പരിണാമത്തിന് അടിത്തറ ഇല്ലെന്നോ?
ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിന്റെ സാരാംശം എന്താണ്? “തികച്ചും ജൈവശാസ്ത്രപരമായ അർഥത്തിൽ, . . . അചേതന പദാർഥത്തിൽനിന്ന് ഉയിർകൊണ്ടശേഷം പൂർണമായും സ്വതസ്സിദ്ധമായ രീതിയിലൂടെ ജീവൻ വികാസം പ്രാപിച്ച പ്രക്രിയയെയാണ് പരിണാമം എന്നു പറയുന്നത്. . . . വാസ്തവത്തിൽ എല്ലാ ജീവനും, കുറഞ്ഞപക്ഷം അതിന്റെ ഏറ്റവും രസകരമായ സവിശേഷതകളെല്ലാം, ദ്രുതഗതിയിലുള്ള വ്യതിയാനങ്ങളിലൂടെ സംഭവിക്കുന്ന പ്രകൃതിനിർധാരണത്തിന്റെ ഫലമായിട്ടുണ്ടായതാണ്” എന്ന് ഡാർവിന്റെ പരിണാമസിദ്ധാന്തം അവകാശപ്പെടുന്നു.—യു.എസ്.എ-യിലെ പെൻസിൽവേനിയയിലുള്ള ലീഹൈ യൂണിവേഴ്സിറ്റിയിൽ ജീവരസതന്ത്രത്തിന്റെ സഹപ്രൊഫസറായ മൈക്കിൾ ബീഹി എഴുതിയ ഡാർവിന്റെ ബ്ലാക്ക് ബോക്സ്—പരിണാമത്തിനെതിരെയുള്ള ജീവരസതന്ത്രപരമായ വെല്ലുവിളി, ഇംഗ്ലീഷ്.a
ലഘൂകരിക്കാനാകാത്ത സങ്കീർണത—പരിണാമത്തിനു പ്രതിബന്ധമോ?
ഡാർവിൻ തന്റെ സിദ്ധാന്തം വികസിപ്പിച്ചെടുത്തപ്പോൾ ജീവകോശത്തിന്റെ വിസ്മയിപ്പിക്കുന്ന സങ്കീർണതയെക്കുറിച്ചു ശാസ്ത്രജ്ഞന്മാർക്ക് അത്രയ്ക്ക് അറിവില്ലായിരുന്നു. ആധുനിക ജീവരസതന്ത്രം, അതായത് ജീവനെക്കുറിച്ച് തന്മാത്രാതലത്തിലുള്ള പഠനം, ആ നിഗൂഢതകളിൽ ചിലതു വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഡാർവിന്റെ സിദ്ധാന്തത്തെക്കുറിച്ച് ഗൗരവതരമായ ചില എതിർപ്പുകളും സംശയങ്ങളും അത് ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.
കോശങ്ങളുടെ ഘടകങ്ങൾ തന്മാത്രകൾകൊണ്ടാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. എല്ലാ ജീവികളുടെയും നിർമാണഘടകങ്ങൾ കോശങ്ങളാണ്. റോമൻ കത്തോലിക്കനായ പ്രൊഫസർ ബീഹി, മൃഗങ്ങളുടെ പിൽക്കാല വികാസത്തെ വിശദീകരിക്കാൻ പരിണാമത്തെ അവലംബിക്കുന്നു. എങ്കിലും, കോശത്തിന്റെ അസ്തിത്വത്തെ പരിണാമത്തിനു വിശദീകരിക്കാൻ സാധിക്കുമോ എന്നതു സംബന്ധിച്ച് അദ്ദേഹം ഗൗരവതരമായ സംശയങ്ങൾ ഉന്നയിക്കുന്നു. “കോശത്തിന്റെ ഒരു ഭാഗത്തുനിന്ന് മറ്റു തന്മാത്രകളാൽ നിർമിക്കപ്പെട്ട മറ്റൊരു ഭാഗത്തേക്ക് ‘ഹൈവേകളിലൂടെ’ ചരക്ക് വഹിച്ചുകൊണ്ടുപോകുന്ന” തന്മാത്രായന്ത്രങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നു. ‘കോശങ്ങൾ യന്ത്രങ്ങൾ ഉപയോഗിച്ച് നീന്തുന്നു, സ്വന്തം പകർപ്പുണ്ടാക്കുന്നു, ആഹാരം അകത്തേക്കെടുക്കുന്നു. ചുരുക്കത്തിൽ, സകല കോശപ്രക്രിയകളെയും നിയന്ത്രിക്കുന്നത് അങ്ങേയറ്റം സങ്കീർണമായ തന്മാത്രായന്ത്രങ്ങളാണ്. അങ്ങനെ ജീവനെക്കുറിച്ചുള്ള വിശദാംശങ്ങളെല്ലാം അതീവ കൃത്യതയോടെ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ജീവയന്ത്രാവലി അത്യന്തം സങ്കീർണമാണ്.’
അപ്പോൾ, ഈ പ്രവർത്തനങ്ങളെല്ലാം എത്ര വിപുലമായിട്ടാണ് നടക്കുന്നത്? ഒരു സാധാരണ കോശത്തിന്റെ കുറുകെയുള്ള നീളം 3/100 മില്ലിമീറ്ററാണ്! അത്രയ്ക്ക് അത്യൽപ്പമായ സ്ഥലപരിധിക്കുള്ളിലാണ് ജീവന് ആധാരമായ സങ്കീർണ പ്രവർത്തനങ്ങൾ നടക്കുന്നത്. (8-9 പേജുകളിലെ ചിത്രം കാണുക.) “ജീവന്റെ അടിസ്ഥാനമായ കോശം അമ്പരപ്പിക്കുംവിധം സങ്കീർണമാണെന്നതാണ് അന്തഃസത്ത” എന്ന് പറയപ്പെട്ടിട്ടുള്ളതിൽ അതിശയിക്കാനില്ല.
കോശം പ്രവർത്തനക്ഷമമാകണമെങ്കിൽ എല്ലാ ഘടകങ്ങളും ഒന്നിച്ചുചേരേണ്ടത് അവശ്യമാണെന്ന് ബീഹി വാദിക്കുന്നു. അതുകൊണ്ട്, പരിണാമത്തിന്റെ ഫലമായിട്ടുണ്ടാകുന്ന സാവധാനത്തിലുള്ള, ക്രമാനുഗതമായ മാറ്റങ്ങളാൽ ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുമ്പോൾ അത് പ്രവർത്തനക്ഷമമായിരിക്കുകയില്ല. അദ്ദേഹം ഒരു എലിക്കെണിയുടെ ദൃഷ്ടാന്തം ഉപയോഗിക്കുന്നു. എല്ലാ ഭാഗങ്ങളും ഒന്നിച്ചുചേർത്താൽ മാത്രമേ ലഘുവായ ഈ ഉപകരണം പ്രവർത്തിക്കൂ. അതിന്റെ ഓരോ ഭാഗങ്ങളും—തട്ട്, സ്പ്രിങ്, ലോഹദണ്ഡ്, കെണിച്ചുറ്റിക, കൊളുത്ത് എന്നിവ—ഒരു എലിക്കെണിയാകുന്നില്ല, ഒരു എലിക്കെണിയായി പ്രവർത്തിക്കാൻ അവയ്ക്കു കഴിയുകയുമില്ല. എല്ലാ ഭാഗങ്ങളും ഒരേസമയത്ത് ആവശ്യമാണ്. പ്രവർത്തനക്ഷമമായ ഒരു കെണിയുണ്ടാകണമെങ്കിൽ അവയെല്ലാം കൂടിച്ചേരണം. അതുപോലെതന്നെ, ഒരു കോശത്തിന്റെ എല്ലാ ഘടകങ്ങളും കൂടിച്ചേർന്നാൽ മാത്രമേ അതിന് ഒരു കോശമായി പ്രവർത്തിക്കാൻ സാധിക്കൂ. “ലഘൂകരിക്കാനാകാത്ത സങ്കീർണത” എന്നു താൻ വിളിക്കുന്നതു വിശദീകരിക്കാൻ അദ്ദേഹം ഈ ദൃഷ്ടാന്തം ഉപയോഗിക്കുന്നു.b
പടിപടിയായി കൈവരിക്കപ്പെട്ട, ഉപയോഗപ്രദമായ സ്വഭാവവിശേഷതകൾ പ്രത്യക്ഷമാകുന്ന പരിണാമപ്രക്രിയ സംബന്ധിച്ച സിദ്ധാന്തത്തിനുമുമ്പിൽ ഇത് വലിയൊരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു. “ക്രമാനുഗതമായ നിരവധി നേരിയ വ്യതിയാനങ്ങളാൽ ഉരുത്തിരിയാൻ സാധ്യതയില്ലാത്ത, സങ്കീർണമായ ഏതെങ്കിലും ഒരവയവം ഉണ്ടെന്നുള്ളതു തെളിയിക്കാനാകുമെങ്കിൽ എന്റെ സിദ്ധാന്തം തറപറ്റിയതുതന്നെ” എന്ന് ഡാർവിൻ പറഞ്ഞപ്പോൾ, പ്രകൃതിനിർധാരണത്തിലൂടെയുള്ള ക്രമാനുഗതമായ പരിണാമം സംബന്ധിച്ച തന്റെ സിദ്ധാന്തം വലിയൊരു വെല്ലുവിളിയെ അഭിമുഖീകരിക്കുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.—വർഗോത്പത്തി.
ലഘൂകരിക്കാനാകാത്തവിധം സങ്കീർണമായ കോശം, ഡാർവിന്റെ സിദ്ധാന്തത്തിൽ വിശ്വസിക്കുന്നതിന് വലിയൊരു പ്രതിബന്ധം സൃഷ്ടിക്കുന്നു. ഒന്നാമതായി, നിർജീവ പദാർഥത്തിൽനിന്ന് ജീവനുള്ള പദാർഥത്തിലേക്കുള്ള ആ കുതിച്ചുചാട്ടം വിശദമാക്കാൻ പരിണാമത്തിന് സാധിക്കുന്നില്ല. അടുത്തത്, ഘടകങ്ങളെല്ലാം കൂടിച്ചേർന്ന ഒരു യൂണിറ്റായി പൊടുന്നനെ പ്രത്യക്ഷപ്പെടേണ്ടിയിരുന്ന സങ്കീർണമായ ആ ആദ്യത്തെ കോശം സംബന്ധിച്ച പ്രശ്നമാണ്. മറ്റു വിധത്തിൽ പറഞ്ഞാൽ കോശം (അല്ലെങ്കിൽ എലിക്കെണി) ഘടകങ്ങൾ കൂട്ടിച്ചേർക്കപ്പെട്ട് പ്രവർത്തനക്ഷമമായ നിലയിൽ പൊടുന്നനെ പ്രത്യക്ഷപ്പെടണം!
രക്തം കട്ടപിടിക്കുന്നതു സംബന്ധിച്ച ലഘൂകരിക്കാനാകാത്ത സങ്കീർണത
ലഘൂകരിക്കാനാകാത്ത സങ്കീർണതയുടെ മറ്റൊരു ഉദാഹരണമാണ് മുറിവുണ്ടാകുമ്പോൾ നമ്മൾ നിസ്സാരമായിട്ടെടുക്കുന്ന ഒരു പ്രക്രിയ—രക്തം കട്ടപിടിക്കൽ. സാധാരണഗതിയിൽ, ഏതു ദ്രാവകവും തുളയുള്ള ഒരു പാത്രത്തിൽനിന്നു തത്ക്ഷണം ചോർന്നുപോകും. പാത്രം കാലിയാകുന്നതുവരെ ചോർച്ച തുടരും. എന്നാൽ, നമുക്കു ചതവുപറ്റുകയോ മുറിവേൽക്കുകയോ ചെയ്താൽ ഒരു രക്തക്കട്ട രൂപംകൊണ്ട് രക്തം വാർന്നുപോകുന്നത് ഉടനടി തടയുന്നു. എങ്കിലും ഡോക്ടർമാർക്ക് അറിവുള്ളതുപോലെ “പരസ്പരം ആശ്രയിച്ചു കഴിയുന്ന നിരവധി മാംസ്യഭാഗങ്ങൾ അടങ്ങിയ, വളരെ സങ്കീർണവും ദുർഗ്രഹവുമായ ഒന്നാണ് രക്തം കട്ടപിടിക്കൽ വ്യവസ്ഥ.” ഇവ, കട്ടപിടിക്കൽ പ്രവർത്തനപരമ്പര എന്നു പറയുന്ന ഒന്നിനെ ഉത്തേജിപ്പിക്കുന്നു. ലോലമായ ഈ സൗഖ്യമാകൽ പ്രക്രിയ, “വിവിധ പ്രതിപ്രവർത്തനങ്ങളുടെ സമയപരിധിയെയും വേഗത്തെയും നിർണായകമാംവിധം ആശ്രയിച്ചിരിക്കുന്നു.” അല്ലാത്തപക്ഷം, ഒരു വ്യക്തിയുടെ രക്തം മുഴുവൻ കട്ടപിടിക്കുകയോ ഉറയ്ക്കുകയോ ചെയ്തേക്കാം. അതല്ലെങ്കിൽ അയാൾ രക്തം മുഴുവൻ വാർന്നുപോയി മരണമടഞ്ഞേക്കാം. സമയപരിധിയും വേഗവുമാണ് മർമപ്രധാനമായ സംഗതികൾ.
രക്തം കട്ടപിടിക്കുന്നതിൽ പല ഘടകങ്ങൾ ഉൾപ്പെട്ടിരിക്കുന്നുവെന്നും പ്രക്രിയ തുടരാൻ ഈ ഘടകങ്ങളെല്ലാം ഉണ്ടായിരിക്കണമെന്നും ജീവരസതന്ത്ര അന്വേഷണങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു. ബീഹി ഇപ്രകാരം ചോദിക്കുന്നു: “ഒരിക്കൽ കട്ടപിടിക്കൽ ആരംഭിച്ചുകഴിഞ്ഞാൽ രക്തം മുഴുവൻ . . . ഉറയ്ക്കുന്നതുവരെ അതു തുടരുന്നതിൽനിന്നു തടയുന്നതെന്താണ്?” “രക്തക്കട്ടയുടെ രൂപംകൊള്ളൽ, അതിനൊരു പരിധി നിശ്ചയിക്കൽ, രക്തക്കട്ടയെ ബലപ്പെടുത്തൽ, നീക്കം ചെയ്യൽ” എന്നിവയെല്ലാം ചേർന്ന് ഒരു സമ്പൂർണ ജൈവവ്യവസ്ഥ ഉണ്ടാകുന്നു. ഏതെങ്കിലും ഒരു ഭാഗം തകരാറിലായാൽ മുഴുവ്യവസ്ഥയും തകരാറിലാകുന്നു.
പരിണാമവാദിയും കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ജീവരസതന്ത്രത്തിന്റെ പ്രൊഫസറുമായ റസ്സൽ ഡൂലിറ്റിൽ ഇങ്ങനെ ചോദിക്കുന്നു: “സസൂക്ഷ്മം സന്തുലനം ചെയ്യപ്പെട്ട സങ്കീർണമായ ഈ പ്രക്രിയ എങ്ങനെയാണ് പരിണമിച്ചുണ്ടായത്? . . . ഓരോ മാംസ്യവും ഉത്തേജിപ്പിക്കപ്പെടാനായി മറ്റൊന്നിനെ ആശ്രയിച്ചിരുന്നെങ്കിൽ ഈ വ്യവസ്ഥ എങ്ങനെ ഉളവാകുമായിരുന്നു എന്നതാണ് വിരോധാഭാസം. ഘടകങ്ങൾ മുഴുവനില്ലാതെ അതിന്റെ ഏതെങ്കിലുമൊരു ഘടകംകൊണ്ട് എന്ത് ഉപയോഗമാണുള്ളത്?” പരിണാമവാദങ്ങൾ ഉപയോഗിച്ചുകൊണ്ട് പ്രക്രിയയുടെ ആവിർഭാവത്തെപ്പറ്റി വിശദീകരിക്കാൻ ഡൂലിറ്റിൽ ശ്രമിക്കുന്നു. എങ്കിലും, “ശരിയായ ജീനുകൾ ശരിയായ സ്ഥലങ്ങളിൽ ഉണ്ടായിരിക്കത്തക്കവണ്ണം വളരെയേറെ ഭാഗ്യം സിദ്ധിക്കേണ്ടിയിരിക്കുന്നു” എന്ന് പ്രൊഫസർ ബീഹി ചൂണ്ടിക്കാട്ടുന്നു. ഡൂലിറ്റിലിന്റെ വിശദീകരണത്തിലും നിസ്സാരമട്ടിലുള്ള ആ പറച്ചിലിലും വളരെയധികം വിഷമതകൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അദ്ദേഹം കാണിക്കുന്നു.
അതുകൊണ്ട്, പരിണാമ മാതൃകയുടെ പ്രധാന പ്രതിബന്ധങ്ങളിലൊന്ന് ലഘൂകരിക്കാനാകാത്ത സങ്കീർണത എന്ന കീറാമുട്ടിയാണ്. ബീഹി പറയുന്നു: “എന്തെങ്കിലുമൊന്ന്—ഭാവിയിലല്ല, ഇപ്പോൾ ഉപയോഗപ്രദമായ ഒന്ന്—തിരഞ്ഞെടുക്കാനുണ്ടെങ്കിൽ മാത്രമേ ഡാർവിന്റെ പരിണാമത്തിന്റെ എഞ്ചിൻ, അതായത് പ്രകൃതിനിർധാരണം വിജയിക്കുകയുള്ളു എന്ന് ഞാൻ ഊന്നിപ്പറയുന്നു.”
“പേടിപ്പെടുത്തുന്ന പരിപൂർണ നിശബ്ദത”
ചില ശാസ്ത്രജ്ഞന്മാർ “പരിണാമം സംബന്ധിച്ച സ്ഥിതിവിവരഗണിത മാതൃകകൾ അല്ലെങ്കിൽ സീക്ക്വൻസ് ഡാറ്റാ താരതമ്യം ചെയ്യാനും വ്യാഖ്യാനിക്കാനും പുതിയ സ്ഥിതിവിവരഗണിതശാസ്ത്രരീതികൾ” പഠിച്ചിരിക്കുന്നതായി പ്രൊഫസർ ബീഹി പറയുന്നു. എങ്കിലും അദ്ദേഹം ഇങ്ങനെ ഉപസംഹരിക്കുന്നു: “യഥാർഥ പരിണാമം ക്രമാനുഗതമായ, അടുക്കുംചിട്ടയുമില്ലാത്ത ഒരു പ്രക്രിയയാണെന്നു സ്ഥിതിവിവരഗണിതം ഊഹിക്കുന്നു; അതു പരിണാമം തെളിയിക്കുന്നില്ല, (അതിനൊട്ടു സാധിക്കുകയുമില്ല).” (അവസാന വാചകത്തിലെ ചെരിച്ചെഴുത്തു ഞങ്ങളുടേത്.) മുമ്പ് അദ്ദേഹം ഇപ്രകാരം പറഞ്ഞു: “പരിണാമത്തെക്കുറിച്ചുള്ള ശാസ്ത്രഗ്രന്ഥങ്ങൾ നിങ്ങൾ പരിശോധിക്കുകയാണെങ്കിൽ, നിങ്ങളുടെ അന്വേഷണം ജീവന് ആധാരമായ തന്മാത്രായന്ത്രങ്ങൾ എങ്ങനെ വികാസം പ്രാപിച്ചു എന്ന ചോദ്യത്തിന്മേൽ കേന്ദ്രീകരിക്കുകയാണെങ്കിൽ, പേടിപ്പെടുത്തുന്ന പരിപൂർണ നിശബ്ദത നിങ്ങൾ കാണുന്നു. ജീവന്റെ അടിത്തറയുടെ സങ്കീർണത, അതിനു കാരണമായ സംഗതി കണ്ടുപിടിക്കാനുള്ള ശാസ്ത്രത്തിന്റെ ശ്രമത്തെ നിർവീര്യമാക്കിയിരിക്കുന്നു; തന്മാത്രായന്ത്രങ്ങൾ ഡാർവിന്റെ സിദ്ധാന്തത്തിന്റെ സാർവത്രികാംഗീകാര്യതയ്ക്ക് ഇന്നോളം ഒരു വിലങ്ങുതടിയായി നിലകൊള്ളുന്നു.”
ഇത് മനസ്സാക്ഷിയുള്ള ശാസ്ത്രജ്ഞന്മാർക്ക് ഗൗരവമായി പരിചിന്തിക്കാൻ ഒരു കൂട്ടം ചോദ്യങ്ങളുയർത്തുന്നു: “പ്രകാശസംശ്ലേഷണം വികാസംപ്രാപിച്ചത് എങ്ങനെയാണ്? തന്മാത്രാന്തര ഗതാഗതം ആരംഭിച്ചത് എങ്ങനെയാണ്? കൊളസ്ട്രോൾ ജൈവസംശ്ലേഷണം ആരംഭിച്ചത് എങ്ങനെയാണ്? റെറ്റിനൽ, കാഴ്ചയിൽ ഉൾപ്പെട്ടത് എങ്ങനെയാണ്? ഫോസ്ഫോപ്രോട്ടീൻ സംജ്ഞാപഥം വികാസം പ്രാപിച്ചത് എങ്ങനെയാണ്?”c ബീഹി കൂട്ടിച്ചേർക്കുന്നു: “ഈ പ്രശ്നങ്ങളൊന്നും പരിഹരിക്കുന്നതുപോയിട്ട് അവയിലേക്കു ശ്രദ്ധ തിരിക്കുകപോലും ചെയ്തിട്ടില്ല. ഈ വസ്തുതതന്നെ, സങ്കീർണമായ ജൈവരസതന്ത്രവ്യവസ്ഥകളുടെ ഉത്ഭവം മനസ്സിലാക്കിത്തരാൻ ഡാർവിന്റെ സിദ്ധാന്തം പര്യാപ്തമല്ലെന്നുള്ളതിന്റെ വ്യക്തമായ സൂചനയാണ്.”
ഡാർവിന്റെ സിദ്ധാന്തത്തിന് കോശങ്ങളുടെ സങ്കീർണമായ തന്മാത്രാ അടിസ്ഥാനം വിശദീകരിക്കാനാകുന്നില്ലെങ്കിൽ, ഭൂമിയിൽ വസിക്കുന്ന ലക്ഷക്കണക്കിനു ജീവിവർഗങ്ങളുടെ അസ്തിത്വം സംബന്ധിച്ച് അതിന് എങ്ങനെ തൃപ്തികരമായ ഒരു വിശദീകരണം നൽകാനാകും? വർഗങ്ങൾക്കിടയിലെ വിടവുകൾ നികത്തിക്കൊണ്ട് പുതിയ വർഗങ്ങളെ ഉളവാക്കാൻപോലും പരിണാമത്തിനു സാധിക്കുന്നില്ല.—ഉല്പത്തി 1:11, 21, 24.
ജീവന്റെ തുടക്കം സംബന്ധിച്ച പ്രശ്നങ്ങൾ
ചില ശാസ്ത്രജ്ഞന്മാർക്ക് ഡാർവിന്റെ സിദ്ധാന്തം എത്രതന്നെ പ്രശംസാർഹമാണെന്നു തോന്നിയാലും ആത്യന്തികമായി അവർ ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടിവരും: ജീവജാലങ്ങൾ പ്രകൃതിനിർധാരണംവഴി പരിണമിച്ചതാണെന്നു നാം ഊഹിക്കുകയാണെങ്കിൽപ്പോലും ജീവൻ എങ്ങനെ ഉത്ഭവിച്ചു? മറ്റുവിധത്തിൽ പറഞ്ഞാൽ, ഏറ്റവും അർഹമായതിന്റെ അതിജീവനമല്ല പ്രശ്നം. പിന്നെയോ ഏറ്റവും അർഹമായ ആദ്യത്തെ ജീവരൂപം എങ്ങനെ ഉളവായി എന്നതാണ്! എങ്കിലും, നേത്രത്തിന്റെ പരിണാമം സംബന്ധിച്ച ഡാർവിന്റെ അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നതുപോലെ ജീവൻ എങ്ങനെ ഉത്ഭവിച്ചു എന്നത് അദ്ദേഹത്തിനൊരു വിഷയമല്ലായിരുന്നു. അദ്ദേഹം എഴുതി: “ജീവൻ എങ്ങനെ ഉത്ഭവിച്ചു എന്നതുപോലെതന്നെ ഒരു നാഡി, പ്രകാശത്തോട് എങ്ങനെ സംവേദനീയമാകുന്നു എന്നതും നമുക്കൊരു വിഷയമല്ല.”
ഫ്രഞ്ചുകാരനായ ശാസ്ത്രരചയിതാവ് ഫിലിപ്പ് ഷാൻബൊൻ എഴുതി: “ഉളവാകുന്ന ജീവരൂപങ്ങൾ പൂർണമായി പ്രവർത്തനക്ഷമമാകുന്നതിനുമുമ്പുതന്നെ പ്രകൃതി അവയെ എങ്ങനെ തിരഞ്ഞെടുത്തു എന്നത് ഡാർവിനുതന്നെ അത്ഭുതമായിരുന്നു. പരിണാമനിഗൂഢതകൾക്ക് അന്തമില്ല. ‘കെട്ടിച്ചമച്ച പരിണാമസിദ്ധാന്തത്തിന് സങ്കീർണമായ അവയവങ്ങളുടെ ഉത്ഭവത്തെ ശരിക്കു വിശദീകരിക്കാൻ സാധിക്കുന്നില്ല’ എന്ന ഒർസേയിലെ സൗത്ത് പാരീസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഷാൻ ഷേനർമോന്റെ പ്രസ്താവനയോട് ഇന്നത്തെ ജീവശാസ്ത്രജ്ഞന്മാർ വിനയപൂർവം യോജിക്കേണ്ടതാണ്.”
സങ്കീർണമായ ജീവരൂപങ്ങൾ ഇത്രയേറെ അനന്തമായ വൈവിധ്യത്തിൽ പരിണമിച്ചുണ്ടാകാൻ സാധ്യതയില്ലെന്നതിന്റെ വെളിച്ചത്തിൽ, ഇവയെല്ലാം വെറും യാദൃച്ഛിക സംഭവത്താൽ ശരിയായി പരിണമിച്ചുണ്ടായെന്നു വിശ്വസിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നുന്നുണ്ടോ? ഏതെങ്കിലും ജീവികൾ, അവയുടെ നേത്രങ്ങൾ അപ്പോഴും പരിണമിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽ അല്ലെങ്കിൽ മനുഷ്യരെക്കാൾ താണ രൂപമുള്ള അവയുടെ ശരീരത്തിൽ പ്രാകൃതമായ വിരലുകൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിൽ ആയിരിക്കുമ്പോൾ, അവ ഏറ്റവും അർഹമായവയുടെ അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടത്തെ എങ്ങനെ അതിജീവിച്ചു എന്നു നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടോ? അപൂർണവും അപര്യാപ്തവുമായ ഒരവസ്ഥയിലായിരുന്നു കോശങ്ങളെങ്കിൽ അവ എങ്ങനെ അതിജീവിച്ചു എന്നു നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടോ?
“പത്തു ലക്ഷം ഡോളറിന്റെ ഭാഗ്യക്കുറി ഒന്നിനു പുറകേ ഒന്നായി പത്തു ലക്ഷം തവണ അടിച്ചെടുത്തതുപോലെ, നാം അസ്തിത്വത്തിൽ വരുന്നതിനായി, അസംഭാവ്യമായ സംഗതികളുടെ ഒരു നീണ്ട പരമ്പര ഏറ്റവും ശരിയായ വിധത്തിൽ സംഭവിച്ചതിന്റെ” പരിണതിയാണ് ഭൂമിയിലെ ജീവൻ എന്ന് അസ്ട്രോണമി മാഗസിനുവേണ്ടിയുള്ള ഒരു എഴുത്തുകാരനും ഒരു പരിണാമവാദിയുമായ റോബർട്ട് നേയ് എഴുതി. ആ ന്യായവാദം, ഒരുപക്ഷേ ഇന്നു കാണുന്ന ഓരോ ജീവിയുടെ കാര്യത്തിലും ബാധകമാണ്. അതു തീർത്തും അസാധ്യമാണ്. എന്നിട്ടും, പുതിയ വർഗങ്ങൾ ഉളവാകേണ്ടതിന് പരിണാമം യാദൃച്ഛികമായി ആണിനെയും പെണ്ണിനെയും ഒരേസമയത്ത് ഉളവാക്കിയെന്നു നാം വിശ്വസിക്കണമത്രേ. അതിലും അസാധ്യമായ മറ്റൊന്ന്. ആണും പെണ്ണും ഒരേസമയത്തു മാത്രമല്ല ഒരേസ്ഥലത്തുതന്നെ പരിണമിച്ചുണ്ടായെന്നു നമ്മൾ വിശ്വസിക്കേണ്ടിയിരിക്കുന്നു! അവർ ഈ വിധത്തിൽ ഒത്തു ചേർന്നില്ലായിരുന്നെങ്കിൽ സന്താനോത്പാദനം നടക്കുകയില്ലായിരുന്നു!
തീർച്ചയായും, ലക്ഷക്കണക്കിനുള്ള തനതായ ജീവരൂപങ്ങൾ, വിജയത്തിൽ കലാശിച്ച ലക്ഷക്കണക്കിനു യാദൃച്ഛിക സംഭവങ്ങളുടെ ഫലമാണെന്ന ക്ഷണവിശ്വാസം ശുദ്ധ അബദ്ധമാണ്.
ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നത് എന്തുകൊണ്ട്?
പരിണാമം ഇത്ര പ്രസിദ്ധിയാർജിച്ചിരിക്കുന്നതും ഭൂമിയിലെ ജീവൻ സംബന്ധിച്ചുള്ള ഏക വിശദീകരണമെന്ന നിലയിൽ അനേകർ അത് അംഗീകരിച്ചിരിക്കുന്നതും എന്തുകൊണ്ടാണ്? അത് സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും പഠിപ്പിക്കപ്പെടുന്ന ഒരു യാഥാസ്ഥിതിക ആശയമാണെന്നുള്ളതാണ് ഒരു കാരണം. അതു സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങൾ ഉന്നയിച്ചാൽ നിങ്ങൾ അനർഥങ്ങൾ നേരിടേണ്ടിവരും. ബീഹി പറയുന്നു: “പരിണാമപരമായ ഒരു കാഴ്ചപ്പാടിലൂടെ ലോകത്തെ വീക്ഷിക്കേണ്ട വിധമാണ് പല കുട്ടികളും തങ്ങളുടെ പാഠപുസ്തകങ്ങളിൽനിന്നു പഠിക്കുന്നത്. എങ്കിലും, ആ പാഠപുസ്തകങ്ങൾ വിവരിക്കുന്ന വിസ്മയാവഹമായ ജൈവരസതന്ത്ര വ്യവസ്ഥകളിൽ ഏതെങ്കിലും ഒന്നിനെ ഡാർവിന്റെ പരിണാമം എങ്ങനെ ഉളവാക്കിയിരിക്കാമെന്ന് അവർ പഠിക്കുന്നില്ല.” അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “ഡാർവിന്റെ സിദ്ധാന്തത്തിന്റെ, യാഥാസ്ഥിതിക വിശ്വാസമെന്ന നിലയിലുള്ള വിജയവും തന്മാത്രാതലത്തിലെ ശാസ്ത്രമെന്ന നിലയിലുള്ള പരാജയവും മനസ്സിലാക്കണമെങ്കിൽ, ഉത്കർഷേച്ഛുക്കളായ ശാസ്ത്രജ്ഞന്മാരെ പഠിപ്പിക്കാനുപയോഗിക്കുന്ന പാഠപുസ്തകങ്ങൾ നാം സൂക്ഷ്മമായി പരിശോധിക്കേണ്ടിയിരിക്കുന്നു.”
“ലോകത്തിലുള്ള എല്ലാ ശാസ്ത്രജ്ഞന്മാരെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു അഭിപ്രായവോട്ടെടുപ്പു നടത്തുകയാണെങ്കിൽ ബഹുഭൂരിപക്ഷവും തങ്ങൾ ഡാർവിന്റെ സിദ്ധാന്തം സത്യമാണെന്നു വിശ്വസിക്കുന്നതായി പറയും. എന്നാൽ, മറ്റേവരെയുംപോലെതന്നെ ശാസ്ത്രജ്ഞന്മാരും മറ്റാളുകളുടെ വാക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് തങ്ങളുടെ മിക്ക അഭിപ്രായങ്ങളും പുറപ്പെടുവിക്കുന്നത്. . . . കൂടാതെ, ദുഃഖകരമെന്നു പറയട്ടെ, സൃഷ്ടിവാദികൾക്ക് ആക്രമിക്കാൻ വക നൽകുമെന്ന ഭയത്താലാണ് ശാസ്ത്ര സമുദായം മിക്കപ്പോഴും വിമർശനങ്ങൾ തള്ളിക്കളയുന്നത്. ശാസ്ത്രത്തെ സംരക്ഷിക്കുകയാണെന്ന പേരിൽ, പ്രകൃതിനിർധാരണം സംബന്ധിച്ച തുറന്ന ശാസ്ത്രീയ വിമർശനങ്ങൾ അവഗണിക്കപ്പെട്ടിരിക്കുന്നുവെന്നതു വിരോധാഭാസമാണ്.”d
ഡാർവിന്റെ പരിണാമസിദ്ധാന്തത്തിനു പകരമായി പ്രായോഗികവും വിശ്വാസയോഗ്യവുമായ എന്തെങ്കിലും സംഗതിയുണ്ടോ? ഈ പരമ്പരയിലെ ഞങ്ങളുടെ അവസാനത്തെ ലേഖനം ആ ചോദ്യം പരിചിന്തിക്കും.
[അടിക്കുറിപ്പുകൾ]
a ഇനിയങ്ങോട്ട് ഡാർവിന്റെ ബ്ലാക്ക് ബോക്സ് എന്നായിരിക്കും പരാമർശിക്കുന്നത്.
b “ലഘൂകരിക്കാനാകാത്ത സങ്കീർണത” എന്നതുകൊണ്ട് അർഥമാക്കുന്നത് “അടിസ്ഥാനപ്രവർത്തനത്തിന് ഇടയാക്കുന്ന, ഏറ്റവും പൊരുത്തമുള്ളതും ഒത്തുചേർന്നു പ്രവർത്തിക്കുന്നതുമായ നിരവധി ഘടകങ്ങളാൽ നിർമിതമായ ഒരു വ്യവസ്ഥ”യെയാണ്. “ഈ വ്യവസ്ഥയിലെ ഘടകങ്ങളിലൊന്ന് നീക്കംചെയ്യപ്പെട്ടാൽ അതിന്റെ പ്രവർത്തനം നിലയ്ക്കുന്നു”. (ഡാർവിന്റെ ബ്ലാക്ക് ബോക്സ്) അങ്ങനെ, ഒരു വ്യവസ്ഥയ്ക്ക് പ്രവർത്തിക്കാൻ കഴിയുന്ന ഏറ്റവും ലഘുവായ തലമാണത്.
c ഭൂമി അക്ഷരീയമായി ആറു ദിവസങ്ങൾക്കൊണ്ടാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അല്ലെങ്കിൽ ചിലപ്പോൾ പറയപ്പെടുന്നതുപോലെ ഭൂമി ഏതാണ്ട് പതിനായിരം വർഷം മുമ്പുണ്ടായതാണ് എന്ന വിശ്വാസമാണ് സൃഷ്ടിവാദം. യഹോവയുടെ സാക്ഷികൾ സൃഷ്ടിപ്പിൽ വിശ്വസിക്കുന്നവരാണെങ്കിലും സൃഷ്ടിവാദികളല്ല. ബൈബിളിലെ ഉൽപ്പത്തി വിവരണം, ഭൂമി കോടിക്കണക്കിനു വർഷം പഴക്കമുള്ളതായിരിക്കാനുള്ള സാധ്യതയ്ക്ക് ഇടനൽകുന്നുവെന്ന് അവർ വിശ്വസിക്കുന്നു.
d പ്രകാശവും ഹരിതകവും ഉപയോഗിച്ച് സസ്യകോശങ്ങൾ കാർബൺ ഡൈ ഓക്സൈഡിൽനിന്നും ജലത്തിൽനിന്നും കാർബോഹൈഡ്രേറ്റ് ഉണ്ടാക്കുന്ന പ്രക്രിയയാണ് പ്രകാശസംശ്ലേഷണം. പ്രകൃതിയിൽ നടക്കുന്ന ഏറ്റവും പ്രധാനമായ രാസപ്രവർത്തനം എന്നു ചിലർ അതിനെ വിളിക്കുന്നു. ജീവകോശങ്ങൾ സങ്കീർണമായ രാസസംയുക്തങ്ങൾ നിർമിക്കുന്ന പ്രക്രിയയാണ് ജൈവസംശ്ലേഷണം. റെറ്റിനൽ, കാഴ്ചയോടു ബന്ധപ്പെട്ട സങ്കീർണമായ വ്യവസ്ഥയിൽ ഉൾപ്പെട്ടിരിക്കുന്നു. ഫോസ്ഫോപ്രോട്ടീൻ സംജ്ഞാപഥങ്ങൾ കോശത്തിന്റെ ഒഴിച്ചുകൂടാനാവാത്ത പ്രവർത്തനങ്ങളാണ്.
[6-ാം പേജിലെ ആകർഷകവാക്യം]
“ക്രമാനുഗതമായ നിരവധി നേരിയ വ്യതിയാനങ്ങളാൽ ഉരുത്തിരിയാൻ സാധ്യതയില്ലാത്ത, സങ്കീർണമായ ഏതെങ്കിലും ഒരവയവം ഉണ്ടെന്നുള്ളതു തെളിയിക്കാനാകുമെങ്കിൽ എന്റെ സിദ്ധാന്തം തറപറ്റിയതുതന്നെ.”
[10-ാം പേജിലെ ആകർഷകവാക്യം]
കോശത്തിനകത്ത് “ബൃഹത്തായ സാങ്കേതികത്വത്തിന്റെയും അമ്പരപ്പിക്കുന്ന സങ്കീർണതയുടെയും ഒരു ലോകം” ഉണ്ട്.—പരിണാമം: പ്രതിസന്ധിയിലായ ഒരു സിദ്ധാന്തം
കോശത്തിന്റെ ഡിഎൻഎ-യിലെ നിർദേശങ്ങളെല്ലാം “കടലാസിൽ പകർത്തിയാൽ 600 പേജുള്ള ആയിരം പുസ്തകങ്ങൾ നിറയും.”—നാഷണൽ ജിയോഗ്രഫിക്ക്
[11-ാം പേജിലെ ആകർഷകവാക്യം]
“യഥാർഥ പരിണാമം ക്രമാനുഗതമായ, അടുക്കുംചിട്ടയുമില്ലാത്ത ഒരു പ്രക്രിയയാണെന്നു സ്ഥിതിവിവരഗണിതം ഊഹിക്കുന്നു; അതു പരിണാമം തെളിയിക്കുന്നില്ല, (അതിനൊട്ടു സാധിക്കുകയുമില്ല).”
[12-ാം പേജിലെ ആകർഷകവാക്യം]
“ശാസ്ത്രത്തെ സംരക്ഷിക്കുകയാണെന്ന പേരിൽ, പ്രകൃതിനിർധാരണം സംബന്ധിച്ച തുറന്ന ശാസ്ത്രീയ വിമർശനങ്ങൾ അവഗണിക്കപ്പെട്ടിരിക്കുന്നുവെന്നതു വിരോധാഭാസമാണ്.”
[8-ാം പേജിലെ ചതുരം]
തന്മാത്രയും കോശവും
ജൈവരസതന്ത്രം—“ജീവന്റെ അടിത്തറയെക്കുറിച്ചുള്ള പഠനം: ദഹനം, പ്രകാശസംശ്ലേഷണം, പ്രതിരോധശക്തി തുടങ്ങിയവയിൽ ഉൾപ്പെട്ടിരിക്കുന്ന രാസപ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്ന കോശങ്ങളും കലകളും ഉണ്ടാക്കുന്ന തന്മാത്രകൾ.”—ഡാർവിന്റെ ബ്ലാക്ക് ബോക്സ്.
തന്മാത്ര—“രാസ-ഭൗതിക ഗുണധർമങ്ങൾ മാറ്റാതെതന്നെ ഒരു മൂലകത്തെയോ സംയുക്തത്തെയോ വിഭജിപ്പിക്കാവുന്ന ഏറ്റവും ചെറിയ കണം; രാസബലത്താൽ കൂട്ടിനിർത്തപ്പെട്ടിരിക്കുന്ന സമാനമായതോ വ്യത്യസ്തമായതോ ആയ ഒരു കൂട്ടം ആറ്റങ്ങൾ.”—ദി അമേരിക്കൻ ഹെറിറ്റേജ് ഡിക്ഷ്നറി ഓഫ് ദി ഇംഗ്ലീഷ് ലാങ്ഗ്വേജ്.
കോശം—എല്ലാ ജീവജാലങ്ങളുടെയും അടിസ്ഥാന യൂണിറ്റ്. “ഒരു ജീവിയുടെ ആകാരത്തിനും പ്രവർത്തനത്തിനും കാരണമായ, ഏറെ സംഘടിതമായ ഒരു ഘടനയാണ് ഓരോ കോശവും.” പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ ശരീരത്തിൽ എത്ര കോശങ്ങളുണ്ട്? നൂറുലക്ഷം കോടി (1,00,00,000,00,00,000)! നമ്മുടെ ത്വക്കിന്റെ ഓരോ ചതുരശ്ര സെൻറിമീറ്ററിലും ഏതാണ്ട് 1,55,000 കോശങ്ങളുണ്ട്. മനുഷ്യമസ്തിഷ്കത്തിലാകട്ടെ, 1,000 കോടിമുതൽ 10,000 കോടിവരെ നാഡീകോശങ്ങളുണ്ട്. “ജീവശാസ്ത്രത്തിന്റെ താക്കോലാണ് കോശം. കാരണം, ജലത്തിന്റെയും ലവണങ്ങളുടെയും ബൃഹത്തന്മാത്രകളുടെയും സ്തരങ്ങളുടെയും ഒരു ശേഖരം ജീവകോശമായിത്തീരുന്നത് ഈ തലത്തിലാണ്.”—ജീവശാസ്ത്രം, ഇംഗ്ലീഷ്.
[9-ാം പേജിലെ ചതുരം]
കോശത്തിന്റെ “അതുല്യ സങ്കീർണത”
“ജീവൻ സംബന്ധിച്ച് തന്മാത്രാജീവശാസ്ത്രം വെളിപ്പെടുത്തിയിരിക്കുന്ന യാഥാർഥ്യം ഗ്രഹിക്കാൻ നാം ഒരു കോശത്തെ അതിന്റെ വ്യാസം ഇരുപതു കിലോമീറ്ററാകുന്നതുവരെ 100 കോടി ഇരട്ടിയാക്കി, ലണ്ടൻ അല്ലെങ്കിൽ ന്യൂയോർക്ക് പോലുള്ള ഒരു വൻനഗരത്തെ മൂടാൻ കഴിയുന്ന വിധത്തിലുള്ള ഒരു കൂറ്റൻ വ്യോമയാനത്തിന്റെ വലുപ്പത്തിലാക്കണം. അതുല്യ സങ്കീർണതയും അനുവർത്തന രൂപകൽപ്പനയുമുള്ള ഒരു വസ്തുവിനെയായിരിക്കും നാം അപ്പോൾ കാണുക. കോശത്തിന്റെ ഉപരിതലത്തിൽ, പദാർഥങ്ങൾ തുടർച്ചയായി അകത്തേക്കും പുറത്തേക്കും ഒഴുകാൻ തക്കവണ്ണം തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന—ഒരു കൂറ്റൻ ബഹിരാകാശ പേടകത്തിന്റെ രന്ധ്രങ്ങൾപ്പോലെയുള്ള—ലക്ഷക്കണക്കിനു ദ്വാരങ്ങൾ നാം കാണും. ഈ ദ്വാരങ്ങളിൽ ഒന്നിലേക്കു നാം പ്രവേശിക്കുകയാണെങ്കിൽ അതിവിശിഷ്ടമായ സാങ്കേതികത്വത്തിന്റെയും അമ്പരപ്പിക്കുന്ന സങ്കീർണതയുടെയും ഒരു ലോകത്ത് ചെന്നുപെട്ടതുപോലെ തോന്നും. കോശത്തിന്റെ ചുറ്റളവിൽനിന്ന് എല്ലാ ദിശകളിലേക്കും ശാഖോപശാഖകളായി പിരിയുന്ന, അത്യന്തം സംഘടിതമായ അസംഖ്യം ഇടനാഴികളും നാളികളും നാം കാണും. ചിലത് കോശമർമത്തിലെ കേന്ദ്ര മെമ്മറി ബാങ്കിലേക്കു പോകുന്നവയാണ്. മറ്റുള്ളവ സംയോജക നിലയങ്ങളിലേക്കും സംസ്കരണ യൂണിറ്റുകളിലേക്കും. കോശമർമം, നേർത്ത ബഹുഭുജങ്ങളായി ഭാഗിക്കപ്പെട്ട ഒരു താഴികക്കുടത്തോട് സദൃശമായ, ഒരു കിലോമീറ്ററിലേറെ വ്യാസത്തിൽ ഗോളാകൃതിയിലുള്ള ഒരു കൂറ്റൻ അറയായിരിക്കും. ഇതിനകത്ത്, ഡിഎൻഎ തന്മാത്രകളുടെ ഇഴപിരിഞ്ഞ, കിലോമീറ്ററുകളോളം വരുന്ന ശൃംഖലകളെല്ലാം ക്രമമായ വരികളിൽ ഭംഗിയായി അടുക്കി വെച്ചിരിക്കുന്നതായി നാം കാണും. വളരെയധികം ഉത്പന്നങ്ങളും അസംസ്കൃത പദാർഥങ്ങളും, കോശത്തിനു പുറത്തുള്ള സ്ഥലങ്ങളിലെ വിവിധ സംയോജക നിലയങ്ങളുടെ അകത്തേക്കും പുറത്തേക്കും എണ്ണമറ്റ നാളികളിലൂടെ വളരെ ക്രമീകൃതമായ രീതിയിൽ നീങ്ങുന്നു.
എണ്ണിയാലൊടുങ്ങാത്തതുപോലെ കാണപ്പെടുന്ന നാളികളിലൂടെ, പരിപൂർണ യോജിപ്പോടെ ഇത്രയേറെ വസ്തുക്കൾ പ്രവഹിക്കുന്നതിൽ ഒളിഞ്ഞിരിക്കുന്ന നിയന്ത്രണശക്തിയിൽ നാം അത്ഭുതംകൂറും. നമുക്കു ചുറ്റും, നാം നോക്കുന്നിടത്തെല്ലാം എല്ലാതരത്തിലുമുള്ള റോബോട്ടുസമാന യന്ത്രങ്ങൾ നാം കാണും. കോശത്തിന്റെ നിർവാഹക ഘടകങ്ങളിൽ ഏറ്റവും ലഘുവായത്, അതായത് മാംസ്യ തന്മാത്രകൾ, തൻമാത്രായന്ത്രാവലികളുടെ വിസ്മയമുളവാക്കുന്ന തരത്തിലുള്ള സങ്കീർണമായ കഷണങ്ങളാണ്. ഇവയിൽ ഓരോന്നും അത്യന്തം സംഘടിതമായ ഒരു സമവിന്യാസ ത്രിമാനഘടനയുള്ള ഏതാണ്ട് മൂവായിരം ആറ്റങ്ങളാൽ നിർമിക്കപ്പെട്ടതാണ്. വിസ്മയാവഹമായ ഈ തന്മാത്രായന്ത്രങ്ങളുടെ അസാധാരണമായതെങ്കിലും ഉദ്ദേശ്യപൂർവകമായ പ്രവർത്തനങ്ങൾ നിരീക്ഷിക്കവെ നാം കൂടുതൽ വിസ്മയഭരിതരാകും. പ്രത്യേകിച്ചും, ഊർജതന്ത്രത്തിലും രസതന്ത്രത്തിലുമുള്ള അറിവെല്ലാം ഉണ്ടെങ്കിലും അത്തരമൊരു തന്മാത്രായന്ത്രത്തെ—അതായത് ഒരൊറ്റ നിർവാഹക മാംസ്യ തന്മാത്രയെ—രൂപകൽപ്പന ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട് നമ്മുടെ ഇപ്പോഴത്തെ കഴിവിനതീതമാണെന്നും അടുത്ത നൂറ്റാണ്ടു തുടങ്ങാതെ അത് നേടിയെടുക്കാനുള്ള സാധ്യതയില്ലെന്നും നാം മനസ്സിലാക്കുമ്പോൾ. എങ്കിലും ഒരു കോശത്തിന്റെ ആയുസ്സ്, ആയിരക്കണക്കിന്, പതിനായിരക്കണക്കിന്, ഒരുപക്ഷേ ലക്ഷക്കണക്കിന് വിവിധതരത്തിലുള്ള മാംസ്യ തന്മാത്രകളെ ആശ്രയിച്ചിരിക്കുന്നു.”—പരിണാമം: പ്രതിസന്ധിയിലായ ഒരു സിദ്ധാന്തം, ഇംഗ്ലീഷ്.
[10-ാം പേജിലെ ചതുരം]
യാഥാർഥ്യങ്ങളും കെട്ടുകഥകളും
“ഭൂമിയിലെ ജീവന്റെ അസ്തിത്വത്തിൽ തെളിഞ്ഞുകാണുന്ന ബുദ്ധിശക്തിയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്താൻ മനസ്സൊരുക്കമുള്ള ഒരു വ്യക്തി, പല ജൈവരസതന്ത്ര വ്യൂഹങ്ങളും രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളവയാണെന്ന നിഗമനത്തിലെത്തും. അവ പ്രകൃതിനിയമങ്ങളാലും യാദൃച്ഛിക സംഭവത്താലും ആവശ്യകതയാലും രൂപകൽപ്പന ചെയ്യപ്പെട്ടതല്ല; മറിച്ച് അവ ആസൂത്രണം ചെയ്യപ്പെട്ടവയാണ്. . . . ഭൂമിയിലെ ജീവൻ അതിന്റെ ഏറ്റവും അടിസ്ഥാന തലത്തിൽ, അതിന്റെ ഏറ്റവും നിർണായക ഘടകങ്ങളിൽ, ബുദ്ധിപൂർവകമായ ഒരു പ്രവർത്തനത്തിന്റെ ഉത്പന്നമാണ്.”—ഡാർവിന്റെ ബ്ലാക്ക് ബോക്സ്.
“ഒരു നൂറ്റാണ്ടിലെ കഠിനപ്രയത്നത്തിനുശേഷവും, ശാസ്ത്രജ്ഞന്മാർക്ക് [ഡാർവിന്റെ പരിണാമസിദ്ധാന്തം] കാര്യമായ ഒരർഥത്തിലും സാധൂകരിക്കാൻ സാധിച്ചിട്ടില്ല എന്നതിന് യാതൊരു സംശയവുമില്ല. ഡാർവിന്റെ സിദ്ധാന്തം അവകാശപ്പെടുന്നതുപോലെയുള്ള, അടുത്ത ബന്ധമുള്ള ജീവികളുടെ ഒരു ശ്രേണി ഇതുവരെ പ്രകൃതിയിൽ കണ്ടെത്തിയിട്ടില്ലെന്നും യാദൃച്ഛികമായിട്ടാണ് ജീവൻ അസ്തിത്വത്തിൽ വന്നതെന്ന ആശയം വിശ്വസനീയമാക്കിത്തീർക്കാൻ സാധിച്ചിട്ടില്ലെന്നുമുള്ള വസ്തുത ഇന്നും നിലനിൽക്കുന്നു.”—പരിണാമം: പ്രതിസന്ധിയിലായ ഒരു സിദ്ധാന്തം.
“ജീവശാസ്ത്രത്തിൽനിന്നു വളരെ വ്യത്യസ്തമായ മണ്ഡലങ്ങളിന്മേലുള്ള പരിണാമസിദ്ധാന്തത്തിന്റെ സ്വാധീനം, വാസ്തവികമായ ശാസ്ത്രീയ തെളിവില്ലാത്ത തികച്ചും സൈദ്ധാന്തികമായ ഒരു ആശയത്തിന് ഒരു മുഴു സമൂഹത്തിന്റെയും ചിന്തയെ വാർത്തെടുക്കാനും ഒരു യുഗത്തിന്റെ കാഴ്ചപ്പാടിനെ അടക്കിവാഴാനും കഴിഞ്ഞതിനുള്ള, ചരിത്രത്തിലെ ബൃഹത്തായ ഉദാഹരണങ്ങളിലൊന്നാണ്.”—പരിണാമം: പ്രതിസന്ധിയിലായ ഒരു സിദ്ധാന്തം.
“രൂപകൽപ്പന ചെയ്യപ്പെട്ടതാകാനോ മുൻകൂട്ടി സൃഷ്ടിക്കപ്പെട്ടതാകാനോ ഉള്ള സാധ്യതയെ നിരാകരിക്കുന്ന . . . ഗതകാലത്തെ ഏതു ശാസ്ത്രവും, സത്യത്തിനുവേണ്ടിയുള്ള അന്വേഷണമല്ലാതായിത്തീരുന്നു. ഒടുവിൽ, സന്ദിഗ്ധമായ ഒരു തത്ത്വശാസ്ത്ര പഠിപ്പിക്കലിന്റെ—പ്രകൃതിമാഹാത്മ്യവാദത്തിന്റെ—ദാസൻ (അല്ലെങ്കിൽ അടിമ) ആയിത്തീരുന്നു.”—ഒറിജിൻസ് റിസർച്ച്.
“ജൈവ സങ്കീർണതയുടെ ഉത്ഭവം സംബന്ധിച്ച പ്രശ്നം ചാൾസ് ഡാർവിൻ പരിഹരിച്ചു എന്നു പറയുന്നത് . . . ഒരു കെട്ടുകഥയാണ്. ജീവോത്പത്തി സംബന്ധിച്ച് നമുക്ക് മതിയായ അല്ലെങ്കിൽ ന്യായമായ ഗ്രാഹ്യമുണ്ടെന്നുള്ളതോ ശരിയായ വിശദീകരണങ്ങൾ പ്രകൃതിയിൽ സ്വാഭാവികമായിട്ടുണ്ടാകുന്ന കാരണങ്ങൾക്കു മാത്രമേ ബാധകമാകുന്നുള്ളു എന്നുള്ളതോ ഒരു കെട്ടുകഥയാണ്. തീർച്ചയായും, ഇവയ്ക്കും തത്ത്വശാസ്ത്രപരമായ പ്രകൃതിമാഹാത്മ്യവാദത്തിന്റെ മറ്റു കെട്ടുകഥകൾക്കും അവയുടേതായ സ്ഥാനമുണ്ട്. മാന്യന്മാരുടെ ഇടയിൽവെച്ച് ഒരുവൻ അവയെക്കുറിച്ചു പരുഷമായി സംസാരിക്കില്ല. എന്നാൽ ഒരുവൻ അതു കണ്ണുമടച്ചു സ്വീകരിക്കാനും പാടില്ല.”—ഒറിജിൻസ് റിസർച്ച്.
“ജീവന്റെ ആരംഭത്തെക്കുറിച്ച് ശാസ്ത്രത്തിന് വിശദീകരണമൊന്നുമില്ലെന്നുള്ളതു സ്വകാര്യമായി പല ശാസ്ത്രജ്ഞന്മാരും സമ്മതിക്കുന്നു. . . . ജീവന്റെ ഏറ്റവും അടിസ്ഥാന തലങ്ങളിൽപ്പോലും അത്യന്തം നിഗൂഢമായ സങ്കീർണത സ്ഥിതി ചെയ്യുന്നുവെന്ന കാര്യം ഡാർവിൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല.”—ഡാർവിന്റെ ബ്ലാക്ക് ബോക്സ്.
“തന്മാത്രാപരിണാമം ശാസ്ത്രീയമായി ആധികാരികതയുള്ളതല്ല. . . . അത്തരം പരിണാമം സംഭവിച്ചുവെന്ന അവകാശവാദങ്ങളുണ്ട്. എന്നാൽ ഒന്നിനുംതന്നെ തക്കതായ പരീക്ഷണങ്ങളുടെയോ കണക്കുകൂട്ടലുകളുടെയോ പിന്തുണയില്ല. തന്മാത്രാപരിണാമത്തെക്കുറിച്ച് ആർക്കും നേരിട്ട് അനുഭവമില്ലാത്തതുകൊണ്ടും അറിവുണ്ടെന്നതിനുള്ള അവകാശവാദങ്ങൾക്ക് യാതൊരു ആധികാരികതയും ഇല്ലാത്തതുകൊണ്ടും ഡാർവിന്റെ തന്മാത്രാപരിണാമസിദ്ധാന്തം വെറുമൊരു പുകവെടിയാണെന്ന് . . . ശരിക്കും പറയാൻ കഴിയും.”—ഡാർവിന്റെ ബ്ലാക്ക് ബോക്സ്.
[12-ാം പേജിലെ ചതുരം]
പരിണാമം—“യാദൃച്ഛിക സംഭവത്തിന്റെ ഒരു കളി”
പരിണാമ സിദ്ധാന്തം തീർച്ചയായും ഒരു ചൂതാട്ടക്കാരന്റെ സ്വപ്നം പോലെയാണ്. എന്തുകൊണ്ടാണത്? പരിണാമവാദികൾ പറയുന്നതനുസരിച്ച്, അതിബൃഹത്തായ പ്രതികൂലസാധ്യതകൾ ഉണ്ടെങ്കിൽപ്പോലും അതു വിജയം കൈവരിക്കുന്നു.
റോബർട്ട് നേയ് എഴുതുന്നു: “പരിണാമം പ്രധാനമായും യാദൃച്ഛിക സംഭവത്തിന്റെ ഒരു കളിയായതുകൊണ്ട്, ഗതകാലത്തെ ഏതെങ്കിലും നിസ്സാര സംഭവങ്ങളിൽ നേരിയ വ്യതിയാനമെന്നു തോന്നിക്കുന്ന എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ, മനുഷ്യർ പരിണമിച്ചുണ്ടാകുന്നതിനുമുമ്പേതന്നെ നമ്മുടെ പരിണാമ ശൃംഖല അറ്റുപോകുമായിരുന്നു.” എന്നാൽ അങ്ങനെയല്ല, ഓരോ ചൂതാട്ടവും വിജയത്തിൽ കലാശിച്ചുവെന്നു നാം വിശ്വസിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു, അതും കോടിക്കണക്കിനു പ്രാവശ്യം. നേയ് ഇപ്രകാരം സമ്മതിച്ചുപറയുന്നു: “ബുദ്ധിശക്തിയുള്ള ജീവികളുടെ ആവിർഭാവം ശാസ്ത്രജ്ഞന്മാർ ഒരിക്കൽ കരുതിയിരുന്നതിനെക്കാൾ ദുഷ്കരമാണെന്ന് പ്രതിബന്ധങ്ങളുടെ ആ നീണ്ട പരമ്പര വെളിപ്പെടുത്തുന്നു. ശാസ്ത്രജ്ഞന്മാർ ഇതുവരെ നേരിട്ടിട്ടില്ലാത്ത കൂടുതൽ പ്രതിബന്ധങ്ങൾ ഉണ്ടായിരിക്കാനുള്ള സാധ്യതയുണ്ട്.”
[8,9 പേജുകളിലെ രേഖാചിത്രം]
കോശത്തിന്റെ ലഘൂകരിച്ച ചിത്രം
റൈബോസോമുകൾ
മാംസ്യങ്ങൾ നിർമിക്കപ്പെടുന്ന ഘടന
കോശദ്രവ്യം
കോശമർമത്തിനും കോശസ്തരത്തിനും ഇടയ്ക്കുള്ള സ്ഥലം
അന്തർദ്രവ്യജാലിക
പറ്റിപ്പിടിച്ചിരിക്കുന്ന റൈബോസോമുകൾ ഉത്പാദിപ്പിക്കുന്ന മാംസ്യങ്ങൾ ശേഖരിച്ചുവെക്കുകയോ വഹിച്ചുകൊണ്ടുപോകുകയോ ചെയ്യുന്ന സ്തരപാളികൾ
കോശമർമം
കോശത്തിന്റെ പ്രവർത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രം
മർമകം
റൈബോസോമുകൾ നിർമിക്കപ്പെടുന്ന ഇടം
ക്രോമസോമുകൾ
കോശത്തിന്റെ ജനിതക മാസ്റ്റർ പ്ലാനായ ഡിഎൻഎ അടങ്ങിയിരിക്കുന്നത് ഇവയിലാണ്
ഫേനം
ജലം, ലവണങ്ങൾ, മാംസ്യങ്ങൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവ ശേഖരിച്ചുവെക്കുന്നു
ലൈസോസോമുകൾ
ദഹനത്തിന് ആവശ്യമായ എൻസൈമുകൾ ശേഖരിച്ചുവെക്കുന്നു
ഗോൾഗി വസ്തു
കോശം നിർമിക്കുന്ന മാംസ്യങ്ങൾ പായ്ക്കു ചെയ്തു വിതരണം ചെയ്യുന്ന സ്തരസഞ്ചികളുടെ സമൂഹം
കോശസ്തരം
കോശത്തിനകത്തും പുറത്തും കടക്കുന്നവയെ നിയന്ത്രിക്കുന്ന ആവരണം
സെൻട്രിയോൾ
കോശ പ്രത്യുത്പാദനത്തിന് ആവശ്യമായത്
മൈറ്റോകോൺഡ്രിയണുകൾ
കോശത്തിന് ഊർജം നൽകുന്ന എറ്റിപി തന്മാത്രകളുടെ ഉത്പാദിത കേന്ദ്രങ്ങൾ
[7-ാം പേജിലെ ചിത്രം]
എലിക്കെണിയുടെ വിവിധ ഭാഗങ്ങൾ ഒറ്റയ്ക്കെടുത്താൽ ഒരു എലിക്കെണിയാകുന്നില്ല—എല്ലാ ഭാഗങ്ങളും പൂർണമായി കൂടിച്ചേർന്നാൽ മാത്രമേ അതിന് എലിക്കെണിയായി പ്രവർത്തിക്കാനാകൂ