ഒരു ശിശുവിന്റെ കാതുകളിലേക്ക്
ഞാൻ കൊച്ചുകുട്ടിയായിരുന്ന കാലം. യു.എസ്.എ.-യിലെ വെർജീനിയയിലുള്ള കോബണിലായിരുന്നു ഞങ്ങളുടെ താമസം. ഒരു ദിവസം ഒരു മാന്യൻ ഞങ്ങളുടെ വീട്ടിൽ വന്നു. അദ്ദേഹം ഡാഡിയുമായി സംഭാഷണത്തിലേർപ്പെട്ടപ്പോൾ ഞാൻ അവരെ ശല്യം ചെയ്യാതിരിക്കാൻ അദ്ദേഹത്തിന്റെ സുഹൃത്ത് എന്നോടു സംസാരിച്ചു. ഒരു പറുദീസാഭൂമിയെക്കുറിച്ച് അദ്ദേഹം വിവരിച്ചു, എന്നെ ഉപദ്രവിക്കുകയില്ലാത്ത മൃഗങ്ങളുമൊത്ത് എനിക്കു കളിക്കാൻ സാധിക്കുന്ന ഒരിടം. (യെശയ്യാവു 11:6-9) മരിക്കാതെ ഈ ഭൂമിയിൽത്തന്നെ എനിക്ക് എന്നേക്കും ജീവിക്കാൻ സാധിക്കുമെന്നുപോലും അദ്ദേഹം വിശദമാക്കി. ഭാവിയെക്കുറിച്ചുള്ള ആ വർണന വിശിഷ്ടമായിരുന്നു! ഭൂമിയിൽ ജീവിക്കുന്നതിനെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞത് എന്റെ ഹൃദയത്തിൽ ആഴമായി പതിഞ്ഞു.—യെശയ്യാവു 25:8; വെളിപ്പാടു 21:3, 4.
മതത്തിൽ അഭിവാഞ്ഛ
ഒട്ടേറെ പ്രശ്നങ്ങളുള്ള ഒരു വിവാഹജീവിതമായിരുന്നു എന്റെ മാതാപിതാക്കളുടേത്. ഏതാനും വർഷങ്ങൾക്കുശേഷം അവർ വിവാഹബന്ധം വേർപെടുത്തി. ഞാൻ അമ്മയോടൊപ്പം താമസമാക്കി. അമ്മയ്ക്കാണെങ്കിൽ മതത്തിൽ തീരെ താത്പര്യമില്ലായിരുന്നു. അതുകൊണ്ട്, വീട്ടിൽനിന്നു നടക്കാവുന്ന അകലത്തിലുള്ള ഏതൊരു പള്ളിയിലെയും സൺഡേ സ്കൂളിൽ ഞാൻ ഒറ്റയ്ക്കു പോകുമായിരുന്നു. താമസിയാതെ അമ്മ രണ്ടാമതും വിവാഹം കഴിച്ചു. അങ്ങനെ ഞങ്ങൾ രണ്ടാനച്ഛനോടൊപ്പം ഇൻഡിയാനയിലേക്കു താമസം മാറി. എങ്കിലും വേനൽക്കാലമാകുമ്പോൾ ഞാൻ വെർജീനിയയിലേക്കു തിരിക്കുമായിരുന്നു, ഡാഡിയെ സന്ദർശിക്കാൻ.
വിവാഹബന്ധം വേർപെടുത്തി അധികം കഴിയുന്നതിനുമുമ്പ് ഡാഡി ഒരു മോർമൻ മതക്കാരനായി. പുതുതായി കണ്ടെത്തിയ മതം എന്നിൽ ഉൾനടാൻ അദ്ദേഹം ശ്രമിച്ചു. 1960-ലെ വേനൽക്കാലത്ത് അദ്ദേഹം എന്നെ സ്നാപനപ്പെടുത്തി. എനിക്കന്ന് എട്ടു വയസ്സായിരുന്നു. എങ്കിലും, ഇൻഡിയാനയിലായിരുന്നപ്പോൾ വീടിനടുത്തുണ്ടായിരുന്ന ഏതെങ്കിലും പള്ളികളിലൊക്കെ ഞാൻ പോകുമായിരുന്നു. നാം നല്ലവരാണെങ്കിൽ സ്വർഗത്തിൽ പോകുമെന്നും കൊള്ളരുതാത്തവരാണെങ്കിൽ നരകത്തിൽ പോകുമെന്നും അവിടെ നാം പീഡിപ്പിക്കപ്പെടുമെന്നുമാണ് ഈ സഭകളെല്ലാം പഠിപ്പിച്ചിരുന്നത്. സ്വർഗത്തിൽ ജീവിക്കുന്നതിനുപകരം ഭൂമിയിൽ ജീവിക്കാനുള്ള എന്റെ ആഗ്രഹം ആർക്കും മനസ്സിലാകുകയില്ലെന്ന് അറിയാമായിരുന്നതുകൊണ്ട് ഞാൻ അത് ഒരിക്കലും ആരോടും പറഞ്ഞില്ല.
എനിക്കു 11 വയസ്സുണ്ടായിരുന്നപ്പോൾ ഡാഡി ഓറിഗോണിലേക്കു താമസം മാറി. ഞാൻ ആകെ തകർന്നു, വളരെ അമർഷവും തോന്നി. എന്റെ രണ്ടാനച്ഛൻ ഒരു നിരീശ്വരവാദിയും മദ്യപനുമായിരുന്നു. എന്റെ വിശ്വാസത്തെപ്രതി അയാൾ എന്റെ സ്വൈര്യം കെടുത്തി. കൊച്ചു ഭക്ത എന്നാണ് അയാൾ എന്നെ വിളിച്ചിരുന്നത്. ഞാൻ കരയാൻ തുടങ്ങുമ്പോൾ അയാൾ പറയും: “സഹായിക്കാൻ നിന്റെ ദൈവത്തെ വിളിച്ചപേക്ഷിച്ചുകൂടേ?” വീട്ടിലാർക്കുംതന്നെ ദൈവത്തിൽ താത്പര്യമുണ്ടായിരുന്നില്ല. ഇരുളടഞ്ഞ, പ്രയാസകരമായ ഒരു കാലഘട്ടമായിരുന്നു അത്. ഞാൻ അധിക്ഷേപിക്കപ്പെട്ടു, ശാരീരികവും ലൈംഗികവുമായ ദുഷ്പെരുമാറ്റങ്ങൾക്കു വിധേയയായി. ദൈവത്തോടു സംസാരിക്കുന്നതിൽ ഞാൻ ആശ്വാസം കണ്ടെത്തി. കാരണം അവൻ മാത്രമേ എന്നെക്കുറിച്ചു കരുതുന്നുള്ളുവെന്ന് എനിക്കു തോന്നി.
അമ്മ എന്റെ രണ്ടാനച്ഛനെ ഉപേക്ഷിച്ചു. അതോടെ ദുഷ്പെരുമാറ്റവും നിലച്ചു. എങ്കിലും ഞങ്ങൾ തീർത്തും ദരിദ്രരായിരുന്നു. നിത്യവൃത്തി കഴിക്കാൻ മമ്മി പാടുപെട്ടു. എനിക്ക് 13 വയസ്സുള്ളപ്പോൾ വല്യമ്മയെ സന്ദർശിക്കാനായി ഞങ്ങൾ വെർജീനിയയിലേക്കു യാത്ര തിരിച്ചു. ദയാവായ്പും ആത്മാർഥതയുമുള്ള ഒരു ബാപ്റ്റിസ്റ്റുകാരിയായിരുന്നു അവർ. ഞാൻ അവരെ അതിരറ്റു സ്നേഹിച്ചിരുന്നു. അവരോടൊപ്പം പള്ളിയിൽ പോകാനുള്ള ക്ഷണം ഞാൻ സ്വീകരിച്ചു. മമ്മിപോലും കൂടെപ്പോന്നു. അവിടെ എന്നോടൊപ്പം എന്റെ കുടുംബവും ഉണ്ടായിരുന്നത് എത്ര വിശിഷ്ടമായ ഒരനുഭവമായിരുന്നുവെന്നു ഞാൻ ഓർക്കുന്നു. മടങ്ങിപ്പോകാനുള്ള സമയം വന്നെത്തിയപ്പോൾ വീട്ടിലേക്കു തിരിച്ചുപോകുന്നതിനെക്കുറിച്ചോർത്തു ഞാൻ കിടിലംകൊണ്ടു. തിരിച്ചുപോയാൽ അധാർമികതയിലേക്കു വഴുതിവീഴുമെന്നു ഞാൻ ഭയന്നു. അതുകൊണ്ട് അവിടെത്തന്നെ താമസിക്കാൻ എന്നെ അനുവദിക്കണമെന്നു ഞാൻ ആൻറിയോട് കേണപേക്ഷിച്ചു. അവിടെ താമസിക്കാൻ അമ്മയും അനുവാദം തന്നു.
ആൻറി എനിക്ക് ജയിംസ് രാജാവിന്റെ ഒരു ബൈബിൾ ഭാഷാന്തരം കൊണ്ടുവന്നുതന്നു. അതു കൈവശമുള്ളതിൽ എനിക്ക് അഭിമാനം തോന്നി. എല്ലാ രാത്രിയും ഞാൻ അതു വായിച്ചു. ബൈബിളിന്റെ അവസാന അധ്യായത്തിൽ ഞാൻ ഇപ്രകാരം വായിച്ചു: “ഇതിനോട് ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവനു വരുത്തും.” (വെളിപ്പാടു 22:18, 19, ജയിംസ് രാജാവിന്റെ ഭാഷാന്തരം) അതുകൊണ്ട് ഞാൻ ന്യായവാദം ചെയ്തു: “മോർമന്റെ പുസ്തകം തിരുവെഴുത്തുകളുടെ ഭാഗമാണെന്ന് ഞാൻ എങ്ങനെ വിശ്വസിക്കും?” അതുകൊണ്ട് ഞാൻ ഒരു ബാപ്റ്റിസ്റ്റുകാരിയാകാൻ തീരുമാനിച്ചു.
എന്റെ തീരുമാനത്തെക്കുറിച്ച് ഡാഡിയെ എഴുതി അറിയിച്ചപ്പോൾ അദ്ദേഹത്തിനു വിഷമം തോന്നിക്കാണുമെന്ന് എനിക്കുറപ്പുണ്ട്. ഞാൻ ഒരു സഭയിൽ പോകുകയെങ്കിലും ചെയ്യുന്നുണ്ടല്ലോ എന്നതിൽ തനിക്കു സന്തോഷമുണ്ടെന്നു മാത്രം അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാരങ്ങളിൽ നടത്തപ്പെട്ട ഞങ്ങളുടെ പുനരുദ്ധാരണയോഗങ്ങളിലേക്ക് ആളുകളെ ക്ഷണിക്കുന്നതിനായി ഞങ്ങളുടെ ബാപ്റ്റിസ്റ്റ് മതശുശ്രൂഷകനോടൊപ്പം ഞാൻ അവരുടെ ഭവനങ്ങളിൽ ചെന്നു. ആളുകളെ അവരുടെ ഭവനങ്ങളിൽ സന്ദർശിച്ച് യേശു സംസാരിച്ചതുപോലെ അവരോടു സംസാരിക്കുകവഴി ദൈവേഷ്ടം ചെയ്യുകയാണെന്നു ഞാൻ കരുതി.
എങ്കിലും സ്വർഗത്തിൽ ജീവിക്കുന്നതിനുപകരം ഒരു ഭൗമികപറുദീസയിൽ ജീവിക്കാനുള്ള എന്റെ ആഗ്രഹം നിരന്തരം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. എന്നാൽ പിന്നീടു ഞാൻ ഈ ബൈബിൾ ഭാഗം വായിച്ചു: “യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കപ്പെടും, കാരണം, യാചിക്കുന്ന ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കുന്നു.” അത് എനിക്ക് ആശ്വാസം നൽകി.—മത്തായി 7:7, 8, ജയിംസ് രാജാവിന്റെ ഭാഷാന്തരം.
വിവാഹവും കുടുംബവും
അടുത്ത വർഷം ഞാൻ അമ്മയോടൊപ്പം താമസിക്കാൻ ഇൻഡിയാനയിലേക്കു മടങ്ങി. 15 വയസ്സു മാത്രം പ്രായമുള്ളപ്പോൾ ഞാൻ വിവാഹിതയായി, ഗർഭിണിയും. ഈ അവസ്ഥയിൽതന്നെ എനിക്ക് ദക്ഷിണ കാലിഫോർണിയയിലേക്കു ബസ്സിൽ യാത്ര ചെയ്യേണ്ടിവന്നു. ഭർത്താവിന്റെ കുടുംബക്കാരെ എനിക്ക് അത്ര പരിചയമില്ലായിരുന്നു. എന്നാൽ അവർ എന്നെ സ്വീകരിക്കണമെന്നു ഞാൻ ആഗ്രഹിച്ചു. അവർ പെന്തക്കോസ്തുകാരായിരുന്നു. അദ്ദേഹത്തിന്റെ മൂത്ത സഹോദരി ഭാഷാവരത്തെക്കുറിച്ച് എന്നോടു പറഞ്ഞു. അങ്ങനെ ഒരു രാത്രി അവരുടെ പ്രാർഥനാശുശ്രൂഷയിൽ പങ്കെടുക്കാൻ അവരോടൊപ്പം പോയപ്പോൾ അന്യഭാഷയിൽ സംസാരിക്കാൻ എന്നെ അനുവദിക്കണമേ എന്നു ഞാൻ പ്രാർഥിച്ചു.
പൊടുന്നനെ, ശുശ്രൂഷക്കിടയിൽ വല്ലാത്തൊരു തോന്നൽ എന്നെ ഗ്രസിച്ചു. ഞാൻ അടിമുടി വിറയ്ക്കാൻ തുടങ്ങി. പിടിച്ചാൽ കിട്ടാത്ത പോലെ ഞാൻ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. ആത്മാവ് എന്നിലൂടെ വന്നുകൊണ്ടിരിക്കുകയാണെന്നു പ്രസംഗകൻ വിളിച്ചുപറഞ്ഞു. അയാൾ എന്റെ പുറത്തു തട്ടി. പിന്നീട് എല്ലാവരും എന്നെ കെട്ടിപ്പിടിച്ചു, ദൈവം ഈ വിധത്തിൽ എന്നെ ഉപയോഗിച്ചത് എത്ര അത്ഭുതകരമായിരിക്കുന്നുവെന്ന് അവർ പറഞ്ഞു. എന്നാൽ ആകെ പേടിച്ചരണ്ട ഞാൻ ആശയക്കുഴപ്പത്തിലായി. ഞാൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് എനിക്കൊരു രൂപവുമില്ലായിരുന്നു.
താമസിയാതെ എന്റെ കടിഞ്ഞൂൽ പ്രസവത്തോടനുബന്ധിച്ച് ചില കുഴപ്പങ്ങളുണ്ടായി. എന്റെ ഭർത്താവ് ക്രിസ്ത്യാനിയല്ലാത്തതുകൊണ്ട് ദൈവം എന്റെ പ്രസവവേദന വർധിപ്പിക്കുകയാണെന്ന് സഭയിലെ പാസ്റ്റർ അദ്ദേഹത്തോടു പറഞ്ഞു. നിറകണ്ണുകളോടെ ഭർത്താവ് എന്റെ അരികിൽവന്നു. അദ്ദേഹം സ്നാപനമേറ്റാൽ എന്റെ പ്രസവവേദന കുറയുമെങ്കിൽ അങ്ങനെ ചെയ്യാമെന്ന് പറഞ്ഞു. ചതിപ്രയോഗങ്ങളിലൂടെ ദൈവം ആളുകളുടെ സേവ പിടിച്ചുപറ്റുന്നില്ലെന്ന് എനിക്കു നല്ല ഉറപ്പുണ്ടെന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു.
സഭ വിട്ടുപോരൽ
ഒരു ഞായറാഴ്ച പ്രഭാഷണത്തിനുശേഷം പാസ്റ്റർ സഭയോടു സംഭാവന ആവശ്യപ്പെട്ടു. പള്ളിക്കു ചില അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ടായിരുന്നു. കാരണം, കുറച്ചു ദിവസം മുമ്പു നടന്ന ഒരു ഭൂകമ്പത്തിൽ പള്ളിക്കു കേടുപാടുകൾ സംഭവിച്ചിരുന്നു. കാണിക്കപ്പാത്രം കൈമാറിയപ്പോൾ എന്റെ കൈവശമുണ്ടായിരുന്ന പണമെല്ലാം ഞാൻ അതിലിട്ടു. പാസ്റ്റർ പണം എണ്ണിനോക്കിയശേഷം, സഭയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നതിനുപകരം, ഈ മൂല്യവത്തായ കാര്യത്തിനുവേണ്ടി കൈയയച്ചു സംഭാവന നൽകാനുള്ള പ്രോത്സാഹനം നൽകുകയാണു ചെയ്തത്. വീണ്ടും അയാൾ പാത്രം കൈമാറി. വീണ്ടും നൽകാൻ എന്റെ കൈവശം പണമൊന്നുമില്ലായിരുന്നു. അതുകൊണ്ട് വല്ലാത്ത സങ്കോചത്തോടെ ഞാൻ പാത്രം അടുത്ത ആൾക്കു കൈമാറി. പാസ്റ്റർ തിടുക്കത്തിൽ ഒരിക്കൽക്കൂടെ പണം എണ്ണിനോക്കിയശേഷം നന്ദി പറയുന്നതിനുപകരം വീണ്ടും, അതു മതിയാകുകയില്ലെന്നു തീർത്തു പറഞ്ഞു. “ദൈവത്തിന്റെ വേല ചെയ്യാൻ മതിയായ പണം നൽകാതെ ആരും ഇവിടെനിന്നു പോകില്ലെന്നു ഞാൻ കരുതുന്നു,” അയാൾ പറഞ്ഞു.
എന്റെ ഭർത്താവ് പുറത്തു കാത്തുനിൽപ്പുണ്ടായിരുന്നു. അദ്ദേഹം അക്ഷമനായിത്തീർന്നിട്ടുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. ക്ഷമ നശിച്ചത് അദ്ദേഹത്തിന്റെ മാത്രമായിരുന്നില്ല. പാസ്റ്ററുടെ നന്ദിയില്ലായ്മയിൽ ഞാനും അക്ഷമയായി. അങ്ങനെ കുഞ്ഞിനെയും കൈയിലെടുത്ത് കരഞ്ഞുകൊണ്ട് എല്ലാവരും കാൺകെ ഞാൻ സഭയിൽനിന്ന് ഇറങ്ങിപ്പോന്നു. ഇനിമേലാൽ ഒരു സഭയിലും ഉൾപ്പെടുന്ന പ്രശ്നമേയില്ലെന്ന് പിന്നീടു ഞാൻ പ്രതിജ്ഞ ചെയ്തു. പള്ളിയിൽപ്പോക്ക് അവസാനിപ്പിച്ചെങ്കിലും ഞാൻ ദൈവവിശ്വാസം ഉപേക്ഷിച്ചില്ല. ഞാൻ ബൈബിൾ വായന തുടർന്നു, ഒരു നല്ല ഭാര്യയായിരിക്കാനും ശ്രമിച്ചു.
ബൈബിൾ സത്യം പഠിക്കൽ
ഞങ്ങളുടെ രണ്ടാമത്തെ മകൻ പിറന്നശേഷം, ടെക്സാസിലേക്കു താമസം മാറുകയായിരുന്ന ഞങ്ങളുടെ സുഹൃത്തുക്കൾ അവർ താമസിച്ചിരുന്ന വീട് ഞങ്ങൾക്കു വാടകയ്ക്കു തരാമെന്നു വീട്ടുടമസ്ഥനെക്കൊണ്ട് സമ്മതിപ്പിച്ചു. ഒരു സ്ത്രീ തരാനുള്ള പണവുമായി ഇവിടെ വരുമെന്നും അതു തനിക്ക് ടെക്സാസിലേക്ക് അയച്ചുതരണമെന്നും എന്റെ കൂട്ടുകാരി പാറ്റ് യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്നോടു പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുശേഷം രണ്ടു സ്ത്രീകൾ ഞങ്ങളുടെ വാതിലിൽ മുട്ടി. പണം നൽകാനായിരിക്കും അവർ വന്നതെന്നു കരുതി ഞാൻ അവരെ ഉടനെ അകത്തേക്കു ക്ഷണിച്ചു. പാറ്റ് ഇവിടംവിട്ടു പോയെന്നും എന്നാൽ ഇവർ വരുന്ന കാര്യത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ടെന്നും ഞാൻ പറഞ്ഞു. “പാറ്റ് എത്ര നല്ലവളാണ്,” ഷാർലിൻ ബറി എന്ന സ്ത്രീ പറഞ്ഞു. “അവളുമൊത്തു പഠിക്കുന്നത് ഞങ്ങൾക്കിഷ്ടമായിരുന്നു.”
“എന്ത്? പഠനമോ? നിങ്ങൾക്കു തെറ്റുപറ്റിയതായിരിക്കും,” ഞാൻ പറഞ്ഞു. തങ്ങൾ പാറ്റുമായി ഒരു ബൈബിളധ്യയനം ആരംഭിച്ചിരുന്നുവെന്ന് ഷാർലിൻ വിശദമാക്കി. പാറ്റ് താമസം മാറിയെന്നു മനസ്സിലാക്കിയപ്പോൾ ബൈബിൾ പഠിക്കാൻ എനിക്കു താത്പര്യമുണ്ടോയെന്ന് ഷാർലിൻ എന്നോടു ചോദിച്ചു. “തീർച്ചയായും, നിങ്ങൾക്കറിയേണ്ട എന്തും ഞാൻ പഠിപ്പിക്കാം,” ആത്മവിശ്വാസത്തോടെ ഞാൻ പ്രതിവചിച്ചു. എന്റെ ബൈബിൾ വായനയിൽ ഞാൻ അഭിമാനം കൊണ്ടിരുന്നു. എനിക്കവരെ പ്രോത്സാഹിപ്പിക്കാനാകുമെന്നു തോന്നി.
നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകം ഷാർലിൻ എനിക്കു കാണിച്ചുതന്നു. സങ്കീർത്തനം 37:9 ഞങ്ങൾ വായിച്ചു: “ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.” ഞാൻ അമ്പരന്നുപോയി. ആളുകൾ ഭൂമിയെ കൈവശമാക്കുമെന്ന് എന്റെ സ്വന്തം ബൈബിളിൽത്തന്നെ പറഞ്ഞിരിക്കുന്നു. പിന്നെ ഒറ്റ ശ്വാസത്തിൽ ഞാൻ ഒട്ടേറെ ചോദ്യങ്ങൾ ചോദിച്ചു. ഷാർലിൻ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: “ഒന്നു സാവകാശപ്പെടൂ! ഞങ്ങൾ ഒന്നൊന്നായി മറുപടി നൽകാം.” ക്രമമായ, ചിട്ടയോടെയുള്ള ഒരു ബൈബിളധ്യയനത്തിന്റെ ആവശ്യകതയെക്കുറിച്ച് അവൾ വിശദമാക്കി. ഒട്ടും താമസിയാതെ അവൾ എന്നെ യഹോവയുടെ സാക്ഷികളുടെ യോഗസ്ഥലമായ രാജ്യഹാളിലേക്കു ക്ഷണിച്ചു.
കാണിക്കപ്പാത്രം സംബന്ധിച്ച എന്റെ അനുഭവം ഞാൻ ഷാർലിനോടു പറഞ്ഞു, പള്ളിയിലേക്ക് ഇനി തിരിച്ചുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും. അവൾ മത്തായി 10:8 ഞാനുമായി പങ്കുവെച്ചു: ‘സൗജന്യമായി നിങ്ങൾക്കു ലഭിച്ചു സൗജന്യമായി കൊടുപ്പിൻ.’ യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ കാണിക്കപ്പാത്രങ്ങൾ കൈമാറുന്നില്ലെന്നും എല്ലാ സംഭാവനകളും സ്വമേധയാ നൽകുന്നവയാണെന്നും അവൾ വിശദമാക്കി. ഹാളിൽ ഒരു സംഭാവനപ്പെട്ടി ഉണ്ടെന്നും സംഭാവനകൾ ഇടാൻ ആഗ്രഹിക്കുന്നവർക്ക് അതിൽ ഇടാമെന്നും അവൾ പറഞ്ഞു. മതത്തിന് ഒരവസരം കൂടെ നൽകാൻ ഞാൻ തീരുമാനിച്ചു.
ബൈബിൾ പഠിക്കവേ, പെന്തക്കോസ്ത് പള്ളിയിൽവെച്ച് അന്യഭാഷയിൽ സംസാരിച്ചപ്പോൾ വല്ലായ്മ തോന്നിയതിന്റെ കാരണം എനിക്കു മനസ്സിലായി. ദൈവം ആദിമ ക്രിസ്ത്യാനികൾക്കു ഭാഷാവരം നൽകിയത് തന്റെ പരിശുദ്ധാത്മാവ് അവരുടെ മേലുണ്ടെന്നുള്ളതിനു തെളിവായിട്ടായിരുന്നു. ഈ അത്ഭുതവരം, പൊ.യു. 33-ലെ പെന്തക്കോസ്ത് ദിനത്തിൽ വിവിധ ദേശങ്ങളിൽനിന്നു കൂടിവന്ന ആളുകൾക്ക് ബൈബിൾ സത്യങ്ങൾ ലഭ്യമാക്കാനുള്ള പ്രായോഗിക മാർഗമായും ഉതകി. (പ്രവൃത്തികൾ 2:5-11) എങ്കിലും അന്യഭാഷയിൽ സംസാരിക്കാനുള്ള ദൈവികവരം അവസാനിക്കുമെന്ന് ബൈബിൾ പറയുന്നു. അപ്പോസ്തലന്മാരുടെ മരണശേഷം അതു നിലച്ചുവെന്നത് വ്യക്തമാണ്. (1 കൊരിന്ത്യർ 13:8) എന്നാൽ ആളുകളുടെ കണ്ണുകൾ കുരുടാക്കുന്നതിന്, സാത്താനും അവന്റെ ഭൂതങ്ങളും ചിലരെക്കൊണ്ട് പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ പുലമ്പിക്കാനും അതുവഴി തങ്ങൾക്കു ദൈവത്തിന്റെ പരിശുദ്ധാത്മാവുണ്ടെന്നു വിശ്വസിപ്പിക്കാനും ശ്രമിച്ചിരിക്കുന്നു.—2 കൊരിന്ത്യർ 4:4.
കുടുംബത്തിൽനിന്ന് എതിർപ്പ്
താമസിയാതെ ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യവും ഞാൻ ഈ ദുഷിച്ച ലോകത്തിന്റെ ഭാഗമായിരിക്കരുതെന്ന സംഗതിയും എനിക്കു മനസ്സിലായി. (യോഹന്നാൻ 17:16; 18:36) വ്യാജമതലോകസാമ്രാജ്യത്തിന്റെ പ്രതീകമായി ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന മഹാബാബിലോനുമായുള്ള സകല ബന്ധവും ഉപേക്ഷിക്കേണ്ടതുണ്ടെന്നും ഞാൻ മനസ്സിലാക്കി. (വെളിപ്പാടു 18:2, 4) ഞാൻ സ്നാപനമേൽക്കാൻ പോകുകയാണെന്ന്—അതും ഇപ്പോൾ ഒരു യഹോവയുടെ സാക്ഷിയായിട്ട്—ഡാഡിയോടു പറഞ്ഞപ്പോൾ അദ്ദേഹം അതീവ ദുഃഖിതനായി. ഒരു സാക്ഷിയായിത്തീരരുതെന്ന് അദ്ദേഹം എന്നോടു കേണപേക്ഷിച്ചു. അദ്ദേഹം കരഞ്ഞുകാണുന്നത് അപ്പോഴായിരുന്നു. ഞാനും അദ്ദേഹത്തോടൊപ്പം കരഞ്ഞു. കാരണം വാസ്തവത്തിൽ അദ്ദേഹത്തെ മുറിപ്പെടുത്താൻ എനിക്കാഗ്രഹമില്ലായിരുന്നു. എന്നാൽ, ഞാൻ സത്യമാണു കണ്ടെത്തിയിരിക്കുന്നതെന്നും യഹോവയെ എനിക്ക് ഒരിക്കലും തള്ളിക്കളയാനാവില്ലെന്നും എനിക്കറിയാമായിരുന്നു.
ഞാൻ ഒരു യഹോവയുടെ സാക്ഷിയായിത്തീരുന്നതിനോട് എന്റെ മുഴുകുടുംബവും എതിരായിരുന്നു. കുറച്ചു നാളത്തേക്കു ഞാൻ യോഗങ്ങളിൽ ഹാജരായില്ല. ഇത് കുടുംബാംഗങ്ങളിൽനിന്നുള്ള എതിർപ്പിനെ തെല്ലൊന്നു ശമിപ്പിച്ചു. പക്ഷേ ഞാൻ ആകെ അസ്വസ്ഥയായി. യഹോവയുടെ ഇഷ്ടം ചെയ്യാത്തിടത്തോളം കാലം ഒരിക്കലും സമാധാനം ലഭിക്കുകയില്ലെന്ന് എനിക്കറിയാമായിരുന്നു. ഒരു ദിവസം ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിൽ ഞാൻ ഷാർലിന്റെ വീട്ടിൽ ചെന്ന്, എനിക്ക് സ്നാപനമേൽക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. “അതിനുമുമ്പേ യോഗങ്ങൾക്കു വീണ്ടും ഹാജരായിത്തുടങ്ങേണ്ടതുണ്ടെന്ന് നിനക്കു തോന്നുന്നില്ലേ?” അവൾ ചോദിച്ചു. എനിക്കും യഹോവയ്ക്കും ഇടയിൽ മറ്റൊന്നും പ്രതിബന്ധമാകാൻ അനുവദിക്കുകയില്ലെന്ന് ഇക്കുറി തീരുമാനിച്ചുറച്ചിരിക്കുന്നതായി ഞാൻ അവളോടു പറഞ്ഞു. 1973 സെപ്റ്റംബർ 19-ന് ഞാൻ സ്നാപനമേറ്റു.
ഇപ്പോൾ 23 വർഷം പിന്നിട്ടിരിക്കുന്നു. അന്നുമുതൽ എന്റെ കുടുംബം എന്റെ തീരുമാനത്തെ ആദരിച്ചുപോന്നിട്ടുണ്ട്. സത്യം ഉപേക്ഷിക്കാൻ അവരാരും എന്നെ നിർബന്ധിക്കാറില്ല. അതു ഞാൻ വളരെ വിലമതിക്കുന്നു. എങ്കിലും, എന്റെ മൂത്ത മകൾ കിം മാത്രമേ ഒരു യഹോവയുടെ സാക്ഷിയായി തീർന്നിട്ടുള്ളൂ. യഹോവയ്ക്കുള്ള അവളുടെ വിശ്വസ്ത സേവനം വർഷങ്ങളിലുടനീളം എനിക്കു പ്രോത്സാഹനത്തിന്റെ ഉറവായിരുന്നിട്ടുണ്ട്.
അവിസ്മരണീയ കൂടിക്കാഴ്ച
1990-ൽ വെർജീനിയയിലെ കോബൺ സന്ദർശിക്കാൻ ഞാൻ തിരിച്ചുപോകുകയായിരുന്നു, രാജ്യഹാളിനു മുമ്പിൽ വണ്ടി നിറുത്തണമെന്നു ഞാൻ അമ്മയോടു പറഞ്ഞു. അത് ഞായറാഴ്ച യോഗം ആരംഭിക്കുന്ന സമയം അറിയാൻ വേണ്ടിയായിരുന്നു. രാജ്യഹാളിലേക്കുള്ള സ്വകാര്യ പാതയിലേക്കു കടക്കവേ, ഹാളിനു തൊട്ടുപുറകിൽ റെയിൽപ്പാളത്തിനപ്പുറത്താണ് ഞങ്ങൾ താമസിച്ചിരുന്നതെന്ന് അമ്മ പറഞ്ഞു. വീട് കുറെക്കാലം മുമ്പ് കത്തിപ്പോയിരുന്നു. ഇഷ്ടികകൊണ്ടുള്ള ഒരു ചിമ്മിനി മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. “നീ അന്ന് വെറുമൊരു കൊച്ചുകുട്ടിയായിരുന്നു,” അമ്മ പറഞ്ഞു. “മൂന്നോ നാലോ വയസ്സു കാണും.”
ഞായറാഴ്ച രാജ്യഹാളിൽ എനിക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു. സ്റ്റാഫർഡ് ജോർഡാനുമായി സംസാരിച്ചപ്പോൾ, ഞാൻ കൊച്ചുകുട്ടിയായിരുന്ന കാലത്ത് രാജ്യഹാളിനു പിന്നിലുണ്ടായിരുന്ന ആ വീട്ടിലാണ് ഞങ്ങൾ താമസിച്ചിരുന്നതെന്ന് വെറുതേ ഞാൻ അദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹം എന്നെ സൂക്ഷിച്ചുനോക്കി. “ഞാൻ നിന്നെ ഓർക്കുന്നുണ്ട്!” അദ്ദേഹം അതിശയത്തോടെ പറഞ്ഞു. “നീ ഒരു കൊച്ചുകുട്ടിയായിരുന്നു, ഒരു ചെമ്പൻമുടിക്കാരി. പൊക്കം ഇത്രയേ ഉണ്ടായിരുന്നുള്ളൂ [അദ്ദേഹം കൈകൊണ്ട് കാണിച്ചു]. ഞങ്ങൾ ഈ പ്രദേശത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് എന്റെ കൂടെയുണ്ടായിരുന്ന ആൾ നിന്റെ ഡാഡിയുമായി സംഭാഷണത്തിലേർപ്പെട്ടത്. നീ അവരെ ശല്യം ചെയ്യേണ്ടെന്നു കരുതി ഞാൻ നിന്നോടു പറുദീസയെക്കുറിച്ചു സംസാരിച്ചു.”
സംസാരശേഷി നഷ്ടപ്പെട്ടവളെപ്പോലെ ഞാൻ നിന്നു. ബൈബിൾ സത്യത്തിനുവേണ്ടിയുള്ള എന്റെ അന്വേഷണം അദ്ദേഹത്തോടു വിവരിക്കവേ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. “ഞാൻ ഒരു ശിശുവായിരുന്നപ്പോൾ താങ്കൾ എന്റെ കൊച്ചു ഹൃദയത്തിൽ സത്യത്തിന്റെ വിത്തുകൾ പാകി!” ഞാൻ പറഞ്ഞു. എന്റെ അപ്പൂപ്പന്റെ കുടുംബത്തിൽ, സ്റ്റീഫൻ ഡിങ്കസ് എന്നു പേരുള്ള ഒരാൾ ഒരു വിശ്വസ്ത സാക്ഷിയായിരുന്നതായി അദ്ദേഹം എന്നോടു പറഞ്ഞു. കുടുംബത്തിലാരും അദ്ദേഹത്തെക്കുറിച്ച് ഒരിക്കലും പറഞ്ഞിരുന്നില്ല. കാരണം അവർക്ക് അദ്ദേഹത്തോട് വളരെ എതിർപ്പായിരുന്നു. “നിന്നെക്കുറിച്ച് അദ്ദേഹം ശരിക്കും അഭിമാനം കൊള്ളുമായിരുന്നു!” ജോർഡാൻ സഹോദരൻ പറഞ്ഞു.
യഹോവയുടെ സ്ഥാപനത്തിലെ എന്റെ കഴിഞ്ഞ കാലങ്ങളിലേക്കു പിന്തിരിഞ്ഞുനോക്കവേ, എനിക്കു ലഭിച്ച സ്നേഹത്തിനും ദയയ്ക്കും ഞാൻ വാസ്തവമായും കൃതജ്ഞതയുള്ളവളാണ്. രാജ്യഹാളിലായിരിക്കുമ്പോൾ, കുടുംബങ്ങൾ ഒന്നിച്ച് യഹോവയെ സേവിക്കുന്നതു കാണുമ്പോൾ ചിലപ്പോഴെങ്കിലും എനിക്ക് അൽപ്പം വിഷമം തോന്നാറുണ്ട്. കാരണം മിക്കപ്പോഴും ഞാൻ അവിടെ തനിച്ചായിരിക്കും. എന്നാൽ യഹോവ എന്നോടൊപ്പമുണ്ടല്ലോ എന്ന് ഉടനെ ഞാൻ ഓർക്കും. അവൻ എപ്പോഴും എന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏറെ വർഷംമുമ്പ് ഒരു കൊച്ചു കുട്ടിയുടെ കാതുകളിൽ പറഞ്ഞുകൊടുത്ത സത്യം, അതു സ്വീകരിക്കാനുള്ള പ്രായമായപ്പോൾ പൊട്ടിമുളച്ച് പൂവണിയാൻ അവൻ അനുവദിച്ചു.
“ഒരു കുസൃതിക്കുടുക്കയോട് പറുദീസയെക്കുറിച്ചു വിവരിക്കാൻ സമയം ചെലവഴിച്ചതിനു നന്ദി, ജോർഡാൻ സഹോദരാ!” ഞാൻ പറഞ്ഞു.—ലവീസ് ലൊസൻ പറഞ്ഞപ്രകാരം.
[13-ാം പേജിലെ ചിത്രം]
സ്റ്റാഫർഡ് ജോർഡാനുമൊത്ത്, 1990-ൽ ഞാൻ വീണ്ടും അദ്ദേഹത്തെ കണ്ടുമുട്ടിയപ്പോൾ