അത്യാഗ്രഹമില്ലാത്ത ഒരു ലോകം
“മനുഷ്യ ചിന്താഗതിയിൽ ആഗോളമായ ഒരു വിപ്ലവം നടക്കാതെ മനുഷ്യവർഗത്തിന്റെ കാര്യങ്ങൾ മെച്ചപ്പെടാൻ പോകുന്നില്ല. നമ്മുടെ ലോകം കുതിച്ചുകൊണ്ടിരിക്കുന്നത് ഏതു വിനാശത്തിലേക്കാണോ . . . അത് ഒഴിവാക്കാനാവാത്തതായിരിക്കും.”—ചെക്ക് റിപ്പബ്ലിക്കിന്റെ പ്രസിഡൻറ് വാറ്റ്സ്ലഫ് ഹാഫെൽ.
നിലവിലുള്ള വ്യവസ്ഥിതിക്ക് അതിജീവിക്കാനാവില്ലെന്നു പലരും മനസ്സിലാക്കുന്നു. മനുഷ്യ ചിന്താഗതിയിലും പ്രവൃത്തികളിലുമുള്ള ഒരു ആഗോളമാറ്റമാണ് ഏകപരിഹാരമെന്നു വാറ്റ്സ്ലഫ് ഹാഫെലിനെപ്പോലെയുള്ള ചിലർ കരുതുന്നു. ഉദാഹരണത്തിന്, ഇന്നത്തെ ലോകസംഭവങ്ങൾ നിരീക്ഷിക്കുന്ന ഒരാൾ പറയുന്നത് ഇങ്ങനെയാണ്: “നിലവിലുള്ള പ്രവണതകൾക്കു മാറ്റംവരുത്താൻ തക്കവണ്ണം ലോകരാഷ്ട്രങ്ങൾ അസന്ദിഗ്ധമായി പ്രവർത്തിക്കാത്തിടത്തോളം . . . ഹതാശരായ കോടിക്കണക്കിനു പട്ടിണിപ്പാവങ്ങളെ സംബന്ധിച്ചിടത്തോളം ആഹാരത്തെയും ജീവിതാവശ്യങ്ങളെയും കുറിച്ചുള്ള വീക്ഷണഗതി ഒരിക്കലും മെച്ചപ്പെടാൻ പോകുന്നില്ല.”—ഭക്ഷണദാരിദ്ര്യം & അധികാരം.
എങ്കിലും, അതിജീവനത്തിനായുള്ള നമ്മുടെ പ്രത്യാശകൾ മനുഷ്യസ്വഭാവത്തിലെ ഏതെങ്കിലും അടിസ്ഥാന മാറ്റത്തിൽ അർപ്പിക്കുന്നതു വാസ്തവികമായിരിക്കുമോ? ഗവൺമെൻറുകൾ, “നിലവിലുള്ള പ്രവണതകൾക്കു മാറ്റംവരുത്താൻ തക്കവണ്ണം അസന്ദിഗ്ധമായി പ്രവർത്തി”ക്കുമെന്ന് നമുക്ക് ഉറച്ചു വിശ്വസിക്കാൻ സാധിക്കുമോ? ചിലർ അങ്ങനെ വിചാരിക്കുന്നു. ‘ദൈവം നമുക്ക് ഇച്ഛാസ്വാതന്ത്ര്യം നൽകിയിട്ടുണ്ട്, കാര്യങ്ങൾക്കു മാറ്റം വരുത്തേണ്ടത് നമ്മുടെ കടമയാണ്,’ അവർ പറയുന്നു. എന്നാൽ ചരിത്രത്തിലെ പരുക്കൻ യാഥാർഥ്യങ്ങൾ, ആവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള മനുഷ്യന്റെ അഭിലാഷങ്ങളെയും കഴിവുകളെയും സംബന്ധിച്ചു ഗൗരവാവഹമായ ചോദ്യങ്ങൾ ഉയർത്തുന്നു. ഈ വീക്ഷണം ശുഭപ്രതീക്ഷയറ്റതല്ല, പിന്നെയോ അതു യാഥാർഥ്യമാണ്. മുമ്പു ചികിത്സിച്ച രോഗികളെല്ലാം മരണമടഞ്ഞിട്ടുള്ള ഒരു ശസ്ത്രക്രിയാവിദഗ്ധന്റെ കൈയിൽ നിങ്ങൾ സ്വന്തം ജീവൻ അർപ്പിക്കുമോ?
ഒരു വിദ്യാഭ്യാസ പ്രശ്നമോ?
“പ്രശ്നം വിദ്യാഭ്യാസപരമായ ഒന്നാണ്,” മരണത്തിലേക്കുള്ള വികസനം—പുനർവിചിന്തന മൂന്നാംലോകവികസനം എന്ന തന്റെ പുസ്തകത്തിൽ ടെഡ് ട്രേനർ പറയുന്നു. അടിസ്ഥാനപരമായ മാറ്റം ആവശ്യമാണെന്നു കാണാൻ ആളുകൾ അഭ്യസിപ്പിക്കപ്പെടാത്തിടത്തോളം കാലം “വികസനപരമായ ഒരു ലോകക്രമത്തിലേക്കുള്ള മാറ്റം കൈവരിക്കാമെന്നു നമുക്ക് ആശിക്കാൻ കഴിയില്ല” എന്ന് അദ്ദേഹം പറയുന്നു. ലോകം അതിജീവിക്കണമെങ്കിൽ മനോഭാവങ്ങളിലും പ്രവൃത്തികളിലും മാറ്റം വരുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ അഭ്യസിപ്പിക്കേണ്ട ആവശ്യമുണ്ടെന്നുള്ളതിൽ തെല്ലും സംശയമില്ല. വാസ്തവത്തിൽ, അത് അനിവാര്യമാണ്. അത്തരത്തിലുള്ള ഒരു വിദ്യാഭ്യാസ പരിപാടിയെക്കുറിച്ച് ബൈബിളും പറയുന്നു. “ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരി”ക്കും എന്ന് അതു പറയുന്നു. അപ്പോൾ, ഭൂമിയിലെങ്ങും “ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.”—യെശയ്യാവു 11:9.
എന്നാൽ, എത്രതന്നെ വിദ്യാഭ്യാസത്തിനും—ദൈവത്തിന്റെ വിദ്യാഭ്യാസ പരിപാടിപോലും—ഭൂമിക്കു വളരെയധികം കേടുപാടുണ്ടാക്കുകയും വ്യാപകമായ നാശമുണ്ടാക്കുകയും ചെയ്യുന്നവരിൽനിന്നു ഭൂമിയെ പൂർണമായി വിമുക്തമാക്കാനാകില്ല. മാറ്റം വരുത്താൻ ആഗ്രഹിക്കുന്ന, ദൈവിക നിലവാരങ്ങളോടു പറ്റിനിൽക്കാൻ ആഗ്രഹിക്കുന്ന ആളുകളിൽ മാത്രമേ വിദ്യാഭ്യാസം മാറ്റങ്ങൾ സൃഷ്ടിക്കുകയുള്ളൂ. യേശുക്രിസ്തു പറയുന്നതനുസരിച്ച് അവർ ഒരു ന്യൂനപക്ഷമാണ്. (മത്തായി 7:13, 14) അതുകൊണ്ട്, പെട്ടെന്നൊരു ദിവസം മനുഷ്യവർഗമെല്ലാം പ്രശ്നത്തിന്റെ ഗൗരവത്തെക്കുറിച്ചു ബോധവാന്മാരായി തങ്ങളുടെ വഴികൾക്കു മാറ്റംവരുത്തുമെന്ന ഒരു സാങ്കൽപ്പിക പ്രത്യാശയിന്മേൽ ബൈബിൾ മാറ്റത്തെക്കുറിച്ചുള്ള അതിന്റെ വാഗ്ദാനം അടിസ്ഥാനപ്പെടുത്തുന്നില്ല. അത്യാഗ്രഹികളായ ആളുകളിൽനിന്നു ലോകത്തെ വിമുക്തമാക്കാൻ ദൈവം നേരിട്ടു നടപടിയെടുക്കുമെന്ന് അതു പറയുന്നു.
ദൈവിക ഇടപെടൽ
നേരിട്ടുള്ള ദൈവിക ഇടപെടലിനെക്കുറിച്ചുള്ള ഈ ആശയം ഒരു സ്വപ്നം അല്ലെങ്കിൽ മിഥ്യയായി പലരും കണക്കാക്കുന്നു. “പതിനെട്ടാം നൂറ്റാണ്ടിലെ ബൗദ്ധിക മുന്നേറ്റങ്ങൾ, ദൈവം ഇടപെട്ടു മനുഷ്യകാര്യാദികൾ നേരെയാക്കുമെന്ന ആശ്വാസപ്രദമായ ആശയം ത്യജിക്കാൻ നമ്മുടെമേൽ നിർബന്ധം ചെലുത്തി,” ലോകവിശപ്പ്: പന്ത്രണ്ട് കെട്ടുകഥകൾ പറയുന്നു. ‘മനുഷ്യകാര്യാദികൾ നേരെയാക്കാൻ പോകുന്ന ഒരു ദൈവ’ത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടവരുടെ ബുദ്ധിസാമർഥ്യത്തോടെയുള്ള വാദമുഖങ്ങളിലും തത്ത്വജ്ഞാനങ്ങളിലും നാം വിശ്വാസം അർപ്പിക്കണമോ? അവരുടെ പരിഹാരമാർഗങ്ങൾ ഒരു മരീചികയല്ലേ?
ദൈവത്തിന്റെ പക്കൽനിന്നുള്ള ഇടപെടലിലേക്കു വിരൽചൂണ്ടുന്ന ബൈബിളിലെ പിഴവുപറ്റാത്ത പ്രവചനങ്ങളിൽ വിശ്വാസമർപ്പിക്കുന്നതായിരിക്കും ഏറെ ബുദ്ധി. ദൈവത്തിന്റെ വാഗ്ദാനങ്ങൾ വിശ്വസിക്കുന്നത് “ആശ്വാസപ്രദമായ വെറും ആശയ”മല്ല—അതിജീവനത്തിനുള്ള വാസ്തവികമായ പ്രത്യാശ അതു മാത്രമാണ്!
‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കൽ’
കൃത്യമായി പറഞ്ഞാൽ, ദൈവം വാഗ്ദാനം ചെയ്യുന്നതെന്താണ്? പരിസ്ഥിതിയെ മലിനമാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നവരിൽനിന്നു ഭൂമിയെ വിമുക്തമാക്കുമെന്ന് അവൻ വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഒരു സംഗതി. ‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാൻ’ അവന് ഒരു ‘കാലം’ ഉണ്ടെന്ന് വെളിപ്പാടു 11:18 പ്രഖ്യാപിക്കുന്നു. അത് എന്ത് അർഥമാക്കും? ദരിദ്രരും ദുർബലരുമായവരെ ഇപ്പോൾ അടിച്ചമർത്തുന്ന ഏവരുടെയും അന്ത്യത്തെ അത് അർഥമാക്കുന്നു. ദൈവം ‘ജനത്തിൽ എളിയവർക്കു ന്യായം പാലിച്ചുകൊടുക്കും, ദരിദ്രജനത്തെ രക്ഷിക്കും, പീഡിപ്പിക്കുന്നവനെ തകർത്തുകളയും.’ അവൻ അത്യാഗ്രഹികളെ തുടച്ചുമാറ്റും. നിഷ്കളങ്കരായ ഇരകൾ ഐശ്വര്യം പ്രാപിക്കാൻ അവൻ ഇടയാക്കും. ‘അവൻ നിലവിളിക്കുന്ന ദരിദ്രനെ വിടുവിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽനിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും.’—സങ്കീർത്തനം 72:4, 12-14.
എന്തൊരു മാറ്റമായിരിക്കും അതു കൈവരുത്തുക! അപ്പോസ്തലനായ പത്രൊസ് പറയുന്നതനുസരിച്ച് ‘പുതിയ ആകാശവും പുതിയ ഭൂമിയും’ ഉണ്ടാകത്തക്കവിധം ഈ മാറ്റം അത്രയ്ക്കു വിപുലവ്യാപകമായിരിക്കും. (2 പത്രൊസ് 3:13) ഈ ‘പുതിയ ഭൂമിയിൽ’ എല്ലാവരും ഭൂവിളയുടെ മതിയായ പങ്ക് അനുഭവിക്കും. (മീഖാ 4:4) ഇപ്പോൾപോലും എല്ലാവർക്കുംവേണ്ട ആഹാരം ലഭ്യമാണ്. അസമമായ വിതരണമാണു പ്രശ്നം. “ഭൂഗോളത്തിലെ കൃഷിചെയ്യാൻ സാധിക്കുന്ന പ്രദേശത്ത്, 38-48 ശതകോടി ആളുകൾക്ക് ആവശ്യമായ വസ്തുക്കൾ ഉത്പാദിപ്പിക്കാൻ കഴിയുമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു,” ഭക്ഷണദാരിദ്ര്യം & അധികാരം എന്ന തന്റെ പുസ്തകത്തിൽ ആൻ ബുച്ചനാൻ പറയുന്നു.
ഈ ഗ്രഹം അതിജീവിക്കും. അതിന്റെ സ്രഷ്ടാവ് ‘വ്യർഥമായിട്ടല്ല അതിനെ സൃഷ്ടിച്ചത്. [എന്നാൽ] പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചത്.’ (യെശയ്യാവു 45:18) അത്യാഗ്രഹികളായ ആളുകൾക്കെതിരെയുള്ള ദൈവിക നടപടി, ഹ്രസ്വമായ കാലയളവിലുള്ള “വലിയ കഷ്ടം” ആയിരിക്കും. (മത്തായി 24:21) അതിനുശേഷം, ആ കഷ്ടത്തിന്റെ അതിജീവകർ, ഒട്ടും അത്യാഗ്രഹമില്ലാത്ത ആളുകളാൽ നിവസിതമായ ഒരു പറുദീസാഭൂമിയിൽ ജീവിതം ആസ്വദിക്കും. (സങ്കീർത്തനം 37:10, 11; 104:5) അത് ബൈബിൾ ഇപ്രകാരം വാഗ്ദാനം ചെയ്യുന്നതുപോലെയായിരിക്കും: ‘യഹോവയായ കർത്താവു സകലമുഖങ്ങളിൽനിന്നു കണ്ണുനീർ തുടെച്ചുകളയും.’—യെശയ്യാവു 25:8.
ഭൂമിയെ അത്യാഗ്രഹവിമുക്തമാക്കുന്ന ദൈവിക നടപടിയിൽനിന്നു പ്രയോജനം അനുഭവിക്കുന്ന സന്തുഷ്ടരായ ആളുകളിൽ ഒരാളായിരിക്കാൻ നിങ്ങൾക്കു കഴിയും. നിങ്ങൾക്കു യഥാർഥത്തിൽ ദൈവേഷ്ടം ചെയ്യണമെന്നുണ്ടെങ്കിൽ, അത്യാഗ്രഹംപൂണ്ട ഒരു ഭൂമിയിൽ ഇപ്പോൾ കഴിഞ്ഞുകൂടാൻ നിങ്ങളെ സഹായിക്കുന്നതിനു പ്രദാനം ചെയ്തിരിക്കുന്ന എല്ലാ സഹായവും പ്രയോജനപ്പെടുത്തുക. “വലിയ കഷ്ടത്തെ” അതിജീവിക്കുന്നതിനു നടപടിയെടുക്കുക. നിങ്ങൾ അറിയേണ്ട കാര്യങ്ങൾ പഠിക്കുന്നതിനു നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾ ഒരുക്കമാണ്. വൈമനസ്യം കൂടാതെ സ്ഥലത്തെ രാജ്യഹാളിൽ അവരുമായി സമ്പർക്കം പുലർത്തുകയോ 5-ാം പേജിൽ നൽകിയിരിക്കുന്ന ഏറ്റവും അടുത്ത വിലാസത്തിലേക്ക് എഴുതുകയോ ചെയ്യുക.