ജീവനോടിരിക്കുന്നതിൽ ഞാൻ ഇപ്പോൾ സന്തോഷിക്കുന്നു!
“നീ മരിച്ചുപോകും എന്നു നിനക്കറിയാം, ഇല്ലേ?” ഡോക്ടർ ചോദിച്ചു. വിരോധാഭാസമെന്നേ പറയേണ്ടൂ, മുമ്പു രണ്ടു തവണ മരണം വരിക്കാൻ ഞാനാഗ്രഹിച്ചിരുന്നു. പക്ഷേ ഇത്തവണ അങ്ങനെയല്ല. ഞാനതു വിശദമാക്കട്ടെ.
ന്യൂയോർക്ക് നഗരപ്രാന്തത്തിലെ ഒരു ലോങ് ഐലൻറിലാണു ഞാൻ വളർന്നത്. ഒരു കാറോട്ടമത്സര ഡ്രൈവറെന്ന നിലയിൽ എന്റെ അച്ഛൻ അവിടങ്ങളിൽ പ്രസിദ്ധനായിരുന്നു. അദ്ദേഹം മത്സരയോട്ടങ്ങളിലൂടെ സമ്പന്നനായിത്തീർന്ന ഒരു പരിപൂർണതാവാദിയായിരുന്നു. പ്രവചിക്കാനാകാത്ത സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. പ്രീതിപ്പെടുത്താൻ വളരെ ബുദ്ധിമുട്ടും. അതേസമയം മമ്മി സമാധാനപ്രിയയും ശാന്തശീലയുമായിരുന്നു. കാറോട്ടമത്സരത്തിലെ ഡാഡിയുടെ മത്സരയോട്ടം കാണുന്നതുപോലും മമ്മിക്കു പേടിയായിരുന്നു. അതുകൊണ്ട് അതു കാണാൻ മമ്മി വരുമായിരുന്നില്ല.
എന്റെ ജ്യേഷ്ഠനും ഞാനും ചെറുപ്പം മുതൽക്കേ വീട്ടിൽ, അടങ്ങിയൊതുങ്ങി ജീവിക്കാൻ പരിശീലിച്ചു. മമ്മി അതിനോടകംതന്നെ അത്തരമൊരു ജീവിതം പരിചയിച്ചുകഴിഞ്ഞിരുന്നു. പക്ഷേ അതത്ര എളുപ്പമല്ലായിരുന്നു. ഞങ്ങളെല്ലാവരും ഡാഡിയെ പേടിച്ചാണു ജീവിച്ചത്. അതെന്നെ പ്രതികൂലമായി ബാധിച്ചതിനാൽ എനിക്ക് ഒരു സംഗതിയും നേരേചൊവ്വേ ചെയ്യാനുള്ള കഴിവില്ലാതായി. കൗമാരത്തിന്റെ തുടക്കത്തിൽ ഒരു കുടുംബ “സുഹൃത്ത്” എന്നെ ലൈംഗികമായി ദ്രോഹിക്കുകകൂടി ചെയ്തപ്പോൾ എന്റെ ആത്മാഭിമാനത്തിനു കൂടുതൽ ക്ഷതമേറ്റു. എന്റെ വികാരവിക്ഷോഭങ്ങളെ ചെറുത്തുനിൽക്കാൻ സാധിക്കാതായപ്പോൾ ഞാൻ ആത്മഹത്യയ്ക്കു മുതിർന്നു. മരണം വരിക്കാൻ ഞാനാഗ്രഹിച്ച ആദ്യത്തെ സന്ദർഭം അതായിരുന്നു.
ഞാൻ ഒന്നിനു കൊള്ളാത്തവളാണെന്നും ആർക്കും എന്നോടു സ്നേഹമില്ലെന്നും എനിക്കുതോന്നി. അങ്ങനെ ആത്മാഭിമാനമില്ലാത്ത ചെറുപ്പക്കാരികളുടെ ഇടയിൽ സർവസാധാരണമായ ഭക്ഷണ ക്രമക്കേട് എനിക്കുണ്ടായി. ഞാൻ ത്രസിപ്പിക്കുന്ന കാര്യങ്ങൾ തേടുകയും ലഹരിപദാർഥങ്ങൾ ദുരുപയോഗം ചെയ്യുകയും പരസംഗത്തിലേർപ്പെടുകയും ഗർഭച്ഛിദ്രങ്ങൾക്കു വിധേയയാകുകയും ചെയ്തുകൊണ്ടുള്ള ഒരു ജീവിതം നയിച്ചു—ഒരു പാട്ടിലെ, “സ്നേഹം തേടിച്ചെന്നതോ അപഥമാർഗത്തിൽ” എന്ന വരിയിലേതുപോലെ. ഞാൻ മോട്ടോർ സൈക്കിൾ പന്തയങ്ങളിലും കാറോട്ടമത്സരങ്ങളിലും സ്ക്യൂബാ ഡൈവിങ്ങിലും ആവേശം കൊള്ളുകയും ഇടയ്ക്കൊക്കെ ചൂതാട്ടം നടത്താൻ ലാസ് വേഗാസിലേക്കു പോകുകയും ചെയ്തു. ആത്മവിദ്യയുടെ അപകടങ്ങളെക്കുറിച്ചു തിരിച്ചറിയാതെ ഞാൻ ഭാവിഫലം പറയുന്ന ഒരാളുടെ ഉപദേശം തേടുകയും ഒരു രസത്തിനായി വീജാബോർഡ് ഉപയോഗിക്കുകയും ചെയ്തു.—ആവർത്തനപുസ്തകം 18:10-12.
മാത്രമല്ല, ത്രസിപ്പിക്കുന്ന രസം കണ്ടെത്താനുള്ള ആഗ്രഹം ഹേതുവായി മയക്കുമരുന്നു വിൽപ്പന, കടകളിൽനിന്നുള്ള മോഷണം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഞാൻ ഉൾപ്പെട്ടു. സ്നേഹത്തിനും അംഗീകാരത്തിനും വേണ്ടിയുള്ള അന്വേഷണം നിമിത്തം എനിക്ക് അനവധി കാമുകന്മാരും ഭാവിവരന്മാരും ഉണ്ടായി. ഈ ഘടകങ്ങളെല്ലാം ഞാൻ മനസ്സിലാക്കിയതിനെക്കാൾ ആപത്കരമായ ഒരു ജീവിത സാഹചര്യത്തിൽ എന്നെ കൊണ്ടെത്തിച്ചു.
ഒരു രാത്രി, മത്സരട്രാക്കിന്റെ വശങ്ങളിലുള്ള, വാഹനം നന്നാക്കാനും ഇന്ധനം നിറയ്ക്കാനുമുള്ള സ്ഥലത്തുവെച്ച് മയക്കുമരുന്നും മദ്യവും കലർത്തി കഴിച്ചശേഷം വീട്ടിലേക്കു മടങ്ങവെ ഞാനൊരു വിവരക്കേടു കാണിച്ചു. എന്റെ കാമുകനെ വണ്ടിയോടിക്കാൻ അനുവദിച്ചു. മുൻസീറ്റിലിരുന്ന എന്റെ ബോധം നശിച്ചു, കുറച്ചു കഴിഞ്ഞപ്പോൾ വ്യക്തമായും അയാൾക്കും അതുതന്നെ സംഭവിച്ചു. ഒരു കൂട്ടിയിടിയുടെ ആഘാതത്തിലാണു ഞാനുണർന്നത്. കുറെയേറെ മുറിവുകളേറ്റ എന്നെ ആശുപത്രിയിലാക്കി. ക്രമേണ വലതു കാൽമുട്ടിന്റെ തകരാറൊഴികെ മറ്റെല്ലാ വിധത്തിലും ഞാൻ പൂർണസുഖം പ്രാപിച്ചു.
മെച്ചപ്പെട്ട ഒന്നിനുവേണ്ടിയുള്ള ആഗ്രഹം
സ്വന്തം ജീവനു ഞാൻ വലിയ മൂല്യമൊന്നും കൽപ്പിച്ചിരുന്നില്ലെങ്കിലും കുട്ടികളുടെയും മൃഗങ്ങളുടെയും സുരക്ഷിതത്വത്തെയും അവകാശങ്ങളെയും അതുപോലെ പരിസ്ഥിതി സംരക്ഷണത്തെയും സംബന്ധിച്ച് ഞാൻ വളരെയധികം ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. ഒരു മെച്ചപ്പെട്ട ലോകമുണ്ടായിക്കാണാൻ ഞാൻ അതിയായി ആഗ്രഹിച്ചു. അത്തരമൊന്നുണ്ടാക്കാനുള്ള ശ്രമത്തിൽ ഞാൻ പല സംഘടനകളുടെയും സജീവ അംഗമായി പ്രവർത്തിച്ചു. ഈ ആഗ്രഹമാണ്, യഹോവയുടെ സാക്ഷിയായിരുന്ന ഒരു സഹപ്രവർത്തക പറഞ്ഞ സംഗതികളിലേക്ക് തുടക്കത്തിൽ എന്നെ ആകർഷിച്ചത്. ജോലിക്കിടയിൽ എന്തെങ്കിലും ശരിയാകാതെ വരുമ്പോഴൊക്കെ അവൾ മടുപ്പോടെ “ഈ വ്യവസ്ഥിതി”യെ കുറ്റം പറയാറുണ്ടായിരുന്നു. അവളെന്താണ് അർഥമാക്കിയതെന്നു ഞാൻ ചോദിച്ചപ്പോൾ, താമസിയാതെ ഒരുനാൾ ജീവിതം എല്ലാവിധ ഉത്കണ്ഠകളിൽനിന്നും സ്വതന്ത്രമാകുമെന്ന് അവൾ എന്നോടു പറഞ്ഞു. ഞാനവളെ വളരെയേറെ ബഹുമാനിച്ചിരുന്നതിനാൽ അതിയായ താത്പര്യത്തോടെ ശ്രദ്ധിച്ചു.
നിർഭാഗ്യകരമെന്നു പറയട്ടെ, പിന്നീടെപ്പോഴോ ഞങ്ങൾക്ക് അന്യോന്യം ബന്ധം നഷ്ടപ്പെട്ടു. എങ്കിലും അവൾ പറഞ്ഞ കാര്യങ്ങൾ ഞാനൊരിക്കലും മറന്നില്ല. ദൈവത്തെ പ്രീതിപ്പെടുത്താൻ ഒരുനാൾ ഞാനെന്റെ ജീവിതരീതിയിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടിവരും എന്നു ഞാൻ തിരിച്ചറിഞ്ഞു. പക്ഷേ ഞാൻ ഒരുങ്ങിയിട്ടില്ലായിരുന്നു. എങ്കിലും, എന്നെ വിവാഹം കഴിക്കാൻ താത്പര്യപ്പെടുന്നവരോട് ഞാൻ ഒരു ദിവസം സാക്ഷിയായിത്തീരുമെന്നും അതവർക്ക് ഇഷ്ടമല്ലെന്നുണ്ടെങ്കിൽ ഇപ്പോൾതന്നെ പ്രേമമെല്ലാം അവസാനിപ്പിച്ചുകൊള്ളണമെന്നും പറയാറുണ്ടായിരുന്നു.
ഇതുനിമിത്തം എന്റെ അവസാനത്തെ കാമുകൻ, എനിക്കു താത്പര്യമുള്ള വിഷയമാണെങ്കിൽ അയാൾക്കും താത്പര്യമുണ്ടായേക്കും എന്നു പറഞ്ഞുകൊണ്ട് കൂടുതൽ വിവരങ്ങളറിയാൻ ആഗ്രഹം പ്രകടിപ്പിച്ചു. അതുകൊണ്ട് ഞങ്ങൾ സാക്ഷികൾക്കുവേണ്ടി അന്വേഷിക്കാൻ തുടങ്ങി. പക്ഷേ, സാക്ഷികൾ ഞങ്ങളെയാണ് ആദ്യം കണ്ടെത്തിയത്, അവരെന്റെ വീട്ടുവാതിൽക്കൽ മുട്ടിവിളിച്ചപ്പോൾ. ഒരു ബൈബിളധ്യയനം ആരംഭിച്ചെങ്കിലും ക്രമേണ എന്റെ കാമുകൻ പഠനം നിർത്തി തന്റെ ഭാര്യയുടെ അടുത്തേക്കു മടങ്ങിപ്പോകാൻ തീരുമാനിച്ചു.
എന്റെ ബൈബിളധ്യയനം മിക്കപ്പോഴും ക്രമമുള്ളതായിരുന്നില്ല. ജീവന്റെ പവിത്രതയെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണം വിലമതിക്കാൻ ഞാൻ കുറെ സമയമെടുത്തു. എന്നിരുന്നാലും പെട്ടെന്നുതന്നെ ഞാനെന്റെ വീക്ഷണഗതിയിൽ മാറ്റം വരുത്തി, വിമാനത്തിൽനിന്നു ഡൈവു ചെയ്യുന്നതും പുകവലിക്കുന്നതും നിർത്തേണ്ടതിന്റെ ആവശ്യം എനിക്കു മനസ്സിലായി. ജീവിതത്തോടുള്ള വിലമതിപ്പു വർധിക്കവെ ഞാൻ ഒരു സ്ഥിരതയുള്ള ജീവിതം സ്വീകരിക്കുകയും ജീവനു ഭീഷണിയായ സാഹസികതകൾ ഉപേക്ഷിക്കുകയും ചെയ്തു. 1985 ഒക്ടോബർ 18-നു ഞാൻ യഹോവയ്ക്കുള്ള എന്റെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. അധികം താമസിയാതെ എന്റെ ജീവൻ തുലാസിൽ തൂങ്ങുന്ന ഒരു ആപത്ഘട്ടം വരുമെന്ന് എനിക്കു യാതൊരു ഊഹവുമുണ്ടായിരുന്നില്ല.
മരിക്കാൻ വീണ്ടും ആഗ്രഹിക്കുന്നു
ഏതാനും മാസങ്ങൾക്കു ശേഷം—1986 മാർച്ച് 22-ാം തീയതി രാത്രി—ഞാൻ എന്റെ വീടിനു മുമ്പിൽ നിന്നുകൊണ്ട് കാറിൽനിന്നും അലക്കാൻ കൊടുത്തിരുന്ന തുണികൾ എടുക്കുകയായിരുന്നു. അപ്പോൾ ചീറിപ്പാഞ്ഞുവന്ന ഒരു കാർ എന്നെ ഇടിച്ച് 30 മീറ്ററിലധികം നിരക്കിക്കൊണ്ടുപോയി! എന്നിട്ടും വണ്ടി നിർത്തിയില്ല. തലയ്ക്കു പരിക്കേറ്റിരുന്നെങ്കിലും, ആ സമയം മുഴുവൻ എനിക്കു ബോധമുണ്ടായിരുന്നു.
ഇരുട്ടുനിറഞ്ഞ റോഡിൽ കമിഴ്ന്നു വീണുകിടന്നിരുന്ന എന്റെമേൽ വീണ്ടും വണ്ടി കയറുമോ എന്ന നടുക്കത്തോടെ അനങ്ങാൻപോലുമാകാതെ ഞാൻ കിടന്നു. മർമഭേദകമായ വേദന അസഹനീയമായിരുന്നു. അതുകൊണ്ട് എന്നെ മരിക്കാനനുവദിക്കേണമേ എന്നു ഞാൻ യഹോവയോടു പ്രാർഥിച്ചുകൊണ്ടിരുന്നു. (ഇയ്യോബ് 14:13) നഴ്സായിരുന്ന ഒരു സ്ത്രീ യദൃച്ഛയാ അതിലേവന്നു. ഞാനവരോട് എന്റെ കാലുകളുടെ സ്ഥാനം ഒന്നു നേരേയാക്കിത്തരാൻ അഭ്യർഥിച്ചു. അവ തകർന്നുപോയിരുന്നു. അവർ അങ്ങനെ ചെയ്തു, അവർ തന്റെ വസ്ത്രത്തിന്റെ ഒരു കഷണം കീറിയെടുത്ത് ഒരു കാലിന്റെ അസ്ഥി പൊട്ടിയുണ്ടായ മുറിവിൽനിന്ന് ഒഴുകുന്ന രക്തം നിൽക്കാനായി കെട്ടിവെച്ചു. എന്റെ ബൂട്ടുകൾ ഒരു കെട്ടിടനിര അപ്പുറത്തുനിന്നും കണ്ടെടുത്തു, അതിൽ നിറച്ച് രക്തമായിരുന്നു!
ഞാനൊരു കാൽനടയാത്രക്കാരിയാണെന്നു മനസ്സിലാക്കാതെ വഴിപോക്കർ എന്റെ കാർ എവിടെയാണെന്നു ചോദിച്ചുകൊണ്ടിരുന്നു. എവിടംവരെ വലിച്ചിഴയ്ക്കപ്പെട്ടു എന്നറിയാഞ്ഞതിനാൽ ഞാനതിന്റെ അടുത്തുതന്നെയാണെന്നായിരുന്നു എന്റെയും വിചാരം! സന്നദ്ധ ചികിത്സക സംഘം വന്നപ്പോൾ ഞാൻ മരിക്കാൻ പോകുകയാണെന്ന് അവർക്കു തോന്നി. അതുകൊണ്ട്, വണ്ടിയിടിച്ചു കൊല്ലുന്നത് ഒരു വലിയ കുറ്റമായതിനാൽ അവർ പൊലീസ് കുറ്റാന്വേഷണ വിദഗ്ധരെ വിളിച്ചു. ഡ്രൈവറെ അധികം താമസിയാതെ അറസ്റ്റുചെയ്തു. അവർ അവിടം ഒരു കുറ്റകൃത്യം നടന്ന സ്ഥലം എന്ന നിലയിൽ കയറുകെട്ടി തിരിക്കുകയും തെളിവായി എന്റെ കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അതിന്റെ ഒരു വശത്തെ രണ്ടു ഡോറും പറിഞ്ഞു പോയിരുന്നു.
ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കൽ
അതിനോടകം എന്നെ ഒരു പ്രാദേശിക ക്ഷതചികിത്സാകേന്ദ്രത്തിലെത്തിച്ചു, ഈ സമയത്തെല്ലാം ഞാൻ ഓക്സിജൻ നൽകിക്കൊണ്ടിരുന്ന ഉപകരണത്തിനുള്ളിലൂടെപോലും, ‘രക്തം വേണ്ട, രക്തം വേണ്ട, ഞാനൊരു യഹോവയുടെ സാക്ഷിയാണ്!’ എന്നു പറഞ്ഞുകൊണ്ടേയിരുന്നു. എനിക്കോർമയുള്ള അവസാന സംഗതി എന്റെ പിൻഭാഗത്തെ വസ്ത്രം കത്രികകൊണ്ടു മുറിക്കുന്നതിന്റെയും ചികിത്സക സംഘം തകൃതിയായി നിർദേശങ്ങൾ കൊടുക്കുന്നതിന്റെയും ശബ്ദമാണ്.
എനിക്കു ബോധം തെളിഞ്ഞപ്പോൾ, അപ്പോഴും ജീവിച്ചിരിക്കുന്നതിൽ എനിക്കത്ഭുതം തോന്നി. ബോധം മറയുകയും തെളിയുകയും ചെയ്തുകൊണ്ടിരുന്നു. ബോധം തെളിയുമ്പോഴെല്ലാം എന്റെ കുടുംബാംഗങ്ങളോട് എന്നെ ബൈബിൾ പഠിപ്പിച്ച ദമ്പതികളുമായി ബന്ധപ്പെടാൻ ഞാനാവശ്യപ്പെട്ടു. ഞാൻ സാക്ഷിയായിത്തീർന്നത് എന്റെ കുടുംബത്തിന് ഇഷ്ടമില്ലായിരുന്നു. അതുകൊണ്ട് അവർ സൗകര്യപൂർവം അവരെയറിയിക്കാൻ “മറന്നു.” പക്ഷേ ഞാൻ നിർബന്ധം പിടിച്ചു—ഓരോ തവണയും ഞാൻ കണ്ണുതുറന്നു കഴിയുമ്പോൾ ആദ്യം ചോദിക്കുന്ന സംഗതി അതായിരുന്നു. ക്രമേണ എന്റെ നിർബന്ധത്തിനു ഫലമുണ്ടായി, ഒരു ദിവസം ഞാൻ ഉണർന്നപ്പോൾ അവർ അവിടെയുണ്ടായിരുന്നു. എന്തൊരാശ്വാസം! യഹോവയുടെ ജനത്തിന് ഞാനെവിടെയാണെന്ന് അറിയാമായിരുന്നു.
എങ്കിലും എന്റെ സന്തോഷം ഏറെനാൾ നീണ്ടുനിന്നില്ല. കാരണം, എന്റെ രക്തത്തിന്റെ അളവു വളരെയധികം കുറയാൻ തുടങ്ങിയിരുന്നു. കടുത്ത പനിയുണ്ടാകുകയും ചെയ്തു. അണുബാധയുണ്ടാക്കുമെന്നു തോന്നിയ അസ്ഥികൾ നീക്കം ചെയ്യുകയും നാലു ലോഹദണ്ഡുകൾ കാലിനുള്ളിൽ നിക്ഷേപിക്കുകയും ചെയ്തു. പക്ഷേ അധികം താമസിയാതെതന്നെ പനി വീണ്ടും വരികയും എന്റെ കാൽ കറുപ്പുനിറമായിത്തീരുകയും ചെയ്തു. രക്തമോട്ടമില്ലാതായി പഴുക്കാൻ തുടങ്ങിയതിനാൽ കാൽ മുറിച്ചുകളയുക മാത്രമേ രക്ഷയുള്ളുവെന്നു വന്നു.
രക്തം സ്വീകരിക്കാൻ സമ്മർദം
എന്റെ ശരീരത്തിൽ രക്തം തീരെ കുറഞ്ഞുപോയതിനാൽ രക്തപ്പകർച്ചകൂടാതെയുള്ള ശസ്ത്രക്രിയ അസാധ്യമാണെന്നായിരുന്നു കണക്കുകൂട്ടൽ. എന്റെമേൽ സമ്മർദം ചെലുത്താൻ ഡോക്ടർമാരെയും നഴ്സുമാരെയും കുടുംബാംഗങ്ങളെയും പഴയ സുഹൃത്തുക്കളെയും ഒക്കെ വിളിച്ചുകൊണ്ടുവന്നു. പിന്നീട് എന്റെ മുറിയുടെ വാതിൽക്കൽ വെച്ച് അടക്കിപ്പിടിച്ചുള്ള സംസാരം തുടങ്ങി. ഡോക്ടർമാർ എന്തോ ചെയ്യാൻ പരിപാടിയിടുന്നതു ഞാൻ കേട്ടെങ്കിലും അതെന്താണെന്നെനിക്കു മനസ്സിലായില്ല. സന്ദർഭവശാൽ, ആ സമയത്ത് എന്നെ സന്ദർശിക്കാനെത്തിയ ഒരു സാക്ഷി എന്റെമേൽ ബലമായി രക്തപ്പകർച്ച നടത്താനുള്ള അവരുടെ ആലോചന മനസ്സിലാക്കി. അവൾ ഉടൻതന്നെ ക്രിസ്തീയ മൂപ്പന്മാരുമായി ബന്ധപ്പെട്ടു, അവരെന്റെ സഹായത്തിനെത്തി.
എന്റെ മാനസികാവസ്ഥ വിശകലനം ചെയ്യാൻ ഒരു മനോരോഗവിദഗ്ധനെ വാടകയ്ക്കെടുത്തു. എന്നെ മാനസികപ്രാപ്തിയില്ലാത്തവളെന്നു പ്രഖ്യാപിച്ച് എന്റെ ഇച്ഛയ്ക്കെതിരെ പ്രവർത്തിക്കാമെന്നതായിരുന്നു അവരുടെ ഉദ്ദേശ്യം എന്നതു വ്യക്തമാണ്. പക്ഷേ ഈ പദ്ധതി പൊളിഞ്ഞു. പിന്നീട്, രക്തപ്പകർച്ച സ്വീകരിക്കുന്നതിൽ പാപമൊന്നുമില്ലെന്ന് എന്നെ ബോധ്യപ്പെടുത്താനായി രക്തം സ്വീകരിച്ച ഒരു വൈദികനെ കൊണ്ടുവന്നു. ഒടുക്കം, എന്റെ കുടുംബം എന്നെക്കൊണ്ടു നിർബന്ധിച്ചു രക്തം സ്വീകരിപ്പിക്കുന്നതിന് ഒരു കോടതിയുത്തരവും സമ്പാദിച്ചു.
വെളുപ്പിന് ഏകദേശം രണ്ടു മണിക്ക്, ഒരു സംഘം ഡോക്ടർമാരും കോടതിയിലെ ഒരു സ്റ്റെനോഗ്രാഫറും മജിസ്ട്രേറ്റിന്റെ ഒരു സഹായിയും ആശുപത്രിയെ പ്രതിനിധാനം ചെയ്യുന്ന അഭിഭാഷകരും ജഡ്ജിയും കൂടി എന്റെ ആശുപത്രി മുറിയിലേക്കു കടന്നുവന്നു. കോടതിയാരംഭിച്ചു. എനിക്കു മുൻകൂട്ടി യാതൊരു അറിയിപ്പും ലഭിച്ചിരുന്നില്ല, ബൈബിളില്ലായിരുന്നു, വക്കീലില്ലായിരുന്നു, വേദനയ്ക്കുള്ള ശക്തികൂടിയ മരുന്നുകളും എനിക്കു നൽകിയിരുന്നു. ആ യോഗത്തിന്റെ ഫലമെന്തായിരുന്നു? യഹോവയുടെ സാക്ഷികളുടെ നിർമലതയെക്കുറിച്ചു മുമ്പു തനിക്കുണ്ടായിരുന്ന നല്ല അഭിപ്രായം ഒന്നുകൂടി ബലപ്പെട്ടു എന്നു പറഞ്ഞുകൊണ്ടു ജഡ്ജി കോടതിയുത്തരവു പിൻവലിച്ചു.
ന്യൂജേഴ്സിയിലെ കാംഡെനിലുള്ള ഒരു ആശുപത്രി എന്റെ കേസ് ഏറ്റെടുക്കാമെന്നു സമ്മതിച്ചു. ന്യൂയോർക്കിലെ ആശുപത്രി അധികാരികൾക്കു വല്ലാതെ കലികയറിയതിനാൽ വേദന സംഹാരികളുൾപ്പെടെ എനിക്കു നൽകിയിരുന്ന എല്ലാ ചികിത്സയും അവർ റദ്ദാക്കി. എന്നെ ന്യൂജേഴ്സി ആശുപത്രിയിലേക്കു കൊണ്ടുപോകാൻ വന്ന ഹെലികോപ്റ്റർ അവരുടെ ആശുപത്രി പ്രാന്തത്തിൽ ഇറക്കാൻ അനുവദിക്കാനും അവർ വിസമ്മതിച്ചു. അവിടെവരെയുള്ള ആംബുലൻസ് യാത്രയെ അതിജീവിക്കാൻ എനിക്കു സാധിച്ചതിൽ സന്തോഷിക്കുന്നു. അവിടെ ചെന്നുകഴിഞ്ഞപ്പോഴാണ്, ഞാൻ ഈ കഥയുടെ ആരംഭത്തിൽ പറഞ്ഞ വാക്കുകൾ കേട്ടത്: “നീ മരിച്ചുപോകും എന്നു നിനക്കറിയാം, ഇല്ലേ?”
ശസ്ത്രക്രിയ—ഒരു വിജയം
ഞാൻ വളരെ ക്ഷീണിതയായിരുന്നതിനാൽ ശസ്ത്രക്രിയയ്ക്ക് അനുവാദം നൽകിക്കൊണ്ടുള്ള അനുമതി പത്രത്തിൽ ഒരു X അടയാളം ഇടാൻ എനിക്കു നഴ്സിന്റെ സഹായം വേണ്ടിവന്നു. എന്റെ വലതുകാൽ മുട്ടിനു മീതെവെച്ചു മുറിച്ചു കളയേണ്ടിയിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം എന്റെ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞ് 2-ൽ താഴെയായി. കാര്യമായ മസ്തിഷ്ക തകരാറുണ്ടാകുമോ എന്നു ഡോക്ടർമാർ ഭയപ്പെട്ടു. ഇതിനു കാരണം അവർ എന്റെ ചെവിയിൽ, “വിർജീനിയ, വിർജീനിയ”—ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഔദ്യോഗിക കടലാസുകളിൽ ചേർത്ത പേരായിരുന്നു അത്—എന്നു വിളിച്ചപ്പോൾ എന്നിൽ നിന്നു പ്രതികരണമൊന്നും ഉണ്ടാകാഞ്ഞതായിരുന്നു. പക്ഷേ അൽപ്പസമയത്തിനു ശേഷം കാതിൽ ആരോ മൃദുവായി “ജിഞ്ചർ, ജിഞ്ചർ” എന്നു മന്ത്രിക്കുന്നതു കേട്ടുണർന്ന എന്റെ മുമ്പിൽ ഞാനന്നേവരെ കണ്ടിട്ടില്ലാത്ത ഒരു മാന്യൻ നിന്നിരുന്നു.
ബിൽ ടർപ്പൻ യഹോവയുടെ സാക്ഷികളുടെ ന്യൂജേഴ്സിയിലെ പ്രാദേശിക സഭകളിൽ നിന്നുള്ള ഒരാളായിരുന്നു. ജീവിതകാലം മുഴുവനും ഞാൻ അറിയപ്പെട്ടിരുന്ന ജിഞ്ചർ എന്ന കളിപ്പേര് അദ്ദേഹം ന്യൂയോർക്കിലെ സാക്ഷികളിൽ നിന്നും മനസ്സിലാക്കിയിരുന്നു. അദ്ദേഹമെന്നോടു ചില ചോദ്യങ്ങൾ ചോദിച്ചു. ഒരു കൃത്രിമശ്വസനസഹായിയോടു ബന്ധിക്കപ്പെട്ടിരുന്ന എനിക്കു സംസാരിക്കുക അസാധ്യമായതിനാൽ കണ്ണുകൾ അടച്ചും തുറന്നും ആ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു. അദ്ദേഹം, “ഞാൻ ഇനിയും നിങ്ങളെ വന്നു കാണാനും ന്യൂയോർക്കിലെ സാക്ഷികളോട് നിങ്ങളെ സംബന്ധിച്ചു പറയാനും ആഗ്രഹിക്കുന്നുണ്ടോ?” എന്നു ചോദിച്ചു. ഞാൻ ഒരുപാടു തവണ കണ്ണുചിമ്മി! എന്റെ കുടുംബം സാക്ഷികളായ സന്ദർശകരെ അനുവദിക്കരുതെന്നു നിർദേശിച്ചിരുന്നതിനാൽ ഒളിച്ചുകടക്കുകവഴി ടർപ്പൻ സഹോദരൻ ഒരു സാഹസമായിരുന്നു ചെയ്തത്.
ആശുപത്രിയിലായി ആറു മാസങ്ങൾ കഴിഞ്ഞിട്ടുപോലും, എനിക്ക് തന്നെത്താൻ ആഹാരം കഴിക്കുക, പല്ലുതേക്കുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ മാത്രമേ നിർവഹിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. കാലക്രമത്തിൽ എനിക്കൊരു വെപ്പുകാലു ലഭിക്കുകയും ഊന്നുവടിയുപയോഗിച്ച് പതുക്കെ നടക്കാൻ സാധിക്കുകയും ചെയ്തു. 1986 സെപ്റ്റംബറിൽ ഞാൻ ആശുപത്രി വിട്ട് എന്റെ അപ്പാർട്ടുമെൻറിലേക്കു മടങ്ങിയപ്പോൾ, ശുശ്രൂഷയ്ക്കും സഹായത്തിനുമായി ഒരു സ്ത്രീ ആറുമാസത്തോളം എന്നോടൊപ്പം കഴിഞ്ഞു.
സഹോദരവർഗത്തിൽ നിന്നുള്ള സഹായം
വീട്ടിലേക്കു മടങ്ങുന്നതിനു മുമ്പുതന്നെ ഞാൻ ഒരു ക്രിസ്തീയ സഹോദരവർഗത്തിന്റെ ഭാഗമായിരിക്കുന്നതിന്റെ അർഥം യഥാർഥത്തിൽ വിലമതിച്ചു തുടങ്ങിയിരുന്നു. (മർക്കൊസ് 10:29, 30) സഹോദരന്മാരും സഹോദരിമാരും സ്നേഹപൂർവം എന്റെ ശാരീരിക ആവശ്യങ്ങൾക്കു വേണ്ടി മാത്രമല്ല ആത്മീയ ആവശ്യങ്ങൾക്കു വേണ്ടിയും കരുതി. അവരുടെ സ്നേഹപൂർവകമായ സഹായത്തോടെ ക്രിസ്തീയ യോഗങ്ങളിൽ ഹാജരാകാനും ക്രമേണ സഹായ പയനിയറിങ്ങിൽ ഏർപ്പെടാൻ പോലും എനിക്കു സാധിച്ചു.
കാർ ഡ്രൈവർക്കെതിരായ സിവിൽ കേസ്—സാധാരണഗതിയിൽ അതു തുടങ്ങാൻതന്നെ ഏറ്റവും ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലുമെടുക്കും—എന്റെ അഭിഭാഷകനെ അമ്പരപ്പിച്ചുകൊണ്ട് ഏതാനും മാസങ്ങൾകൊണ്ടു വിധിയായി. ഒത്തുതീർപ്പിൽ നിന്നു ലഭിച്ച നഷ്ടപരിഹാരത്തുകകൊണ്ട് എനിക്കു കുറെക്കൂടെ സൗകര്യമുള്ള ഒരു വീട്ടിലേക്കു മാറാൻ സാധിച്ചു. കൂടാതെ, ഞാൻ വീൽച്ചെയർ പൊക്കിവെക്കുകയും കൈകൊണ്ടു നിയന്ത്രിക്കുകയും ചെയ്യാവുന്ന ഒരു വാനും വാങ്ങി. അങ്ങനെ 1988-ൽ ഞാൻ നിരന്തരപയനിയർ നിരയിൽ ചേർന്നു, ഓരോ വർഷവും പ്രസംഗവേലയിൽ ചുരുങ്ങിയത് 1,000 മണിക്കൂറെങ്കിലും ചെലവഴിച്ചുകൊണ്ട്. കടന്നുപോയ വർഷങ്ങളിലെല്ലാം, ഞാൻ വടക്കൻ ഡെക്കോട്ട, അലബാമാ, കെൻറക്കി തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രദേശങ്ങളിൽ പ്രവർത്തനം ആസ്വദിച്ചിരിക്കുന്നു. എന്റെ വാനിൽ 1,50,000-ത്തിലേറെ കിലോമീറ്റർ ഞാൻ യാത്ര ചെയ്തിരിക്കുന്നു. അതിൽ ഭൂരിഭാഗവും ക്രിസ്തീയ ശുശ്രൂഷയ്ക്കുവേണ്ടിയാണ്.
എന്റെ ത്രിചക്ര വൈദ്യുത സ്കൂട്ടറുപയോഗിക്കവെ എനിക്കു പല രസകരമായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. സഞ്ചാരമേൽവിചാരകന്മാരുടെ ഭാര്യമാരോടൊത്തു യാത്ര ചെയ്യവെ രണ്ടു തവണ അതു മറിഞ്ഞിട്ടുണ്ട്. ഒരിക്കൽ അലബാമായിൽവെച്ച്, അതുകൊണ്ട് ഒരു ചെറിയ തോടു ചാടിക്കടക്കാമോയെന്നു ഞാനൊന്നു ശ്രമിച്ചുനോക്കി. ഫലം ഒരു വീഴ്ചയായിരുന്നു. ആകെ ചെളിയിൽ കുതിർന്ന്. എങ്കിലും, നർമബോധം നിലനിർത്തുന്നതും എനിക്കുതന്നെ അമിത പ്രാധാന്യം കൊടുക്കാതിരിക്കുന്നതും ശുഭാപ്തിവിശ്വാസം നിലനിർത്താൻ എന്നെ സഹായിച്ചിരിക്കുന്നു.
ഒരു ഉറച്ച പ്രത്യാശയാൽ നിലനിർത്തപ്പെടുന്നു
ആരോഗ്യപ്രശ്നങ്ങൾ ചിലപ്പോഴെല്ലാം എന്നെ വല്ലാതെ ആകുലീകരിക്കാറുണ്ട്. ഏതാനും വർഷങ്ങൾക്കു മുമ്പ്, എന്റെ മറ്റേ കാലും കൂടി മുറിച്ചുകളയേണ്ടിവരുമെന്നു തോന്നിയതിനാൽ എനിക്കു രണ്ടുതവണ പയനിയറിങ് നിർത്തേണ്ടിവന്നു. എന്റെ കാൽ നഷ്ടപ്പെടുമോ എന്ന ഭയം ഇപ്പോഴുമുണ്ട്. കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ പൂർണമായി ഒരു വീൽച്ചെയറിനെ ആശ്രയിച്ചാണു കഴിയുന്നത്. 1994-ൽ എന്റെ കയ്യൊടിഞ്ഞു. എനിക്കു കുളിക്കാനും വസ്ത്രം മാറാനും പാചകം ചെയ്യാനും ശുചീകരണത്തിനും എങ്ങോട്ടെങ്കിലും പോകണമെങ്കിലുമൊക്കെ സഹായം ആവശ്യമായിവന്നു. എന്നിട്ടും, സഹോദരങ്ങളുടെ സഹായത്തോടെ ഈ അവസ്ഥയിലും പയനിയറിങ് തുടരാൻ എനിക്കു കഴിഞ്ഞു.
എന്റെ ജീവിതത്തിലുടനീളം ഞാൻ ത്രസിപ്പിക്കുന്നവയായി കാണപ്പെട്ട സംഗതികൾ തേടിനടന്നു. എന്നാൽ ഏറ്റവും ത്രസിപ്പിക്കുന്ന സംഗതികൾ വരാനിരിക്കുന്നതേയുള്ളുവെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. അതിവേഗം സമീപിച്ചുകൊണ്ടിരിക്കുന്ന പുതിയ ലോകത്തിൽ ദൈവം ഇപ്പോഴത്തെ എല്ലാത്തരം വൈകല്യങ്ങളും സൗഖ്യമാക്കുമെന്നുള്ള ബോധ്യമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ എനിക്കു സന്തോഷം തരുന്നത്. (യെശയ്യാവു 35:4-6) ആ പുതിയ ലോകത്തിൽ, തിമിംഗലങ്ങളോടും ഡോൾഫിനുകളോടുമൊത്തു നീന്തുന്നതും ഒരു സിംഹിയോടും അവളുടെ കുഞ്ഞുങ്ങളോടുമൊപ്പം മലകയറാൻ പോകുന്നതും കടൽത്തീരത്തുകൂടെ വെറുതേ നടക്കുന്നതുമെല്ലാം എന്റെ സ്വപ്നങ്ങളാണ്. ദൈവം നമ്മുടെ ഉല്ലാസത്തിനായി സൃഷ്ടിച്ച എല്ലാ സംഗതികളും ഭൂമിയിലെ പറുദീസയിൽ ആസ്വദിക്കുന്നതിനെക്കുറിച്ചു ഭാവനയിൽ കാണുന്നത് എനിക്ക് അങ്ങേയറ്റം സന്തോഷം പ്രദാനം ചെയ്യുന്നു.—ജിഞ്ചർ ക്ലൗസ് പറഞ്ഞപ്രകാരം.
[21-ാം പേജിലെ ചിത്രം]
ചൂതാട്ടം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നപ്പോൾ
[23-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എന്നെ നിലനിർത്തുന്നു