷകൻ ഇപ്രകാരം പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടു: “പന്നികൾ ശരിക്കും വെട്ടിവിഴുങ്ങുകയായിരുന്നു. അത്യാഗ്രഹത്തിന്റെ അളവ് . . . എല്ലാ പരിധികളെയും ലംഘിച്ചു.” ബിസിനസ് അവസരവാദികളെക്കാളുപരി അത് പന്നികൾക്ക് അപമാനമായിരുന്നു! വാസ്തവത്തിൽ യേശുക്രിസ്തു നൽകിയ നല്ല ബുദ്ധ്യുപദേശം അവർ അവഗണിച്ചതുപോലെ കാണപ്പെട്ടു: “സകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ.”—ലൂക്കൊസ് 12:15.
അത്യാഗ്രഹം നിങ്ങളെ പിടികൂടിയാൽ അതു നിങ്ങൾക്ക് എത്രമാത്രം ദോഷം ചെയ്യുമെന്ന് യേശുവിന് അറിയാമായിരുന്നതുകൊണ്ടാണ് അവൻ ആ ബുദ്ധ്യുപദേശം നൽകിയത്. ഭൗതിക വസ്തുക്കളോടുള്ള ആസക്തി—കൂടാതെ, അധികാരത്തോടോ ലൈംഗികതയോടോ ഉള്ള ആസക്തി—ആളുകളോടോ ആത്മീയ മൂല്യങ്ങളോടോ കരുതൽ കാണിക്കാനുള്ള നിങ്ങളുടെ സമയവും ചായ്വും കവർന്നെടുത്തുകൊണ്ട് നിങ്ങളുടെ ജീവിതത്തിൽ സർവസംഹാരിയായ ഒരു വികാരമായി മാറും. “പണം, മതത്തിന്റെ സവിശേഷതകൾ കൈക്കൊണ്ടിരിക്കുന്നു,” അന്തോണി സാംസൺ ദ മിഡാസ് ടച്ച് എന്ന തന്റെ പുസ്തകത്തിൽ പറയുന്നു. അതെങ്ങനെ? പണം ഒരു ദൈവമായി മാറുന്നു. അത്യാഗ്രഹത്തിന്റെയും ലാഭത്തിന്റെയും ബലിപീഠത്തിൽ മറ്റെല്ലാം ഹോമിക്കപ്പെടുന്നു. ലാഭം—ഈ അന്തസ്സത്തയാണു മർമപ്രധാനമായ സംഗതി. ലാഭം എത്രയധികമാണോ അത്രയും നന്ന്. എങ്കിലും, ഭൗതിക വസ്തുക്കൾക്കായി നിങ്ങൾ എത്രതന്നെ സമയം നീക്കിവെച്ചാലും ശരി, വാസ്തവത്തിൽ അവയ്ക്കുവേണ്ടിയുള്ള അത്യാഗ്രഹത്തെ ഒരിക്കലും പൂർണമായി തൃപ്തിപ്പെടുത്താൻ പറ്റുകയില്ല. സഭാപ്രസംഗി 5:10 ഇപ്രകാരം പറയുന്നു: “ദ്രവ്യപ്രിയന്നു ദ്രവ്യം കിട്ടീട്ടും ഐശ്വര്യപ്രിയന്നു ആദായം കിട്ടീട്ടും തൃപ്തിവരുന്നില്ല.” സമാനമായി, അധികാരം, സ്വത്തുക്കൾ അല്ലെങ്കിൽ ലൈംഗികത എന്നിവയോടു ‘പ്രിയമുള്ള’ ഒരുവന് അവ എത്രത്തോളം ലഭിച്ചാലും ഒരിക്കലും തൃപ്തി വരില്ല.
രക്ഷയ്ക്കായുള്ള പ്രത്യാശ ഒരിക്കലും കൈവിടരുത്
അതിജീവനത്തിനുള്ള ഒരു മുഖ്യ സംഗതി, പ്രതീക്ഷാനിർഭരവും ആശാവഹവുമായ ഒരു വീക്ഷണഗതി നിലനിർനിർത്തുക എന്നതാണ്. ചിലപ്പോൾ, നിങ്ങൾക്ക് അത്യാഗ്രഹികളുടെ സ്വാധീനത്തിൽനിന്നു രക്ഷപ്പെടാൻ ഒന്നും ചെയ്യാൻ സാധിക്കാതെ വരും. ഉദാഹരണത്തിന്, പട്ടിണിപ്പാവങ്ങൾക്കു തങ്ങളുടെ ദുരവസ്ഥയിൽനിന്നു രക്ഷപ്പെടാൻ മിക്കപ്പോഴും ഒന്നും ചെയ്യാൻ സാധിക്കുകയില്ല. എങ്കിലും പരാജയപ്പെടരുത്; കീഴടങ്ങരുത്. പ്രതികൂലമായ അല്ലെങ്കിൽ അപകടകരമായ സാഹചര്യത്തിനു വിധേയരാകുമ്പോൾ “പരാജയം സമ്മതിക്കാനും സ്വാനുതാപത്തിന്റെ നെരിപ്പോടിൽ എരിഞ്ഞമരാനും എളുപ്പമാണ്,” ദി എസ്എഎസ് സർവൈവൽ ഹാൻഡ്ബുക്ക് പറയുന്നു. നിഷേധാത്മക ചിന്തകൾക്കും വികാരങ്ങൾക്കും കീഴ്പെടരുത്. നിങ്ങളുടെ സഹനശക്തി എത്രയധികമാണെന്നു കാണുമ്പോൾ നിങ്ങൾ വിസ്മയം കൊണ്ടേക്കാം. “ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളിൽപ്പോലും അതിജീവിക്കാൻ സാധിക്കുമെന്നു സ്ത്രീപുരുഷന്മാർ കാണിച്ചിട്ടുണ്ട്,” അതേ ഹാൻഡ്ബുക്ക് പറയുന്നു. അവർ അത് ചെയ്തിരിക്കുന്നത് എങ്ങനെയാണ്? അവർ അതിജീവിച്ചതിനുള്ള “കാരണം, അപ്രകാരം ചെയ്യാനുള്ള അവരുടെ ദൃഢനിശ്ചയമാണ്,” അതു പറയുന്നു. അത്യാഗ്രഹംപൂണ്ട ഈ വ്യവസ്ഥിതിയോടു തോൽവി സമ്മതിക്കാതിരിക്കാൻ ദൃഢനിശ്ചയമെടുക്കുക.
നേരത്തേ പ്രതിപാദിച്ച ജെയിംസ് സ്കോട്ട്, തന്റെ ശവക്കുഴിയായിത്തീർന്നേക്കുമായിരുന്ന ഹിമാലയത്തിൽനിന്ന് ഒടുവിൽ രക്ഷിക്കപ്പെട്ടു. അതിജീവനത്തിനുള്ള പോരാട്ടം ചുരുങ്ങിയത് ഒരു സംഗതിയെങ്കിലും തന്നെ പഠിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എന്തായിരുന്നു അത്? “നേരിടാൻ കഴിയാത്തവിധം അത്ര കഠിനമായ ഒരു വെല്ലുവിളിയും ജീവിതത്തിൽ ഇല്ല,” അദ്ദേഹം പറഞ്ഞു. ജെയിംസ് സ്കോട്ടിനു രക്ഷപ്പെടാൻ കഴിഞ്ഞതിൽ വിസ്മയംപൂണ്ട, അനുഭവസമ്പന്നനായ ഒരു പർവതാരോഹകനായ ടിം മകാർട്നീയും ഒരു സംഗതി മനസ്സിലാക്കി. അദ്ദേഹം പറഞ്ഞു: “പ്രത്യാശയുടെ ഒരു കണികയെങ്കിലും ഉള്ളേടത്തോളം നിങ്ങൾ തോൽവി സമ്മതിക്കരുത്.” അതുകൊണ്ട്, കാര്യങ്ങൾ എത്രതന്നെ ആശയറ്റതുപോലെ കാണപ്പെട്ടാലും പ്രത്യാശ നഷ്ടപ്പെടുത്തിയാൽ നിങ്ങൾ കാര്യങ്ങൾ ഒന്നുകൂടെ വഷളാക്കുകയായിരിക്കും ചെയ്യുന്നത്. രക്ഷയ്ക്കായുള്ള പ്രത്യാശ ഒരിക്കലും കൈവിടരുത്.
എന്നാൽ, അത്യാഗ്രഹംപൂണ്ട ഒരു ലോകത്തുനിന്നു രക്ഷിക്കപ്പെടാനുള്ള വാസ്തവികമായ എന്തെങ്കിലും സാധ്യത, “പ്രത്യാശയുടെ ഒരു കണിക” ഉണ്ടോ? ഈ ഗ്രഹത്തെ നശിപ്പിക്കുകയും ശതകോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ കാർന്നുതിന്നുകൊണ്ടിരിക്കുകയുംചെയ്യുന്ന അത്യാഗ്രഹികളിൽനിന്നു നമുക്കെപ്പോഴെങ്കിലും മോചനം ലഭിക്കുമോ? വാസ്തവത്തിൽ, രക്ഷയ്ക്കുള്ള ഒരു ഉറപ്പായ പ്രത്യാശയുണ്ട്. പിൻവരുന്ന ലേഖനത്തിൽ ബൈബിളിന്റെ ഉത്തരം പരിചിന്തിക്കുക.
[അടിക്കുറിപ്പ്]
a 1991 മാർച്ച് 8 ലക്കം ഉണരുക!യുടെ 7-10 പേജുകളിലെ “അക്രമം—നിങ്ങൾക്ക് സ്വയം രക്ഷിക്കാൻ കഴിയും” എന്ന ലേഖനം കാണുക.
[7-ാം പേജിലെ ചതുരം]
ബൈബിളിന്റെ സമയോചിത ബുദ്ധ്യുപദേശം
സദൃശവാക്യങ്ങൾ 20:23 “രണ്ടുതരം തൂക്കം യഹോവെക്കു വെറുപ്പു; കള്ളത്തുലാസും കൊള്ളരുതു.”
യിരെമ്യാവു 5:26, 28 “എന്റെ ജനത്തിന്റെ ഇടയിൽ ദുഷ്ടന്മാരെ കാണുന്നു; അവർ വേടന്മാരെപ്പോലെ പതിയിരിക്കുന്നു; അവർ കുടുക്കുവെച്ചു മനുഷ്യരെ പിടിക്കുന്നു. അവർ പുഷ്ടിവെച്ചു മിന്നുന്നു; ദുഷ്കാര്യങ്ങളിൽ അവർ കവിഞ്ഞിരിക്കുന്നു; അവർ അനാഥന്മാർക്കു ഗുണം വരത്തക്കവണ്ണം അവരുടെ വ്യവഹാരം നടത്തുന്നില്ല; ദരിദ്രന്മാർക്കു ന്യായപാലനം ചെയ്യുന്നുമില്ല.”
എഫെസ്യർ 4:17-19 “ആകയാൽ ഞാൻ കർത്താവിൽ സാക്ഷീകരിച്ചു പറയുന്നതു എന്തെന്നാൽ: ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുതു. അവർ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യംനിമിത്തം തന്നേ, ദൈവത്തിന്റെ ജീവനിൽനിന്നു അകന്നു മനം തഴമ്പിച്ചുപോയവർ ആകയാൽ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിപ്പാൻ ദുഷ്കാമത്തിന്നു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു.”
കൊലൊസ്സ്യർ 3:5 “ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.”
2 തിമൊഥെയൊസ് 3:1-5 “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.”
2 പത്രൊസ് 2:3 “അവർ ദ്രവ്യാഗ്രഹത്താൽ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കു പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.”