ലോകത്തെ വീക്ഷിക്കൽ
ശുഭപ്രതീക്ഷയുള്ളവരായിരിക്കുക—ആരോഗ്യമുള്ളവരായി നിലനിൽക്കുക!
“ഫലിതരസത്തിലൂടെ ആളുകൾ കൂടുതൽ സഹിഷ്ണുതയുള്ളവരായിത്തീരുകയും ഇച്ഛാഭംഗങ്ങളെ മെച്ചമായി തരണംചെയ്യുകയും ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു”വെന്ന് സാവൊ പൗലോ സർവകലാശാലാ പ്രൊഫസർ സ്യൂലി ഡാമെർജിയൻ പ്രസ്താവിക്കുന്നു. ബ്രസീലിയൻ പത്രമായ ഓ എസ്റ്റാഡോ ഡേ സൗൺ പൗലോ പറയുന്നതനുസരിച്ച്, നല്ല ഫലിതരസം വായനയും എഴുത്തും പോലെ പഠിച്ചെടുക്കാവുന്നതാണ്. പരുക്കൻ സ്വഭാവമുള്ള ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇതു വ്യക്തമായും ചിന്തയിൽ ഒരു മാറ്റം ആവശ്യമാക്കുന്നു. മനഃശാസ്ത്ര പ്രൊഫസറായ റാക്വൽ റോഡ്രിഗസ് കെർബ്യൂ ഇങ്ങനെ വിശദീകരിക്കുന്നു: “ലോകം നീതിനിഷ്ഠമായിരിക്കുമ്പോൾ മാത്രമേ തനിക്കു പുഞ്ചിരിക്കാൻ കഴിയൂ എന്ന് ഒരുവൻ ചിന്തിക്കുന്നെങ്കിൽ അയാൾ സദാ കോപപ്രകൃതമുള്ളവനായിരിക്കും. അനീതികൾ എല്ലായിടത്തുമുണ്ടല്ലോ.” തിരക്കുപിടിച്ച ഒരു പട്ടികയുള്ളപ്പോഴും നല്ല പ്രകൃതമുള്ള ആളുകൾ തങ്ങളുടെ സാമൂഹിക സമ്പർക്കങ്ങൾ ആസ്വദിക്കുന്നുവെന്ന് ആ റിപ്പോർട്ട് പ്രസ്താവിക്കുന്നു. “ഒരു സൗഹൃദ സംഭാഷണം, ഒരു മധുരപലഹാരം അല്ലെങ്കിൽ അൽപ്പനേരത്തേക്കുള്ള നല്ല സംഗീതം” തുടങ്ങിയ സാധാരണ സംഗതികളെ അവർ വിലമതിക്കുന്നു. എന്നാൽ “നല്ല ഫലിതരസത്തെ ബാലിശ്യം, അസഭ്യം എന്നിവയുമായി കൂട്ടിക്കുഴയ്ക്കരുതെന്ന്” ഡാമെർജിയൻ മുന്നറിയിപ്പു നൽകുന്നു.
പക്ഷികൾ പക്ഷിസ്നേഹികളിൽനിന്നുള്ള അപകടത്തിൽ?
പക്ഷികൾക്കു തിന്നാനായി തങ്ങളുടെ ഉദ്യാനത്തിൽ ആഹാരം ഇട്ടുകൊണ്ട് പക്ഷിസ്നേഹികൾ നന്മയെക്കാൾ അധികം തിന്മയായിരിക്കാം ചെയ്യുന്നതെന്ന് ലണ്ടനിലെ സൺഡേ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. സാൽമൊണെല്ല ബാക്ടീരിയ, പരാദങ്ങൾ, തിരിച്ചറിയപ്പെടാത്ത കൂടുതലായൊരു അതിസൂക്ഷ്മ ജീവി എന്നിവ നിമിത്തമുള്ള ഭക്ഷ്യ വിഷബാധ ബ്രിട്ടനിലെ വാത്സല്യപാത്രങ്ങളായ പതിനായിരക്കണക്കിന് ഉദ്യാന പക്ഷികളെ അടുത്തയിടെ കൊന്നൊടുക്കിയിരിക്കുന്നു. ഏതാനും വർഗങ്ങൾ ചിലപ്രദേശങ്ങളിൽനിന്നു തുടച്ചുനീക്കപ്പെട്ടേക്കുമെന്ന് ലണ്ടൻ മൃഗശാലയിലെ മുഖ്യ മൃഗഡോക്ടറായ ജെയിംസ് കെർക്ക്വുഡ് ഉത്കണ്ഠപ്പെടുന്നു. പെട്ടെന്നു പൂർവസ്ഥിതി പ്രാപിക്കുന്ന ബാക്ടീരിയയും പരാദങ്ങളും, തീറ്റകൊടുക്കുന്ന പാത്രങ്ങളിലെയോ നിലത്തെയോ പക്ഷിക്കാഷ്ഠത്തിൽ അനേക ദിവസം ജീവിക്കുന്നു. പൂപ്പൽ പിടിച്ച അണ്ടിപ്പരിപ്പുകൾ പ്രത്യേകിച്ചും അപകടകരമാണെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ക്രിസ് പാറെൻസ് മുന്നറിയിപ്പു നൽകുന്നു. “രോഗാണുബാധയുള്ള അണ്ടിപ്പരിപ്പുകൾ മനുഷ്യർക്കു വിൽക്കുന്നതു ഗവൺമെൻറ് നിരോധിക്കുന്നു, എന്നാൽ പക്ഷികളുടെ തീറ്റയിൽ അവ അനുവദിക്കുന്നു”വെന്ന് അദ്ദേഹം പറയുന്നു. എന്നിട്ട് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അവ ധാരാളം പക്ഷികളുടെ ജീവനൊടുക്കുന്നു.”
ചെള്ളുകൾക്കു സുഖപ്രദമായ ഭവനം
കടുത്ത ശീതകാലാവസ്ഥ ചെള്ളുസമൂഹത്തിന്റെ നാശത്തെ അർഥമാക്കിയിരുന്നു. കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നുവെന്നു ബ്രിട്ടനിലെ ന്യൂ സയൻറിസ്റ്റ് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. “കഴിഞ്ഞ ദശകത്തിൽ പൂച്ചച്ചെള്ളുകളുടെ ഒരു വർധനവ് ഉണ്ടായിരുന്നിട്ടുണ്ടെന്ന്” കേംബ്രിഡ്ജ് മെഡിക്കൽ എന്റമോളജി സെന്ററിലെ ജോൺ മോൺഡെർ പറയുന്നു. ഇപ്പോൾ ആധുനിക ഭവനങ്ങൾ, നായ്ക്കളിലും ജീവിക്കുന്ന ഈ ചെള്ളുകളുടെ ഒരു സുഖപ്രദമായ രക്ഷാസങ്കേതമായി വർത്തിക്കുന്നു. ഗതകാലത്ത്, ശീതകാലാവസ്ഥ ആപേക്ഷിക ഈർപ്പം കുറയുവാൻ ഇടയാക്കിയിരുന്നു—ചെള്ളിന്റെ ലാർവയ്ക്ക് ആപത്കരമായ ഒരവസ്ഥതന്നെ. “ഇപ്പോൾ ഒട്ടനവധി വീടുകളുടെയും വായൂസഞ്ചാര സംവിധാനങ്ങൾ തീർത്തും മെച്ചമല്ല. അതുകൊണ്ട് ആപേക്ഷിക ഈർപ്പം ഉയർന്ന നിലയിൽത്തന്നെ നിൽക്കുന്നു, ദീർഘമായ ശീതകാലാവസ്ഥപോലും ചെള്ളുകളെ നശിപ്പിക്കുന്നില്ല,” മോൺഡെർ കുറിക്കൊള്ളുന്നു.
സ്കൂൾ വഴക്കാളികളെ നേരിടുന്ന വിധം
സ്കൂളുകളിലെ വഴക്കിനെ സംബന്ധിച്ച് അടുത്തയിടെയുണ്ടായ പ്രചാരം നിമിത്തം ജപ്പാനിലെ വിദ്യാഭ്യാസ മന്ത്രാലയം 9,420 കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും ഉൾപ്പെടുത്തി ഒരു സർവേ നടത്തി. പീഡന വിധേയരായ, എലമെന്ററി സ്കൂളിൽനിന്നും ജൂനിയർ ഹൈസ്കൂളിൽനിന്നുമുള്ള വിദ്യാർഥികളുടെ മാതാപിതാക്കളിൽ 70 ശതമാനത്തോളം പ്രശ്നം സംബന്ധിച്ച് അജ്ഞരാണ് അല്ലെങ്കിൽ തങ്ങളുടെ കുട്ടികളുടെ പരാതികൾ ഗൗരവമായെടുത്തിട്ടില്ലെന്നു കണ്ടെത്തലുകൾ വെളിപ്പെടുത്തി. പകരംവീട്ടലിനെ ഭയപ്പെട്ട് ഒട്ടുമിക്കവരും തങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന് അധ്യാപകനോടു പറയുന്നില്ല. എന്നാൽ ആ പ്രശ്നത്തെ അധ്യാപകൻ ഗൗരവമായി കൈകാര്യം ചെയ്യുമ്പോൾ, പീഡനത്തിനിരയാകുന്ന 2 ശതമാനം പേർ മാത്രമേ പകരംവീട്ടൽ അനുഭവിക്കുന്നുള്ളുവെന്നും പീഡനവിധേയരായ 40 ശതമാനം വിദ്യാർഥികളോടുള്ള വഴക്കു നിലയ്ക്കുന്നുവെന്നും പ്രസ്തുത സർവേ പ്രകടമാക്കി. “പീഡനത്തിന് ഇരയാകുന്നവർ തങ്ങളുടെ അധ്യാപകരോടു റിപ്പോർട്ടു ചെയ്യുകയും അധ്യാപകർ ഉചിതമായി നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നെങ്കിൽ വഴക്കുണ്ടാക്കുന്നതിനെ തരണം ചെയ്യാനാവുമെന്ന് എന്നത്തേതിലുമധികം എനിക്കു ബോധ്യമായിരിക്കുന്നു”വെന്ന് ഓസാകാ സിറ്റി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ യോജി മൊറിറ്റാ പറഞ്ഞു.
കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങൾ
ഏറ്റവും കുറച്ചു ചെയ്യാൻ കുട്ടികൾ ആഗ്രഹിക്കുന്നതെന്താണ്? “ടിവി കണ്ടുകൊണ്ടു വീട്ടിലിരിക്കുന്നത്” അല്ലെങ്കിൽ “ഗൃഹപാഠം ചെയ്യാനായി മമ്മിയോടൊപ്പം വീട്ടിലായിരിക്കുന്നത്” എന്ന് ഇറ്റലിയിലെ മിലൻ സർവകലാശാലയിലെ പ്രൊഫസർ ഗുസ്റ്റാവോ പ്യാട്രോപോലി ഷാർമെറ്റ് 6 മുതൽ 11 വരെ വയസ്സുള്ളവരിൽ നടത്തിയ ഒരു പഠനത്തിലെ ഭൂരിഭാഗം കുട്ടികളും പറഞ്ഞു. “കൂടിക്കാഴ്ചാ നിയോഗങ്ങൾ ഉണ്ടായിരിക്കുന്നത്” അതായത് നൃത്തം, ഇംഗ്ലീഷ്, പിയാനോ തുടങ്ങിയവയുടെ പഠനത്തിനായി അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്നതാണ് അവർ ചെയ്യുന്ന ഏറ്റവും അനിഷ്ടകരമായ സംഗതിയെന്ന് വർത്തമാനപത്രമായ ലാ റിപ്പബ്ലിക്കാ പറയുന്നു. “തനിച്ചായിരിക്കുന്ന”തും അവർക്കു പൊതുവേ വെറുപ്പാണ്. നേരേമറിച്ച്, 49 ശതമാനം ആൺകുട്ടികൾ, “വീടിനുവെളിയിൽ പോയി കളിക്കാൻ” മാതാപിതാക്കൾ “കുട്ടികളെ അനുവദിക്കണ”മെന്ന് ആഗ്രഹിക്കുമ്പോൾ, “തങ്ങളുടെ കുട്ടികളുമായി കളികളിൽ ഏർപ്പെട്ടുകൊണ്ട്” മാതാപിതാക്കൾ “വിനോദിക്കണ”മെന്ന് പെൺകുട്ടികൾ ആഗ്രഹിക്കുന്നു. ഫലത്തിൽ അവർ ഇങ്ങനെ പറയുന്നു: ‘മമ്മി എന്നോടൊപ്പം കളിക്കുമ്പോൾ അവർ യഥാർഥത്തിൽ കളിക്കണം. അവർ വിനോദിക്കുന്നില്ലെങ്കിൽ ഞാനും വിനോദിക്കുന്നില്ലെന്നു നിങ്ങൾക്കു പറയാവുന്നതാണ്.’
കർദിനാൾ സാക്ഷികളുടെ പ്രവർത്തനം ശുപാർശചെയ്തു
എക്യൂമെനിക്കൽ, കാരിസ്മാറ്റിക് പ്രസ്ഥാനങ്ങളുടെ ഒരു അഭിവർധകനായ ബെൽജിയത്തിലെ കർദിനാൾ സ്യുനെൻസ് അടുത്തയിടെ 91-ാം വയസ്സിൽ മരിച്ചു. സ്യുനെൻസ് അനേകം കാര്യങ്ങൾ നിർവഹിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവിത സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടില്ലെന്നു ബെൽജിയം പത്രമായ ഹെറ്റ് ബിലാങ് വാങ് ലിമ്പെർക്ക് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ പിൻഗാമിയായ കർദിനാൾ ഡാനിൽസ് ഇങ്ങനെ പ്രസ്താവിച്ചു: “ക്രിസ്ത്യാനികൾ കൂടുതൽ പ്രവർത്തനക്ഷമരായിത്തീരണമെന്ന്” സ്യുനെൻസ് “എല്ലായ്പോഴും ആഗ്രഹിച്ചിരുന്നു. യഹോവയുടെ സാക്ഷികൾ ചെയ്യുന്നതുപോലെ നാം വീടുതോറും പോകണമോയെന്ന് അദ്ദേഹം . . . സ്വയം ചോദിച്ചു. ഇതൊരു മോശമായ മാർഗമല്ലെന്ന് ഒടുവിൽ അദ്ദേഹം കണ്ടെത്തി. ‘നിങ്ങൾ മറ്റാരെയെങ്കിലുംകൂടി ഒരു ക്രിസ്ത്യാനിയാക്കിയിട്ടുണ്ടെങ്കിൽ മാത്രമേ നിങ്ങൾ ഒരു സത്യക്രിസ്ത്യാനിയായിരിക്കുന്നുള്ളൂ’ എന്നത് മിക്കപ്പോഴും അദ്ദേഹത്തിൽനിന്നു കേട്ടിരുന്ന ഒരു പ്രസ്താവനയായിരുന്നു.”
സമുദ്ര ശുചീകരണം
കാലിഫോർണിയയിലെ ലോസാഞ്ചലസിനു ചുറ്റുമുള്ള തീരദേശ ജലത്തിൽ ഒരു വരണ്ട ദിവസം പോലും നഗര തെരുവുകളിൽനിന്നു ദശലക്ഷക്കണക്കിനു ലിറ്റർ മലിനജലവും അവശിഷ്ടങ്ങളും ഒഴുകിയെത്തുന്നു. മഴയുള്ള ദിവസം, ഒഴുകിയെത്തുന്ന മലിനജലം ശതകോടിക്കണക്കിനു ലിറ്ററായിരിക്കാവുന്നതാണ്! തെരുവിൽ കുന്നുകൂട്ടുകയും കഴുകിയൊഴിക്കുകയും അടിച്ചുവാരിയിടുകയും ചെയ്യുന്ന എല്ലാം തെരുവിലെ മലിനജലപൈപ്പിലൂടെ സമുദ്രത്തിലേക്കു നേരിട്ടു പോകുന്നുവെന്നു നിവാസികളെ അറിയിക്കുന്നതിനു നഗര ഭരണകൂടം ഒരു പദ്ധതി ആസൂത്രണം ചെയ്തു! എണ്ണയും കാറുകളിൽ നിന്നുള്ള മറ്റുദ്രവങ്ങളും, വെട്ടിമാറ്റിയ പച്ചിലകൾ, കുപ്പ, ഓമനമൃഗങ്ങളുടെ കാഷ്ഠം തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. സമീപത്തുള്ള സാൻറാ മോണിക്കാ ഉൾക്കടലിന്റെ പരിസ്ഥിതിക്കു കോട്ടംതട്ടുന്നത് ഒഴിവാക്കാൻ ആളുകൾ ഇങ്ങനെ പ്രോത്സാഹിപ്പിക്കപ്പെടുന്നു: ചപ്പുചവറുകൾ തെരുവിൽ കുന്നുകൂട്ടരുത്; പാതയോരങ്ങൾ കഴുകിവൃത്തിയാക്കുന്നതിനു പകരം അടിച്ചുവാരുക; ഓമനമൃഗങ്ങളുടെ കാഷ്ഠം നിർമാർജനം ചെയ്യുക; കാറിന്റെ ചോർച്ചകൾ കേടുപോക്കുക; വാഹന എണ്ണ പുനഃചംക്രമണം ചെയ്യുക. തെരുവിലെ മലിനജലപൈപ്പിന്റെ സമീപം നീന്തുന്ന ആളുകൾക്ക് അവയിൽനിന്ന് ഏറ്റവും കുറഞ്ഞത് 360 മീറ്റർ അകലെയായിരിക്കുന്നവരെ അപേക്ഷിച്ച്, പനി, ഛർദി, ശ്വസന സംബന്ധമായ രോഗബാധ, ചെവിവേദന എന്നിവ ഉണ്ടാകാൻ 50 ശതമാനം കൂടുതൽ സാധ്യതയുണ്ട്.
രോമത്തോൽ അന്തർവാഹിനികൾ
ന്യൂ സയൻറിസ്റ്റ് മാഗസിൻ പറയുന്നതനുസരിച്ച്, അന്തർവാഹിനികളുടെ കറങ്ങിക്കൊണ്ടിരിക്കുന്ന പ്രൊപ്പെല്ലറുകൾ ഉളവാക്കുന്ന കുമിളകളുടെ ശബ്ദം തിരിച്ചറിയാൻ കഴിയുന്ന അന്തർജല മൈക്രോഫോണുകളുടെ ഒരു ശൃംഖല സ്വീഡിഷ് നാവികസേനയ്ക്കുണ്ട്. “വൈദേശിക അന്തർജല പ്രവർത്തന”ങ്ങളെക്കുറിച്ചുള്ള, മൈക്രോഫോൺ വ്യവസ്ഥയും പൊതുജനങ്ങളുടെ ദൃഷ്ടിയിൽ പെടുന്നവയും അടിസ്ഥാനമാക്കിയുള്ള 6,000 റിപ്പോർട്ടുകൾ പരിശോധിച്ചിട്ട്, ഒരു ഗവൺമെൻറ് കമ്മീഷൻ ആറു സമുദ്രങ്ങളിൽ മാത്രമേ അന്തർവാഹിനികളുടെ പ്രവർത്തനത്തിന്റെ നന്നായി സ്ഥിരീകരിക്കപ്പെട്ട തെളിവു കണ്ടെത്തിയുള്ളൂ. ശേഷിക്കുന്ന ആപത്സൂചകനാദങ്ങളിൽ മിക്കവയും “ചെറിയ കാലുകൾകൊണ്ടുള്ള ശക്തമായ തുഴച്ചിലി”നാൽ ഉണ്ടായവയായിരിക്കാമെന്ന് ആ റിപ്പോർട്ടു പറയുന്നു. അന്തർവാഹിനിയുടെ പ്രൊപ്പെല്ലറുകളുടെ ശബ്ദത്തോടു വളരെ സമാനമായ ശബ്ദം നീർനായ്ക്കളും നീർപൂച്ചകളും പുറപ്പെടുവിക്കുന്നതായി തോന്നുന്നു, അങ്ങനെ അവ നാവിക ശ്രോതാക്കളെ ആശയക്കുഴപ്പത്തിലാക്കുന്നു.
കുട്ടികൾ കുട്ടികളെ ദ്രോഹിക്കുന്നു
ദക്ഷിണാഫ്രിക്കയിൽ ആയിരക്കണക്കിനു കുട്ടികൾ മറ്റു കുട്ടികളിൽനിന്നു ലൈംഗിക ദ്രോഹം അനുഭവിക്കുന്നുവെന്ന് ജൊഹാനസ്ബർഗ് പത്രമായ സാറ്റർഡേ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. മാനവ ശാസ്ത്ര ഗവേഷണ കൗൺസിലിലെ അഫാൻറാ ഷുറിങ്ക് ഈ ദ്രോഹത്തെ ഭാഗികമായി, തങ്ങളോടുതന്നെ മൃഗീയമായി പെരുമാറുന്ന യുവകുറ്റവാളികളോടു ബന്ധപ്പെടുത്തുന്നു. സെന്റർ ഫോർ ദ സ്റ്റഡി ഓഫ് വയലൻസ് ആൻഡ് റിക്കൺസിലിയേഷൻസ് ട്രോമ ക്ലിനിക്കിലെ ബാലജനോപദേഷ്ട്രിയായ മെറിലിൻ ഡൊണാൾഡ്സൺ സമാനമായി ഇങ്ങനെ പറയുന്നു: “അനേകം . . . ഭവനങ്ങളിൽ, ഭീദിതമായ ഭവനകുറ്റകൃത്യം ഈ കുട്ടികൾക്ക് അനാവൃതമാകുന്നു, മിക്കപ്പോഴും അവരുടെതന്നെ ഇരകൾ അവരുടെ വിപുലീകൃത കുടുംബത്തിന്റെ ഭാഗമാണ്.” ഒട്ടുമിക്ക ദ്രോഹങ്ങൾക്കും കാരണം വിരസതയും മാതാപിതാക്കളുടെ അവഗണനയും ആണെന്നും അവർ പറയുന്നു. “മാതാപിതാക്കൾ ജോലിചെയ്യുമ്പോൾ കുട്ടികളെ നോക്കാൻ ആരും വീട്ടിലില്ല, അതുകൊണ്ട് അവർ ദ്രോഹികളുടെ കാരുണ്യത്തിലാണ്,” അവർ അഭിപ്രായപ്പെടുന്നു. “6 മുതൽ 10 വരെ വയസ്സുള്ള കൊച്ചുകുട്ടികൾ ലൈംഗികമായി പകർന്ന എയിഡ്സുമായി സെൻററിൽ വരുന്നത്” ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുന്നതായി താൻ കാണുന്നുവെന്ന്, കൂടുതലായൊരു അപകടത്തെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് ഡൊണാൾഡ്സൺ പറഞ്ഞു.
ഗർഭകാല മദ്യപാനം
“ഗർഭകാല മാതൃമദ്യപാനവും ശിശു ലുക്കേമിയയുടെ വർധിച്ച അപകടസാധ്യതയും തമ്മിൽ ബന്ധമുണ്ടെന്നു പുതിയ ഗവേഷണം സ്ഥിരീകരിച്ചിരിക്കുന്നു”വെന്ന് കാനഡയിലെ ദ മെഡിക്കൽ പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. 558 മറ്റു ശിശുക്കളുടെ ഒരു നിയന്ത്രണ ഗണത്തോടൊപ്പം, രോഗം തിരിച്ചറിഞ്ഞപ്പോൾ 18 മാസവും അതിൽ താഴെയും പ്രായമുള്ള 302 ലുക്കേമിയ രോഗികളും പ്രസ്തുത പഠനത്തിൽ ഉൾപ്പെട്ടിരുന്നു. ഗർഭകാലത്തിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ മൂന്നുമാസകാലയളവിൽ മദ്യപാനം നടത്തിയ അമ്മമാരുടെ കുട്ടികൾക്ക് അത്യന്തം മൂർച്ഛിച്ച മെലോയിഡ് ലുക്കേമിയ ഉണ്ടാകാനുള്ള സാധ്യത മദ്യപിക്കാത്ത അമ്മമാരുടെ കുട്ടികളെ അപേക്ഷിച്ച് ഏകദേശം പത്തിരട്ടിയാണ്. മദ്യപിക്കുന്ന ഗർഭിണികളെയും അവരുടെ ശിശുക്കളുടെ വർധിച്ച ലുക്കേമിയ സാധ്യതയെയും കുറിച്ചുള്ള മറ്റു പഠനങ്ങളുമായി പുതിയ ഗവേഷണം യോജിപ്പിലാണെന്നു പറയപ്പെട്ടിരിക്കുന്നു.