ഞങ്ങളുടെ വായനക്കാരിൽ നിന്ന്
ബാലൻസ് “ബാലൻസ് എന്ന ദൈവദാനം” (മാർച്ച് 22, 1996) എന്ന ലേഖനം വായിച്ചശേഷം നിങ്ങൾക്കു നന്ദി പറയാൻ ഞാൻ പ്രേരിതയായി. ഞാൻ ശ്രവണശാസ്ത്രം പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ പാഠപുസ്തകങ്ങളിലൊന്നിലുംതന്നെ ഉണരുക!യിലെ ലേഖനത്തിന്റെ അത്രയും പൂർണവും മനസ്സിലാക്കാൻ എളുപ്പവുമുള്ള വിവരങ്ങൾ ഇല്ല. ചെവിയുടെ ആ ചിത്രവും വളരെ നന്നായിരുന്നു.
ജെ. പി. എ., ബ്രസീൽ
ടൈ “ടൈ കണ്ടുപിടിച്ചത് ആര്?” (മേയ് 8, 1996) എന്ന ലേഖനത്തിനു വളരെ നന്ദി. യഹോവയുടെ സാക്ഷികളുടെ ഒരു ശുശ്രൂഷകനെന്നനിലയിൽ വീടുതോറുമുള്ള പ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കെ 30 ഡിഗ്രി സെൽഷ്യസിലധികം ചൂടുള്ള കാലാവസ്ഥയിൽ ഞാൻ ടൈ ധരിച്ചിട്ടുണ്ട്. ടൈ കണ്ടുപിടിച്ചത് 13-ാം നൂറ്റാണ്ടിലെ ക്രൂരനായ ഏതോ ഒരു മതവിചാരകൻ ആയിരുന്നിരിക്കാം എന്നും അയാൾ ഒരു പാഷണ്ഡിയെക്കൊണ്ടു കുറ്റം ഏറ്റുപറയിക്കുന്നതിനുള്ള ഉദ്യമത്തിനിടയിൽ ഒരു പീഡനയന്ത്രമോ പെരുവിരൽ ഞെക്കിയന്ത്രമോകൊണ്ട് ഉപദ്രവിക്കുമെന്നോ എണ്ണയിൽ വേവിക്കുമെന്നോ ഒരു വേനൽക്കാല ദിവസം ഉച്ചയ്ക്കു ടൈ ധരിപ്പിക്കുമെന്നോ അയാളെ ഭീഷണിപ്പെടുത്തിയിരിക്കാം എന്നുമായിരുന്നു ഞാൻ കരുതിയിരുന്നത്.
ഡബ്ലിയു. ബി., ഐക്യനാടുകൾ
ഏതു കാലാവസ്ഥയിലും ടൈ ധരിക്കുന്നത് ഒരു പീഡനമായി ചിലർക്കു തോന്നിയേക്കാം. എങ്കിലും ടൈ ധരിക്കുന്നത് ഉചിതമായി കരുതപ്പെടുന്നയിടങ്ങളിൽ ശുശ്രൂഷയിൽ ഏർപ്പെടുമ്പോഴും ക്രിസ്തീയ യോഗങ്ങളിൽ പങ്കെടുക്കുമ്പോഴും യഹോവയുടെ സാക്ഷികൾ ടൈ ധരിക്കുന്നതിലെ ബുദ്ധിമുട്ടു സഹിക്കുന്നു എന്നതു പ്രശംസനീയമാണ്.—പത്രാധിപർ
ധൂമരഹിത പുകയില സ്കൂളിലെ ഹെൽത്ത് ക്ലാസിൽ ഞങ്ങൾ മയക്കുമരുന്നുകളെക്കുറിച്ചു പഠിക്കുകയായിരുന്നു. “യുവജനങ്ങൾ ചോദിക്കുന്നു . . . ധൂമരഹിത പുകയില—ദോഷരഹിതമോ?” എന്ന ലേഖനത്തോടുകൂടിയ ഉണരുക!യുടെ 1996 ഏപ്രിൽ 22, ലക്കം ഞാൻ എന്റെ അധ്യാപകനു കാണിച്ചുകൊടുത്തു. കുട്ടികൾക്കു കൊടുക്കാനും ക്ലാസിലെ കുട്ടികളുമൊത്ത് അതു വായിക്കാനുംവേണ്ടി അദ്ദേഹം എന്നെക്കൊണ്ട് ലേഖനത്തിന്റെ 30 പകർപ്പുകൾ എടുപ്പിച്ചു. എന്റെ സഹപാഠികൾ അത് ആസ്വദിച്ചു. ഞാൻ അവർക്ക് ഏതാനും മാസികകൾ സമർപ്പിക്കുകപോലും ചെയ്തു.
എം. സി., ഐക്യനാടുകൾ
ലൈംഗികോപദ്രവം “മേലാൽ ലൈംഗികോപദ്രവം ഉണ്ടായിരിക്കുകയില്ലാത്തപ്പോൾ!” (മേയ് 22, 1996) എന്ന ലേഖനപരമ്പരയ്ക്കു നന്ദി. മാസിക മറ്റുള്ളവരോടൊത്തു പങ്കുവെച്ചപ്പോൾ, ഉപദ്രവം എങ്ങനെ ഒഴിവാക്കാമെന്നതിനെയും ഉപദ്രവിക്കപ്പെടുമ്പോൾ എന്തു ചെയ്യാമെന്നതിനെയും കുറിച്ചുള്ള നിർദേശങ്ങളിൽ പല സ്ത്രീകളും കൃതജ്ഞതയുള്ളവരായിരുന്നതായി ഞാൻ കണ്ടെത്തി. ഏതാനും ആഴ്ചകൾക്കുശേഷം ജോലിക്കിടയിൽ വ്യക്തിപരമായി എനിക്കു പീഡനം അനുഭവപ്പെട്ടു. ഞാൻ പൊലീസിൽ റിപ്പോർട്ടു ചെയ്തു. സാഹചര്യത്തെ ഞാൻ കൈകാര്യം ചെയ്ത വിധത്തിൽ എനിക്കു പ്രശംസ ലഭിച്ചു.
പേര് വെളിപ്പെടുത്തിയിട്ടില്ല, ജർമനി
ലേഖനത്തിനായി ഞാൻ വാസ്തവമായും കൃതജ്ഞതയുള്ളവളാണ്. ഞാൻ ഇപ്പോൾ സെക്കൻഡറി സ്കൂളിൽ രണ്ടാം വർഷമാണ്. എനിക്ക് ഉപദ്രവം സഹിക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും ഞാൻ ഇതിനെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. എന്റെ മാതാപിതാക്കളോടും അധ്യാപകരോടും കാര്യങ്ങൾ തുറന്നു പറയാൻ ഈ ലേഖനങ്ങൾ എന്നെ സഹായിച്ചു. ഉപദ്രവികളെ എതിർക്കാനുള്ള ധൈര്യം ഇപ്പോൾ എനിക്കുണ്ട്.
കെ. വൈ., ജപ്പാൻ
ഒരു സെക്രട്ടറിയായ എനിക്ക് 21 വയസ്സുണ്ട്. ഈയിടെ എന്റെ തൊഴിലുടമ എന്നെ ലൈംഗികമായി ഉപദ്രവിച്ചു. അയാളെ സമീപിച്ച് എന്റെ വികാരങ്ങൾ അറിയിക്കുന്നതിനുള്ള മാർഗങ്ങൾ ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഉണരുക!യുടെ ഈ ലക്കം ലഭിച്ചത്. ഒരു പ്രതി ഞാൻ എന്റെ തൊഴിലുടമയ്ക്കു നൽകി. അയാൾ അതു വായിച്ചു. അയാൾ മാപ്പു ചോദിക്കുകയും ഇനി ഒരിക്കലും അതാവർത്തിക്കില്ലെന്നു വാക്കു നൽകുകയും ചെയ്തു.
ഡി. എൻ. എൽ., നൈജീരിയ
ഈ പ്രശ്നം നിങ്ങൾ വെളിച്ചത്തു കൊണ്ടുവന്നതു ഞാൻ വിലമതിക്കുന്നു. എന്നാൽ, പുരുഷന്മാർ മാത്രം ഉപദ്രവിക്കുന്നതായിട്ടാണു നിങ്ങൾ നൽകിയിരിക്കുന്ന ചിത്രങ്ങൾ കാട്ടുന്നത്. നിങ്ങൾ കാര്യങ്ങൾ വളച്ചൊടിച്ചാണ് അവതരിപ്പിച്ചിരിക്കുന്നതെന്നതു വ്യക്തമാണ്.
എച്ച്. റ്റി., ഐക്യനാടുകൾ
ലൈംഗികോപദ്രവത്തിന് ഇരയാവുന്നത് പുരുഷന്മാരെക്കാളധികം സ്ത്രീകളാണെന്ന് മിക്ക ഗവേഷകരും പറയുന്നു. എങ്കിൽത്തന്നെയും ചില നിശ്ചിത ഉദാഹരണങ്ങൾ എടുത്തു പറഞ്ഞുകൊണ്ട് പുരുഷന്മാരും ഉപദ്രവിക്കപ്പെട്ടേക്കാമെന്ന് ആ ലേഖനങ്ങളിൽ പറഞ്ഞിരുന്നു.—പത്രാധിപർ
ഈ വിഷയത്തെക്കുറിച്ചുള്ള മിക്ക ലേഖനങ്ങളും സ്വയരക്ഷയ്ക്കായി സ്ത്രീകൾ ചെയ്യേണ്ട കാര്യങ്ങൾ മാത്രമേ ഊന്നിപ്പറയാറുള്ളൂ. എന്നാൽ സ്ത്രീകളെ ആദരിക്കണമെന്നു പുരുഷന്മാരെ പഠിപ്പിക്കുന്നില്ല. ഉപദ്രവികളില്ലെങ്കിൽ ഉപദ്രവമുണ്ടാകുകയില്ലല്ലോ. “പുരുഷന്മാർക്കായുള്ള ഉചിതമായ നടത്ത” സംബന്ധിച്ചു നിങ്ങളുടെ ലേഖനം ചർച്ചചെയ്തു. അക്കാരണത്താൽ അത് അനുമോദനം അർഹിക്കുന്നു.
ഒ. സി., തയ്വാൻ