ലോകത്തെ വീക്ഷിക്കൽ
ഓസ്ട്രേലിയയിലെ മാരക രോഗങ്ങൾ
“ഓസ്ട്രേലിയയിൽ എയ്ഡ്സുമായി ബന്ധപ്പെട്ട രോഗങ്ങളാൽ മരിക്കുന്നവരുടെ എണ്ണം, അതേക്കുറിച്ചുള്ള റെക്കോർഡുകൾ സൂക്ഷിക്കാൻ തുടങ്ങിയതിൽപ്പിന്നെ ആദ്യമായി മുമ്പെന്നത്തെക്കാൾ കുറഞ്ഞിരിക്കുന്നു,” മെൽബണിലെ ഹെറാൾഡ് സൺ റിപ്പോർട്ടു ചെയ്യുന്നു. ഓസ്ട്രേലിയയുടെ സ്ഥിതിവിവരക്കണക്കു ബ്യൂറോ അടുത്തയിടെ പുറത്തിറക്കിയ കണക്കു പ്രകാരം 1995-ൽ എയ്ഡ്സ് നിമിത്തം മരിച്ചവരുടെ സംഖ്യ 666 ആണെന്ന് അന്വേഷണങ്ങൾ വെളിപ്പെടുത്തി—13 ശതമാനം കുറവ്. മൊത്തത്തിലുള്ള ദേശീയ മരണനിരക്ക് മുൻവർഷത്തെക്കാൾ 4 ശതമാനം കുറഞ്ഞു. കാൻസറും ഹൃദ്രോഗവും ഏറ്റവുമധികം മരണം വിതച്ചുകൊണ്ട് ഇപ്പോഴും മുൻപന്തിയിൽതന്നെയാണ്. എന്നിരുന്നാലും, ഓസ്ട്രേലിയക്കാരുടെ വർധിച്ചുകൊണ്ടിരിക്കുന്ന ഒരു സംഖ്യ അൽഷീമേഴ്സ് രോഗം നിമിത്തമോ ചിത്തഭ്രമത്തോടു ബന്ധപ്പെട്ട മറ്റു രോഗങ്ങൾ നിമിത്തമോ ഇപ്പോൾ മരിച്ചുകൊണ്ടിരിക്കുകയാണ്. ഓസ്ട്രേലിയയിലെ അൽഷീമേഴ്സ് അസോസിയേഷന്റെ നാഷണൽ സെക്രട്ടറി പറയുന്നതനുസരിച്ച്, “ചിത്തഭ്രമ ബാധിതരുടെ എണ്ണത്തിലെ പ്രവചിക്കപ്പെട്ടിരിക്കുന്ന ദ്രുതഗതിയിലുള്ള വർധനവ്, അത്തരം രോഗികളെയും അവരെ പരിചരിക്കുന്നവരെയും സഹായിക്കാൻ ഉദ്ദേശിച്ച് ഏർപ്പെടുത്തിയിട്ടുള്ള ഇപ്പോഴത്തെ ചികിത്സാ സൗകര്യങ്ങൾക്കുമേൽ കനത്ത സമ്മർദം വരുത്തിവെക്കും.”
ഭാവിയെ സംബന്ധിച്ചുള്ള നിഗമനങ്ങൾ
21-ാം നൂറ്റാണ്ടിന്റെ പടിവാതിൽക്കൽ ആയിരിക്കവേ ഭാവിയെ സംബന്ധിച്ചുള്ള നിഗമനങ്ങളുടെ ഒരു കുത്തൊഴുക്കുതന്നെയുണ്ട്. ഐക്യനാടുകളിലെ ന്യൂസ്വീക്ക് നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പിൽ ആളുകളോട് അടുത്ത നൂറ്റാണ്ടിലേക്കുള്ള അവരുടെ പ്രതീക്ഷകളെക്കുറിച്ചു ചോദിച്ചു. സർവേ നടത്തപ്പെട്ടവരിൽ ഏകദേശം 64 ശതമാനം, ശൂന്യാകാശ സഞ്ചാരികൾ ചൊവ്വാഗ്രഹത്തിലൂടെ നടക്കുമെന്നു പ്രവചിച്ചു. ഏകദേശം 55 ശതമാനം, കാലക്രമേണ മനുഷ്യർ പ്രപഞ്ചത്തിന്റെ ഇതരഭാഗങ്ങളിൽ വാസം തുടങ്ങുമെന്നു പ്രതീക്ഷിക്കുന്നു. 70 ശതമാനം, ശാസ്ത്രജ്ഞർ എയ്ഡ്സ് ചികിത്സിച്ചുമാറ്റാനൊരു വഴി കണ്ടുപിടിക്കുമെന്നു വിചാരിക്കുന്നു. കാൻസറിനുള്ള ഒരു ചികിത്സാമാർഗം വികസിപ്പിക്കപ്പെടുമെന്ന് 72 ശതമാനം പ്രവചിക്കുന്നു. അഭിമുഖം നടത്തപ്പെട്ടവരിൽ അത്ര ശുഭാപ്തിവിശ്വാസമില്ലാഞ്ഞ 73 ശതമാനം സമ്പന്നരുടെയും ദരിദ്രരുടെയുമിടയിലുള്ള വിടവ് കുറെക്കൂടി വർധിക്കുമെന്നു മുൻകൂട്ടിക്കാണുന്നു. 48 ശതമാനം, കഴിഞ്ഞ 100 വർഷത്തിൽ ഉണ്ടായതിനെക്കാൾ കൂടുതൽ യുദ്ധങ്ങൾ പ്രതീക്ഷിക്കുന്നു. ഏകദേശം 70 ശതമാനം, മനുഷ്യനു ലോകത്തിലെ പട്ടിണി തുടച്ചുനീക്കാനാവില്ലെന്നു കരുതുന്നു.
ഭയങ്കരമായ ക്ഷതം
എഫ്ഡിഎ കൺസ്യൂമർ പറയുന്നതനുസരിച്ച് ഐക്യനാടുകളിൽ കഴിഞ്ഞ 20 വർഷമായി ദാരുണമായ പൊള്ളൽ കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു. പൊള്ളലേറ്റവരുടെ അതിജീവന നിരക്കും മെച്ചപ്പെട്ടിരിക്കുന്നു. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ ഒരു ഉദ്യോഗസ്ഥനായ ചാൾസ് ഡർഫറിന്റെ അഭിപ്രായമനുസരിച്ച് “മുപ്പതുമുതൽ നാൽപ്പതുവരെ വർഷം മുമ്പ്, പൊള്ളലിനു ചികിത്സിക്കപ്പെടുന്ന മിക്കവരും രക്ഷപ്പെടാറില്ലായിരുന്നു. ചികിത്സയിലെ പുരോഗതി നിമിത്തം, ഇപ്പോഴത്തെ രോഗികൾ രക്ഷപ്പെടുക മാത്രമല്ല ചെയ്യുന്നത്, അവരുടെ നിലയും മെച്ചപ്പെട്ടു വരുന്നു.” ഓരോ വർഷവും 50,000-ത്തിലേറെ അമേരിക്കക്കാർക്ക്, ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടത്ര ഗുരുതരമായ വിധത്തിൽ പൊള്ളലേൽക്കുന്നു. അമേരിക്കൻ ബേൺ അസോസിയേഷൻ പറയുന്നതനുസരിച്ച് അവരിൽ ഏകദേശം 5,500 പേർ മരിക്കുന്നു. “ശരീരത്തിന് ഏൽക്കാവുന്ന ഏറ്റവും കഠിനമായ ക്ഷതമാണ് ഗുരുതരമായ പൊള്ളൽ,” എഫ്ഡിഎ കൺസ്യൂമർ പറയുന്നു.
“സത്യസന്ധമായ” വഞ്ചന
അർജൻറീനയിലെ ഇൻഷ്വറൻസ് കമ്പനികൾക്ക്, അവരുടെ ഇടപാടുകാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന വഞ്ചനകൾ നിമിത്തം പ്രതിവർഷം 20 കോടി ഡോളർ നഷ്ടപ്പെടുന്നു. ഇതു നിമിത്തം, വാഹന ഇൻഷ്വറൻസിന് മറ്റു രാജ്യങ്ങളിലെക്കാൾ 30 ശതമാനം കൂടുതൽ ചെലവു വരുന്നു. അംബിട്ടോ ഫിനാൻസ്യേര്യോ എന്ന വർത്തമാനപത്രം പറയുന്നതനുസരിച്ച്, “വഞ്ചനകളിൽ പകുതിയോളം ‘സത്യസന്ധരായ പൗരന്മാർ’ എന്നു വിളിക്കപ്പെടുന്നവരുടെ പണിയാണ്.” പോളിസിയുടമകളിൽ ഏകദേശം 40 ശതമാനം തങ്ങളുടെ ഇൻഷ്വറൻസ് കമ്പനിയെ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ വഞ്ചിച്ചിട്ടുള്ളതായി പറയപ്പെടുന്നു. തങ്ങളുടെ ഇൻഷ്വറൻസ് കമ്പനികളാൽ കബളിപ്പിക്കപ്പെട്ടു എന്നു തോന്നുന്ന അസംതൃപ്തരായ ഉപഭോക്താക്കളുടെ ഏതെങ്കിലും തരത്തിലുള്ള പകരംവീട്ടലുകളാണ് ഈ വഞ്ചനകൾ എന്ന് പത്രം അനുമാനിക്കുന്നു.
ചാകുന്ന കടൽ
ചാവുകടൽ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. “ഇപ്പോൾത്തന്നെ ഭൂമിയിലെ ഏറ്റവും താണ ജലനിരപ്പുള്ള (ലോകത്തിലെ സമുദ്രങ്ങളുടെ ശരാശരി ജലനിരപ്പിനെക്കാൾ 410 മീറ്റർ താഴ്ന്ന) ചാവുകടലിന്റെ ഉപരിതല വിസ്തീർണം അനവരതം കുറഞ്ഞുകൊണ്ടിരിക്കുകയാണ്,” യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് പറയുന്നു. എന്തുകൊണ്ട്? ബാഷ്പീകരണം നിമിത്തമുണ്ടാകുന്ന ജലനഷ്ടത്തിനു പുറമേ, ചാവുകടലിലെ വെള്ളത്തിന്റെ മൂല സ്രോതസ്സായ ജോർദാൻ നദിയിലുള്ള വിവിധ ജലസേചന പദ്ധതികളും അണക്കെട്ടുകളും അതിലെ വെള്ളം അങ്ങിങ്ങു ഗതിമാറ്റിവിടുന്നതും ഇതിനു കാരണമാകുന്നു. അതിനുപുറമേ, “രാസവസ്തു നിർമാണശാലകൾ, ധാതുദ്രവ്യങ്ങൾ വേർതിരിച്ചെടുക്കുന്നതിനുവേണ്ടി ചാവുകടലിലെ വെള്ളം ബാഷ്പീകരണത്തിനുള്ള കുളങ്ങളിലേക്ക് അടിച്ചുകയറ്റുന്നതും വെള്ളം കുറഞ്ഞുപോകുന്നതിനെ ത്വരിതപ്പെടുത്തിയിരിക്കുന്നു.” 1950-കളുടെ മധ്യംമുതൽ ഇതുവരെ ചാവുകടലിന്റെ ഉപരിതല വിസ്തീർണം 20 മീറ്റർ കുറഞ്ഞു. ചെങ്കടലിൽനിന്നു വെള്ളമെത്തിക്കാൻ 190 കിലോമീറ്റർ നീളമുള്ള ഒരു കനാൽ പണിയുക എന്നതാണ് നിർദേശിക്കപ്പെട്ടിരിക്കുന്ന ഒരു പരിഹാര നടപടി. എങ്കിലും അതിപ്പോൾ വിവാദമായിരിക്കുകയാണ്. വെള്ളം 120 മീറ്റർ കുത്തനെ മുകളിലേക്ക് അടിച്ചുകയറ്റുകയും ചാവുകടലിലേക്ക് 530 മീറ്റർ കുത്തനെ താഴേക്കു വീഴ്ത്തുകയും ചെയ്യേണ്ടിവരും.
ലംഘിക്കപ്പെടുന്ന പ്രതിജ്ഞകൾ
ജർമനിയിൽ വളരെ കുറച്ചു വിവാഹിത ഇണകളേ തങ്ങളുടെ വിവാഹ പ്രതിജ്ഞകൾക്കനുസരിച്ചു ജീവിക്കുന്നുള്ളൂ. വർധിച്ച വിവാഹമോചന നിരക്കും ദുരിതമനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തിലെ വർധനവുമാണ് അതിന്റെ ഫലം എന്ന് നാസ്സൗവിഷെ നോയീ പ്രെസ്സെ റിപ്പോർട്ടു ചെയ്യുന്നു. 1995-ൽ, 1,70,000 വിവാഹബന്ധങ്ങൾ തകർന്നു. തത്ഫലമായി, ഏകദേശം 1,42,300 കുട്ടികൾ അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവന്നു. അത് മുൻവർഷത്തെക്കാൾ 5 ശതമാനം വർധനവിനെ പ്രതിനിധാനം ചെയ്യുന്നു. 1950-ൽ നടന്ന വിവാഹങ്ങളിൽ 10-ൽ 1 വീതം 25 വർഷത്തിനുള്ളിൽ പരാജയപ്പെട്ടു. 1957-ൽ വിവാഹിതരായ ദമ്പതികളിൽ ഏകദേശം 8-ൽ 1 വീതം 25 വർഷത്തിനുള്ളിൽ ബന്ധം വേർപെടുത്തി. 1965-ൽ നടന്ന വിവാഹങ്ങളിൽ 25 വർഷ കാലയളവിനുള്ളിൽ അവസാനിച്ചവയുടെ നിരക്ക് 5-ൽ 1 വീതമാണ്. 1970-നു ശേഷം വിവാഹിതരായവരുടെ ഇടയിലാണെങ്കിൽ ഓരോ 3 ദാമ്പത്യ ബന്ധങ്ങളിലും 1 വീതം വിവാഹമോചനത്തിൽ കലാശിച്ചു.
സർവരോഗസംഹാരി കണ്ടെത്തിയോ?
ഒരു ഗവേഷണറിപ്പോർട്ട് പറയുന്നതനുസരിച്ച് “രക്തസമ്മർദം പെട്ടെന്നു കുറയ്ക്കുന്നതിനു സഹായകമായ, മരുന്നു കഴിക്കുന്നതിന്റെ അതേ ഫലം ചെയ്യുന്ന, കൊഴുപ്പു കുറവും ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയതുമായ ഒരു പുതിയ ആഹാരക്രമം കണ്ടെത്തിയിരിക്കുന്നു” എന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ദേശീയ ഹൃദയ-ശ്വാസകോശ-രക്ത ഗവേഷണകാര്യാലയത്തിലെ രോഗപ്രതിരോധ ശാസ്ത്രഗവേഷണസംഘത്തിന്റെ നേതൃത്വം വഹിക്കുന്ന ഡോ. ഡെനീസ് സൈമൺ മോർട്ടൺ പറയുന്നതനുസരിച്ച് “ഒരു പ്രത്യേക ആഹാരക്രമത്തിന് ഇതെല്ലാം” അതായത് ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം, പലതരത്തിലുള്ള അർബുദം എന്നിവയെല്ലാം തടയാൻ സഹായിക്കാൻ “സാധിക്കും” എന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഗവേഷണപരിപാടിയുടെ ഭാഗമായി രാജ്യമൊട്ടാകെയുള്ള ആറു ചികിത്സാകേന്ദ്രങ്ങളിൽവെച്ച് നൂറുകണക്കിനു മുതിർന്ന ആളുകളിൽ ആഹാരക്രമത്തിലെ മാറ്റങ്ങൾ പരീക്ഷിച്ചുനോക്കി. പങ്കെടുത്തവരെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചു. ഒരു ഗ്രൂപ്പിന് “ശരാശരി” അമേരിക്കക്കാരന്റേതിനോടു സമാനമായ ആഹാരക്രമം നൽകി. രണ്ടാമത്തെ ഗ്രൂപ്പിന് പഴങ്ങളും പച്ചക്കറികളും ധാരാളമടങ്ങിയ, എന്നാൽ മറ്റു വസ്തുക്കൾ സാധാരണ പോലെതന്നെയുള്ള ആഹാരക്രമം നൽകി. മൂന്നാമത്തേതിന് ധാരാളം പഴങ്ങളും പച്ചക്കറികളും കൊഴുപ്പു കുറഞ്ഞ ക്ഷീരോത്പന്നങ്ങളും അടങ്ങിയ ആഹാരക്രമമാണു ലഭിച്ചത്. മൊത്തത്തിൽ, കൊഴുപ്പ്, കൊളസ്ട്രോൾ, പൂരിത കൊഴുപ്പ് എന്നിവയും അവയിൽ കുറവായിരുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും ഗ്രൂപ്പിലുള്ളവർക്ക് രക്തസമ്മർദം വൈദ്യശാസ്ത്രപ്രകാരം ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ മൂന്നാമത്തെ ഗ്രൂപ്പായിരുന്നു ഏറ്റവും മികച്ച ഫലം കാണിച്ചത്. പങ്കെടുത്തവരിലെ ഉയർന്ന രക്തസമ്മർദമുള്ളവരെ സംബന്ധിച്ചിടത്തോളം ഫലങ്ങൾ മരുന്നു കഴിക്കുന്നവരുടെയത്രതന്നെ നല്ലതോ അല്ലെങ്കിൽ അതിനെക്കാൾ മെച്ചമോ പോലുമായിരുന്നു. രണ്ട് ആഹാരക്രമങ്ങളിലും പ്രതിദിനം ഒമ്പതോ പത്തോ തവണകളായി ശരാശരി അളവിൽ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഉൾപ്പെടുത്തിയിരുന്നു.
ജപ്പാനിൽ മനുഷ്യർ തിരിച്ചുവരവു നടത്തുന്നു
“ജാപ്പനീസ് വ്യവസായത്തിൽ ഒരു സമൂലമാറ്റം നടന്നുകൊണ്ടിരിക്കുകയാണ്” എന്ന് വിദൂരപൂർവദേശ സാമ്പത്തിക പുനരവലോകനം (ഇംഗ്ലീഷ്) എന്ന വാർത്താപത്രിക അഭിപ്രായപ്പെടുന്നു. “രണ്ടു ദശകങ്ങളിൽ ജാപ്പനീസ് ഫാക്ടറികൾ ഉത്പാദനശേഷി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ മനുഷ്യനു പകരം യന്ത്രങ്ങൾ സ്ഥാപിച്ചു. ഇപ്പോൾ മനുഷ്യൻ ഒരു തിരിച്ചുവരവു നടത്തുകയാണ്. ഏതാനും വൻകിട ഉത്പാദകർ യന്ത്രമനുഷ്യരെ അക്ഷരാർഥത്തിൽ തങ്ങളുടെ വ്യവസായ സംരംഭങ്ങളിൽനിന്നു നീക്കം ചെയ്ത് മനുഷ്യരെ ആ സ്ഥാനത്താക്കുകയാണ്.” എന്തുകൊണ്ട്? മനുഷ്യർക്ക് യന്ത്രമനുഷ്യർക്കില്ലാത്ത ഒന്നുണ്ട്—സാഹചര്യങ്ങളോട് അനുരൂപപ്പെടാനുള്ള കഴിവ്. ഉത്പന്നത്തിന്റെ മാതൃകയ്ക്ക് ഒരു മാറ്റം വരുത്തേണ്ട സമയമാകുമ്പോൾ മനുഷ്യർക്ക് പെട്ടെന്നുതന്നെ അതിനോട് അനുരൂപപ്പെടാൻ സാധിക്കും. അതേസമയം യന്ത്രമനുഷ്യരെ വീണ്ടും വേണ്ടവിധത്തിൽ പ്രോഗ്രാം ചെയ്തു വരുമ്പോഴേക്കും മാസങ്ങളെടുക്കും. “മുമ്പ്, നാം മനുഷ്യരെ യന്ത്രമനുഷ്യരെക്കൊണ്ടെന്നപോലെ പണിയെടുപ്പിച്ചിരുന്നു,” എൻഇസി-യുടെ ഒരു ഫാക്ടറി അധ്യക്ഷനായ ടോമിയാക്കി പറയുന്നു. “പക്ഷേ ഇപ്പോൾ നാം അവരുടെ ബുദ്ധി പ്രയോജനപ്പെടുത്തണം. യന്ത്രമനുഷ്യരെ ഉപയോഗിക്കുന്നതു നല്ലതായിരുന്നു. പക്ഷേ മനുഷ്യരെ ഉപയോഗിക്കുന്നതാണ് യഥാർഥത്തിൽ വേഗതയേറിയത് എന്നു നാം തിരിച്ചറിഞ്ഞുവരുന്നു.” ഉദാഹരണമായി, ഫോണുകളുടെ ഭാഗങ്ങൾ കൂട്ടിയിണക്കുന്നതിൽ എൻഇസി-യിലെ ജോലിക്കാർക്ക് യന്ത്രമനുഷ്യരെക്കാൾ 45 ശതമാനം കൂടുതൽ കാര്യക്ഷമതയുണ്ട്. മാത്രമല്ല, ആളുകൾക്ക് യന്ത്രങ്ങളെക്കാൾ കുറഞ്ഞ സ്ഥലവും, ലളിതമായ ഉപകരണങ്ങളുമേ വേണ്ടി വരുന്നുള്ളൂ. ഇത് യന്ത്രങ്ങളുടെ എണ്ണവും മെയ്ൻറനൻസ് ചെലവും കുറയ്ക്കുന്നതിൽ കലാശിക്കുന്നു. “രണ്ടോ മൂന്നോ വർഷത്തേക്ക് യന്ത്രങ്ങളുടെ എണ്ണം കുറച്ചു പരീക്ഷിച്ചു നോക്കിയ ഉത്പാദകർ ചെലവുകളിൽ ഗണ്യമായ കുറവും ഉത്പാദനക്ഷമതയിലൂടെയുള്ള വർധനവും ഉണ്ടായിരിക്കുന്നുവെന്ന് അവകാശപ്പെടുന്നു” എന്ന് പത്രിക പറയുന്നു.
കണ്ടാസ്വദിക്കുന്നതിന് “പുതിയ” പിരമിഡുകൾ
ഖുഫു രാജാവ്—ഷിയോപ്സ് എന്നും അറിയപ്പെടുന്നു—പണിത വലിയ പിരമിഡു കാണുന്നതിനു വിനോദ സഞ്ചാരികൾ വർഷങ്ങളോളം ഗിസയിലേക്ക് ഒഴുകിയിരിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ പിതാവായ സ്നെഫ്രൂ പണികഴിപ്പിച്ച സ്മാരകങ്ങൾ വളരെക്കുറച്ചുപേരേ കണ്ടിട്ടുള്ളൂ. കാരണം രണ്ടാമത്തേത് ഒരു സൈനികത്താവളത്തിന്റെ മധ്യത്തിലായിരുന്നതിനാൽ പൊതുജനങ്ങൾക്കു പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. പക്ഷേ അതിപ്പോൾ മാറ്റി. ഈജിപ്തിലെ പൗരാണികാവശിഷ്ടങ്ങളുടെ പരമോന്നത ഉപദേശക സമിതി ഇപ്പോൾ അതു പൊതുജനങ്ങൾക്കു തുറന്നുകൊടുത്തിരിക്കുന്നു. അവിടെയുള്ള 11 പിരമിഡുകളിൽ 3 എണ്ണം സ്നെഫ്രൂ പണിതതാണ്—ആകെ 5 എണ്ണം അദ്ദേഹം പണിതു—മിനുസമുള്ള പാർശ്വങ്ങളോടുകൂടിയ ആദ്യത്തെ പിരമിഡായ ചെമന്ന പിരമിഡും അതിലുൾപ്പെടുന്നു. മുമ്പത്തെ പിരമിഡുകളുടെ പാർശ്വങ്ങൾ നടകൾപോലെയായിരുന്നു പണിതത്. വളഞ്ഞ പിരമിഡ് എന്നു വിളിക്കുന്നതായിരിക്കാം ഒരുപക്ഷേ കൂടുതൽ കൗതുകമുണർത്തുന്നത്. അതിന് ആ പേർ വരാൻ കാരണം കുത്തനെയുള്ള അതിന്റെ മേൽപ്പകുതിയിൽവെച്ച് പെട്ടെന്നു ചെരിഞ്ഞ ആകാരം കൈവരുന്നതുകൊണ്ടാണ്. ആ കുത്തനെയുള്ള ചെരിവ് ഒരുപക്ഷേ കല്ലുകൾ മോഷ്ടിക്കാൻ ശ്രമിക്കുന്നവരെ നിരുത്സാഹപ്പെടുത്തിയിരിക്കാം. അതുകൊണ്ടായിരിക്കണം അത് ഈജിപ്തിലെ പിരമിഡുകളിൽവെച്ച് ഏറ്റവും നന്നായി പരിരക്ഷിക്കപ്പെട്ടിരിക്കുന്നത്. മുമ്പുള്ള രാജാക്കന്മാർക്കു പൂർണമായി ദൈവത്വം കൽപ്പിച്ചിരുന്നത് മരണശേഷം മാത്രമായിരുന്നപ്പോൾ സ്നെഫ്രൂ “താൻ ജീവനുള്ള സൂര്യദേവനായ റായാണെന്നു പ്രഖ്യാപിച്ചു,” ടൈം മാസിക അഭിപ്രായപ്പെടുന്നു. “സ്നെഫ്രൂവിനെ ചെമന്ന പിരമിഡിനുള്ളിൽ അടക്കം ചെയ്തു. പുരാതന സാമ്രാജ്യത്തിലെ ഏറ്റവും മികച്ചതെന്നു കരുതപ്പെടുന്ന ആഡംബരങ്ങൾ നിറഞ്ഞ മൂന്നു മുറിയുള്ള ശവസംസ്കാര അറയ്ക്കുള്ളിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്.”