ബൈബിളിന്റെ വീക്ഷണം
ജലപ്രളയം—യാഥാർഥ്യമോ കെട്ടുകഥയോ?
‘എല്ലാ മൃഗങ്ങളും, ഈരണ്ടീരണ്ടായി നോഹയുടെ അടുക്കൽവന്നു പെട്ടകത്തിൽ കടന്നു.’—ഉല്പത്തി 7:8, 9.
നോഹയുടെ നാളിലെ പ്രളയത്തെക്കുറിച്ച് ആരാണു കേട്ടിട്ടില്ലാത്തത്? സാധ്യതയനുസരിച്ച് കുട്ടിക്കാലം മുതൽക്കേ നിങ്ങൾക്ക് ആ കഥ അറിയാം. ജലപ്രളയത്തെക്കുറിച്ചു പഠിക്കാൻ നിങ്ങൾ പ്രാദേശിക ഗ്രന്ഥശാലയിൽ പോയാൽ, പ്രസ്തുത വിഷയത്തിൽ, മുതിർന്നവർക്കുവേണ്ടി എഴുതിയിട്ടുള്ളതിനെക്കാൾ വളരെയേറെ പുസ്തകങ്ങൾ കുട്ടികൾക്കുവേണ്ടി എഴുതിയിട്ടുള്ളതായി നിങ്ങൾ കണ്ടെത്തിയേക്കാം. അങ്ങനെ, കിടക്കാൻ നേരത്തു കുട്ടികളെ വായിച്ചുകേൾപ്പിക്കാനുള്ള വെറുമൊരു കഥയാണു ജലപ്രളയ വിവരണമെന്നു നിങ്ങൾ നിഗമനം ചെയ്തേക്കാം. നോഹയുടെ നാളിലെ ജലപ്രളയത്തെക്കുറിച്ചുള്ള വിവരണം, ബൈബിളിന്റെ ഒട്ടനവധി ഭാഗത്തെയും പോലെ, ഒരു കെട്ടുകഥയല്ലാതെ മറ്റൊന്നുമല്ലെന്ന്, അങ്ങേയറ്റം പോയാൽ, മനുഷ്യൻ മെനഞ്ഞെടുത്ത ഒരു സാൻമാർഗിക പാഠമാണെന്ന് ഒട്ടുമിക്കവരും വിചാരിക്കുന്നു.
അതിശയകരമെന്നു പറയട്ടെ, തങ്ങളുടെ മതവിശ്വാസങ്ങൾ ബൈബിളധിഷ്ഠിതമാണെന്ന് അവകാശപ്പെടുന്ന ചിലർപോലും ജലപ്രളയം യഥാർഥത്തിൽ സംഭവിച്ചതാണോയെന്നു സംശയിക്കുന്നു. നോഹയുടെ ചരിത്രം, ഒരു ചരിത്രമായിട്ടല്ല, പിന്നെയോ, “ഒരു ദൃഷ്ടാന്തകഥയോ സാഹിത്യ രചനയോ” ആയി വ്യാഖ്യാനിക്കപ്പെടേണ്ടതാണെന്നു കത്തോലിക്കാ പുരോഹിതനായ എഡ്വാർഡ് ജെ. മക്ളെൻ ഒരിക്കൽ പ്രസ്താവിച്ചു.
എന്നാൽ, അക്ഷരീയമായി പരിഗണിക്കാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലാത്ത വെറുമൊരു ദൃഷ്ടാന്തകഥയാണോ ബൈബിളിൽ വിവരിച്ചിരിക്കുന്ന ജലപ്രളയം? ബൈബിൾതന്നെ അത്തരമൊരു വീക്ഷണം അനുവദിക്കുന്നുവോ?
വിശ്വാസയോഗ്യമായ വിശദാംശങ്ങൾ
ആദ്യമായി, ഉല്പത്തി പുസ്തകത്തിൽ മോശ രേഖപ്പെടുത്തിയിരിക്കുന്നതു പരിഗണിക്കുക. പേമാരി ആരംഭിക്കുകയും പെട്ടകം നിലത്തുറയ്ക്കുകയും ഭൂമി ഉണങ്ങുകയും ചെയ്ത സുനിശ്ചിത വർഷവും മാസവും ദിവസവും നാം അവിടെ കാണുന്നു. (ഉല്പത്തി 7:11; 8:4, 13, 14) ഉല്പത്തിയിൽ മറ്റുഭാഗങ്ങളിൽ എല്ലായ്പോഴുമൊന്നും സുനിശ്ചിത തീയതികൾ രേഖപ്പെടുത്തുന്നില്ലെന്നിരിക്കെ ഈ തീയതികൾ മോശ ജലപ്രളയത്തെ ഒരു യഥാർഥ സംഭവമായി വീക്ഷിച്ചുവെന്ന വസ്തുതയ്ക്ക് ഊന്നൽ നൽകുന്നു. ബൈബിളിലെ സത്യത്തിന്റെ ധ്വനിയെ ഒട്ടുമിക്ക കെട്ടുകഥകളുടെയും സാധാരണ പ്രാരംഭവാക്കുകളായ, “ഒരിക്കൽ . . ” എന്നതുമായി വിപരീത താരതമ്യം ചെയ്യുക.
മറ്റൊരു ഉദാഹരണമെന്ന നിലയിൽ പെട്ടകത്തെതന്നെ പരിഗണിക്കുക. സുമാർ 437 അടി നീളമുള്ള ഒരു യാനപാത്രത്തെ ബൈബിൾ വർണിക്കുന്നു. അതിന്റെ നീളവും ഉയരവും തമ്മിലുള്ള അനുപാതം 10-ന് 1-ഉം നീളവും വീതിയും തമ്മിലുള്ള അനുപാതം 6-ന് 1-ഉം ആയിരുന്നു. (ഉല്പത്തി 6:15) പക്ഷേ, നോഹ കപ്പൽ നിർമാതാവായിരുന്നില്ല. ഇത് 4,000 വർഷം മുമ്പായിരുന്നുവെന്നും ഓർമിക്കുക! എന്നിട്ടും, വെള്ളത്തിൽ ഒഴുകി നടക്കുന്ന ഒരു പാത്രമായി വർത്തിക്കുക എന്ന ഉദ്ദേശ്യത്തിന് അനുയോജ്യമായ അളവുകളിലാണു പെട്ടകം പണിതത്. വാസ്തവത്തിൽ, തുറന്ന സമുദ്രത്തിൽ സമാനമായ അനുപാതം ഘടനാപരമായ ബലിഷ്ഠതയ്ക്കും സുസ്ഥിരതയ്ക്കും അനുയോജ്യമാണെന്ന് ആധുനിക നാവിക വാസ്തുശിൽപ്പികൾ കണ്ടെത്തിയിരിക്കുന്നു. പെട്ടകം പണിയുവാൻ നോഹ കൃത്യമായി എത്ര കാലം ചെലവഴിച്ചെന്നു ബൈബിൾ പ്രസ്താവിക്കുന്നില്ലെങ്കിലും, പ്രസ്തുത വിവരണപ്രകാരം നിർമാണത്തിന് 50-ഓ 60-ഓ വർഷമെടുത്തിരിക്കാം. (ഉല്പത്തി 5:32; 7:6) ഈ വസ്തുതകൾ ബാബിലോന്യ ഗിൽഗാമേശ് മഹാകാവ്യത്തിൽ കാണപ്പെടുന്ന സുപ്രസിദ്ധ കഥയ്ക്കു നേരെ വിപരീതമാണ്. വെറും ഏഴു ദിവസങ്ങൾക്കൊണ്ടു പണിത, ഓരോ വശവും 200 അടി വീതമുള്ള, ബൃഹത്തായ, ചന്തമില്ലാത്ത ഒരു ചതുരപ്പെട്ടിയെക്കുറിച്ച് ആ മഹാകാവ്യം വിവരിക്കുന്നു. ആ ബാബിലോന്യ ഇതിഹാസത്തിൽനിന്നു വ്യത്യസ്തമായി ബൈബിളിലെ ജലപ്രളയ വിവരണം അതിന്റെ കൃത്യതയിൽ ആത്മവിശ്വാസം ഉളവാക്കുന്നു.
ഉല്പത്തി വിവരണത്തിനു പുറമേ, തിരുവെഴുത്തുകൾ നോഹയെയോ ആഗോള ജലപ്രളയത്തെയോ പത്തു തവണ പരാമർശിക്കുന്നു. നിശ്വസ്ത എഴുത്തുകാർ പ്രളയത്തെ ഒരു യഥാർഥ ചരിത്രമായി വീക്ഷിച്ചുവെന്നാണോ അതോ ഒരു കെട്ടുകഥയായി വീക്ഷിച്ചുവെന്നാണോ ഈ പരാമർശനങ്ങൾ സൂചിപ്പിക്കുന്നത്?
വിശ്വാസ്യത സ്ഥിരീകരിച്ചിരിക്കുന്നു
തിരുവെഴുത്തുകളിൽ, ഇസ്രായേൽ ജനതയുടെ രണ്ടു വംശാവലിപട്ടികകളിൽ നോഹ പ്രത്യക്ഷപ്പെടുന്നു. അതിൽ രണ്ടാമത്തേത് യേശുക്രിസ്തുവിൽ പര്യവസാനിക്കുന്നു. (1 ദിനവൃത്താന്തം 1:4; ലൂക്കൊസ് 3:36) ഈ വംശാവലികൾ സമാഹരിച്ച എസ്രായും ലൂക്കൊസും നിപുണരായ ചരിത്രകാരൻമാരും നോഹ ഒരു യഥാർഥ വ്യക്തിയാണെന്നു വിശ്വസിച്ചവരും ആയിരുന്നു.
ബൈബിളിൽ മറ്റു സ്ഥലങ്ങളിലും, നീതിയും വിശ്വാസവുമുള്ള പുരുഷനെന്ന നിലയിൽ നോഹയെ ചരിത്ര കഥാപാത്രങ്ങളോടൊപ്പം പട്ടികപ്പെടുത്തിയിരിക്കുന്നു. (യെഹെസ്കേൽ 14:14, 20; എബ്രായർ 11:7) ഒരു സാങ്കൽപ്പിക കഥാപാത്രത്തെ പിൻപറ്റാനുള്ള മാതൃകയായി ഉൾപ്പെടുത്തുന്നതു ബൈബിൾ എഴുത്തുകാരെ സംബന്ധിച്ചിടത്തോളം വിവേകമായിരിക്കുമായിരുന്നോ? ഇല്ല, എന്തെന്നാൽ വിശ്വാസം മനുഷ്യരുടെ പ്രാപ്തിക്ക് അതീതവും കഥപ്പുസ്തക കഥാപാത്രങ്ങൾക്കുമാത്രം പ്രകടിപ്പിക്കാൻ കഴിയുന്നതും ആണെന്നു നിഗമനം ചെയ്യുന്നതിലേക്ക് ഇതു ബൈബിൾ വായനക്കാരെ എളുപ്പം നയിക്കുമായിരുന്നു. നോഹയെയും വിശ്വാസമുണ്ടായിരുന്ന മറ്റു സ്ത്രീപുരുഷൻമാരെയും പട്ടികപ്പെടുത്തിയിരിക്കുന്നു, കാരണം നമ്മെപ്പോലെ തന്നെ ബലഹീനതകളും വികാരങ്ങളും ഉള്ള മനുഷ്യരായിരുന്നു അവർ.—എബ്രായർ 12:1; യാക്കോബ് 5:17 താരതമ്യം ചെയ്യുക.
ശേഷിക്കുന്ന തിരുവെഴുത്തു പരാമർശനങ്ങളിൽ, നോഹയ്ക്കു ചുറ്റുമുണ്ടായിരുന്ന വിശ്വാസരഹിത തലമുറയുടെ മേൽ ദൈവം കൈവരുത്തിയ നാശത്തിന്റെ പശ്ചാത്തലത്തിൽ നോഹയും പ്രളയവും പരാമർശിക്കപ്പെടുന്നു. ലൂക്കൊസ് 17:26, 27-ൽ രേഖപ്പെടുത്തിയിരിക്കുന്ന, ജലപ്രളയത്തെക്കുറിച്ചുള്ള യേശുവിന്റെ പരാമർശനം ശ്രദ്ധിക്കുക: “നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും. നോഹ പെട്ടകത്തിൽ കടന്ന നാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു, അവരെ എല്ലാവരെയും മുടിച്ചുകളഞ്ഞു.”
ഭൂമിയിലെ തന്റെ ജീവിതത്തിനു മുമ്പ് സ്വർഗത്തിൽ അധിവസിച്ചിരുന്നതിനാൽ യേശുക്രിസ്തു താൻ വിവരിച്ച സംഭവങ്ങളുടെ ദൃക്സാക്ഷിയായിരുന്നു. (യോഹന്നാൻ 8:58) ജലപ്രളയം വെറുമൊരു കെട്ടുകഥയായിരുന്നെങ്കിൽ, തന്റെ ഭാവി സാന്നിധ്യം സാങ്കൽപ്പികമാണെന്ന് യേശു സൂചിപ്പിക്കുകയായിരുന്നു, അല്ലെങ്കിൽ അവൻ അസത്യം പറയുകയായിരുന്നു. ഈ രണ്ടു നിഗമനങ്ങളും ശേഷിക്കുന്ന തിരുവെഴുത്തുകളുമായി പൊരുത്തത്തിലല്ല. (1 പത്രൊസ് 2:22; 2 പത്രൊസ് 3:3-7) അതുകൊണ്ട് താൻ വ്യക്തിപരമായി നിരീക്ഷിച്ചതിന്റെ ഫലമായി, ആഗോള ജലപ്രളയം സംബന്ധിച്ച ബൈബിൾ വിവരണം ആധികാരിക ചരിത്രമാണെന്ന് യേശുക്രിസ്തു വിശ്വസിച്ചു. നോഹയുടെ നാളിലെ പ്രളയം കെട്ടുകഥയല്ല, മറിച്ച് യാഥാർഥ്യമാണെന്നുള്ളതിനു സത്യക്രിസ്ത്യാനികൾക്കുള്ള ഏറ്റവും നിസ്തർക്കമായ തെളിവ് ഇതാണെന്നുള്ളതിൽ സംശയമില്ല.
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
L. Chapons/Illustrirte Familien-Bibel nach der deutschen Uebersetzung Dr. Martin Luthers