കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യൽ—ഒരു ലോകവ്യാപക പ്രശ്നം
സ്വീഡനിലെ ഉണരുക! ലേഖകൻ
സമീപ വർഷങ്ങൾവരെ സുവിദിതമായിരുന്നിട്ടില്ലാത്ത വ്യാപ്തിയും സ്വഭാവവുമുള്ള ബാലദുരുപയോഗത്തിന്റെ ഞെട്ടിക്കുന്ന ഒരു രൂപം മാനവസമൂഹത്തെ പിടിച്ചുലയ്ക്കുകയാണ്. അതു സംബന്ധിച്ച് എന്തു ചെയ്യാൻ കഴിയുമെന്നു കാണുന്നതിനു കുട്ടികൾക്കു നേരേയുള്ള വാണിജ്യ ലൈംഗിക ചൂഷണത്തിനെതിരെയുള്ള ആദ്യത്തെ ലോകസമ്മേളനത്തിൽ 130 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ കൂടിവരുകയുണ്ടായി. സ്വീഡനിലെ ഉണരുക! ലേഖകനും അവിടെയുണ്ടായിരുന്നു.
മാഗ്ഡലന് 14 വയസ്സുണ്ടായിരുന്നപ്പോഴാണ് അവളെ ഒരു ജോലിയിലേക്കു വശീകരിച്ചുകൊണ്ടുപോയത്. അവളുടെ ജോലി ഫിലിപ്പീൻസിലെ മനിലയിലുള്ള ഒരു ബാറിൽ “ആതിഥേയ” ആയിരിക്കുകയായിരുന്നു. വാസ്തവത്തിൽ, അവിടെ ഇടപാടുകാരായി വരുന്ന പുരുഷന്മാരെ ഒരു കൊച്ചു മുറിയിലേക്കു കൊണ്ടുപോയി അവരുടെ ലൈംഗിക ചൂഷണത്തിനു വേണ്ടി സ്വന്തം തുണിയുരിയുന്നത് അവളുടെ ജോലിയിൽ ഉൾപ്പെട്ടിരുന്നു—ഓരോ രാത്രിയിലും ശരാശരി 15 പേരു കാണും, ശനിയാഴ്ചകളിൽ 30 പേരും. ചിലപ്പോൾ, തനിക്കു മേലാൽ ഇതിനാവില്ലെന്ന് അവൾ പറയുമ്പോൾ അവളുടെ മാനേജർ ആ ജോലിയിൽ തുടരാൻ സമ്മർദം ചെലുത്തുമായിരുന്നു. മിക്കപ്പോഴും രാവിലെ നാലു മണിയാകുമ്പോഴായിരുന്നു അവളുടെ ജോലിസമയം തീരുന്നത്, അപ്പോഴേക്കും അവൾ അവശയും വിഷാദമഗ്നയും മാനസികമായി കഷ്ടമനുഭവിക്കുന്നവളും ആയിക്കഴിഞ്ഞിരിക്കും.
കമ്പോഡിയയിലെ ഫ്നോം പെന്നിലുള്ള ഒരു തെരുവിലെ അനാഥബാലനായിരുന്നു സാരൂൺ. അവനു സിഫിലിസ് പിടിപെട്ടിരുന്നു, വിദേശികളുമായി ‘ബന്ധപ്പെട്ടിരുന്നതു’ സംബന്ധിച്ച് അവൻ കുപ്രസിദ്ധിയാർജിച്ചിരുന്നു. ഒരു പഗോഡയിൽ അവനു താമസസൗകര്യം ലഭിച്ചു. മുമ്പ് സന്ന്യാസിയായിരുന്ന ഒരുവൻ അവനെ ‘പരിപാലിക്കേണ്ടതായിരുന്നു.’ എന്നാൽ, അയാൾ ആ ബാലനെ ലൈംഗികമായി ദ്രോഹിക്കുകയും വിദേശികളുമായുള്ള ലൈംഗിക ഇടപാടിന് അവനെ കരുതിവെക്കുകയും ചെയ്തിരുന്നു. പഗോഡയിലെ സാരൂണിന്റെ താമസസ്ഥലം ഇടിച്ചുപൊളിച്ചുകളഞ്ഞപ്പോൾ അവൻ തന്റെ ആൻറിയോടൊത്തു താമസിക്കാൻ തുടങ്ങി, അപ്പോഴും അവൻ തെരുവിൽ അതേ ജോലി ചെയ്യാൻ നിർബന്ധിതനായി.
കഴിഞ്ഞ വർഷാവസാനം സംഘടിപ്പിച്ച, കുട്ടികൾക്കു നേരേയുള്ള വ്യാവസായിക ലൈംഗിക ചൂഷണത്തിനെതിരെയുള്ള ആദ്യത്തെ ലോകസമ്മേളനത്തിൽ പ്രതിപാദിച്ച ഈ പ്രശ്നത്തിന്റെ കേവലം രണ്ട് ഉദാഹരണങ്ങൾ മാത്രമാണിവ. ഇത് എത്ര വ്യാപകമാണ്? ലക്ഷക്കണക്കിനു കുട്ടികൾ ഉൾപ്പെട്ടിരിക്കുന്നു—ചിലർ പറയുന്നതു കോടിക്കണക്കിനു കുട്ടികൾ ഉൾപ്പെട്ടിരിക്കുന്നുവെന്നാണ്. ഒരു പ്രതിനിധി ഈ പ്രശ്നത്തെ ഇങ്ങനെ സംഗ്രഹിച്ചു: “ലൈംഗിക, സാമ്പത്തിക ഉപഭോഗവസ്തുക്കൾ പോലെയാണു കുട്ടികളെ വാങ്ങുന്നതും വിൽക്കുന്നതും. നിയമവിരുദ്ധ കള്ളക്കടത്തുപോലെ, അവരെ അതിർത്തിക്കുള്ളിൽത്തന്നെയും പുറത്തേക്കും കടത്തിക്കൊണ്ടുപോകുന്നു, വേശ്യാലയങ്ങളിൽ തടവിലാക്കുന്നു, ലൈംഗിക ചൂഷണം ചെയ്യുന്ന ഒട്ടേറെ പേർക്കു വഴങ്ങാൻ നിർബന്ധിതരാക്കപ്പെടുന്നു.”
ഈ ചൂഷണത്തെ “ഏറ്റവും മൃഗീയവും അതിനിഷ്ഠുരവും കുത്സിതവുമായതരം കുറ്റകൃത്യം” എന്നു സ്വീഡനിലെ പ്രധാനമന്ത്രിയായ യോറൻ പെർസോൺ മുദ്ര കുത്തുകയുണ്ടായി. അത് “കുട്ടികളോടുള്ള സർവതോന്മുഖമായ ആക്രമണമാണ് . . . , തികഞ്ഞ ദുഷ്ടതയാണ്, മനുഷ്യാവകാശങ്ങളുടെ സങ്കൽപ്പിക്കാനാവുന്നതിലേക്കുംവെച്ച് ഏറ്റവും നിന്ദ്യമായ ലംഘനമാണ്” എന്ന് ഒരു ഐക്യരാഷ്ട്ര പ്രതിനിധി പറഞ്ഞു. കുട്ടികളെ ലൈംഗിക ചൂഷണത്തിനു വിധേയമാക്കുന്നതിന്റെ വ്യാപ്തിയും സ്വഭാവവും കാരണങ്ങളും ഫലങ്ങളും പരിചിന്തിക്കവെ ഉഗ്രരോഷത്തിന്റെ സമാനമായ ആശയപ്രകടനങ്ങൾ സമ്മേളനത്തിലുടനീളം വേദിയിൽ മുഴങ്ങിക്കേട്ടു.
“അതിന്റെ വ്യാപ്തി ദേശീയാതിർത്തികൾക്ക് അപ്പുറത്തെത്തുന്നു, അതിന്റെ ഫലം തലമുറകൾക്കപ്പുറത്തേക്കു വ്യാപിക്കുന്നു,” ഒരു ഉറവിടം അതേക്കുറിച്ചു പറഞ്ഞത് അങ്ങനെയാണ്. മറ്റൊന്ന് ഇങ്ങനെ പ്രസ്താവിച്ചു: “അനേക ശതകോടി ഡോളറിന്റെ ഈ നിയമവിരുദ്ധ കമ്പോളത്തിൽ പ്രതിവർഷം പത്തു ലക്ഷത്തോളം കുട്ടികൾ പ്രവേശിക്കുന്നതായി വിശ്വസിക്കപ്പെടുന്നു.” അതിന്റെ ഫലമെന്താണ്? “അന്തസ്സ്, താദാത്മ്യം, ആത്മാഭിമാനം തുടങ്ങിയവ സംബന്ധിച്ച കുട്ടിയുടെ അവബോധം തുരങ്കം വെക്കപ്പെടുന്നുവെന്നു മാത്രമല്ല, ആശ്രയിക്കാനുള്ള അവരുടെ പ്രാപ്തിക്കു മങ്ങലേൽക്കുകയും ചെയ്യുന്നു. അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം അപകടത്തിലാകുന്നു, അവരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നു, അവരുടെ ഭാവി തകരുന്നു.”
ചില കാരണങ്ങൾ
ഈ പ്രശ്നത്തിന്റെ സ്ഫോടനാത്മക വളർച്ചയുടെ ചില കാരണങ്ങൾ എന്തൊക്കെയാണ്? ചില കുട്ടികൾ, “ദരിദ്രമായ നഗരപ്രദേശങ്ങളിൽ അതിജീവിക്കുന്നതിനോ തങ്ങളുടെ കുടുംബങ്ങളെ സഹായിക്കുന്നതിനോ വസ്ത്രങ്ങളും സാധനങ്ങളും മറ്റും വാങ്ങുന്നതിനോ ഉള്ള ഒരു മാർഗമെന്നനിലയിൽ സാഹചര്യങ്ങളുടെ നിർബന്ധത്താൽ വേശ്യാവൃത്തിയിൽ” ഏർപ്പെടുന്നതായി പ്രസ്താവിക്കപ്പെട്ടു. “പരസ്യമാധ്യമങ്ങളിലെ ഉപഭോക്താക്കളുടെ ആക്രമണത്താൽ വശീകരിക്കപ്പെടുന്നവരാണു മറ്റു ചിലർ.” ഇനിയും വേറെ ചിലരെ തട്ടിക്കൊണ്ടുപോയി വേശ്യവൃത്തിയിലേർപ്പെടുത്തുന്നു. അതിന്റെ കാരണങ്ങളുടെ കൂട്ടത്തിൽ ധാർമിക മൂല്യങ്ങളിൽ എല്ലായിടത്തുമുള്ള സത്വര അധഃപതനവും പൊതുവായ പ്രത്യാശയില്ലായ്മയും പരാമർശിക്കപ്പെട്ടു.
കുടുംബത്തിലെ ദുഷ്പെരുമാറ്റം നിമിത്തം പല പെൺകുട്ടികളും ആൺകുട്ടികളും ലൈംഗികവിപണനത്തിൽ ഉൾപ്പെടുന്നു—ഭവനത്തിലെ അക്രമവും നിഷിദ്ധ ബന്ധുവേഴ്ചയും അവരെ തെരുവിലേക്കു തള്ളിവിടുന്നു. അവിടെ അവർ ലൈംഗികപീഡനം നടത്തുന്നവരുടെയും മറ്റുള്ളവരുടെയും, ചിലപ്പോൾ പൊലീസുകാരുടെ പോലും, ദുഷ്പെരുമാറ്റത്തിനു വിധേയരാകുന്നു. ഈ പ്രശ്നത്തെക്കുറിച്ച് കുട്ടികൾ വിൽപ്പനയ്ക്ക് (ഇംഗ്ലീഷ്) എന്ന ശീർഷകത്തിലുള്ള പ്രസിദ്ധീകരണത്തിലെ ഒരു റിപ്പോർട്ട് ബ്രസീലിലെ ആറുവയസ്സുകാരിയായ കാത്തിയയെക്കുറിച്ചു പറയുന്നു. അവളെ ഒരു പൊലീസുകാരൻ പിടികൂടി അപഹാസ്യമായ ക്രീഡകളിലേർപ്പെടാൻ നിർബന്ധിച്ചു. മേലധികാരിയോടു പറഞ്ഞാൽ അവളുടെ കുടുംബത്തെ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. പിറ്റേ ദിവസം അയാൾ മടങ്ങിവന്നപ്പോൾ കൂടെ മറ്റ് അഞ്ചു പുരുഷന്മാരുണ്ടായിരുന്നു, അവർക്കു വേണ്ടിയും അവൾ ലൈംഗികസേവനം ചെയ്യാൻ അവരാഗ്രഹിച്ചു.
കുട്ടികളുടെ ഓംബുഡ്സ്മൻ എന്ന ഒരു സ്വീഡിഷ് സ്ഥാപനം സമ്മേളനപ്രതിനിധികളോട് ഇങ്ങനെ പറഞ്ഞു: “ബാലവേശ്യാവൃത്തിക്കു കാരണങ്ങളെന്തെന്നു പഠനം നടത്തിയിട്ടുണ്ട്, അതിന്റെ പ്രമുഖ കാരണങ്ങളിൽ ഒന്ന് [ലൈംഗിക] വിനോദസഞ്ചാരമാണെന്നുള്ളതിനു സംശയമില്ല.” ഒരു റിപ്പോർട്ട് ഇങ്ങനെ പറയുകയുണ്ടായി: “ബാലവേശ്യാവൃത്തിയിൽ കഴിഞ്ഞ പത്തു വർഷമായി ഉണ്ടായിട്ടുള്ള അവിശ്വസനീയമായ അതിപ്രസരം ഈ വിനോദസഞ്ചാര ബിസിനസിന്റെ നേരിട്ടുള്ള ഫലമാണ്. വികസ്വര രാഷ്ട്രങ്ങൾ നൽകുന്ന ഏറ്റവും പുതിയ വിനോദസഞ്ചാര ആകർഷണമായിത്തീർന്നിരിക്കുന്നു ബാലവേശ്യാവൃത്തി.” യൂറോപ്പ്, ഐക്യനാടുകൾ, ജപ്പാൻ, മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള “ലൈംഗിക വിനോദയാത്രകൾ” ലോകത്തുടനീളം ബാലവേശ്യകളുടെ ഡിമാൻറ് വർധിപ്പിക്കുന്നു. ലൈംഗിക വിനോദയാത്രകൾക്കു പ്രചാരമേകാൻ തികച്ചും ലൈംഗികാസക്തി ജനിപ്പിക്കുന്ന രീതിയിൽ നിൽക്കുന്ന ഒരു കുട്ടിയുടെ കാർട്ടൂൺ ചിത്രം യൂറോപ്പിലെ ഒരു എയർലൈൻസ് കമ്പനി ഉപയോഗിക്കുകയുണ്ടായി. വർഷംതോറും ആയിരങ്ങൾക്കു ട്രാവൽ ഏജൻസികൾ ലൈംഗിക വിനോദയാത്രകൾ ക്രമീകരിക്കുന്നു.
പുതിയ സാങ്കേതികവിദ്യയിലൂടെ ബാലലൈംഗിക വ്യവസായത്തിനു നൽകുന്ന അന്തർദേശീയ പ്രോത്സാഹനം അതിന്റെ കാരണങ്ങളുടെ നീണ്ട പട്ടികയിലൊന്നാണ്. ഇൻറർനെറ്റും മറ്റു ബന്ധപ്പെട്ട കമ്പ്യൂട്ടർ സാങ്കേതികവിദ്യകളും അശ്ലീലത്തിന്റെ ഏറ്റവും വലിയ ഉറവിടമാണെന്നു റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ, ബാല അശ്ലീലം നിർമിക്കുന്നതിൽ വിലകുറഞ്ഞ വീഡിയോ ഉപകരണങ്ങളും ഒരു സഹായമായിത്തീർന്നിരിക്കുന്നു.
അവർ ആരാണ്?
കുട്ടികളെ ലൈംഗികമായി ദ്രോഹിക്കുന്ന മുതിർന്നവരിൽ പലരും ബാലരതിപ്രിയരാണ്. കുട്ടികളെ ലൈംഗികമായി ദ്രോഹിക്കുന്ന ഒരുവന് കുട്ടികളോടു വികലമായ ലൈംഗികാകർഷണമായിരിക്കും ഉള്ളത്. സ്വീഡനിലെ കുട്ടികളുടെ ഓംബുഡ്സ്മൻ പറയുന്നതനുസരിച്ച്, “അവർ അവശ്യം പ്രായം ചെല്ലുന്ന, അലസമനോഭാവക്കാരായ, മഴക്കോട്ടുധാരികളായ പുരുഷന്മാരോ ഉഗ്രസ്വഭാവികളായ ആണുങ്ങളോ അല്ല. ഒരു സാധാരണ ബാലരതിപ്രിയൻ നല്ല വിദ്യാഭ്യാസമുള്ള മധ്യവയസ്കനാണ്. അയാൾ മിക്കപ്പോഴും അധ്യാപകനോ ഡോക്ടറോ സാമൂഹിക പ്രവർത്തകനോ പുരോഹിതനോ ആയി കുട്ടികളോടൊപ്പം പ്രവർത്തിക്കുന്നവനാണ്.”
ഫിലിപ്പീൻസിലുള്ള 12 വയസ്സുകാരിയായ റോസാറിയോ എന്ന പെൺകുട്ടിയുടെ ഉദാഹരണം സ്വീഡിഷ് സംഘം പരാമർശിക്കുകയുണ്ടായി. അവളെ ഓസ്ട്രിയയിൽനിന്നുള്ള ലൈംഗിക വിനോദസഞ്ചാരിയായ ഒരു ഡോക്ടർ ദ്രോഹിച്ചു. അയാളുടെ ദുഷ്പെരുമാറ്റം അവളുടെ മരണത്തിൽ കലാശിച്ചു.
ജനീവയിലെ യുനിസെഫിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായ കാരൾ ബെലാമി 12 വയസ്സുള്ള ആ ഫിലിപ്പീൻസുകാരിയെക്കുറിച്ച് ഇങ്ങനെ പ്രസ്താവിച്ചു: “കുട്ടികളെ പരിപാലിക്കാനും സംരക്ഷിക്കാനും അധികാരപ്പെടുത്തപ്പെട്ടിരിക്കുന്നവർ തന്നെയാണ് പൊറുക്കാനാവാത്ത ഈ നടപടിയെ അനുവദിക്കുന്നതും അനുവർത്തിക്കുന്നതും. തങ്ങളുടെ അന്തസ്സും അധികാരവും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ഉപയോഗിക്കുന്ന അധ്യാപകരും ആരോഗ്യവിദഗ്ധരും പൊലീസ് ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും വൈദികരും ഇതിലുൾപ്പെടുന്നു.”
മതം ഉൾപ്പെട്ടിരിക്കുന്നു
കുട്ടികളെ ചൂഷണം ചെയ്യുന്നത് “അതിനികൃഷ്ടമായ കുറ്റകൃത്യ”വും “മൂല്യങ്ങളുടെ വലിയ വികലതയുടെയും തകർച്ചയുടെയും ഫലവു”മാണെന്ന് സ്റ്റോക്ക്ഹോം സമ്മേളനത്തിൽ കത്തോലിക്കാ സഭയുടെ ഒരു പ്രതിനിധി പ്രഖ്യാപിക്കുകയുണ്ടായി. അതേസമയം, കത്തോലിക്കാ സഭയിലെ വൈദികരുടെ ഇടയിലുള്ള അത്തരം ചെയ്തികൾ ആ സഭയെ വളരെ മോശമായി ബാധിച്ചിരിക്കുന്നു.
1993 ആഗസ്റ്റ് 16-ലെ ന്യൂസ്വീക്കിൽ “പുരോഹിതന്മാരും ദുരുപയോഗവും” എന്ന ശീർഷകത്തിലുള്ള ഒരു ലേഖനം “യു.എസ്. കത്തോലിക്കാ സഭയുടെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ പൗരോഹിത്യ അപകീർത്തി”യെക്കുറിച്ച് റിപ്പോർട്ടു ചെയ്യുകയുണ്ടായി. അതിങ്ങനെ പ്രസ്താവിച്ചു: “1982 മുതൽ 400-ഓളം പുരോഹിതന്മാർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും, 2,500-ഓളം പുരോഹിതന്മാർ കുട്ടികളെയും കൗമാരപ്രായക്കാരെയും ദ്രോഹിച്ചിട്ടുള്ളതായി ചില സഭാംഗങ്ങൾ ഊഹിക്കുന്നു. . . . പണനഷ്ടത്തെക്കാളുപരി, ഈ കുത്സിത പ്രവൃത്തി സഭയ്ക്കു വലിയ അപകീർത്തി വരുത്തിവെച്ചിരിക്കുന്നു. മാത്രമല്ല, അതിന്റെ ധാർമിക അധികാരത്തിനും നഷ്ടം സംഭവിച്ചിരിക്കുന്നു.” ലോകത്തിലുടനീളമുള്ള മറ്റു മതങ്ങളും സമാനമായ സാഹചര്യത്തിലാണ്.
യുണൈറ്റഡ് കിങ്ഡത്തിൽനിന്നുള്ള ലൈംഗിക കുറ്റകൃത്യ ഉപദേഷ്ടാവായ റേയ് വയർ, ഒരു പുരോഹിതൻ അതിക്രൂരമായി ദുരുപയോഗം ചെയ്ത രണ്ട് ആൺകുട്ടികളെക്കുറിച്ച് സ്റ്റോക്ക്ഹോമിലെ സമ്മേളനത്തിൽ പറയുകയുണ്ടായി. ആ ആൺകുട്ടികളിൽ ഒരാളിപ്പോൾ പുരോഹിതന്മാരുടെ ബാലദുരുപയോഗത്തിന് ഇരകളായിരിക്കുന്നവരെ സഹായിക്കുന്നതിന് ഒരു ഏജൻസി നടത്തുന്നു. മറ്റേ കുട്ടിയാണെങ്കിൽ, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ഒരുവനായി മാറിയിരിക്കുന്നു.
“തായ്ലൻഡിൽ പല തലങ്ങളിൽ, കുട്ടികളെ വാണിജ്യപരമായി ലൈംഗിക ചൂഷണം ചെയ്യുന്നതിന്റെ ഉത്തരവാദിത്വത്തിൽ ചിലതരം ബുദ്ധമത ആചാരങ്ങൾക്ക് ഒരു പങ്കുണ്ട്. തായ്ലൻഡിലെ ചില പ്രാദേശിക ഗ്രാമങ്ങളിൽ വേശ്യാവൃത്തിക്കു നിർബന്ധിക്കപ്പെട്ട കുട്ടികൾ സമൂഹത്തിനു തിരിച്ചു നൽകുന്ന പണത്തിൽനിന്ന് ചിലപ്പോൾ സന്ന്യാസിമാർ പ്രയോജനം നേടിയിരിക്കുന്നു” എന്ന് തായ്ലൻഡിൽനിന്നുള്ള ഒരു ബുദ്ധമത പണ്ഡിതനായ മിഡാനാൻഡൂ ബൈക്കു റിപ്പോർട്ടു ചെയ്യുകയുണ്ടായി.
എന്തു ചെയ്യാൻ കഴിയും?
തങ്ങളുടെ പെരുമാറ്റത്തെ ചൂഷകർ ന്യായീകരിക്കുന്നത് നീതിക്കു നിരക്കാത്തതാണെന്നു വ്യക്തമാക്കാൻ യുണൈറ്റഡ് കിങ്ഡത്തിൽ ലെയ്സെസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഡോ. ജൂലിയ ഒ’കൊണൽ ഡേവിഡ്സൺ ആ സമ്മേളനത്തെ ആഹ്വാനം ചെയ്യുകയുണ്ടായി. ഇതിനോടകംതന്നെ കുട്ടി കൊള്ളരുതാത്തവനാണ് എന്നു വാദിച്ചുകൊണ്ട്, ദുരുപയോഗം ചെയ്യുന്നവർ മിക്കപ്പോഴും കുട്ടിയുടെ ലൈംഗിക ദുർന്നടത്തയിലേക്കും അധാർമികതയിലേക്കും വിരൽ ചൂണ്ടുന്നു. തങ്ങളുടെ പ്രവൃത്തികളാൽ കുട്ടിക്കു ദോഷമൊന്നും വരുകയില്ല, മറിച്ച് പ്രയോജനമേ ഉണ്ടാകുകയുള്ളൂ എന്ന് വികലവും വ്യാജവുമായ വിധത്തിൽ മറ്റു ചില ചൂഷകർ അവകാശപ്പെടുന്നു.
സ്കൂൾ പാഠ്യപദ്ധതിയിലെ വിദ്യാഭ്യാസത്തിലൂടെ ഇതിനെതിരെ പോരാടണമെന്ന് ലൈംഗിക വിനോദസഞ്ചാരം കൈകാര്യം ചെയ്യുന്ന ഒരു സംഘം ശുപാർശ ചെയ്യുകയുണ്ടായി. മാത്രമല്ല, കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്നതിനെതിരെയുള്ള വിവരങ്ങൾ യാത്രയിലുടനീളം യാത്രികർക്കു ലഭിച്ചിരിക്കണം—യാത്ര പുറപ്പെടുന്നതിനു മുമ്പും യാത്രാവേളയിലും ഉദ്ദിഷ്ട സ്ഥലത്ത് എത്തിച്ചേർന്നശേഷവും.
പുതിയ വാർത്താവിനിമയ സാങ്കേതികവിദ്യകളുടെ കാര്യത്തിൽ, കുട്ടികളെ ചൂഷണം ചെയ്യുന്ന വിവരങ്ങൾ നീക്കം ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ രാഷ്ട്രങ്ങൾക്കു നൽകണമെന്ന് ഒരു സംഘം നിർദേശിക്കുകയുണ്ടായി. ഈ മേഖലയിലുള്ള പ്രവർത്തനത്തെ ഏകോപിപ്പിക്കാൻ ഒരൊറ്റ അന്താരാഷ്ട്ര ഏജൻസി സ്ഥാപിക്കുക എന്ന കാര്യത്തെക്കുറിച്ചു പരിചിന്തിക്കുകയുണ്ടായി. കമ്പ്യൂട്ടർ നിർമിത ബാല അശ്ലീലവും ബാല അശ്ലീലം കൈവശം വെക്കുന്നതും പൊതുവേ, നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായി എല്ലാ രാജ്യങ്ങളിലും കണക്കാക്കണമെന്നു മറ്റൊരു സംഘം ശുപാർശ ചെയ്തു.
മാതാപിതാക്കൾക്ക് എന്തു ചെയ്യാൻ സാധിക്കും? തങ്ങളുടെ കുട്ടികളെ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം മാതാപിതാക്കൾ ഏറ്റെടുക്കണമെന്ന് മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു സംഘം നിർദേശിക്കുകയുണ്ടായി. അതിങ്ങനെ പ്രസ്താവിച്ചു: “മാധ്യമങ്ങൾ ഉപയോഗപ്പെടുത്തുന്നവരായി കുട്ടികൾ വളർന്നുവരവെ മാതാപിതാക്കൾ അവർക്കു മാർഗനിർദേശം നൽകുകയും വിവരങ്ങളുടെ ഉറവിടത്തിന്റെ പശ്ചാത്തലവും വിശദീകരണവും നാനാത്വവും പകർന്നുകൊടുക്കുകയും വേണം. ഇതിന്റെ ലക്ഷ്യം മാധ്യമങ്ങളുടെ സ്വാധീനത്തെ സമനിലയിൽ നിർത്തുകയും ഗ്രാഹ്യത്തോടെ വളർന്നുവരാൻ കുട്ടിയെ സഹായിക്കുകയുമാണ്.”
ആ സമ്മേളനത്തെക്കുറിച്ചു റിപ്പോർട്ടു ചെയ്ത ഒരു സ്വീഡിഷ് ടിവി പരിപാടി, മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെമേൽ നല്ല രീതിയിൽ മേൽനോട്ടം വഹിക്കേണ്ടതിന്റെയും അപകടങ്ങൾ സംബന്ധിച്ചു ജാഗ്രത പുലർത്തേണ്ടതിന്റെയും ആവശ്യം ഊന്നിപ്പറഞ്ഞു. എങ്കിലും, അത് ഇങ്ങനെ ബുദ്ധ്യുപദേശിച്ചു: “കേവലം ‘വൃത്തികെട്ട കിഴവൻമാരെ’ക്കുറിച്ച് കുട്ടികൾക്കു മുന്നറിയിപ്പു കൊടുത്താൽ പോരാ. കാരണം, . . . വയസ്സന്മാരും അലസരുമായ പുരുഷന്മാരെ മാത്രം സൂക്ഷിച്ചാൽ മതി എന്നു കുട്ടികൾ ചിന്തിക്കും. അത്തരം കുറ്റകൃത്യം ചെയ്യുന്ന ഒരു വ്യക്തി യൂണിഫോമോ ഭംഗിയുള്ള സൂട്ടോ ധരിച്ചേക്കാം. അതുകൊണ്ട്, അവരിൽ അസാധാരണമായ താത്പര്യമെടുക്കുന്ന അപരിചിതർക്കെതിരെ മുന്നറിയിപ്പു കൊടുക്കുക.” തങ്ങൾക്ക് അറിയാവുന്നവർ ഉൾപ്പെടെ, കുട്ടികൾക്കുനേരേ അനുചിതമായ മുന്നേറ്റങ്ങൾ നടത്തുന്ന ഏതു വ്യക്തിയെക്കുറിച്ചും കുട്ടികൾക്കു മുന്നറിയിപ്പു കൊടുക്കേണ്ടതാണ്—ഒപ്പംതന്നെ അത്തരം കാര്യങ്ങൾ സംബന്ധിച്ച് അധികാരികൾക്ക് അറിവു കൊടുക്കാനും അവരെ പ്രോത്സാഹിപ്പിക്കുക.
ഒരേയൊരു പരിഹാരം
കുട്ടികളോടുള്ള ലൈംഗിക ചൂഷണത്തിന്റെ കാരണങ്ങളെ എങ്ങനെ മറികടക്കാം എന്നു വ്യക്തമാക്കുന്ന കാര്യത്തിൽ സ്റ്റോക്ക്ഹോം സമ്മേളനം പരാജയപ്പെട്ടു. ആ കാരണങ്ങളിൽ പിൻവരുന്ന കാര്യങ്ങൾ ഉൾപ്പെടുന്നു: എല്ലായിടത്തും അതിവേഗത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യത്തകർച്ച; സ്വാർഥതയുടെയും ഭൗതിക കാര്യങ്ങളോടുള്ള തൃഷ്ണയുടെയും വർധനവ്; ആളുകളെ അനീതിയിൽനിന്നു സംരക്ഷിക്കാനുദ്ദേശിച്ചുള്ള നിയമങ്ങളോടുള്ള വർധിച്ചുവരുന്ന അനാദരവ്; മറ്റുള്ളവരുടെ ക്ഷേമം, അന്തസ്സ്, ജീവൻ എന്നിവയോടുള്ള ആദരവില്ലായ്മ; കുടുംബക്രമീകരണത്തിന്റെ ദ്രുതഗതിയിലുള്ള തകർച്ച; ജനപ്പെരുപ്പം, തൊഴിലില്ലായ്മ, നഗരവത്കരണം, കുടിയേറ്റം എന്നിവ മൂലമുണ്ടാകുന്ന വ്യാപകമായ ദാരിദ്ര്യം; വിദേശികൾക്കും അഭയാർഥികൾക്കുമെതിരെ വർധിച്ചുവരുന്ന വർഗീയത; മയക്കുമരുന്നുകൾ ഉത്പാദിപ്പിക്കുന്നതിലും കടത്തിക്കൊണ്ടുപോകുന്നതിലുമുള്ള നിരന്തര വർധനവ്; വികലമായ മതവീക്ഷണങ്ങൾ, ആചാരങ്ങൾ, പാരമ്പര്യങ്ങൾ തുടങ്ങിയവ.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് ഞെട്ടിക്കുന്ന ഒരു സംഗതിയാണെങ്കിലും, അവധാനപൂർവം ബൈബിൾ വായിക്കുന്നവർക്ക് അത് അതിശയമല്ല. എന്തുകൊണ്ട്? കാരണം, ബൈബിൾ പറയുന്ന “അന്ത്യകാല”ത്താണു നാം ജീവിക്കുന്നത്, ദൈവവചനം പറയുന്നതനുസരിച്ച് “ദുർഘടസമയങ്ങൾ” ഇപ്പോഴുണ്ട്. (2 തിമൊഥെയൊസ് 3:1-5, 13) അതുകൊണ്ട്, ധാർമിക നിലവാരങ്ങൾ പൂർവാധികം അധഃപതിച്ചുപോയിരിക്കുന്നതിൽ എന്തെങ്കിലും അതിശയിക്കാനുണ്ടോ?
എന്നിരുന്നാലും, ലോകത്തിന്റെ വൻ പ്രശ്നങ്ങൾക്കുള്ള ഏക പരിഹാരം ബൈബിൾ എടുത്തുകാണിക്കുന്നു—സർവശക്തനായ ദൈവം നടത്തുന്ന സമൂല ശുദ്ധീകരണം. പെട്ടെന്നുതന്നെ അവൻ തന്റെ തത്ത്വങ്ങളും നിയമങ്ങളും അനുസരിച്ചു ജീവിക്കാത്തവരെ തന്റെ സർവശക്തിയുപയോഗിച്ചു ഭൂമിയിൽനിന്നു നീക്കം ചെയ്യും: “നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.”—സദൃശവാക്യങ്ങൾ 2:21, 22; 2 തെസ്സലൊനീക്യർ 1:6-9.
കുട്ടികളെ വേശ്യമാരാക്കുന്ന എല്ലാവരും അവരെ ദുരുപയോഗം ചെയ്യുന്ന ആളുകളും “ഛേദിക്കപ്പെടു”ന്നവരിൽ ഉൾപ്പെടും. ദൈവവചനം ഇങ്ങനെ പ്രസ്താവിക്കുന്നു: “ദുർന്നടപ്പുകാർ . . . വ്യഭിചാരികൾ . . . പുരുഷകാമികൾ [ബാലകാമികൾ] . . . എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.” (1 കൊരിന്ത്യർ 6:9, 10) “അറെക്കപ്പെട്ടവർ . . . ദുർന്നടപ്പുകാർ” തുടങ്ങിയവർ “രണ്ടാമത്തെ മരണ”ത്തിന്—നിത്യ നാശത്തിന്—ഏൽപ്പിക്കപ്പെടുമെന്ന് അതു കൂട്ടിച്ചേർക്കുന്നു.—വെളിപ്പാടു 21:8.
ദൈവം ഭൂമിയെ ശുദ്ധീകരിച്ച് തികച്ചും പുതിയതും നീതിയുള്ളതുമായ ഒരു വ്യവസ്ഥിതി, ‘പുതിയ ആകാശവും പുതിയ ഭൂമിയും,’ ആനയിക്കും. (2 പത്രൊസ് 3:13) അപ്പോൾ, ദൈവം സൃഷ്ടിക്കുന്ന ആ പുതിയ ലോകത്തിൽ, ദുഷിച്ച, വികടരായ ആളുകൾ മേലാൽ നിർദോഷികളെ മുതലെടുക്കുകയില്ല. ആ നിർദോഷികൾ വീണ്ടും ബലിയാടുകളാകുമെന്ന ഭയവുമുണ്ടായിരിക്കുകയില്ല. കാരണം, “ആരും അവരെ ഭയപ്പെടുത്തുകയില്ല.”—മീഖാ 4:4.
[12-ാം പേജിലെ ആകർഷകവാക്യം]
“അതിനിഷ്ഠുരവും കുത്സിതവുമായതരം കുറ്റകൃത്യം.”—സ്വീഡനിലെ പ്രധാനമന്ത്രി
[13-ാം പേജിലെ ആകർഷകവാക്യം]
“ഓരോ വാരത്തിലും ഒരു കോടിക്കും 1.2 കോടിക്കും ഇടയിൽ പുരുഷന്മാർ ചെറുപ്പക്കാരികളായ വേശ്യകളെ സന്ദർശിക്കുന്നു.”—ദി ഇക്കണോമിസ്റ്റ്, ലണ്ടൻ
[14-ാം പേജിലെ ആകർഷകവാക്യം]
വികസ്വര രാജ്യങ്ങളിൽ കുട്ടികളെ ചൂഷണം ചെയ്യുന്നതിന്റെ ഒരു മുഖ്യ കാരണമാണ് ലൈംഗിക വിനോദസഞ്ചാരം
[13-ാം പേജിലെ ചതുരം]
ലൈംഗിക വിനോദസഞ്ചാരം—എന്തുകൊണ്ട്?
(വിനോദസഞ്ചാരികൾ കുട്ടികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ചില കാരണങ്ങൾ)
(1) താൻ ആരാണെന്ന് അറിയില്ലെന്നുള്ള സംഗതി സ്വന്തരാജ്യത്തെ സാമൂഹിക വിലക്കുകളിൽനിന്ന് അദ്ദേഹത്തെ മുക്തനാക്കുന്നു
(2) പ്രാദേശിക ഭാഷ നന്നായി അല്ലെങ്കിൽ ഒട്ടുംതന്നെ അറിയില്ലാത്തതുകൊണ്ട്, ഒരു കുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനു പണം നൽകിയാൽ അത് അംഗീകരിക്കപ്പെടുമെന്നോ അവരെ ദാരിദ്ര്യത്തിൽനിന്നു മുക്തമാക്കാനുള്ള ഒരു വഴിയാണെന്നോ വിശ്വസിക്കാൻ വിനോദസഞ്ചാരികൾ എളുപ്പം വഴിതെറ്റിക്കപ്പെടാം
(3) വർഗീയ മനോഭാവങ്ങൾ, തങ്ങൾ താണവരായി കണക്കാക്കുന്നവരെ ചൂഷണം ചെയ്യാൻ സന്ദർശകർക്കു പ്രോത്സാഹനം നൽകുന്നു
(4) വികസ്വര രാജ്യങ്ങളിൽ ലൈംഗിക സേവനങ്ങൾ കുറഞ്ഞ വിലയ്ക്കു ലഭ്യമാണെന്നു കാണുമ്പോൾ തങ്ങൾ സമ്പന്നരാണെന്നു വിനോദസഞ്ചാരികൾക്കു തോന്നുന്നു
[15-ാം പേജിലെ ചതുരം]
ഈ പ്രശ്നത്തിന്റെ ആഗോള വ്യാപ്തി
(പല ഗവൺമെൻറ് അധികാരികളുടെയും മറ്റു സംഘടനകളുടെയും കണക്കുകളാണു പിൻവരുന്നവ)
ബ്രസീൽ: ചുരുങ്ങിയത് 2,50,000 ബാലവേശ്യകളുണ്ട്
കാനഡ: സംഘടിത കൂട്ടിക്കൊടുപ്പു വലയങ്ങൾ ആയിരക്കണക്കിനു കൗമാരപ്രായക്കാരികളെ വേശ്യാവൃത്തിയിൽ ഏർപ്പെടുത്തുന്നു
ചൈന: 2,00,000-ത്തിനും 5,00,000-ത്തിനും ഇടയ്ക്കു കുട്ടികൾ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നു. സമീപ വർഷങ്ങളിൽ ഏതാണ്ട് 5,000-ത്തോളം ചൈനീസ് പെൺകുട്ടികളെ അതിർത്തിക്കപ്പുറത്തേക്ക് ആകർഷിച്ച് വേശ്യകളായി മ്യാൻമാറിലേക്കു വിറ്റിട്ടുണ്ട്
കൊളംബിയ: ബോഗോട്ടാ തെരുവുകളിൽ ലൈംഗിക ചൂഷണത്തിനു വിധേയരാകുന്ന കുട്ടികളുടെ സംഖ്യ കഴിഞ്ഞ ഏഴു വർഷംകൊണ്ട് അഞ്ചിരട്ടിയായി വർധിച്ചിരിക്കുന്നു
പൂർവ യൂറോപ്പ്: 1,00,000 തെരുവു കുട്ടികൾ. പലരെയും പശ്ചിമ യൂറോപ്പിലെ വേശ്യാലയങ്ങളിലേക്ക് അയയ്ക്കുന്നു
ഇന്ത്യ: ലൈംഗിക വ്യവസായത്തിൽ 4,00,000 കുട്ടികൾ ഉൾപ്പെട്ടിരിക്കുന്നു
മൊസാമ്പിക്ക്: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ പേരിൽ സഹായ ഏജൻസികൾ യുഎൻ സമാധാനപാലന സേനകളെ കുറ്റപ്പെടുത്തി
മ്യാൻമാർ: ഓരോ വർഷവും 10,000 പെൺകുട്ടികളെയും സ്ത്രീകളെയും തായ്ലൻഡിലെ വേശ്യാലയങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നു
ഫിലിപ്പീൻസ്: 40,000 കുട്ടികൾ ഉൾപ്പെട്ടിരിക്കുന്നു
ശ്രീലങ്ക: 6-നും 14-നും ഇടയിൽ പ്രായമുള്ള 10,000 കുട്ടികൾ വേശ്യാലയങ്ങളിൽ അടിമകളാണ്. 10-നും 18-നും ഇടയിൽ പ്രായമുള്ള 5,000 കുട്ടികൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സ്വതന്ത്രമായി പണിയെടുക്കുന്നു
തയ്വാൻ: 30,000 കുട്ടികൾ ഉൾപ്പെട്ടിരിക്കുന്നു
തായ്ലൻഡ്: 3,00,000 കുട്ടികൾ ഉൾപ്പെട്ടിരിക്കുന്നു
ഐക്യനാടുകൾ: 1,00,000-ത്തിലധികം കുട്ടികൾ ഉൾപ്പെട്ടിരിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു