ദൈവം അംഗീകരിക്കുന്ന മതമേത്?
ദുഃഖകരമെന്നു പറയട്ടെ, 16-ാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ഉണ്ടായിരുന്ന മതവിദ്വേഷങ്ങൾ അവിടംകൊണ്ട് അവസാനിച്ചില്ല. തുടർന്നുവന്ന നൂറ്റാണ്ടിൽ ആഴമായ മുൻവിധികൾ യൂറോപ്പിനെ പിച്ചിച്ചീന്തി. മുപ്പതു വർഷം (1618-48) നീണ്ടുനിന്ന യുദ്ധത്തിൽ കത്തോലിക്കരും പ്രൊട്ടസ്റ്റൻറുകാരും വീണ്ടും പടക്കളത്തിലിറങ്ങി. ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവർ ദൈവത്തിന്റെ പേരിൽ അന്യോന്യമുള്ള ദുഷ്ടമായ കൊലയ്ക്കു പുതുവീര്യം പകർന്നു.
മതവിദ്വേഷവും കൊലയും അവസാനിച്ചിട്ടില്ല. അടുത്തകാലത്ത് കത്തോലിക്കരും പ്രൊട്ടസ്റ്റൻറുകാരും അയർലണ്ടിൽ പരസ്പരം കൊന്നൊടുക്കി. മുൻ യൂഗോസ്ലാവിയൻ ഭൂപ്രദേശത്ത് ഓർത്തഡോക്സ് മതത്തിലെയും റോമൻ കത്തോലിക്കാ മതത്തിലെയും അംഗങ്ങൾ സമാനമായിത്തന്നെ പ്രവർത്തിക്കുകയുണ്ടായി. അവിശ്വസനീയമെന്നു തോന്നാമെങ്കിലും, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ കത്തോലിക്കരും പ്രൊട്ടസ്റ്റൻറുകാരും സ്വന്തം മതങ്ങളിൽപ്പെട്ട ലക്ഷക്കണക്കിന് അംഗങ്ങളെ യുദ്ധക്കളത്തിൽവെച്ചു കൊല്ലുകയുണ്ടായി. ഈ കൊലയെ ന്യായീകരിക്കാനാകുമോ? എന്താണു ദൈവത്തിന്റെ വീക്ഷണം?
ന്യായീകരിക്കാനുള്ള ശ്രമങ്ങൾ
ബ്രിട്ടാനിക്കാ ബുക്ക് ഓഫ് ദി ഇയർ—1995 ഇങ്ങനെ പ്രസ്താവിക്കുന്നു: “1994-ൽ പല വിഭാഗങ്ങളും അക്രമത്തെ ദൈവശാസ്ത്രപരമായി ന്യായീകരിക്കാൻ ശ്രമിക്കുകയുണ്ടായി.” 1,500-ലധികം വർഷങ്ങൾക്കു മുമ്പ് കത്തോലിക്കാ തത്ത്വചിന്തകനായ അഗസ്റ്റ്യാനോസ് “പുണ്യവാളൻ” കൊലയെ ന്യായീകരിക്കാൻ സമാനമായി ശ്രമിക്കുകയുണ്ടായി. ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ പറയുന്നപ്രകാരം, “നീതിയുള്ള യുദ്ധസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായിരുന്നു” അദ്ദേഹം. അദ്ദേഹത്തിന്റെ ചിന്ത ‘ആധുനിക കാലങ്ങളിൽപ്പോലും പ്രഭാവം ചെലുത്തുന്നു’വെന്ന് ആ വിജ്ഞാനകോശം അഭിപ്രായപ്പെടുന്നു.
ദൈവത്തിന്റെ പേരിൽ കൊല ചെയ്യുന്നതിനെ കത്തോലിക്കാ, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റൻറ് സഭകൾ വെച്ചുപൊറുപ്പിച്ചിരിക്കുന്നു, പ്രോത്സാഹിപ്പിക്കുകപോലും ചെയ്തിരിക്കുന്നു. ഈ മതങ്ങളുടെ ചരിത്രം രക്തപങ്കിലമാണെങ്കിലും, ലോകമെങ്ങുമുള്ള മറ്റു മുഖ്യ മതങ്ങളുടെ ചരിത്രവും അതിൽനിന്ന് ഒട്ടും ഭിന്നമല്ല. അപ്പോൾ, സത്യാരാധന നടത്തുന്നവരെ നിങ്ങൾക്കെങ്ങനെ തിരിച്ചറിയാം?
അവരുടെ അവകാശവാദങ്ങൾ കേവലം ശ്രദ്ധിക്കുന്നതുകൊണ്ടു മാത്രം അതു സാധിക്കുകയില്ല. ഇക്കാര്യത്തെക്കുറിച്ച് യേശുക്രിസ്തു ഇങ്ങനെ മുന്നറിയിപ്പു നൽകി: “കള്ളപ്രവാചകൻമാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു. അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം . . . നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു. . . . നല്ല ഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—മത്തായി 7:15-20.
അവരുടെ ഫലങ്ങളാൽ തിരിച്ചറിയാം
ലോകത്തിലെ മതങ്ങൾ ‘ആകാത്ത വൃക്ഷങ്ങൾ’ ആണെന്നും പ്രത്യേകിച്ചും രക്തപങ്കിലമായ യുദ്ധങ്ങളെ പ്രോത്സാഹിപ്പിക്കുകവഴി അവ “ആകാത്ത ഫലം” പുറപ്പെടുവിച്ചിരിക്കുന്നുവെന്നും ആത്മാർഥരായ ലക്ഷക്കണക്കിനാളുകൾ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ബൈബിളിൽ വ്യാജമതലോകസാമ്രാജ്യത്തെ വർണിച്ചിരിക്കുന്നത് “മഹതിയാം ബാബിലോൻ” എന്നു വിളിക്കപ്പെടുന്ന ഒരു ആത്മീയ വേശ്യയായിട്ടാണ്. “പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടേയും ഭൂമിയിൽവെച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും രക്തം അവളിൽ അല്ലോ കണ്ടതു” എന്നു ബൈബിൾ പറയുന്നു.—വെളിപ്പാടു 17:3-6; 18:24.
അങ്ങനെ, മതനേതാക്കന്മാർ വാഴ്ത്തിയിരിക്കുന്ന യുദ്ധങ്ങളെ അംഗീകരിക്കുന്നതിനുപകരം, ദൈവത്തിന്റെ പേരിൽ കൊലപാതകം നടത്തിയിരിക്കുന്ന മതങ്ങളുടെമേൽ ദൈവം പെട്ടെന്നുതന്നെ ന്യായവിധി നടത്തും. “ബാബിലോൻമഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞുകളയും; ഇനി അതിനെ കാണുകയില്ല” എന്ന ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയായിട്ടായിരിക്കും അവൻ അതു ചെയ്യുക. സന്തോഷകരമായ ആ സംഭവം നടക്കുമ്പോൾ “മഹാവേശ്യക്കു [ദൈവം] ശിക്ഷ വിധി”ക്കുകയും “തന്റെ ദാസന്മാരുടെ രക്തം അവളുടെ കയ്യിൽനിന്നു ചോദിച്ചു പ്രതികാരം” നടത്തുകയും ചെയ്തിരിക്കും.—വെളിപ്പാടു 18:21; 19:2.
“അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല” എന്ന ബൈബിൾ പ്രവചനത്തിനു ചേർച്ചയിൽ ജീവിക്കുന്ന ക്രിസ്ത്യാനികൾ ഉണ്ടായിരിക്കുമോ എന്നു ദൈവത്തിന്റെ പേരിൽ നടത്തുന്ന കൊലയെ വെറുക്കുന്ന ആളുകൾ ചിന്തിക്കുന്നു. (യെശയ്യാവു 2:4) ദൈവത്തെ യഥാർഥത്തിൽ ഭയപ്പെടുന്ന, യുദ്ധം ഉപേക്ഷിച്ചിരിക്കുന്ന ആളുകളെ നിങ്ങൾക്കറിയാമോ?
ദൈവം അംഗീകരിക്കുന്ന മതം
മിഷിഗൺ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച “അക്രമത്തെ ന്യായീകരിക്കുന്നതു സംബന്ധിച്ചു കൂടുതൽ” എന്ന ശീർഷകത്തിലുള്ള ഒരു സമൂഹശാസ്ത്രപഠന റിപ്പോർട്ട് ഇങ്ങനെ പ്രസ്താവിച്ചു: “ഈ നൂറ്റാണ്ടിന്റെ ആരംഭംമുതൽ, രണ്ടു പ്രമുഖ ലോകയുദ്ധങ്ങൾ നടന്ന കാലത്തും അനന്തരമുണ്ടായ ‘ശീതസമര’കാല സൈനിക ഏറ്റുമുട്ടലുകളിലും അക്രമരഹിത ‘ക്രിസ്തീയ നിഷ്പക്ഷത’ എന്ന തങ്ങളുടെ നിലപാട് യഹോവയുടെ സാക്ഷികൾ ദൃഢമായി കാത്തുസൂക്ഷിച്ചിരിക്കുന്നു.” സാക്ഷികൾ നിഷ്പക്ഷരായി നിൽക്കുന്നതിന്റെ കാരണത്തെ തിരിച്ചറിയിച്ചുകൊണ്ട് ആ പഠനറിപ്പോർട്ട് ഇങ്ങനെ പറഞ്ഞു: “ബൈബിൾ ദൈവത്തിന്റെ നിശ്വസ്ത വചനമാണെന്ന ബോധ്യത്തിൽനിന്നു വരുന്നതാണ് യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലുകൾ.”
അതേ, “ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു; നീതി പ്രവർത്തിക്കാത്തവൻ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽനിന്നുള്ളവനല്ല. . . . നാം അന്യോന്യം സ്നേഹിക്കേണം . . . കയീൻ . . . സഹോദരനെ കൊന്നതുപോലെ അല്ല” എന്നു പഠിപ്പിക്കുന്ന ബൈബിളനുസരിച്ചാണ് യഹോവയുടെ സാക്ഷികൾ ജീവിക്കുന്നത്.—1 യോഹന്നാൻ 3:10-12.
യഹോവയുടെ സാക്ഷികൾ പലപ്പോഴും ലോകമതങ്ങളുടെ രക്തപാതകക്കുറ്റത്തിലേക്ക് ആളുകളുടെ ശ്രദ്ധ തിരിച്ചുവിട്ടിട്ടുണ്ട്. ബൈബിളിന്റെ ഈ അടിയന്തിരമായ അഭ്യർഥനയും അവർ മുഴക്കിയിട്ടുണ്ട്: “എന്റെ ജനമായുള്ളോരേ, അവളുടെ [മഹാ ബാബിലോന്റെ] പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടുപോരുവിൻ. അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓർത്തിട്ടുമുണ്ടു.”—വെളിപ്പാടു 18:4, 5.
വ്യാജമതലോകസാമ്രാജ്യത്തെ വിട്ടുപോരാനുള്ള ആഹ്വാനത്തിന് ആത്മാർഥരായ ഒട്ടേറെ ആളുകൾ ചെവി കൊടുക്കുന്നു. മതത്തിന്റെ പേരിൽ നടക്കുന്ന അരുംകൊല നിങ്ങളെ ആഴമായി ഞെട്ടിക്കുന്നുവെങ്കിൽ, ഈ മാസിക നിങ്ങൾക്കു തന്ന വ്യക്തിയുമായി ബന്ധപ്പെടുന്നതിനോ 5-ാം പേജിൽ നൽകിയിരിക്കുന്ന ഏതെങ്കിലും വിലാസത്തിൽ എഴുതുന്നതിനോ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്. മേലാൽ യുദ്ധം ഉണ്ടായിരിക്കുകയില്ലാത്ത, നീതിയുള്ള ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള ബൈബിളിന്റെ വാഗ്ദത്തത്തെക്കുറിച്ചു പഠിക്കാൻ നിങ്ങളെ സഹായിക്കുന്നതിനു യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരായിരിക്കും.—സങ്കീർത്തനം 46:8, 9; 2 പത്രൊസ് 3:13.
[10-ാം പേജിലെ ചിത്രം]
“അവർ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു.”—തീത്തൊസ് 1:16