തേനീച്ച വളർത്തൽ—“തേനൂറുന്ന” കഥ
ഗ്രീസിലെ ഉണരുക! ലേഖകൻ
അരുണോദയം വാനമാകെ മെല്ലെ സുവർണശോഭ വാരിവിതറുന്നു. പുലർകാല മൂടൽമഞ്ഞിലും തണുപ്പിലും, ഒരു പർവതചെരിവിന്റെ അടിവാരത്തിലുള്ള റോഡിൽ ഒരു ചെറിയ ട്രക്ക് സാവധാനം ഓരംചേർത്തു നിർത്തി. അവ്യക്തമായ രണ്ടു രൂപങ്ങൾ പ്രത്യക്ഷപ്പെട്ടു. കയ്യുറകളും ബൂട്ടുകളും പരുത്തികൊണ്ടുള്ള മേലങ്കികളും മുഖംമൂടികൾ ഘടിപ്പിച്ച വീതിയേറിയ വക്കുകളുള്ള തൊപ്പികളും ധരിച്ചിരുന്നു അവർ. സൂക്ഷ്മവും എന്നാൽ ഉദ്വേഗഭരിതവുമായ ചലനങ്ങളോടെ, അവർ ബഹുദശം തടിപ്പെട്ടികൾ ട്രക്കിൽ കയറ്റിവെക്കുന്നു. അവർ എളുപ്പത്തിൽ മോഷണം നടത്തി കടന്നുകളയാനൊരുങ്ങുന്ന രണ്ടു കള്ളന്മാരാണോ? അല്ല, മറിച്ച് തങ്ങളുടെ അമൂല്യമായ തേനീച്ചപ്പടയെ നന്നായി സംരക്ഷിക്കുന്ന രണ്ടു തേനീച്ച വളർത്തലുകാരാണ് അവർ—പൂന്തേനുത്പാദിപ്പിക്കുന്ന ചെടികളുള്ള മറ്റൊരു സ്ഥലം ലക്ഷ്യമാക്കി പോകാൻ ഒരുങ്ങുകയാണവർ.
ഒരു അനിതരസാധാരണ ഷഡ്പദവുമായുള്ള തങ്ങളുടെ സഹവർത്തിത്വ ബന്ധത്തിൽ അഭിമാനംകൊള്ളുന്ന പ്രത്യേകതരം ആളുകളാണു തേനീച്ച വളർത്തലുകാർ. തേനും മെഴുകും ഉത്പാദിപ്പിക്കുകയും വ്യത്യസ്തങ്ങളായ അനേകതരം വിളകളിൽ പരാഗണം നടത്തുകയും ചെയ്യുന്ന, ഒരുപക്ഷേ, ലോകത്തിലെ ഏറ്റവും സാമ്പത്തിക മൂല്യമുള്ള ഷഡ്പദമായിരുന്നേക്കാവുന്ന തേനീച്ച ഒരു വശത്ത്. മറുവശത്ത്, തേനീച്ചകളെ വളർത്തുന്നതിലൂടെ ഉപജീവനമാർഗം കണ്ടെത്തുകയും അതേസമയം ഈ കൊച്ചു ജീവികളെ സ്നേഹിക്കുകയും, അവരിലൊരാൾ പറയുന്നതുപോലെ, “അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചു മനസ്സിലാക്കുകയും” ചെയ്യുന്ന ആളുകൾ.
“ദൈനംദിന അത്ഭുതങ്ങളുടെ” പരിപാലകൻ
ഒരു തേനീച്ച വളർത്തലുകാരനാകുക എളുപ്പമാണെന്നു തോന്നിയേക്കാം: നിറയെ തേനീച്ചക്കോളണികളുള്ള കുറെ കൂടുകൾ സംഘടിപ്പിക്കുക, അവ കൊണ്ടുപോയി പൂന്തേൻ ലഭിക്കുന്ന ഒരു സ്ഥലത്തു സ്ഥാപിക്കുകയും ഏതാനും മാസങ്ങൾക്കുശേഷം വിളവെടുക്കാൻ മടങ്ങിച്ചെല്ലുകയും ചെയ്യുക. എന്നാൽ അത്രയൊന്നും പോരാ. വാസ്തവത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്താണെന്നു മനസ്സിലാക്കുന്നതിന് ഞങ്ങൾ തേനീച്ച വളർത്തൽ തൊഴിലായി സ്വീകരിച്ച ജോണിനോടും മരീയയോടും സംസാരിച്ചു. അവർ തങ്ങളുടെ പ്രിയപ്പെട്ട ജോലിയെപ്പറ്റി സന്തോഷപൂർവം ഞങ്ങളോടു പറഞ്ഞു.
“തേനീച്ച വളർത്തൽ ദൈനംദിന അത്ഭുതങ്ങളുടെ ഒരു അനുഭവമാണ്,” ഒരു തുറന്ന തേനീച്ചക്കൂടിലേക്കു കുനിഞ്ഞുകൊണ്ട് ജോൺ വിശദീകരിക്കുന്നു. “തേനീച്ചയുടെ സങ്കീർണമായി സംഘടിതമായ സമൂഹ ജീവിതത്തെയും ഉദാത്തമായ ആശയവിനിമയ വൈദഗ്ധ്യത്തെയും അനുപമമായ അധ്വാനശീലത്തെയും കുറിച്ച് ഇപ്പോഴും ഒരാൾക്കും വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.”
പ്രൊഫഷണൽ തേനീച്ച വളർത്തലിന്റെ ചരിത്രം പരിശോധിക്കുമ്പോൾ, കഴിഞ്ഞ കാലങ്ങളിൽ തേനീച്ച വളർത്തലുകാർ തേനെടുത്തിരുന്നതു മരപ്പൊത്തുകളിലും മറ്റു ദ്വാരങ്ങളിലുമുള്ള തേനീച്ചക്കോളണികൾ നശിപ്പിച്ചുകൊണ്ടായിരുന്നുവെന്നു മനസ്സിലാക്കാൻ കഴിയുമെന്നു ജോൺ പറയുന്നു. എന്നിരുന്നാലും, 1851-ൽ ലോറെൻസോ ലോറെയ്ൻ ലാങ്സ്റ്റ്രോത്ത് എന്ന ഒരു അമേരിക്കൻ തേനീച്ച വളർത്തലുകാരൻ തേനീച്ചകൾ മെഴുകറപ്പാളികൾക്കിടയിൽ ഏകദേശം ആറു മില്ലിമീറ്ററോളം സ്ഥലം വിടുന്നു എന്നു കണ്ടെത്തി. അങ്ങനെ, പാളികളായുള്ള അറകളുടെ ചട്ടങ്ങൾക്കിടയിൽ സമാനമായി സ്ഥലം വിട്ടുകൊണ്ട് മനുഷ്യനിർമിത മരക്കൂടുകളും ഉപയോഗിക്കാമായിരുന്നു. ചട്ടങ്ങൾ ഓരോന്നായി തേനീച്ചക്കൂട്ടിൽ നിന്നു മാറ്റിക്കൊണ്ട് തേനും മെഴുകും ശേഖരിക്കുക ഇങ്ങനെ സാധ്യമായി.
ജോൺ തുടരുന്നു, “തേനീച്ച വളർത്തൽ വിജയകരമാക്കുന്നതിന് നിങ്ങൾക്കു നിങ്ങളുടെ തേനീച്ചക്കോളണികളോടു നല്ല സ്നേഹബന്ധമുണ്ടായിരിക്കണം. നിങ്ങൾ നിങ്ങളുടെ തേനീച്ചകൾക്ക് ഒരു പിതാവിനെപ്പോലെയാണ്. അവ ഇതു തിരിച്ചറിഞ്ഞ് അതിനനുസരിച്ചു പ്രതികരിക്കുന്നുവെന്നു ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ അവയുടെ ഡോക്ടറും പരിപാലകനും ശിശിരത്തിലെ ദുഷ്കര സമയങ്ങളിൽ അവയുടെ അന്നദാതാവുമായിത്തീരുന്നു.”
മരീയ കൂട്ടിച്ചേർക്കുന്നു: “ഒരു നല്ല തേനീച്ച വളർത്തലുകാരന്, സാധാരണഗതിയിൽ എണ്ണായിരത്തിനും എൺപതിനായിരത്തിനും ഇടയ്ക്കു തേനീച്ചകളടങ്ങിയ ഒരു തേനീച്ചക്കൂട് വെറുതെ ഒന്നു കണ്ടാൽത്തന്നെ അതേക്കുറിച്ചു വളരെയേറെ കാര്യങ്ങൾ പറയാൻ സാധിക്കും. നിങ്ങൾ പരിചയസമ്പന്നനാണെങ്കിൽ കൂടു തുറക്കുമ്പോൾ കേൾക്കുന്ന ഇരമ്പലിൽനിന്നു മാത്രം ആ കോളണി അഭിവൃദ്ധിയും ഉത്പാദനക്ഷമതയും ‘സന്തോഷ’വുമുള്ളതാണോ; അതോ പട്ടിണിയിലാണോ; റാണി ഈച്ച ചത്തുപോയതു നിമിത്തം ‘അനാഥ’മായതാണോ; അസുഖകരമായ എന്തെങ്കിലും നിമിത്തം അസ്വസ്ഥമാണോ തുടങ്ങി അനേകം സംഗതികൾ അറിയാൻ സാധിക്കും.”
വിജയകരമായ തേനീച്ച വളർത്തലിന്റെ സുപ്രധാന ഘടകങ്ങൾ
“ഒരു തേനീച്ച വളർത്തലുകാരൻ തന്റെ തേനീച്ചക്കൂടുകൾ സ്ഥാപിക്കേണ്ട സ്ഥലം തിരഞ്ഞെടുക്കുന്നതിൽ സൂക്ഷ്മത പാലിക്കുന്നതു നിർണായകമാണ്,” ജോൺ വിശദീകരിക്കുന്നു. “തേനീച്ചകൾക്ക് ആഹാരം തേടാൻ കഴിയുന്ന പൂക്കളുള്ള മേച്ചിൽ സ്ഥലങ്ങൾ കണ്ടെത്താൻ ഞങ്ങൾക്കു വളരെയേറെ ശ്രമം ചെലുത്തേണ്ടതുണ്ട്.”
“തേനീച്ച വളർത്തലുകാരൻ തന്റെ തേനീച്ചക്കോളണികളെ ജോലിയിൽ വ്യാപൃതമാക്കുന്നതിനുവേണ്ടി ഓറഞ്ചിന്റെയും ബാസ്വുഡിന്റെയും പൂക്കളുള്ള സ്ഥലങ്ങളന്വേഷിച്ചു പോയേക്കാം. വേനൽക്കാലത്തും ശരത്കാലത്തും പൈൻ മരങ്ങളും ഫിർ മരങ്ങളും നിറഞ്ഞ ഒരു പ്രദേശം തെളിഞ്ഞ ഇളം ചുവപ്പു നിറമുള്ള, വിപണിയിൽ നന്നായി ചെലവാകുന്ന വിശേഷപ്പെട്ടതരം തേൻ ഉത്പാദിപ്പിക്കാൻ സഹായകമാണ്. കാട്ട് ഒടതളപ്പൂക്കൾ നിറഞ്ഞ വയലേലകളാണ് മേൽത്തരം തേൻ ഉത്പാദിപ്പിക്കുന്നത്—തേനുകളുടെ രാജാവ് എന്നാണ് തേനീച്ച വളർത്തലുകാർ അതിനെ വിളിക്കുന്നത്. തേനീച്ചകൾ വെള്ള ക്ലോവറിൽനിന്നും മധുരമുള്ള മഞ്ഞ ക്ലോവറിൽനിന്നും അൽഫാൽഫയിൽനിന്നുമെല്ലാം തേനെടുക്കുന്നു.”
സാമാന്യബോധം ഏറ്റവും അത്യാവശ്യമാണ്. മരീയ വിശദീകരിക്കുന്നു: “തേനീച്ചക്കൂടുകൾ ഒരു മലമ്പ്രദേശത്താണു സ്ഥാപിക്കുന്നതെങ്കിൽ അതു മലയുടെ അടിവാരത്തിൽ വെക്കുന്നതു പ്രയോജനകരമായിരിക്കും. അപ്പോൾ തേനീച്ചകൾക്ക് മലയുടെ മുകളിലേക്കു പറന്നുയർന്നു പൂമരങ്ങൾ സന്ദർശിക്കാം. എന്നിട്ട്, നിറയെ പൂന്തേൻ ശേഖരിച്ച്, താഴെയുള്ള കൂട്ടിലേക്ക് അനായാസം പറന്നിറങ്ങുകയും ചെയ്യാം. കൂടുകൾ മലഞ്ചെരിവിനു മുകളിൽ വൃക്ഷങ്ങൾക്കു മീതെയാണെങ്കിൽ അതു തേനീച്ചകളെ തളർത്തിക്കളയുകയും കോളണികളുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.”
“തേനീച്ചക്കോളണിയുടെ ക്ഷേമത്തിലും ഉത്പാദനത്തിലുമുള്ള റാണിയുടെ സുപ്രധാന പങ്ക് ഓരോ തേനീച്ച വളർത്തലുകാരനും നന്നായറിയാം,” നടുക്ക് ഒരു യുവറാണി കൂടുകൂട്ടിയിരിക്കുന്ന തേനീച്ചക്കൂടിന്റെ ചട്ടങ്ങളിൽ ഒന്നു സാവധാനം ഉയർത്തിക്കൊണ്ടു ജോൺ പറഞ്ഞു. “വളരെ കുറഞ്ഞ അളവിൽമാത്രം കുഞ്ഞുങ്ങളും തേനും ഉത്പാദിപ്പിക്കപ്പെടുന്ന കൂടുകളിൽ റാണിയെ കൊന്ന് വേറൊന്നിനെ വെക്കേണ്ടതുണ്ട്. യുവറാണിമാരുള്ള കോളണികളാണ് ഏറ്റവുമധികം തേനുത്പാദിപ്പിക്കുന്നത്. പുതിയ കോളണികൾ ഉണ്ടാക്കേണ്ടപ്പോൾ ഞങ്ങൾ, തേനീച്ചകൾ നിറഞ്ഞ ഊനംതട്ടാത്ത രണ്ടു ഭാഗങ്ങളുള്ള ഒരു കൂടെടുത്ത് മുകളിലും താഴത്തുമുള്ള പെട്ടികൾ തമ്മിൽ വേർതിരിക്കുന്നു. ഒരു പകുതി റാണിയുള്ളതായിരിക്കും, മറ്റേ പകുതിയിൽ ഇണചേരൽ കഴിഞ്ഞ ഒരു റാണിയെ ഞങ്ങൾ വെക്കുന്നു. പൂക്കൾ വിരിയുന്ന സമയമാകുമ്പോഴേക്കും പുതിയ റാണി മുട്ടയിടാൻ തുടങ്ങിയിട്ടുണ്ടാകും. അങ്ങനെ, വേലക്കാരായ തേനീച്ചകളെക്കൊണ്ട് കൂടു നിറയുന്നു.”
ഒരു തേനീച്ച എത്രകാലം ജീവിക്കും? വേലക്കാരായ തേനീച്ചകളുടെ ആയുസ്സ് അതിന്റെ അധ്വാനശീലവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു പറയപ്പെടുന്നു. മണിക്കൂറിൽ 21 കിലോമീറ്റർ വേഗതയിൽ ദിവസം 15 മണിക്കൂറോളം പൂക്കൾതോറും തീറ്റതേടി പറന്നുനടക്കുന്ന വേനൽക്കാലങ്ങളിൽ, ഒരു തേനീച്ച വെറും ആറാഴ്ച മാത്രമേ ജീവിക്കുന്നുള്ളു. ശിശിരകാലത്ത് തേനീച്ചകൾക്ക് ശാരീരികമായി അത്രയേറെ അധ്വാനമില്ല. ദിവസം രണ്ടോ മൂന്നോ മണിക്കൂർ മാത്രമേ ജോലിചെയ്യേണ്ടിവരുന്നുള്ളൂ. അതുകൊണ്ട് അവ ഏതാനും മാസങ്ങൾവരെ ജീവിച്ചേക്കാം.
വ്യത്യസ്ത ഉത്പന്നങ്ങൾ
തേനീച്ച വളർത്തലിനെക്കുറിച്ചു സംസാരിക്കുമ്പോൾ മനസ്സിൽ വരുന്ന ആദ്യത്തെ സംഗതി തീർച്ചയായും തേൻ തന്നെയാണ്. ഈ മധുരമുള്ള കൊഴുത്ത ദ്രാവകം, വേലക്കാരി തേനീച്ച പൂന്തേനിനു മാറ്റം വരുത്തി ഉണ്ടാക്കിയെടുക്കുന്നതാണ്. വാണിജ്യോദ്ദേശ്യത്തിൽ നിർമിച്ച ഒരു സാധാരണ കൂടിന് വർഷത്തിൽ 29 കിലോഗ്രാം തേനുത്പാദിപ്പിക്കാൻ സാധിക്കും. തേനീച്ചയുടെ പ്രവർത്തനഫലമായി ഉളവാകുന്ന മറ്റൊരു ഉപോത്പന്നമാണ് തേന്മെഴുക്. ഒരു തേനറ ഏകദേശം അഞ്ചുമുതൽ ആറുവരെ വർഷങ്ങൾ ഉപയോഗപ്രദമാണ്. വ്യത്യസ്ത സൂക്ഷ്മാണുക്കളും പരാദങ്ങളും അതിൽ വാസംപിടിക്കുന്നതു നിമിത്തം അത്രയും കാലംകൊണ്ട് അതിന്റെ നിറംമങ്ങിയിരിക്കുമെന്നതിനാൽ അതു മാറ്റി വേറൊന്നു വെക്കേണ്ടിവരുന്നു. കളയുന്ന തേനീച്ചക്കൂടുകളെ തേന്മെഴുകു വേർതിരിക്കുന്ന പ്രക്രിയയ്ക്കു വിധേയമാക്കുന്നു. ഓരോ ടൺ തേനെടുക്കുമ്പോഴും ശരാശരി 9 മുതൽ 18 വരെ കിലോഗ്രാം തേന്മെഴുകു ലഭിക്കുന്നു.
പൂമ്പൊടിയെ—റാണിയുടെയും വേലക്കാരുടെയും മടിയന്മാരുടെയും വളർച്ചയ്ക്കാവശ്യമായ മാംസ്യങ്ങൾ, ജീവകങ്ങൾ, ധാതുക്കൾ, കൊഴുപ്പ് എന്നിവയുടെ മുഖ്യ ഉറവിടം അതാണ്—നിരവധി രോഗങ്ങൾക്കുള്ള വളരെ നല്ല പ്രകൃതിദത്തമായ മരുന്നായി ചിലയാളുകൾ വാഴ്ത്തുന്നു. ഒരു തേനീച്ചക്കൂടിന് വർഷത്തിൽ ഏകദേശം അഞ്ചു കിലോഗ്രാം പൂമ്പൊടി പ്രദാനം ചെയ്യാൻ സാധിക്കും. തേനീച്ചകൾ തങ്ങളുടെ കൂട് അടയ്ക്കുന്നതിനും നീക്കംചെയ്യാനാകാത്തവണ്ണം വലുപ്പമുള്ള അനാവശ്യ സാധനങ്ങൾ പൊതിയുന്നതിനും ഉപയോഗിക്കുന്ന ഒരു വസ്തുവാണ് പ്രോപലിസ്.
നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ നാലിലൊരു ഭാഗത്തിന്റെ ഉത്പാദനം, പരാഗണം നടത്താനുള്ള തേനീച്ചയുടെ കഴിവുമായി നേരിട്ടോ അല്ലാതെയോ, ബന്ധപ്പെട്ടിരിക്കുന്നു. ആപ്പിൾ, ബദാം, തണ്ണിമത്തങ്ങ, പ്ലം, പിയർ, വെള്ളരിക്ക, വ്യത്യസ്ത തരം ബെറികൾ തുടങ്ങിയവയെല്ലാം പരാഗണത്തിനുവേണ്ടി തേനീച്ചകളെ ആശ്രയിക്കുന്നു. കാരറ്റ്, ഉള്ളി മുതലായവതൊട്ട് സൂര്യകാന്തിവരെയുള്ള വ്യത്യസ്ത വിത്തു സസ്യങ്ങളും അങ്ങനെതന്നെ. കാലിത്തീറ്റയ്ക്കു വേണ്ടുന്ന അൽഫാൽഫയിലും പരാഗണം നടത്തുന്നതു തേനീച്ചകളാണെന്നതിനാൽ മാംസത്തിന്റെയും പാലുത്പന്നങ്ങളുടെയുംപോലും ഉത്പാദനത്തിൽ തേനീച്ചയ്ക്കു പങ്കുണ്ട്.
“സഹജ ജ്ഞാനമുള്ളവ”
“തേനീച്ച വളർത്തലുകാർ മിക്കവരും ദൈവവിശ്വാസികളായിരിക്കും എന്നാണ് എനിക്കു തോന്നുന്നത്,” മരീയ പറയുന്നു. തേനീച്ചയുടെ ദുർഗ്രഹമായ സാമൂഹിക ഘടനയെയും അവയുടെ സങ്കീർണമായ സമൂഹ ജീവിതത്തിന്റെ വിസ്മയമുളവാക്കുന്ന വികസനത്തെയും ഗതിനിർണയത്തിനും ആശയവിനിമയത്തിനുമുള്ള അവയുടെ അവിശ്വസനീയമായ പ്രാപ്തികളെയും കുറിച്ചു വിശദീകരിക്കാൻ നാം അപ്രാപ്തരാണെന്നും അവർ ഓർമിപ്പിച്ചു. തേനീച്ചകളെക്കുറിച്ചു പഠിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്ന ഒട്ടുമിക്ക ആളുകളും ഇതിനെല്ലാം കാരണം അവയുടെ “സഹജ ജ്ഞാന”മാണെന്നു സമ്മതിച്ചു പറയുന്നു. നമ്മുടെ മഹാസ്രഷ്ടാവായ യഹോവയാം ദൈവം ഉദാരമായി അവയ്ക്കു നൽകിയതാണ് ഈ സഹജജ്ഞാനം.—സദൃശ്യവാക്യങ്ങൾ 30:24 താരതമ്യം ചെയ്യുക.
[26-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
പൂവിൽനിന്നു തീൻമേശയിലേക്ക്
1 തേൻവേട്ടക്കാരായ തേനീച്ചകൾ പൂവ് സന്ദർശിച്ച് പൂന്തേൻ ശേഖരിക്കുന്നു
തേനീച്ചകൾ, പൂക്കൾ സന്ദർശിച്ചുകൊണ്ട് തങ്ങളുടെ തേൻസഞ്ചിയിൽ പൂന്തേൻ ശേഖരിക്കുന്നു. ഈ സഞ്ചി അവയുടെ വികസിതമായ അന്നനാളമാണ്. ഈ സഞ്ചി നിറയ്ക്കുന്നതിനുവേണ്ടി, തേനീച്ചയ്ക്ക് 1,000 മുതൽ 1,500 വരെ പുഷ്പങ്ങൾ സന്ദർശിക്കേണ്ടിവരും.
2 തിരിച്ചു കൂട്ടിലെത്തി, പൂന്തേൻ തേനറകളിൽ സൂക്ഷിക്കുന്നു
കൂട്ടിൽ കടന്നുകഴിഞ്ഞാൽ തേൻവേട്ടക്കാരി തേനീച്ച ഒരു യുവ വേലക്കാരി തേനീച്ചയുടെ വായിലേക്ക് തന്റെ തേൻസഞ്ചിയിലെ തേൻ തികട്ടിക്കൊടുക്കുന്നു. വേലക്കാരി തേനീച്ച ഇത് ഒരു അറയിലാക്കി പൂന്തേൻ തേനാക്കുന്ന ജോലിയിൽ വ്യാപൃതയാകുന്നു.
3 തേനീച്ച വളർത്തലുകാരൻ തേനെടുക്കുന്നു
ചൂടാക്കിയ ഒരു കത്തികൊണ്ട് അയാൾ ഓരോ ചട്ടങ്ങളുടെയും ഉള്ളിലുള്ള അറകൾ മൂടിയിരിക്കുന്ന മെഴുകു ചീകിക്കളയുന്നു. അടുത്തതായി അയാൾ ചട്ടങ്ങൾ തേനെടുക്കാനുള്ള ഉപകരണത്തിൽ വെക്കുന്നു. അപകേന്ദ്ര ശക്തിയുപയോഗിച്ചാണ് ഈ യന്ത്രം അതു ചെയ്യുന്നത്.
4 ഭരണികളിലോ കൊച്ചു പാത്രങ്ങളിലോ തേൻ പായ്ക്കുചെയ്യുന്നു
തേൻ-ഭരണികളുടെ മുകളിലുള്ള ലേബലുകളിൽ തേനീച്ചകൾ തേനുത്പാദിപ്പിച്ചത് ഏതു തരം സസ്യങ്ങളിൽ നിന്നാണ് എന്നു രേഖപ്പെടുത്തിയിട്ടുണ്ടാകും. ഭരണി സുതാര്യമാണെങ്കിൽ തേനിന്റെ നിറം പരിശോധിച്ച് നിങ്ങൾക്കതിന്റെ ഗുണനിലവാരമറിയാൻ സാധിക്കും.
5 തേൻ ആരോഗ്യത്തിന് ഉത്തമം!
തേൻ, ശരീരത്തിൽ എളുപ്പത്തിൽ ദഹിച്ചു ചേരുകയും വളരെവേഗം ഊർജമാക്കി മാറ്റപ്പെടുകയും ചെയ്യുന്നു. പൊള്ളലുകളും മാംസത്തിലുണ്ടാകുന്ന വ്യത്യസ്ത തരം വ്രണങ്ങളും ചികിത്സിക്കാൻ തേൻ ഉപയോഗിക്കാവുന്നതാണ് എന്നു റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.