മുഴു ഭൂമിയും ഒരു സങ്കേതസ്ഥാനമായിത്തീരുമ്പോൾ
ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവിയെ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ കണ്ണാടിയിൽ നോക്കൂ! അതേ, നാം, മനുഷ്യവർഗമാണ് ഭൂമിയുടെ ഏറ്റവും നികൃഷ്ട വിനാശകർ! നാം ഭയങ്കരമായ അളവിൽ അന്യോന്യവും കൊന്നൊടുക്കുന്നു.
വന്യജീവികൾ മൃഗശാലകളിലാണെങ്കിൽപ്പോലും—പ്രത്യേകിച്ചും അവ അവസാനത്തെ അഭയസ്ഥാനമായിത്തീരുമ്പോൾ—ഭൂമി അവയ്ക്കു വസിക്കത്തക്കവണ്ണം സുരക്ഷിതമാക്കുന്നതിന്, മനുഷ്യവർഗത്തെ വിടാതെ പിടികൂടിയിരിക്കുന്ന യുദ്ധത്തെ നിർമാർജനം ചെയ്തേ പറ്റൂ. ബെർലിൻ മൃഗശാലയിലെ 12,000 ജന്തുജാലങ്ങളിൽ 91 എണ്ണം മാത്രമേ രണ്ടാം ലോകമഹായുദ്ധത്തെ അതിജീവിച്ചുള്ളൂ. മറ്റനേകം മൃഗശാലകളുടെ കാര്യത്തിലും വസ്തുത ഇതായിരുന്നു. ബാൾക്കൻസിൽ അടുത്തകാലത്തു യുദ്ധമുണ്ടായപ്പോൾ, ധീരരായ മൃഗശാലാ ഉദ്യോഗസ്ഥൻമാർ അനേകം ജന്തുജാലങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് ഒഴിപ്പിച്ചു; എങ്കിലും മാൻ, കടുവ, പുള്ളിപ്പുലി, പ്യൂമ, കരടി, ചെന്നായ് എന്നിവയുൾപ്പെടെ നൂറുകണക്കിനു ജന്തുക്കൾ കൊല്ലപ്പെട്ടു. ദി ഓസ്ട്രേലിയൻ എന്ന പത്രത്തിൽ ഉദ്ധരിക്കപ്പെട്ട അധികാരികൾ പറയുന്നതനുസരിച്ച് അടുത്തകാലത്ത് കമെർ റൂഷ് എന്ന പ്രസ്ഥാനം കംബോഡിയയിലെ കുറ്റിക്കാടുകളിലുണ്ടായിരുന്ന അനേകം അപൂർവ ജന്തുക്കളെ മനഃപൂർവം വകവരുത്തി. എന്തിനായിരുന്നു അത്? ആ മൃഗങ്ങളുടെ തോലും മറ്റുത്പന്നങ്ങളും കൊടുത്ത് യുദ്ധക്കോപ്പുകൾ വാങ്ങുന്നതിന്!
മൃഗശാലകൾക്ക് അകത്തും പുറത്തും ജന്തുക്കൾക്കു സുരക്ഷിതത്വമുണ്ടായിരിക്കണമെങ്കിൽ, ഓസ്ട്രേലിയയിലെ ഡാർവിന്റെ തെക്കുപടിഞ്ഞാറുള്ള ഒറ്റപ്പെട്ട പെറോൺ ദ്വീപുകളിൽ അരങ്ങേറിയതുപോലുള്ള പരിസ്ഥിതിനശീകരണം എന്ന തിന്മയെയും കീഴടക്കേണ്ടതുണ്ട്. മൂന്നു വർഷത്തിനുള്ളിൽ രണ്ടു തവണ ഈ ദ്വീപുകളിലെ ഞാറപ്പക്ഷികളുടെ ചേക്കേറൽ സ്ഥലങ്ങൾ തീവെക്കപ്പെട്ടു. പറക്കമുറ്റാത്ത ആയിരക്കണക്കിനു പക്ഷിക്കുഞ്ഞുങ്ങളെ അതിക്രൂരമായ രീതിയിൽ വകവരുത്താൻ വേണ്ടിത്തന്നെ ചെയ്തതാണ് അതെന്നു വ്യക്തം.
എങ്കിലും, ഇക്കഴിഞ്ഞ പതിറ്റാണ്ടുകളിൽ ജീവിവർഗങ്ങളുടെ ഏറ്റവും വലിയ നാശത്തിന് ഇടയാക്കിയിട്ടുള്ളത് ദ്രോഹബുദ്ധിയല്ല; പാർക്കാൻ ഇടത്തിനും കൃഷിചെയ്യാൻ നിലത്തിനും വേണ്ടി നെട്ടോട്ടമോടുന്ന ജനങ്ങളുടെ എണ്ണം വർധിക്കുന്നതിന്റെ അനുബന്ധഫലമാണത്. ജന്തുക്കളുടെ ആവാസങ്ങളിലേക്കുള്ള നിർദയമായ അതിക്രമിച്ചുകയറ്റവും അതോടൊപ്പമുള്ള മലിനീകരണവും നിമിത്തം ലോക മൃഗശാലാ സംരക്ഷണ പദ്ധതി ഇങ്ങനെ മുന്നറിയിപ്പുനൽകുന്നു: “ഭൂമിയുടെ മുഴു പ്രകൃതി വ്യവസ്ഥയെയും സംബന്ധിച്ച 21-ാം നൂറ്റാണ്ടിലെ ഭാവിവീക്ഷണം നിറംമങ്ങിയതാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തുംതന്നെ സംഭവിക്കുന്ന വിനാശം പെട്ടെന്നു നിലയ്ക്കുമെന്നതിന്റെ യാതൊരു സൂചനയുമില്ല.”
ഭൂമിയുടെ ഭാവി സംബന്ധിച്ച വർധിച്ചുവരുന്ന ഉത്കണ്ഠ കണക്കിലെടുക്കുമ്പോൾ മുഴുഭൂമിയും ഒരു സങ്കേതസ്ഥാനമായിത്തീരുന്ന സമയം വരുമെന്നത് അങ്ങേയറ്റം വിചിത്രമായി തോന്നുമോ? എങ്കിലും, ആ പ്രത്യാശയ്ക്ക് ഈടുറ്റ അടിസ്ഥാനമുണ്ട്. അത് അടിസ്ഥാനപ്പെട്ടിരിക്കുന്നത്, ഒരു ശാസ്ത്ര ലേഖകൻ പറയുന്നതനുസരിച്ച് വെറും 50 വർഷം മുമ്പ് ഇന്നത്തെ പരിസ്ഥിതി വിനാശത്തെക്കുറിച്ച് യാതൊരു തുമ്പുമില്ലായിരുന്ന, ഹ്രസ്വദൃഷ്ടിയുള്ള മനുഷ്യരിലല്ല. പിന്നെയോ ആ സംഗതി മുൻകൂട്ടിക്കണ്ടവനായ യഹോവയാം ദൈവത്തിലാണ്. മനുഷ്യവർഗം നമ്മുടെ കാലത്ത് “ഭൂമിയെ നശിപ്പിക്കുന്ന” പ്രവർത്തനത്തിൽ ഏർപ്പെടുമെന്ന് ആയിരത്തിത്തൊള്ളായിരത്തിലധികം വർഷം മുമ്പ് അവൻ മുൻകൂട്ടിപ്പറഞ്ഞു. (വെളിപ്പാടു 11:18) ഭൂമിയിൽ കുറച്ചാളുകൾ മാത്രമുണ്ടായിരുന്നപ്പോൾ പ്രവചിക്കപ്പെട്ട ആ പ്രവചനം അന്നു ജീവിച്ചിരുന്ന പലർക്കും വിചിത്രമായി തോന്നിയിരിക്കും, എന്നാൽ അത് എത്ര കൃത്യമായി നിവൃത്തിയേറിയിരിക്കുന്നു!
വിരോധാഭാസമെന്നു പറയട്ടെ, ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും ഏതാണ്ട് അത്ഭുതങ്ങൾ തന്നെ പ്രവർത്തിക്കാൻ കഴിയുന്നതായി കാണപ്പെടുന്ന ഒരു സമയത്താണ് ഈ നശീകരണം സംഭവിക്കുന്നത്: മൈക്രോട്രാൻസ്മിറ്ററുകളും ഉപഗ്രഹങ്ങളും വംശനാശഭീഷണി നേരിടുന്ന വർഗങ്ങളെ അടുത്തു നിരീക്ഷിക്കുന്നു, മഴക്കാടിനുണ്ടാകുന്ന നാശം ബാഹ്യാകാശത്തുനിന്ന് ചതുരശ്ര മീറ്ററിൽ അളക്കപ്പെടുന്നു, വായു മലിനീകരണത്തെ വളരെ സൂക്ഷ്മമായ തോതിൽപോലും അളക്കാൻ കഴിയുന്നു. എന്നിട്ടും, അപൂർവമായ ചില കേസുകളൊഴിച്ചാൽ, ഡേറ്റായുടെ ഈ വൻ ശേഖരത്തിനനുസൃതമായി പ്രവർത്തിക്കാൻ മനുഷ്യൻ അപ്രാപ്തനായി കാണപ്പെടുന്നു. ഒരുപക്ഷേ മനുഷ്യൻ നിയന്ത്രണംവിട്ടോടുന്ന ഒരു തീവണ്ടിയിലെ ഡ്രൈവറെ പോലെയായിരിക്കാം. അദ്ദേഹത്തിന് അതിസങ്കീർണമായ ഇലക്ട്രോണിക് ഉപകരണങ്ങൾ നിറഞ്ഞ ഒരു കൺസോളും സംഭവിക്കുന്ന കാര്യങ്ങളെല്ലാം തന്നെ അറിയിക്കുന്ന മോണിറ്ററുകളും ഉണ്ട്, പക്ഷേ തീവണ്ടി നിർത്താൻ കഴിയുന്നില്ല!
ശ്രമങ്ങൾ വിഫലമാകുന്നതെന്തുകൊണ്ട്?
തനിക്കു സ്ഥാനക്കയറ്റം നൽകുന്നതിനുപകരം ഏതാനും മാസങ്ങൾക്കകം തന്നെ ജോലിയിൽനിന്നു പിരിച്ചുവിടുമെന്ന് ഉടമസ്ഥൻ മറ്റൊരാളോടു പറയുന്നതായി വലിയൊരു ഫാക്ടറിയിലെ ദുരഭിമാനിയും തത്ത്വദീക്ഷയില്ലാത്തവനുമായ ഒരു മാനേജർ കേൾക്കുന്നുവെന്നു സങ്കൽപ്പിക്കുക. കോപവും വൈരാഗ്യവും നിറഞ്ഞ അയാൾ, ഒച്ചപ്പാടും ബഹളവും ഉണ്ടാക്കുന്നതിന് അനേകം ജോലിക്കാരെ കൂട്ടുന്നതിനായി നുണയും കൈക്കൂലിയും എല്ലാത്തരം നിഗൂഢ തന്ത്രങ്ങളും ഉപയോഗിക്കുന്നു. അവർ കാരണം യന്ത്രങ്ങൾക്കു കേടുവരുകയും ഉത്പാദനം മന്ദഗതിയിലാകുകയും ഉത്പന്നങ്ങൾ കേടുപാടുള്ളവയായിത്തീരുകയും ചെയ്യുന്നു—എങ്കിലും കുറ്റം ഒഴിവാക്കുന്നതിനായി അവർ കൗശലപൂർവം പ്രവർത്തിക്കുന്നു. അതേസമയം, യഥാർഥത്തിൽ എന്താണു സംഭവിക്കുന്നതെന്ന് അറിയാത്ത സത്യസന്ധരായ ജോലിക്കാർ കേടുപാടുകൾ പോക്കാൻ ശ്രമിക്കുന്നു; എന്നാൽ അവർ എത്രയധികം ശ്രമിക്കുന്നുവോ കാര്യങ്ങൾ അത്രയധികം വഷളായിത്തീരുന്നു.
ഈ ലോകത്തിന്റെ കുടിലനായ “മാനേജർ” മനുഷ്യവർഗത്തിനും ഭൂമിക്കുമെതിരെ സമാനമായി പദ്ധതിയിണക്കിയിരിക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ നാം “അവന്റെ തന്ത്രങ്ങളെ അറിയാത്തവ”രായിരിക്കേണ്ടതില്ല. എന്തുകൊണ്ടെന്നാൽ ബൈബിൾ അവന്റെ മുഖംമൂടി എടുത്തു മാറ്റി രോഷാകുലനായ ഒരു ആത്മജീവിയെ—പിശാചായ സാത്താനെ—നമുക്കു വെളിപ്പെടുത്തി തരുന്നു. ഒരു ദൂതനായിരുന്ന അവൻ നിലമറന്നു നിഗളിക്കുകയും ആരാധിക്കപ്പെടാൻ കൊതിക്കുകയും ചെയ്തവനാണ്. (2 കൊരിന്ത്യർ 2:11; 4:4) ദൈവം അവനെ തന്റെ സ്വർഗീയ കുടുംബത്തിൽനിന്ന് പുറത്താക്കുകയും നാശത്തിനായി വിധിക്കുകയും ചെയ്തു.—ഉല്പത്തി 3:15; റോമർ 16:20.
കുടിലനായ ഫാക്ടറി മാനേജരെ പോലെ, ഈ ‘ഭോഷ്കിന്റെ അപ്പനും’ തന്റെ കോപം തീർക്കുന്നതിന് ഗൂഢരീതികളുടെ ഒരു ആയുധശേഖരം ഉപയോഗിക്കുന്നു. അവൻ യഹോവയാം ദൈവത്തെ വെറുക്കുകയും അവന്റെ സൃഷ്ടിയെ നശിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. (യോഹന്നാൻ 8:44) സാത്താന്റെ ഏറ്റവും ശക്തമായ ഉപകരണങ്ങൾ വ്യാജപ്രചരണം, അത്യാർത്തി, ഭൗതികത്വചിന്താഗതി, ദ്രോഹപരമായ മതപഠിപ്പിക്കലുകൾ എന്നിവയാണ്. ഇവയുപയോഗിച്ച് അവൻ “ഭൂതലത്തെ മുഴുവൻ തെററിച്ചുകളയു”കയും ഭൂമിയുടെ സൂക്ഷിപ്പുകാരായിരിക്കാൻ ഉദ്ദേശിക്കപ്പെട്ട മനുഷ്യരെ അതിന്റെ ഏറ്റവും നിർദയരായ വിനാശകരാക്കി, ഫലത്തിൽ “യഹോവയ്ക്കെതിരെ നായാട്ടു വീരനായ” പുരാതന നിമ്രോദിന്റെ ശിഷ്യന്മാരാക്കി, മാറ്റുകയും ചെയ്തിരിക്കുന്നു.—വെളിപ്പാടു 12:9, 12; ഉല്പത്തി 1:28; 10:9, NW.
ഒരു ഭൗമിക സങ്കേതസ്ഥാനം സംബന്ധിച്ച വാസ്തവികമായ ഒരേയൊരു പ്രത്യാശ
എന്നിരുന്നാലും, നാശത്തിനിടയാക്കുന്ന മാനുഷികവും അമാനുഷികവുമായ ശക്തികളുടെമേലുള്ള വിജയം സാധ്യമാണ്. സകല ജീവജാലങ്ങളുടെയും സർവശക്തനായ സ്രഷ്ടാവിന് നമ്മെ ഈ ഭയങ്കര പ്രതിസന്ധിയിൽനിന്നു രക്ഷപ്പെടുത്താൻ കഴിയും. തന്റെ സ്വർഗീയ ഗവൺമെന്റു മുഖാന്തരം താനതു ചെയ്യുമെന്ന് അവൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ആ വിനാശകരെ നശിപ്പിക്കുമെന്ന് അവൻ വാക്കു തരുന്നു. “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ,” എന്നു പറയുമ്പോൾ നാമതിനുവേണ്ടിയാണ് പ്രാർഥിക്കുന്നത്.—മത്തായി 6:9, 10; വെളിപ്പാടു 11:18.
രാജ്യത്തിന്റെ വരവ് ദൈവേഷ്ടം ഭൂമിയിൽ നടപ്പാക്കപ്പെടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതു നിങ്ങൾ ശ്രദ്ധിച്ചോ? ദൈവരാജ്യം ഭൂമിയെ ഭരിക്കുന്ന ദൈവത്തിന്റെ ഗവൺമെന്റായതുകൊണ്ടാണ് ഇത്. ഒരു രാജ്യമായതുകൊണ്ട് അതിന് ഒരു രാജാവുണ്ട്—“രാജാധിരാജാവും കർത്താധികർത്താവും” ആയ യേശുക്രിസ്തു. (വെളിപ്പാടു 19:16) അതിനു പ്രജകളുമുണ്ട്. വാസ്തവത്തിൽ, യേശു ഇങ്ങനെ പറഞ്ഞു: “സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.” (മത്തായി 5:5) അതേ, ഈ സൗമ്യതയുള്ളവർ അതിന്റെ ഭൗമിക പ്രജകളാണ്. ദൈവരാജ്യത്തിന്റെ സഹായത്തോടെ അവർ തങ്ങളുടെ അവകാശത്തെ സ്നേഹപൂർവം പരിപാലിക്കും. അതിനെ ജീവസ്സുറ്റ, തഴച്ചുവളരുന്ന ഒരു പറുദീസയാക്കിമാറ്റിക്കൊണ്ടുതന്നെ. രസകരമെന്നു പറയട്ടെ, പദ്ധതി ഇങ്ങനെ പറയുന്നു: “മുഴു മനുഷ്യവർഗത്തിനും പ്രകൃതിയുമായി ഒരു നൂതന യോജിപ്പിൽ ജീവിക്കാൻ സാധിക്കുന്നെങ്കിൽ മാത്രമേ മനുഷ്യരുടെയും പ്രകൃതിയുടെയും ഭാവി ഭദ്രമായിരിക്കുകയുള്ളൂ.”
ഇന്നത്തെ “മുഴു മനുഷ്യവർഗത്തിനും” പ്രകൃതിയുമായി അത്തരമൊരു “നൂതന യോജിപ്പി”ൽ ഒരിക്കലും ജീവിക്കാൻ കഴിയുകയില്ലെന്ന് ചരിത്രവും അപൂർണ മനുഷ്യ പ്രകൃതിയും സൂചിപ്പിക്കുന്നു. എന്തുകൊണ്ടെന്നാൽ അവർ യഹോവയെ പുറന്തള്ളിയിരിക്കുന്നു. വാസ്തവത്തിൽ, ദൈവം ഈ ലോകത്തെ ഇത്ര ദീർഘകാലം തുടരാൻ അനുവദിച്ചതിന്റെ ഒരു കാരണം മനുഷ്യന്റെ സ്വയം ഭരണത്തിന്റെ വ്യർഥത തെളിയിക്കാനായിരുന്നു. എന്നാൽ ക്രിസ്തുവിന്റെ ഭരണത്തിനായി കാംക്ഷിക്കുന്നവർ ഉടൻതന്നെ സമാധാന സമൃദ്ധി ആസ്വദിക്കും. യെശയ്യാവു 11:9 ഇതിനെ സ്ഥിരീകരിക്കുകയും ഇക്കൂട്ടർക്കു മാത്രം പ്രകൃതിയുമായി ഒരു “നൂതന യോജിപ്പിൽ” ജീവിക്കാൻ കഴിയുന്നതിന്റെ കാരണം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു: “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) അതേ, ദൈവിക വിദ്യാഭ്യാസമാണ് താക്കോൽ. പ്രകൃതിയുടെ ഹേതുഭൂതനല്ലാതെ മറ്റാർക്കും അത്തരം ജ്ഞാനം ഉണ്ടായിരിക്കുകയില്ലെന്നുള്ളതു ന്യായയുക്തമല്ലേ?
യഹോവയെ അവഗണിക്കുന്നതിൽ തുടരുന്നവരെ സംബന്ധിച്ചെന്ത്? “എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും” എന്ന് സദൃശവാക്യങ്ങൾ 2:22 പറയുന്നു. അതേ, അവരുടെ അക്രമാസക്തിയോ നിസംഗതയോ നിമിത്തം, സത്വരം സമീപിച്ചുവരുന്ന “മഹോപദ്രവ”ത്തിൽ അവർക്കു ജീവൻ നഷ്ടമാകും. തന്റെ സൃഷ്ടിയെ സ്വാർഥതയോടെ ചൂഷണംചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്നതിൽ തുടരുന്ന എല്ലാവരുടെയും കാര്യത്തിൽ നീതി നടപ്പാക്കുന്നതിനുള്ള ദൈവത്തിന്റെ ഉപാധിയാണ് അത്.—വെളിപ്പാടു 7:14, NW; 11:18.
ഭൂമിയുടെ പുനരധിവാസ പരിപാടിയിൽ പങ്കെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ബൈബിളിന്റെ പഠനത്തിലൂടെ, ദൈവം നിങ്ങളിൽനിന്ന് എന്ത് ആവശ്യപ്പെടുന്നുവെന്നു ദയവായി മനസ്സിലാക്കുക. നിങ്ങളുടെ ചിന്താഗതിയെ സ്രഷ്ടാവിന്റേതിനോട് അനുരൂപപ്പെടുത്താനുള്ള കഴിവ് അതിനു മാത്രമേ ഉള്ളൂ. (2 തിമൊഥെയൊസ് 3:16; എബ്രായർ 4:12) കൂടാതെ, പഠിക്കുന്നത് ബാധകമാക്കുകവഴി, നിങ്ങൾ ഇപ്പോൾ ഒരു മെച്ചപ്പെട്ട പൗരൻ ആയിത്തീരുമെന്നു മാത്രമല്ല യഹോവ തന്റെ ആസന്നമായ “പുതിയ ഭൂമി”യുടെ ചുമതല ഭരമേൽപ്പിക്കുന്ന തരം വ്യക്തിയാണ് നിങ്ങളെന്നു തെളിയിക്കുക കൂടിയായിരിക്കും ചെയ്യുക.—2 പത്രൊസ് 3:13.
നിങ്ങളാഗ്രഹിക്കുന്ന പക്ഷം, സൗജന്യ ഭവന ബൈബിളധ്യയനത്താലോ ഈ വിഷയങ്ങളെക്കുറിച്ചു വിവരിക്കുന്ന കൂടുതൽ സാഹിത്യങ്ങൾ അയച്ചുതന്നുകൊണ്ടോ നിങ്ങളെ സഹായിക്കാൻ ഈ മാസികയുടെ പ്രസാധകരോ നിങ്ങളുടെ ഏറ്റവും അടുത്തുള്ള യഹോവയുടെ സാക്ഷികളുടെ സഭയോ സന്തോഷമുള്ളവരായിരിക്കും.