ലോകത്തെ വീക്ഷിക്കൽ
ആഫ്രിക്കയിലെ ബധിരരെ സഹായിക്കൽ
“ആംഗ്യഭാഷ പഠിക്കുന്നതിലുള്ള യഹോവയുടെ സാക്ഷികളുടെ നിസ്വാർഥ താത്പര്യത്തെയും ശ്രമങ്ങളെയും യുഎൻഎഡി ന്യൂസ പുകഴ്ത്തുന്നു”വെന്ന് ബധിരരുടെ ഉഗാണ്ട ദേശീയ അസോസിയേഷന്റെ (യുഎൻഎഡി) മാസിക പറയുന്നു. ഉഗാണ്ടയിലെ കാംപാലയിലുള്ള, ശ്രവണശക്തിയുള്ള ഒരു സംഘം സാക്ഷികൾ ആ പ്രദേശത്തെ ശ്രവണവൈകല്യമുള്ള ആളുകൾക്ക് ആത്മീയ പരിപാലനം നൽകുക എന്ന ലക്ഷ്യത്തോടെ ആംഗ്യഭാഷ പഠിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് ആ മാസിക പറഞ്ഞു. “ബൈബിൾ പഠിപ്പിക്കലുകളോടു സമ്പൂർണമായി പറ്റിനിൽക്കുന്നതു നിമിത്തം സാർവദേശീയമായി അറിയപ്പെടുന്ന, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുകയും അതിയായി ആദരിക്കപ്പെടുകയും ചെയ്യുന്ന മതങ്ങളിലൊന്നിലെ നിരന്തരപയനിയർമാർ അഥവാ മുഴുസമയ [ശുശ്രൂഷകർ] ആണ്” വിജയസാധ്യതയുള്ള ആ വ്യാഖ്യാതാക്കൾ ഇരുവരുമെന്ന് പ്രസ്തുത റിപ്പോർട്ടു കൂട്ടിച്ചേർത്തു.
കൈകൾ കഴുകുക!
ഒരു പൊതു കക്കൂസിൽ പോയതിനു ശേഷം എത്രപേർ കൈ കഴുകുന്നുവെന്നു തിട്ടപ്പെടുത്താനുള്ള ഗവേഷണം അമേരിക്കൻ സൊസൈററി ഫോർ മൈക്രോബയോളജി അടുത്തയിടെ ഏറ്റെടുത്തതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. തെളിവനുസരിച്ച്, കൈ കഴുകണമെന്നു മിക്കവാറും എല്ലാവർക്കും അറിയാം. പൊതു കക്കൂസ് ഉപയോഗിച്ചതിനു ശേഷം തങ്ങൾ എല്ലായ്പോഴും കൈ കഴുകുന്നുവെന്ന് പ്രായപൂർത്തിയായ 1,004 പേരുടെ ഒരു ടെലഫോൺ സർവേയിൽ 94 ശതമാനം അവകാശപ്പെട്ടു. എന്നാൽ അവർ അങ്ങനെ ചെയ്യുന്നുണ്ടോ? അഞ്ചു വലിയ അമേരിക്കൻ നഗരങ്ങളിലെ കക്കൂസുകൾ നിരീക്ഷിച്ച ഗവേഷകർ, 6,333 ആളുകളിൽ 61 ശതമാനം പുരുഷൻമാരും 74 ശതമാനം സ്ത്രീകളും മാത്രമേ കക്കൂസ് ഉപയോഗിച്ചതിനു ശേഷം കൈകൾ കഴുകിയുള്ളുവെന്നു കണ്ടെത്തി. അഴുക്കുപറ്റിയ കൈകൾ രോഗങ്ങൾ എളുപ്പം പകർത്തുന്നു. കഴുകാത്ത കൈകൊണ്ടു ഭക്ഷണം കൈകാര്യം ചെയ്യുന്ന ഒരുവനു ഡസൻകണക്കിന് ആളുകളെ രോഗികളാക്കാൻ കഴിയും. മാതാപിതാക്കളുടെ മാർഗനിർദേശത്തിന്റെ അഭാവമാകാം പ്രശ്നത്തിന്റെ ഭാഗിക കാരണം. “ഇന്നത്തെ അമ്മമാർ മിക്കപ്പോഴും തങ്ങളുടെ കുട്ടികളോടു കൈ കഴുകാൻ പറയുന്നില്ല” എന്ന് ഡോക്ടർ ഗെയ്ൽ കാസെൽ അഭിപ്രായപ്പെട്ടു. “സ്കൂളുകളും ഇതേക്കുറിച്ചു കുട്ടികളോടു പറയുന്നില്ല. ഇതു പ്രധാനമാണെന്നു നാം ഓർമിപ്പിക്കപ്പെടേണ്ടതുണ്ട്.”
ചിരിച്ച്, ദീർഘകാലം ജീവിക്കുകയോ?
ചിരി നല്ല ഔഷധമാണെന്നു ദീർഘകാലമായി വിശ്വസിച്ചുവരുന്നു. അത് എന്തുകൊണ്ടാണെന്നു കണ്ടെത്താൻ ന്യൂയോർക്കിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ശാസ്ത്രജ്ഞൻമാർ പത്തു വർഷം മുമ്പ് തീരുമാനിച്ചിരുന്നു. ഒരു വ്യക്തിയുടെ പ്രതിരോധ സംവിധാനത്തെ ഊർജസ്വലമാക്കുന്ന ശക്തമായ ഹോർമോണുകൾ പുറപ്പെടുവിക്കാൻ ചിരി സഹായിക്കുന്നുവെന്ന തങ്ങളുടെ കണ്ടുപിടിത്തം അവർ അടുത്തയിടെ വെളിപ്പെടുത്തി. വൈറസും ബാക്ടീരിയയും നിമിത്തമുള്ള രോഗബാധയെ അകറ്റിനിർത്താൻ ആവശ്യമായതും സംഭാവ്യ കാൻസർ കോശങ്ങളെ നശിപ്പിക്കുന്നതുമായ ശ്വേത രക്താണുക്കളുടെ പ്രവർത്തനത്തെ സൈറ്റൊക്കൈൻ എന്നു വിളിക്കപ്പെടുന്ന ഒരു കൂട്ടം ഹോർമോണുകൾ ഉന്നമിപ്പിക്കുന്നതായി കണ്ടെത്തി. “ചിരി നിമിത്തം അളവു വർധിക്കുന്ന പദാർഥങ്ങളിൽ ഒന്നു” മാത്രമാണ് ഇവയെന്ന് ലണ്ടനിലെ സൺഡേ ടൈംസ് പറയുന്നു. ചിരിയും സൈറ്റൊക്കൈനുകളും തമ്മിലുള്ള ബന്ധം, അവയെ സന്തുഷ്ട ഹോർമോണുകൾ എന്നു വിളിക്കാൻ ചില ഗവേഷകരെ പ്രേരിപ്പിച്ചിരിക്കുന്നു. അതുകൊണ്ട്, പ്രസ്തുത പത്രം ചിരിയെ “ദീർഘകാലം ജീവിച്ചിരിക്കാനുള്ള മാർഗം” എന്നു വിളിക്കുന്നു.
കത്തോലിക്കാ സഭ “അപകടസന്ധി”യിൽ
കത്തോലിക്കാ സഭ ഒരു “അപകടസന്ധി”യിലായിരിക്കുന്നതായി ഏഴു ബിഷപ്പുമാർ ഉൾപ്പെട്ട ഒരു സംഘം പുറത്തിറക്കിയ പത്രിക പറയുന്നുവെന്ന് ടെക്സാസിലെ അർലിങ്ടണിൽനിന്നുള്ള സ്റ്റാർ ടെലഗ്രാം റിപ്പോർട്ടു ചെയ്യുന്നു. “ഗുരുതരമായ വിഭാഗീയതകൾ പരിഹരിക്കാൻ” ആ പത്രിക “സഭയോട് അഭ്യർഥി”ച്ചെന്ന് പ്രസ്തുത പത്രം പറയുന്നു. പൗരോഹിത്യ ബ്രഹ്മചര്യവും സ്ത്രീകൾക്കു പൗരോഹിത്യ പദവി നിഷേധിക്കുന്നതും പോലെയുള്ള സഭാ പഠിപ്പിക്കലുകളോട് ഐക്യനാടുകളിലെ ആറുകോടി കത്തോലിക്കരിൽ ഒട്ടുമിക്കവരും വിയോജിക്കുന്നുവെന്നു ഹിതപരിശോധനകൾ പ്രകടമാക്കുന്നു. ആ പത്രികയുടെ പ്രകാശനം നിർവഹിച്ച പത്രസമ്മേളനത്തിൽ, പരേതനായ കർദിനാൾ ജോസഫ് ബെർനാർഡിൻ, “സഭയ്ക്കുള്ളിലെ വർധിച്ചുവരുന്ന ധ്രുവീകരണവും” സഭയുടെ ദൗത്യത്തിനു വിഘാതമായി വർത്തിക്കുന്ന “ചിലപ്പോഴെല്ലാമുള്ള തികഞ്ഞ സ്വാർഥതയും” സംബന്ധിച്ചു തനിക്കുള്ള ആകുലത പ്രകടിപ്പിച്ചു. “തത്ഫലമായി സഭയുടെ ഐക്യം ഭീഷണിയിലായിരിക്കുന്നു”വെന്ന് അദ്ദേഹം പറഞ്ഞു. “സഭയിലെ വിശ്വസ്ത അംഗങ്ങൾ മടുത്തിരിക്കുന്നു, ഭരണകൂടത്തിനും സമുദായത്തിനും സംസ്കാരത്തിനും നാം നൽകുന്ന സാക്ഷ്യം അപഹാസ്യമാണ്.
പിന്തിരിഞ്ഞുനോക്കുന്നതിനാൽ പുരോഗതി
ട്രാൻസിസ്റ്ററുകൾക്കു മുമ്പ് വാക്വം ട്യൂബുകൾ ഉണ്ടായിരുന്നു. ഗവേഷകർ ഇപ്പോൾ പിന്തിരിഞ്ഞു നോക്കുന്നു. “1940-കളിലെ വാക്വം ട്യൂബുകൾ ഞങ്ങൾ പുനഃപരിശോധിക്കുകയാണ്” എന്ന് ഉത്തര കരോലിനാ സംസ്ഥാന സർവകലാശാലയിലെ ഊർജതന്ത്ര ശാസ്ത്രജ്ഞനായ ഗ്രിഫ് എൽ. ബിൽബ്രോ പറയുന്നു. “റഡാറിലും സെല്ലുലാർ ഫോണുകളിലും ഉപയോഗിക്കുന്നതിനുവേണ്ടി, വളരെ ഉയർന്ന ആവൃത്തികളിൽ അവയുടെ പ്രവർത്തനക്ഷമത മുൻകൂട്ടി നിർണയിക്കാൻ പുതിയ സാമഗ്രികളും കമ്പ്യൂട്ടറിൽ രൂപകൽപ്പന ചെയ്ത ഉപകരണങ്ങളും ഞങ്ങൾ ഇപ്പോൾ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.” പഴയ ട്യൂബുകളും പുതിയ ട്യൂബുകളും തമ്മിലുള്ള ഒരു വ്യത്യാസം വലുപ്പമാണ്. പുതിയ ട്യൂബുകൾ ചെറുതാണ്, തീപ്പെട്ടിക്കൊള്ളിയുടെ ശീർഷഭാഗത്തോളംപോന്ന വലുപ്പത്തിൽ, നിരയായി ക്രമീകരിച്ചിരിക്കുന്ന വിധത്തിൽ അവ ലഭിക്കുന്നു. “ഇലക്ട്രോഡുകളെ വജ്രത്തിനുള്ളിലാക്കിയിട്ട് ഉള്ളിൽനിന്നും വായു നീക്കം ചെയ്താണ്” അവ നിർമിച്ചിരിക്കുന്നതെന്ന് സയൻസ് ന്യൂസ് മാഗസിൻ പറയുന്നു. “പുതിയ വജ്ര വാക്വം ട്യൂബുകളും 50 വർഷം മുമ്പത്തെ വലിയ ഗ്ലാസ് ബൾബുകളും തമ്മിലുള്ള ഒരു വലിയ വ്യത്യാസം താപമാണ്. ഇലക്ട്രോണുകളെ ഉത്സർജിക്കുന്നതിന് പഴയ ട്യൂബുകൾ ചുട്ടുപഴുക്കേണ്ടിയിരുന്നു. പുതിയ ട്യൂബുകൾ അന്തരീക്ഷ ഊഷ്മാവിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നു.” അർധചാലകങ്ങളെയും കമ്പ്യൂട്ടർ ചിപ്പുകളെയും അപേക്ഷിച്ചു ദീർഘനാൾ നിലനിൽക്കുന്നതിനു പുറമേ, പുതിയ ട്യൂബുകൾ, ഊഷ്മാവും വോൾട്ടേജും വികിരണവും ഉയർന്ന അളവിലായിരിക്കുമ്പോൾ അവയെക്കാൾ മെച്ചമായി പ്രവർത്തിക്കുകയും ചെയ്യുന്നു.
ജീവരക്ഷകരായ ഡോൾഫിനുകൾ
ചെങ്കടലിൽ നീന്തുന്ന ഒരു മനുഷ്യനെ ഡോൾഫിനുകളുടെ ഒരു കൂട്ടം രക്ഷപ്പെടുത്തിയതായി ജേർണൽ ഓഫ് കൊമേഴ്സ് പറയുന്നു. ഈജിപ്ഷ്യൻ കടലോരത്തുനിന്നു നീന്തുമ്പോഴാണ് ബ്രിട്ടനിലെ മാർക്ക് റിച്ചാഡ്സനെ ഒരു സ്രാവ് ആക്രമിച്ചത്. വശത്തും കയ്യിലും കടിയേറ്റതിനെ തുടർന്ന്, “സ്രാവുകളെ വിരട്ടിയോടിക്കാൻ ചിറകുകളും വാലും വീശിക്കൊണ്ട്” മൂന്ന് ബോട്ടിൽ-നോസ്ഡ് ഡോൾഫിനുകൾ അദ്ദേഹത്തെ വലയം ചെയ്തു. എന്നിട്ട് ആ ഡോൾഫിനുകൾ, “ശ്രീ. റിച്ചാഡ്സനെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ എത്തുന്നതുവരെ വലയം ചെയ്തുകൊണ്ടിരുന്നു.” ജേർണൽ പറയുന്നതനുസരിച്ച്, “തള്ള ഡോൾഫിനുകൾ അവയുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുമ്പോൾ ഡോൾഫിനുകൾ അങ്ങനെ പെരുമാറുക സാധാരണമാണ്.”
‘തത്ക്ഷണ കുർബാനയാഹാരം’
അമേരിക്കൻ വ്യവസായിയായ ജിം ജോൺസൺ, പള്ളിയിലെ കുർബാന ശുശ്രൂഷകൾക്ക് ഉപയോഗിക്കാനായി ഒരിക്കൽ മാത്രം ഉപയോഗിക്കാനുള്ള, പായ്ക്കു ചെയ്ത കുർബാനയാഹാരം ഉത്പാദിപ്പിക്കുന്നുവെന്ന് ക്രിസ്റ്റ്യാനിറ്റി ടുഡേ റിപ്പോർട്ടു ചെയ്യുന്നു. വളരെ ചെറിയ ഒരു കപ്പിന്റെ ആകൃതിയുള്ള നീലാരുണ വർണത്തിലുള്ള പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ, ഒന്നു നുണയാൻ മാത്രം മുന്തിരിച്ചാറോ വീഞ്ഞോ വെച്ചിരിക്കുന്നു. ഈ പായ്ക്കറ്റുകളുടെ ഇരട്ട അറകളിലൊന്നിൽ ലോലമായ പുളിപ്പില്ലാത്ത ഒരു അപ്പവുമുണ്ട്. ജോൺസന്റെ അഭിപ്രായത്തിൽ പ്രസ്തുത ഉത്പന്നത്തിന്, ദ്രുതഗതിയിലുള്ള തയ്യാറാക്കൽ-ശുചീകരണ സമയലാഭം, സാമ്പത്തിക ലാഭം, ശുചിത്വം എന്നീ നേട്ടങ്ങളുണ്ട്. കുർബാനയോടുള്ള “വൻകിട വിപണന” സമീപനത്തെക്കുറിച്ചു ചില പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും 4,000-ത്തിലധികം പള്ളികൾ ഈ പുതിയ ഉത്പന്നം ഇപ്പോൾത്തന്നെ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ജോൺസൺ പരാതികളോടു പ്രതിവചിക്കുന്നു: “ജനക്കൂട്ടത്തിന് ആഹാരം നൽകവെ യേശുവാണ് ആദ്യം തത്ക്ഷണയാഹാരം പ്രദാനം ചെയ്തത്.”
യാത്രചെയ്യുന്ന പ്രാവുകൾ
ലണ്ടനിലെ പ്രാവുകൾ റോഡു വാഹനങ്ങളിലിരുന്ന് ഭൂഗർഭ പാതയിൽ യാത്രചെയ്യുന്നതു വളരെ നാളുകളായി നിരീക്ഷിച്ചിരിക്കുന്നുവെന്ന് ന്യൂ സയൻറിസ്റ്റ് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. അതിനും പുറമേ, ഏതു സ്റ്റോപ്പിൽ ഇറങ്ങണമെന്നുപോലും ആ പക്ഷികൾക്ക് അറിയാമെന്നു ചിലർ അവകാശപ്പെടുന്നു. പ്രസ്തുത മാഗസിന്റെ ക്ഷണമനുസരിച്ച്, ചിറകുള്ള യാത്രക്കാരോടൊപ്പമുള്ള തങ്ങളുടെ അനുഭവങ്ങളെപ്പറ്റി പറഞ്ഞുകൊണ്ട് ഒരുകൂട്ടം വായനക്കാർ എഴുതി. ഉദാഹരണത്തിന് ഒരു വ്യക്തി എഴുതി: “ഇളം ചെമപ്പു നിറമുള്ള ഏകാകിയായ ഒരു പ്രാവ് പാഡിങ്ടണിലെ ഭൂഗർഭപാതയിൽവെച്ച് വണ്ടിയിൽ കയറി അടുത്ത സ്റ്റേഷനിൽ ഇറങ്ങുന്നതായി 1974-76 കാലഘട്ടത്തിൽ ഞാൻ പതിവായി നിരീക്ഷിച്ചിരുന്നു.” വർഷങ്ങൾക്കു മുമ്പ്, 1965-ൽ മറ്റൊരാൾ സമാനമായൊരു കാഴ്ച കണ്ടു. ഏതാണ്ട് 30 വർഷമായി പ്രാവുകൾ പണംമുടക്കാതെ സൂത്രത്തിൽ ലണ്ടനിലെ ഗതാഗത സംവിധാനത്തിൽ യാത്രചെയ്തിരിക്കുന്നതായി തോന്നുന്നു!
ഓസ്ട്രേലിയൻ സംസ്ഥാനം ദയാവധം നിയമാനുസൃതമാക്കുന്നു
ഓസ്ട്രേലിയയുടെ ഉത്തര ഭൂപ്രദേശത്തുള്ള ഒരാൾ, ഡോക്ടറുടെ സഹായത്താലുള്ള ആത്മഹത്യ അനുവദിക്കുന്ന പുതിയ സംസ്ഥാന നിയമത്തിൻ കീഴിൽ മരിക്കുന്ന ആദ്യത്തെ വ്യക്തിയായിത്തീർന്നുവെന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. അദ്ദേഹം തന്റെ 60-കളിലായിരുന്നു. പ്രോസ്റ്റെയ്റ്റ് ഗ്രന്ഥിയിലെ മരണകരമെന്നു കരുതപ്പെട്ടിരുന്ന കാൻസറായിരുന്നു അദ്ദേഹത്തിന്. “ഇത് ആദ്യമായിട്ടാണ് ഒരു മനുഷ്യൻ തന്റെ ജീവിതം നിയമപരമായി അവസാനിപ്പിച്ചത്” എന്ന് ആ മനുഷ്യന ബാർബിറ്റുറെയിറ്റിന്റെ മാരകമായൊരു ഡോസ് നൽകിയ ഡോക്ടർ ഫിലിപ്പ് നിക്കി പറഞ്ഞു. “കിടക്കയുടെ അരികത്തുള്ള ലാപ്പ്ടോപ്പ് കമ്പ്യൂട്ടറിലെ ഒരു കീ അമർത്തിക്കൊണ്ട് സ്വന്തം മരണപ്രക്രിയ ആരംഭിക്കത്തക്കവിധം ഒരു യന്ത്രം ആ മനുഷ്യനുമായി ബന്ധിപ്പിച്ചിരുന്നു”വെന്നു നിക്കി വിശദീകരിച്ചു. എന്നാൽ, പുതിയ നിയമം കടുത്ത എതിർപ്പിനെ നേരിടുന്നു. ആ നിയമത്തെ അസാധുവാക്കാനുള്ള നിയമം നിർമിക്കാൻ ദേശീയ പാർലമെൻറ് ആലോചിക്കുന്നു. ചില ഡോക്ടർമാരും സഭകളും പ്രസ്തുത നിയമത്തെ കോടതിയിൽ ചോദ്യം ചെയ്തിരിക്കുകയുമാണ്.
പള്ളികൾക്കു രൂപഭേദം വരുത്തി
ഡച്ച് പത്രമായ ഹെറ്റ് ഓവറാസെൽസ് ഡെക്ബ്ലോട്ട് പറയുന്നപ്രകാരം, നെതർലൻഡ്സിലെ ഏകദേശം 300 പള്ളിക്കെട്ടിടങ്ങളെ സൂപ്പർമാർക്കറ്റുകൾ, ബഹുശാലാഭവനങ്ങൾ, എക്സിബിഷൻ ഹാളുകൾ, ഓഫീസ് കെട്ടിടങ്ങൾ എന്നിവയാക്കിമാറ്റിയിരിക്കുന്നു. നെതർലൻഡ്സിലെ പള്ളി ഹാജർ കഴിഞ്ഞ 15 വർഷംകൊണ്ട് ഏതാണ്ട് 50 ശതമാനമായി കുറഞ്ഞതിനാൽ, ചെലവേറിയ അറ്റകുറ്റപ്പണികളുടെ ഭാരം തങ്ങളുടെ തോളിൽനിന്ന് എടുത്തുമാറ്റാൻ തയ്യാറുള്ളവരെ കണ്ടെത്തുന്നതിൽ അനേകം സഭകൾ സന്തോഷിക്കുന്നു. ചില പള്ളിക്കെട്ടിടങ്ങൾ നാമമാത്രമായ ഒരു ഗ്വിൽഡെറിനാണ് (ഏകദേശം 60 യു.എസ്. സെൻറ്) വിറ്റത്! പക്ഷേ ഒരു മുൻ പള്ളിയെ ഒരു വ്യാപാര കെട്ടിടമാക്കി മാറ്റുന്നതു വളരെയേറെ വൈകാരിക വേദന ഉളവാക്കുന്നു, വിശേഷിച്ചും പ്രായമായവർക്കിടയിൽ. “അവർ വർഷങ്ങളോളം അവിടെ ഹാജരായിട്ടുണ്ട്. അവർ അവിടെ മാമ്മോദീസ മുങ്ങുകയും അവിടെവെച്ചു വിവാഹിതരാകുകയും ചെയ്തു. എന്നാൽ ആളുകൾ ഇപ്പോൾ അവിടെ ഏറ്റവും സാധാരണമായ കാര്യങ്ങൾ ചെയ്യുന്നത്, . . . ശപിക്കുന്നതുപോലും, അവർ കാണുന്നു”വെന്ന് ഒരു ആധികാരിക കേന്ദ്രം പറഞ്ഞു.