വിനോദം എന്ന് അവരതിനെ വിളിച്ചു
അണ്ഡാകാരനടനശാല ആവേശത്തിമിർപ്പിലായി. പുരാതന റോമിലെ ഏറ്റവും പുളകംകൊള്ളിക്കുന്ന പ്രദർശനങ്ങളിൽ ഒന്നിന് പതിനായിരക്കണക്കിനാളുകൾ തടിച്ചുകൂടിയിരുന്നു. തോരണങ്ങൾ, റോസാപുഷ്പങ്ങൾ, വർണാഭമായ ചിത്രയവനികകൾ എന്നിവയാൽ രംഗസ്ഥലത്തെ ഉല്ലാസമയമായി അലങ്കരിച്ചിരുന്നു. അന്തരീക്ഷത്തിൽ നറുമണം പരത്തിക്കൊണ്ട് ധാരായന്ത്രങ്ങൾ സുഗന്ധജലം വർഷിച്ചു. ധനാഢ്യർ ഏറ്റവും പകിട്ടേറിയ ഉടയാടകൾ അണിഞ്ഞിരുന്നു. ജനക്കൂട്ടത്തിന്റെ സല്ലാപം പൊട്ടിച്ചിരികളാൽ തടസ്സപ്പെട്ടു. എന്നാൽ ഈ ജനക്കൂട്ടത്തിന്റെ ലാഘവ മനോഭാവം ഉടനെ സംഭവിക്കാനിരുന്ന ഭീകരതയ്ക്കു വ്യാജപരിവേഷമണിഞ്ഞു.
പെട്ടെന്നുതന്നെ റ്റൂബിയുടെ ഭീകരനാദം ഒരു ജോടി വാൾപയറ്റുകാരെ പോരിനു വിളിച്ചുവരുത്തി. പോരാളികൾ തികച്ചും മൃഗീയമായി പരസ്പരം കുത്തിക്കീറാൻ തുടങ്ങിയതോടെ ജനസഞ്ചയം ഉന്മാദലഹരിയിലായി. വാളുകളുടെ സീൽക്കാര ശബ്ദം കാഴ്ചക്കാരുടെ കാതടപ്പിക്കുന്ന ആർപ്പുവിളികൾക്കതീതമായി കേൾക്കാനേ കഴിയുമായിരുന്നില്ല. പെട്ടെന്ന്, ഒരു ക്ഷിപ്രനീക്കത്താൽ ഒരു പോരാളി തന്റെ ശത്രുവിനെ നിലംപരിചാക്കി. നിലംപതിച്ച വാൾപയറ്റുകാരന്റെ അന്തിമവിധി കാഴ്ചക്കാരുടെ കൈകളിലായിരുന്നു. അവർ തങ്ങളുടെ തൂവാലകൾ വീശിയാൽ അദ്ദേഹം ജീവിക്കുമായിരുന്നു. തള്ളവിരലുകൾക്കൊണ്ടുള്ള വെറുമൊരു ആംഗ്യത്താൽ, സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടെയുള്ള ജനക്കൂട്ടം മരണപ്രഹരത്തിന് ഉത്തരവിട്ടു. നിമിഷങ്ങൾക്കുള്ളിൽ ചേതനയറ്റ ശരീരം പോർക്കളത്തിനു വെളിയിലേക്കു വലിച്ചിഴച്ചു. രക്തത്തിൽ കുതിർന്ന മണ്ണ് കോരികകൊണ്ടു കോരിമാറ്റി. പുതിയ മണൽ വിരിച്ചു. ശേഷിക്കുന്ന രക്തച്ചൊരിച്ചിലിനായി ജനക്കൂട്ടം ഒരുങ്ങിക്കഴിഞ്ഞു.
പുരാതന റോമിൽ ജീവിച്ചിരുന്ന അനേകർക്കും അതു വിനോദമായിരുന്നു. “ഏറ്റവും കർക്കശരായ ധർമപ്രബോധകർപോലും രക്തച്ചൊരിച്ചിലിൽ ആനന്ദംകൊള്ളുന്ന ഈ നടപടിക്കെതിരെ യാതൊരു എതിർപ്പും ഉന്നയിച്ചില്ല” എന്ന് റോം: ആദ്യ സഹസ്രാബ്ദ വർഷങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. റോമിലെ അധഃപതിച്ച വിനോദങ്ങളിൽ ഒന്നുമാത്രമായിരുന്നു വാൾപയറ്റ് മത്സരം. രക്തദാഹികളായ കാഴ്ചക്കാരുടെ വിനോദത്തിനുവേണ്ടി യഥാർഥ നാവിക യുദ്ധങ്ങൾ അവതരിപ്പിച്ചിരുന്നു. പരസ്യമായി വധനിർവഹണങ്ങൾ പോലും നടത്തിയിരുന്നു. കുറ്റക്കാരനായി വിധിക്കപ്പെട്ട കുറ്റവാളിയെ സ്തംഭത്തിൽ ബന്ധിക്കുകയും വിശന്നുവലഞ്ഞ വന്യമൃഗങ്ങൾ അയാളെ ആർത്തിയോടെ കടിച്ചുകീറിത്തിന്നുകയും ചെയ്യുമായിരുന്നു.
രക്തദാഹ അഭിരുചി അത്ര ഇല്ലാത്തവർക്കായി റോം സ്റ്റേജ് നാടക ഇനങ്ങളുടെ ഒരു ശേഖരം വാഗ്ദാനം ചെയ്തു. പരിഹാസനാടകങ്ങളിലെ—അനുദിന ജീവിതത്തെക്കുറിച്ചുള്ള ഹ്രസ്വ നാടകങ്ങൾ—“പ്രധാന വിഷയങ്ങൾ വ്യഭിചാരവും പ്രേമവും ആയിരുന്നു”വെന്ന് ആദ്യകാല റോമൻ സാമ്രാജ്യത്തിലെ ജീവിതവും ആചാരരീതികളും (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ലുട്വിച്ച് ഫ്രെഡ്ലെൻഡെർ എഴുതി. “അശ്ലീലച്ചുവയുള്ള പ്രയോഗങ്ങൾ നിറഞ്ഞതായിരുന്നു അവയിലെ ഭാഷ, അവയിലെ തരംതാണ ഫലിതമോ നിന്ദ്യമായ ഭാവപ്രകടനങ്ങളും വൃത്തികെട്ട ആംഗ്യങ്ങളും നിറഞ്ഞതായിരുന്നു, എല്ലാറ്റിനുമുപരി പുല്ലാങ്കുഴൽ വാദ്യത്തോടൊപ്പമുള്ള വിലക്ഷണമായ നൃത്തങ്ങളുമുണ്ടായിരുന്നു.” ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നതനുസരിച്ച്, “റോമാ സാമ്രാജ്യത്തിന്റെ നാളുകളിൽ പരിഹാസനാടക സ്റ്റേജിൽ പരസംഗ നടപടികൾ അക്ഷരാർഥത്തിൽത്തന്നെ നടത്തിയിരുന്നുവെന്നതിനു തെളിവുണ്ട്.” തക്കതായ കാരണത്താൽ ഫ്രെഡ്ലെൻഡെർ അതിനെ “വ്യക്തമായും അതിരുകവിഞ്ഞ അധാർമികവും അശ്ലീലവുമായ പരിഹാസനാടകം” എന്നു വിളിച്ചു. അദ്ദേഹം കൂട്ടിച്ചേർത്തു: “ഏറ്റവും വൃത്തികെട്ട രംഗങ്ങൾക്കായിരുന്നു ഏറ്റവുമധികം കയ്യടി കിട്ടിയത്.”a
ഇന്നോ? വിനോദത്തിലെ മമനുഷ്യന്റെ അഭിരുചിക്കു മാറ്റം വന്നിട്ടുണ്ടോ? അടുത്ത ലേഖനത്തിൽ ചർച്ചചെയ്തിരിക്കുന്ന തെളിവു പരിഗണിക്കുക.
[അടിക്കുറിപ്പ്]
a നാടകം യഥാർഥമാണെന്നുള്ള തോന്നൽ നൽകാൻവേണ്ടി ചിലപ്പോൾ സ്റ്റേജിൽ വധനിർവഹണം നടത്തുമായിരുന്നു. റോമൻ സംസ്കാരം (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രസ്താവിക്കുന്നു: “ദാരുണ അന്ത്യത്തിന്റെ സമയത്ത് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളി നടന്റെ സ്ഥാനം സ്വീകരിക്കുന്നത് അപൂർവമായിരുന്നില്ല.”
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
The Complete Encyclopedia of Illustration/J. G. Heck