ഭൂമിയിലെ അനന്തമായ വൈവിധ്യം—അത് ഇവിടെ എങ്ങനെ വന്നു?
ശാസ്ത്രജ്ഞന്മാർ ഇതുവരെ പേരിട്ടിരിക്കുന്ന 15 ലക്ഷത്തിലേറെ വരുന്ന ജീവിവർഗങ്ങളിൽ ഏതാണ്ട് പത്തു ലക്ഷം പ്രാണികളാണ്. അറിയപ്പെടുന്ന എല്ലാ പ്രാണികളെയും പട്ടികപ്പെടുത്താൻ വിജ്ഞാനകോശത്തിന്റെ 6,000 പേജുകൾ വേണ്ടിവരും! ഈ പ്രാണികൾ ഉത്ഭൂതമായത് എങ്ങനെയാണ്? ഇത്രമാത്രം അനന്തമായ വൈവിധ്യമുള്ളത് എന്തുകൊണ്ടാണ്? മാർഗനിർദേശരഹിതമായ ഒരു യാദൃച്ഛിക സംഭവത്തിന്റെ, കോടാനുകോടി പ്രാവശ്യം പ്രകൃതിക്ക് “ഭാഗ്യം സിദ്ധിക്കുന്ന”തിന്റെ ഫലമാണോ ഇത്? അതോ ഇതു രൂപകൽപ്പന ചെയ്യപ്പെട്ടതാണോ?
ആദ്യം, നമ്മുടെ ഗ്രഹത്തിലുള്ള മറ്റിനം ജീവജാലങ്ങളെക്കുറിച്ചു നമുക്കു ഹ്രസ്വമായി പരിചിന്തിക്കാം.
വിസ്മയമുളവാക്കുന്ന പക്ഷികൾ
അത്ഭുതകരമായ വിധത്തിൽ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്ന, 9,000-ത്തിലേറെ വരുന്ന വിവിധയിനം പക്ഷികളുടെ കാര്യമോ? ചില മൂളിപ്പക്ഷികൾ തീരെ ചെറുതാണ്. അവയ്ക്കു വലിയ വണ്ടുകളുടെ വലുപ്പമേ കാണൂ. എന്നിട്ടും അവ ഏറ്റവും മേന്മയേറിയ ഹെലികോപ്റ്ററിനെക്കാൾ വൈദഗ്ധ്യത്തോടും ചാരുതയോടും കൂടെ പറക്കുന്നു. മറ്റു പക്ഷികൾ വർഷംതോറും ആയിരക്കണക്കിനു കിലോമീറ്ററുകൾ താണ്ടിയാണ് ദേശാടനം നടത്തുന്നത്. അവയിലൊന്നാണ് ആർട്ടിക്ക് കടൽക്കാക്ക. ഓരോ തവണയും അത് 35,000 കിലോമീറ്റർ പറന്നാണ് ദേശാടനം പൂർത്തിയാക്കുന്നത്. അതിന് കമ്പ്യൂട്ടറുകളില്ല, ദിശാനിർണയ ഉപകരണങ്ങളുമില്ല. എന്നിട്ടും അതു പിഴവു പറ്റാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നു. ഈ നൈസർഗിക പ്രാപ്തി അതിനു കൈവന്നിരിക്കുന്നതു യാദൃച്ഛിക സംഭവത്താലോ അതോ രൂപകൽപ്പനയാലോ?
കൗതുകമുണർത്തുന്ന വിവിധയിനം സസ്യങ്ങൾ
ഇനി സസ്യജീവന്റെ കാര്യമെടുക്കാം. ബൃഹത്തായ വൈവിധ്യവും മനോഹാരിതയും അതിനുണ്ട്. 3,50,000-ത്തിലധികം ഇനം സസ്യങ്ങളുണ്ട്. ഇവയിൽ ഏതാണ്ട് 2,50,000 ഇനം പൂവണിയുന്നവയാണ്! ഭൂമിയിലെ ഏറ്റവും വലിയ ജീവജാലങ്ങൾ—പടുകൂറ്റൻ സെക്കോയ വൃക്ഷങ്ങൾ—സസ്യങ്ങളാണ്.
നിങ്ങളുടെ ഉദ്യാനത്തിൽ അല്ലെങ്കിൽ നിങ്ങളുടെ പ്രദേശത്ത് എത്ര തരം പൂക്കൾ വിരിയാറുണ്ട്? ഈ പൂക്കളുടെ—മണലാരണ്യത്തിലെ ഏറ്റവും ചെറിയ പുഷ്പം, ഡെയ്സി, ബട്ടർക്കപ്പ് എന്നിവയുടെ മുതൽ സങ്കീർണമാംവിധം വൈവിധ്യമാർന്ന ഓർക്കിഡുകളുടെ വരെ—ഭംഗിയും ക്രമവും മിക്കപ്പോഴും സുഗന്ധവും ഒരുവനെ വിസ്മയം കൊള്ളിക്കുന്നു. വീണ്ടും നാം ചോദിക്കുന്നു: ഇവ അസ്തിത്വത്തിൽ വന്നതെങ്ങനെ? യാദൃച്ഛിക സംഭവത്താലോ രൂപകൽപ്പനയാലോ?
ജീവൻ തുടിക്കുന്ന സമുദ്രങ്ങൾ
ലോകത്തിലെ നദികളിലും തടാകങ്ങളിലും സമുദ്രങ്ങളിലും കാണപ്പെടുന്ന ജീവന്റെ കാര്യമോ? അറിയപ്പെടുന്ന 8,400 ശുദ്ധജല മത്സ്യവർഗങ്ങളും ഏതാണ്ട് 13,300 കടൽമത്സ്യങ്ങളും ഉണ്ടെന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു. ഇവയിൽ ഏറ്റവും ചെറുതാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന ഗോബി. ഏതാണ്ട് ഒരു സെൻറിമീറ്റർ നീളമേ ഇതിനുള്ളൂ. ഏറ്റവും വലുതാണ് തിമിംഗലസ്രാവ്. ഇതിന് 18 മീറ്റർ നീളം കണ്ടേക്കാം. ജീവിവർഗങ്ങളെ സംബന്ധിച്ച ഈ കണക്കുകളിൽ അകശേരുകികളോ (നട്ടെല്ലില്ലാത്തവ) ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ജീവിവർഗങ്ങളോ ഉൾപ്പെടുന്നില്ല!
വിസ്മയാവഹമായ മസ്തിഷ്കം
സർവോപരി, 1,000 സിനാപ്സുകൾ അല്ലെങ്കിൽ മറ്റു നാഡീകോശങ്ങളുമായി സന്ധിക്കുന്ന വിടവുകളോടുകൂടിയ കുറഞ്ഞത് 1,000 കോടി ന്യൂറോണുകൾ ഉൾക്കൊള്ളുന്ന മനുഷ്യ മസ്തിഷ്കം വിസ്മയാവഹമായ ഒരു വസ്തുവാണ്. നാഡീശാസ്ത്രജ്ഞനായ ഡോ. റിച്ചാർഡ് റെസ്റ്റാക്ക് ഇങ്ങനെ പറഞ്ഞു: “മസ്തിഷ്കത്തിന്റെ നാഡീകോശ വ്യവസ്ഥയുടെ ബൃഹത്തായ ശൃംഖലയ്ക്കകത്തുള്ള മൊത്തം കണക്ഷനുകളുടെ എണ്ണം വാസ്തവമായും ഭീമമാണ്.” (മസ്തിഷ്കം [ഇംഗ്ലീഷ്]) അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “മസ്തിഷ്കത്തിൽ ദശലക്ഷം കോടിമുതൽ ശതലക്ഷംകോടിവരെ സിനാപ്സുകൾ ഉണ്ടായിരുന്നേക്കാം.” എന്നിട്ട് അദ്ദേഹം യുക്തിസഹമായ ഒരു ചോദ്യം ചോദിക്കുന്നു: “1,000 കോടിമുതൽ 10,000 കോടിവരെ കോശങ്ങൾ ഉൾക്കൊള്ളുന്ന മസ്തിഷ്കം പോലുള്ള ഒരവയവത്തിന്, ഒരൊറ്റ കോശത്തിൽനിന്ന്, അതായത് അണ്ഡത്തിൽനിന്ന് വികാസം പ്രാപിക്കാൻ എങ്ങനെ സാധിച്ചു?” പ്രകൃതിയിലുണ്ടായ അമൂർത്തമായ യാദൃച്ഛിക സംഭവങ്ങളുടെയോ ഭാഗ്യവശാലുണ്ടായ വിജയങ്ങളുടെയോ പരിണതിയാണോ മസ്തിഷ്കം? അതോ ഇവയ്ക്കെല്ലാം പിന്നിലുള്ളതു ബുദ്ധിപരമായ രൂപകൽപ്പനയാണോ?
ജീവരൂപങ്ങളുടെ എണ്ണിയാലൊടുങ്ങാത്തതുപോലെ കാണപ്പെടുന്ന വൈവിധ്യവും രൂപകൽപ്പനയും വന്നതെങ്ങനെയാണ്? ഇത്, വെറുമൊരു യാദൃച്ഛിക സംഭവത്തിന്റെ അല്ലെങ്കിൽ മാർഗനിർദേശരഹിതമായ ഒരു പരിണാമ നറുക്കെടുപ്പിലെ ഭാഗ്യപരീക്ഷണങ്ങളുടെ, ഒറ്റയ്ക്കും തെറ്റയ്ക്കുമുണ്ടായ വിജയങ്ങളുടെ ഫലമാണെന്നാണോ നിങ്ങളെ പഠിപ്പിച്ചിരിക്കുന്നത്? എങ്കിൽ, ജീവശാസ്ത്രത്തിന്റെ അടിത്തറ എന്നു വിളിക്കപ്പെട്ടിരിക്കുന്ന പരിണാമ സിദ്ധാന്തത്തെക്കുറിച്ച് ചില ശാസ്ത്രജ്ഞന്മാർ തികഞ്ഞ ആത്മാർഥതയോടെ ഉന്നയിക്കുന്ന ചോദ്യങ്ങൾ മനസ്സിലാക്കുന്നതിന് തുടർന്നുള്ള ലേഖനങ്ങൾ വായിക്കുക.
[4-ാം പേജിലെ രേഖാചിത്രം]
ഒരു സാധാരണ കാമറയ്ക്ക് ഒരു രൂപകൽപ്പിതാവ് ആവശ്യമാണെങ്കിൽ അതിലും ഏറെ സങ്കീർണമായ മനുഷ്യ നേത്രത്തിന്റെ കാര്യമോ?
ലെൻസ് ഇരിക്കുന്ന ഇടം
(വലുതാക്കി കാണിച്ചിരിക്കുന്നു)
അക്വസ് ഹ്യൂമർ
പ്യൂപ്പിൾ
കാർണിയ
ലെൻസ്
ഐറിസ്
സിലിയറി ബോഡി
മുഴു നേത്രം
നേത്ര നാഡി
വിട്രിയസ് ഹ്യൂമർ
റെറ്റിന
കോറോയ്ഡ്
സ്ക്ലീറ